Sunday, September 28, 2014

മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!

മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!
.
പ്രപഞ്ചം അതിന്റെ സന്തുലനാവസ്ഥ നടപ്പാക്കുന്നതിന് പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . പേമാരി പോലെ കൊടുങ്കാറ്റു പോലെ ഭൂകമ്പങ്ങൾ പോലെ യുദ്ധങ്ങൾ പോലെ അതിൽ ഒന്ന് തന്നെയാണ് പല കാലങ്ങളിലായി പടർന്നു പിടിക്കാറുള്ള മഹാ വ്യാധികളും . ...!
.
ഭൂമിയിൽ ചൂട് കൂടുമ്പോൾ , തണുപ്പ് കൂടുമ്പോൾ , മരങ്ങൾ നശിക്കുമ്പോൾ , മഴ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അങ്ങിനെ കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് പ്രപഞ്ചവും അതിന്റെ നിലനിൽപ്പിനു വേണ്ടി വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വരുത്തി ക്കൊണ്ടേയിരിക്കും . അത് പ്രകൃതിയുടെയും ജീവന്റെയും നിലനിൽപ്പിന് വേണ്ടി തന്നെയാണ് താനും . എങ്കിലും പലപ്പോഴും ഇതെല്ലം മറ്റൊരു കണക്കിൽ ചിലയിടങ്ങളിലെ മാനവരാശിയുടെ നാശത്തിലേയ്ക്കും വഴിവെക്കുന്നു ...!
.
എന്നാൽ ഇത്തരത്തിലുള്ള എല്ലാ ദുരിതങ്ങളും മനവരാശിക്കുമേലെ പ്രപഞ്ചം സ്വയം സമ്മാനിക്കുന്നതുമല്ല . ഇതിൽ ചിലതെല്ലാം തീർച്ചയായും സ്വയം കൃതാനർത്ഥങ്ങളുമാണ് . മിക്കവാറും എല്ലായ്പോഴും പ്രകൃതി അതിന്റെ സന്തുലനം കാത്തു സൂക്ഷിക്കാൻ സ്വയം തയ്യാറാവുകയും നടപ്പിലാക്കുകയും ചെയ്യാറുണ്ട് . എന്നാൽ പ്രകൃതിയെ അനധികൃത മായി ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും വഴി പ്രകൃതിക്ക് സ്വയം അതിന്റെ സന്തുലനം നടപ്പിലാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ അത്തരം ദുരിതങ്ങളെ മനുഷ്യൻ നേരിട്ട് അനുഭവിക്കേണ്ടിയും വരുന്നു....!
.
പ്രകൃതി ദുരന്തങ്ങളാണ് പലപ്പോഴും സർവ്വ സാധാരണയായി അത്തരത്തിൽ നാം നേരിടേണ്ടി വരുന്ന പ്രത്യക്ഷ ഭാവങ്ങൾ . എന്നാൽ അതിനൊപ്പം തന്നെയാണ് മഹാ വ്യാധികളും . നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത് നമ്മൾ തന്നെയാണ് എല്ലായ്പോഴും . എന്നാൽ അതിൽ വലിയൊരു ജന വിഭാഗത്തിനും നേരിട്ട് പങ്കില്ല എന്നൊരു ന്യായം പറച്ചിലും സർവ്വ സാധാരണമായി ഉള്ളതാണ് . ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരും ശിക്ഷ അനുഭവിക്കുന്നു എന്നും പറയാം ...!
.
എന്നാൽ നമ്മുടെ നാടിനെ മലിനമാക്കുന്നതിൽ നമുക്കോരോരുത്തർക്കും വ്യക്തമായ പങ്കു തന്നെയുണ്ട്‌ . അതിലൂടെയാണ് വലിയ ഒരളവിൽ ദുരിതങ്ങൾ പകരുന്നത് . ഓരോരുത്തരും കരുതുന്നത് താനിപ്പോൾ രണ്ടു കവർ അവശിഷ്ട്ടങ്ങൾ പുറംതള്ളുന്നതാണോ ഇത്രവലിയ കാര്യം എന്നാകും . എന്നാൽ പലതുള്ളി പെരുവെള്ളം എന്നല്ലേ . ഓരോരുത്തരും അവരവരുടെ അവശിഷ്ട്ടങ്ങൽക്കും ഉത്തരവാദികൾ തന്നെയാണെന്നും അത് ശരിയായ രീതിയിൽ നിര്മാര്ജ്ജനം ചെയ്യേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണെന്നും ശപഥം ചെയ്യേണ്ടിയിരിക്കുന്നു ...!
.
പലപ്പോഴും മഹാ വ്യാധികൾ പകരുന്നത് മലിനമായ പരിതസ്ഥിതിയിൽ നിന്ന് തന്നെയാണ് . അത്തരം സാഹചര്യം ഒഴിവാക്കിയാൽ നമുക്ക് തീര്ച്ചയായും അത് തടയാൻ സാധിക്കും. ഓരോ മഴയ്ക്ക് ശേഷവും ഓരോ പ്രളയത്തിനു ശേഷവും പടരുന്ന വ്യാധികളെങ്കിലും നമുക്ക് അങ്ങിനെ തടയാൻ നിശ്ചയമായും പറ്റും . തോടുകളും പുഴകളും കുന്നുകളും നഷ്ട്ടപെടുന്നു എന്ന് പരിതപിക്കുമ്പോഴും നമുക്ക് മുന്നിലൂടെ പോകുന്ന കുഞ്ഞുകൈത്തോട്‌നിറയെ ചപ്പു ചവറുകൾ നിറഞ്ഞിരിക്കുമ്പോൾ അതൊന്നു വൃത്തിയാക്കാൻ നമുക്കെത്ര സമയം വേണം ...?
.
അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ . ഓരോ കാര്യത്തിനും മുൻകരുതൽ എടുക്കാൻ നാം ചിലവാക്കേണ്ട സമയത്തിനും പണത്തിനും എത്രയോ മടങ്ങ്‌ ഇരട്ടിയാകും അസുഖങ്ങൾ വന്ന് അതിന് ചികിത്സിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്നത് എന്ന് നാം ഒരിക്കലും ഓർക്കാറില്ല . മലയാളിയുടെ സ്ഥിരം മനോഭാവമായ , വരുമ്പോൾ കാണാം എന്ന രീതി ഇതിലും പിന്തുടരുന്നത് തന്നെയാണ് ഇവിടെയും ഗുരുതരമായ പ്രശ്നം എന്ന് നാം എപ്പോഴെ തിരിച്ചറിയേണ്ടിയിരിക്കുന്നു ......!!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, September 27, 2014

വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!

വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!
********** *********** ********
.
ഒരുപാട് തിരക്കുകളുള്ള ഒരു ദിവസത്തിന്റെ പുലർകാലത്ത്‌
ഒരുമിനുട്ട് കൂടി പുതപ്പിനടിയിൽ ചുരുണ്ടു കൂടാൻ ...!
.
പുലരിയിൽ തീവണ്ടിയിൽ തണുത്ത കാറ്റുമേറ്റ്
ജനാലയ്ക്കരികിലിരുന്നു യാത്ര ചെയ്യാൻ ...!
.
കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി തുടിക്കാൻ ...!
.
കുളികഴിഞ്ഞ് തല തുവർതാതെ വീട്ടിൽ വന്ന്
അമ്മയെക്കൊണ്ട് ചീത്തയും പറയിച്ച് തലതുവർത്തിക്കാൻ ....!
.
അമ്മ ഉണ്ടാക്കിവെച്ചിട്ടും പ്രഭാത ഭക്ഷണം കഴിക്കാതെ അമ്മയുടെ
കയ്യിൽനിന്നും പൈസയും വാങ്ങി കൂട്ടുകാരോടൊത് പുറത്തുപോകാൻ ...!
.
നേരം നന്നേ വൈകിയിട്ടും പ്രണയിനിയെ കാത്ത്
പ്രതീക്ഷയോടെ വഴിയരുകിൽ ഒളിച്ചു നിൽക്കാൻ ...!
.
ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങി നടക്കാൻ ...!
.
ഇഷ്ടമില്ലാത്ത വിഷയങ്ങളുടെ / അദ്ധ്യാപകരുടെ ക്ലാസ്സിലിരുന്ന്
കൂട്ടുകാരെ ശല്യപ്പെടുത്താൻ ...!
.
സമരത്തിനിടയ്ക്ക് എതിരാളിക്ക് നേരെ ഒളിച്ചിരുന്ന് കല്ലെറിയാൻ ...!
.
ക്ലാസ്സ്‌ ചുമരിൽ ആരും കാണാതെ തന്റെയും പ്രനയിനിയുടെയും
പെരെഴുതിവെച്ചു അതിലേക്ക് നോക്കിയിരിക്കാൻ ....!
.
അച്ഛൻ പോകുന്നതും നോക്കി പുറത്തു ചാടാൻ അടുക്കളയിൽ
അമ്മയ്ക്കരികിൽ കാത്തിരിക്കാൻ ...!
.
ആവശ്യങ്ങൾ നേടിയെടുക്കാൻ അനിയതിയെക്കൊണ്ട്
അച്ഛനെ ശുപാർശ ചെയ്യിക്കാൻ ...!
.
അനിയത്തിയുടെ പൈസ മോഷ്ട്ടിക്കാൻ ...!
.
അനിയത്തിയുടെകൂടെ അവളുടെ ഹോസ്റ്റലിൽ പോയി
അവളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ ...!
.
പ്രണയിനിയെയും ബൈകിൽ കയറ്റി കൂട്ടുകാർക്ക് മുന്നിലൂടെ
ചെത്തി നടക്കാൻ ...!
.
കല്ലുവെട്ടാങ്കുഴിയിലോ മോട്ടോർ പുരയിലോ ഒളിച്ചിരുന്ന്
സിഗരറ്റ് വലിക്കാൻ ...!
.
പൂരത്തിനും പെരുന്നാളിനും കൂട്ടുകാർക്കൊപ്പം അൽപ്പം
മദ്യപിച്ച് അർമാദിച്ചു ആനപ്പുറത്തേറാൻ ...!
.
സ്റ്റാർ സിനിമകൾക്ക്‌ റിലീസ് ദിവസം തന്നെ തിക്കിത്തിരക്കി
പോലീസിന്റെ ലാത്തിയടിയും കൊണ്ട് ആദ്യ ഷോ കാണാൻ ...!
.
നട്ടുച്ചയ്ക്ക് മൈദാനത്ത് സൈക്കിൾ ചവിട്ടാൻ ...!
.
ചാറ്റൽ മഴയിൽ തോട്ടുവക്കത്തിരുന്ന് ചൂണ്ടയിട്ടു മീൻ പിടിക്കാൻ ...!
.
മതില് ചാടി രാത്രി പാതിരയ്ക്ക് കാമുകിയുടെ വീട്ടിൽ പോകാൻ ...!
.
പനിച്ചു വിറച്ച് പുതച്ചു മൂടി കിടക്കാൻ ...!
.
കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ചുകൊണ്ട്
തിരയെണ്ണിക്കൊണ്ടിരിക്കാൻ ...!
.
മട്ടുപ്പാവിൽ പാതിരാത്രിയിൽ പൂർണ്ണ ചന്ദ്രനേയും നോക്കി
മലര്ന്നു കിടന്നു സ്വപ്നം കാണാൻ ...!
.
മരംകോച്ചുന്ന തണുപ്പിൽ ഐസ് ക്രീം തിന്നാൻ ...!
.
പെരുമഴയത്ത് ചൂട് ചായയും കുടിച്ച് കുടയുംചൂടി നടക്കാൻ ....!
.
പുതിയ പുസ്തകത്തിന്റെ നടുവിലെ പേജ് മറിച്ചു വെച്ച്
അതിന്റെ പുതുമണം ആസ്വദിക്കാൻ ...!
.
ആഘോഷങ്ങൾക്ക് പുത്തനുടുപ്പിടാൻ ....!
.
കല്യാണത്തിന് ചെറുക്കന്റെ / പെണ്ണിന്റെ കൂടെ നടക്കാൻ ...!
.
അച്ഛന്റെ കുപ്പായമിട്ട് നടക്കാൻ ...!
.
മുത്തശിയുടെ മടിയിൽ കിടന്നുറങ്ങാൻ ....!
.
( ഒടുങ്ങാത്ത ശേഷം മോഹങ്ങൾ ബാക്കിവേക്കാനും ...!!! )
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 24, 2014

മംഗളയാനം ...!!!

