Monday, March 27, 2017

എന്റെ സ്വകാര്യ ഇടങ്ങൾ ...!!!

എന്റെ സ്വകാര്യ ഇടങ്ങൾ ...!!!
.
എന്റെ മുറി , എന്റെ ഇടമാണ് ,
നാലുചുവരുകൾക്കുള്ളിൽ
അടച്ചിട്ട് , വാതിലും പൂട്ടി
എന്റെ ഗന്ധം പോലും
പുറത്തേക്കൊഴുകാത്ത
എന്റെ മാത്രം ഇടം ...!
.
ഇവിടെ ഞാൻ
പാട്ടുപാടും , നൃത്തം ചെയ്യും
ഓടിക്കളിക്കും , നഗ്നനായി നടക്കും
ഭക്ഷണം കഴിക്കും , കിടന്നുറങ്ങും
സംഭോഗം ചെയ്യും , സ്വയഭോഗവും ....!
.
ഇവിടെ ഞാനെന്റെ മനസ്സു തുറക്കും
സ്വപ്നം കാണും , സ്വപ്നത്തിൽ കാണും ,
എന്നെയറിഞ്ഞുകൊണ്ട്
ഇവിടേയ്ക്ക് സ്വമനസ്സാലെ
വരാനിഷ്ടപ്പെടുന്നവരെ
ഞാൻ ആനയിച്ചു സ്വീകരിക്കും....!
.
ആരെയും ശല്യപ്പെടുത്താതെ
ആർക്കും ഉപദ്രവമാകാതെ
ഞാൻ സ്വച്ഛന്ദം വിരാജിക്കുന്ന
എന്റെ മാത്രം ലോകം ...!
.
എന്റെയീ സ്വകാര്യതയിലേക്ക്
നിങ്ങളെന്തിന് അനാവശ്യമായി
ഒളിഞ്ഞു നോക്കുന്നു ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 23, 2017

ആരാണ് , എനിക്കു നീ ...???

