Tuesday, March 14, 2017

പുരുഷനിലേക്ക് ...!!!

പുരുഷനിലേക്ക് ...!!!

ഇരുട്ടിൽ വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ആ ഇടവഴിയിലെ ഉയരമുള്ള ചവിട്ടു പടികൾ ധൃതിയിൽ ഓടിക്കയറുമ്പോൾ അഴിഞ്ഞുവീണ ചുരിദാർ ഷാളിന്റെ അറ്റം സ്വയം ചവിട്ടി വീഴാനാഞ്ഞ തന്നെ ബലമില്ലാത്ത ആ മെലിഞ്ഞ കയ്യിൽ കോരിയെടുത്ത്‌ സുരക്ഷിതമായി നിർത്തി തിരിഞ്ഞു പോലും നോക്കാതെ നടന്നുപോകുന്ന ആ മനുഷ്യന്റെ മുഖം ഒന്നുകണ്ടെങ്കിലെന്ന് താൻ ആഗ്രഹിച്ചത് വെറുതെയായി . അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നടന്നകലുന്ന അയാളുടെ രൂപം തനിക്കുണ്ടായെങ്കിലെന്ന് താൻ എപ്പോഴൊക്കെയോ ആഗ്രഹിച്ച ഒരു സുഹൃത്തിന്റെതല്ലാതിരുന്നിട്ടും, പക്ഷെ മനസ്സിൽ എന്തുകൊണ്ടോ അപ്പോൾ അത് കോറിക്കിടന്നു ....!
.
മുഖം നശിക്കുന്ന, രൂപം നശിക്കുന്ന, ആത്മാവുപോലും നശിക്കുന്ന മനുഷ്യമനസ്സിന്റെ വൈകൃതങ്ങളിൽ സ്വയം ശപിച്ചുകൊണ്ട് പത്രത്താളുകൾ മടക്കി കണ്ണടച്ചിരിക്കവേ ഒരുമിന്നായം പോലെ ആ രൂപം കടന്നെത്തിയത് തന്നെ പരിഭ്രമിപ്പിക്കുകയാണ് അപ്പോൾ ചെയ്തത് . ചിന്തകളിൽ എങ്ങിനെയാണ് അയാൾ കുടിയേറിയതെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായതേയില്ല അപ്പോൾ . മുഖമില്ലാത്ത ആ രൂപം എന്തിനായിരിക്കാം തന്നെ വീണ്ടും തേടിയെത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാനായില്ല തന്നെ ...!
.
ഒരു തൂവൽ പോലെ ആകാശ സ്വപ്നങ്ങളിൽ വിരാചിച്ചുകൊണ്ട് വഴിയോരക്കാഴ്ചകളിൽ കണ്ണുകളുടക്കാതിരിക്കാൻ പെടാപ്പാടുപെട്ട് ആ തിരക്കുള്ള ബസ്സിൽ ഒരു അരികുചേർന്നുനിൽക്കുന്നതിന്റെ സുഖം ഒരനുഭൂതിയാണ് . അതിനിടയിൽ തോളിൽ കുട്ടിയേയും എടുത്ത്‌ തന്റെ അടുത്തുനിൽക്കുകയായിരുന്ന സ്ത്രീയുടെ അഴിഞ്ഞുവീണ സാരിത്തലപ്പ് ആ സ്ത്രീയുടെ മുഖത്തുനോക്കാതെ ദേഹത്തേക്കിട്ടുകൊടുത്ത്‌ ഒരു സഹോദരനെപോലെ അവരുടെ നഗ്നത മറച്ചുകൊണ്ട് തിരക്കിൽ നിന്നും തങ്ങളെ കടന്ന് പോയ ആ രൂപം അയാളുടേതെന്ന് തിരിച്ചറിയാൻ അപ്പോൾ തനിക്കൊട്ടും ബുദ്ധിമുട്ടുണ്ടായില്ല തന്നെ ...!
.
ബസ്സിറങ്ങി ഓഫിസിലേക്ക് നടക്കുമ്പോൾ ചുറ്റും വ്യഗ്രതയോടെ പരതിയതും ആ രൂപം തന്നെ . പെട്ടെന്നാണ് തന്നെ തീർത്തും അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കിടയിൽ ആ രൂപം തെളിഞ്ഞു നിന്നത് . ഒരു വൈരാഗിയെപ്പോലെ അല്ലെങ്കിൽ തോന്നിവാസിയെപ്പോലെ തോന്നിപ്പിച്ച അയാളപ്പോൾ ആ തെരുവിന്റെ കുട്ടികളെ ചേർത്തുനിർത്തി താലോലിക്കുകയായിരുന്നു , ഒരു അച്ഛന്റെ വാത്സല്യത്തോടെ . തന്നിൽനിന്നും ഒളിക്കാനായിട്ടല്ലെങ്കിലും താൻ അടുത്തുചെന്നപ്പോഴേക്കും അയാൾ അകന്നുപോയത് ശരിക്കും സങ്കടകരമായി അപ്പോൾ ...!
