Thursday, May 29, 2014

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!
.
വീട് തുടങ്ങുന്നിടത്തുനിന്നും ചന്തയിലേക്ക് പോകുവാൻ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. മൂന്നാമതൊരു വഴി വേണമെങ്കിൽ അടുത്ത വീടിന്റെ അര മതിൽ ചാടിക്കടന്ന് പുതിയൊരു എളുപ്പവഴി ഉണ്ടാക്കാമെങ്കിലും ഇപ്പോൾ ഉള്ള ഈ രണ്ടു വഴികൾ തന്നെ ധരാളമായതിനാൽ, അതിനുള്ള സാഹസം കാണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു അപ്പോൾ....!
.
അതിരാവിലെ സൂര്യനുദിക്കും മുൻപേ ഉണർന്നെണീറ്റ് അരിക്കലത്തിൽ കയ്യിട്ടു നോക്കിയപ്പോഴാണ് ചോറുവെക്കാൻ അരിയില്ലെന്ന് കണ്ടത് . ഉടനെ മുറ്റത്തിറങ്ങി പതിവുപോലെ തെങ്ങിൽ കയറി നാല് തേങ്ങയും ഇട്ട് ചന്തയിലേക്ക് യാത്ര തിരിച്ചു. യാത്ര തിരിക്കും മുൻപ് ആവശ്യം വേണ്ടതെല്ലാം ചിന്തിചെടുക്കുകയും ചെയ്തിരുന്നു. ഇനി അവിടെ ചെല്ലുമ്പോൾ ചിന്തയുടെ കുറവും ഉണ്ടാകരുതല്ലോ ...!
.
തേങ്ങകൾ നാലും നന്നായി കൂട്ടിയും കിഴിച്ചും നോക്കി ഉറപ്പു വരുത്തി . തേങ്ങ നാലെണ്ണം. അതിന്റെ ചിരട്ടകൾ എട്ടെണ്ണം. ( രണ്ടായി പകുക്കുകയാണെങ്കിൽ ) അതിന്റെ ചകിരി നാലെണ്ണം മുഴുവൻ. തേങ്ങയുടെ വെള്ളം ഏകദേശം അര ലിറ്റർ. എല്ലാം കൂടി ഇന്നത്തേക്കും നാളതേയ്ക്കും വേണമെങ്കിൽ മറ്റന്നാളതേയ്ക്കുമുള്ള അന്നത്തിനുള്ള വകയുമുണ്ട് ഇത് ....!
.
ചന്തയിലേക്ക് പോകാൻ രണ്ടു വഴി. വീട് തുടങ്ങുന്നിടത്ത് നിന്നും, ഇടത്തോട്ട് മാറി നീങ്ങി ഒരു വഴിയും, അതിന്റെ വലത്തോട്ട് നീങ്ങി മറ്റൊരു വഴിയും. ഇടത്തെവഴി കിഴക്ക്‌ വശത്തിലൂടെ ആയതിനാൽ, യാത്ര അതിലൂടെ തന്നെയാകാം എന്ന് വെച്ചു . തുടങ്ങാൻ നേരത്തെ ശകുനവും ശുഭം. കയറിട്ട കാളയാണ് മുന്നിൽ ...!
.
വഴി തുടങ്ങി കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ആ വഴിയിൽ മഴ പെയ്യാൻ തുടങ്ങി. കയ്യിൽ ഭദ്രമായി കരുതിയിരുന്ന നാല് തേങ്ങകളും നനയാനും തുടങ്ങി . മഴയിൽ നനഞ്ഞാൽ ഉണക്കാൻ വെയിലില്ലാതതിനാൽ ഉടനെ ആ വഴി ഉപേക്ഷിച്ച് രണ്ടാമത്തെ വഴിയിലൂടെ, ആദ്യ വഴിയിൽ പിന്നിട്ട ദൂരത്തിന്റെ ബാക്കിയിൽ നിന്ന് യാത്ര തുടർന്നു . ആദ്യ വഴിയിലൂടെ ഏകദേശം പകുതിയോളം ദൂരം യാത്ര ചെയ്തിരുന്നതിനാൽ അത്രയും ദൂരം പിന്നെയും യാത്ര വേണ്ടായിരുന്നല്ലോ...!
.
ബാക്കി പകുതി യാത്ര തുടങ്ങിയതും, കയ്യിലെ തേങ്ങകൾ കയ്യിലിരുന്നു തന്നെ മുളയ്ക്കാൻ തുടങ്ങി . മുളച്ചു, വളർന്ന് വളർന്ന് യാത്ര ചന്തയിൽ എത്തിയപ്പോഴേക്കും അവ വലിയ തെങ്ങുകളായി മാറി. രണ്ടു വഴികളും കൂടി ഇരട്ടി ദൂരം യാത്ര ചെയ്ത ക്ഷീണത്തിൽ ചന്തയിൽ എത്തി ഒന്ന് വിശ്രമിച്ച്‌ എഴുന്നേറ്റതും കയ്യിലെ തെങ്ങുകൾ രണ്ടിലും തേങ്ങകൾ നിറയാൻ തുടങ്ങി....!