ആരാണ് , എനിക്കു നീ ...???
.
തന്റെ മൗനങ്ങളിൽ വാചാലതയായും , തന്റെ നിശ്ചലതയിൽ നിഴലായും തന്റെ അപരിചത്വങ്ങളിൽ ആൾക്കൂട്ടമായും അയാൾ എന്നും കടന്നെത്തിയിരുന്നത് തന്റെ അനുവാദത്തോടെതന്നെ ആയിരുന്നല്ലോ . എന്നിട്ടും എന്തിനാണ് താനിപ്പോൾ ഇങ്ങനെയെല്ലാം വ്യാകുലപ്പെടുന്നതെന്ന് തന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്നു. ആ സ്വരമൊന്ന് കേട്ടില്ലെങ്കിൽ , ഒരു വിവരവും അറിഞ്ഞില്ലെങ്കിൽ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുന്ന പോലെ ....!
.
എല്ലാം ഒരു തമാശയാണ് അയാൾക്കെന്ന് എപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട് . എല്ലാം നിസ്സാരം . എല്ലാം ഒരു കളിപോലെ . അങ്ങിനെത്തന്നെയല്ലേ അയാൾ സത്യത്തിൽ . തന്റെ തന്നെയും, മറ്റുള്ളവരുടെയും ജീവിതം കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന ഒരു മാജിക്കുകാരനാണ് അയാളെന്ന് തനിക്കെപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട് . പിന്നെന്തിനാണ് താനിപ്പോൾ പരിതപിക്കുന്നതെന്നും മനസ്സിലാകുന്നുമില്ല ...!
.
എപ്പോഴും കുസൃതികൾ കാട്ടി എപ്പോഴും കളിവാക്കുകൾ പറഞ്ഞുകൊണ്ട് അയാൾ തന്നോടൊപ്പം കൂടിയത് പക്ഷെ തന്റെ ആത്മാവിലേക്ക് തന്നെയായിരുന്നു . ഒരു മുജ്ജന്മ ബന്ധം പോലെ . ആത്മാവിൽ തൊട്ട, മനസ്സിൽ തൊട്ട ഒരു ദിവ്യ ബന്ധം ...! ഇരുട്ടിനെ കരിമ്പടം പുതപ്പിച്ചു മൂടിവെക്കുന്ന , കയ്പ്പിനെ പഞ്ചസാരകൊണ്ട് മറച്ചുവെക്കുന്ന , വേദനകളെല്ലാം സ്വന്തം ഹൃദയത്തിൽനിന്നും ഒരിക്കലും പുറത്തുപോകാതെ ഒരു കുസൃതിചിരികൊണ്ട് കാത്തുവെക്കുന്ന അയാൾ തനിക്കെപ്പോഴും വിളിച്ചാൽ വിളികേൾക്കുന്ന ദൈവം തന്നെയുമല്ലേ ...!
.
തരം കിട്ടുമ്പോഴെല്ലാം ഇരുട്ടിലെ മറവിലേക്ക് വികൃതിയോടെ തന്നെ ചേർത്തുനിർത്താൻ വെമ്പുന്ന അയാളുടെ കൈകളിലമരാൻ താൻ ശരിക്കും കൊതിച്ചിരുന്നില്ലേ . പിന്നെന്തിനാണ് അപ്പോഴൊക്കെയും ഒരു മുഖമൂടിയിലൊളിച്ചു അയാളെ എതിർത്തിരുന്നത് ... ! തന്റെ ദേഹത്ത് വികൃതികാട്ടാൻ വിതുമ്പുന്ന അയാളുടെ കൈവിരലിലൂടെ സഞ്ചരിക്കാൻ താനും കാത്തിരുന്നിട്ടില്ലേ ... പിന്നെന്തിനാണ് താൻ തന്നെത്തന്നെ പറ്റിക്കുന്നത് ... അറിയില്ല, എങ്കിലും ....!
.
അയാൾ തനിക്കൊന്നും വാക്കു തന്നിട്ടില്ല . അയാൾ തന്നെ പറ്റിച്ചിട്ടുമില്ല . അയാൾ തന്നോടൊന്നും ഒളിച്ചിട്ടുമില്ല . എപ്പോഴും ഞാൻ ഞാൻ എന്ന് മാത്രം അഹങ്കാരത്തോടെ പറയുന്ന , ദുർവ്വാശിക്കാരനും താന്തോന്നിയുമായ എല്ലാം അറിഞ്ഞിട്ടും, തന്റെ ശരികളിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന അയാൾ എന്നും അയാളുടെ വ്യക്തിത്വത്തിൽ തന്നെയായിരുന്നില്ലേ നിലനിന്നിരുന്നത് . പിന്നെയും താൻ തന്നെയല്ലേ അയാളെ സംശയിക്കുന്നത് . എപ്പോഴും . താനൊരു ചീത്തമനുഷ്യനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് കൂടെക്കൂടിയ അയാളെ താനല്ലേ ഇപ്പോൾ വ്യവസ്ഥപ്പെടുത്തുന്നത് ...!
.
വാക്കുപാലിക്കാത്ത , സമയനിഷ്ടയില്ലാത്ത , ഒന്നിലും ഒരുറപ്പുമില്ലാത്ത , എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ അയാൾക്കുപോലും അറിയാത്ത , ജീവിതത്തിൽ ഒരിക്കലെങ്കിലും കാണുമോയെന്നുപോലും ഉറപ്പില്ലാത്ത ഒരാൾ . എന്നിട്ടും താനയാളെക്കുറിച്ചു ഇത്രയേറെ ഉത്ക്കണ്ഠപ്പെടുന്നു , ഇത്രയേറെ കൊതിയോടെ കാത്തിരിക്കുന്നു . തനിക്ക് തന്നെതന്നെയല്ലേ തന്നെ മനസ്സിലാകാത്തത് അപ്പോൾ . പക്ഷെ അയാൾ തനിക്കെല്ലാം തന്നെ ആവുകയായിരുന്നു എന്നതാണ് സത്യം . താൻ കൊതിച്ചപോലെ , താൻ സ്വപ്നം കണ്ടപോലെ താൻ ആഗ്രഹിച്ചപോലെ ഒരാൾ . അയാൾ തന്നെയല്ലേ അത് ....!
.
നിന്നെ ഞാൻ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് എന്നിൽ നിരാശയുണ്ടാകുന്നതെന്നും , നിന്നിൽ ഞാൻ ആശ്വാസം കാണുന്നതുകൊണ്ടാണ് നീയെന്നിൽ ആധിയുണ്ടാക്കുന്നതെന്നും നീയെനിക്ക് ആത്മവിശ്വാസം തരുന്നതുകൊണ്ടാണ് എനിക്ക് തളർച്ചയുണ്ടാകുന്നതെന്നും താൻ പറയുമ്പോൾ ഒക്കെയും അയാൾ തന്നെ ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത് . ...!
.
അതെ , അയാൾ തനിക്ക് കിട്ടാതെപോയ സ്നേഹമാണ് , കാത്തിരുന്ന പ്രതീക്ഷയാണ് , കൊതിച്ചിരുന്ന കരുതലും ബഹുമാനവുമാണ് , നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസമാണ് ..... ഇനിയെന്തെല്ലാമാണ് അയാൾ തനിക്കാകേണ്ടത് ... എന്നിട്ടും താനയാളോട് എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു , നിനക്ക് ഞാൻ ആരെന്ന് ...! അയാളുടെ ഉത്തരവും തനിക്കറിയാം . നിനക്ക് ഞാൻ ആരാണോ, അതുതന്നെയാണ് എനിക്ക് നീയും ....!!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 16, 2017

