Thursday, May 29, 2014

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!
.
വീട് തുടങ്ങുന്നിടത്തുനിന്നും ചന്തയിലേക്ക് പോകുവാൻ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. മൂന്നാമതൊരു വഴി വേണമെങ്കിൽ അടുത്ത വീടിന്റെ അര മതിൽ ചാടിക്കടന്ന് പുതിയൊരു എളുപ്പവഴി ഉണ്ടാക്കാമെങ്കിലും ഇപ്പോൾ ഉള്ള ഈ രണ്ടു വഴികൾ തന്നെ ധരാളമായതിനാൽ, അതിനുള്ള സാഹസം കാണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു അപ്പോൾ....!
.
അതിരാവിലെ സൂര്യനുദിക്കും മുൻപേ ഉണർന്നെണീറ്റ് അരിക്കലത്തിൽ കയ്യിട്ടു നോക്കിയപ്പോഴാണ് ചോറുവെക്കാൻ അരിയില്ലെന്ന് കണ്ടത് . ഉടനെ മുറ്റത്തിറങ്ങി പതിവുപോലെ തെങ്ങിൽ കയറി നാല് തേങ്ങയും ഇട്ട് ചന്തയിലേക്ക് യാത്ര തിരിച്ചു. യാത്ര തിരിക്കും മുൻപ് ആവശ്യം വേണ്ടതെല്ലാം ചിന്തിചെടുക്കുകയും ചെയ്തിരുന്നു. ഇനി അവിടെ ചെല്ലുമ്പോൾ ചിന്തയുടെ കുറവും ഉണ്ടാകരുതല്ലോ ...!
.
തേങ്ങകൾ നാലും നന്നായി കൂട്ടിയും കിഴിച്ചും നോക്കി ഉറപ്പു വരുത്തി . തേങ്ങ നാലെണ്ണം. അതിന്റെ ചിരട്ടകൾ എട്ടെണ്ണം. ( രണ്ടായി പകുക്കുകയാണെങ്കിൽ ) അതിന്റെ ചകിരി നാലെണ്ണം മുഴുവൻ. തേങ്ങയുടെ വെള്ളം ഏകദേശം അര ലിറ്റർ. എല്ലാം കൂടി ഇന്നത്തേക്കും നാളതേയ്ക്കും വേണമെങ്കിൽ മറ്റന്നാളതേയ്ക്കുമുള്ള അന്നത്തിനുള്ള വകയുമുണ്ട് ഇത് ....!
.
ചന്തയിലേക്ക് പോകാൻ രണ്ടു വഴി. വീട് തുടങ്ങുന്നിടത്ത് നിന്നും, ഇടത്തോട്ട് മാറി നീങ്ങി ഒരു വഴിയും, അതിന്റെ വലത്തോട്ട് നീങ്ങി മറ്റൊരു വഴിയും. ഇടത്തെവഴി കിഴക്ക്‌ വശത്തിലൂടെ ആയതിനാൽ, യാത്ര അതിലൂടെ തന്നെയാകാം എന്ന് വെച്ചു . തുടങ്ങാൻ നേരത്തെ ശകുനവും ശുഭം. കയറിട്ട കാളയാണ് മുന്നിൽ ...!
.
വഴി തുടങ്ങി കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ആ വഴിയിൽ മഴ പെയ്യാൻ തുടങ്ങി. കയ്യിൽ ഭദ്രമായി കരുതിയിരുന്ന നാല് തേങ്ങകളും നനയാനും തുടങ്ങി . മഴയിൽ നനഞ്ഞാൽ ഉണക്കാൻ വെയിലില്ലാതതിനാൽ ഉടനെ ആ വഴി ഉപേക്ഷിച്ച് രണ്ടാമത്തെ വഴിയിലൂടെ, ആദ്യ വഴിയിൽ പിന്നിട്ട ദൂരത്തിന്റെ ബാക്കിയിൽ നിന്ന് യാത്ര തുടർന്നു . ആദ്യ വഴിയിലൂടെ ഏകദേശം പകുതിയോളം ദൂരം യാത്ര ചെയ്തിരുന്നതിനാൽ അത്രയും ദൂരം പിന്നെയും യാത്ര വേണ്ടായിരുന്നല്ലോ...!
.
ബാക്കി പകുതി യാത്ര തുടങ്ങിയതും, കയ്യിലെ തേങ്ങകൾ കയ്യിലിരുന്നു തന്നെ മുളയ്ക്കാൻ തുടങ്ങി . മുളച്ചു, വളർന്ന് വളർന്ന് യാത്ര ചന്തയിൽ എത്തിയപ്പോഴേക്കും അവ വലിയ തെങ്ങുകളായി മാറി. രണ്ടു വഴികളും കൂടി ഇരട്ടി ദൂരം യാത്ര ചെയ്ത ക്ഷീണത്തിൽ ചന്തയിൽ എത്തി ഒന്ന് വിശ്രമിച്ച്‌ എഴുന്നേറ്റതും കയ്യിലെ തെങ്ങുകൾ രണ്ടിലും തേങ്ങകൾ നിറയാൻ തുടങ്ങി....!
.
ചന്തയിൽ അപ്പോൾ ആളുകൾ നന്നേ കുറവായിരുന്നു. ഉണ്ടായിരുന്നവർ എല്ലാം വിൽപ്പനയെക്കാൾ വാങ്ങാനുള്ള തിക്കിതിരക്കിലും ആയിരുന്നു. കയ്യിൽ തികയാത്ത കാശിനും കൂടി കടം പറഞ്ഞും പണയം വെച്ചും ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടേയിരുന്നു അപ്പോൾ ...!
.
കയ്യിൽ തേങ്ങ നിറഞ്ഞപ്പോൾ മനസ്സിൽ മറ്റൊരു മോഹമുദിച്ചു . അരിക്ക് പകരം ചോറ് വാങ്ങാമല്ലോ . എങ്കിൽ വീട്ടിലേക്കുള്ള മടക്ക യാത്രയും ലാഭം . വന്ന വഴിയിൽ വെയിലാണെങ്കിൽ പകുതി ഉപേക്ഷിച്ച മറ്റേ വഴിയിൽ തിരിച്ചെത്തി അവിടുന്നങ്ങോട്ട് ബാക്കി ദൂരം യാത്രയും തുടരേണ്ടി വരും. കാരണം എന്റെ വീട്ടിൽ നിന്നും ചന്തയിലേക്ക് രണ്ടു വഴിയുണ്ട് എന്നതുപോലെ തിരിച്ചു ചന്തയിൽ നിന്നും വീട്ടിലേക്കും രണ്ടു വഴികൾത്തന്നെ ഉണ്ടായിരിക്കണമല്ലോ ... !
.
ഒരു വഴി മണ്ണുകൊണ്ടും മറ്റേ വഴി കല്ലുകൊണ്ടും മനോഹരമായി തയ്യാറാക്കിയവയായിരുന്നു ...! വഴിവിളക്കുകളും ദിശാ സൂചികകളും യഥാവിധി ഉണ്ടായിരുന്നു ആ വഴികളിൽ . മണ്ണിട്ട വഴിയിൽ രണ്ടു വശത്തും പൂക്കൾ വെച്ചു പിടിപ്പിച്ചിരുന്നു എങ്കിൽ മറ്റേവഴി അലങ്കരിച്ചിരുന്നത് ഭംഗിയുള്ള ചെറിയ ഫലവൃക്ഷങ്ങൾ കൊണ്ടായിരുന്നു ...!
.
വീട്ടിലേക്ക് അരി വാങ്ങുന്നത് കൊണ്ട് പിന്നെയും ഗുണങ്ങൾ ഉണ്ടെങ്കിലും ചോറ് വാങ്ങുവാൻ തന്നെയായിരുന്നു ഒടുവിൽ തീരുമാനിച്ചത് . ചോറാണ് വാങ്ങുന്നത് എങ്കിൽ കൂട്ടി കഴിക്കാൻ കറികളും കൂടെ കഴിക്കാൻ മധുര പലഹാരങ്ങളും അതും കഴിഞ്ഞ് ഒരു മയക്കതിനുള്ള സമയവും ലഭിക്കുമെന്നതിനാൽ അരിയേക്കാൾ ചോറാണ് നല്ലതെന്ന് ഉറപ്പിച്ചിരുന്നു അപ്പോഴേക്കും ...!
.
ഇക്കുറി തെങ്ങ് നിറയെ തേങ്ങയുണ്ടായിരുന്നതിനാൽ പിശുക്കാതെ തെങ്ങിൽ നിന്നും ആവശ്യത്തിന് തേങ്ങ പറിച്ച് കണക്കു നോക്കാതെ വിറ്റ് ചോറും വാങ്ങി തിരിച്ച് തന്റെ തെങ്ങുകളും കയ്യിലെടുത്ത് മടക്കയാത്ര തുടങ്ങാൻ നേരം വീട്ടിലേക്കുള്ള രണ്ടു വഴികൾ മൂന്നായി തിരിഞ്ഞിരിക്കുന്നു . ഓരോ വഴിയും മറ്റൊന്നിൽ നിന്നും ഉണ്ടായതുപോലെ അല്ലെങ്കിൽ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടി ചേർന്ന് മൂന്നു വഴികളും ഒന്നായ പോലെയും ...!
.
അപ്പോൾ ഇനി ഇതിൽ ഏതു വഴിയിലൂടെ യാത്ര പോയാൽ എന്റെ വീട്ടിലെത്തും, അല്ലെങ്കിൽ തിരിച്ച് ചന്തയിലേക്കും ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ

