Monday, December 29, 2014

പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!

പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
.
ജീവിക്കാൻ ഏതൊരു ജീവിക്കും അവകാശമുണ്ട്‌ എന്നത് പോലെ തന്നെ തനിക്ക് പ്രിയമോ അപ്രിയമോ ആയ എന്തിനോടും പ്രതികരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്‌ . ഭാരതത്തിന്റെ ഭരണഘടന അതിന് സംരക്ഷണവും നല്കുന്നുണ്ട് . പ്രതികരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്‌ എന്നതുപോലെ തന്നെ പരമ പ്രധാനമാണ് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ എല്ലാ വ്യക്തികൾക്കും ഉള്ള അവകാശവും . ഇതും ഭരണഘടനയും നിയമവും ഒക്കെ അനുശാസിക്കുന്നത് തന്നെ . പ്രതികരണ ശേഷിയില്ലാതവരെ ആരും അംഗീകരിക്കില്ല എന്നതും സത്യം തന്നെ ..!
.
പ്രതികരണങ്ങൾ വ്യക്തി പരമോ സാമൂഹികമോ ഒക്കെയാകാം . അത് വ്യക്തിപരമായി ഒരാൾ മാത്രം നടത്തുന്നതും കൂട്ടായി സംഘടനകളോ സംവിധാനങ്ങളോ നടത്തുന്നതും ആകാം . ഓരോ പ്രതികരണങ്ങൾക്കും കാലത്തിനും ദേശത്തിനും സാമൂഹിക വ്യവസ്ഥിതികൾക്കും അനുസരിച്ച് വ്യത്യസ്ഥതയും മാറ്റവും ഉണ്ടാകാം . ചിലത് സമാധാന പരവും ചിലത് അക്രമാസക്തവും ആകാം . ചില ഏകാധിപതികളായ ഭരണാധികാരികൾ അല്ലെങ്കിൽ ചില പ്രത്യേക തത്വസംഹിതകളിൽ അല്ലെങ്കിൽ സംവിധാനങ്ങളിൽ നിലനിൽക്കുന്ന രാജ്യങ്ങൾ പ്രതികരണങ്ങളെ അവഗണിക്കുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും അവിടെയും ഏതെങ്കിലും മാർഗ്ഗങ്ങളിൽ പ്രതികരികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യാറുണ്ട് ..!
.
ശ്രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട്‌ മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...!
.
പ്രതികരണം മൌനമായും വാചാലമായും ആകാം . നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒക്കെ പ്രതികരണങ്ങൾ പലവിധമാകാം . പ്രതികരിക്കാതിരിക്കുന്നതും ചിലപ്പോൾ പ്രതികരണത്തിന്റെ മാർഗ്ഗമാകാം . പ്രതികരണം അനുകൂലവും പ്രതികൂലവും ആവുകയും ചെയ്യാം . എങ്ങിനെയായാലും പ്രതികരിക്കുക എന്നത് മാനുഷിക ധർമ്മം തന്നെയാണ് . നിസ്സാര കാര്യങ്ങൾക്ക് വരെ ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഉണ്ടാക്കി അതൊരു വലിയ സംഭവമാക്കി മാറ്റുന്നതുപോലെ വലിയ സംഭവങ്ങൾ ആകേണ്ട വസ്തുതകൾ വേണ്ടവിധം പ്രതികരിക്കാതതിനാൽ ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിനു തന്നെ തീരാ നഷ്ടങ്ങൾ ഉണ്ടാകുന്നവയും ഉണ്ട് . ....!
.
ഇന്നത്തെ സാഹചര്യത്തിൽ പലരും ആത്മ രോഷം പ്രകടിപ്പിക്കാനും ധീരരെന്നും പ്രതികരിക്കാൻ തയ്യാരുള്ളവരെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനും മാത്രവും ശ്രമിക്കാറുണ്ട് . ചിലപ്പോഴെല്ലാം മറ്റുള്ളവരെ കരിവാരിത്തേക്കാനും അവഹേളിക്കാനും വേണ്ടിയും ചിലർ ശ്രമിക്കാറുണ്ട് . ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ അതുപോലെയുള്ള മറവുകളിലൂടെ മാത്രം വീര ശൂര പരാക്രമികൾ ആകുന്ന ഇക്കൂട്ടരിൽ ചിലരെങ്കിലും പക്ഷെ നേരിട്ട് ഒരിക്കലും പ്രതികരിക്കാറില്ല എന്നതാണ് സത്യം . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതികരിക്കുന്നവരും ചിലപ്പോഴെല്ലാം വിപരീത ഫലം തന്നെയാണ് ഉണ്ടാക്കുന്നത്‌ ...!
.
പ്രതികരണം ജീവികുലതിന്റെയും മാനവികതയുടെയും ഒക്കെ അവശ്യ ഘടകം തന്നെയെങ്കിലും ചിലപ്പോഴെല്ലാം അത് വഴിമാറി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു . അനാവശ്യ കാര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ആവശ്യമുള്ള കാര്യത്തിനു തന്നെയെങ്കിലും പ്രതികരിക്കുന്ന രീതി നീതീകരിക്കാൻ പറ്റാത്തതോ അയാൽ അവിടെ ആ പ്രതികരണത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയും അതുപിന്നെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ പിന്നീടുള്ള തലമുറയുടെ പ്രതികരണ ശേഷിയെതന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കിയേ തീരു . പ്രതികരണത്തോടൊപ്പം നമുക്ക് വേണ്ടത് ആത്മാർഥമായ പ്രവർത്തി കൂടിയാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, December 22, 2014

