Tuesday, October 28, 2014

നിരാലംബം ....!!!

നിരാലംബം ....!!!
.
ഇനിയും എന്തിനാണ് അയാൾ കാത്തു നിൽക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു . മഴചാറ്റലേൽക്കാതിരിക്കാൻ ഒരുപാട് പാടുപെട്ട് പൊട്ടി പഴകി, അഴുക്കു നിറഞ്ഞ ആ ചുമരിനോട് ഒട്ടി ചേർന്ന് അയാൾ അങ്ങിനെ നിൽക്കുന്നത് കണ്ടപ്പോൾ കൌതുകം തോന്നി .ഒരു പക്ഷെ കൗതുകത്തേക്കാൾ ഒരു കുഞ്ഞു സന്തോഷം തന്നെ . വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഒരിക്കലും നിൽക്കാൻ ഇഷ്ടപ്പെടാത്ത , ഔദ്യോഗിക വേഷത്തിലായാൽ പോലും മഴ നനയാൻ ഒരുപാട് ഇഷ്ടപ്പെടുന്ന അയാൾ ഇപ്പോൾ ഇങ്ങിനെ ...!
.
ഒന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലല്ലോ ഇപ്പോൾ . ഉണ്ടായിരുന്നപ്പോൾ ചോദിച്ചതിനോക്കെയുമാകട്ടെ ഉത്തരങ്ങൾ സ്വയം കണ്ടെത്തേണ്ടിയിരുന്നുമിരുന്നു . എന്നിട്ടും ചോദ്യങ്ങൾ നിർത്താതെ തനിക്കെങ്ങിനെയായിരുന്നു മുന്നോട്ട് പോകുവാനാവുക . തന്റെ ജീവിതം തന്നെ ഒരു ചോദ്യത്തിന്റെ വക്കിൽ നിർത്തി മുന്നോട്ടോ പുറകോട്ടോ പോകാൻ പൊലുമായ്ക്കാതെ തനിക്കു പുറകിൽ അയാൾ നിർന്നിമേഷനായപ്പോൾ ....!
.
അല്ലെങ്കിലും ഇനിയൊരിക്കലും ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് അസന്നിഗ്ദ്ധമായി ആദ്യം പറഞ്ഞത് അയാൾ തന്നെയായിരുന്നു എന്നതായിരുന്നു തനിക്കുള്ള ആദ്യത്തെ പ്രഹരം . തന്നിൽ നിന്നും ഒരു തെറ്റ് സംഭവിക്കുക എപ്പോഴും സ്വാഭാവികം . ഏതൊന്നിനെയും താൻ ലാഘവത്തോടെ സമീപിച്ചിരുന്നത് തന്നെ, തനിക്ക് അയാളിലുള്ള തന്റെ വിശ്വാസമായിരുന്നു . അതുപക്ഷെ അയാളെ ബോധിപ്പിക്കാൻ കഴിയാതിരുന്നത് തന്റെ ആദ്യത്തെ തെറ്റ് . അല്ലെങ്കിൽ ഏറ്റവും വലിയ തെറ്റ് . അതിൽ നിന്നും തുടങ്ങിയതായിരിക്കാം ഒരുപക്ഷെ എല്ലാ താളപ്പിഴകളും എന്ന് ഇപ്പോൾ തോന്നിയിട്ട് അല്ലെങ്കിൽ തന്നെ പ്രയോജനവും ഇല്ലല്ലോ ഇനി ...!
.
ജീവിതം സ്വയം തോറ്റുപോകുന്നത് കണ്ടുനിൽക്കാനാകില്ലെങ്കിലും ഇപ്പോൾ മറ്റെന്താണ് മാർഗ്ഗം . ഒന്നും ആവേശത്തോടെ മാത്രമായിരുന്നില്ലല്ലോ എന്നും . ഏറ്റവും ആലോചിച്ചിരുന്നതും തനിക്കുവേണ്ടിപോലും ചിന്തിച്ചിരുന്നതും പലപ്പോഴും അയാൾ തന്നെ . അതാണോ കുഴപ്പങ്ങൾക്കുള്ള തുടക്കം . അറിയില്ല .. അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല . അത് തന്റെ തെറ്റ് തന്നെ ...!
.
ഈ കാത്തിരുപ്പ് കേന്ദ്രം ശൂന്ന്യമായത് നന്നായി . തന്റെ ചിന്തകളുടെ ചിറകുവിരിക്കാൻ മാത്രമുള്ള സ്ഥലം ഇപ്പോഴിതിനുണ്ട് . ഓർമ്മകളുടെ ഭാണ്ഡം തുറക്കണം .. തെറ്റുകളുടെ കണക്കെടുക്കണം . ശരികൾ തരം തിരിക്കണം .... വേണം ഇത്രയും സ്ഥലം തനിക്ക് തീർച്ചയായും . എല്ലാ ചിന്തകളും കെട്ടഴിച്ചു വിടർത്തി വെച്ച് പരിശോധിക്കണം . ഇപ്പോഴാണെങ്കിൽ പുറത്ത് മഴയും , അതിന്റെ കുളിരും . നല്ല സമയം.. തീർച്ചയായും ഇവിടെയെങ്കിലും ഒരു ഉത്തരം തനിക്ക് കണ്ടെത്തി തന്നെയേ പറ്റു . കാരണം മുന്നോട്ടല്ലാതെ തനിക്കിനി മറ്റൊരു വഴിയില്ല തന്നെ . ..!
.
അപ്പോഴും അയാൾ അവിടെതന്നെയുണ്ട്‌ എന്നത് തന്നെ ആശ്ചര്യപ്പെടുത്തി . അയാൾക്ക്‌ തന്നെ കാണാമെങ്കിലും നോക്കുന്നില്ല എന്നതിൽ അതിശയമൊന്നും തോന്നിയില്ലെങ്കിലും . പക്ഷെ അയാൾ മറ്റാരെയെങ്കിലും കാത്തിരിക്കുന്നില്ല അല്ലെങ്കിൽ പ്രതീക്ഷിക്കുന്നുപോലുമില്ല എന്നത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തി . പിന്നെയെന്തിന് എന്ന വലിയ ചോദ്യവും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Saturday, October 25, 2014