മംഗളയാനം ...!!!
.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിൽ കഷ്ടപെടുന്ന ഒരു രാജ്യം അതിന്റെ സമ്പത്ത് പൊതു ജനങ്ങൾക്ക്‌ നേരിട്ട് ഉപകാരപ്രദമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോൾ തീർച്ചയായും അസ്വാരസ്യങ്ങൾ ഉയരുക സ്വാഭാവികം . ഒരുകണക്കിൽ സാധാരണ ഗതിയിൽ ചിന്തിച്ചാൽ അത് ന്യായമെന്നും തോന്നാം ...!
.
എന്നിട്ടും എന്തുകൊണ്ട് നമ്മൾ ചൊവ്വാ ദൌത്യം ഏറ്റെടുത്തു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ. ലോകത്തിലെ വൻ ശക്തികൾ പോലും ഏറ്റെടുക്കാൻ മടിക്കുന്ന ഇത്തരമൊരു ദൌത്യം ഏറ്റെടുക്കുന്നതിലൂടെ അവർക്കുമുന്നിൽ ആളാവുക എന്ന ഒരു സ്വകാര്യ അഹങ്കാരം തീർച്ചയായും ഉണ്ടെങ്കിലും അതിനേക്കാൾ വലിയ കാര്യങ്ങൾ നാം കാണാതെ പോകുന്നു ...!
.
ഏതൊരു വൻ ശക്തി രാജ്യവും അവർ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ മറ്റുള്ളവർക്ക് എളുപ്പത്തിൽ തന്നെ വിൽക്കാൻ എപ്പോഴും ശ്രദ്ധിക്കും . അങ്ങിനെ ചെയ്യുന്നതിലെ താത്കാലിക സാമ്പത്തിക ലാഭം മാത്രമല്ല അവർ ലക്‌ഷ്യം വെക്കുന്നത്, മറിച്ച് അത്തരം ഒരു ഉദ്യമം മറ്റുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ദീർഘകാല ലക്‌ഷ്യം കൂടിയാണ് . അങ്ങിനെ അത്തരം കാര്യങ്ങളിലെ തങ്ങളുടെ മേൽക്കോയ്മ എപ്പോഴും നിലനിർത്താൻ കഴിയും എന്നതും അവർ കണക്കു കൂട്ടുന്നു ...!
.
പുരോഗതിയിലേയ്ക്ക് കുതിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും നേരിടേണ്ടി വരുന്ന വലിയ കടമ്പ ശാസ്ത്ര സാങ്കേതിക രംഗത്തെ അനുഭവവും ലഭ്യതയും തന്നെയാണ് . ഇതിനു വേണ്ടി അവർ മറ്റു രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ അവർക്ക് എളുപ്പത്തിൽ വലിയ മുതൽ മുടക്കില്ലാതെ അത് ലഭ്യമാകുമെങ്കിലും അതിലൂടെ ഒരു വലിയ നഷ്ടം അവരെ എപ്പോഴും കാത്തിരിക്കുന്നുണ്ട് . സ്വയം പര്യാപ്തത ...!
.
ഒരു രാജ്യത്തിൻറെ വളർച്ചയിൽ ഏറ്റവും അത്യാവശ്യമായ വസ്തുതയാണ് സ്വയം പര്യാപ്തത . ഏതൊരു രാജ്യത്തിനാണോ തന്റെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക ആ രാജ്യം മാത്രമായിരിക്കും ഭാവിയിൽ പുരോഗതിയിൽ എത്തുക എന്നതാണ് സത്യം . അല്ലെങ്കിൽ എല്ലായ്പോഴും അവർക്ക് മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടി വരും . അത് ഒരിക്കലും അവരെ വളർത്തുകയെ ഇല്ല....!
.
അടിസ്ഥാന സൌകര്യങ്ങളുടെ വളർച്ചയാണ് പ്രധാനമായും ഒരു രാജ്യത്തിന്റെ നട്ടെല്ല് . അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ഒരിക്കലും ഒരു രാജ്യത്തിനും നിലനിൽപ്പുമില്ല . വലിയ ഫാക്ടരികളുണ്ടാക്കിയിട്ട് അതിന് ആവശ്യമായ വെള്ളവും വൈദ്യുതിയും ഇല്ലെങ്കിൽ അതെങ്ങിനെ പ്രവർത്തിക്കും . അങ്ങോട്ടുള്ള യാത്രയ്ക്ക് നല്ല റോഡില്ലെങ്കിൽ പിന്നെ എന്ത് പ്രയോചനം ...!
.
അടിസ്ഥാന സൗകര്യ വികസനത്തിന്‌ തീർച്ചയായും സാങ്കേതിക വിദ്യയുടെ ലഭ്യതയും അത്യാവശ്യമാണ് . ലളിതമായ മാർഘങ്ങൾ കണ്ടെത്തുന്നത് പ്രവർത്തനങ്ങളെ വേഗത്തിലും എളുപ്പത്തിലും ആക്കാൻ വളരെ സഹായിക്കും . ഒരു രംഗത്ത് കൈവരിക്കുന്ന നേട്ടം അങ്ങിനെ സത്യത്തിൽ അതിൽ മാത്രം ഒതുങ്ങാതെ മറ്റുള്ള നേട്ടങ്ങൾക്ക്‌ മാർഗ്ഗവും ശക്തിയും പ്രചോദനവും ആയി തീരുന്നു ...!
.
എല്ലാറ്റിനെയും നെഗറ്റീവ് ആയി കാണുന്നതിന് പകരം ഈ ചരിത്ര നേട്ടം നല്ലതിലേയ്ക്കും പുരോഗതിയിലേയ്ക്കും ഉള്ള കാൽവെയ്പ്പായി കാണുവാനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ പിന്തുണയ്ക്കാനും ഈ അവസരം നമ്മൾ പ്രയോചനപ്പെടുത്തണം ഇപ്പോൾ . ഈ നേട്ടം ഇതിൽ മാത്രം ഒതുങ്ങാതെ ഇതൊരു ശക്തിയായി കരുതി ആത്മ വിശ്വാസത്തോടെ മുന്നേറാൻ നമുക്കൊരൊരുത്തർക്കും കഴിയുകയും വേണം . അതിലെയ്ക്കാകട്ടെ നമ്മുടെ ശ്രദ്ധ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 17, 2014

പാഞ്ചാലി ...!!!

