Thursday, November 27, 2014

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )
.
സമൂഹത്തിലും കുടുംബത്തിലും പുരുഷനേക്കാൾ മേധാവിത്ത്വവും ഉത്തരവാദിത്വവും പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണെന്നും സ്ത്രീകൾ അതിനനുസരിച്ച് ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ . സ്ത്രീയെ എന്നല്ല പുരുഷനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു . സ്ത്രീ പുരുഷ സമത്വമല്ല സ്ത്രീക്ക് മുന്ഗണന തന്നെയാണ് സമൂഹത്തിൽ വേണ്ടത് . ശക്തവും ദൃഡവും കേട്ടുറപ്പുമുള്ള ഒരു സ്ത്രീ സമൂഹം ഉണ്ടെങ്കിൽ മാത്രമേ ഈ ലോകം നന്നാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . അല്ലെങ്കിൽ തന്നെ സമത്വം എന്നത് ഒരു മിഥ്യ അല്ലെങ്കിൽ സ്വപ്നം മാത്രമാണ് താനും ....!
.
വാക്കുകളിലൂടെ മാത്രം ലോകത്തെ നോക്കി കാണാതെ, നേർക്കാഴ്ചയിലേക്ക് മനസ്സെറിയുമ്പോൾ കണ്ടെത്തുന്ന പല സത്യങ്ങളുമുണ്ട് . ഉന്നതശ്രേണിയിൽ നിൽക്കുന്ന രാജ്യങ്ങളിലെ തെരുവുകളിൽ സ്ത്രീയെ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും മൂന്നാം ലോക രാജ്യങ്ങളിൽ സ്ത്രീകൾ എങ്ങിനെ പരിചരിക്കപ്പെടുന്നു എന്നും അറിയണമെങ്കിൽ തീർച്ചയായും അവിടങ്ങളിൽ സഞ്ചരിക്കുക തന്നെ വേണം . അവിടുത്തെ സ്ത്രീ സമൂഹത്തെ തൊട്ടറിയുക തന്നെ വേണം ..!
.
നടന്നു പോകുന്ന പെണ്ണിനെ അടുത്തുള്ള ചുമരിന്റെ മറവിലേക്ക് പിടിച്ചു കൊണ്ടുപോയി അവളുടെ പ്രതികരണം പോലും ശ്രദ്ധിക്കാതെ രണ്ടുമിനുട്ടിൽ ലൈംഗിക വേഴ്ച നടത്തി എങ്ങോട്ടോ മറഞ്ഞുപോകുന്ന പുരുഷനെ നോക്കി അവൾ ഒന്നും സംഭവി ചിട്ടില്ലാതതുപോലെ ഇട്ട വസ്ത്രത്തിൽ തന്നെ അവന്റെ രേതസ്സും തുടച്ച് യാത്ര തുടരുന്ന പെണ്ണിനേയും , ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പതുവയസ്സിൽ താഴെ പ്രായമുള്ള പെണ്മകളെ വേശ്യാവൃത്തിക്ക് പറഞ്ഞയക്കുന്ന അമ്മയെയും ഈ ഭാരതത്തിനു പുറത്തും നമുക്ക് കണ്ണു നിറയെ കാണാനാകും ...!
.
ലോക ശരാശരിയിൽ ഭാരതം എല്ലാറ്റിലും മുന്നിൽ തന്നെയാണ് . കാരണം ജന സംഖ്യ കൂടുതലുള്ള രാജ്യമാണ് ഭാരതം . അതും വ്യത്യസ്തമായ സംസ്കാരവും സാമൂഹിക രീതികളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന , സാമ്പത്തികമായി ഇപ്പോഴും പുറകിൽ നിൽക്കുന്ന ഒരു രാജ്യം . അതുകൊണ്ടുതന്നെ ഇവിടെ കുറ്റകൃത്യങ്ങളുടെ തോതും ഉയർന്നു തന്നെ നിൽക്കും . അത് മാറ്റിയെടുക്കാൻ ഒത്തൊരുമിച്ചുള്ള സാമൂഹിക പ്രയത്നമാണ് വേണ്ടത് ....!
.