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!
.
ചിലർ ഭ്രമമെന്നും ചിലർ ദിവ്യമെന്നും മറ്റുചിലർ വ്യർതമെന്നും വിവക്ഷിക്കുന്ന പ്രണയം യഥാർത്ഥത്തിൽ ഏതൊരു ജീവിയുടെയും ജീവനത്തിന്റെ ഭാഗമാണ് . സ്വാഭാവിക വികാരങ്ങളിൽ ഒന്ന് . പലർക്കും അത് പല വിധത്തിലാകാം എന്നത് സ്വാഭാവികം . അവരവരുടെ പ്രത്യേകതകൾക്ക് അനുസൃതമായി കാഴ്ച്ചപ്പാടുകൾക്ക് അനുസൃതമായി അവരവരുടെ രീതികൾ ഓരോരുത്തർക്കും പ്രണയത്തിലും ഉണ്ടെന്ന് മാത്രം ....!
.
മറ്റെന്തിനെയുമെന്നപോലെ പലപ്പോഴും പ്രണയത്തിനും പ്രതീകങ്ങളും സ്വപ്നങ്ങളുമുണ്ട് . യാധാർത്യത്തോട് നീതി പുലർത്തിയാലും ഇല്ലെങ്കിലും അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അതും ചിലപ്പോൾ ഭാവന മാത്രമാകാം ചിന്തിക്കാൻ കൂടി സാധിക്കാതതുമാകാം , എങ്കിലും ഇവിടെ പ്രണയത്തെക്കുറിച്ച് മാത്രം പ്രതിപാതിക്കുമ്പോൾ അത് ഇവിടെ വ്യത്യസ്ഥവുമാകുന്നുമില്ല ...!
.
പ്രണയ സങ്കൽപ്പങ്ങളിൽ , സ്വപ്നങ്ങളിൽ എപ്പോഴും കടന്നുവരാരുള്ളത് എഴു നിറവും ചിറകുമുള്ള കുതിരപ്പുറത്ത്‌ പറന്നുവരുന്ന രാജകുമാരനും അവനെ കാത്ത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഇരിക്കുന്ന ഭൂലോക സുന്ദരിയായ രാജകുമാരിയും തന്നെയാണ് . ശാരീരിക ഭാഷയിൽ അല്ലെങ്കിലും യാതൊരു അടിസ്ഥാനവും അങ്ങിനെ ആർക്കും തന്നെ യഥാർത്ഥത്തിൽ ആഗ്രഹവും ഇല്ലെങ്കിലും അത്തരമൊരു സ്വപ്നത്തിന് ആരും തടയിടാറില്ല, . ജീവിതവുമായി തൊട്ടു നിൽക്കുന്നവർ എന്ന് പറയുന്ന ബുദ്ധിജീവികളും യാതൊന്നിനെ കുറിച്ചും അറിവില്ലാത്ത സാധാരണക്കാരും ഇതു പക്ഷെ ഒരു നെരംപോക്കിനു മാത്രമെങ്കിലും നിഷേധിക്കാറുമില്ല ...!
.
അതുപോലെയാണ് പ്രണയസങ്കൽപ്പങ്ങളിലെ സങ്കൽപ്പ പുരുഷനായി കൃഷ്ണനെ കാണുന്നത് ... ജാതിയോ മതമോ വികാരമോ രൂപമോ എല്ലാം വ്യത്യസ്തമെങ്കിലും പ്രണയത്തിലുള്ള ഭൂരിഭാഗത്തിനും ഇഷ്ടമായ ഒരു രൂപം കൃഷ്ണന്റെത് തന്നെയാകുന്നു മിക്കവാറും . തന്റെ പ്രണയ പുരുഷനെ കൃഷ്ണനെപോലെ സങ്കൽപ്പിക്കുന്നുവെന്നൊ കൃഷ്ണനെ പ്രണയിക്കുന്നുവെന്നോ അല്ല ഉദ്ധേശിക്കുന്നത് എങ്കിലും കൃഷ്ണൻ അവിടെയെല്ലാം അറിഞ്ഞോ അറിയാതെയോ ഒരു പ്രതീകമാകുന്നു പലപ്പോഴും ...!
.
പക്ഷെ കൃഷ്ണന്റെ തന്നെ യഥാർത്ഥ കഥകളിൽ കൃഷ്ണനെ മാത്രം അഗാധമായി പ്രണയിക്കുകയും സർവ്വവും കൃഷ്ണനിൽ അർപ്പിക്കുകയും കൃഷ്ണനുവേണ്ടി മാത്രം ജീവിക്കുകയും ചെയ്ത രാധ ഒടുവിൽ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത് . അതുപോലെ തന്നെ ജീവിതത്തിലാണെങ്കിൽ തന്റെ ജീവിതവും പ്രണയവും കൃഷ്ണൻ രണ്ടു ഭാര്യമാർക്കായി പങ്കുവെക്കുകയും ചെയ്യുകയാണ് . അവിടെ കൃഷ്ണൻ തന്റെ പ്രണയിനിയോട് നീതി പുലർത്തിയോ എന്നത് ചിലർക്കെങ്കിലും തർക്ക വിഷയമാണെങ്കിലും ..!
.
കഥകളിൽ കൃഷ്ണനെക്കാൾ മറ്റുചിലരെയും പോലെ യാഥാർത്യത്തോടെ ജീവിതത്തെയും പ്രണയത്തെയും സമീപിച്ചത് ശിവനാണ് എന്ന് കാണാം . ഒരാളെ മാത്രം പ്രണയിക്കുകയും അയാൾക്കുവേണ്ടി മാത്രം തന്റെ ജീവിതം എല്ലാ വിട്ടുവീഴ്ചകളോടെയും സമർപ്പിക്കുകയും ചെയ്ത പരിശുദ്ധവും നിഷ്കാമവുമായ പ്രണയമായിരുന്നു ശിവൻറെത് . സമർപ്പിക്കാനും സ്വീകരിക്കാനും തയ്യാറായി , കാത്തിരിക്കാനും കാത്തുവെക്കാനും തയ്യാറായി, സത്യസന്തമായ ദിവ്യമായ പ്രണയത്തോടെ ...!

എന്നിട്ടും രൂപത്തിൽ ആകർഷണീയത പുലർത്താത്ത ശിവനെക്കാൾ സുന്ദരമായ രൂപവും ആരെയും മയക്കുന്ന ചിരിയും വശ്യതയാർന്ന പെരുമാറ്റവുമുള്ള കൃഷ്ണനാണ് എന്നും പ്രണയിക്കുന്നവരുടെ മനം കവർന്നത് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 19, 2014

എനിക്ക് ശേഷം ...!!!