.
ചന്തയിൽ അപ്പോൾ ആളുകൾ നന്നേ കുറവായിരുന്നു. ഉണ്ടായിരുന്നവർ എല്ലാം വിൽപ്പനയെക്കാൾ വാങ്ങാനുള്ള തിക്കിതിരക്കിലും ആയിരുന്നു. കയ്യിൽ തികയാത്ത കാശിനും കൂടി കടം പറഞ്ഞും പണയം വെച്ചും ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടേയിരുന്നു അപ്പോൾ ...!
.
കയ്യിൽ തേങ്ങ നിറഞ്ഞപ്പോൾ മനസ്സിൽ മറ്റൊരു മോഹമുദിച്ചു . അരിക്ക് പകരം ചോറ് വാങ്ങാമല്ലോ . എങ്കിൽ വീട്ടിലേക്കുള്ള മടക്ക യാത്രയും ലാഭം . വന്ന വഴിയിൽ വെയിലാണെങ്കിൽ പകുതി ഉപേക്ഷിച്ച മറ്റേ വഴിയിൽ തിരിച്ചെത്തി അവിടുന്നങ്ങോട്ട് ബാക്കി ദൂരം യാത്രയും തുടരേണ്ടി വരും. കാരണം എന്റെ വീട്ടിൽ നിന്നും ചന്തയിലേക്ക് രണ്ടു വഴിയുണ്ട് എന്നതുപോലെ തിരിച്ചു ചന്തയിൽ നിന്നും വീട്ടിലേക്കും രണ്ടു വഴികൾത്തന്നെ ഉണ്ടായിരിക്കണമല്ലോ ... !
.
ഒരു വഴി മണ്ണുകൊണ്ടും മറ്റേ വഴി കല്ലുകൊണ്ടും മനോഹരമായി തയ്യാറാക്കിയവയായിരുന്നു ...! വഴിവിളക്കുകളും ദിശാ സൂചികകളും യഥാവിധി ഉണ്ടായിരുന്നു ആ വഴികളിൽ . മണ്ണിട്ട വഴിയിൽ രണ്ടു വശത്തും പൂക്കൾ വെച്ചു പിടിപ്പിച്ചിരുന്നു എങ്കിൽ മറ്റേവഴി അലങ്കരിച്ചിരുന്നത് ഭംഗിയുള്ള ചെറിയ ഫലവൃക്ഷങ്ങൾ കൊണ്ടായിരുന്നു ...!
.
വീട്ടിലേക്ക് അരി വാങ്ങുന്നത് കൊണ്ട് പിന്നെയും ഗുണങ്ങൾ ഉണ്ടെങ്കിലും ചോറ് വാങ്ങുവാൻ തന്നെയായിരുന്നു ഒടുവിൽ തീരുമാനിച്ചത് . ചോറാണ് വാങ്ങുന്നത് എങ്കിൽ കൂട്ടി കഴിക്കാൻ കറികളും കൂടെ കഴിക്കാൻ മധുര പലഹാരങ്ങളും അതും കഴിഞ്ഞ് ഒരു മയക്കതിനുള്ള സമയവും ലഭിക്കുമെന്നതിനാൽ അരിയേക്കാൾ ചോറാണ് നല്ലതെന്ന് ഉറപ്പിച്ചിരുന്നു അപ്പോഴേക്കും ...!
.
ഇക്കുറി തെങ്ങ് നിറയെ തേങ്ങയുണ്ടായിരുന്നതിനാൽ പിശുക്കാതെ തെങ്ങിൽ നിന്നും ആവശ്യത്തിന് തേങ്ങ പറിച്ച് കണക്കു നോക്കാതെ വിറ്റ് ചോറും വാങ്ങി തിരിച്ച് തന്റെ തെങ്ങുകളും കയ്യിലെടുത്ത് മടക്കയാത്ര തുടങ്ങാൻ നേരം വീട്ടിലേക്കുള്ള രണ്ടു വഴികൾ മൂന്നായി തിരിഞ്ഞിരിക്കുന്നു . ഓരോ വഴിയും മറ്റൊന്നിൽ നിന്നും ഉണ്ടായതുപോലെ അല്ലെങ്കിൽ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടി ചേർന്ന് മൂന്നു വഴികളും ഒന്നായ പോലെയും ...!
.
അപ്പോൾ ഇനി ഇതിൽ ഏതു വഴിയിലൂടെ യാത്ര പോയാൽ എന്റെ വീട്ടിലെത്തും, അല്ലെങ്കിൽ തിരിച്ച് ചന്തയിലേക്കും ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ

വായനക്കാരൻ ...!!!

വായനക്കാരൻ ...!!!
.
എഴുത്തുകാരൻ
കഥാപാത്രമായാൽ
വായനക്കാരൻ
ആരാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...