വായനക്കാരൻ ...!!!

വായനക്കാരൻ ...!!!
.
എഴുത്തുകാരൻ
കഥാപാത്രമായാൽ
വായനക്കാരൻ
ആരാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, May 28, 2014

മായ ...!!!

മായ ...!!!
.
ഉണ്ടെന്നു തോന്നിയാൽ
ഇല്ലെന്നനുഭവം
ഇല്ലെന്നു തോന്നിയാൽ
ഉണ്ടെന്നും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, May 26, 2014

കണ്ണുറങ്ങുമ്പോൾ ...!!!

കണ്ണുറങ്ങുമ്പോൾ ...!!!
.
എത്ര പറഞ്ഞാലും ഈ കുട്ടി പിന്നെയും ആ കുഞ്ഞു പാവയെയും കേട്ടിപ്പിടിച്ചേ ഉറങ്ങു.. അതിന്റെ നനുത്ത രോമങ്ങൾ ഉറങ്ങുമ്പോൾ അവളുടെ വായിൽ പോകുമെന്ന് പറഞ്ഞാൽ പോലും അവൾ കേൾക്കില്ല തന്നെ . അതിനെ നെഞ്ചോട്‌ ചേർത്ത്, ചരിഞ്ഞു കിടന്നെ അവൾ എപ്പോഴും ഉറങ്ങാറുള്ളൂ. എവിടെ പോകുമ്പോഴും കൂടെ കൂട്ടുന്ന ആ പഴയ പാവക്കുട്ടി അവളുടെ ജീവന്റെ ഭാഗം തന്നെയാകുന്നു ഇപ്പോൾ...!
.
താൻ എപ്പോഴാണ് ആ പാവയെ അവൾക്കു സമ്മാനിച്ചത്‌ എന്നോർമ്മയില്ല. എന്നോ ഒരിക്കൽ ഇതുപോലെ ഒരു രാത്രിയിൽ കടന്നു വരുമ്പോൾ തന്റെ കയ്യിൽ ആ പാവയും ഉണ്ടായിരുന്നു. മഹാബലി പുറത്തെ തെരുവിൽ നിന്നോ, അതോ മുംബയിലെ ഏതെങ്കിലും വലിയ ഷോപ്പിംഗ്‌മോളിൽ നിന്നോ... അവൾക്കു വേണ്ടി മാത്രം തിരഞ്ഞെടുത്തതാണെങ്കിൽകൂടിയും പക്ഷെ എവിടെ നിന്നാണത് വാങ്ങിയതെന്ന് പോലും ഓർമ്മയില്ല ...!
.
അവളുടെ കൈകൾ വിടുവിച്ച് അതിനെ എടുത്തു മാറ്റി അവളെ നേരെ കിടത്തുമ്പോൾ അവൾ ഒന്ന് കുറുകി, ഒരു സുരക്ഷിതത്വം നഷ്ട്ടപെടുന്ന വേവലാതിയാണ് അപ്പോൾ അവളിൽ താൻ കണ്ടത്. ഒന്നുകൂടി ചുരുണ്ട് അവളുടെ മുഖതോട് ചേർത്ത് തന്റെ കൈകൂടി പിടിച്ചു വെച്ച അവൾ വീണ്ടും ഉറങ്ങാൻ തുടങ്ങിയത് തന്നെ കുഴക്കി കളഞ്ഞു. എങ്ങോട്ടും തിരിയാൻ വയ്യാത്ത അവസ്ഥ. അവളെ ഉണർത്താതെ മെല്ലെ അവളുടെ തലയിലൂടെ വിരലോടിച്ച് അവൾക്കൊപ്പം അയാളും കിടന്നു. അവളെ ഹൃദയത്തോട് ചേർത്തു പിടിച്ചുകൊണ്ട് ...!
.
കട്ടിലിൽ കട്ടിയുള്ള കമ്പിളി പുതപ്പും പുതച്ച് ശാന്തമായി ഉറങ്ങുന്ന അവളെ നോക്കിയിരിക്കെ, വല്ലാത്ത ഒരു കൌതുകം .എപ്പോഴോ ഒരിക്കൽ അവൾ പറഞ്ഞത് അപ്പോൾ അയാൾ ഒരു വേദനയോടെ ഓർക്കുകയും ചെയ്തു. മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ പോലും പുതച്ചു മൂടി കിടക്കാൻ അവൾക്കു പേടിയായിരുന്നു എന്ന്. പുതപ്പിനടിയിലെ രാത്രിയുടെ ഇരുട്ട് അവളെ പരിഭ്രമിപ്പിച്ചിരുന്നുവത്രെ എപ്പോഴും....!
.
മുറിയുടെ കോണുകളിൽ നിന്നും തൊടിയുടെ പിൻഭാഗങ്ങളിൽ നിന്നും എന്തിന്, ഇടവഴികളിൽ നിന്ന് പോലും ആ പുതപ്പ്‌ ഒരു മനുഷ്യാകാരം പൂണ്ട് രാത്രിയേയും കൂട്ടി അവളെ വരിഞ്ഞു മുറുക്കാൻ വരുമായിരുന്നുവത്രേ എപ്പോഴും. ശരിയായിരിക്കാം. രാത്രിക്ക് ഒരുപാട് കരങ്ങലുണ്ടല്ലോ. കാഴ്ചയിലും കാഴ്ചക്ക് പുറത്തുമായി അനന്ന്യമായ വ്യാപ്തിയോടെ . ആ പുതപ്പിനകം നിറയെയാകട്ടെ കറുകറുത്ത കട്ടിയുള്ള ഇരുട്ടും....!
.