എനിക്ക് ശേഷം ...!!!
.
ആരെ തിരഞ്ഞാണ്
നീ കാത്തുനിൽക്കുന്നത് ...???
.
പിന്തിരിഞ്ഞു നോക്കാൻ
ധൈര്യമില്ലാതെ
മുന്നോട്ടുപോകുന്നവരുടെയിടയിൽ ....!
.
പാദങ്ങളിലെ വിരലുകൾക്കിടയിലൂടെ
അരിച്ചൊഴുകിയകലുന്ന
മണൽത്തരികൾ നോക്കി
നെടുവീർപ്പിടുന്നവരുടെയിടയിൽ ....!
.
കാലൊച്ചകൾ ഭയത്തിന്റെ
നെരിപ്പോടുകളാകുമ്പോൾ
ശബ്ദം തൊണ്ടയിൽ പോലും എത്തിക്കാൻ
കഴിയാത്തവരുടെയിടയിൽ ...!
.
കാഴ്ച
കണ്ണുകൾക്കുതാഴെ
നിഴലുകൾക്കിടയിൽ
ഒളിപ്പിച്ചുവെക്കാൻ
തിടുക്കംകാട്ടുന്നവരുടെയിടയിൽ ....!
.
എനിക്കുനിന്റെ
ശരീരമാകാമെങ്കിൽ
എന്തിനുനീയെന്റെ
ആവരണം മാത്രമാകണമെന്നു
ഉറക്കെ ചോദിക്കാൻ
ആവേശമില്ലാത്തവരുടെയിടയിൽ ....!
.

തന്നിൽനിന്ന്
തന്നിലേക്ക്തന്നെ
നോക്കാൻപോലും
വികാരമില്ലാത്തവരുടെയിടയിൽ ...!
.
നിന്നെ പിന്തുടരുവാൻ
ആരെയാണ് നീ പ്രതീക്ഷിക്കുന്നത് ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 16, 2014

വാടകയ്ക്ക് ...!!!

വാടകയ്ക്ക് ...!!!
.
എന്നിൽ നിന്നും
പുറപ്പെടുന്ന ബീജം
എന്റെ തന്നെ
ഗർഭപാത്രത്തിൽ
ഞാൻ തന്നെ
നിക്ഷേപിച്ചാൽ
എനിക്കുതന്നെ
ഒരുണ്ണിയെ
പ്രസവിക്കാമെന്നിരിക്കെ
എന്തിനാണ്ഞാൻ
വാടകയ്ക്കൊരു
മാതൃത്വം തേടുന്നത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 15, 2014

എന്റെ ചുമരുകൾ ...!!!

എന്റെ ചുമരുകൾ ...!!!
.
എന്നെ സംരക്ഷിക്കാനാണ്
ഞാൻ എനിക്ക് ചുറ്റും
ചുമരുകൾ കെട്ടിപ്പൊക്കിയത് ...!
.
എനിക്കൊപ്പം ഉയരത്തിൽ
എനിക്കൊപ്പം വണ്ണത്തിൽ
കട്ടി കരിങ്കല്ലിൽ ...!
.
മുകളിലെ ആകാശം മലർക്കെ തുറന്നിട്ടും
താഴത്തെ ഭൂമി ചുറ്റി വളയ്ക്കാതെയും ...!
.
അതിന്റെ പുറങ്ങൾ ഞാൻ
കാത്തുവെച്ചത്‌
എങ്ങും കൈവിടാതെ
എന്റെ മനസ്സ് ഇടയ്ക്കൊന്ന്
കോറിയിടാൻ വേണ്ടി മാത്രവും ...!
.
അതിൽ
ഞാനറിയാതെ
നിങ്ങൾ വരച്ചാൽ
ഞാൻ പിന്നെയെന്ത് ചെയ്യും ....!
.
പുഞ്ചയിൽ

എലിയെ കൊല്ലാൻ ...!!!

എലിയെ കൊല്ലാൻ ...!!!
.
എലികൾ
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന
എന്റെ വിളവുകൾ
മുഴുവനായും തിന്നുതീർക്കുന്നു ...!
.
അവയ്ക്കും വിശപ്പുണ്ടെങ്കിലും
എന്റെ വിളവുകൾ
ഞാൻ എന്റെ നാളേയ്ക്കായി
തയ്യാറാക്കുന്നവയാണ് ...!
.
എന്റെ വയലിൽ വന്നാണ്
എലികൾ എന്റെ വിളവുകൾ തിന്നുന്നതെങ്കിലും
അവ വസിക്കുന്നത് എന്റെ ഇല്ലത്തും ...!
.
അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കേണ്ടത്
എന്റെ ആവശ്യമായി വന്നിരിക്കുന്നു ഇപ്പോൾ ..!
.
എലിയെ കൊല്ലാൻ
ഒരു പൂച്ചയെ വളർത്താമെന്ന വെച്ചാൽ
അതൊരു അധിക ചിലവുമാകും
വിഷം വെച്ച് കൊള്ളാമെന്നു വെച്ചാൽ
എന്റെ മറ്റു മൃഗങ്ങളും ചാകാനും മതി .....!
.
ഇല്ലം ചുടുമ്പോൾ എലികളും ചാകും
എന്നതുകൊണ്ട്‌ തന്നെയാണ്
ഇല്ലത്തിന് ഞാൻ തീയിടാൻ ഒടുവിൽ തീരുമാനിച്ചത്...!
.
പക്ഷെ
കത്തിക്കാൻ ചൂട്ടും
ചൂട്ടുപിടിക്കാൻ കൈകളും തയ്യാറെങ്കിലും
തീ എവിടെനിന്നും കിട്ടും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 14, 2014

