Tuesday, April 4, 2017

സുരയും രതിയും പിന്നെ ഞാനും ....!!!

സുരയും രതിയും പിന്നെ ഞാനും ....!!!
.
ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങി അസ്ഥിപഞ്ചരം കണക്കെ ആകാശത്തേക്കും നോക്കി നിൽക്കുന്ന മഞ്ജുളാലിന്റെ അടുത്തുനിന്നും തിരക്കിട്ട് തെക്കോട്ട് നടക്കാൻ തിരിഞ്ഞതും മൂപ്പരെന്നെ കൈകൊട്ടി വിളിച്ചത് കേട്ട് ഞാൻ നിന്ന് കൊടുത്തു . പറ്റിയാൽ കാണാതെ പോകണമെന്ന് കരുതിയതാണ് . പക്ഷെ മൂപ്പരുടെ കണ്ണുവെട്ടിക്കാൻ എങ്ങിനെ പറ്റും . അത്ഭുതത്തോടെ മൂപ്പരെയും നോക്കിനിൽക്കുന്ന ആളുകൾക്കും ചീറിപ്പായുന്ന വാഹനങ്ങൾക്കുമിടയിലൂടെ മൂപ്പർ ഇപ്പുറം കടക്കുന്നതുവരെ ഞാൻ കാത്തുനിന്നു . പിന്നെ അധികം തിരക്കില്ലാത്ത ഇടവഴിവഴികൾ കണ്ടെത്തി അതിലൂടെ ഒന്നിച്ചു നടക്കാനും തുടങ്ങി . ....!
.
എന്താ സുഹൃത്തേ ഇന്നൊരു വാട്ടം എന്ന് മുഖത്തുനോക്കി ഞാൻ ചോദിച്ചത് മൂപ്പർക്കിഷ്ട്ടമായി . നമ്മൾ മൂപ്പരെ ശ്രദ്ധിക്കുന്നുണ്ട് എന്നറിയുന്നത് മൂപ്പർക്ക് അല്ലെങ്കിലും വലിയ കാര്യമാണ് . കയ്യിലെ ഓടക്കുഴൽ മടിക്കുത്തിൽ തിരുകി, മയിൽ പീലിയൊന്ന് നേരെയാക്കി , മഞ്ഞച്ചേലയും ചേർത്തിട്ട് മൂപ്പർ കണ്ഠശുദ്ധി വരുത്തി . അല്ലെങ്കിലേ സംസാരപ്രിയനായ മൂപ്പർ പറയാൻ തുടങ്ങി . ഞാൻ നിൻറെയീ മണ്ണിനെ പറ്റി ഒന്ന് ചിന്തിച്ചുപോയതാ . നീയൊക്കെയല്ലേ ഇവിടെ താമസിക്കുന്നത് . അതുകൊണ്ട് ചിന്തിക്കാതെ തരമില്ലല്ലോ എന്ന് മൂപ്പർ ഒരു കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ ഞാനും അതെ ചിരിയോടെ മൂപ്പരെ നോക്കി . പിന്നെ സ്വയം ഒന്ന് ഓർക്കുകയും ചെയ്തു . മൂപ്പർ പറഞ്ഞത് പോലെ എത്ര മനോഹരമാണ് എന്റെയീ നാട് . പ്രകൃതി എനിക്കെല്ലാം കനിഞ്ഞു നൽകിയിരിക്കുന്നു . നല്ല മനുഷ്യർ , നല്ല മണ്ണ് , നല്ല ജലം , നല്ല ആകാശം . എന്നിട്ടും ....!
.
ആ എന്നിട്ടും ... തന്നെയാണ് പ്രശ്നം . എന്റെ മനസ്സ് വായിച്ച മൂപ്പർ പറഞ്ഞു തുടങ്ങി . എങ്ങിനെയാണ് നിനക്കിങ്ങിനെയാകാൻ പറ്റുന്നത് . ഒരു പെണ്ണിന്റെ അടുത്തുകൂടി പോകുമ്പോഴേക്കും "പൊങ്ങുന്ന" പൗരുഷവുമായി നടക്കുന്ന നിന്നെ എങ്ങിനെയാണ് ഞാൻ വിശ്വസിച്ച വീട്ടിൽ കയറ്റുക . ഒരു പെഗ്ഗിന്റെ മണമടിക്കുമ്പോഴേക്കും സ്വയം മറക്കുന്ന നിന്നെ ഞാൻ എങ്ങിനെ മനുഷ്യനായി കണക്കുകൂട്ടും . മൂപ്പരുടെ ചേദ്യങ്ങൾക്കൊന്നും എനിക്കുത്തരമില്ലെന്ന് മുൻകൂട്ടി അറിയുന്നതിനാലാകാം മൂപ്പർ തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു .....!
