Sunday, September 26, 2010

ഏറ്റു പറച്ചില്‍ ...!!!

ഏറ്റു പറച്ചില്‍ ...!!!

കടലാസും പേനയും കൊടുത്തു മടങ്ങിയ വാര്‍ഡന് മുഖം കൊടുക്കാതെ അതുമായി അയാള്‍ തന്റെ മൂലയിലേക്ക് ഉള്‍വലിഞ്ഞു. അവിടെയിരുന്ന് ഒരു നിമിഷം വീണ്ടും ആ കടലാസിലേക്ക് സൂക്ഷിച്ചു നോക്കി. വെളുപ്പിന്റെ വിശുദ്ധി നഷ്ട്ടമാകും മുന്‍പുള്ള പിടച്ചില്‍ ആ കടലാസില്‍ അയാള്‍ തൊട്ടറിഞ്ഞു അപ്പോള്‍ . എങ്കിലും നിശബ്ദനായി, നിസ്സഹായനായി, അയാള്‍ വെറുതേ ഇരുന്നു, ഒരു നിമിഷം കൂടി. പിന്നെ നീലച്ച വരകളിലൂടെ തന്റെ ഹൃദയം തുറക്കാന്‍ തുടങ്ങി.

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എല്ലായിടത്തും കുറ്റം ഏറ്റുപറഞ്ഞിരുന്നതിനാല്‍ നടപടികള്‍ എളുപ്പമായിരുന്നു. നിയമത്തിന്റെ തടിച്ച എടുകള്‍ക്കിടയില്‍ വല്ലാതെ ഞെങ്ങി ഞെരുങ്ങേണ്ടി വന്നില്ല എന്നത് അയാളില്‍ ആശ്വാസമല്ല ഉണ്ടാക്കിയത്. പോലീസുകാര്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുന്നതില്‍ അയാള്‍ക്കൊട്ടും ആവേശമുണ്ടായിരുന്നില്ല തന്നെ. തന്റെ തെറ്റുകള്‍ക്ക് താന്‍ തന്നെ ശിക്ഷയും അനുഭവിക്കണമെന്ന് അയാള്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.

അല്ലെങ്കില്‍ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ആ സംഭവത്തില്‍ സമൂഹം തന്നെ ഇടപെട്ടിരുന്നത് വല്ലാത്തൊരു ആവേശത്തിലും ആയിരുന്നല്ലോ. അതി നിഷ്ടൂരമായി ഒരു പെണ്‍കുട്ടിയെ പതിയിരുന്ന് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ തന്നെ വെറുതേ വിടണമെന്ന് ആരെങ്കിലും പറയുമോ. സാമൂഹിക സങ്കടനകളും പൊതു സമൂഹവും അതുകൊണ്ട് തന്നെ ശക്തമായാണ് പ്രശ്നത്തില്‍ ഇടപെട്ടതും. പൊതുവേദികളില്‍ കൊണ്ടുവരുമ്പോഴെല്ലാം ജനം അയാളെ തുരു തുരാ കല്ലെറിഞ്ഞു. അപ്പോഴൊക്കെ ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാതെ അയാള്‍ എല്ലാറ്റിനും നിന്ന് കൊടുത്തിരുന്നു. ഒരു അവകാശം പോലെ.

എന്നിട്ടും അയാളുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് വിധി വന്നത്. ജീവ പര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ട്. അതുകൊണ്ട് തന്നെ അയാള്‍ വല്ലാതെ പരിഭവിച്ചു. അവിടെ മാത്രം പക്ഷെ ദൈവം അയാളുടെ വിളി കേട്ടു, അന്ന് ആദ്യമായി. ഒരു സന്നദ്ധ സംഘടന അയാളുടെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി, അയാളുടേത് വധ ശിക്ഷയാക്കി ഉറപ്പിച്ചു. അന്നായിരുന്നു ഒരുപാട് നാളുകള്‍ക്കു ശേഷം അയാള്‍ ഏറെ സന്തോഷിച്ചത്‌.

എന്നിട്ടും അടുത്തറിയുന്ന ഒരാളും തന്നെ അവിശ്വസിക്കാന്‍ തയ്യാറായില്ല എന്നത് അയാളെ തളര്‍ത്തുക തന്നെ ചെയ്തു. എത്ര പറഞ്ഞിട്ടും അവരാരും മാറുന്നെയില്ല എന്നതാണ് അയാളെ വേദനിപ്പിച്ചത്. അങ്ങിനെ വേണ്ടപ്പെട്ടവരെന്നു പറയാന്‍ മാത്രം അയാള്‍ക്കുണ്ടായിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നിട്ടും. അതില്‍ തന്നെ അവളായിരുന്നു അയാളെ തോല്‍പ്പിച്ചു കൊണ്ടെയിരുന്നത്. ആരുമല്ലാതിരുന്നിട്ടും അയാളുടെ എല്ലാമായി അയാള്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ . അതുകൊണ്ട് തന്നെ അവളോട്‌ തന്നെയാണ് അയാള്‍ക്ക്‌ സത്യം പറയേണ്ടിയിരുന്നതും.

വേദനയുടെ തുടിപ്പുകള്‍ നീര്‍ചാലുകളായി അയാളിലൂടെ ഊര്‍ന്നിറങ്ങി, മരവിച്ച ആ തടങ്കല്‍ പാളയത്തിന്റെ തണുത്ത തറയിലൂടെ പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . ഒരുപാട് ആലോചനകള്‍ക്ക് ശേഷം, ഒരുപാട് തിരുത്തലുകള്‍ക്ക് ശേഷം ഏറെ നേരത്തിനു ശേഷം അയാള്‍ അത് മുഴുവിപ്പിച്ചു. അപ്പോഴേക്കും ആ കടലാസില്‍ അവശേഷിച്ചത് കുറച്ചു വരികള്‍ മാത്രം.

മാപ്പ്. ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒരിക്കലും ആരോടും പറയാത്ത ആ സത്യം നിന്നോട് മാത്രം ഇപ്പോള്‍ പറയുന്നു. അവളെ ഞാന്‍ കാത്തിരുന്നു കൊന്നത് തന്നെയാണ്. കരുതിക്കൂട്ടി പതിയിരുന്ന്, കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. കാരണം എന്നെ ജീവിതത്തില്‍ ചതിച്ചത് ആവള്‍ മാത്രമായിരുന്നു. ഞാന്‍ എന്റെ ജീവന്‍ തന്നെ കൊടുത്തിട്ടും അവള്‍ എന്നെ മനപ്പോര്‍വ്വം ചതിച്ചു. ചതിയുടെ പ്രതിഫലം മരണമല്ലാതെ മറ്റെന്താണ് . എന്നിട്ടും എനിക്ക് കുറ്റബോധമുണ്ട്. കാരണം ഞാന്‍ നിന്നോടോന്നും പറഞ്ഞിരുന്നില്ല എന്നതില്‍ . അതുകൊണ്ട് തന്നെ മാപ്പ് ചോതിക്കുന്നു . നിന്നോട് മാത്രം. പക്ഷെ നീയെനിക്ക് മാപ്പ് തരരുത്. കാത്തിരിക്കണം, അടുത്ത ജന്മം വരെ. എന്നോട് പകരം ചോദിക്കാന്‍ ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...