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!
.
ഞാൻ അവന്റെ കണ്ണാകുന്നതിനേക്കാൾ എനിക്കവന്റെ കാഴ്ചയാകണമെന്നായിരുന്നു അവൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഞാൻ അവന്റെ കണ്ണാകുമ്പോഴെല്ലാം അവൻ കണ്ടത് നിലാവിന്റെ കുളിരുള്ള സുഗന്ധലേപനങ്ങളുടെ മണമുള്ള , മധുരത്തിന്റെ രുചിയുള്ള പൂക്കളുടെ നിറമുള്ള കാഴ്ചകൾ മാത്രവും . ഞാൻ അത് മാത്രമായിരുന്നല്ലോ എന്നും അവനുവേണ്ടി ആഗ്രഹിച്ചിരുന്നിരുന്നതും ...!
.
അതുതന്നെയായിരിക്കാം അവനെ അസ്വസ്ഥനാക്കിയിരുന്നതും ... അല്ലെങ്കിൽ എഴുപത്തിരണ്ട് പടികളുള്ള കടൽക്കരയിലെ ആ വീട്ടിൽ എന്തിനാണ് അവൻ അവളോട്‌ മാത്രം വരാൻ പറഞ്ഞത് .... നൂലിഴകളുടെ അരികുകളിലൂടെ ഒഴിഞ്ഞകലുന്ന ഇടവപ്പാതി പോലെ താൻ എപ്പോഴും അവനുവേണ്ടി മാത്രം നിർവസ്ത്രയായിരുന്നിട്ടും ....!
.
കാഴ്ചയുടെ മറുകരയിൽ ഇടത്താവളം തിരയാൻ അവനെന്നെ നിയമിച്ചത് അതിനുവേണ്ടിയാണോ .. അല്ലെങ്കിൽ തന്നെ കരയ്ക്കും കടലിനുമിടയിലെ വെറും ജലകുമിളകളുടെ ഭ്രമം മാത്രമാകാനല്ലേ തനിക്കിതുവരെയും ആയിട്ടുമുള്ളൂ .. പിന്നെയെന്തുകൊണ്ട് ... ചോദ്യങ്ങൾ ഉത്തരങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് അവൻ എപ്പോഴും പറയാറുള്ളത് വെറുതെയല്ല ...!
.
ചോദ്യങ്ങൾക്കൊന്നും അവൻ ഉത്തരം തന്നില്ലെങ്കിലും എന്തിനാണ് എഴുപത്തിരണ്ട് പടികൾ ആ വീടിന് വേണ്ടിയിരുന്നതെന്ന് താൻ അതിശയപ്പെട്ടപ്പോഴൊക്കെ അവൻ നീട്ടി തന്നത് അവന്റെ ചൂണ്ടാണി വിരലാണ് മൂന്നു വിരലുകൾ അവനിലെയ്ക്ക് മടക്കിയും തള്ളവിരൽ ആകാശത്തേക്ക് നീട്ടിയും എന്നിലേക്ക്‌ ചൂണ്ടി പിടിച്ച അവന്റെ ചൂണ്ടു വിരലിൽ അവനെ താൻ അപ്പോഴൊക്കെയും തൊട്ടറിഞ്ഞു ....!
.
അതുപോലെതന്നെയായിരുന്നു ആ വീട് കടൽക്കരയിലായിരുന്നു എന്നതും . ചെകുത്താനും കടലിനുമിടയിൽ എന്നാ പഴമൊഴി പറഞ്ഞ് താൻ അവനെ കളിയാക്കാറുള്ളപ്പോഴൊക്കെയും അവൻ തീരെ അസ്വസ്ഥ നായിരുന്നത് താൻ ഇപ്പോഴുമോർക്കുന്നു . ചെന്നികളിൽ വിയർപ്പുപൊടിയുന്നതും ഹൃദയം ക്രമരഹിതമായി വേഗത്തിൽ മിടിക്കുന്നതും അവനെനിക്ക് തൊട്ടുകാണിച്ചു തന്നിരുന്നു അപ്പോഴെല്ലാം ...!
.
അവശതയോടെ അവനെ താൻ കണ്ടതെല്ലാം കടൽ ശാന്തമായിരിക്കുംപോൾ മാത്രമായിരുന്നു . നനുത്ത തിരകൾ അവനിൽ വേദനയാണ് തഴുകിയെത്തിയിരുന്നതെന്ന് താൻ എപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു . പ്രണയത്തോടെ കടൽ കരയെ തോടുമ്പോഴോക്കെയും അവൻ തീർത്തും ഭ്രാന്തമായ അസ്വസ്ഥതയോടെയായി . സന്ധ്യകളും പ്രഭാതങ്ങളും അവനിലേയ്ക്ക് കടുത്ത ചുവപ്പിന്റെ താളമാണ് എത്തിച്ചിരുന്നതെന്നും ...!
.
യാത്ര തുടങ്ങേണ്ടിയിരിക്കുന്നു .. ഇപ്പോൾ എന്തായാലും ആശ്വസിക്കാം . ചുവപ്പും കറുപ്പും മാത്രം ചായങ്ങൾ തേച്ച , വെളിച്ചം വീഴാത്ത കോണി ചുവടുകൾ കടന്ന് എഴുപത്തിരണ്ട് പടികളും കയറിച്ചെല്ലുമ്പോൾ അവന്റെ കൈപിടിക്കാനെങ്കിലും അവളുണ്ടല്ലോ അടുത്ത് . ഇനി അവനുവേണ്ട കാഴ്ച്ചയുടെ ഒരു തുണ്ടെങ്കിലും കണ്ടെത്താൻ തനിക്ക് യാത്ര തുടങ്ങാം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, October 11, 2014