പാഞ്ചാലി ...!!!
.
പാഞ്ചാലി ... അങ്ങിനെ അവൾ ആ കുട്ടിയെ അഭിസംഭോധന ചെയ്തതിൽ ഞാൻ സംതൃപ്തനല്ലായിരുന്നു ഒരിക്കലും . പക്ഷെ എന്നെ കൂട്ടാക്കാതെ അവൾ അങ്ങിനെ തന്നെയാണ് തുടർന്ന സംഭാഷണത്തിൽ ആ കുട്ടിയെ പ്രദിപാദിച്ചുകൊണ്ടേയിരുന്നത്. എന്നിലത്ത് ആലോസരമോന്നും ഉണ്ടാക്കാൻ മാത്രം ആ കുട്ടി എനിക്കാരും അല്ലാതിരുന്നതിനാൽ ഞാൻ മൌനം പൂണ്ട് സംസാരം ശ്രദ്ധിച്ചു ...!
.
എന്തിനാണ് അവൾ ആ കുട്ടിയെക്കുറിച്ച് അങ്ങിനെ പറഞ്ഞു തുടങ്ങിയത് എന്നെനിക്കറിയില്ല . അവൾക്കും ആ കുട്ടി അവളുടെ ആരെങ്കിലുമായിരുന്നു എന്നെനിക്കറിയില്ല. അവളുടെ ഏതോ സുഹൃത്ത്‌ പറഞ്ഞ അറിവുമാത്രമാണ് അവൾക്കും ആ കുട്ടിയെക്കുറിച്ച് ഉണ്ടായിരുന്നത് . എന്നിട്ടും അവൾ ആ കുട്ടിയെക്കുറിച്ച് വല്ലാതെ വാചാലയായി . അവൾ വെറുതേ എന്തെങ്കിലും പറയുന്നതിലല്ല, മറിച്ച് അൽപം അകാരണമായും ആ കുട്ടിയെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നിരുന്നതിൽ ഞാൻ അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നു അപ്പോൾ ...!
.
ആ കുട്ടിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവൾ എപ്പോഴും ആഹ്ലാദത്തോടെയും ആഡംബരത്തോടെയുമാണ് ജീവിക്കുന്നതെന്നും അവൾ അസൂയയോടെ പറഞ്ഞപ്പോൾ ഞാൻ അതിശയപ്പെട്ടില്ല തന്നെ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആ കുട്ടി സമൂഹത്തിലെ ഉന്നതനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചത് . സ്നേഹിക്കാനും പ്രണയിക്കാനും കഴിവുള്ള അയാളുമായി നല്ല ബന്ധത്തിൽ തന്നെയാണ് ആ കുട്ടി അപ്പോഴും . അയാളോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ ആ കുട്ടി മറ്റു പലരുമായും കിടക്ക പങ്കിടുന്നു എന്നാണ് അവളുടെ ആരോപണം ...!
.
അത് മാത്രമല്ലാതെ ആ കുട്ടി എസ്കോർട്ട് പോകാറുണ്ടെന്നും കൂടാതെ ആ കുട്ടിയുടെ കൂട്ടുകാരികളെ ആ കുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും ഏർപ്പാടാക്കി കൊടുക്കാറുണ്ടെന്നും പാർട്ടികളിൽ ആ കുട്ടി മയക്കുമരുന്നുകൾ പോലും ഉപയോഗിക്കാറുണ്ടെന്നും അവൾ പറഞ്ഞു . ...!
.
എങ്കിലും മോശമായി പെരുമാറുന്നവരെ പൊതുവെ നാട്ടിൽ വേശ്യയെന്നാണ് വിളിക്കാറുള്ളത് . ഇവിടെയാകട്ടെ അവൾ അങ്ങിനെ പറയുന്നതിന് പകരം പാഞ്ചാലി എന്ന് വിളിച്ചത് എന്തുകൊണ്ടാകാം എന്ന് എനിക്ക് മനസ്സിലായെ ഇല്ല . പാഞ്ചാലിക്ക് ഒരേ സമയം അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നതിനാലാകാം എന്ന് കരുതുമ്പോഴും പക്ഷെ പാഞ്ചാലി ഒരിക്കലും ഒരേ സമയം അവരോടൊത്ത് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പിന്നെ എങ്ങിനെ എന്നത് എന്നെ കുഴക്കുക തന്നെ ചെയ്തു ....!
.
പിന്നെയും ആ കുട്ടിയെ അവൾ പാഞ്ചാലി എന്ന് തന്നെ സംഭോധന ചെയ്തപ്പോൾ ഞാൻ എന്റെ എതിർപ്പ് പ്രകടിപ്പിക്കുക തന്നെ ചെയ്തു . എന്റെ നീരസം തിരിച്ചറിഞ്ഞ അവൾ എന്റെ മുഖത്തടിച്ചു ചോദിച്ചത് ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി കിടക്ക പങ്കിടുന്ന അവളെ പിന്നെ എന്ത് വിളിക്കണമെന്നാണ് . ആ വാക്കുകളിൽ ഞാൻ അത്ഭുത പ്പെടുകയാണ് ആദ്യം ചെയ്തത് കാരണം ആ കുട്ടിയെ അവൾ അങ്ങിനെ വിളിക്കുമ്പോൾ എനിക്ക് വേണമങ്കിൽ ഞാനുമായി പോലും കിടക്ക പങ്കിടാൻ തയ്യാറുള്ള ഇവളെ ഞാൻ എന്ത് വിളിക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 15, 2014

ഉത്രാട രാത്രിയിൽ .....!!!

ഉത്രാട രാത്രിയിൽ .....!!!
.
ഓണം എല്ലാ മലയാളികളെയും പോലെ എന്റെയും ഗൃഹാതുരമായ ഓർമ്മകൾ തന്നെ . ഒരു സാദാ മലയാളി എന്ന നിലയ്ക്ക് , പഴഞ്ചനും നിലവാരമില്ലാതതുമായ ഇത്തരം ഓർമ്മകളെ ഞാനും മുറുകെ പിടിക്കുന്നു . ചന്ദ്രനിൽ പോയി ജീവിക്കാൻ തുടങ്ങിയാലും ഞാൻ ഒരു മലയാളി തന്നെയാണല്ലോ എന്നും . അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു ...!
.
തിരുവോണത്തേക്കാൾ എനിക്കേറെ ഇഷ്ടം എന്നും ഉത്രാടമായിരുന്നു . അത്തം മുതൽ തുടങ്ങുന്ന ഒരുക്കങ്ങൾക്ക് ശേഷം എല്ലാം ഒത്തു തികഞ്ഞ ഒരേ ഒരു ദിവസം . അതാണ്‌ ഉത്രാടം എനിക്കെന്നും . പുതിയ വസ്ത്രങ്ങൾ പുതിയ വസ്തുക്കൾ പുതുമയോടെ വീട് , വീട്ടിൽ നിറയെ സാധനങ്ങൾ ...!
.
വഴക്കു കേൾക്കാതെ ഇഷ്ടം പോലെ കളിക്കാൻ അവധിയുമായി കൂട്ടുകാർ . അകലങ്ങളിൽ നിന്നും നിറയെ സമ്മാനങ്ങളുമായി എത്തുന്ന ബന്ധുക്കൾ . പുതിയ കളികളും കലാപരിപാടികളുമായി നാട്ടിലെ ക്ലബ്ബുകൾ . പുതിയ അവസരങ്ങളുമായി നാടും വീടും ...!
.
ഉത്രാടത്തിനാണ് എല്ലാം ഒന്നായി തീരുന്നത് . പ്രത്യേകിച്ചും ഉത്രാട രാത്രിയിൽ . അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കും . എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കും . എല്ലാവരും എത്തിയിരിക്കും . സമൃദ്ധിയുടെ സന്തോഷത്തിന്റെ പൂർണ്ണതയുടെ ദിനം ...!
.
അന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. തിരുവോണത്തിന് ഊണ് കഴിഞ്ഞാൽ എല്ലാവരും യാത്രയാവുകയായി . എല്ലാം ഒഴിയുകയുമായി . ഇനി അടുത്ത ഓണത്തിന് കാണാമെന്ന വാഗ്ദാനത്തോടെ . പിന്നെ നിഷബ്ധദ . അതിനു ശേഷം സ്മരണകളിൽ മുഴുകി പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌ . അതുകൊണ്ട് തന്നെ ഐശ്വര്യപ്രദമായ തിരുവോണത്തേക്കാൾ പൂർണ്ണതയുടെ ഉത്രാടത്തെ ഞാൻ എന്നും സ്നേഹിക്കുന്നു , ആദരിക്കുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, September 11, 2014

കുട്ടികളുടെ വരുമാന ശാസ്ത്രം ....!!!