സ്കൂളിൽ, പൊതുവിടങ്ങളിൽ ആഘോഷങ്ങൾക്ക് പോകേണ്ടി വരുമ്പോൾ കണ്ണുനിറയെ കന്മഷിയുമായി അവൾ പിണങ്ങി നിൽക്കുന്നത് ഓർത്തെടുക്കുമ്പോൾ ഇപ്പോഴും ചിരിമായുന്നില്ല. തനിക്കറിയില്ലായിരുന്നല്ലോ അന്നൊന്നും കണ്ണെഴുതാനും മുടി ചീകിയൊതുക്കാനുമൊന്നും . കണ്ണീരിനിടയിലും തന്റെ മുഖത്തെ നിസ്സഹായതയിൽ അവൾ അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാറുള്ളത് കുഞ്ഞു നൊമ്പരത്തോടെയല്ലാതെ എങ്ങിനെയാണ് ഇപ്പോഴും ഓർക്കാൻ കഴിയുക ...!
.
തന്റെ മാത്രം നിഴലിൽ വളർന്നതിനാലാകാം അവളിലെ സ്ത്രൈണത അവൾക്കു പോലും പലപ്പോഴും അന്ന്യമായിരുന്നത്. നിഷ്ട്ടകൾ, വിലക്കുകൾ, വ്യത്യാസത്തിന്റെ അതിർത്തികൾ. അവൾക്കെല്ലാം ഒരുപക്ഷെ അജ്ഞാതം തന്നെയായിരുന്നു എപ്പോഴും . വായുവിൽ വരച്ചു വെക്കുന്ന അതിർ വരമ്പുകളുടെ നേർ രേഖകൾ അവൾ പലപ്പോഴും കാണാതെ പോയി. അല്ലെങ്കിൽ അങ്ങിനെയൊന്നിനെ കുറിച്ച് വ്യാകുലപ്പെടാൻ അവൾ തയ്യാറായതുമില്ലതാനും ...!
.
ആദ്യമായി ഹൃതുമാതിയായ അന്ന് അവൾ ചോരകൊണ്ട് ചുവന്നു തുടുത് പേടിയോടെ തന്നെ വിളിച്ചത് ഇന്നും ഓര്ക്കുന്നു. അന്നാദ്യമായാണ് അവൾ ചോരയുടെ ചുവപ്പിനെ പേടിയോടെ കണ്ടത്. ആ ചോര അവളുടെ ദേഹം മുഴുവനും വ്യാപിക്കാനുള്ളതുകൂടിയെന്ന് അവൾ പേടിയോടെ ഓർക്കുന്നു എന്ന് അപ്പോൾ തനിക്കു തോന്നിയിരുന്നു. ഓടിയെത്തി, ഉടുമുണ്ടിന്റെ കോന്തലകൊണ്ട് അവളുടെ നാണം മറയ്ക്കുമ്പോൾ അവൾ തന്റെ ആത്മാവിലേയ്ക്കാണ് അവളുടെ സ്ത്രീത്വം ഒളിപ്പിച്ചു വെച്ചത്...!
.
അച്ഛൻ... അന്നാദ്യമായി തനിക്കങ്ങിനെത്തന്നെ അനുഭവപ്പെട്ടത്തിൽ ഇന്നും അഭിമാനിക്കുന്നു..! ഒരു മകളുടെ അവാലാതികളിൽ നിറഞ്ഞു നില്ക്കാൻ, അവളുടെ ആകുലതകളിൽ നിറയാൻ കഴിയുന്നത്‌ തന്നെ തന്റെ മുൻജന്മ പുണ്യം...! കുഞ്ഞിൽ നിന്നും സ്ത്രീയിലെക്കുള്ള യാത്രയിൽ അവൾ ആദ്യം പിടിക്കുന്ന കൈ തന്റേതു മാത്രമായതിൽ ശരിക്കും അഹങ്കരിക്കുകയും ചെയ്യുന്നു ഇപ്പോൾ. ...!
.
ഒരിക്കൽ , ഒരിക്കൽ മാത്രം അവൾ തനിക്കു മുന്നിൽ നാണിച്ചു നിന്നത് അവളുടെ ആദ്യത്തെ പ്രണയം പുറത്തെടുത്തപ്പോഴായിരുന്നു എന്ന് താൻ ഇപ്പോഴും ഓർക്കുന്നു. ഒട്ടൊരു മടിയോടെ അവളുടെ മോഹം തന്നെ അറിയിക്കാൻ വാക്കുകൾ കിട്ടാതെ അവൾ കുഴങ്ങി. ഒരു സ്ത്രീയുടെ രൂപം അന്നാദ്യമായാണ് താൻ അവളിൽ കണ്ടത്. അന്നു തന്നെയല്ലേ താൻ ആദ്യമായി അവളെയോർത്ത്‌ വേവലാതിപെട്ടതും . ആശങ്കയോടെ, ആകുലതകളോടെ അവളുടെ തലയ്ക്കു മേലേയ്ക്കു താൻ നോക്കി നിന്നത് ഇപ്പോഴും ഓർമ്മയുണ്ട് ..!
.
അവൾ വളര്ന്നിരിക്കുന്നു. കണ്ണും മൂക്കും പോലെ അവളുടെ ശരീരവും വളര്ന്നിരിക്കുന്നു ഇപ്പോൾ. തന്റെ അത്രയും. അല്ലെങ്കിലൊരുപക്ഷെ തന്നെക്കാളും . ചിന്തകളിൽ പ്രവൃത്തികളിൽ മോഹങ്ങളിൽ ആശങ്കകളിൽ എല്ലാം എല്ലാം ഒരു പൂർണ്ണ വളർച്ചയെത്തിയ പെണ്ണ് . എന്നിട്ടും അവൾ തന്റെ മകൾ മാത്രമായിരിക്കുന്നതിൽ താൻ അഭിമാനിക്കുകതന്നെയല്ലേ വേണ്ടത് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

പ്രണയം....!!!