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!
.
ഓരോ പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രതീക്ഷകളും പ്രചോദനങ്ങളുമാണ് മിക്കപ്പോഴും . ആഗ്രഹമില്ലെങ്കിലും അത് നൽകുന്നതിലെ ആനന്ദവും ആത്മ വിശ്വാസവും അംഗീകാരവും മിക്കവരും ഇഷ്ടപ്പെടുന്നു എന്നതും സത്യം തന്നെ . ഓരോ പുരസ്കാരങ്ങളും വ്യത്യസ്ഥ മാനദണ്ഡങ്ങളിലും സാഹചര്യങ്ങളിലും ആണെങ്കിലും അവയുടെ പൊതു വികാരം എല്ലായ്പോഴും ഒന്നുതന്നെയുമാണ് ...!
.
സമിതികൾ സമൂഹങ്ങൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സർക്കാരുകൾ തുടങ്ങി പുരസ്കാരം നൽകുന്നവർ നിരവധിയാണ് . ചിലർ അതിന് എല്ലാ അർത്ഥത്തിലും അവകാശപ്പെട്ടവർക്ക് തന്നെ പുരസ്കാരങ്ങൾ നൽകാൻ കഠിന പ്രയത്നം നൽകുമ്പോൾ ചിലരെങ്കിലും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും അതിനു സമാനരായവർക്ക് ദാനം നൽകുകയും ചെയ്യുന്നു ...!
.
പുരസ്കാരങ്ങൾ അംഗീകാരങ്ങളേക്കാൾ ചിലപ്പോഴെങ്കിലും പ്രശസ്തിക്ക് വേണ്ടി മാത്രവും ആയിത്തീരുന്നു . പ്രതീക്ഷിച്ചോ അല്ലാതെയോ ചിലരെങ്കിലും പുരസ്കാരങ്ങൾ കൊണ്ട് മാത്രം അറിയപ്പെടുകയും ചെയ്യുന്നു, ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും . അറിയപ്പെടാൻ മാത്രം വേണ്ടി ചിലരെങ്കിലും പുരസ്കാരങ്ങൾ സ്വാധീനിച്ച് കൈക്കലാക്കുകയും ചെയ്യുന്നു ....!
.
പുരസ്കാര ജേതാക്കൾ ചിലപ്പോഴെല്ലാം തങ്ങളുടെ പുരസ്കാരങ്ങളെ ലോകത്തോട്‌, അല്ലെങ്കിൽ സമൂഹത്തോട് , അതിന്റെ തെറ്റായ കാഴ്ചപ്പാടുകളോട് ഉള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള മാധ്യമമായും ഉപയോഗിക്കാറുണ്ട് . പുരസ്കാരങ്ങൾ നിരസിച്ചുകൊണ്ട് അല്ലെങ്കിൽ ഉപേക്ഷിച്ചുകൊണ്ട് അവർ വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു പലപ്പോഴും . ...പുരസ്കാരനിർണ്ണയ സമിതികളും ചിലപ്പോഴെല്ലാം അർഹത പ്പെട്ടവർക്ക് അത് മനപ്പൂർവ്വം നൽകാതെയും നീതികേട്‌ കാണിക്കാറുമുണ്ട്....!
.
പുരസ്കാരങ്ങൾ ചിലർക്ക് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും ആയിരിക്കുമെങ്കിലും മറ്റുചിലർക്ക് അത് അപ്രതീക്ഷിതവുമായിരിക്കും . ചിലർ പുരസ്കാരങ്ങൾ മുൻകൂട്ടി കണ്ട് അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് കൈക്കലാക്കുമ്പോൾ മറ്റു ചിലർ അങ്ങിനെയൊന്ന് ആഗ്രഹിക്കുക കൂടി ചെയ്യാതെ തന്റെ നിസ്വാർത്ഥ കർമ്മങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു . ചിലരിൽ പുരസ്കാരങ്ങൾ സമൂല മാറ്റം വരുത്തുമ്പോൾ മറ്റുചിലരിൽ അത് ഒരു സാധാരണ സംഭവം മാത്രവുമാകുന്നു . മറ്റു ചിലർക്കെങ്കിലും ആഗ്രഹിക്കുന്ന പുരസ്കാരങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശയും വിഷമവും കോപവും ഉണ്ടാവുകയും ചെയ്യുന്നു ....!
.
മിക്കവാറും എല്ലാ പുരസ്കാരങ്ങൾക്കും അതിന്റെതായ നിലയും വിലയുമുണ്ട് ചിലത് പാരമ്പര്യം കൊണ്ടും ചിലത് തുകകൊണ്ടും മറ്റു ചിലത് പ്രശസ്തികൊണ്ടും ഇനി ചിലത് അതിന്റെ സത്യസന്ധത കൊണ്ടും വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു . പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാര മാകുമ്പോൾ അത് നല്ല കർമ്മങ്ങൾ ചെയ്യാൻ സമൂഹത്തിനും വ്യക്തികൾക്കും പ്രോത്സാഹനവും മാർഗ്ഗ ദർശിയുമാകുന്നു ...!
.