കുട്ടികളുടെ വരുമാന ശാസ്ത്രം ....!!!
.
ധനം എന്നതിനേക്കാൾ പണം എന്നത് വ്യക്തി ജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും ഏറ്റവും അത്യാവശ്യ വസ്തു തന്നെയാണ് . മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പണമില്ലെങ്കിൽ ജീവിതം തന്നെയില്ല എന്ന അവസ്തയിലെക്കുമാണ് ഇന്ന് ലോകം മുന്നേറുന്നതും . അതുകൊണ്ട് തന്നെ ഏതൊരു മനുഷ്യനും പണമുണ്ടാക്കാനുള്ള വ്യഗ്രതയിലും അതിനുള്ള മരണപ്പാച്ചിലിലും തന്നെയാണ് ഇന്നത്തെ ലോകത്തിൽ .മൂല്യങ്ങളും ആദർശങ്ങളും മാറ്റിവെച്ച് എങ്ങിനെയും പണമുണ്ടാക്കുക എന്നത് മാത്രമാകുന്നു ഇന്ന് പലരുടെയും ലക്‌ഷ്യം ....!
.
പണത്തിന്റെ ആവശ്യം എല്ലാവർക്കുമുണ്ട് . കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം എല്ലാം . കുട്ടികളുടെ ആവശ്യം ചെറുതാകുമ്പോൾ വലിയവരുടെതിന് അതിരുകളില്ലാതാകുന്നു .ചെറുതാണെങ്കിലും കുട്ടികളുടെ ആവശ്യങ്ങളും മുതിർന്നവർ ഏറ്റെടുത്ത് നടത്തിക്കൊടുക്കുക തന്നെയാണ് സാധാരണയിൽ നടന്നു വരുന്നത് ...!
.
എന്നാൽ ചിലപ്പോഴൊക്കെ കുട്ടികളുടെ ആവശ്യങ്ങൾ അതിരുവിടുകയും മുതിർന്നവർക്ക് അത് നടത്തിക്കൊടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നിടത്ത് പ്രശ്നങ്ങൾ ആരംഭിക്കുന്നു. ആവശ്യങ്ങൾ ന്യായമെന്ന് മുതിർന്നവരോട് അവതരിപ്പിക്കാനുള്ള സങ്കോചം . അല്ലെങ്കിൽ അത് ന്യായമല്ലെന്ന് സ്വയം തിരിച്ചറിയാനുള്ള പക്വതയില്ലായ്മ തുടങ്ങിയവയൊക്കെ കുട്ടികളെ അത്തരം ആവശ്യങ്ങൾ സ്വയം നടത്തിയെടുക്കാൻ പലപ്പോഴും തയ്യാറെടുപ്പിക്കുന്നു ....!
.
ഇവിടെ തീർച്ചയായും കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിക്കേണ്ടിയും വരുന്നു . പൊതുവിൽ ആണ്‍കുട്ടികൾക്കാണ് പൈസയ്ക്ക് ആവശ്യം കൂടുതലെന്നാണ് ധാരണ . അത് ഒരളവു വരെ ശരിയാണെങ്കിലും ആണ്‍കുട്ടികൾ പൊതുവെ ഒരളവുവരെ പരിമിതികൾക്കുള്ളിൽ നിൽക്കാൻ തയ്യാരുളളവരാണ് . അല്ലെങ്കിൽ അവർക്കുള്ള ആവശ്യങ്ങൾ ഒരു പരിധിവരെ അവരുടെ സുഹൃത്തുക്കൾ മുഖേനയോ മറ്റ് നിരുപദ്രവമായ മാർഘങ്ങളിലൂടെയോ നടത്തിയെടുക്കാനും സാധിക്കും ...!
.
എന്നാൽ പെണ്‍കുട്ടികൾ പലപ്പോഴും അങ്ങിനെയല്ല. പ്രത്യേകിച്ചും ഈ പുതിയ കാലഘട്ടത്തിൽ . അവരുടെ ആവശ്യങ്ങൾക്ക് മുൻപിൽ ഒരു വിധ പരിമിതപ്പെടുതലുകൾക്കും അവർ തയ്യാറല്ല . ആവശ്യങ്ങള അനുവദിച്ചു കിട്ടുന്നില്ലെങ്കിൽ അത് നടത്തിയെടുക്കാൻ പറ്റുന്ന മാർഗ്ഗങ്ങൾ തേടാൻ വരെ അവർ ഇപ്പോൾ തയ്യാറാകുന്നു . അതിലെ വരും വരായ്കകളെ കുറിച്ചോ അതിന്റെ പ്രശ്നങ്ങളെ കുറിച്ചോ അവർക്ക് ചിന്തിക്കുവാൻ കൂടി താത്പര്യമില്ല എന്നതാണ് വേദനാജനകമായ സത്യം ...!
.
കൂട്ടുകാർക്കൊപ്പമെത്താൻ അവരെ പോലെയാകാൻ അല്ലെങ്കിൽ സമൂഹത്തിലെ ഇന്നത്തെ ലോകത്തിനൊപ്പം മുന്നേറാൻ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് സ്വാഭാവികം . എന്നാൽ അത് നടത്തിക്കൊടുക്കാൻ നിത്യ ജോലിക്കാരോ ഇടത്തരക്കാരോ ആയ മാതാപിതാക്കൾക്ക് കഴിയില്ലെങ്കിൽ ആ ആഗ്രഹങ്ങൾ ഉപേക്ഷിക്കാനല്ല മറിച്ച് എങ്ങിനെയും അവ നടത്തിയെടുക്കാനാണ് ഇന്നത്തെ കുട്ടികൾ ശ്രമിക്കുന്നത് ...!
.
ഇത്തരം അവസ്ഥകൾ കൂടുതലായും കാണപ്പെടുന്നത് പ്രൊഫെഷണൽ കോഴസുകൾ ചെയ്യുന്ന സാധാരണയോ അതിൽ താഴെയോ വരുമാനമുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളിലാണ് . മറ്റുള്ളവരെ അനുകരിക്കാനുള്ള ആഗ്രഹം . സ്വന്തം മോഹങ്ങൾ നഷ്ട്ടപെടുതാതിരിക്കാനുള്ള വാശി . പെണ്‍കുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹത്തേക്കാൾ ഇതൊക്കെയും കൂടിയാകുമ്പോൾ മറ്റുള്ളതൊന്നും അവർക്ക് പ്രശ്നമാല്ലാതാകുന്നു . എന്തിന്, ബന്ധങ്ങൾ പോലും ....!
.
പെണ്‍കുട്ടികൾക്ക് പണമുണ്ടാക്കാനുള്ള എളുപ്പമാർഗ്ഗങ്ങളിലേക്ക് അവർ കടന്നെത്തുന്നത് യാദൃശ്ചിക മായിട്ടൊന്നുമല്ല. ചതിക്കപെടുന്നവർ , മറ്റുള്ളവരുടെ പ്രേരണയോ നിർബന്ധമോ കൊണ്ട് വരുന്നവർ ഒക്കെ ഉണ്ടാകാമെങ്കിലും ഒട്ടുമിക്കവരും പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നത്‌ അറിഞ്ഞുകൊണ്ട് തന്നെയാണ് . സിനിമ, ടിവി , മോഡെലിംഗ് തുടങ്ങി ഗ്ലാമർ ലോകമടക്കം വ്യഭിചാരവും കൂട്ടിക്കൊടുപ്പും കൂട്ടുപോകലും രഹസ്യങ്ങൾ ചോർത്തലും കള്ളക്കടത്തിനു കൂട്ടുനിൽക്കൽവരെ എന്തെല്ലാം മാർഗ്ഗങ്ങൾ ....!
.
അവനവന്റെ സാഹചര്യങ്ങളിൽ നിന്നും മാറ്റി അവനവന്റെ സൌകര്യങ്ങളിൽ നിൽപ്പിക്കാതെ വലിയ വലിയ മോഹങ്ങളിലെക്കും പ്രതീക്ഷകളിലെക്കും മക്കളെ കൈപിടിച്ചാനയിക്കുമ്പോഴും ഓരോ മാതാപിതാക്കളും ഓർക്കുക , തനിക്കതിന് കഴിയുമോ എന്ന് . അല്ലെങ്കിൽ മൊഹങ്ങൾക്കൊപ്പം നഷ്ട്ടപ്പെടുന്നത് മക്കളുടെയും തങ്ങളുടെ തന്നെയും ജീവിതവുമായിരിക്കും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 10, 2014