പ്രതിജ്ഞകളും പ്രബന്ധങ്ങളും ഉണ്ടായിട്ട് കാര്യമില്ല എന്നത് ശരിതന്നെ . അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നിടത്താണ് കാര്യം . പക്ഷെ അങ്ങിനെയൊന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നമുക്ക് ഉപയോഗിക്കനുള്ളതാനെന്നും ഓർമ്മിപ്പിക്കേണ്ടതും അത്യാവശ്യം തന്നെ. നിയമങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അവ നടപ്പിലാക്കുകയും അതേകുറിച്ച്‌ ബോധാവാന്മാരാക്കുകയും വേണ്ടതു പോലെ ...!
.
ബന്ധങ്ങളിലെ സത്യസന്തത ഓരോരുത്തരുടെയും വ്യക്തി പരമായ കാര്യമാണ് . അത് കുടുംബ ബന്ധങ്ങളായാലും സൗഹൃ ദങ്ങളായാലും സത്യസന്തത ഒരാളുടെ മാത്രം അവകാശവുമല്ല . സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെപോകാൻ പാടില്ലെന്ന് ശഠിക്കുന്ന പുരുഷൻ അങ്ങിനെ ചെയ്യുന്നില്ല എന്ന് സ്ത്രീയെയും വിസ്വസിപ്പിക്കേണ്ടത് അവന്റെ കടമ തന്നെയാണ് . പക്ഷെ ഒരു കാര്യം തീർച്ചയായും പറയാൻ കഴിയുന്നതുണ്ട് . ഒരു സ്ത്രീ തെറ്റ് ചെയ്യുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവളുടെ പുരുഷന് ഒരിക്കലും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നത്തന്നെ. ...!
.
ബന്ധങ്ങൾ ഉണ്ടാകുന്നത് മനസ്സിലാണ് . ഒരാൾ ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനവനുതന്നെയാണ് . പക്ഷെ ആ ബന്ധങ്ങൾ ആത്മാർത്തതയോടെയായിരിക്കണം എന്ന് മാത്രം . ഒരു സുഹൃത്തിനെ ഉണ്ടാക്കുക എന്നതാണ് ബന്ധങ്ങളിൽ ഏറ്റവും ദുഷ്കരം . തന്നെ അറിയുന്ന ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുക എന്നത് എങ്ങിനെയാണ് എളുപ്പമാവുക . എന്നാൽ ഏതൊരു പുരുഷനെയും സഹോദരനായി കാണുക എന്നത് ഏറ്റവും എളുപ്പവും . അതിനർത്ഥം ഒരിക്കലും എല്ലാവരെയും സഹോദരന്മാരായി കാണാണം എന്നല്ല തന്നെ . അത് എഴുത്തിലെ അല്ലെങ്കിൽ സംസാരത്തിലെ ഒരു ഗ്രാമീണ ശൈലി മാത്രമാണ് . ...!
.
കാലത്ത് ഒരു ഒരാളുടെ കൂടെയും ഉച്ചക്ക് മറ്റൊരാളുടെ കൂടെയും രാത്രി വേരെയോരാളുടെ കൂടയും കഴിയുക എന്നത് മനുഷ്യന് തീർച്ചയായും അഭിലഷണീയമല്ല . അത് തീർച്ചയായും മൃഗീയം തന്നെയാണ് . എന്നാൽ മൃഗങ്ങൾ പോലും ആ കുറച്ചു സമയത്തേയ്‌ക്കെങ്കിലും തന്റെ ഇണയോട് സത്യസന്തത പുലർത്തും എന്നതും സത്യം . എന്നാൽ ചില മനുഷ്യർ മനസ്സിൽ മറ്റൊരാളെ സങ്കൽപ്പിച്ചുകൊണ്ട്‌ വേറെ ഒരാളുമായി ഇണചേരുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുക ...!
.
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് പുറകിലൂടെ അവളുടെ പുറകിൽ തലോടി രസിക്കുകയും മാറിൽ പിടിച്ചുല്ലസിക്കുകയും ചെയ്യുന്ന ആഭാസന്മാർ മാത്രമല്ല ആണുങ്ങൾ . എന്റെ ഏട്ടാ ( എന്റെ സഹോദരാ ) എന്ന് ഒരു സ്ത്രീ വിളിച്ചാൽ അവളെ പൊന്നുപോലെ നോക്കുന്നവർ കൂടിയാണ് . അതുകൊണ്ട് ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, November 26, 2014