ചില പൊതു മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള സമിതികൾ അവ കൽപ്പിക്കാറുള്ളത് . ആത്മാർതമായും സത്യസന്തമായും അവർ അത് നിർവ്വഹിക്കുന്നു എന്ന് തന്നെയാണ് പൊതുധാരണയും വിശ്വാസവും . മഹാഭൂരിപക്ഷവും അങ്ങിനെതന്നെ വിശ്വസിക്കുകയും ചെയ്യുന്നു എങ്കിലും ചിലപ്പോഴെങ്കിലും അത് അങ്ങിനെയല്ലാതെയും ആകുന്നു എന്നതും സത്യമാണ് . ആ സമിതികളുടെ കഴിവുകളിലും അവരുടെ വിധിനിർണ്ണയത്തിലും പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പുരസ്കാര ജേതാവ് ഒരളവുവരെയെങ്കിലും അതിന് അർഹാനാനെങ്കിൽ പൊതുവായി അത് അന്ഗീകരിക്കപ്പെടുക തന്നെയാണ് പതിവ് ...!
.
ഓരോ പുരസ്കാരങ്ങളും അതെത്ര ചെറുതായാലും വലുതായാലും സത്യസന്തമായിരിക്കണം എന്നുതന്നെയാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത് എന്നാൽ അതിനു വിപരീതമായി പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള ആ സമിതികളുടെ വ്യക്തി താപ്തര്യങ്ങളും രാഷ്ട്രീയ, മത, വര്ഗ്ഗ, സാമൂഹിക, രാജ്യ താത്പര്യങ്ങളും ഇവയിൽ പലപ്പോഴും ഇടം പിടിക്കുന്നു എന്നതാണ് സത്യം . അങ്ങിനെവരുമ്പോഴാണ് പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുന്നത് . ...!
.
പങ്കുവെക്കപ്പെടുന്ന പുരസ്കാരങ്ങളും അത് അർഹരായവർക്ക് തന്നെയാണ് ചിലപ്പോഴെല്ലാം നൽകുന്നത് എങ്കിലും അത് നഷ്ട്ടപ്പെടുതുന്നത് ആ പുരസ്കാരങ്ങളുടെ സത്യസന്തതയെയാണ് എന്നതാണ് സത്യം . അത് ആ പുരസ്കാരങ്ങളുടെ അന്തസ്സിനേയും ആഭിജാതിത്യതെയും നേരിട്ട് തന്നെ ബാധിക്കുന്നു എന്ന് അത് നൽകുന്നവർ മനസ്സിലാക്കിയാൽ അതിന്റെ അന്തസ്സ് എല്ലാകാലത്തും ഒരുപോലെതന്നെ നിലനിൽക്കുക തന്നെചെയ്യും ..!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 9, 2014

രൂപങ്ങൾ .....!!!

രൂപങ്ങൾ .....!!!
.
നിശ്ചലതയാണ് ... ബാക്കി എങ്ങിനെ തുടരണം എന്നറിയാത്ത നിശ്ചലത.... അല്ലെങ്കിൽ എങ്ങിനെയാണ് നിശ്ചലത എന്ന് പറയുക ... ഇതുവരെ എത്തിച്ചത് താൻ തന്നെയെങ്കിൽ തുടരേണ്ടതും താൻ തന്നെയല്ലേ ..., അതെ തീർച്ചയായും തുടർച്ച തന്റെ തന്നെ അവകാശവുമാകുന്നു .... അപ്പോൾ നിശ്ചലത എന്നതിന് പകരം നിരുത്തരവാദപരം എന്നാക്കേണ്ടിയിരിക്കുന്നു ...!
.
മുഖമാണ് എന്നത്തേയും പോലെ അപ്പോഴും എഴുതി തുടങ്ങിയത് ... എല്ലാം പതിവുകൾക്ക് വിപരീതമെന്നതിനാൽ അതിലെനിക്കൊരു പുതുമയും തോന്നിയതുമില്ല .. ഉടൽ കൈകാലുകൾ അങ്ങിനെ ശരീരം മൊത്തമായും പൂർണ്ണമാകുമ്പോൾ പക്ഷേ മുഖം ... മുഖം മാത്രം ശരീരത്തിന് ചേരാത്തതാകുന്നു ....!
.
കണ്ണുകളുടെ സ്ഥാനത്തിനു ഒരുപാട് പ്രാധാന്ന്യമുണ്ടെന്ന് ഞാൻ പണ്ടേ മനസ്സിലാക്കി വെച്ചിട്ടുണ്ട് . മൂക്കിനും വായ്ക്കുമൊപ്പം പുരികത്തിനുവരെ . കവിളുകളിൽ ശോണിമ വരുത്താനും നെറ്റിയിൽ പ്രൌഡി വരുത്താനും ശ്രദ്ധിക്കണമെന്നും . ചെവികൾ കൂർത്തിരിക്കണമെന്ന് ആരാണ് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ലെങ്കിലും ...!
.
പട്ടിണിക്കാരനെങ്കിലും ശരീരത്തിൽ അത് കാണിച്ചു കൊല്ലണമെന്നില്ലെന്നാണ് എന്റെ സുഹൃത്തെന്നോട് പറഞ്ഞത് . ചിത്രത്തിന് ഒരു ആഡ്യത്വം ഉണ്ടാകില്ലത്രേ . ശരിയായിരിക്കാം . കടഞ്ഞെടുത്ത ശരീരവും മിഴിവൊത്ത കൈകാലുകളും രൂപപ്പെടുത്തുമ്പോൾ അത് ഞാൻ ഒർക്കാതെയുമിരുന്നില്ല ...!
.
എന്നിട്ടും ...... അതെ , അല്ലെങ്കിലും അതങ്ങിനെയാണെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുമുണ്ട് ... ശരീരത്തിനും മുഖത്തിനുമിടയിൽ ഒരു ശൂന്ന്യത . അത് ചിലപ്പോൾ ചേരാതെ ചേരുന്ന മനസ്സ് എന്നൊരു വസ്തു എവിടെ സ്ഥാപിക്കണം എന്ന് എനിക്ക് നിശ്ചയമില്ലാത്തത് കൊണ്ടാണെന്നാണ് ഞാൻ ഇതുവരെയും കരുതി പോന്നിരുന്നതും ....!
.
ഇനി വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു .. ശരീരത്തിന് ചേരുന്ന മുഖമോ , അതോ മുഖത്തിന്‌ ചേരുന്ന ശരീരമോ എന്നുമാത്രം ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 8, 2014

