Wednesday, November 12, 2014

വേർപിരിക്കുന്നവരോട് ....!!!

വേർപിരിക്കുന്നവരോട് ....!!!
.
പന്ത്രണ്ടു വയസ്സുള്ള തന്റെ ചേച്ചിയുടെ കയ്യും പിടിച്ച് ആ എട്ടു വയസ്സുകാരൻ ആത്മ ധൈര്യത്തോടെ മുന്നോട്ട് നടന്നകലുന്നത് ലോകം സ്നേഹത്തോടെയാണ് നോക്കി നിന്നത് . കണ്ടു നിൽക്കുന്നവരുടെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നേറ്റു നിന്ന് അപ്പോഴവനോട് തികഞ്ഞ ആദരവും പ്രകടിപ്പിച്ചിരുന്നു . അതെ, അവരുടെയെല്ലാം തല കുനിയുകയും ഹൃദയം നിറയുകയും കൂടി ചെയ്തിരുന്നു എന്ന പോലെ ...!
.
കോടതി മുറിയിൽ അപ്പോൾ നടക്കുന്നതൊന്നും അവൻ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല . അധികാരികളുടെ ചോദ്യങ്ങൾക്കുള്ള അവന്റെ നേരുത്തരത്തിനുമുന്നിൽ ആരൊക്കെ പകച്ചു നിൽക്കുന്നു എന്നും അവൻ നോക്കിയില്ല . അല്ലെങ്കിൽ തന്നെ ഇനി അതിന്റെയൊക്കെ ആവശ്യമെന്ത് . കോടതിയുടെ ആ മുറിക്കുള്ളിലേക്ക് കടക്കും മുൻപേ, മറ്റുള്ളവർ എല്ലാം തീരുമാനിച്ചുറച്ചതല്ലേ ...!
.
ബന്ധങ്ങളുടെ ചുവരുകൾക്കിടയിൽ ഓരോ വിള്ളൽ വീഴുമ്പോഴും ചേച്ചി മാത്രം അവനെ ചേർത്ത് പിടിച്ച് കരഞ്ഞിരുന്നത് എന്തിനെന്ന് ഇപ്പോഴാണ് അവന് മനസ്സിലായത്‌ . കളിക്കളത്തിനു പുറത്ത് അടുക്കളയിലും , പഠനമുറിയിലും പിന്നെ രാപ്പനിക്കൂട്ടിൽ തുള്ളി വിറയ്ക്കുമ്പോഴും കൂട്ടിന് പതിയെ പതിയെ ചേച്ചി മാത്രമാകുന്നത് അവൻ കൌതുകതോടെയാണ് നോക്കി നിന്നിരുന്നത് പലപ്പോഴും ...!

വീട്ടിനകത്തെ വാക്കുകൾ അതിരു വിടുമ്പോഴൊക്കെ ചേച്ചി തടയാൻ ശ്രമിച്ചത് അവൻ ശ്രദ്ധിച്ചിരുന്നില്ല . ബന്ധങ്ങൾ കടലാസു കഷ്ണത്തിലെ കോളങ്ങളിലെയ്ക്ക് മാത്രം ഒതുങ്ങുകയാനെന്നും അപ്പോഴവൻ തിരിച്ചറിഞ്ഞില്ല . അമ്മൂമ്മയെയും അച്ചാച്ചനെയും കൈമാറ്റിയപ്പോൾ ചേച്ചി കരഞ്ഞു തളർന്നത് മാത്രം അവനെ പക്ഷെ വല്ലാതെ വേദനിപ്പിച്ചിരുന്നെങ്കിലും . .....!
.
പിന്നെ പിന്നെ എല്ലാം അവന് അവന്റെ ചേച്ചി മാത്രമാകുന്നത് ആശ്ചര്യത്തോടെ മാത്രം അവൻ നോക്കി നിന്നു . അച്ഛനെന്ന് നേരിട്ടൊന്നു വിളിക്കാൻ പോലും കാണാനാകാത്ത ദൂരത്തേക്കു അച്ഛനും അമ്മയെന്ന് തോട്ടറിയാനാകാത്ത അകലത്തേക്ക് അമ്മയും പതിയെ പതിയെ മാഞ്ഞു പോകുന്നത് അവന് മനസ്സിലാക്കുവാൻ കഴിയുമായിരുന്നുവെങ്കിലും ... !
.
അച്ഛന്റെ ലോകത്തിൽ അച്ഛനും അമ്മയുടെ ലോകത്തിൽ അമ്മയ്ക്കും മാത്രമേ സ്ഥാനമുള്ളൂ എന്ന് ഒരിക്കൽ അമ്മയെ ചോദിച്ച് കരഞ്ഞു തളർന്ന തന്നെ മാറോടു ചേർത്ത് ചേച്ചി പറഞ്ഞപ്പോൾ അവനൊന്നും മനസ്സിലായില്ലെങ്കിലും അപ്പോഴവന് ചേച്ചിയുണ്ട്‌ എല്ലാറ്റിനും എന്ന സത്യമെങ്കിലും തിരിച്ചറിഞ്ഞിരുന്നു . അനാഥത്വത്തിൽ നിന്നും സനാധനാകുന്നതിന്റെ ആത്മ സംതൃപ്തി അപ്പോഴവൻ തിരിച്ചറിയുകയായിരുന്നു ....!
.
ഇന്ന് എല്ലാറ്റിനും തീർപ്പാകുന്നു . കോടതിയുടെ കാരുണ്യം കാത്തിരിക്കുകയാണെന്നും വിധി വന്നാൽ തങ്ങളും വിഭജിക്കപ്പെടും എന്നും ആദ്യമവന് അറിയില്ലായിരുന്നു എങ്കിലും . പക്ഷെ അച്ഛനും അമ്മയ്ക്കും വേണ്ടാത്ത തന്നെയും ചേച്ചിയെയും അവർക്ക് പങ്കിട്ടുനല്കാൻ വിധിച്ച കോടതിമുറിയിൽ അവന്റെ പ്രതിഷേധത്തിന്റെ ഒച്ച അന്ന് ആദ്യമായുയർന്നു അപ്പോൾ . ...!
.
പിന്നെ ആരെയും കൂസാതെ ഉറച്ച കാൽവെപ്പോടെ ചേച്ചിയുടെ കയ്യും പിടിച്ച് തങ്ങൾക്കിനി ആരുമില്ലെന്ന് ഉറക്കെ പറഞ്ഞ് നടന്നകലാൻ മാത്രം അപ്പോഴവന്റെ കുഞ്ഞു കരങ്ങൾക്ക് ശക്തിയുണ്ടായിരുന്നു . കാലുകൾക്ക് കരുത്തും . അവന്റെയൊപ്പം ഇറങ്ങി നടക്കുന്ന അവന്റെ ചേച്ചിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!! . ഓർമ്മകളില്ലെങ്കിലും ഓർമ്മിക്കാനില്ലെങ്കിലും സൂക്ഷിക്കാൻ എനിക്കും വേണം ഒരലമാര ....! . ചിത്രപ്പണികൾ ചെയ്...