Saturday, April 25, 2020

ഞാൻ , എന്നെ തേടുമ്പോൾ ...!!!

ഞാൻ , എന്നെ തേടുമ്പോൾ ...!!!
.
ഒന്നിനും ഏതിനും സമയമില്ലാതിരുന്ന എനിക്കിപ്പോൾ എല്ലാറ്റിനും ആവശ്യത്തിലധികം സമയമുണ്ടായിട്ടും പിന്നെയും സമയത്ത് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നത് അത്ഭുതമായാണ് അപ്പോൾ തോന്നിയത് . അതല്ലെങ്കിൽ എന്തും എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു പ്രത്യേക അവസ്ഥ എല്ലാറ്റിനെയും സമയവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു മറ്റൊരു വിധത്തിൽ ...!
.
എണീക്കുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും കഴിക്കുന്നതും ഒക്കെ എപ്പോഴും ആകാമെന്നിരിക്കെ അത് എല്ലാം വല്ലപ്പോഴും കൂടിയാകുന്നു എന്നത് വല്ലാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും എന്തുമാകാമെന്ന ആശ്ചര്യകരമായ അവസ്ഥ . അങ്ങിനെയൊരു ഉച്ചസമയത്ത് , കാലത്തെ ഉറക്കമുണർന്നെണീറ്റപ്പോൾ പതിവുപോലുള്ള ആ പുഞ്ചിരിയുമായതാ മൂപ്പർ എന്നെയും നോക്കി എന്റെ മുന്നിലിരുന്ന് TV കാണുന്നു ....!
.
മൂപ്പർ എന്തെ വന്നിട്ടും എന്നെ വിളിക്കാഞ്ഞത് എന്ന ചിന്തയോടെ കണ്ണും തിരുമ്മി എണീറ്റപ്പോൾ എന്റെ കയ്യുംപിടിച്ച് നേരെ അടുക്കളയിലേക്കാണ് മൂപ്പർ കൊണ്ടുപോയതെന്നെ . എന്നിട്ട് ഒരു കാപ്പിയുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് ഒന്നുകൂടി തള്ളിത്തുറന്നു പോയി .. ഞങ്ങളൊന്നിച്ച് എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാറുണ്ടെങ്കിലും എന്റെകൈകൊണ്ട് ഇന്നുവരെ ഞാൻ ഒന്നും ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ട് ഒരു വിഷമത്തോടെയും ...!
.
തള്ളിയ കണ്ണ് അകത്തേക്കടപ്പിച്ച് എന്നെ മൂപ്പർ തള്ളിനീക്കിയപ്പോൾ ഞാൻ ചായക്കുള്ള പാത്രം വെച്ച് പാലൊഴിച്ചു തിളപ്പിച്ച തുടങ്ങി . ആ സമയം ഞാൻ വായിച്ചു മടക്കിവെച്ചിരുന്ന ഒരു പുസ്തകം മറിച്ചുനോക്കി എന്റെ കൂടെ നിന്നിരുന്ന മൂപ്പർക്ക് ആ പുസ്തകം ഇഷ്ട്ടമായെന്ന് തോന്നി . " The Perfect Mother". ഒരു നവജാത ശിശുവിനെ കാണാതാകുന്ന, ഒരമ്മയുടെയും അവരുടെ കുറച്ചു കൂട്ടുകാരുടെയും ജീവിതകഥ പറയുന്ന ആ പുസ്തകം ജീവിതത്തിന്റെ മറ്റൊരു നേർചിത്രമാണ് പോലും ...!
.
മറ്റൊരു സാധനവും ഉണ്ടാക്കാൻ അറിയാത്ത എനിക്ക് ചായ മോശമില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ട് അതുണ്ടാക്കി മൂപ്പർക്ക് കൊടുക്കാൻ ഒട്ടും മടിയുണ്ടായിരുന്നില്ല. പക്ഷെ ഇക്കണക്കിന് മൂപ്പർ ഭക്ഷണവും കൂടി കഴിക്കാമെന്നു പറഞ്ഞാൽ പെട്ടുപോകുമല്ലോ എന്ന വേവലാതിയോടെ ഞങ്ങൾക്കുള്ള ചായയുമായി പുറത്തേക്ക് നടക്കുമ്പോൾ മൂപ്പർ അതിനിടക്ക് അടുക്കളയിലുണ്ടായിരുന്ന പഴയ കുറച്ചു ബിസ്കറ്റും തപ്പിയെടുത്തിരുന്നു കൂടെ കഴിക്കാൻ ....!
.
TV യും കണ്ട് ചായയും കുടിച്ചിരിക്കുമ്പോൾ ഈ പ്രത്യേക വരവിന്റെ ഉദ്ദേശ്യം ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിറക്ക് ചായ ആസ്വദിച്ചിറക്കിക്കൊണ്ട് മൂപ്പരൊന്ന് പൊട്ടിച്ചിരിച്ചു അപ്പോൾ . എന്നിട്ടു പറഞ്ഞു , ആളും ആരവവും നിറഞ്ഞ തന്റെ ശ്രീലകങ്ങളിപ്പോൾ ശൂന്യമല്ലേ . അപ്പൊ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ . അതുകൊണ്ടാണ് കുറച്ചു സമയം നിന്റെ കൂടെയിരിക്കാൻ വരാമെന്നു തോന്നിയതെന്ന് ....!
.
അപ്പോഴാണ് ഞാനും അതാലോചിച്ചത് . അവനവനിൽ തന്നെയുള്ള സത്യത്തെ തേടി, അവനവനിൽ തന്നെയുള്ള ദൈവത്തെ തേടി , അത് തിരിച്ചറിയാതെ അന്തം വിട്ട് തമ്മിൽ തല്ലും കൊലവിളിയുമായി അവനവന്റെ കർമ്മം ചെയ്യാതെ അവനവന്റെ ധർമ്മം കാക്കാതെ ആരാധനാലയങ്ങൾ തോറും കയറിയിറങ്ങിയിരുന്ന ഭക്തലക്ഷങ്ങൾ ഇപ്പോൾ എവിടെ പോയെന്ന് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...