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!
.
ബന്ധങ്ങൾ എന്നത് പവിത്രമാണ് ദൈവീകവും . ദൈവവും മനുഷ്യനും തമ്മിൽ , മനുഷ്യനും മനുഷ്യനും തമ്മിൽ , മനുഷ്യനും മൃഗങ്ങളും തമ്മിൽ , മനുഷ്യനും പ്രകൃതിയും തമ്മിൽ ....! സുദൃഡവും സത്യസന്ധവുമായ ബന്ധങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജീവിതത്തിൽ . എല്ലാറ്റിലും എന്നപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇതിൽ പ്രത്യേകവുമാകുന്നു പലപ്പോഴും ....!
.
ഓരോ ബന്ധങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യേകതയുള്ളതാണ് . ഓരോ ബന്ധങ്ങളും പവിത്രവുമാണ് , അതുപോലെതന്നെ തികച്ചും വ്യത്യസ്തവും . പരസ്പര പൂരകങ്ങളാണെങ്കിലും ഒരു അമ്മയ്ക്ക് മക്കളോടുള്ള ബന്ധം പോലെയല്ല തിരിച്ച് മക്കൾക്ക്‌ അമ്മയോടുള്ളത് എന്നതുപോലെ തന്നെ ബന്ധങ്ങൾ സങ്കീർണ്ണവുമാണ് എല്ലായ്പോഴും ...!
.
ജീവിതത്തിന്റെ നിലനിൽപ്പുപൊലെ പരമപ്രധാനം തന്നെയാണ് ഓരോ ബന്ധങ്ങളുടെ നിലനിൽപ്പും . കാരണം അത് രണ്ട് വ്യക്തികൾ തമ്മിൽ എന്നതിനേക്കാൾ രണ്ട് ജീവിതങ്ങൾ തമ്മിൽ എന്ന വലിയ അർത്ഥ തലത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥാ വിശേഷമാണ് എന്നത് തന്നെ . അതുകൊണ്ട് തന്നെ , ഓരോ ബന്ധങ്ങളും അത് എത്രത്തോളം സത്യസന്ധവും ദൃഡവുമാണ് എന്നത് ആശ്രയിച്ചാണ് ആ ബന്ധങ്ങൽക്കുള്ളിലെ ജീവിതവും നിലനില്ക്കുന്നത് ...!
.
സത്യസന്ധതകഴിഞ്ഞാൽ പിന്നെ ഓരോ ബന്ധങ്ങളിലും ഏറ്റവും പ്രധാനമായത് വിശ്വാസമാണ് . വിശ്വാസത്തിന്റെ പ്രസക്തി സാഹചര്യങ്ങളുമായി സംവദിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ പൊരുത്തപെടുത്തേണ്ടി വരുമ്പോൾ അതിന്റെ സത്യസന്ധതയ്ക്ക് ഭംഗം വരുന്നു , അത് ബന്ധങ്ങളെയും അവയുടെ നിലനിൽപ്പിനേയും നേരിട്ട് തന്നെ ബാധിക്കുകയും ചെയ്യുന്നു . പ്രത്യേകിച്ചും ചില ബന്ധങ്ങൾ നിലനില്ക്കുന്നത് തന്നെ വിശ്വാസത്തിൽ അധിഷ്ടിതമായി മാത്രവുമാണ് എന്ന സാഹചര്യങ്ങളിൽ ...!
.
ബന്ധങ്ങൾ നിലനിൽക്കുന്നതിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും വലുതായ പങ്ക് വഹിക്കുന്നുണ്ട് എപ്പോഴും . മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നത് തന്നെ അതിലെ പ്രാധാന്യം . അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളെയും സമൂഹം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതും പ്രധാനം തന്നെ . ബന്ധങ്ങൾ അതിന്റെ യഥാർത്ഥ തലത്തിൽ എങ്ങിനെയാണ് അല്ലെങ്കിൽ എന്താണ് എന്നതുപോലെ ഇതും അതുകൊണ്ട് തന്നെ പ്രാധാന്യം അർഹിക്കുന്നു പലപ്പോഴും ...!
.
ഓരോ ബന്ധങ്ങൾക്കും ഓരോ വ്യാഖ്യാനങ്ങളുണ്ട്‌ സത്യത്തിൽ . അമ്മയും മക്കളും തമ്മിൽ , അച്ഛനും അമ്മയും തമ്മിൽ സഹോദരനും സഹോദരിയും തമ്മിൽ , സുഹൃത്തുക്കൾ തമ്മിൽ അങ്ങിനെ അങ്ങിനെ. ഓരോ ബന്ധങ്ങൾക്കും അതിന്റേതായ ചട്ടക്കൂടുകളും അലിഖിതമെങ്കിലും ഒരു നിയമാവലിയുമുണ്ട് . അതിരുകളും അർത്ഥങ്ങളും ഉണ്ട് . അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ആ ബന്ധങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. നല്ല ബന്ധങ്ങൾ ചീത്തവയായി മാറുന്നു . പലപ്പോഴും അത് മഹാദുരന്തങ്ങളും ആയി തീരുന്നു ...!
.
ഒരു അമ്മ മകനെ തഴുകുന്നത് വാത്സല്യത്തോടെയാണെങ്കിൽ, അകമഴിഞ്ഞ സ്നേഹത്തോടെയാണെങ്കിൽ അത് കണ്ടു നിൽക്കുന്നവർക്കും അത് അങ്ങിനെതന്നെ അനുഭവമാകണം എന്നില്ല പലപ്പോഴും . അത് ചിലപ്പോഴെല്ലാം കാണുന്നവരുടെ കാഴ്ച്ചയുടെ പ്രശ്നവുമാകാം . എന്നിരുന്നാലും സത്യസന്ധതയ്ക്കപ്പുറം അവരുടെ കഴ്ചക്കനുസരിച്ചുള്ള ഒരു വ്യാഖ്യാനം അതിന് വന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന്റെ പവിത്രത തന്നെ നഷ്ട്ടമാവുകയായി അവിടെ ...!
.
ലൈഗികതയാണ് പല ബന്ധങ്ങളിലെയും പവിത്രതയ്ക്കു കോട്ടം വരുത്തുന്നതിൽ പലപ്പോഴും വില്ലനാകുന്നത് . ലൈഗികത എന്നതും ദൈവീകമാണെന്നും അത് എല്ലാ ബന്ധങ്ങളിലും എന്നപോലെ അനുവദനീയമായ സാഹചര്യങ്ങളിൽ മാത്രം ആകാം എന്നതിനും അപ്പുറം ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് വ്യതിചലിക്കുമ്പോൾ ചിലപ്പോഴെല്ലാം സമൂഹത്തിലും തെറ്റായ ഒരു സന്ദേശം എത്തിക്കാനും കഴിയുന്നു അതിന് . എല്ലാ ബന്ധങ്ങളെയും നശിപ്പിക്കുന്ന വിഷമാകുന്ന സംശയം ഇവിടെയും അങ്ങിനെതന്നെ അവതരികുകയും അതിന് ശക്തി പകരുകയും ചെയ്യുകയും ചെയ്യുന്നു ...!
.
അതിന് ബലം നൽകാൻ ചില ബന്ധങ്ങൾ യാഥാർത്യതിലും അങ്ങിനെയുള്ളതായി ഉണ്ട് എന്നാകുമ്പോഴാണ് . സൌഹൃദങ്ങൾക്കപ്പുറം രക്ത ബന്ധങ്ങൾ വരെ ചിലപ്പോഴെല്ലാം വഴിമാറി സഞ്ചരിക്കുന്നത് സമൂഹത്തെ കൂടുതൽ പ്രകോപിതരാക്കുന്നു . പിന്നെ കാണുന്നതിലെല്ലാം കാഴ്ച്ചയ്ക്കപ്പുറതേയ്ക്കു പോകാൻ തയ്യാറാകാൻ കൂട്ടാക്കാതെ ഒരു സാധാരണ മനുഷ്യന്റെ സാധാരണ കഴ്ചമാത്രമാകുന്നു ബന്ധങ്ങളിലും . ....!
.
അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളിലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ആ ബന്ധങ്ങളിൽ നിലനിൽക്കുന്ന ഓരോ വ്യക്തിയുടെയും അനിവാര്യതയായി മാറുന്നു. നിലവിലെ ബന്ധത്തിൽ വിശ്വാസമോ ആത്മാര്തതയോ ഇല്ലെങ്കിൽ ആ ബന്ധത്തിൽ തുടർന്നുകൊണ്ട് തന്റെ പങ്കാളിയോട് ചതി പ്രവർത്തിച്ച് മറ്റുള്ളവരുമായി അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് പകരം, ആ ബന്ധം അവസാനിപ്പിച്ച ശേഷം പുതിയ ബന്ധം തുടങ്ങുന്നത് അനിവാര്യവുമാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Thursday, October 2, 2014