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!!

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!!
.
ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ്‍ വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ഒന്നുകൂടി നോക്കും. നോക്കുക മാത്രമല്ല , അവളെക്കൊണ്ട് തന്നെ നോക്കിക്കാനുള്ള പതിനെട്ടടവും പയറ്റുകയും പിന്നെ എങ്ങിനെയെങ്കിലും അവളെയൊന്നു വളയ്ക്കാനും പറ്റിയാൽ ഒടിക്കാനും ശ്രമിക്കുകയും ചെയ്യും . സന്ദർഭം ഒത്തുവന്നാൽ ഉപയോഗിക്കാനും ശ്രമിക്കും . ഇത് മനുഷ്യന്റെ മാത്രമല്ല ഏതൊരു ജീവികുലത്തിന്റെയും എതിർലിംഗതോടുള്ള പ്രകൃത്യായുള്ള സാധാരണ സമീപനമാണ് . എന്നാൽ ഇവിടെയെല്ലാം മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത് അവന്റെ ചിന്തിക്കാനുള്ള കഴിവും വിവേചന ബുദ്ധിയും കൊണ്ടാണ് . അതില്ലെങ്കിൽ മനുഷ്യനും മറ്റേതൊരു ജീവിക്കും സമൻമാർ മാത്രമാകുന്നു ...!
.
സ്ത്രീ സമൂഹം ഇന്ന് വലിയ വെല്ലുവിളികൾ നേരിടുന്നു എന്നൊക്കെ മുറവിളി കൂട്ടുന്നതിൽ എന്തെങ്കിലും അടിസ്ഥാനമില്ല എന്നൊന്നും ഞാനിവിടെ പറഞ്ഞു തുടങ്ങുന്നില്ല . മറിച്ച് വെറുതേ സംസാരിക്കുന്നതിനേക്കാൾ നമുക്കുചെയ്യാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ എങ്ങിനെ അത്തരം അവസ്ഥകളെ മാറ്റിയെടുക്കാമെന്ന എന്റെ ചിന്തകളിലെയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു എന്നുമാത്രം ...!
.
വ്യക്തിപരമായപെരുമാറ്റം , സാമൂഹിക അവസ്തകളിലെ അടിസ്ഥാന മാറ്റം ലഹരിയുടെ ഉപയോഗം അശ്ലീലതയുടെ വ്യാപനം കുടുംബ ബന്ധങ്ങളിലെ ദൃഡതയും സത്യസന്തതയും ഇല്ലായ്മ തുടങ്ങി ഒരുപാട് സാമൂഹിക ഘടകങ്ങൾ സ്ത്രീകളുടെ അരക്ഷിതാവസ്തയ്ക്കും മറ്റുള്ളവരിൽ നിന്നുള്ള ആക്രമണങ്ങൾക്കും ഒക്കെ കാരണമാകുന്നുണ്ട് . അപകടകരമായ ഒരു അവസ്ഥ ഇതൊക്കെയും സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് .വ്യക്തികൾ സ്വന്തമായും സർക്കാരും സംഘടനകളും നീതിപീഠവും ഒക്കെ സംയുക്തമായി ശ്രമിച്ചാൽ മാത്രമേ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം ഉണ്ടാവുകതന്നെയുള്ളൂ ...!
.
ഏതൊരു ജാതിയിലും മതത്തിലും സമൂഹത്തിലും സ്ത്രീയെ ആദരിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുമ്പോൾ ഭാരതം ഒരുപടികൂടി മുന്നിൽ കടന്ന് ഏതൊരു സ്ത്രീയെയും സ്വന്തം സഹോദരിയായി കാണാൻ കൂടി ആവശ്യപ്പെടുന്നു . അതിന്റെ പ്രതിജ്ഞയിൽ പോലും ഉൾപ്പെടുത്തി നിത്യവും ഓർമ്മിപ്പിക്കും പോലെ , എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന വലിയ തത്വം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു ...!
.
മറ്റുള്ളവർ ചെയ്യേണ്ടത് ചെയ്യുന്നില്ല എന്ന് മുറവിളി കൂട്ടി , സമൂഹത്തെ എല്ലാറ്റിനും കുറ്റം പറഞ്ഞ് , ഇതാണ് നമ്മുടെ അവസ്ഥയെന്നും ഇതുമായി പൊരുത്തപെടുകയെ നിവൃത്തിയുള്ളൂ എന്നുമുള്ള മനോഭാവത്തോടെ കഴിയുന്നവരാണ് മിക്ക സ്ത്രീകളും . ചിലർ പ്രതികരിക്കാൻ ഇറങ്ങുമ്പോൾ അതിന് മറ്റൊരു മുഖം നൽകി അവരെ നിരുത്സാഹപ്പെടുത്താനും പലരും മുതിരുന്നു . എന്നാൽ ഓരോ സ്ത്രീയും സാമൂഹികമായ വ്യവസ്ഥിതികൾക്ക് കോട്ടം തട്ടാത്ത രീതിയിൽ സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യം തന്നെ . ...!
.
പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോരുത്തർക്കും ഓരോ മാർഘങ്ങളുണ്ട് . അവരവരുടെ വ്യവസ്ഥകളിൽ നിന്നുകൊണ്ട് അങ്ങിനെ ചെയ്യുകയും വേണം. അത് സമൂഹത്തിന്റെ തന്നെ ഉന്നമനത്തിന് അത്യന്താപേക്ഷിതവുമാണ് . അത് വ്യക്തികൾക്കും സമൂഹത്തിനും ഉപകാരപ്പെടുകയും ചെയ്യും . നിലനിൽക്കുന്ന സാമൂഹിക വ്യവസ്തികളിൽ മറ്റുള്ളവർക്ക് ദോഷമാകാത്ത വിധം ഏതൊരു പ്രതിഷേധത്തിനും മുതിരുമ്പോൾ അതിന് സാമൂഹികമായ പിന്തുണയും തീർച്ചയായും ഉണ്ടാവുകയും ചെയ്യും ....!
.
മറ്റൊരാൾ ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നതിൽ ഒരു ചെറിയ ശതമാനം അവരുടെ ഭാഗത്തും വീഴ്ചകളുണ്ട് . അങ്ങിനെ മോശമായ പെരുമാറ്റവുമായി വരുന്നവർക്ക് അവരുടെ ആഗ്രഹം സാധിക്കും എന്നൊരു തോന്നൽ തന്നെ ആദ്യമേ ഇല്ലാതാക്കുകയാണ് അത്യാവശ്യമായി വേണ്ടത് . അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവളാണ് ഇവളെന്ന തോന്നൽ ഉണ്ടാകുന്നിടതാണ് പ്രശ്നങ്ങളുടെ തുടക്കവും . അതിന് സ്ത്രീയെ സ്ത്രീ ആയി മാത്രം കാണാൻ ഇടവരുത്താതെ അവരുടെ അമ്മയായോ സഹോദരിയായോ മകളായോ സുഹൃത്തായോ ഒക്കെ കൂടി കാണുവാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുമാണ് ....!
.
ഓരോ സ്ത്രീയും അവനവന്റെ കടമകൾ കൃത്യമായി ചെയ്യുകയും , താനാണ് തന്റെ കുടുംബത്തിന്റെ നെടുംതൂണ്‍ എന്ന ഉത്തമ ബോധ്യത്തോടെ ഉത്തരവാദിത്വത്തോടെ മുന്നേറുകയും തന്റെ കുടുംബത്തെയും തന്റെ സമൂഹത്തെയും അതിനനുസരിച്ച് മുന്നോട്ട് നയിക്കുകയും വേണ്ടതാണ് . അതിലേക്കുള്ള ആദ്യപടിയായി , ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 23, 2014

കുറ്റവാളികളെ ഉണ്ടാക്കുന്നവർ ...!!!