തീ ...!!!

തീ ...!!!
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, December 20, 2014

ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!

ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!
.
ഒരു തികഞ്ഞ ഭാരതീയനെങ്കിലും , ഒരു രാഷ്ട്രീയക്കാരൻ ആകണമെന്ന് ആഗ്രഹിക്കുകയും പിന്നീട് എനിക്കതിനുള്ള കഴിവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു ജനസേവകൻ എങ്കിലും ആയിത്തീരാൻ ശ്രമിക്കുകയും , ഒടുവിൽ ആരുമായിതീരാതെ എനിക്ക് ഞാൻ തന്നെ ആരെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . വേദ പുസ്തകത്തിന്റെ പരിശുദ്ധിയേക്കാൾ, പവിത്രതയോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല ഗ്രന്ഥങ്ങൾ പലകുറി വായിച്ചുതീർത്തിട്ടും ചോദ്യങ്ങളിൽ സ്വയം കുരുങ്ങുമ്പോൾ ഇങ്ങിനെയൊരു വിലയിരുത്തലിന് എനിക്കുള്ള കഴിവിനെ ഞാൻ സംശയിക്കുന്നുമുണ്ട് . എങ്കിലും ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ അഭിപ്രായം മാത്രം ഇവിടെ പങ്കുവെക്കുന്നു ...!
.
ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിയുകയും അതിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിൽ കൂടി എത്തുകയും അത് അങ്ങിനെ തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തതാണ് ഭാരതീയ സാമൂഹിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രസക്തി . സാമൂഹിക ആചാര്യന്മാരും ആദ്യകാല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ അതിൽ നിർണായകമായ സ്ഥാനം വഹിച്ചിട്ടുമുണ്ട് . അങ്ങിനെ ഒരു വ്യവസ്ഥ നിലനിൽക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ സമാധാന അന്തരീക്ഷത്തിന്റെ നട്ടെല്ലും ...!
.
രാഷ്ട്രീയപരമായി , ഭാരതത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവയുടേതായ താത്വാദിഷ്ടിത നിലപാടുകളുണ്ട്‌ . അവരെ അങ്ങിനെ ആയതിൽ നിന്നോ അങ്ങിനെ തുടരുന്നതിനെയോ ആർക്കും കുറ്റപ്പെടുത്താനും കഴിയില്ല . അവരുടെ ഉത്പതിയും നിലനിൽപ്പും ആശയവും അങ്ങിനെതന്നെയാണ് താനും . ഒരു പ്രത്യേക മത വിഭാഗതിനുവേണ്ടി അല്ലെങ്കിൽ ഒരു പ്രത്യേക ആശയത്തിന്റെ പേരിൽ ഒക്കെ പിറവിയെടുത്ത ഒരു രാഷ്ട്രീയ പാർട്ടി അവർക്കുവേണ്ടി മാത്രം അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് അവരുടെ ശരിതന്നെയും ആകുന്നല്ലോ ...!
.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മുതലാളിത്തമായാലും തൊഴിലാളിത്തമായാലും ഓരോ പാർട്ടികൾക്കും അവരവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആശയങ്ങളും നടപ്പിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും വേണ്ടത് തന്നെ. അത് രാഷ്ട്രത്തേക്കാൾ സമൂഹത്തേക്കാൾ വ്യക്തികളേക്കാൾ അവരവരുടെ ധർമ്മവും കടമയും മറന്ന് , ഓരോ പാർട്ടികളുടെയും വ്യക്തിപരമായ കാര്യം മാത്രമാകുന്നതാണ് ഇതിൽ ഏറെ വേദനാജനകം എങ്കിലും ...!
.
രാഷ്ട്രീയ പാർടികൾ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് വെപ്പ് എങ്കിലും പല പ്രഫല പാര്ടികളെയും നിയന്ത്രിക്കുന്നത്‌ തീർച്ചയായും ചില നിർണ്ണായക ശക്തികളാണ് എന്നത് പരസ്യമായ രഹസ്യമാണ് . അത് മത ജാതീയ സാമൂഹിക സംഘടനകൾ മുതൽ കച്ചവടക്കാരും കോർപറേറ്റുകൾ വരെ വിവിധ ഘടകങ്ങളാകാം . പ്രത്യയ ശാസ്ത്രങ്ങളും പ്രകടന പത്രികകളും പലതുണ്ടെങ്കിലും അവയിലെല്ലാം പലപ്പോഴും സ്വാർത്ഥ താത്പര്യങ്ങളും ഒളിച്ചു വെക്കപ്പെടുന്നു എന്നത് നിരാശാജനകം തന്നെയെങ്കിലും ...!
.