പഠിപ്പിക്കണം , " നോ" പറയാൻ ...!!

പഠിപ്പിക്കണം , " നോ" പറയാൻ ...!!
.
പഠിപ്പിക്കണം നാം നമ്മുടെ കുട്ടികളെ
മത പാഠങ്ങളോ , ജാതി ചിന്തകളോ
രാഷ്ട്രീയ ബോധമോ രാജ്യതന്ത്രമോ
കണക്കോ സയിൻസോ സാമൂഹ്യ പാഠമോ
ഭാഷകളോ കലയോ കച്ചവടമോ
കായികാഭ്യാസങ്ങളോ കരവിരുതോ
ഒന്നുമല്ലാതെ , വെറും നിസ്സാരമായ
ഒരു "നോ " പറയാൻ ...!
.
നിയമങ്ങളും കരുതലും
സുരക്ഷിതത്വവും പൗരബോധവും
വിദ്യാഭ്യാസ രീതികളും
സാമൂഹിക വ്യവസ്ഥകളും
ഒക്കെയും ഉണ്ടാക്കും മുൻപ്
പഠിപ്പിക്കണം നാം നമ്മുടെ കുട്ടികളെ
നിസ്സാരമായൊരു "നോ" പറയാൻ ....!
.
തങ്ങൾക്കിഷ്ടമില്ലാത്തതു ചെയ്യുമ്പോൾ
തങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമ്പോൾ
തങ്ങൾക്ക് ശരിയല്ലെന്ന് തോന്നുന്നത്
സംഭവിക്കുമ്പോൾ ഒക്കെയും
അതാരുതന്നെയായാലും അവരോടൊക്കെയും
ഉറച്ച ശബ്ദത്തിൽ കരുത്തോടെ
ഒരു " നോ " പറയാനാണ്
നമ്മളാദ്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 14, 2017

പുരുഷനിലേക്ക് ...!!!

പുരുഷനിലേക്ക് ...!!!

