Thursday, February 5, 2015

മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ ...!!!

മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ ...!!!
.
പൊതുവിൽ ലോകത്തിലെ മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കൾക്ക്‌ വേണ്ടിയാണ് പണിയെടുക്കുന്നത് . മക്കൾക്ക്‌ വേണ്ടിയാണ് ജീവിക്കുന്നതും . തങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കാനും അവരുടെ ഏതൊരാവശ്യവും നിറവേറ്റി കൊടുക്കാനും എല്ലാ അച്ഛനമ്മ മാരും എല്ലായ്പോഴും ശുഷ്കാന്തി കാണിക്കുകയും തങ്ങൾക്കു പറ്റാവുന്ന വിധത്തിലൊക്കെ അതിനു ശ്രമിക്കുകയും ചെയ്യും ....!
.
മക്കൾക്ക്‌ വേണ്ടി സമ്പാതിക്കാൻ വേണ്ടി പലപ്പോഴും പലരും തങ്ങളുടെ ജീവിതം പോലും മറന്നു പോകാറുമുണ്ട് . ഒരാളുടെ മാത്രം വരുമാനം കൊണ്ട് എല്ലാം നടത്താൻ പാടുപെടുമ്പോൾ രണ്ടു പേരും പണിയെടുക്കാൻ തുടങ്ങുകയും ചെയ്യും . അവർക്കുവേണ്ടി ചെയ്യുന്നത് പോര എന്ന തോന്നൽ. അവരെ മറ്റുള്ളവരിൽ നിന്നും മുന്നിലെത്തിക്കാനുള്ള തത്രപ്പാട് . ഇതൊക്കെയും ഈ കഷ്ടപ്പാടിനു പുറകിലുണ്ട് ...!
.
ഇന്നത്തെ ആധുനിക സാമൂഹിക സാഹചര്യത്തിൽ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബത്തിൽ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ മക്കളുടെ കാര്യം ശരിയായ രീതിയിൽ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നത് പലരും വേണ്ടവിധം ചിന്തിക്കുന്നുണ്ട് എന്ന് തോന്നാറില്ല പലപ്പോഴും . കാലത്ത് നേരത്തെ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് വീട്ടുപണിയൊക്കെ ദൃതിയിൽ ചെയ്ത് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സ്കൂളിൽ പറഞ്ഞയച്ച് തങ്ങളും ജോലിക്ക് പോകുന്നതോടെ തുടങ്ങുന്ന ദിവസത്തിൽ ഓടിപാച്ചിലിനല്ലാതെ മറ്റൊന്നിനും ഇവർക്ക് സമയമില്ല ...!
.
ചെറിയ കുട്ടികളെ ഉറക്കിക്കിടത്തി ബേബി സിറ്ററുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവിടെ തീരുന്നു ഇവരുടെ ഉത്തരവാദിത്വം . അവിടെ മരുന്ന് കൊടുത്ത് മയക്കിയും പീഡനങ്ങൾ ഏറ്റു വാങ്ങിയും കുട്ടി കഴിയുമ്പോൾ മാതാപിതാക്കൾ സമാധാനിക്കുക ഇതൊക്കെ അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് . ഇതിനിടയിൽ ഏറ്റവും പ്രാഥമിക കാര്യങ്ങളിൽ ഒന്നായ ,സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് വയ്യായ്ക വന്നാൽ ഉണ്ടാകുന്ന പ്രശ്നം തന്നെ ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് . കുട്ടിയെ മരുന്നും കൊടുത്ത് സ്കൂളിലേയ്ക്ക് തന്നെ തള്ളിവിടേണ്ടി വരുന്നു അവർക്ക് . ...!
.
പഠിക്കാൻ പോയി വരുന്ന കുട്ടികൾ അല്ലെങ്കിൽ പുറത്തുപോയി വരുന്ന കുട്ടികൾ എന്ത് ചെയ്യുന്നു വീട്ടിൽ തനിച്ച് എന്നതുപോലും ചിന്തിക്കാൻ തന്നെ ഇവർക്ക് സമയമില്ല . അല്ലെങ്കിൽ ധൈര്യമില്ല എന്നതാണ് സത്യം .അവർ എവിടെപോകുന്നു എന്നോ ആരോടൊക്കെ കൂട്ടുകൂടുന്നു എന്നോ എന്തൊക്കെ ചെയ്യുന്നു എന്നോ ആര് നോക്കാൻ മിനക്കെടുന്നു . വൈകീട്ട് വീട്ടിൽ എത്തുമ്പോഴാകട്ടെ സ്വന്തം കാര്യം തന്നെ നോക്കാനും മാതാപിതാക്കൾക്ക് സൌകര്യവുമുണ്ടാകില്ല . കുട്ടികളെയും ഭർത്താവിനെയും / ഭാര്യയേയും നോക്കി വീട്ടിലിരുന്നാൽ നല്ല രീതിയിൽ ജീവിക്കാനുള്ള പൈസ ആരുകൊണ്ടുവന്നു തരും എന്ന് സ്വയവും മറ്റുള്ളവരോടും ഉറക്കെ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും സ്വയം കണ്ടെത്തുന്നു ഇവർ ...!
.
ആവശ്യമുള്ള സമയത്ത് ലഭിക്കേണ്ട സ്നേഹവും കരുണയും വാത്സല്യവും ലഭിക്കാതെ വരുന്ന ഇണയും കുട്ടികളും അതിനു വേണ്ടി മറ്റു വഴികൾ തേടാൻ തുടങ്ങുന്നതും ഇവിടെ തന്നെ . പരസ്പരം മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ കഴിയാത്ത നിസ്സഹായാവസ്തയിലുമാണ് ഇവരെല്ലാം എല്ലായ്പ്പോഴും എന്നതാണ് ഏറ്റവും ദൗർഭാഗ്ഗ്യകരമായ വസ്തുത . ഭാഗ്യ നിർഭാഗ്യങ്ങൾ , സാമൂഹിക അവസ്ഥകൾ സംസർഗ്ഗ സാഹചര്യങ്ങൾ തുടങ്ങി പല കാര്യങ്ങളും ഇവിടെ ഇവരെ സ്വാധീനിക്കുന്നു . നല്ലതേത് ചീത്തയേത്‌ എന്ന് തിരിച്ചറിയാതെ ഇവർ കുഴങ്ങുകയും , ചൂഷകർക്കുമുന്നിൽ ഇതിൽ ഭൂരിഭാഗത്തിനും വഴങ്ങേണ്ടിയും വരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും . ...!
.
ഇനി അങ്ങിനെയല്ലെങ്കിൽ തന്നെയും ഇവരിൽ പലർക്കും ഒറ്റപ്പെടലിന്റെ, അവഗണനയുടെ , അപഹർഷതാബോധത്തിന്റെ ഒക്കെ തീവ്രമായ അവസ്ഥ സംജാതമാകുന്നു . ഇത് ഇവരെ ബന്ധങ്ങളിൽ നിന്നും സാമൂഹിക / ജീവിത മൂല്യങ്ങളിൽ നിന്നും അകറ്റുകയും തങ്ങളിൽ തന്നെ ജീവിതം തളച്ചിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു . അതോടെ ഇവർ കുടുംബത്തിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെയും ഒറ്റപ്പെടുകയും കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോഴെങ്കിലും ബാധ്യതയാവുകയും ചെയ്യുന്നു . ഒടുവിൽ മക്കൾക്ക്‌ മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും അന്ന്യരാവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു . മക്കൾക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളും ആ മാതാപിതാക്കളുടെ മക്കളും ഇത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു എല്ലായ്പോഴും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...