ഒരു വശത്ത് മുതലാളിത്തവും മറുവശത്ത് മറ്റു സ്വാർത്ഥ താത്പര്യക്കാരും അണിനിരക്കുമ്പോൾ തനിച്ച് ഒന്നിനും ത്രാണിയില്ലാത്ത സാധാരണക്കാർ തീർച്ചയായും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന ഒരിടം ഇവിടെ എപ്പോഴും ശക്തമായി അവശേഷിക്കുന്നു എന്നതാണ് സത്യം. ആരോടും വിവേചനമില്ലാതെ ജാതിയുടെയും മതത്തിന്റെയും കുത്തകകളുടെയും അധികാരികളുടെയും സ്വാധീനമില്ലാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ഇപ്പോഴും പല പാർടികൾക്കും സാധിക്കും എന്നും അവർ അങ്ങിനെ ചെയ്യും എന്നും സാധാരണ ജനങ്ങൾ പ്രതീക്ഷ വെച്ച് പുലർത്തുന്നുമുണ്ട് ....!
.
എന്നാൽ അധികാരത്തിന്റെ ഗർവ്വ് പല പാർട്ടികളെയും ബാധിക്കുകയും അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ . തൊഴിലാളി വർഗ്ഗത്തിന് വേണ്ടി അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി എന്ന ലേബലിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുകയും അവരുടെ കൊള്ളരുതായ്മകൾക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുകയും ചെയ്യുക വഴി സാധാരണക്കാരന്റെ മനസ്സിലെ സ്ഥാനം തന്നെയാണ് ഇവരിൽ ചിലരെങ്കിലും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്നത് ...!
.
പ്രവർത്തകർക്കും അതിന്റെ അനുഭാവികൾക്കും മാത്രമുള്ള സംവിധാനം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതാണ് പല മുഖ്യധാരാ പാർടികളും ജനമനസ്സുകളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി സ്വയം ആരെന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് ചില പ്രധാന രാഷ്ട്രീയ കക്ഷികളെങ്കിലും അധപതിച്ചിരിക്കുന്നു എന്നത് തീർത്തും സങ്കടകരവുമാണ് . അത് ശരിയായാലും തെറ്റായാലും അങ്ങിനെ എണ്ണം പറഞ്ഞുള്ള വിശകലനത്തിനും അവതരണത്തിനും ഒരു രാഷ്ട്രീയ പാർടിക്കാരനല്ലാത്ത ഞാൻ തുനിയുന്നത് ശരിയല്ല എന്നതിനാൽ അതിനു മുതിരുന്നുമില്ല ...!
.
വിശദീകരണത്തിനും വിശകലനത്തിനും മുതിരുന്നതിനു പകരം ഭാരതത്തിലെ മാറുന്ന ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇപ്പോഴും അവശേഷിക്കുന്ന സാധാരണക്കാരന്റെ ആ ഇടം തീർച്ചയായും ആരെങ്കിലും പൂരിപ്പിക്കുക തന്നെ വേണം . അധിക്കാരത്തിൽ എത്താനോ ഭരിക്കാനോ സാധിച്ചില്ലെങ്കിലും ഭാരതത്തിന്റെ ഭരണ രാഷ്ട്രീയ തീരുമാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾപ്പിക്കേണ്ടത് ഭാരതത്തിന്റെ ഭാവിക്ക് തന്നെ അത്യന്താപേക്ഷിതമായിരിക്കെ അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകേണ്ടതാണ് ...!
.
ഭാരതത്തിലെ പൊതു സമൂഹം തീർച്ചയായും രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർ തന്നെയാണ് . സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പരിധിവരെ തങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ എപ്പോഴും തയ്യാറാവുകയും ചെയ്യാറുണ്ട് . എന്നാൽ അധികാര ദുർവിനിയോഗവും അഴിമതിയും അക്രമവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ തീർച്ചയായും ഇതിനൊരു വിലങ്ങുതടിയാണ് . ഈ അവസ്ഥ തുടരുന്നത് ഭാരതത്തിന്റെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്യും. ...!
.
ലോകത്തിലെ പല രാജ്യങ്ങളും അവിടുത്തെ അക്രമവും അഴിമതിയും നിറഞ്ഞ പൊതു ഭരണ സംവിധാനത്തിൽ നിന്നും മാറിയത് അതിനേക്കാൾ മോശമായ അവസ്ഥകളിലെയ്ക്കാണ് എന്നത് നാം തീർച്ചയായും ശ്രദ്ധിക്കേണ്ട വസ്തുതയാണ് . അഴിമതിയും അക്രമവും സ്വജനപക്ഷപാതവും കച്ചവടവും പണവും ജാതിയും മതവും തകർത്ത് ഭരിക്കുന്ന ഇന്നത്തെ ഈ രാഷ്ട്രീയ അവസ്ഥ ഭാരതത്തിലെ ജനങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും മാറി ചിന്തിക്കാൻ ഇടവരുത്തിയാൽ അതിന്റെ ഫലം പ്രവചനാതീതമായിരിക്കും . അതിനുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ അഴിമതിയുടെ മൂർതരൂപങ്ങളായ നമ്മുടെ രാഷ്ട്രീയ പാർടികൾ തീർച്ചയായും ശ്രദ്ധിച്ചേ പറ്റൂ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, December 17, 2014