കുറ്റവാളികളെ ഉണ്ടാക്കുന്നവർ ...!!!
.
തെറ്റുകളും കുറ്റങ്ങളും ഏറെക്കുറെ എല്ലാവർക്കും ഉള്ളത് തന്നെ. കൂടുതൽ പേരും തെറ്റുകൾ ചെയ്യുന്നവരുമാണ് . എന്നാൽ അത് മറ്റുള്ളവർക്കും സമൂഹത്തിനും ദോഷമായി വരുന്നവയാണെങ്കിൽ തീർച്ചയായും തിരുത്തുകയും ശിക്ഷിക്കപ്പെടേണ്ടതെങ്കിൽ തീർച്ചയായും അങ്ങിനെ ഉണ്ടാവുകയും വേണ്ടത് തന്നെ . ...!
.
കുട്ടികൾ അല്ലെങ്കിൽ മുതിർന്നവർ അവരവരുടെ വീടുകളിൽ നിന്ന് തന്നെയാണ് പലപ്പോഴും തെറ്റുകളുടെ ബാല പാഠങ്ങൾ പഠിക്കുന്നത് . പിന്നെ സഹവാസികളിൽ നിന്നും , സമൂഹത്തിൽ നിന്നും. ഇങ്ങിനെയല്ലാത്ത ജന്മനാ കുറ്റവാളികൾ ആയവരും സാഹചര്യങ്ങൾകൊണ്ട് കുറ്റവാളികൾ ആകുന്നവരും മറ്റുള്ളവരാൽ കുറ്റം ചാർതപ്പെടുന്നവരും മറ്റുള്ളവരുടെ കുറ്റങ്ങൾ ഏറ്റെടുക്കുന്നവരും ഒക്കെയുണ്ട് നമ്മുടെ ഈ സമൂഹത്തിൽ ....!
.
തെറ്റ് ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും പ്രാചീന കാലം മുതലേ നടപടികളും ഉണ്ടായിരുന്നു . കാടൻ മാർഗ്ഗങ്ങൾ തൊട്ട് പരിഷ്കൃത മാർഗ്ഗങ്ങൾ വരെ നമുക്ക് മുൻപിലുണ്ട് . ഗൃഹനാഥർ മുതൽ ഗ്രാമ സഭകളും പോലീസും പട്ടാളവും കോടതികളും എന്തിന് ദൈവം പോലും ശിക്ഷ വിധിക്കാനും ഉണ്ട് . സ്വയം തെറ്റ് മനസ്സിലാക്കി അത് തിരുത്തുന്നവരും ഒട്ടും കുറവല്ല തന്നെ. ...!
.
നല്ലത് എന്ന പോലെ ചീത്തയും ശരി എന്നപോലെ തെറ്റും ഒക്കെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗം തന്നെ എങ്കിലും തെറ്റുകളെയും കുറ്റങ്ങളെയും തീർച്ചയായും എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരാൾ സ്വയം ചെയ്യുന്ന തെറ്റിനേക്കാൾ ഗുരുതരമാണ് മറ്റൊരാൾ ചെയ്യുന്ന തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്നത് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം ...!

കുട്ടികൾ വീട്ടിൽ ചെയ്യുന്ന ചെറിയ തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്ന രക്ഷിതാക്കൾ മുതൽ സമൂഹത്തിലെ തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്ന ഉത്തരവാദപ്പെട്ടവർ വരെ ചെയ്യുന്നത് വളരെ വളരെ വലിയ തെറ്റാണ് . ഇത്തരക്കാരാണ് ശരിക്കും സമൂഹത്തിൽ കുറ്റവാളികളെ ഉണ്ടാക്കാൻ സഹായിക്കുന്നത് എന്നും പറയാം ഒരളവുവരെ ...!
.
കുറ്റവാളി കളെ ക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നവർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാനും കുറ്റവാളികളെ കൂടുതൽ ഉണ്ടാക്കാനും സഹായിക്കുന്നു എന്നത് വളരെ വേദനാജനകമാണ് . അതുപോലെതന്നെ ജയിലുകളിൽ പോലും കുറ്റവാളികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നതും ഭീതിതമായ അവസ്ഥതന്നെ ....!
.
ഒരാൾ ഒരു തെറ്റ് ചെയ്യുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കുകയും ആരും ആ തെറ്റുകാരെ സഹായിക്കാനില്ലാതെ വരികയും ചെയ്യുമ്പോൾ അവർ പിന്നീടൊരിക്കലും അങ്ങിനെയൊരു തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള സാധ്യത വളരെ വളരെ കൂടുന്നു . ഒപ്പം അത് കണ്ടുനിൽക്കുന്നവരിൽ ആ തെറ്റിനെ കുറിച്ചും തെറ്റ് ചെയ്‌താൽ ഉണ്ടാകാവുന്ന ഭവിഷ്യതിനെ കുറിച്ചും അവബോധം ഉണ്ടാകാനും സഹായിക്കുന്നു ...!
.
മറിച്ച് ആ തെറ്റുകാർക്ക് ആരെങ്കിലും സഹായവുമായി വന്നാൽ അത് അതുപോലെയുള്ള മറ്റുള്ളവർക്കും പ്രചോദനവും സഹായവും ആവുകയും ചെയ്യും . മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ സൌഹൃദങ്ങളുടെയോ സ്വധീനങ്ങളുടെയോ ഒക്കെ പേരിലോ പണതിനോ മറ്റു വസ്തുവകകൾക്കോ വേണ്ടിയോ വ്യക്തികളോ സമൂഹമോ കുറ്റവാളികളെ സഹായിക്കുന്നിടതാണ് ഏറ്റവും വലിയ തെറ്റുകൾ സംഭവിക്കുന്നത്‌ തന്നെ ....!
.
ഇത് തിരിച്ചറിയാനും തിരുത്താനും വ്യക്തികളും സമൂഹവും തയ്യാറാകുമ്പോൾ തീർച്ചയായും നമുക്ക് അക്രമ രഹിതമായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കാൻ സാധിക്കുക തന്നെ ചെയ്യും . ഒരു കുറ്റം ചെയ്യുന്നു എന്നതിനേക്കാൾ ഒരു കുറ്റവാളിയെയും സഹായിക്കുകയുമില്ല എന്നതിലേക്ക് കൂടി നമ്മൾ തീർച്ചയായും മാറേണ്ടിയിരിക്കുന്നു അതിനുവേണ്ടിയാകട്ടെ ഇനി നമ്മുടെ ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, November 20, 2014

എന്റെ ഉണ്ണിയ്ക്ക് ...!!!