ഇരുട്ടിൽ വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ആ ഇടവഴിയിലെ ഉയരമുള്ള ചവിട്ടു പടികൾ ധൃതിയിൽ ഓടിക്കയറുമ്പോൾ അഴിഞ്ഞുവീണ ചുരിദാർ ഷാളിന്റെ അറ്റം സ്വയം ചവിട്ടി വീഴാനാഞ്ഞ തന്നെ ബലമില്ലാത്ത ആ മെലിഞ്ഞ കയ്യിൽ കോരിയെടുത്ത്‌ സുരക്ഷിതമായി നിർത്തി തിരിഞ്ഞു പോലും നോക്കാതെ നടന്നുപോകുന്ന ആ മനുഷ്യന്റെ മുഖം ഒന്നുകണ്ടെങ്കിലെന്ന് താൻ ആഗ്രഹിച്ചത് വെറുതെയായി . അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നടന്നകലുന്ന അയാളുടെ രൂപം തനിക്കുണ്ടായെങ്കിലെന്ന് താൻ എപ്പോഴൊക്കെയോ ആഗ്രഹിച്ച ഒരു സുഹൃത്തിന്റെതല്ലാതിരുന്നിട്ടും, പക്ഷെ മനസ്സിൽ എന്തുകൊണ്ടോ അപ്പോൾ അത് കോറിക്കിടന്നു ....!
.
മുഖം നശിക്കുന്ന, രൂപം നശിക്കുന്ന, ആത്മാവുപോലും നശിക്കുന്ന മനുഷ്യമനസ്സിന്റെ വൈകൃതങ്ങളിൽ സ്വയം ശപിച്ചുകൊണ്ട് പത്രത്താളുകൾ മടക്കി കണ്ണടച്ചിരിക്കവേ ഒരുമിന്നായം പോലെ ആ രൂപം കടന്നെത്തിയത് തന്നെ പരിഭ്രമിപ്പിക്കുകയാണ് അപ്പോൾ ചെയ്തത് . ചിന്തകളിൽ എങ്ങിനെയാണ് അയാൾ കുടിയേറിയതെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായതേയില്ല അപ്പോൾ . മുഖമില്ലാത്ത ആ രൂപം എന്തിനായിരിക്കാം തന്നെ വീണ്ടും തേടിയെത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാനായില്ല തന്നെ ...!
.
ഒരു തൂവൽ പോലെ ആകാശ സ്വപ്നങ്ങളിൽ വിരാചിച്ചുകൊണ്ട് വഴിയോരക്കാഴ്ചകളിൽ കണ്ണുകളുടക്കാതിരിക്കാൻ പെടാപ്പാടുപെട്ട് ആ തിരക്കുള്ള ബസ്സിൽ ഒരു അരികുചേർന്നുനിൽക്കുന്നതിന്റെ സുഖം ഒരനുഭൂതിയാണ് . അതിനിടയിൽ തോളിൽ കുട്ടിയേയും എടുത്ത്‌ തന്റെ അടുത്തുനിൽക്കുകയായിരുന്ന സ്ത്രീയുടെ അഴിഞ്ഞുവീണ സാരിത്തലപ്പ് ആ സ്ത്രീയുടെ മുഖത്തുനോക്കാതെ ദേഹത്തേക്കിട്ടുകൊടുത്ത്‌ ഒരു സഹോദരനെപോലെ അവരുടെ നഗ്നത മറച്ചുകൊണ്ട് തിരക്കിൽ നിന്നും തങ്ങളെ കടന്ന് പോയ ആ രൂപം അയാളുടേതെന്ന് തിരിച്ചറിയാൻ അപ്പോൾ തനിക്കൊട്ടും ബുദ്ധിമുട്ടുണ്ടായില്ല തന്നെ ...!
.
ബസ്സിറങ്ങി ഓഫിസിലേക്ക് നടക്കുമ്പോൾ ചുറ്റും വ്യഗ്രതയോടെ പരതിയതും ആ രൂപം തന്നെ . പെട്ടെന്നാണ് തന്നെ തീർത്തും അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കിടയിൽ ആ രൂപം തെളിഞ്ഞു നിന്നത് . ഒരു വൈരാഗിയെപ്പോലെ അല്ലെങ്കിൽ തോന്നിവാസിയെപ്പോലെ തോന്നിപ്പിച്ച അയാളപ്പോൾ ആ തെരുവിന്റെ കുട്ടികളെ ചേർത്തുനിർത്തി താലോലിക്കുകയായിരുന്നു , ഒരു അച്ഛന്റെ വാത്സല്യത്തോടെ . തന്നിൽനിന്നും ഒളിക്കാനായിട്ടല്ലെങ്കിലും താൻ അടുത്തുചെന്നപ്പോഴേക്കും അയാൾ അകന്നുപോയത് ശരിക്കും സങ്കടകരമായി അപ്പോൾ ...!