പ്രണയം....!!!
.
ജീവിതത്തിന്റെ
യാഥാർത്യത്തിലേയ്ക്കുള്ള
യാത്രയ്ക്കിടയിലെ
ഭ്രമിപ്പിക്കുന്ന
മോഹത്തിന്റെ -
പ്രതീക്ഷയുടെ
അസത്യംനിറഞ്ഞ
മായക്കാഴ്ച ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, May 25, 2014

എന്റെ മരം ...!!!

എന്റെ മരം ...!!!
.
എനിക്ക് സ്വന്തമായി
വലിയൊരുമരമുണ്ട്
മരംപടർന്ന്
തണ്ടും തടിയുമുണ്ട് .
മരം തിങ്ങി
ചില്ലകളും ഇലകളുമുണ്ട് ...!
.
മരത്തിൽ നിറയെ
പൂക്കളും പഴങ്ങളുമുണ്ട്
മരത്തിൽ വസിക്കാൻ
പക്ഷികളും മൃഗങ്ങളുമുണ്ട് ...!
.
പക്ഷെ
എനിക്കു നൽകാൻ
അതിന്
തണൽ മാത്രമില്ല ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, May 21, 2014

ഇനിയും വറ്റാത്ത പുഴ...!!!

ഇനിയും വറ്റാത്ത പുഴ...!!!
.
യാത്രയുടെ തുടക്കത്തിൽ , അതെ തുടക്കത്തിൽ തന്നെയാണെന്ന് തോന്നുന്നു , ഒരിക്കൽ മാത്രമാണ് അയാൾ തന്നെയൊന്നു തിരിഞ്ഞു നോക്കാൻ തന്നെ കൂട്ടാക്കിയതെന്ന് അവൾ ഭീതിയോടെ ഓർത്തെടുത്തു ...! ഇനി ...?? ചോദ്യങ്ങൾ അവസാനിക്കാതെ തുടരുന്നതിനാൽ ഉത്തരങ്ങൾക്കുവേണ്ടി അവൾക്കൊരിക്കലും കാത്തിരിക്കേണ്ടി വരുന്നേയില്ലതാനും ...!
.
ഓർമ്മകൾക്ക് മാത്രം ഇപ്പോഴും ഒരു ചെമ്പക പൂവിന്റെ മണം ഉണ്ടെന്ന് പറയാതെ വയ്യ .. അല്ലെങ്കിൽ അലക്കാത്ത കോടിക്കിടയിൽ തിരുകിവെക്കുന്ന കൈതയുടെ മണം. മണങ്ങൾ എല്ലാം വേറെ വേറെ ആണെങ്കിലും അവയുടെ സുഗന്ധം മാത്രം കരുതിവെച്ചാൽ മതിയല്ലോ ...!
.
ഇനി ...! അതു തന്നെയാണ് തന്റേയും അവാലാതി ... ഇനി എത്ര നേരം...! അല്ലെങ്കിൽ എത്ര ദൂരം ..! ആര്ക്കും ഒരു ഉത്തരവുമില്ല ഇതിനൊന്നും. അല്ലെങ്കിൽ ആരും അതെക്കുറിച്ച് വ്യകുലപ്പെടുന്നുമില്ല എന്ന് തോന്നി. എല്ലാവരിലും ഒരു നിർജ്ജീവാവസ്ഥയാണോ അതോ നിസ്സഹായാവസ്ഥയാണോ എന്ന് തിരിച്ചറിയാൻ അവൾ വൃഥാ ശ്രമിച്ചു നോക്കി അപ്പോൾ ...!
.
അയാളുടെ മുഖത്തിന്‌ ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു അപ്പോൾ എന്നാണ് അവൾക്കു തോന്നിയത് . കാത്തുകാത്തിരുന്ന ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞിന്റെ മുഖം . അതൊരുപക്ഷെ അവളുടെ തോന്നൽ മാത്രവുമാകാം . അല്ലെങ്കിൽ ഒരുപക്ഷെ അയാൾക്ക്‌ അങ്ങിനെയൊരു മുഖഭാവം തന്നെയായിരുന്നല്ലോ പാകമാവുക അപ്പോൾ. ...!
.
ഒരു അടയ്ക്കാ കിളി തന്റെ കുഞ്ഞിനുള്ള തീറ്റയും കൊത്തി അവളുടെ മുന്നിലൂടെ അപ്പോൾ കടന്നു പോയത് ഒരു ഞെട്ടലോടെയാണ് അവൾ നോക്കിയത് .. അതിന്റെ കണ്ണുകളിൽ എന്തിനായിരുന്നു ഒരു പകയുടെ കനൽ അത് അപ്പോൾ ഒളിപ്പിച്ചു വെച്ചിരുന്നത് .. അതും തന്നെത്തന്നെ നോക്കിക്കൊണ്ട്‌ പറന്നകലുമ്പോൾ ആ കനൽ തന്റെ തന്നെ നെഞ്ചിലേയ്ക്കല്ലേ അത് കൊളുത്തിയിട്ടത് ...!
.
ഒരു കുഞ്ഞു മഴ പെയ്തുപോയത് അവൾ അന്നാദ്യമായി പേടിയോടെ നോക്കി നിന്നു. ആഗ്രഹമുണ്ടായിട്ടും ആ മഴ നനയാൻ അവൾ കൂട്ടാക്കിയില്ല അപ്പോൾ. എങ്കിലും അവൾ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ആ മഴയിലും ഈയാം പാറ്റകൾ പറന്നു പൊങ്ങിയിരുന്നു എന്ന് ...! അഗ്നിയിൽ സ്വയം ചിറകുകൾ ഹോമിച്ച് ജീവിതം സമർപ്പിക്കാൻ ജനിക്കുന്ന ഈയാം പാറ്റകളോട് അവൾക്കെന്നും പ്രണയം തന്നെയായിരുന്നല്ലോ ...!
.
നിശബ്ദതയായിരുന്നു അപ്പോൾ അവിടെയെല്ലാം . കടന്നു പോകുന്ന വഴിയിലെ മണൽതരികൾ പോലും ശബ്ദമുണ്ടാക്കാതെ ... ചുറ്റിനുമുള്ള ചെടികളിലെയും മരങ്ങളിലെയും ഇലകൾ പോലും ചലിയ്ക്കാതെ .. കാറ്റ് അപ്പോൾ തന്നെ കാണിക്കാതെ ഒളിച്ചു നിൽക്കുകയായിരുന്നോ എന്ന് തോന്നി . പക്ഷെ എന്തിന് ...! അതായിരുന്നു അവളെ അപ്പോൾ ആശ്ചര്യപ്പെടുത്തിയിരുന്നതും . ...!
.
ഒരുപക്ഷെ മൌനമായി പ്രകൃതി തന്നോടെന്തോക്കെയോ വിളിച്ചു പറയുകയുമായിരുന്നില്ലേ അങ്ങിനെ ..? അതുമല്ലെങ്കിൽ പ്രകൃതി തന്നോടുള്ള പ്രതികാരം തീർക്കുകയൊ ... ? അറിയില്ല,.... അല്ലെങ്കിൽ അതിന് മിനക്കെട്ടില്ല . പിൻതുടരുക എന്നത് മാത്രമായിരുന്നു അപ്പോൾ തന്റെ നിയോഗം ...!
.
വഴിയിൽ നിന്നും തനിക്കു സമാനമായവരെ അയാൾ അപ്പോഴും തിരഞ്ഞ് തിരഞ്ഞ് തന്റെ കൂടെ കൂട്ടാൻ മറന്നിരുന്നില്ല എന്നത് അവൾ അത്ഭുതത്തോടെയാണ്‌ നോക്കി നിന്നത്. കൈക്കുമ്പിളിൽ നിന്നും ഊർന്നു പോകുന്ന വെള്ളം തടയാതെ നോക്കി നിൽക്കുമ്പോഴും ആ കൈക്കുമ്പിളിലേയ്ക്ക് പിന്നെയും വെള്ളം നിറയ്ക്കാൻ അയാൾ മറന്നിരുന്നില്ല ...!
.
ഇത്ര നേരമായിട്ടും എവിടെയെത്തി എന്ന് ഒരു നിശ്ചയവുമില്ല എന്നത് അവളെ തെല്ലും അലട്ടിയിരുന്നില്ല. ഇനിയെത്ര ദൂരം താണ്ടാനുണ്ടെന്നു അവൾ ആശങ്കപ്പെട്ടുമില്ല .. അല്ലെങ്കിൽ തന്നെ എവിടെയും അവസാനിക്കാവുന്ന ഒരു യാത്രയിൽ എന്ത് പ്രതീക്ഷിക്കാൻ ...! ഇനിയുമല്ലെങ്കിൽ എങ്ങും അവസാനിക്കാത്ത യാത്രയും ആകാമല്ലോ ഇത് ...!
.
നിശബ്ദയായി അയാൾക്ക്‌ പുറകിൽ കരുതലോടെ അവൾ ഓരോ ചുവടും വെച്ചു. അല്ലെങ്കിൽ തന്നെയും അത് മാത്രം തന്നെയല്ലേ അവൾക്കു ചെയ്യാനും ഉണ്ടായിരുന്നത് അപ്പോൾ. നിശബ്ദയായി നിരാലംബയായി നിശ്ചലയായി ...!
.
പകരം വെക്കാവുന്ന ഒന്നും കൂട്ടിനെടുത്തില്ലെങ്കിലും കൈപ്പിടിയിൽ തന്റെ ജീവനെടുത്തു പിടിക്കാൻ തോന്നിയത് ഭാഗ്യം. അല്ലെങ്കിൽ അത് വഴിയിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടു പോയിരുന്നെങ്കിലോ. ഒടുവിൽ എത്തേണ്ടിടത് എത്തുമ്പോൾ ജീവനില്ലെങ്കിൽ പിന്നെന്തു കാര്യം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