വിതച്ചത് കൊയ്യുന്നവർ ....!!!

വിതച്ചത് കൊയ്യുന്നവർ ....!!!
.
ഭാരതീയ പുരാണത്തിൽ ഒരു കഥയുണ്ട് . അതി കഠിനമായ തപസ്സിലൂടെ തന്റെ ഇഷ്ട ദൈവമായ ശിവനെ പ്രസാദിപ്പിച്ച് ഭസ്മാസുരൻ എന്ന അസുരൻ താൻ ആഗ്രഹിച്ച വരം നേടുന്ന കഥ . പ്രീണനത്തിലും ഭക്തിയിലും സംതൃപ്തനായ ലോകനാഥൻ ആ അസുരന് ആവശ്യത്തിനുള്ള വരവും നൽകി . വരം കിട്ടിയപ്പോൾ അസുരന്റെ ആസുരഭാവം പുറത്തു വരികയും അയാൾ തന്റെ വരം അത് നൽകിയ ആളിൽ തന്നെ പരീക്ഷിച്ച് അതിന്റെ ശക്തി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്തു . ഇതൊരു കഥയാണ്‌ . പക്ഷെ , പുരാണങ്ങളിലെ ഓരോ കഥകളും മാനവ കുലത്തിനുള്ള പാഠങ്ങൾ കൂടിയാണ് എപ്പോഴും ...!
.
അധിനിവേശത്തിന് ലോകശക്തികൾ പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . കച്ചവട തന്ത്രങ്ങൾ , യുദ്ധം തുടങ്ങി അതിലെ ഏറ്റവും നിഷ്ടൂരവും ക്രൂരവുമായ ഒരു മാർഗ്ഗമാണ് ഭീകരപ്രവർത്തനം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനം . അതിനായി തീവ്രവാദി നേതാക്കളെയും ഗ്രൂപ്പുകളെയും ഒക്കെ ചെല്ലും ചിലവും കൊടുത്ത് വളർത്തിയെടുക്കുകയും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഇവർ പലപ്പോഴും . അധിനിവേശത്തിനു മാത്രമല്ലാതെ ശത്രു രാജ്യങ്ങളെ ആക്രമിക്കാനും അയൽ രാജ്യങ്ങളിൽ കലാപം സൃഷ്ടിക്കാനും ഒക്കെയും പലപ്പോഴും പലരും ഇവരെ പോറ്റി വളർത്താറുണ്ട് ....!
.
എപ്പോഴും സമൂഹത്തിലും , സമൂഹത്തിലെ തീർത്തും സാധാരണക്കാർക്കിടയിലും ഭീതി വളർത്തി അതുവഴി സർക്കാരിലും അധികാരികളിലും സമ്മർദ്ധം സൃഷ്ടിക്കുകയും അങ്ങിനെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിചെടുക്കുകയും ചെയ്യുകയാണ് ഓരോ ഭീകര - തീവ്രവാദ പ്രസ്ഥാനങ്ങളുടെയും എളുപ്പവഴികൾ . അതിലവർ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നു . എന്നാൽ പതിയെ പതിയെ അവരും പരാചയം രുചിക്കുമ്പോൾ അവർ പക്ഷെ കൂടുതൽ കൂടുതൽ ക്രൂരരാവുകയും സമൂഹത്തിന് കൂടുതൽ ദ്രോഹങ്ങൾ വരുത്താൻ തുനിയുകയുമാണ് ചെയ്യുന്നത് ...!
.
മതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ ലേബൽ ഒട്ടിക്കുമെങ്കിലും ഇക്കൂട്ടർക്കൊന്നും അത്തരത്തിലുള്ള ഒരു സാമൂഹിക നീതിയും അവകാശപ്പെടാനില്ല എന്നതാണ് സത്യം . അളവില്ലാത്ത ധനവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയും ഇക്കൂട്ടരെ പിന്നീട് ഒരുതരം ബ്രാന്തിൽ തന്നെ എത്തിക്കുന്നു . ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഇവരൊക്കെയും തങ്ങളുടെ സൃഷ്ടാക്കളിൽ നിന്നും വഴി മാറുകയും പിന്നെ ലോകത്തിൽ തങ്ങളുടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു ....!
.
അങ്ങിനെ സ്വന്തം സൃഷ്ടാക്കളിൽ നിന്നും മാറി സ്വയം അധികാരം സ്ഥാപിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുമ്പോഴാണ് ഇക്കൂട്ടർ സ്വന്തം സൃഷ്ടാക്കൾക്കും എതിരാകുന്നത് . അവർക്കും നിയന്ത്രണം നഷ്ടമാകുന്നതോടെ ഇവർ സർവ്വനാശകാരികളാകുന്നു . മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെ ഇടയിൽ മേൽക്കൈ നേടാനും ലോകത്തിൽ ആധിപത്യം ഉറപ്പിക്കാനും വേണ്ടി ഇക്കൂട്ടർ പിന്നെ മനുഷ്യത്വം തന്നെ മറക്കുകയും ക്രൂരതയുടെ പര്യായങ്ങളുമാകുന്നു ...!
.
ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ നശിപ്പിക്കേണ്ടവയാണ് ഇത്തരം ആയുധങ്ങൾ . അല്ലെങ്കിൽ അത് എല്ലാവർക്കും ഉപദ്രവമാവുകയും സർവ്വനാശം വരുത്തുകയും ചെയ്യും . ഇപ്പോൾ ലോകത്തിനു മുന്നിലുള്ള പാഠങ്ങളിൽ നിന്നുതന്നെ തിരിച്ചറിവുണ്ടായി അതിന് ഈ ലോകം തയ്യാറായില്ലെങ്കിൽ ലോക സമാധാനത്തിനും മാനവികതയുടെ സ്വൈര്യ ജീവിതത്തിനും ഇത് വിലങ്ങുതടിയാവുകതന്നെ ചെയ്യും....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, December 10, 2014

ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!

ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
.
ഭീകരാക്രമണങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാവുന്നവയാണ് . ശക്തമായ സംവിധാനങ്ങളിലൂടെ എവിടെ എങ്ങിനെ എന്നൊക്കെ ഒരു പരിധിവരെ മുൻകൂട്ടി കണ്ടെത്തി തടയാമെങ്കിലും ചിലതെങ്കിലും കൈവിട്ടു പോവുക തന്നെ ചെയ്യും . ഒരു സംഘടനതന്നെ വേണമെന്നില്ല , മറിച്ച് അങ്ങിനെ ചിന്തിക്കാൻ കഴിയുന്ന ക്രിമിനൽ ചിന്താഗതിയുള്ള ഒരു വ്യക്തി വിചാരിച്ചാൽ പോലും ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ എവിടെയും എപ്പോഴും .... !
.
സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് . അതിനു വേണ്ടി നിലകൊള്ളാനും പോരാടാനും നേടിയെടുക്കാനും ഏതൊരു ജീവിക്കും ജന്മസിദ്ധമായ ഒരു വാസനയും ഉണ്ടാകും . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതുതന്നെയാണ് ഓരോ പ്രസ്ഥാനങ്ങളും തീവ്രവാദികളും ഭീകരവാദികളും പ്രാദേശിക വാദികളും ഒക്കെ അവരവരുടെ സ്വാർത്തതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതും . അത്തരതിലുള്ള അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിൽ നിന്നും കണ്ടെത്തി അവർക്കിടയിൽ വേരുറപ്പിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നിടത്തുനിന്നാണ് ഇതിന്റെ തുടക്കവും ...!
.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത , സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ , സാമുദായികവും മതപരവുമായ സംഭവങ്ങൾ , സാംസ്കാരിക അപചയങ്ങൾ, സാമ്പത്തിക മുതലെടുപ്പുകൾ , സമൂഹത്തോടുള്ള പ്രതിഷേധം, അവകാശങ്ങൾ നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമം , അടിച്ചമർത്തപ്പെടുന്നതിലെ അമർഷം, രാഷ്ട്രീയ ലക്ഷ്യങ്ങൾ , അധിനിവേശത്തിനുള്ള അവസരമൊരുക്കൽ, ദാരിദ്ര്യം ... തുടങ്ങി ഇതിനുള്ള കാരണങ്ങൾ പലതുമാണ് ....!
.
പക്ഷേ , നിരാശ്രയരും നിരാലംബരുമായ പാവങ്ങളായിരിക്കും എപ്പോഴത്തെയും പോലെ ഇവിടെയും ഇരകൾ എന്നതാണ് വേദനാജനകം . മിക്കവാറും സംഘടനകൾക്കൊന്നും അവർ ഉത്ഭവിക്കുന്ന സമയത്തെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തത്വങ്ങളോ ആശയങ്ങളോ ആയിരിക്കില്ല പ്രാവർത്തികമാക്കാൻ ഉണ്ടാവുക എന്ന സത്യം പക്ഷെ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നവർ മനസ്സിലാക്കില്ല പലപ്പോഴും . ചില സംഘടകൾ അങ്ങിനെയല്ലെങ്കിലും , മിക്കവാറും എല്ലായിടത്തും പക്ഷെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ഭൂരിഭാഗവും ഇതേ കുറിച്ച് ഒരു ബന്ധവുമില്ലാത്ത ഒന്നുമറിയാത്ത സാധാരണക്കാർതന്നെ ആയിരിക്കുകയും ചെയ്യും ....!
.
ഓരോ ആക്രമണങ്ങൾക്ക് മുൻപോ ആക്രമണം നടക്കുമ്പോഴോ എന്നതിനേക്കാൾ സത്യത്തിൽ ഭീകരമായ അവസ്ഥയുണ്ടാകുന്നത്‌ അതിനു ശേഷമാണ് എന്നതാണ് സത്യം. ആ നടുക്കം സൃഷ്ടിക്കുന്ന വേദനയെക്കാൾ , അതിൽ നഷ്ട്ടപെടുന്ന ജീവനുകളുടെ ആശ്രിതരുടെ ദുഃഖവും നഷ്ടവും ഒരിക്കലും മായ്ക്കാൻ കഴിയുന്നതല്ല . ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന സൈനികരും പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എന്നപോലെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ വെളിയിൽ വരുന്ന മാതാപിതാക്കൾ വരെ ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു പലപ്പോഴും . യാതൊരു വിധത്തിലും അതു മായി പുലബന്ധം പോലുമില്ലാത്തവർ അതിന്റെ ഇരകളാകുന്നത് അപലപനീയം തന്നെ ...!