.
കഴുകൻ കണ്ണുകളെ , ചാട്ടുളി നോട്ടങ്ങളെ, തങ്ങളിൽ പരതാൻ വെമ്പുന്ന കൈവിരലുകളെ വകഞ്ഞുമാറ്റി ഓഫീസിലേക്ക് ഓടിക്കയറുമ്പോൾ അവിടവും പ്രതീക്ഷക്കു വകയില്ലെന്ന് അറിയാതെയല്ല . ആക്രാന്തം പിടിച് ദുരമുറ്റിയ വൈകൃതമനസ്സുകൾ ശരീരങ്ങളാകുന്ന ഇടങ്ങൾ പെരുകുകയല്ലാതെ കുറയുന്നില്ലല്ലോ എന്ന് നെടുവീർപ്പിട്ട് വാഷ്‌റൂമിൽ ഓടി കയറുമ്പോൾ വയറിൽ വേദന അസഹനീയമായിരുന്നു . നിറഞ്ഞു തുളുമ്പാറായ മൂത്രസഞ്ചി ഒഴിച്ചെടുക്കാൻ തുടങ്ങവേ വാതിൽവിടവിൽ കണ്ട കണ്ണുകൾ ആ നിറസഞ്ചിയെ വയറിനുള്ളിലേക്കുതന്നെ ആവാഹിപ്പിച്ചുവെപ്പിച്ചു . പാടുപെട്ട് പുറത്തിറങ്ങി ഇരിപ്പിടത്തിലമരുമ്പോൾ പതിവുപോലെ ചുറ്റിലും തന്നെ കാമത്തോടെ മാത്രം ക്ഷണിക്കുന്ന കണ്ണുകളാണ് എങ്ങും . അവരിലേക്ക്‌ മാത്രം ക്ഷണിക്കുന്ന അന്ധന്മാരുടെ കണ്ണുകൾ ...!
.
അമ്മക്ക് വയ്യാതിരുന്നതിനാൽ അന്ന് ഭക്ഷണം കൊണ്ടുവന്നില്ലെന്നത് ന്യായീകരണമാക്കി കൂട്ടുകാരികൾക്കൊപ്പം ഓഫിസിനടുത്തുള്ള തൊട്ടപ്പുറത്തെ നല്ല ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ അവിടെ പതിവിനെക്കാൾ തിരക്ക് . ഇരിപ്പിടത്തിനായി ആക്രാന്തം കൂട്ടുന്ന ബഹുമാന്യ പൗരജനത്തിനിടയിലൂടെ സ്വയ രക്ഷയെങ്കിലും തേടി ഒതുങ്ങി മാറിനിൽക്കവേ തങ്ങൾക്കായി തന്റെ ഇരിപ്പിടം ഒഴിഞ്ഞു തന്ന് സുരക്ഷിതത്വമൊരുക്കിയ ആ രൂപം അയാളുടേതായിരുന്നു എന്ന് അപ്പോഴാണ് താൻ തിരിച്ചറിഞ്ഞത് . ...!
.
ഇരുട്ടിൽ തന്നോട് ഒട്ടിനിൽക്കാൻ മാത്രം കൊതിക്കുന്ന , തന്റെ നെഞ്ചിലെ ചൂടും അടിവയറിന്റെ തണുപ്പും ആസ്വദിക്കാൻ മാത്രം കൊതിക്കുന്ന , സൗകുമാരികതയിൽ തുടങ്ങി വശീകരണത്തിൽ മാത്രം അവസാനിക്കുന്ന വാക്കുകളുപയോഗിക്കുന്ന , കൈവിരലുകളിൽ വികൃതികൾ ഒളിപ്പിച്ചു കാൽ വിരലുകളിൽ കുസൃതികൾ നിറച് എപ്പോഴും തന്നിലലിയാൻ മാത്രം വെമ്പുന്ന തന്റെ പ്രണയിതാവിൽനിന്നും തന്നെ ബഹുമാനിക്കാൻ കൂടിയറിയാവുന്ന ഇങ്ങിനെയൊരു പുരുഷനിലേക്ക് ഇനിയെത്ര ദൂരം ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 9, 2017