ചോദ്യവും ഉത്തരവും ...!!!

ചോദ്യവും ഉത്തരവും ...!!!
.
ഒരു ചോദ്യത്തിന്
പല ഉത്തരങ്ങൾ ആയാൽ
ഒരു ഉത്തരത്തിന്
എത്ര ചോദ്യങ്ങൾ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, May 20, 2014

ഇരുട്ടിലെ വിളക്ക് ...!!!

ഇരുട്ടിലെ വിളക്ക് ...!!!
.
വിളക്കിനടിയിലെ ഇരുട്ട്
ആ വിളക്ക് കത്തിച്ചാലും
എങ്ങിനെ മാറും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, May 19, 2014

കാണുവാൻ ...!!!

കാണുവാൻ ...!!!
.
കാണുവാൻ
എനിക്ക്
കണ്ണട വേണം,
കാഴ്ചയ്ക്ക് മാത്രമല്ലാതെ ...!
.
കണ്ണടയില്ലാത്ത
കാഴ്ച
മങ്ങിയതാകുംപോൾ
കണ്ണും
കാഴ്ചയില്ലാത്തതാകുന്നു ...!
.
കണ്ണില്ലെങ്കിലും
കണ്ണടയുണ്ടായാൽ
കാഴ്ച
പൂർണ്ണമാകുമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, May 17, 2014

പരാജയം ...!

പരാജയം ...!
.
പരാജയം
വിജയത്തിലേയ്ക്കുള്ള
ചവിട്ടുപടിയല്ല
മറിച്ച്
സ്വന്തം
പ്രവർത്തികളുടെ
ഫലം തന്നെയാണ് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, May 15, 2014

അമ്മ ....!!!