എന്റെ ഉണ്ണിയ്ക്ക് ...!!!
.
എന്റെ ഗർഭത്തിൽ
എനിക്കൊരു ഉണ്ണിയുണ്ട്
ആണോ പെണ്ണോ എന്നറിയില്ലെങ്കിലും
അത് എന്റെ ഉണ്ണി തന്നെയെന്നെങ്കിലും
എനിക്കുറപ്പുമുണ്ട് ...!
.
അതിന് തീർച്ചയായും ഇപ്പോൾ
എന്റെ തന്നെ ജാതിയും മതവുമുണ്ട്
അതിന് ഞാനെന്ന
അച്ഛനും അമ്മയുമുണ്ട്‌ ....!
.
അതിനു താമസിക്കാൻ ഭൂമിയും
ശ്വസിക്കാൻ വായുവും
കുടിക്കാൻ വെള്ളവും
കളിക്കാൻ വിശാലമായ ആകാശവമുണ്ട് ...!
.
പക്ഷെ എവിടെയാണ്
അതിന്റെ ജീവിതത്തിൽ നിന്നും
ജീവനിലേയ്ക്ക് നീളുന്ന
ഒരു കുടുംബമുള്ളത് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, November 19, 2014

അറിയാൻ ബാക്കിയുള്ളതിൽ നിന്നും ... !!!

അറിയാൻ ബാക്കിയുള്ളതിൽ നിന്നും ... !!!
.
ആകാശത്തിനു നടുവിൽ എനിക്കൊരു കുഞ്ഞു വീടുണ്ടായിരുന്നു എന്നാണ് അവൻ അവളോട്‌ അപ്പോൾ ദൃഡനിശ്ചയത്തോടെ എന്നപോലെ പറഞ്ഞ വാക്കുകൾ . ഉണ്ടായിരുന്നു എന്ന് പറഞ്ഞതിൽ നിന്ന് തന്നെ അവൾ മനസ്സിലാക്കിയത് ഉള്ളതെല്ലാം നഷ്ടപ്പെടുത്തുന്നവനാണ് അവനെന്നാണ് . അല്ലെങ്കിൽ നഷ്ടപ്പെടുത്തി കഴിഞ്ഞവനാണ് അവനെന്നു തന്നെയാണ് ..... അവനെന്നാൽ , ഒരുപാട് മോഹങ്ങൾ സൂക്ഷിക്കുന്നവനാനെന്നും കഠിനാധ്വാനിയാണെന്നും ആഗ്രഹിക്കുന്നതെന്തും നെടുന്നവനാനെന്നും ഒക്കെ ആ ഒറ്റവരിയിൽ നിന്നും അപ്പോഴേക്കും അവൾ ഊഹിചെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ....!
.
പക്ഷെ അതൊന്നുമല്ല അവളെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് . ഉണ്ടായിരുന്നു എന്നതിന് ശേഷം അവൻ പിന്നെ ഒരു അർധൊക്തിയിൽ അവിടെ എന്തിന് നിർത്തി എന്നതാണ് . അതിന് എന്തായിരിക്കും അർത്ഥം . ഇനി അതുപോലെയൊന്നുണ്ടാക്കാൻ സാധിക്കില്ല എന്നോ അതോ, അതിനേക്കാൾ വലുത് ഇനിയും ഉണ്ടാക്കാംഎന്നോ . അത് തന്നെയാണ് അവളെ കുഴയ്ക്കുന്നതും ...!
.
വീട് എന്നത് തീർത്തും അജ്ഞാത മായ ഒരു അവസ്ഥ മാത്രമായിരുന്നു അവൾക്ക് . ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെ എങ്ങിനെയാണ് അവൾ സ്വപ്നം കൂടി കാണുക . അല്ലെങ്കിൽ തന്നെ സ്വപ്നവും ജീവിതവും തമ്മിൽ അവൾക്കുള്ള പരിചയം തന്നെ അവനാകവേ .... പക്ഷെ അവൻ ... അറിയില്ലെങ്കിലും , സ്വപ്നത്തിൽ നിന്നും യാധാർത്യത്തിലേയ്ക്ക് എത്ര അകലെയാണ് അവനെന്ന് അവൾക്കു കണ്ടുപിടിച്ചേ പറ്റുമായിരുന്നുള്ളൂ അപ്പോൾ ...!
.
കറുത്ത കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഈ മതിലിനു പുറത്തേക്ക് ഒരു വാതിലുണ്ടെന്നും ആ വാതിലിലൂടെ വെളിച്ചം കടന്നെതുമെന്നും വെളിച്ചമെന്നാൽ സൂര്യനാണെന്നും തന്നെ എന്തിനാണ് അവൻ പിന്നെ പഠിപ്പിച്ചത് . ഓരോ അക്ഷരങ്ങളും വെറുതേ പറഞ്ഞു പോകുന്നതിനു പകരം അവ കൂട്ടിവെച്ചാൽ വാക്കുകൾ ആകുമെന്നും അതുകൊണ്ട് വാചകങ്ങൾ ഉണ്ടാക്കാമെന്നും അവൻ തന്നെ പഠിപ്പിച്ച പോലെ ...!
.
അടച്ചുമൂടിയ അവളുടെ ആ മേൽക്കൂരയ്ക്ക് മേലെ ഒരു വലിയ അകാശമുണ്ടെന്നും ആ വലിയ ആകാശം നിറയെ നക്ഷത്രങ്ങൾ ആണെന്നും കൂടി അവൻ അവളെ പഠിപ്പിച്ചു വെച്ചിരുന്നു അതിനിടയിൽ . വയറിന്റെ വിശപ്പും വായുടെ ദാഹവും മനസ്സിനെയും ബുദ്ധിയും ത്രുപ്തിയാക്കില്ലെന്നുകൂടി അവൻ പറഞ്ഞുവെച്ചപ്പോൾ അവൾ അന്നാദ്യമായി തന്റെ നിഴലിൽ തന്നെ തന്നെ കണ്ടത് ഓർത്തെടുത്തു . കണ്ണാടികളില്ലാത്ത അവളുടെ ആ മണ്‍തറകൂടിൽ അവനിലൂടെയല്ലാതെ അവൾ എന്തറിയാൻ ...!
.
അവൻ പഠിപ്പിക്കുന്നതോരോന്നും പഠിക്കാൻ വേണ്ടി തന്നെയാകവേ എങ്ങിനെയാണ് അവന്റെ ഈ വാക്കുകൾക്കുള്ള ഉത്തരം കിട്ടാതെ അവൾ അവനോടൊപ്പം അവളുടെ ഈ താവളം വിട്ടിറങ്ങുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, November 17, 2014