.
എന്നും നടക്കുന്ന വഴികളായതിനാൽ ചിര പരിചിതമെങ്കിലും പെട്ടെന്ന് മൂപ്പർ നിന്നുകൊണ്ട് ചുറ്റും നോക്കാൻ തുടങ്ങി . അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് , ഇന്നലെ കൂടി ഞങ്ങൾ നടന്ന ആ വഴി അന്ന് അടച്ചുകെട്ടി വേലികെട്ടിയിരിക്കുന്നു . ശ്രദ്ധിച്ചപ്പോഴാണറിയുന്നത് ആ വഴിയും അതിനോട് ചേർന്ന് നിറഞ്ഞൊഴുകിയിരുന്ന തോടും കൂടി അവിടെ അടുത്ത വീട്ടുകാരെല്ലാം ഒത്തുചേർന്ന് കയ്യേറി അടിച്ചുമാറ്റിയിരിക്കുന്നു . അപ്പോൾ ഇനി ആ പൊതു വഴിയും തോടും ..?
.
തിരിച്ചു നടന്ന് മറ്റൊരു വഴിയിലൂടെ ഞങ്ങൾ പാടത്തേക്കിറങ്ങി പാടം എന്നത് ഇപ്പോൾ പാട്ടുകളിൽ മാത്രം അവശേഷിക്കുന്ന ആ നികത്തപ്പെട്ട വരമ്പുകളിലൂടെ ഞങ്ങൾ മുന്നോട്ടു പോകുമ്പോൾ ഒരു ഓണത്തുമ്പി വർദ്ധിച്ച ഭയപ്പാടോടെ ധൃതിയിൽ ഞങ്ങളെ കടന്നുപോയി . ആ തുമ്പിക്ക് പിന്നാലെ ഒരുകൂട്ടം കുട്ടികളും അവരെ മേയ്ച്ചുകൊണ്ട് കുറച്ചു മുതിർന്നവരും മുദ്രാവാക്യങ്ങളുമായി ജാഥയായി ഞങ്ങൾക്കെതിരെ കടന്നു പോകുന്നു . അവരുടെയെല്ലാം കയ്യിൽ ഓരോ മരത്തൈകളുണ്ട് എന്നത് കണ്ടതും മൂപ്പർ ആർത്തു ചിരിച്ചു . മൂപ്പരുടെ ചിരിക്കണ്ടതും പേടിയോടെ ഞാനാ വായപൊത്തിക്കൊണ്ട് മൂപ്പരെയും കൊണ്ട് വേഗത്തിൽ തിരിച്ചു നടന്നു ...!
.
നീയെന്നെ ചിരിക്കാനും സമ്മതിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് മൂപ്പരെന്റെ കൈ വിടുവിച് ഉറക്കെ ഒന്നുകൂടി ചിരിച്ചു . ആ ചിരിയുടെ അർഥം അറിയാവുന്ന ഞാൻ പരിഭവം നടിച് മാറിനിന്നു . അതുകണ്ട് എന്നെ ചേർത്തുപിടിച്ചു മൂപ്പർ പറഞ്ഞു, നീയെന്തിനു പരിതപിക്കണം . ഞാൻ സത്യമല്ലേ കരുതുന്നത് . ഉള്ള മരമെല്ലാം മുറിച്ചുമാറ്റി , ഉള്ള കാടെല്ലാം നശിപ്പിച്ചു നീ അമിതാവേശത്തോടെ സാമൂഹ്യ വനവത്കരണം നടത്തുന്നത് കാണുമ്പോൾ പിന്നെ ഞാൻ ചിരിക്കാതെന്തു ചെയ്യും എന്ന് ചോദിച്ചപ്പോൾ സത്യത്തിൽ എനിക്കും ചിരിവന്നു ....!
.