അമ്മ ....!!!
.
അവന്റെ കയ്യും പിടിച്ചു കൊണ്ട് അവൾ നടന്നു തുടങ്ങിയപ്പോൾ അവൾക്കു പുറകിൽ ചരിത്രം വഴിമാറുക തന്നെയായിരുന്നു. അവളുടെ അഭിമാനമായിരുന്ന അച്ഛനെ സ്നേഹമായിരുന്ന അമ്മയെ കൂടെപ്പിറന്ന സഹോദരങ്ങളെ തന്റെ എല്ലാമായിരുന്ന ഭർത്താവിനെ പ്രതീക്ഷയായിരുന്ന മക്കളെ ... എല്ലാം ഉപേക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവൾക്കു മുൻപിൽ പ്രപഞ്ചം തന്നെ സർവ്വസ്വവും അല്ലെങ്കിൽ അതുപോലെ തന്നെ ശൂന്ന്യവുമായി ...!
.
ആരായിരുന്നു അവൾക്കു അവൻ ...! എപ്പോഴായിരുന്നു അവൾ അവനെ കണ്ടുമുട്ടിയത്‌ ...! വസന്ത കാലത്തിന്റെ ആ അവസാന നാളുകളിൽ മാന്തളിരുകൾ പെയ്തൊഴിഞ്ഞ, ജീവിക്കാൻ അവകാശമില്ലാതെ കൊഴിഞ്ഞു വീണ മാമ്പൂക്കളുടെ ഗദ്ഗതം നിറഞ്ഞ ആ നാട്ടു വഴിയിലൂടെ അവനൊപ്പം നടന്നു നീങ്ങവേ തന്റെ കുഞ്ഞിനുള്ള തീറ്റയും കൊണ്ട് പറന്നിറങ്ങിയപ്പോൾ അതിനെ തന്റെ കൂട്ടിൽ കാണാതെ എങ്ങോ ഒരു പൂങ്കുയിൽ കരയുന്നത് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു . പക്ഷെ മുന്നോട്ടു ചുവടുകൾ വെക്കുമ്പോഴും അവളുടെ മനസ്സ് പുറകിലെക്കായിരുന്നു അപ്പോൾ സഞ്ചരിച്ചിരുന്നത് ...!
.
തെറ്റെന്ത് ശരിയെന്ത് എന്നത് യാധാർത്ഥ്യവുമായി എപ്പോഴെങ്കിലും പൊരുത്തപ്പെട്ടു പോകാറുണ്ടോ എന്ന് അപ്പോൾ ആദ്യമായി അവൾ സംശയിക്കാൻ തുടങ്ങിയിരുന്നു . അല്ലെങ്കിൽ തന്റെ പ്രതികരണങ്ങൾക്ക് എങ്ങിനെയാണ് താൻ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ് തന്നെ നിരർത്ഥകങ്ങളായ വ്യാഖ്യാനങ്ങൾ കണ്ടെത്തുക . കൂടെ ഒരു കട്ടിലിൽ ഒന്നിച്ചു കിടക്കുന്ന അദ്ദേഹത്തിന് തന്നിൽ നിന്നുള്ള ദൂരം കൂടുന്നത് തൊട്ടറിഞ്ഞതല്ലേ സത്യത്തിൽ താൻ ചെയ്ത ആദ്യത്തെയും അവസാനത്തെയും തെറ്റ് . മക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിലെ അദ്ധേഹത്തിന്റെ മുഖം മൂടിക്കു തന്റെ രക്തം കൊണ്ട് തന്നെ ചായം തേക്കാൻ ഒരുങ്ങിയത് എന്തായാലും നന്നായി....!
.
ആദ്യം സ്വയവും പിന്നെ സ്വന്തങ്ങളും അതിനു ശേഷം ബന്ധങ്ങളും പിന്നെയും കഴിഞ്ഞപ്പോൾ സമൂഹം തന്നെയും തനിക്കു പതിയെ അന്ന്യമാകാൻ തുടങ്ങുന്നത് അദ്ധേഹത്തിൽ വരുത്തുന്ന സന്തോഷത്തിനു പിന്നെ തന്റെ മൌനാനുവാദവും . എങ്കിലും അദ്ധേഹം എപ്പോഴും സന്തോഷവാനായിരിക്കാൻ തന്നെയല്ലേ താൻ എപ്പോഴും ശ്രദ്ധിചിരുന്നതും . അച്ഛൻ അമ്മ, മക്കൾ .... എല്ലാം അദ്ധേഹത്തിലേക്ക് മാത്രം ഒതുങ്ങുന്നത് താൻ ഒരുപക്ഷെ ആത്മ നിർവൃതിയോടെ തന്നെയാണ് നോക്കിയിരുന്നത് ....!
.
മനസ്സും പിന്നെ ശരീരവും തന്നിൽ നിന്നും മെല്ലെ അന്ന്യമാകുന്നത് ഒടുവിലാകുമ്പോഴെക്കും താൻ ആസ്വദിക്കുക തന്നെയായിരുന്നു എന്നുവേണം പറയാൻ. അല്ലെങ്കിൽ തന്നെ, തനിക്കു പ്രിയപ്പെട്ടവർക്ക് വേണ്ടാത്തത് തനിക്കെന്തിന് ...!
.
അന്ന് ആദ്യമായി താൻ നൊന്തു പ്രസവിച്ച തന്റെ മകൻ തന്നെ തന്റെ നേരെ നേരെ കയ്യോങ്ങിയത് അവന്റെ അച്ഛനും അച്ഛച്ചനും കണ്ടു നില്ക്കെ ആയിരുന്നിട്ടും അവർ ഒന്നും പറയാതിരുന്നതാണ് ഏറെ പ്രയാസപ്പെടുതിയത് . തെറ്റുകാരിയാണെങ്കിലും അമ്മയെ അടിക്കാൻ ഒരു മകൻ കയ്യോങ്ങുന്നത് അവനു തന്നെ എത്രമാത്രം ദോഷമാണെന്ന് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചതും. അകത്തെ വേദനയ്ക്ക് പുറമേ തണുത്ത കാറ്റ് കൊണ്ട് തണുപ്പിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി മുറ്റത്ത്‌ താൻ തന്നെ നട്ടു വളർത്തിയ മൂവാണ്ടാൻ മാവിൻ ചോട്ടിൽ തളർന്നിരിക്കുമ്പോൾ ആണ് അവൻ ആദ്യമായി അങ്ങോട്ട്‌ കയറി വന്നത് ...!
.
ഒട്ടിയ വയറുമായി അന്നത്തെ വിശപ്പിനുള്ള അന്നത്തിനു വേണ്ടി കടന്നു വന്ന അവൻ തന്നെ തന്നെ നോക്കി നില്ക്കവേ തന്റെ മാറിൽ എന്തിനാണ് ഒരു വിങ്ങലുണ്ടായത് എന്ന് അവൾക്കറിയില്ലായിരുന്നു. നെഞ്ചിൽ ഊറിവരുന്നത് മുലപ്പാൽ തന്നെയെന്ന് അവൾ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതും . പിന്നെ അവൾ അവളെത്തന്നെ നോക്കി കുറെ സമയം ഒന്നും മിണ്ടാതെയിരുന്നു. ആ സമയമത്രയും അവൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് അവൾ വളരെ പെട്ടെന്നാണ്തിരിച്ചറിഞ്ഞത്. അവന്റെ നോട്ടം ഒരുപാട് ചോദ്യങ്ങളുമായി അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു അപ്പോൾ ...!
.
പിന്നെ അവൻ എപ്പോഴാണ് അവിടെനിന്നും പോയതെന്ന് അവൾക്കൊർമ്മയില്ല. അവന്റെ ഒട്ടിയ വയറ നിറയ്ക്കാൻ എന്തെങ്കിലും അവൾ കൊടുത്തുവോ എന്നും അവൾക്കു ഓര്മ്മയില്ല. ഒരുകാര്യം മാത്രം അവൾ പക്ഷെ മറന്നില്ല . അവന്റെ മുഖം. അവളുടെതിനു സമാനമായിരുന്നു അപ്പോൾ അതെന്നും അവൾ ഒര്തെടുത്തു.
.
ജീവന്റെ അംശങ്ങൾ എപ്പോഴും കൂടിയിരിക്കും പോലെ, അവരുടെ ബന്ധവും . എപ്പോഴെല്ലാമാണ് അവർ പിന്നെ കണ്ടു മുട്ടിയതെന്നോ എന്തൊക്കെയാണ് അവർ സംസാരിച്ചതെന്നോ എന്തൊക്കെയാണ് അവർ ചിന്തിചിരുന്നതെന്നോ അവൾക്കു തന്നെ അറിയില്ല . എന്നിട്ടും ആത്ത്മാവിൽ അവൾക്കു അവൻ മാത്രമായി . ചിന്തകളിൽ അവൻ മാത്രം നിറഞ്ഞു നിന്ന് ...!
.
ആദ്യം പതിവുപോലെ ഭർത്താവ് തന്നെയാണ് ആ ബന്ധത്തിലും തെറ്റുകള കണ്ടെത്താൻ തുടങ്ങിയത് . അരുതുകളുടെ ലോകം അവൾക്ക് അന്ന്യമായത് കൊണ്ടാകാം പതിവുപോലെ അയാൾ അവളെ മാതാ പിതാക്കളുടെ മുന്നിലെത്തിച്ചത്. അവിടെയും അവൾ തോല്ക്കാൻ തയ്യാറാകാതെ വന്നപ്പോൾ ജയിക്കാൻ വേണ്ടി മാത്രം അയാൾ അവളെ മക്കളുടെയും മുന്നിലേയ്ക്ക് വലിചിഴച്ചു . രക്ഷിക്കാൻ അവതാരങ്ങളൊന്നും വരില്ലെന്നറിയാവുന്നത് കൊണ്ടാകാം, അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അവർ ഊരിയെറിയാൻ തുടങ്ങിയപ്പൊൾ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അവൻ അവൾക്കു വസ്ത്രമായി . പിന്നെയും അവൻ തന്നെ അവൾക്കു നാണവും മാനവുമായി....!
.
അത് മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതും. അവന്റെ കൈ പിടിച്ചു അവന്റെ കൂടെ പടിയിറങ്ങുമ്പോൾ അവളുടെ പാദങ്ങൾ ഭൂമിയിൽ സ്പർശിക്കാതിരിക്കാൻ അവൻ അവളെ താങ്ങി നടന്നു. ജീവിതത്തിൽ നിന്നും ജീവനിലെയ്ക്ക് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