ഉയിർപ്പ് ...!!!

ഉയിർപ്പ് ...!!!
.
വളരാൻ അനുവദിക്കാതെ
ഓരോ പുതു നാമ്പുകൾ
നുള്ളി നശിപ്പിക്കുമ്പോഴും
അവിടെ
രണ്ട് ചില്ലകൾവീതം വളരും
ഓരോ ചില്ലയും
വെട്ടി കളയുമ്പോൾ
അവിടെ
ഒരു തായ്ത്തടിവീതം വളരും
ഓരോ തായ്ത്തടിയും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു മരം വളരും
ഓരോ മരങ്ങളും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു
കാട് വളരും,
വാശിയോടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 16, 2014

ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!

ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!
.
ഓരോ സമൂഹത്തിലും അത് പരിഷ്കൃതമാണെങ്കിലും അല്ലെങ്കിലും അവരവരുടെ സ്ഥിരം ആവാസ വ്യവസ്ഥയിൽ നിന്നും മാറി താമസിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ എപ്പോഴും ഉണ്ടാകും . ഒരുകണക്കിന് അവർ അപരിഷ്കൃതരെന്നു നാം ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും അങ്ങിനെയുള്ളവർ തന്നെയാണ് നമ്മളെ പലപ്പോഴും നമ്മളിലെയ്ക്ക് തന്നെ തിരിഞ്ഞു നോക്കാൻ വഴികാട്ടികളാകുന്നത്‌ ....!
.
പ്രകൃതിയുടെ സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും ഒരളവുവരെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഇവർക്കുള്ള പങ്ക് ഒട്ടും ചെറുതല്ല താനും . അതുകൊണ്ടൊന്നുമല്ലെങ്കിലും നമ്മുടെ സഹ ജീവികളും സഹോദരങ്ങളുമായ ഇവരെ സംരക്ഷിക്കേണ്ടത് തീർച്ചയായും നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ് ...!
.
പൊതു നിരത്തിൽ നാലുപേർ കാണ്‍കെ അവശനായ ഒരാളെ രക്ഷിക്കാൻ നമ്മൾ കാണിക്കുന്ന അതെ ശുഷ്ക്കാന്തിയുടെ നൂറിൽ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇക്കൂട്ടരെ എന്നെ നമുക്ക് സംരക്ഷിക്കാമായിരുന്നു എന്നതാണ് സത്യം . എന്നിട്ടും ആർപ്പു വിളികൾക്കും ആരവങ്ങൾക്കും ഇടയിൽ ഇവരുടെ രോദനം പോലും മുക്കിക്കളയാനാണ് നമ്മൾ പലപ്പോഴും ശ്രമിക്കുന്നത് എന്നത് ഏറെ ക്രൂരമാണ് ...!
.
സത്യത്തിൽ ഒരാളെ സഹായിക്കുമ്പോൾ നമുക്ക് വരുന്ന ഒരു ബാധ്യതയും കൂടാതെ തന്നെ ഇക്കൂട്ടരെ നമുക്ക് സംരക്ഷിക്കാമെന്നിരിക്കെ എന്തുകൊണ്ട് നമ്മൾ അതിനു തുനിയുന്നില്ല എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . ആദിവാസികൾക്ക് വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഒരു വലിയ സാമ്പത്തിക പിന്തുണ തന്നെ എല്ലാ ആവശ്യങ്ങൾക്കും പ്രത്യേകം പ്രത്യേകമായി ഉണ്ട് എന്നതാണ് സത്യം ...!
.
അവരുടെ വിധ്യാഭ്യാസതിനും ആരോഗ്യ സംരക്ഷണത്തിനും ഭവന നിർമ്മാണത്തിനും തുടങ്ങി ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫണ്ടുകൾ നിലവിൽ ഉണ്ട്. അതിലൊക്കെയും ആവശ്യത്തിന് പണവും ഉണ്ട് . എന്നിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബ്ബി അതൊക്കെയും വകമാറ്റി ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ അല്ലെങ്കിൽ സ്വന്തം കീശയിലാക്കുകയോ ചെയ്യുകയാണ് പലപ്പോഴും ചെയ്യുന്നത് ...!
.
തൊട്ടതിനും പിടിച്ചതിനും ഒക്കെയും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയും സമരവും അക്രമവും ഇവിടെ നടക്കുന്നുണ്ട്. ഇവർക്കുവേണ്ടിയും പേരിന് പല പല സമരങ്ങൾ നടക്കുന്നുണ്ട് . പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തുന്നില്ല എന്ന് മാത്രം . പത്തു വർഷം മുൻപ് ഉണ്ടാക്കാൻ തുടങ്ങിയ വീടിന്റെ പണിപോലും ഇപ്പോഴും കഴിയാതെ കിടക്കുന്ന ആദിവാസി ഊരുകളുണ്ട് എന്ന് പറയുമ്പോൾ ഇതിന്റെ യധാർത്ഥ ചിത്രം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ ...!
.
ഇതൊരു വലിയ നാണക്കേടാണ് നമ്മുടെ സമൂഹത്തിന് . ഏറ്റവും വലിയ ക്രൂരതയും . ആവശ്യത്തിന് പണമുണ്ടായിട്ടും ഇവരുടെ തല ചായ്ക്കാനുള്ള ഇടം, ഇടാനുള്ള വസ്ത്രം തുടങ്ങി എന്തിന് ഒരു നേരത്തെ ആഹാരവും , ഒരു ദിവസത്തെ മരുന്നും വരെ നമ്മൾ മോഷ്ടിച്ചെടുക്കുന്നു അല്ലെങ്കിൽ തട്ടിപ്പറിക്കുന്നു എന്നത് വലിയ തെറ്റാണ് . അങ്ങിനെതന്നെ പറയേണ്ടിയിരിക്കുന്നു , കാരണം അതുതന്നെയാണല്ലോ യഥാർത്ഥത്തിൽ നടക്കുന്നതും . അതുകൊണ്ട് തീർച്ചയായും ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഓരോ മനുഷ്യ സ്നേഹിയും മുന്നിട്ടിറങ്ങിയെ തീരൂ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, November 12, 2014

