Saturday, July 8, 2023

കുരങ്ങന്മാരുടെ രാജ്യം ...!!!

കുരങ്ങന്മാരുടെ രാജ്യം ...!!!
.
ഒരിടത്തൊരിടത്ത് പണ്ടുപണ്ട് ഒരു രാജ്യമുണ്ടായിരുന്നു . കടലിനപ്പുറം മാമലകൾക്കിപ്പുറം തേങ്ങാ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു സുന്ദര രാജ്യം . തേങ്ങാ മരങ്ങൾ നിറഞ്ഞ് നിന്നിരുന്ന ആ രാജ്യത്ത് നിറയെ വാഴപ്പഴ ചെടികളും ഉണ്ടായിരുന്നു . തേങ്ങാ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിളഞ്ഞതും വിളയാത്തതുമായ തേങ്ങകളും വാഴപ്പഴ ചെടികളിൽ വിളഞ്ഞുനിൽക്കുന്ന വാഴപ്പഴങ്ങളും കൊണ്ട് ആ രാജ്യം വീണ്ടും പിന്നെ വീണ്ടും സുന്ദരിയുമായി ...!
.
ആ സുന്ദരാജ്യത്തിലെ തേങ്ങാമരങ്ങളിലും വാഴച്ചെടികളിലുമെല്ലാം സുഖമായി ജീവിക്കുന്ന ഒരുകൂട്ടം കുരങ്ങന്മാരുമുണ്ടായിരുന്നു എന്ന് ഞാൻ പറയാൻ വിട്ടുപോയോ എന്നൊരു സംശയം. ഇല്ലെങ്കിലും ഇവിടെ പറയുന്നു. പതിവുപോലെ അല്ലെങ്കിൽ എല്ലായിടത്തെയും പോലെ ഈ കുരങ്ങന്മാരൊക്കെ പക്ഷെ പരസ്പരം പോരടിച്ചും വഴക്കടിച്ചും സന്തോഷത്തോടെ ജീവിച്ചുപോരുകയുമായിരുന്നു ...!
.
അപ്പോഴാണ് അതുവഴി ഒരു കള്ളൻ വന്നത് . നിറയെ തേങ്ങാ മരങ്ങൾ കായ്ച്ചുനിൽക്കുന്നു നിറയെ വാഴപ്പഴച്ചെടികൾ വാഴപ്പഴ കുലകളുമായി നിറഞ്ഞുനിൽക്കുന്നു അതിന്റെ ഉടമസ്ഥരായ കുരങ്ങമാരൊക്കെ തല്ലുകൂടുന്നു . ഇതിനേക്കാൾ നല്ലൊരവസരം വേറെയെന്ത് . കള്ളന്റെ മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡുകൾ ഒന്നിച്ചുപൊട്ടി ..!
.
കള്ളൻ ഒരു വലിയ ചാക്കെടുത്ത് പാകത്തിലുള്ള വാഴപ്പഴങ്ങൾ പറിച്ചെടുത്തു . ആരും ചോദിച്ചില്ല തടഞ്ഞില്ല . പിന്നെ പാകമായ തേങ്ങകൾ പറിച്ചെടുത്തു . എന്നിട്ട് വഴക്കടിക്കുന്ന കുരങ്ങന്മാരെ ഓരോ കൂട്ടങ്ങളായി തരം തിരിച്ചെടുത്തു . വലിയവരെ ഒരു കൂട്ടം ചെറിയവരെ ഒരുകൂട്ടം നിരവത്യാസമുള്ളവരെ വേറൊരു കൂട്ടം അങ്ങിനെയങ്ങിനെ ....!
.
കൂട്ടം തിരിച്ച കുരങ്ങന്മാർക്കു മറ്റുള്ളവർ കാണാതെ കുറച്ചു പഴങ്ങളും തേങ്ങകളും നൽകിയിട്ടു പറഞ്ഞു ഇത് നിങ്ങൾക്ക് മാത്രമായി തരുന്നതാണ് മറ്റുള്ളവർ കാണാതെ തിന്നോളൂ എന്ന് . വാഴച്ചെടിയിൽ കയറേണ്ട, തേങ്ങാ മരത്തിൽ കയറേണ്ട, കയ്യിൽ വാഴപ്പഴവും തേങ്ങയും കിട്ടുന്നു. മറ്റാരും അറിയുന്നുമില്ല. കുരങ്ങന്മാർ ഹാപ്പി . മറ്റേ കൂട്ടങ്ങൾക്കും ഇതുപോലെത്തന്നെ ആവർത്തിക്കുന്നു . അവരും ഹാപ്പി . കള്ളനും ഹാപ്പിയോട് ഹാപ്പി ....!
.
തേങ്ങാ മരങ്ങളും വാഴച്ചെടികളും കൂടാതെ പിന്നെ മെല്ലെ മെല്ലെ ആ നാടും കള്ളന്റെ കയ്യിലായതോടെ കുരങ്ങന്മാർക്ക് തേങ്ങയുമില്ല, പഴങ്ങളുമില്ല ഒടുവിൽ നാടുമില്ല .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...