.
കഴുകൻ കണ്ണുകളെ , ചാട്ടുളി നോട്ടങ്ങളെ, തങ്ങളിൽ പരതാൻ വെമ്പുന്ന കൈവിരലുകളെ വകഞ്ഞുമാറ്റി ഓഫീസിലേക്ക് ഓടിക്കയറുമ്പോൾ അവിടവും പ്രതീക്ഷക്കു വകയില്ലെന്ന് അറിയാതെയല്ല . ആക്രാന്തം പിടിച് ദുരമുറ്റിയ വൈകൃതമനസ്സുകൾ ശരീരങ്ങളാകുന്ന ഇടങ്ങൾ പെരുകുകയല്ലാതെ കുറയുന്നില്ലല്ലോ എന്ന് നെടുവീർപ്പിട്ട് വാഷ്‌റൂമിൽ ഓടി കയറുമ്പോൾ വയറിൽ വേദന അസഹനീയമായിരുന്നു . നിറഞ്ഞു തുളുമ്പാറായ മൂത്രസഞ്ചി ഒഴിച്ചെടുക്കാൻ തുടങ്ങവേ വാതിൽവിടവിൽ കണ്ട കണ്ണുകൾ ആ നിറസഞ്ചിയെ വയറിനുള്ളിലേക്കുതന്നെ ആവാഹിപ്പിച്ചുവെപ്പിച്ചു . പാടുപെട്ട് പുറത്തിറങ്ങി ഇരിപ്പിടത്തിലമരുമ്പോൾ പതിവുപോലെ ചുറ്റിലും തന്നെ കാമത്തോടെ മാത്രം ക്ഷണിക്കുന്ന കണ്ണുകളാണ് എങ്ങും . അവരിലേക്ക്‌ മാത്രം ക്ഷണിക്കുന്ന അന്ധന്മാരുടെ കണ്ണുകൾ ...!
.
അമ്മക്ക് വയ്യാതിരുന്നതിനാൽ അന്ന് ഭക്ഷണം കൊണ്ടുവന്നില്ലെന്നത് ന്യായീകരണമാക്കി കൂട്ടുകാരികൾക്കൊപ്പം ഓഫിസിനടുത്തുള്ള തൊട്ടപ്പുറത്തെ നല്ല ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ അവിടെ പതിവിനെക്കാൾ തിരക്ക് . ഇരിപ്പിടത്തിനായി ആക്രാന്തം കൂട്ടുന്ന ബഹുമാന്യ പൗരജനത്തിനിടയിലൂടെ സ്വയ രക്ഷയെങ്കിലും തേടി ഒതുങ്ങി മാറിനിൽക്കവേ തങ്ങൾക്കായി തന്റെ ഇരിപ്പിടം ഒഴിഞ്ഞു തന്ന് സുരക്ഷിതത്വമൊരുക്കിയ ആ രൂപം അയാളുടേതായിരുന്നു എന്ന് അപ്പോഴാണ് താൻ തിരിച്ചറിഞ്ഞത് . ...!
.
ഇരുട്ടിൽ തന്നോട് ഒട്ടിനിൽക്കാൻ മാത്രം കൊതിക്കുന്ന , തന്റെ നെഞ്ചിലെ ചൂടും അടിവയറിന്റെ തണുപ്പും ആസ്വദിക്കാൻ മാത്രം കൊതിക്കുന്ന , സൗകുമാരികതയിൽ തുടങ്ങി വശീകരണത്തിൽ മാത്രം അവസാനിക്കുന്ന വാക്കുകളുപയോഗിക്കുന്ന , കൈവിരലുകളിൽ വികൃതികൾ ഒളിപ്പിച്ചു കാൽ വിരലുകളിൽ കുസൃതികൾ നിറച് എപ്പോഴും തന്നിലലിയാൻ മാത്രം വെമ്പുന്ന തന്റെ പ്രണയിതാവിൽനിന്നും തന്നെ ബഹുമാനിക്കാൻ കൂടിയറിയാവുന്ന ഇങ്ങിനെയൊരു പുരുഷനിലേക്ക് ഇനിയെത്ര ദൂരം ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കച്ചവടം ...!!!

കച്ചവടം ...!!! . മനുഷ്യൻ മനുഷ്യനെ തന്നെ കച്ചവടം നടത്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്ന് എന്നതിനേക്കാൾ നിരാശാജനകമായ ...