കൊല്ലണം, എനിക്കെന്റെ പെണ്മക്കളെ ...!!!

കൊല്ലണം, എനിക്കെന്റെ പെണ്മക്കളെ ...!!!
.
പൂട്ടിയിടാൻ
അവർ അടിമകളല്ല
തുറന്നു വിടാൻ
അവർ പറക്കമുറ്റിയ പക്ഷികളും ....!
.
എന്റെ മാറാപ്പിനേക്കാൾ
വലുതായതിനാൽ
എപ്പോഴും
തോളിലേറ്റി നടക്കാൻ വയ്യെനിക്ക്
അന്നന്നത്തെ
അന്നതിനായലയേണ്ടതിനാൽ
അവരുടെ കൂടെയിരുന്ന്
നോക്കാനും സമയമില്ല ...!
.
വന്ദ്യരെ വന്ധ്യംകരിക്കാൻ
പ്രാപ്തിയില്ലെനിക്ക്
മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുക്കാൻ
ശക്തനുമല്ല ഞാൻ
അധികാരികളെ സ്വാധീനിക്കാൻ
പണവുമില്ലെന്റെ കയ്യിൽ ...!
.
വിശ്വസിച്ചേൽപ്പിക്കാൻ
ആരുമില്ലാത്ത എനിക്കിപ്പോൾ
പേടിയാണ്
ഈ എന്നെത്തന്നേയും ...!
.
അതുകൊണ്ട്
മറ്റുള്ളവരാൽ നിർദ്ദാക്ഷിണ്യം
പിച്ചിച്ചീന്തപ്പെടും മുൻപേ
കൊന്നൊടുക്കാം
ഞാനെന്റെ പെണ്മക്കളെ ...!
.
ഈ മനോഹര ഭൂമിയിൽ
പിറക്കും മുന്പെയോ
പിറന്നയുടനെയോ
സ്നേഹത്തോടെ
വേദനിപ്പിക്കാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 5, 2017

അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!

അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!
.
അക്ഷരങ്ങൾ ഒന്നൊന്നായി
കൂട്ടിവെച്ചൊരു കയറുണ്ടാക്കി
അതിന്റെ മറ്റേതലയ്ക്കൽ
എനിക്കെന്റെ കഴുത്തു മുറുക്കണം ....!
.
വില്പനയ്ക്കുണ്ട് അക്ഷരങ്ങൾ
പല തരത്തിൽ പല വിധത്തിൽ
ഗ്രാമത്തിലെ ചന്തയിലും
നഗരത്തിലെ ഷോപ്പിംഗ് മാളിലും ...!
.
കഴുത്തിൽ മുറുക്കിയ അക്ഷരക്കയറിന്റെ
മറ്റേതലകൊണ്ടൊരു കുരുക്കുണ്ടാക്കണം
മുറ്റത്തെ തൈമാവിൻകൊമ്പിൽ കുരുക്കി
ആത്മഹത്യ ചെയ്യുവാൻ ...!
.
കരുതി വെച്ചതും
സ്വരുക്കൂട്ടിയതും
അക്ഷരങ്ങൾ മാത്രം
സ്വന്തമായും സ്വത്തായും ...!
.
കൈയിലുണ്ടായിട്ടും ,
ഉപയോഗിക്കാനറിഞ്ഞിട്ടും
എനിക്കെന്റെ ഇഷ്ട്ടാനുസരണം
ഉപയോഗിക്കാൻ അനുവദിക്കപ്പെടാത്തതും
ഈ അക്ഷരങ്ങൾ ...!
.
ആത്മഹത്യ ചെയ്യുക എന്നത്
മറ്റുള്ളവരെപ്പോലെ
എനിക്കും വേദനാജനകം തന്നെയെങ്കിലും
ഉപയോഗശൂന്യമായൊരീയക്ഷരമാലയാൽ
പിന്നെഞാനെന്തു ചെയ്‍വാൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...