.
ചിലപ്പോഴൊക്കെ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഭരണകൂടങ്ങളും കൃത്രിമമായി ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നതും സത്യം . അതിലും പക്ഷെ ഇരകളാകുന്നത് സാധാരണക്കാർ തന്നെ . ആക്രമണം നടന്ന സ്ഥലത്തെ ആളുകൾ , അത് നടത്തിയവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ ജാതിയേയോ സംഘടനയേയോ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ പിന്നെ സംശയത്തിന്റെ നിഴലിൽ ആ വിഭാഗത്തെ മുഴുവൻ നിർത്തുന്നിടത്തുനിന്നും തുടങ്ങുന്നു മറ്റു പ്രശ്നങ്ങൾ . ....!
.
ആക്രമണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മുഴുവൻ ജനങ്ങളും പിന്നെ അതിന്റെ പ്രയാസങ്ങൾക്ക് നിരന്തരം പാത്രമായിക്കൊണ്ടേയിരിക്കും . അന്വേഷണ ഏജെൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾ , അന്വേഷണത്തിന്റെ പേരിൽ ചിലപ്പോഴെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അറെസ്റ്റുകൾ , സംശയത്തിന്റെ പേരിൽ ജയിലിലടക്കപ്പെടുന്ന നിരപരാധികൾ തുടങ്ങി മാനസികവും ശാരീരികവും സാമൂഹികവുമായ ഒറ്റപ്പെടലുകളും പിരിമുറുക്കങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു തുടർച്ചയായി ...!
.
തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം തീർച്ചയായും ഒരു ജനവിഭാഗത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ പുറകിലേക്ക് നയിക്കുക മാത്രമല്ല ചെയ്യുന്നത് ആ സമൂഹത്തെയൊന്നാകെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു . എങ്ങിനെയായാലും ആ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുക തന്നെയാണ് ചെയ്യപ്പെടുന്നത് എന്നതൊരു സത്യമാണ് . അതുകൊണ്ട് തന്നെ ഇത് നിശ്ചയമായും തടയേണ്ടത് തന്നെയാണ് . അതിൽ ഭരണകൂടത്തിനു മാത്രമല്ല ഈ സമൂഹത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട് ...!
.
അന്താരാഷ്ട്ര തലത്തിൽ വലിയ വലിയ ഭീകര പ്രസ്ഥാനങ്ങളെയും ഭീകര നേതാക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും വൻ ശക്തി രാഷ്ട്രങ്ങൾ തന്നെ , ഒരു പരിധിവരെ പിന്നീട് അതിന്റെ ഫലം അനുഭവിക്കുന്നതും അവർ തന്നെ . എങ്കിലും അതും സമൂഹത്തിനും സാധാരണ ക്കാരായ ജനങ്ങൾക്ക്‌ തന്നെയാണ് ബാധ്യതയായും ദുരിതമായും എപ്പോഴും മാറുന്നത് ...!
.
ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുകയും തെറ്റായ ദിശയിൽനിന്നും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . തെറ്റായ ദിശയിലേക്കു സഞ്ചരിക്കുന്നവരെ കണ്ടെത്താനും അവരെ നേർ വഴിയിലേക്ക് നയിക്കാനും ഒരുപരിധിവരെ ശ്രമിച്ചാൽ നമുക്ക് സാധിക്കുക തന്നെ ചെയ്യും . അതുവഴി ശാന്തിയും സമാധാനവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും . അതിനാകട്ടെ നമ്മുടെ ശ്രമവും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, December 9, 2014