മീശ ...!!!

മീശ ...!!!
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, May 13, 2014

പ്രശ്നങ്ങൾ ...!!!

പ്രശ്നങ്ങൾ ...!!!
.
പൊരുതാനും
പരക്കംപായാനും
പരിഭ്രമിക്കാനും
അടിയറവുപറയാനും
പ്രശ്നങ്ങൾ ...!
.
ഇല്ലെങ്കിൽ
ജീവിതമില്ലാതെയും
ഉണ്ടെങ്കിൽ
ജീവിതം മടുത്തും
പ്രശ്നങ്ങൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, May 10, 2014

മൌനം ...!!!

മൌനം ...!!!
.
സമ്മതവും
വാചാലവും ...!
മറ്റുചിലപ്പോൾ
വ്യർത്ഥവും
നിസ്സഹായതയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, May 8, 2014

പൌരുഷത്തിന്റെ പ്രതീകങ്ങൾ ...!!!

പൌരുഷത്തിന്റെ പ്രതീകങ്ങൾ ...!!!
.
ആരാണ് പുരുഷൻ ..! പൌരുഷമുള്ളവൻ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാമെങ്കിൽ അടുത്ത ചോദ്യം എന്താണ് പൌരുഷം എന്നാകും. ആറടി ഉയരവും വിരിഞ്ഞ മാറും കടഞ്ഞെടുത്ത ശരീരവും കപ്പടാ മീശയും സ്ഥിരം പുരുഷ സങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടുമ്പോൾ ശൌര്യവും വീര്യവും അവന്റെ ലക്ഷണങ്ങളിൽ പെടുത്തിയിരുന്നു പലപ്പോഴും ...! ഓരോ സ്ത്രീയുടെയും അല്ലെങ്കിൽ പുരുഷന്റെ തന്നെയും സങ്കൽപ്പങ്ങളിൽ വ്യത്യാസം ഉണ്ടാകാമെങ്കിലും ഇത് മാത്രമാണോ യഥാർത്ഥത്തിൽ പൌരുഷം ...? അല്ലെങ്കിൽ ഇങ്ങിനെയുള്ളവർ മാത്രമോ പുരുഷൻ ...?
.
സാമൂഹികാന്തരീക്ഷത്തിൽ കുടുംബങ്ങൾക്ക് പ്രാധാന്യം ഏറിയതോടെ സ്ത്രീകൾക്ക് കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ കൂടുകയും സാമൂഹിക ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടി വരികയും ചെയ്തപ്പോൾ വീട്ടിലേക്ക് - കുടുംബത്തിലേക്ക് വേണ്ട വസ്തുക്കൾ കൊണ്ട് വരേണ്ട ചുമതല പുരുഷനിൽ നിക്ഷിപ്തമാവുകയും പുറത്തുനിന്നും കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല പുരുഷന് ഏറ്റെടുക്കേണ്ടി വരികയും ചെയ്തതാണ്, സമൂഹം പുരുഷ കേന്ദ്രീകൃതമാകാനുള്ള ഒരു കാരണം. അതിനു പിന്നെ, വ്യത്യസ്ത സാമൂഹികാന്തരീക്ഷങ്ങളിൽ പലവിധ മാനങ്ങളും വരികയും തരാ തരം പോലെ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപെടുകയും ചെയ്യപ്പെട്ടു.
.
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വസ്തു പുരുഷനാണെന്ന് അവൻ അഹങ്കരിക്കുംപോഴും, സ്ത്രീക്കുമേൽ അവകാശം ഉന്നയിക്കാൻ, ആധിപത്യം സ്ഥാപിക്കാൻ അവൻ എപ്പോഴും താത്പര്യപ്പെട്ടുകൊണ്ടെയിരുന്നു . സ്ത്രീകളെക്കാൾ യഥാർത്ഥത്തിൽ സൗന്ദര്യമുള്ളത് പുരുഷനാണെന്ന് മനുഷ്യനെമാത്രമല്ല, മറ്റു നാനാ ജാതി ജീവജാലങ്ങളെയും ഉദാഹരിച്ചുകൊണ്ട് അവൻ സമർഥിക്കുന്നു . അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വ്യവസ്ഥകളിലൂടെ, നിയമങ്ങളിലൂടെ, എന്തിനു യുദ്ധങ്ങളിലൂടെ പോലും സ്ത്രീക്കുവേണ്ടി പുരുഷൻ എപ്പോഴും നിലനിന്നു.
.
വാക്കുകളിലെ ആത്മാർത്തത , പ്രവർത്തികളിൽ സത്യസന്തത, നേരിന് വേണ്ടിയുള്ള നിലനില്പ്പ് സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള താത്പര്യം കാര്യങ്ങളെ സമചിത്തതയോടെ നോക്കിക്കാണാനുള്ള പക്വത, ധീരതയോടെയും ഗൌരവത്തോടെയും സംഭവങ്ങളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പ് ഒരു സ്ത്രീക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും ആവശ്യമുള്ളത് എന്തെന്ന് അറിഞ്ഞ് അവളുടെ താത്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നിവൃതിച്ചു കൊടുക്കാനുള്ള കഴിവ് ..... !
.
പുരുഷ ലക്ഷണങ്ങൾ അങ്ങിനെ ആയിരിക്കണമെന്ന് ആരും പറഞ്ഞില്ലെങ്കിലും അതാണ്‌ യഥാർത്ഥത്തിൽ പുരുഷനെന്ന് അവൻ മാത്രം അറിഞ്ഞിട്ടും അറിയാതെ നടിച്ചു. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ആത്മാർഥമായ സ്നേഹവും സംരക്ഷണവും ആണെന്ന് ആര്ക്കാണ് അറിഞ്ഞുകൂടാത്തത്
.
കാലം പിന്നെയും മാറുമ്പോൾ പൌരുഷവും പുരുഷനും മാറുക തന്നെ ചെയ്തു. സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പുരുഷൻ , പിന്നെ അവളെ ഒരു ഉപഭോഗ വസ്തു മാത്രമാക്കി മാറ്റി. അവനവന്റെ താത്പര്യങ്ങൾക്ക് , അവന്റെ ആഗ്രഹങ്ങൾക്ക് അവളെ അവൻ മറയാക്കി. തന്റെ ഭാര്യയുടെ, അമ്മയുടെ സഹോദരിയുടെ മനസ്സറിയാൻ ശ്രമിക്കാതെ മറ്റു സ്ത്രീകളെ സന്തോഷിപ്പിക്കാമെന്നും സ്നേഹിക്കാമെന്നും സംരക്ഷിക്കാമെന്നും കപട മുഖങ്ങളുണ്ടാക്കി നവ മാധ്യമങ്ങളുടെ മറയ്ക്കകതിരുന്ന് അവൻ ഗീർവ്വാണം വിട്ടു.
.
മറകൾക്കുള്ളിൽ ഒളിച്ചിരുന്ന്, മുഖം കൊടുക്കാതെ ശരീരം കൊടുക്കാതെ സ്ത്രീയെ വശീകരിച്ച് അവളുടെ കാമനകളെയും അവളുടെ വികാരങ്ങളെയും തഴുകിയുണർത്തി പിന്നെ അതിനപ്പുറം ഒന്നും ചെയ്യാനാകാതെ അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ട് ഓടിയൊളിക്കുന്ന വിഡ്ഢികൾ മാത്രമായി അധപതിക്കുന്നു ഇപ്പോൾ പുരുഷൻ . അതോടെ പ്രകടിപ്പിക്കാൻ മാത്രമായി അവന്റെ പൌരുഷമാണ് മാറുന്നതെന്ന്, പാവം പുരുഷൻ അറിയുന്നില്ലെന്ന് മാത്രം....!!!

