Wednesday, January 7, 2015

പുറകിലേയ്ക്കുള്ള കേൾവികൾ ...!!!

പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത്‌ മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത്‌ മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക്‌ പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക്‌ അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...