Sunday, July 23, 2017

മരുന്നുകൂട്ടിലെ മാലാഖമാർ ...!!!

മരുന്നുകൂട്ടിലെ മാലാഖമാർ ...!!!
.
പുറത്ത് , ഇരുട്ടിന്റെ കറുത്ത തുള്ളികളുമായി കോരിച്ചൊരിയുന്ന മഴയത്ത് ജീവന്റെ നിശ്വാസം പങ്കിട്ട് തെളിഞ്ഞും മങ്ങിയും കത്തുന്ന മിന്നാമിന്നി ബള്ബുകള്ക്കിടയിൽ ആ കുഞ്ഞു മോന്റെ ജീവനും കയ്യിലെടുത്ത് അതിന് കാവലിരിക്കുമ്പോൾ കുറച്ചകലെ തന്റെ ഒറ്റമുറിപ്പുരയിൽ തന്റെ അമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്തെ തണുപ്പിനടിയിൽ കിനിഞ്ഞു നിൽക്കുന്ന ചൂടുമേറ്റ് പനിക്കോളിൽ വിറച്ച് അർദ്ധബോധത്തിൽ മയങ്ങുന്ന തന്റെ ഉണ്ണിയെ അവൾ മറന്നിരുന്നില്ല ഒട്ടും ...!
.
ജീവന്റെ കണികകൾ ഓരോന്നായി ആ ചൂടുള്ള കുഴലുകളിലൂടെ അവൾ ആ കുഞ്ഞിലേക്ക് പകരുമ്പോൾ അവിടെ ആ ചുമരുകൾക്കു പുറത്ത് തന്റെ ഹൃദയം ചേർത്തുവെച്ചുകൊണ്ട് അവളെപോലെ ഒരു രാത്രിയും പകലുമായി ജലപാനം പോലുമില്ലാതെ പ്രാർത്ഥനയോടെ മാത്രം ആ കുഞ്ഞിന്റെ അമ്മയുമുണ്ടെന്നത് എന്തുകൊണ്ടോ അവളപ്പോൾ ഓർക്കാൻ കൂട്ടാക്കിയുമില്ല . തനിക്ക് ഈ ഭൂമിയിൽ ആകെയുള്ള അവകാശത്തെ മുറുകെ പിടിച്ചുകൊണ്ട് അടഞ്ഞ ആ വാതിലുമുന്നിൽ ദൈവത്തിന്റെ കരുണയും കാത്ത് ആ അമ്മയും കാത്തിരിക്കുകതന്നെയാണ് അപ്പോൾ അവിടെ ..!
.
കൈവിട്ടുപോകാതിരിക്കാൻ ഒരു സാധ്യതയുമില്ലെങ്കിലും അവളുടെ ശ്രമം അവസാനത്തേതാണ് . ആ അമ്മയ്ക്കുവേണ്ടി മാത്രമല്ല, ഒരു "അമ്മ" കൂടിയായ തനിക്കു വേണ്ടിയുമെന്നപോലെ . പാതിപോലും പ്രവർത്തിക്കുന്നതായി ആ ശരീരത്തിൽ ഇനിയുമൊന്നും അവശേഷിച്ചിട്ടില്ലെങ്കിലും ദൈവത്തിന്റെ കരവിരുത് തങ്ങളിലൂടെയാണ് കടന്നെത്താറുള്ളതെന്ന് ആരോപറഞ്ഞതായി അവളപ്പോൾ ഓർത്തുപോയി . ഇടവേളകൾ ക്രമീകരിച്ച് കൃത്യമായെത്തുന്ന ഡോക്ടർ പോലും ഇനി ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നിട്ടും അവൾ കൈവിടാൻ തയ്യാറായിരുന്നില്ല ആ ജീവനെ ....!
.
തന്റെ കുഞ്ഞിനെ ഇതുപോലെ തന്നെ തിരിച്ചുതന്നേക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ ജീവൻ അവന്റെ 'അമ്മ തന്റെ കയ്യിൽ ഇന്നലെ രാത്രി വെച്ചുതന്നത് അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു അപ്പോൾ . ആശുപത്രി മാനേജ്മെന്റിന് വേണ്ടിമാത്രം ഇനി എങ്ങിനെയാണ് ഈ ശരീരം കാത്തുവെക്കുക . വയ്യ . അവൾ അങ്ങിനെതന്നെ ആ നിശ്വാസം മാത്രമെങ്കിലും ബാക്കിവെച്ച് ആ കുഞ്ഞിനെ അതിന്റെ അമ്മയെ തിരിച്ചേൽപ്പിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടതും അതുകൊണ്ടുതന്നെ ....!
.
നിശ്ചലതയിൽ ഒരു വായുകണികയുടെ താളം മാത്രം ബാക്കിവെച്ച് ആ അമ്മയുടെ അടുത്തുനിന്നും തിരിച്ചിറങ്ങുമ്പോൾ ആ കുഞ്ഞൊഴിഞ്ഞ കിടക്കയിൽ ഒരു വൃദ്ധനും സ്ഥാനം പിടിച്ചിരുന്നു . കയ്യിലെടുത്തു പിടിച്ച ഊർദ്ധ ശ്വാസവുമായി , തന്റെ കരസ്പർശമേൽക്കാനായി .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...