വേർപിരിക്കുന്നവരോട് ....!!!

വേർപിരിക്കുന്നവരോട് ....!!!
.
പന്ത്രണ്ടു വയസ്സുള്ള തന്റെ ചേച്ചിയുടെ കയ്യും പിടിച്ച് ആ എട്ടു വയസ്സുകാരൻ ആത്മ ധൈര്യത്തോടെ മുന്നോട്ട് നടന്നകലുന്നത് ലോകം സ്നേഹത്തോടെയാണ് നോക്കി നിന്നത് . കണ്ടു നിൽക്കുന്നവരുടെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നേറ്റു നിന്ന് അപ്പോഴവനോട് തികഞ്ഞ ആദരവും പ്രകടിപ്പിച്ചിരുന്നു . അതെ, അവരുടെയെല്ലാം തല കുനിയുകയും ഹൃദയം നിറയുകയും കൂടി ചെയ്തിരുന്നു എന്ന പോലെ ...!
.
കോടതി മുറിയിൽ അപ്പോൾ നടക്കുന്നതൊന്നും അവൻ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല . അധികാരികളുടെ ചോദ്യങ്ങൾക്കുള്ള അവന്റെ നേരുത്തരത്തിനുമുന്നിൽ ആരൊക്കെ പകച്ചു നിൽക്കുന്നു എന്നും അവൻ നോക്കിയില്ല . അല്ലെങ്കിൽ തന്നെ ഇനി അതിന്റെയൊക്കെ ആവശ്യമെന്ത് . കോടതിയുടെ ആ മുറിക്കുള്ളിലേക്ക് കടക്കും മുൻപേ, മറ്റുള്ളവർ എല്ലാം തീരുമാനിച്ചുറച്ചതല്ലേ ...!
.
ബന്ധങ്ങളുടെ ചുവരുകൾക്കിടയിൽ ഓരോ വിള്ളൽ വീഴുമ്പോഴും ചേച്ചി മാത്രം അവനെ ചേർത്ത് പിടിച്ച് കരഞ്ഞിരുന്നത് എന്തിനെന്ന് ഇപ്പോഴാണ് അവന് മനസ്സിലായത്‌ . കളിക്കളത്തിനു പുറത്ത് അടുക്കളയിലും , പഠനമുറിയിലും പിന്നെ രാപ്പനിക്കൂട്ടിൽ തുള്ളി വിറയ്ക്കുമ്പോഴും കൂട്ടിന് പതിയെ പതിയെ ചേച്ചി മാത്രമാകുന്നത് അവൻ കൌതുകതോടെയാണ് നോക്കി നിന്നിരുന്നത് പലപ്പോഴും ...!

