Sunday, August 30, 2015

വാർദ്ധക്യേ ....!!!

വാർദ്ധക്യേ ....!!!
.
മേഘവിസ്പോടനങ്ങളിലൂടെയും മഞ്ഞുപാളികൾ അടർന്നു വീണും അപ്രതീക്ഷിത പ്രളയങ്ങളുണ്ടാകുന്ന ആ അതിമനോഹര ഹിമാലയൻ ഗ്രാമം എന്നും എന്റെ സ്വപ്നമായിരുന്നു . അതുകൊണ്ട് തന്നെ അവിടേക്ക് പോകാനുള്ള ഔദ്യഗികവും അല്ലാത്തതുമായ എതൊരവസരവും ഞാൻ നഷ്ടപെടുത്താറുമില്ല . എന്റെ ഒരു സുഹൃത്ത്‌ അവളുടെ ജോലി മാറ്റത്തിലൂടെ കുടുംബ സമേതം അവിടേക്ക് താമസം മാറ്റിയപ്പോൾ പിന്നെ ഞാൻ അവിടെ ചെല്ലുമ്പോഴെല്ലാം അവളുടെ കൂടെ താമസിക്കണമെന്നത് അവർക്ക് നിർബന്ധവുമായിരുന്നു .
.
സൌകര്യങ്ങൾ കുറവുള്ള അവളുടെ വളരെ പഴയ ആ ഔദ്യോഗിക വസതി പക്ഷെ എപ്പോഴും ഹൃദ്യമായിരുന്നു . ഒരു വസന്തത്തിന്റെ അപ്പാടെ എന്നപോലെ ആഘോഷം നിറഞ്ഞതും . രണ്ടുകുട്ടികളും അവളോടൊപ്പം ജോലിചെയ്യുന്ന ഭർത്താവും അവൾക്ക് എന്നും ഉത്സവങ്ങളുടെ ആരവം നിറഞ്ഞതും ആയിരുന്നു .
.
അക്കുറിപക്ഷേ അറിയിക്കാതെയാണ് അന്ന് ഞാൻ അവിടെ ചെന്നത് . അവൾ അവിടെ ഇല്ലാതിരുന്നതിനാൽ അവളുടെ ഭർത്താവും കുട്ടികളും കൂടിയാണ് എന്നെ സ്വീകരിച്ചത് . കഴിഞ്ഞ പ്രാവശ്യം ഞാൻ ഉറപ്പുനല്കിയിരുന്ന പുസ്തകങ്ങൾക്ക് വേണ്ടി കുട്ടികൾ എന്റെ ബാഗ്‌ വാങ്ങിയപ്പോൾ അദ്ദേഹം എന്നെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി .
.
ക്ഷീണിതനായിരുന്നതിനാൽ ഒന്ന് കുളിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിവിനു വിപരീതമായി അവരുടെ ബെഡ്റൂമിലെ ബാത്ത്റൂമിലേയ്ക്കാണ് എന്നെ കൊണ്ട് പോയത് . അവരുടെ ബെഡ്റൂമിൽ മറ്റാരെയും കയറ്റാറില്ലാത്ത അവർ എന്നെ അങ്ങോട്ട്‌ കൊണ്ടുപോയത് തെല്ലൊന്ന് അതിശയിപ്പിച്ചെങ്കിലും അപ്പോഴത്തെ തിരക്കിൽ ഞാൻ ഓടിക്കയറി കുളിക്കാൻ തുടങ്ങി .
.
കുളികഴിഞ്ഞ് വന്നപ്പോഴേക്കും അദ്ദേഹം എനിക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു . ഒരു ശുദ്ധ വെജിറ്റേറിയനായ എന്നെ പോറ്റാൻ വിഷമമാണെന്ന് അവൾ എപ്പോഴും പറയുമെങ്കിലും എനിക്കെപ്പോഴും അവർ പ്രത്യേകമായും ഭക്ഷണം തയ്യാറാക്കുമായിരുന്നു . കുട്ടികളും കൂടി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം കുറച്ചു ജോലികൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് അടുക്കളയിൽ തിരിച്ചു കയറി..
.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മുറ്റത്ത്‌ ഒരു ഓട്ടോ വന്നുനിന്നതറിഞ്ഞ് കുട്ടികൾ അമ്മ വന്നെന്നും പറഞ്ഞ് അങ്ങോട്ട്‌ ഓടിയപ്പോൾ ഞാനും എഴുന്നേറ്റു . അപ്പോഴേക്കും അവൾ സഹായത്തിനായി അദ്ധേഹത്തെ വിളിക്കുന്നതറിഞ്ഞ് വേഗം കൈ കഴുകി ഞാൻ അവൾക്കടുത്തേയ്ക്ക്‌ ഓടിയെത്തി . അപ്പോഴേക്കും അവൾ കുട്ടികളുടെ സഹായത്തോടെ വിവശരും അവശരുമായ ഒരു അച്ഛനെയും അമ്മയെയും ഓട്ടോയിൽ നിന്നും കൈപിടിച്ച് ഇറക്കുകയായിരുന്നു .
.
എന്നോട് പറയാതെ ചെന്നതിലുള്ള പരിഭവം ആഗ്യത്തിൽ കാണിച്ച് അവരെ കൂട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ക്ഷമ ചോദിച്ച് ഞാനും അവളെ സഹായിച്ചു . അവരെ അകത്തു കൊണ്ടുപോയി കിടത്തുമ്പോഴാണ്‌ എന്തുകൊണ്ടാണ് ഞാൻ പതിവായി ഉപയോഗിക്കാറുള്ള ആ മുറി എനിക്ക് തരാതിരുന്നതെന്ന് മനസ്സിലായത്‌ . എനിക്കപരിചിതരായ അവർ ആരെന്ന ചോദ്യഭാവത്തിന് പിന്നെ പറയാം മറുപടിയെന്ന് ആംഗ്യം കാണിച്ച് അവൾ ക്ഷീണിതരായ അവരെ അവിടെ കട്ടിലിൽ കിടക്കാൻ സഹായിച്ചു . പിന്നെ എന്നെയും കൂട്ടി വാതിലടച്ച് പുറത്തു കടന്നുകൊണ്ട് പറയാൻ തുടങ്ങി .
.
നാൽപത്‌ വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവിൽ എഴുപതു കാരനും അസുഖബാധിതനുമായ ആ അച്ഛനെ ഉപേക്ഷിക്കാൻ കൊണ്ടുപോയ മക്കളുടെ കയ്യിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു വാങ്ങി കൊണ്ടുവന്നതാണ് അറുപത്തിയഞ്ചുകാരിയായ ആ അമ്മ . എന്നിട്ട് അവളുടെ സഹായത്തോടെ അടുത്ത ഒരു കടമുറിയിൽ കച്ചവടം നടത്തി ജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇനി ആ അമ്മയെന്ന് അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്നെപ്പോലുള്ള മക്കളെയോർത്ത് എന്റെയും ശിരസ്സുകുനിഞ്ഞു പോയി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...