സുരേഷ്കുമാർ പുഞ്ചയിൽ

Sunday, May 4, 2014

മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി ...!!!

മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി ...!!!
.
മനുഷ്യൻ ഭൂമിയും വിട്ട് ചന്ദ്രനിലൂടെ ചോവ്വയിലെയ്ക്ക് യാത്രയാകുമ്പോൾ, നമ്മൾ കേരളീയർ മാത്രം യാത്ര പുറകിലേയ്ക്കാണ് . ഒരുപക്ഷെ, തുടങ്ങുന്നിടത്ത് തന്നെ ചെന്നെത്തണം എന്ന നിർബന്ധമുളളതിനാലായിരിക്കാം, നമ്മൾ അങ്ങിനെയാകുന്നത്,. അതുമല്ലെങ്കിൽ മറ്റുള്ളവരിലേയ്ക്ക്മാത്രം തിരിച്ചു വെച്ചിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക്‌ നമ്മളെ കാണാൻ കഴിയാതെ പോകുന്നതോ....!
.
മനുഷ്യന് എങ്ങിനെ മരുന്നും രാസവസ്തുക്കളും ഇല്ലാതെ ജീവിക്കാം എന്ന് ഇന്നത്തെ ആധുനിക ലോകം ആലോചിക്കുമ്പോൾ, അതിനുവ്ണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം പാടുപെടുമ്പോൾ നമ്മൾ കേരളീയർ ഒരു വർഷം ഉപയോഗിച്ച് തള്ളുന്നത് അയ്യായിരം കോടിയിൽ പരം രൂപയുടെ മരുന്നുകൾ . അതിൽത്തന്നെ മുക്കാൽ പങ്കും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവ അല്ലെങ്കിൽ അനാവശ്യമായി ഉപയോഗിക്കുന്നവ ..!
.
അമ്മയെയും പെങ്ങളെയും പോയിട്ട്, മുലകുടി മാറാത്ത കുഞ്ഞിനേയും എഴുന്നേറ്റു നടക്കാൻ കഴിയാത്ത അമ്മൂമ്മയെയും വരെ പ്രാപിക്കാൻ വ്യഗ്രത പൂണ്ടു നടക്കുന്ന ഇന്നത്തെ മലയാളി പുരുഷ സമൂഹം തന്റെ മനസ്സാക്ഷി അടിയറവു വെച്ചിരിക്കുന്നത് മദ്യത്തിനു മുൻപിൽ. ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഒരിടതിനും രോഗം മാറ്റാനുള്ള മരുന്നിനും മനുഷ്യൻ പരക്കം പായുമ്പോൾ മലയാളി ധീര ധീരം വാദിക്കുന്നത് ബാറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ..!
.
നിഷ്കാമ കര്മ്മം ചെയ്യാൻ മനുഷ്യനെ പഠിപ്പിച്ച മതങ്ങളുടെ ഈ നാട്ടിൽ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്യണമെന്നു ഉപദേശിക്കുന്ന അചാരങ്ങളുളള ഈ നാട്ടിൽ മലയാളി നട്ടുവളർത്തുന്നത് സമുദായങ്ങളും ദുരാചാരങ്ങളും . മനസ്സിലെ അഴുക്കുകൾ നീക്കി ചിന്തകളെയും പ്രവർത്തികളെയും പരിശുദ്ധമാക്കാൻ ലോകം ദൈവത്തെ വിളിക്കുമ്പോൾ നമ്മൾ മലയാളികൾ മാത്രം പെടാപാടുപെടുന്നത് ദുരാചാരങ്ങളും കപട ആത്മീയതയും പ്രോത്സാഹിപ്പിക്കാൻ ...!
.
മലയാളി മുന്നേറുക തന്നെയാണ് , മദ്യവും മരുന്നും മന്ത്രവാദവുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, May 3, 2014

ചിരി ...!!!

ചിരി ...!!!
.
ഹൃദയത്ത്ൽ നിന്നും
ആത്മാവിലൂടെ
ചുണ്ടിലേയ്ക്ക്
ഒരു ചിരി ...!
.
അത്
ചുണ്ടുകളിലൂടെ പടർന്ന്
ഹൃദയത്തിലെയ്ക്കിറങ്ങി
ആത്മാവിലെതുമ്പോഴും
ചിരി ...!
.
നോവും
നൊമ്പരവും
വ്യഥകളും
ഉന്മാദങ്ങലും
പരിഹാസങ്ങളും
പരിഭവങ്ങളും
ഒളിപ്പിക്കുന്ന
വിസ്തൃതമായ
ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, May 1, 2014

ഒളിക്കാൻ എനിക്കൊരിടം ...!

ഒളിക്കാൻ എനിക്കൊരിടം ...!
.
തിരിച്ചുചെല്ലാൻ
ബാക്കിയില്ലാത്ത
ഗർഭപാത്രത്തിന്റെ
പുറത്തെവിടെയെങ്കിലും
ഒരുനുള്ളുസ്ഥലം
എനിക്കൊന്നൊളിയ്ക്കാൻ
എന്നിൽനിന്നെങ്കിലും ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...