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!
.
പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് . ഒരുപാട് പ്രയത്നവും ആത്മാർഥതയും ത്യാഗവും സത്യസന്തതയും ഒക്കെ ആവശ്യമുള്ള ഒരു തരം സമർപ്പണ സ്വഭാവമുള്ള ഒരു വലിയ ജോലി . വിദ്യാർഥിയുടെ മാനസീകാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് തന്റെ സ്വഭാവം പോലും നിയന്ത്രിച്ച്‌ കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു സത്കർമ്മം കൂടിയാകുന്നു പഠിപ്പിക്കൽ . ഭാവിയെ, ഒരു സമൂഹത്തെ തന്നെയാണ് ഓരോ അധ്യാപകരും വാർത്തെടുക്കുന്നത് . അതുകൊണ്ട് തന്നെയാണ് ഈ പ്രവർത്തി മഹത്തരം ആകുന്നതും . ....!
.
ഭാരതത്തിന്‌ അതിന്റെതായ ഒരു വിദ്യാഭ്യാസ സംസ്കാരവും ഉണ്ട് . ഗുരുക്കൾ ഒരു തപസ്സുപോലെ അവരുടെ അടുത്ത് പഠനത്തിന് എത്തുന്ന വിദ്യാർഥികളെ അവരവരുടെ താത്പര്യത്തിന് , അഭിരുചികൾക്ക് , അവരവരുടെ കഴിവുകൾക്ക് അനുസരിച്ച് തരം തിരിച്ച് പഠിപ്പിച്ചെടുക്കുന്ന ശ്രമകരമായ ഒരു വലിയ ദൌത്യമാണ് ഗുരുക്കന്മാർ ചെയ്തു പോന്നിരുന്നത്. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മത, വർഗ്ഗ, സാമൂഹിക വ്യത്യാസമില്ലാതെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു എപ്പോഴും നിലനിന്നിരുന്നത് ...!
.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കലാലയങ്ങളും വളരുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും , മാതൃകാപരമായ അല്ലെങ്കിൽ ചരിത്രപരമായ അധ്യാപക വിദ്യാർഥി സമൂഹവും നിലനിന്നിരുന്ന ഒരു രാജ്യമാണ് ഭാരതം . മികച്ച അധ്യാപകരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുക്കളിൽ ഒന്നെന്ന് നാം എപ്പോഴെ തിരിച്ചറിഞ്ഞിരുന്നു . അതുകൊണ്ടുതന്നെ കൃത്യമായ പരിശീലന പ്രക്രിയകളിലൂടെ മികച്ച അധ്യാപകരെ വാർത്തെടുക്കാനുള്ള പദ്ധതികളും ഇവിടെ നിലനിന്നിരുന്നു. ഒരു ആരാധനാലയത്തിന്റെ പരിശുദ്ധിയോടെയാണ് ഭാരതത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കലാലയങ്ങൾ രൂപീകരിച്ചിരുന്നതും നിലനിന്നിരുന്നതും ...!
.
പഠിപ്പിക്കുക എന്നതിന് ആദ്യം വേണ്ടത് അത് ചെയ്യുന്ന ആൾ അതിന് യോഗ്യനാവുക എന്നതാണ്. കഴിവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാൾ തീർച്ചയായും അതിന് യോഗ്യനാവുക തന്നെ വേണം . ഏതൊരു പ്രവർത്തിയെയും പോലെ പഠിപ്പിക്കലും ഒരു തൊഴിൽ തന്നെയാണെങ്കിലും അതിനെ വ്യത്യസ്തമാക്കുന്ന മറ്റു പല ഘടകങ്ങളും കൂടിയുണ്ട് . ഒന്നാമതായി ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തൊഴിൽ അല്ല എന്നത് തന്നെയാണ് പഠിപ്പിക്കുന്ന വ്യക്തിക്കൊപ്പം പഠിക്കുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും പിന്നെ ഈ സമൂഹത്തിനും ഇതിൽ വ്യക്തവും തുല്ല്യവുമായ പങ്കുണ്ട് . അതിൽ പരമ പ്രധാനമായ ഒന്നാണ് പരസ്പരമുള്ള ( അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ) സ്നേഹവും വിശ്വാസവും ആത്മാർഥതയും കടമയും ..!
.
ഒരു വിദ്യാർഥി ക്ക് അവന്റെ രണ്ടാമത്തെ വീടാണ് വിദ്യാലയം . അമ്മയെപോലെ കാണപ്പെട്ട ദൈവമാണ് അവന്റെ ഗുരു . പലപ്പോഴും അമ്മയോട് പോലും പറയാത്ത പലതും കുട്ടികൾ അവരവർക്കിഷ്ട്ടപ്പെട്ട അധ്യാപകരോട് മനസ്സുതുറന്ന് പറയാറുണ്ട്‌ , സ്നേഹിച്ച് അടുത്തിടപഴകാറുണ്ട് . ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർഥിയെ ( തിരിച്ചും ) തന്റെ ക്ലാസ്സ്‌ സമയം അല്ലെങ്കിൽ ആ അധ്യയന വർഷം കഴിഞ്ഞാൽ ഒഴിവാക്കാറുമില്ല . ജീവിതകാലതെയ്ക്ക് മുഴുവൻ അവർ ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് ഈ തൊഴിലും ഈ തൊഴിലിടവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ....!
.
പഠിപ്പിക്കൽ ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കച്ചവടമായി മാറുന്നിടത്ത് നിന്നാണ് കൂടുതലായും ഇതിലെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് . കലാലയങ്ങളുടെ ഉത്തരവാദിത്വം പൊതു സമൂഹത്തിൽ നിന്നും വ്യക്തികളിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോൾ സ്വാഭാവികമായും അവരതിനെ കച്ചവടപ്പെടുത്തും . അങ്ങിനെ വരുമ്പോൾ ആ സ്വാർത്ഥതയ്ക്ക് മുന്നിൽ പവിത്രമായ ഈ കർമ്മം ഒരു തൊഴിൽ എന്നതിലെയ്ക്ക് മാത്രം തരംതാഴ്തപ്പെടുകയും ചെയ്യും എന്ന് നിസ്സംശയം പറയാം ...!
.
അപവാദങ്ങൾ എല്ലായിടത്തുമുണ്ട് എല്ലാറ്റിനും . ശിഷ്യന്റെ പെരുവിരൽ അറുത്തുവാങ്ങിയ ദ്രോണരിൽ നിന്ന് തുടങ്ങുന്നു ആ കഥ. എങ്കിലും ആ ദ്രോണരും മഹാനായ ഒരു ഗുരുതന്നെയായിരുന്നു എന്ന് മറന്നുകൂടാ . ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായി എന്നുവെച്ച് ആ സമൂഹത്തെ ഒന്നാകെ അക്ഷേപിക്കുന്നതിൽ കാര്യമില്ല . ഒരോ വിദ്യാർത്തിയും അവന്റെ അധ്യാപകനിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളും ഉണ്ട് . വീട്ടിൽ ഭാര്യയോടോ ഭർത്താവിനോടോ വഴക്കിട്ട്‌ ആ ദേഷ്യവുമായി ക്ലാസ്സിലെത്തി ആ ദേഷ്യം മുഴുവൻ കുട്ടികളോട് തീർക്കുന്ന അധ്യാപകരും ഇഷ്ട്ടമില്ലാത്ത ജോലി നിവൃത്തികേടുകൊണ്ട് ചെയ്യുന്ന അധ്യാപകരും ആളെ തികയ്ക്കാൻ സ്കൂൾ മുതലാളി വഴിയിൽ നിന്നെന്ന പോലെ പിടിച്ചുകൊണ്ടു വരുന്ന അധ്യാപകരും ഒക്കെ ഇതിലെ കരടുകൾ തന്നെയാണ് ...!
.
എങ്കിലും ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും ആദരവും ഉണ്ട്. അതിന്റെ ഉത്തരവാദിത്വം തീർച്ചയായും ആ തൊഴിലാളിയുടെ കയ്യിൽ തന്നെയാണ് താനും . താൻ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യാനും ഓരോ തൊഴിലാളിയും തയ്യാറാവുകതന്നെ വേണം വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് ഇത് മറ്റുള്ളവരുടെകൂടി കാര്യമാണ്, വേണമെങ്കിൽ അവർ ചെയ്യട്ടെ എന്ന മനോഭാവം മാറ്റിവെച്ച് പഠിപ്പിക്കൽ എന്നത് ഒരു വ്യക്തിക്കുവേണ്ടി മാത്രമല്ല ഈ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വവും കടമയും ആണെന്ന് കൂടി കണക്കിലെടുത്ത് ഓരോ അധ്യാപകനും മുന്നോട്ടുപോകാൻ തയ്യാറാവുകതെന്നെ വേണം. അതിനാകട്ടെ ഇനിയെങ്കിലുമുള്ള ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 1, 2014

പ്രത്യുപകാരം ...!!!

പ്രത്യുപകാരം ...!!!
.
ആരും
തിരിച്ചൊന്നും
ചെയ്യുമെന്ന് കരുതിയല്ല
ആരെയും
സഹായിക്കുന്നതെന്ന്
മറ്റുള്ളവരോട്
പരിഭവം പറയുമ്പോൾ തന്നെ
തിരിച്ചുള്ള സഹായമോ
നന്ദിയോ
മനസ്സുകൊണ്ടെങ്കിലും
പ്രതീക്ഷിച്ചിരുന്നു എന്ന്
വ്യക്തമല്ലേ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...