ഉറങ്ങുന്ന അമ്മമാർ ....!!!

ഉറങ്ങുന്ന അമ്മമാർ ....!!!
.
ഔദ്യോഗിക യാത്രയിലായിരുന്നതിനാൽ അക്കുറി റിസൾട്ട്ഡേയുടെ അന്ന് കുട്ടികളുടെ കൂടെ അവരുടെ വിദ്ധ്യാലയത്തിൽ പോകാൻ കഴിയാത്തതിനാൽ യാത്ര മറ്റൊരു ദിവസമാക്കി . ഭാര്യ അവിടെത്തന്നെ അദ്ധ്യാപികയാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഞാൻ തന്നെ അവരുടെ കൂടെ പോകണമെന്ന് നിർബന്ധമാണ്‌ . അഭിമാനത്തോടെ അച്ഛന്റെ കൂടെ പൊകാമെന്നതിനേക്കാൾ അമ്മയുടെ വിലക്കുകളില്ലാതെ അച്ഛനെക്കൊണ്ട് ഇഷ്ട്ടമുള്ളതെല്ലാം വാങ്ങിപ്പിക്കാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നുമാണല്ലോ അത് ...!
.
ഞാൻ വിദ്ധ്യാലയത്തിൽ എത്തി കുട്ടികളെ കണ്ട് അവരുടെ അദ്ധ്യാപകർക്കുവേണ്ടി പ്രധാനാദ്ധ്യാപകന്റെ മുറിക്ക് പുറത്ത് കാത്തിരിക്കെ അവിടെയ്ക്ക് രണ്ടു മൂന്ന് കുട്ടികളെയും ഉറക്കെ ശകാരിച്ചുകൊണ്ട് ഒരു അദ്ധ്യാപിക കടന്നെത്തി . അവരെ ഉറക്കെ ശകാരിക്കുമ്പോഴും അവരുടെ മുഖത്ത് ദേഷ്യത്തേക്കാൾ എന്തുകൊണ്ടോ ഞാൻ അപ്പോൾ കണ്ടത് സങ്കടവും സഹതാപവും ആയിരുന്നു ...!
.
ഉറക്കെയുള്ള അവരുടെ സംസാരം എനിക്ക് പുറത്തുനിന്നു പോലും വ്യക്തമായി കേൾക്കാമായിരുന്നു . കുട്ടികളിൽ ഒരാൾ മറ്റൊരു കുട്ടിയുടെ പൈസ മോഷ്ടിച്ചു എന്നതാണ് പ്രശ്നം . എടുത്ത കുട്ടി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു . കേട്ടപ്പോൾ ഒരു സാധാരണ സംഭവമായി എനിക്ക് തോന്നിയെങ്കിലും തുടർന്നുള്ള ആ അദ്ധ്യാപികയുടെ വിശദീകരണം എന്നെ സ്ഥബ്ധനാക്കിക്കളഞ്ഞു ....!
.
ആ കുട്ടി വിശപ്പ്‌ സഹിക്കാതെ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് ആ പൈസ മോഷ്ടിച്ചതത്രേ . നാല് മക്കളിൽ ഇളയവനായ അവന്റെ അമ്മ എന്നും അവർ സ്കൂളിൽ വരുമ്പോൾ ഉറങ്ങുകയായിരിക്കുമെന്നും അവർക്ക് ഭക്ഷണം ഒന്നും എടുത്തു കൊടുക്കാറില്ലെന്നും ആണ് ആ കുട്ടി പറഞ്ഞതത്രേ. എന്നും മൂത്ത കുട്ടികളാണ് അവന്റെയും ആഹാരം എടുത്തു കൊടുക്കാറുള്ളത് . എന്നാൽ അന്ന് അവർ നേരത്തെ പോയതിനാൽ ഈ കുട്ടിക്ക് ഒന്നും കിട്ടിയില്ല . കാലത്തും ഒന്നും കഴിക്കാതതിനാൽ വിശപ്പ്‌ സഹിക്കാനാകാതെ ഒടുവിൽ ആ കുട്ടി കണ്ട എളുപ്പ മാർഗ്ഗമാണ് അത് ... !
.
ആ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിക്കുക തന്നെ ചെയ്തു . അപ്പോൾ തന്നെ എനിക്കെന്റെ മക്കളെ കാണണമെന്നാണ് തോന്നിയത് . അവിടെ നിന്നും എഴുന്നേറ്റ് അവരുടെ ക്ലാസ്സിലേയ്ക്ക് നടക്കുമ്പോൾ മറ്റൊരു കുട്ടിയുമായി ഒരു അദ്ധ്യാപിക വരുന്നത് കണ്ടു . ആ കുട്ടി അതിന്റെ രണ്ടു ചെവികളും പൊത്തിപ്പിടിച്ചുകൊണ്ട് ഉറക്കെ കരയുന്നുമുണ്ടായിരുന്നു ....!
.
വരുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു അദ്ധ്യാപിക അവരോട് കാരണം തിരക്കിയപ്പോൾ അവർ പറയാൻ തുടങ്ങിയത് എനിക്ക് സഹിക്കാനെ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു ദിവസമായി ആ കുട്ടി ഭയങ്കര മായ ചെവി വേദനയുമായി കരയുകയാണ് . സ്കൂളിൽ നിന്നും കൊടുക്കുന്ന പ്രാഥമിക വൈദ്യ സഹായമല്ലാതെ ആ കുട്ടിയെ അതുവരെയും വിദഗ്ദ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ അതിന്റെ അച്ഛനോ അമ്മയോ തയ്യാറായിട്ടില്ല . ....!
.
വീട്ടിലെത്തിയാൽ കരഞ്ഞ് തളർന്നുറങ്ങുന്ന ആ കുട്ടിയോട് അതിന്റെ അമ്മ പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് . സ്കൂൾ അധികൃധർ വിളിക്കുമ്പോൾ അവന്റെ അച്ഛനും പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് . ഇതുവരെയും ആ നാളെ ആയിട്ടില്ലെന്ന് മാത്രം. എന്നാൽ വയ്യെങ്കിൽ ക്ലാസ്സിലേക്ക് വരാതിരുന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറയുകയാണത്രേ , വീട്ടിലിരുന്നാൽ അത് അമ്മയ്ക്ക് ശല്ല്യമാണെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, September 7, 2014