തിരിച്ച് പോകണം ...!!!

തിരിച്ച് പോകണം ...!!!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, December 7, 2014

നാണമാകുന്നുണ്ടെനിക്കിന്ന്‌ ...!!!

നാണമാകുന്നുണ്ടെനിക്കിന്ന്‌ ...!!!
.
നാണമാകുന്നുണ്ടെനിക്കിന്ന്‌ ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, December 4, 2014

പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!

പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!
.
ദൈവം എന്നത് സത്യത്തെക്കാൾ വിശ്വാസമാണ് എനിക്ക് . ഇത് എന്റെ മാത്രം അഭിപ്രായവുമാണ് . ദൈവ വിശ്വാസം പൊതുവെ ഈ ഭൂമിയിലെ ഒട്ടുമിക്ക മനുഷ്യ ജാതിക്കും ഉള്ളതുമാണ് . മത - ജാതി - ദേശ വ്യത്യാസമനുസരിച്ച് വിശ്വാസത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ ജീവിതരീതികളുടെ അല്ലെങ്കിൽ ഭക്തിയുടെ ഒക്കെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലും . ....!
.
ദൈവത്തെ ആരാധിക്കാൻ വിശ്വാസികൾക്ക് പലപ്പോഴും പല വഴികളാണ് . ഇതും വർഗ്ഗ , മത ജാതി ദേശ വ്യത്യാസമനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നു . ദൈവത്തെ ജീവൻ പോലെ വിശ്വസിക്കുന്നവരും ജീവിതം പോലെ സ്നേഹിക്കുന്നവരും ഉണ്ട്. ദൈവമാണ് എല്ലാമെന്നും, എന്നാൽ ദൈവം എന്നൊന്നില്ല എന്ന് പറയുന്നവരും ഉണ്ട് ...!
.
വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് . അത് മറ്റുള്ളവർക്ക് അല്ലെങ്കിൽ സമൂഹത്തിന് ദോഷമുണ്ടാക്കുന്നില്ല എങ്കിൽ അതിൽ ആരും ഇടപെടേണ്ട കാര്യവുമില്ല . എങ്കിലും വിശ്വാസവും ദൈവഭയവും മനുഷ്യനെ ചിട്ടയായ ഒരു ജീവിതരീതിയും അച്ചടക്കമുള്ള ഒരു സമൂഹത്തെയും ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് എന്നതിനാൽ അതെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു ....!
.
ദൈവത്തെ ശരണം പ്രാപിക്കാൻ മനുഷ്യൻ എപ്പോഴും ദൈവത്തിന്റെ സ്വന്തം വാസസ്ഥാനത്തേയ്ക്ക് യാത്രയാവുക പതിവാണ് . എല്ലാ മതങ്ങളും ദൈവം വസിക്കുന്നത് മനുഷ്യന്റെ മനസ്സിലാണ് എന്ന് ഊന്നി പറയുന്നുണ്ട് എങ്കിലും അത് ശ്രദ്ധിക്കാതെ മനുഷ്യൻ എപ്പോഴും ദൈവത്തെ തേടിയുള്ള യാത്രയിലുമാണ് . ചിട്ടയായ ജീവിത രീതികളോടെ വ്രതാനുഷ്ഠാനങ്ങളും ആചാര ഉപചാരങ്ങളും ഒക്കെയായി തന്നെയാണ് അത്തരം ദൈവസന്നിധിയിലേക്ക് പലപ്പോഴും മനുഷ്യൻ യാത്രയാകുന്നതും .....!
.