പാടത്തിന്റെ അങ്ങേക്കരയിലുണ്ടായിരുന്ന ആൽമരവും കുളവുംകൂടി ചേർത്തെടുത്തു പടുത്തുയർത്തിയ കൂറ്റൻ കച്ചവടസമുച്ചയത്തിലെ ഭേദപ്പെട്ട ഒരു ഹോട്ടെലിൽ കയറി ഒന്ന് വിശപ്പും ദാഹവും മാറ്റാമെന്ന് വെച്ചപ്പോൾ മൂപ്പർക്കും അത് സമ്മതം . എന്നും കിട്ടുന്ന നിവേദ്യങ്ങളിൽനിന്നും ഇന്നല്പം വ്യത്യസ്തനാകാമെന്ന് ഞാൻ പറഞ്ഞത് മൂപ്പരും അനുസരിച്ചു . ആദ്യം കുറച്ചു വെള്ളം ചോദിച്ചപ്പോൾ കൊണ്ടുവന്നുതന്ന ബോട്ടിൽ വെള്ളത്തിന് ഒരു രുചി വ്യത്യാസം . ഉടനെ മൂപ്പരോട് അകക്കണ്ണ് തുറന്നൊന്നു നോക്കാൻ പറഞ്ഞതും ഞാൻ ബോധംകെട്ടു വീണു . തൊട്ടടുത്ത അഴുക്കുചാലിലെ വെള്ളം തോർത്തുവെച്ചു അരിച്ചെടുത്തു കുപ്പിയിലാക്കി തന്നതാണ് മനോഹരമായ ആ കുപ്പിവെള്ളം . ശർദ്ധിക്കാതിരിക്കാൻ ഞാൻ പാടുപെടുന്നത് കണ്ട് മൂപ്പർ പൊട്ടിച്ചിരിച്ചു . ഇതൊക്കെ എന്ത്, ഇനി ഇവിടുത്തെ അടുക്കളയിൽനിന്നും ഭക്ഷണ രൂപത്തിൽ വരാനിരിക്കുന്നത് കണ്ടാൽ നിന്റെ ജീവൻ തന്നെ പോകും എന്നമട്ടിലെ ആ ചിരി എന്നെ നന്നേ വിഷമിപ്പിച്ചു ....!
.
ഒന്നും കഴിക്കാതെ അവിടുന്നിറങ്ങിയപ്പോൾ മൂപ്പർ ചോദിച്ചു ഈ ലോകത്തിലെ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്ന് പറയാമോ എന്ന് . ഒന്നും പറയാതെ ഞാൻ മൂപ്പരെ തന്നെ നോക്കി നിന്നപ്പോൾ മൂപ്പർ പറഞ്ഞു , ചെറിയ ലാഭത്തിനു വേണ്ടി വയറു വിശക്കുന്നവനുള്ള ഭക്ഷണത്തിൽ പോലും മായം കലർത്തുനന്നതിനേക്കാൾ വലിയ പാപങ്ങൾ വേറെ എന്താണ് ...!
.
കഴിക്കാത്ത ഭക്ഷണത്തിന് , എടുക്കാത്ത പണിക്ക് , കൊടുക്കാത്ത സഹായത്തിന് , രാഷ്ട്ര സേവനത്തിന് , സ്വയം സമർപ്പണത്തിന് , വിവിധ തരം ദൈവങ്ങൾക്ക് , ജാതിക്ക് , മതത്തിന്, രാജ്യത്തിന് , പ്രകൃതി സംരക്ഷണത്തിന് ... ഒക്കെ വേണ്ടിയും നീ ജീവിച്ചു മരിക്കുന്നല്ലോ എന്ന് മൂപ്പർ ചോദിച്ചപ്പോൾ ഞാൻ ശരിക്കും ചമ്മിപ്പോയി . വിദ്യയില്ലാത്ത വിദ്യാലയങ്ങൾ . കൂടുമ്പോൾ ഇമ്പമില്ലാത്ത കുടുംബങ്ങൾ . ഇഴയടുപ്പമില്ലാത്ത ബന്ധങ്ങൾ . എനിക്കു പോലും വാസയോഗ്യമല്ലാത്ത ആരാധനാലയങ്ങൾ . സംരക്ഷിക്കാനും നയിക്കാനും ശേഷിയില്ലാത്ത നേതാക്കൾ . നീയൊക്കെ പിന്നെ .. മുഴുവിപ്പിക്കും മുൻപേ ഞാൻ മൂപ്പരുടെ വായ പൊത്തി ......!
