Thursday, January 22, 2015

സ്വത്വം തേടുന്നവർ ...!!!

സ്വത്വം തേടുന്നവർ ...!!!
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട്‌ അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...