ഓരോ മത വിശ്വാസികൾക്കും അവരവരുടെ മതത്തിനനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട് ഇത്തരം യാത്രകൾക്ക് .വ്യക്തമായ ചടങ്ങുകളും ജീവിതചര്യകളും ഉണ്ട് ഇവയ്ക്കോരോന്നിനും . ആരുടേയും നിർബന്ധത്താലല്ല പലപ്പോഴും മനുഷ്യൻ ഇങ്ങിനെയുള്ള തീർത്തയാത്രകൾ തുടങ്ങുന്നത് . അതുകൊണ്ട് തന്നെ അവർ വ്യക്തമായും അതിന്റെ ഉദ്ധേശശുദ്ധി മനസ്സിലാക്കി അവയെല്ലാം പാലിക്കാൻ തയ്യാറായി തന്നെയാണ് അല്ലെങ്കിൽ ആകണം ഇത്തരം യാത്രകൾക്ക് മുതിരേണ്ടതും . ഇത് അങ്ങിനെ വിശ്വസിക്കുന്നവരുടെ ജീവിതത്തെ തന്നെ നേരിട്ട് ബാധിക്കുന്നതിനാൽ സാമൂഹികമായും ഇതിന് പ്രാധാന്യവുമുണ്ട് ...!
.
ഏതു മതത്തിലായാലും , ഇത്തരം തീർത്തയാത്രകൾ ചെയ്യുന്നവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരോടും ദയയും കരുണയും ഉണ്ടാകണമെന്നും പിന്നെ ലഹരിവസ്തുക്കൾ വർജ്ജിക്കൽ , അക്രമങ്ങളും അനീതിയും ഒഴിവാക്കൽ , കള്ളവും ചതിയും ചെയ്യാതിരിക്കൽ എന്നിങ്ങനെ ഏറ്റവും നല്ല പല ഗുണങ്ങളും അനുഷ്ടിക്കണമെന്നും വളരെ ശക്തമായും നിർബന്ധിക്കുന്നതുകൊണ്ട് സാമൂഹികമായി മനുഷ്യൻ ഇത്തരം യാത്രകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എല്ലായ്പ്പോഴും ....!
.
എന്നാൽ ലോകം മാറുന്നതിനനുസരിച്ച് ഇത്തരം യാത്രകളും പ്രഹസനമാകുന്നു ചിലർക്കെങ്കിലും ഇപ്പോൾ . ദൈവം എന്നത് പോലെ വിശ്വാസവും സ്വകാര്യമാണ് . ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല പൊതുവിൽ ഇവിടെ. പക്ഷെ ഇപ്പോൾ പലരും മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്നപോലെയാണ് ഇതൊക്കെ ചെയ്യുന്നത് . ഒരുകാര്യം ചെയ്യുമ്പോൾ അത് അതിന്റെ ഉചിതമായ തരം പോലെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യണമെന്നില്ല . എന്നിട്ടും അങ്ങിനെ ചെയ്യുന്നത് വിശ്വസിക്കുന്നവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷവുമാണ് വരുത്തി വെക്കുക എന്നും ഓർക്കുന്നത് നന്ന് ...!
.
ലഹരി വസ്തുക്കളുടെ ഉപയോഗം , മതസ്പർദ്ധയും അതിനോടനുബന്ധിച്ച അക്രമങ്ങളും വളർത്തൽ തുടങ്ങി പല ദുർഗ്ഗുണങ്ങളും വർദ്ധിച്ചു വരുന്നു ഇവിടെ ഇത്തരം ആത്മീയ യാത്രകളിൽ . ചിലരെങ്കിലും ഇതിനെ സാമൂഹികമായി അല്ലെങ്കിൽ മാനുഷികമായി കാണുന്നതിനു പകരം മതപരം മാത്രവുമാക്കുന്നു . ചിലർ ചെയ്യുന്നത് പിന്നീട് പലരും ഏറ്റെടുക്കുന്നതിനു മുൻപ് അതിനെ നിരുത്സാഹപ്പെടുതുന്നത് സമൂഹത്തിനു തന്നെ നല്ലതാകും എന്നതിനാൽ സാമൂഹിക - മത ആചാര്യന്മാർ ഇതും അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...