ഉത്സവങ്ങളുടെ ആഘോഷം ...!!!

ഉത്സവങ്ങളുടെ ആഘോഷം ...!!!
.
ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് എല്ലായ്പോഴും . അത് നിത്യ ജീവിതത്തിലെ കുഞ്ഞുസംഭവങ്ങളായാലും വലിയ ഉത്സവങ്ങൾ അയാലും ഒരുപോലെ തന്നെ . ആഘോഷങ്ങൾ സാമൂഹികമായ ഒത്തു ചേരലുകൾക്കുള്ള അസുലഭമായ പൊതുവേദിയാണ് എന്നതുപോലെതന്നെ തന്റെയും തന്നോട് കൂടെയുള്ളവരുടെയും സന്തോഷത്തിന് വേണ്ടി കൂടിയുമാണ്‌ എല്ലായ്പോഴും ...!
.
ഏതൊരു സംഭവവും വലുതാക്കി കാണിക്കുകയും അതിനെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് ഏതൊരു മലയാളിയുടെയും പതിവ് രീതി തന്നെ. അവനവന്റെ കയ്യിലില്ലെങ്കിലും കടം വാങ്ങിയും പണയം വെച്ചും പൊങ്ങച്ചം കാണിക്കാനുള്ള ത്വര എന്റെയും കൂടെയുള്ളത് തന്നെ. ചിലപ്പോഴെല്ലാം ആഘോഷങ്ങളും നമ്മിൽ ചിലർക്ക് അങ്ങിനെയുമാണ്‌ എന്നതാണ് യാഥാർത്ഥ്യവും ....!
.
വീട്ടിലെ നിത്യ സംഭവങ്ങൾ തൊട്ട് വലിയ വലിയ കാര്യങ്ങൾ വരെ ആഘോഷമാക്കി മാറ്റുമ്പോൾ നാം അറിയാതെ പോകുന്ന ചിലതുണ്ട് . ഇത്തരം ആഘോഷങ്ങളൊക്കെ നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ചവിട്ടു പടികൾ കൂടിയാണ് എന്ന് . എന്തിലും ഏതിലും കുറ്റവും കുറവും കണ്ടു പിടിക്കുന്ന നമ്മൾ മലയാളികൾ എല്ലാ ആഘോഷങ്ങളേയും നിശിതമായി വിമർശിക്കുമെങ്കിലും ഇതൊക്കെയും ജീവിതത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതം തന്നെ ...!
.
ഓരോ ആഘോഷങ്ങളും അതുവരെയുള്ള നമ്മുടെ മനസ്സിലെ തിന്മകളെ നശിപ്പിക്കുവാൻ വേണ്ടിയും സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുവാൻ വേണ്ടി കൂടിയും തന്നെയാണ് അവതരിക്കപ്പെട്ടിട്ടുള്ളത് . സ്വന്തം മനസ്സിലും മറ്റുള്ളവരിലും പോസിറ്റീവ് ഊര്ജ്ജം സമാഹരിക്കപ്പെടാൻ ഇത് ഇടയാക്കുകയും ചെയ്യുന്നു ....!
.
സമൂഹത്തിലെ നന്മകളെ പോലെ തന്നെ തിന്മകളും ഇവിടെ ഉള്ളത് തന്നെ. എല്ലാറ്റിലും എന്നപോലെ ആഘോഷങ്ങളെയും അവരവരുടെ വ്യക്തി താത്പര്യങ്ങൾക്കും പ്രതികാരത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു ചെറിയ വിഭാഗം നമുക്കിടയിലും ഉണ്ട് . അങ്ങിനെ വരുമ്പോൾ ആഘോഷങ്ങളും അവയുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വിരുദ്ധമായ ഫലം പ്രദാനം ചെയ്യപ്പെടും . അങ്ങിനെയുള്ളവരെ തിരിച്ചറിയാനും മാറ്റി നിർത്താനും കഴിയുന്നിടത്താണ് സാമൂഹികമായി നമ്മളും വിജയിക്കുന്നത് ...!
.
വലിയ ആഘോഷങ്ങളുടെ ഭാഗമാകുമ്പോഴും നമ്മൾ നമ്മളെ മറക്കാതിരിക്കുകയും നമ്മുടെ സാമ്പത്തിക സ്ഥിതി ഓർക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രാധാന്ന്യമുള്ള വസ്തുത . കൊച്ചു കൊച്ചു കാര്യങ്ങൾക്കു കൂടി ആഘോഷങ്ങൾ സഘടിപ്പിക്കുമ്പോഴും അത് അവനവന് സാധ്യമാകുന്ന തരത്തിൽ മാത്രമാകുവാൻ സാധിച്ചാൽ ആ ആഘോഷവും അതുകൊണ്ട് ഉദ്ദേശിക്കുന്ന നന്മയും സന്തോഷവും എല്ലാ കാലത്തേയ്ക്കും നിലനിൽക്കുകതന്നെ ചെയ്യും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 1, 2014

അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!

അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!
.
മനുഷ്യൻ സമൂഹ ജീവിയായി ജീവിക്കുന്നിടത്തോളം കാലം അവനവനെ പോലെ തന്നെ പ്രധാനമാണ് ഓരോരുത്തർക്കും അവരുടെ അയൽപക്കങ്ങളും . അവനവന്റെ സ്ഥിരത സ്വസ്ഥത സമാധാനം തുടങ്ങി നിത്യ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പലതും നമ്മൾ അറിയാതെ തന്നെ നമ്മുടെ അയൽപ്പക്കങ്ങളുമായി ശക്തമായ തുടർ ബന്ധം പുലർത്തി പോരുന്നുണ്ട് എല്ലായ്പ്പോഴും ...!
.
കൊടുക്കുകയും വാങ്ങുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നത് ഓരോ സമൂഹ ജീവിയുടെയും ധർമ്മമാണ് . സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യുക എന്നത് നിത്യ സംഭവങ്ങളും . അകലെയുള്ള ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രുവാണ് നല്ലതെന്ന് പഴമൊഴി പോലും പ്രസക്തമാണ് കൊടുക്കൽ വാങ്ങലുകൾ ഒന്നും നടക്കുന്നില്ലെങ്കിലും നല്ലൊരു അയൽക്കാർ ഉണ്ടാകുന്നത് തന്നെ സന്തോഷ പ്രദവുമാണ് ...!
.
സ്നേഹിക്കാനും കൂട്ടുകൂടാനും പരസ്പരം സന്തോഷവും ദുഖവും പങ്കുവെക്കാനും നമുക്ക് നല്ല അയൽക്കാർ കൂടിയേ തീരു . വീട്ടിൽ ഒരത്യാവശ്യം വന്നാൽ ആദ്യം ഓടിയെത്താൻ അയൽക്കാർ തന്നെയേ ഉണ്ടാകൂ എന്നത് ഒരു യാഥാർത്ഥ്യം മാത്രം . വിശ്വസിച്ച് മക്കളെയോ വൃദ്ധരായ മാതാപിതാക്കളെയോ കുറച്ചു സമയത്തേക്ക് ഏൽപ്പിച്ച് അത്യാവശ്യത്തിന് പുറത്തുപോകേണ്ടി വരണമെങ്കിൽ അങ്ങിനെ ഒരു അയൽപ്പക്കം ഉണ്ടായേ പറ്റു ....!
.
അഭിമാനിക്കാനും മേനി പറയാനും കൂടിയാണ് പലപ്പോഴും നമുക്ക് അയൽക്കാർ . നമ്മെ കുറിച്ച് പറയാനും അവരെ കുറിച്ച് മറ്റുള്ളവരോട് പറയാനും നമുക്ക് നല്ലൊരു അയൽക്കാർ കൂടിയേ തീരു. പുറത്തിറങ്ങുമ്പോൾ പുഞ്ചിരിയോടെ എതിരേൽക്കാൻ , തിരിച്ചു വരുമ്പോൾ കുശലം തിരക്കാൻ അത്യാവശ്യത്തിനു ഓടിപ്പോകുമ്പോൾ വീട്ടിലേയ്ക്കൊന്നു നോക്കണേ എന്ന് വിളിച്ചു പറയാൻ ഒക്കെയും നല്ല അയൽപ്പക്കങ്ങൽ അത്യന്താപേക്ഷിതംതന്നെ....!
.
ഒരു സാധാരണ മനുഷ്യന്റെ കുഞ്ഞു വീടായാലും ഗ്രാമങ്ങളായാലും എന്തിന് , രാജ്യങ്ങൾ തന്നെയായാലും ഇതൊക്കെയും സാമാന്യം തന്നെ . ഒരു വ്യക്തിയെക്കാളും കുഞ്ഞു സമൂഹങ്ങളെക്കാളും ഇത് വളരെയധികം പ്രാധാന്യമർഹിക്കുന്നത് രജ്യങ്ങൾക്കാണെന്ന് മാത്രം. ....!
.
ഒരു രാജ്യമാകുമ്പോൾ അതിന്റെ സ്ഥിരത, സമ്പത്ത് വ്യവസ്ഥ , സമാധാനം , സാമൂഹിക വളർച്ച തുടങ്ങിയവയൊക്കെയും അയൽപ്പക്കങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആക്രമിക്കാൻ വരുന്ന അയൽക്കാരനെ ഭീതിയോടെ നേരിടാൻ ആയുധങ്ങൾ കുന്നുകൂട്ടുംപോഴും , ദുരിതത്തിൽ പെട്ടുഴലുന്ന അവർക്ക് സഹായമെത്തിച്ചു കൊടുക്കേണ്ടി വരുമ്പോഴും നമുക്ക് നഷ്ട്ടങ്ങൾ തന്നെയാണ് സംഭവിക്കുന്നത്‌ . അസ്വസ്ഥത പുകയുന്ന അവിടങ്ങളിൽ നിന്നുള്ള അഭയാർഥി പ്രവാഹം കൂടിയാകുമ്പോൾ തീർച്ചയായും അത് നമ്മുടെ സമ്പത് വ്യവസ്ഥയെ താറുമാറാക്കുക തന്നെ ചെയ്യും ...!
.
നമുക്ക് നമ്മളെ ശ്രദ്ധിക്കേണ്ടതിനേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടിവരുമ്പോൾ നമ്മുടെ കുറച്ച്സമയം മാത്രമല്ല നഷ്ടമാകുന്നത് . വലിയ ഒരളവിൽ സമ്പത്തും, നമ്മുടെ തന്നെ വളർച്ചയെയുമാണ് അത് സാരമായി ബാധിക്കുന്നത് . സാമൂഹികമായ അസ്ഥിരതയ്ക്കും അത് കാരണമാകും . അവരുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും തലയൂരാൻ അവരുടെ അയൽക്കാർക്കെതിരെ തിരിയുന്നതും അയൽക്കാരെ ശത്രുവായി പ്രഖ്യാപിക്കുന്നതും പൊതുവിൽ സാധാരണമാണ് . അങ്ങിനെ വരുമ്പോൾ അത് ഭാവിയിലേക്ക് കൂടി ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നമുക്ക് വരുത്തി വെക്കുക ...!
.
പുകയുന്ന അയൽപ്പക്കങ്ങൾ തീർച്ചയായും നമ്മുടെയും ഉറക്കം കെടുത്തുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ അസ്വസ്ഥത പടരുന്ന അയൽപ്പക്കങ്ങളെ സാന്ത്വനപെടുതേണ്ടതും സഹായിക്കേണ്ടതും അവരുടെ അയൽപ്പക്കങ്ങളുടെയും കടമ തന്നെയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...