.
മുന്നോട്ടു നടക്കവേ ഒരു കടക്കു മുൻപിൽ വലിയ ആൾക്കൂട്ടം. അതിന്റെ ഇടയിലേക്ക് തല തിരുകി എത്തിനോക്കാൻ നേരം മൂപ്പരെന്റെ ചെവിക്കു പിടിച്ചിട്ടു പറഞ്ഞു, ഇങ്ങു പോരെ, ഞാൻ പറഞ്ഞു തരാമെന്നു. മാനസിക വളർച്ചയില്ലാത്ത മകളെ ഉറ്റ ബന്ധു പീഡിപ്പിച്ചതിന് പരാതി പറയാനെത്തിയ അമ്മയെ അധികാരികളും പീഡിപ്പിച്ച കഥയാണ് ടീവി യിൽ കാണിക്കുന്നതെന്ന് പറഞ്ഞിട്ട് മൂപ്പർ വിഷണ്ണനായി. എന്നിട്ടു കാണിച്ചു തന്നു മുന്നിലൊരു നീണ്ട വരി . അറ്റം കാണാത്ത വരിയുടെ അറ്റം എത്തിനിൽക്കുന്നത് ഒരു മദ്യ ശാലയിലും. മണിക്കൂറുകളോളം, യാതൊരു വിഷമവും പരാതിയും കൂടാതെ ആളുകൾ ഒത്തൊരുമയോടെ കൂടി നിൽക്കുന്ന ആ കാഴ്ച എത്ര മനോഹരം. സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കേണ്ടവർ സംരക്ഷിക്കാത്തതുകൊണ്ടു മാത്രമാണ് ഈ വക പീഡനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നതെന്ന് മൂപ്പർ പറഞ്ഞപ്പോൾ എനിക്ക് വാക്കുകളില്ലാതെ പോയി .... !
.
ഡോ , തനിക്കറിയുമോ , ഈ ലോകത്തിൽ ഉച്ഛനീചത്വങ്ങളും അടിമത്വങ്ങളും വർണ്ണവെറിയും അസമത്വങ്ങളും മതസ്പർദ്ധകളും പണ്ഡിത -പാമരത്വങ്ങളും വലിപ്പ - ചെറുപ്പങ്ങളും ഒക്കെ ഏറ്റവും കുറവുള്ള അപൂർവ്വം സ്ഥലങ്ങളെ ഉള്ളൂ . അതിൽ രണ്ടെണ്ണമാണ് മദ്യശാലകളും വേശ്യാലയങ്ങളും . അവിടെ അസ്വസ്ഥതകളില്ല നീണ്ട കാത്തിരിപ്പുകൾക്ക് വിഷമമില്ല , അസഹിഷ്ണുതയില്ല, തിരക്കിൻറെ പ്രശ്നങ്ങളില്ല , രാഷ്ട്രീയമില്ല, മതമില്ല . അവിടെ തർക്കങ്ങളുണ്ടായാൽ തന്നെ ഉടനെ പരിഹാരങ്ങളുണ്ടാകും , വഴക്കുകളുണ്ടായാൽ തന്നെ ഉടനെ സൗഹൃദങ്ങളുമുണ്ടാകും . അതുകൊണ്ട് ഇനി പുതിയ വിദ്യാലയങ്ങളും ആശുപത്രികളും ഷോപ്പിംഗ് മാളുകളും , ബഹിരാകാശ പദ്ധതികളും , ആധുനിക കൃഷിരീതികളും പുത്തൻ വ്യവസായങ്ങളും ഒക്കെ ഉണ്ടാക്കും മുൻപ് നിനക്ക് അത്യാവശ്യമായി വേണ്ട നല്ല മദ്യ ശാലകളും വേശ്യാലയങ്ങളും ഉണ്ടാക്കാൻ നോക്ക് എന്നും പറഞ്ഞ മൂപ്പരൊരു മുങ്ങൽ . അതാണത്രേ എനിക്കിപ്പോൾ വേണ്ടത് . നല്ല സുരയും നല്ല രതിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...