Saturday, August 15, 2015

അവളുടെ മുറി ...!!!

അവളുടെ മുറി ...!!!
.
അവളുടെ ആ വലിയ വീട്ടിൽ തനിക്ക് തൊട്ടപ്പുറത്താണ് അവളുടെ ആ മുറിയും . രണ്ട് ചുമരുകളാൽ വേർതിരിക്കപ്പെട്ട് , അല്ലെങ്കിൽ ഒരു ചുമരിനിടയിൽ വീർപ്പുമുട്ടലോടെ രണ്ടു വ്യത്യസ്ഥ മുറികൾ . ഒന്നിൽ നിന്നും വിഭിന്നമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കും വിധം തികച്ചും ഒന്നായ രണ്ടു മുറികൾ .
.
അവളെപ്പോലെ അവളുടെ ആ മുറിയും എപ്പോഴും ചൂടുപിടിച്ചതായിരുന്നു എന്നാണ് തനിക്കെപ്പോഴും തോന്നിയിട്ടുള്ളത് . കത്തിക്കഴിഞ്ഞ് , കെടാറാകുന്നതിന് മുൻപുള്ള കനലിൽ നിന്നുള്ളതുപോലെ , അല്ലെങ്കിൽ പോക്കുവെയിലിന്റെ ഊഷ്മളതയെന്നപോലെ, ഇളം ചൂടോടെ . പിന്നെ എപ്പോഴും പുതുമ മാറാത്ത അവളുടെ ചുടുവിയർപ്പിന്റെ മോഹിപ്പിക്കുന്നതും ലയിപ്പിക്കുന്നതുമായ വശ്യസുഗന്ധം നിറഞ്ഞതും .
.
ശീതീകരണ സംവിധാനങ്ങൾ ഏറെ ഉണ്ടായിട്ടും , മുറിക്കു പുറത്തുനിന്നും ശുദ്ധ വായു സഞ്ചാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആ മുറി എപ്പോഴും അതേ ചൂടോടെ നിലനിന്നു . അവളാൽ പലതരം സുഗന്ധ ലേപനങ്ങൾ എപ്പോഴും മാറി മാറി ഉപയോഗിക്കപ്പെട്ടിട്ടും ആ മുറിയിലെന്നും നിറഞ്ഞു നിന്നത് അവളുടെ ആ വിയർപ്പുമണം മാത്രവും . നനവാർന്ന, വശ്യമായ മോഹിപ്പിക്കുന്ന അതേ മണം .
.
മനോഹരമായാണ് ആ മുറി അലങ്കരിക്കപ്പെട്ടിട്ടുള്ളത് . പുതുമയാർന്ന ജാലക വിരികളും പട്ടുമെത്തയും മുറിക്കിണങ്ങുന്ന കിടക്കവിരികളും അതിനൊക്കെ ചേരുന്ന അലങ്കാരങ്ങളും ഉപകരണങ്ങളും വസ്തുക്കളും . എന്തിന് , ആ മുറിയിലേക്ക് കടന്നു ചെല്ലുന്ന അവൾക്കു പോലും ആ മുറിയുമായി സാമ്യമുണ്ടായിരുന്നു എപ്പോഴും .
.
ചുമരുകൾക്കു നടുവിൽ ഒരുവാതിലും അതിന് രണ്ടു പുറങ്ങളും ഉണ്ടായിട്ടും അവിടെ അവളുടെ ആ വീട്ടിൽ വന്നെത്തിയ അന്നുമുതൽ താൻ ഒരിക്കലും ആ മുറിക്കകത്തേയ്ക്ക് കടന്നിട്ടില്ലെന്നത് എന്നിട്ടും തനിക്ക് അത്ഭുതമേ ആയിരുന്നില്ല . അവൾ അത്രയ്ക്ക് വ്യക്തവും കൃത്യവുമായിരുന്നു ആദ്യ നിമിഷത്തിലേ .... .
.
പുറം കാഴ്ചകളിൽ വശീകരിക്കപ്പെടുമ്പോഴൊക്കെ ഒരു സ്വയഭോഗത്തിൽ തന്നെ നിയന്ത്രിച്ചു നിർത്തിയത് അവളോടുള്ള പ്രണയത്തേക്കാൾ ഏറെ , വിധേയത്വമാണെന്ന് സ്വയം കുറ്റപ്പെടുത്തുമ്പോഴും ആ മുറിക്കപ്പുറം കടക്കാൻ കാൽ വെച്ചതേയില്ല ഒരിക്കലും . അവൾക്കു ശേഷം അവളുടെ ഗന്ധത്തെ പിന്തുടരുമ്പോഴും അവൾ അവശേഷിപ്പിച്ചു പോകുന്ന വായുവിൽ സ്വയം അലിയുംപോഴും അവളുടെ കാലടികളിൽ കാൽപാദങ്ങൾ മെല്ലെ ചേർത്ത് വെക്കുമ്പോഴും മറ്റൊന്നും ആഗ്രഹിച്ചിരുന്നുമില്ല എന്നതാണ് സത്യവും .
.
ഇന്നിപ്പോൾ അവൾ ക്ഷണിക്കാതെ , അവളെ ധിക്കരിക്കാതെ അവളുടെ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ തനിക്കും അനുഭവപ്പെടുന്നു , തന്റെ മുറിയും ഇതുപോലെ തന്നെയെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...