വീട്ടിനകത്തെ വാക്കുകൾ അതിരു വിടുമ്പോഴൊക്കെ ചേച്ചി തടയാൻ ശ്രമിച്ചത് അവൻ ശ്രദ്ധിച്ചിരുന്നില്ല . ബന്ധങ്ങൾ കടലാസു കഷ്ണത്തിലെ കോളങ്ങളിലെയ്ക്ക് മാത്രം ഒതുങ്ങുകയാനെന്നും അപ്പോഴവൻ തിരിച്ചറിഞ്ഞില്ല . അമ്മൂമ്മയെയും അച്ചാച്ചനെയും കൈമാറ്റിയപ്പോൾ ചേച്ചി കരഞ്ഞു തളർന്നത് മാത്രം അവനെ പക്ഷെ വല്ലാതെ വേദനിപ്പിച്ചിരുന്നെങ്കിലും . .....!
.
പിന്നെ പിന്നെ എല്ലാം അവന് അവന്റെ ചേച്ചി മാത്രമാകുന്നത് ആശ്ചര്യത്തോടെ മാത്രം അവൻ നോക്കി നിന്നു . അച്ഛനെന്ന് നേരിട്ടൊന്നു വിളിക്കാൻ പോലും കാണാനാകാത്ത ദൂരത്തേക്കു അച്ഛനും അമ്മയെന്ന് തോട്ടറിയാനാകാത്ത അകലത്തേക്ക് അമ്മയും പതിയെ പതിയെ മാഞ്ഞു പോകുന്നത് അവന് മനസ്സിലാക്കുവാൻ കഴിയുമായിരുന്നുവെങ്കിലും ... !
.
അച്ഛന്റെ ലോകത്തിൽ അച്ഛനും അമ്മയുടെ ലോകത്തിൽ അമ്മയ്ക്കും മാത്രമേ സ്ഥാനമുള്ളൂ എന്ന് ഒരിക്കൽ അമ്മയെ ചോദിച്ച് കരഞ്ഞു തളർന്ന തന്നെ മാറോടു ചേർത്ത് ചേച്ചി പറഞ്ഞപ്പോൾ അവനൊന്നും മനസ്സിലായില്ലെങ്കിലും അപ്പോഴവന് ചേച്ചിയുണ്ട്‌ എല്ലാറ്റിനും എന്ന സത്യമെങ്കിലും തിരിച്ചറിഞ്ഞിരുന്നു . അനാഥത്വത്തിൽ നിന്നും സനാധനാകുന്നതിന്റെ ആത്മ സംതൃപ്തി അപ്പോഴവൻ തിരിച്ചറിയുകയായിരുന്നു ....!
.
ഇന്ന് എല്ലാറ്റിനും തീർപ്പാകുന്നു . കോടതിയുടെ കാരുണ്യം കാത്തിരിക്കുകയാണെന്നും വിധി വന്നാൽ തങ്ങളും വിഭജിക്കപ്പെടും എന്നും ആദ്യമവന് അറിയില്ലായിരുന്നു എങ്കിലും . പക്ഷെ അച്ഛനും അമ്മയ്ക്കും വേണ്ടാത്ത തന്നെയും ചേച്ചിയെയും അവർക്ക് പങ്കിട്ടുനല്കാൻ വിധിച്ച കോടതിമുറിയിൽ അവന്റെ പ്രതിഷേധത്തിന്റെ ഒച്ച അന്ന് ആദ്യമായുയർന്നു അപ്പോൾ . ...!
.
പിന്നെ ആരെയും കൂസാതെ ഉറച്ച കാൽവെപ്പോടെ ചേച്ചിയുടെ കയ്യും പിടിച്ച് തങ്ങൾക്കിനി ആരുമില്ലെന്ന് ഉറക്കെ പറഞ്ഞ് നടന്നകലാൻ മാത്രം അപ്പോഴവന്റെ കുഞ്ഞു കരങ്ങൾക്ക് ശക്തിയുണ്ടായിരുന്നു . കാലുകൾക്ക് കരുത്തും . അവന്റെയൊപ്പം ഇറങ്ങി നടക്കുന്ന അവന്റെ ചേച്ചിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, November 10, 2014

ഭാവിയിൽ നിന്നും ...!!!

ഭാവിയിൽ നിന്നും ...!!!
.
ഭാവിയിൽ നിന്നും വരുന്ന വർത്ത‍മാനങ്ങൾക്ക് ചന്ദനത്തിന്റെ തണുപ്പായിരിക്കും എന്നാണ് അവൾ പറഞ്ഞത് . ശരിയായിരിക്കാം . അവ വരുന്നത് ആത്മാവിൽ നിന്നല്ലേ. മോർച്ചറിയുടെ മുന്നിൽ നിന്നും തുടങ്ങുന്ന ആ തണുപ്പ് അതിനുമുന്നിലെ കാത്തിരിപ്പുകാരിലൂടെയാണ് ശവശരീരങ്ങളിലേയ്ക്ക് വ്യാപിക്കുന്നതെന്നും അവൾ തന്നെയാണ് പറഞ്ഞു തന്നത് എന്നപോലെ ...!
.
പക്ഷെ ചന്ദനത്തിന്റെ ഗന്ധം .. അതവൾക്ക്‌ തീർച്ചയായും തെറ്റിയതാകാം ....ചുള്ളിക്കമ്പുകളോ ചാണക വരട്ടികൾ പോലുമോ തികയാതെ പകുതിയിൽ കരിഞ്ഞവശേഷിക്കുന്ന മൃതദേഹങ്ങൾക്ക്‌ എങ്ങിനെയാണ് ചന്ദനത്തിന്റെ മണം .. ഒരുപക്ഷെ എല്ലാ ആത്മാക്കൾക്കും ഒരേ മണമാണ് അല്ലെങ്കിൽ എല്ലാ മണങ്ങളും ആത്മാക്കളിലെതുമ്പോൾ ഒന്നായിത്തീരുന്നു എന്ന മഹത്വമാർന്ന ചിന്തയാകാം അവൾ അപ്പോൾ പങ്കുവെക്കാൻ ശ്രമിച്ചത് ...!
.
എങ്കിലും ആ തണുപ്പ് മനസ്സുകൾക്ക് ഇല്ലാതെ പോകുന്നത് നന്നായി എന്നേ ഇപ്പോൾ പറയേണ്ടതുള്ളു . ശരീരത്തിൽ നിന്നാണ് മനസ്സിലേക്ക് തണുപ്പ് എപ്പോഴും അരിച്ചു കയറുന്നതെന്നാണ് അവൾ പലപ്പോഴും പറയാറുള്ളത് . അതും തണുത്തുറഞ്ഞു പോയിരുന്നെകിൽ പക്ഷെ അവയെ ചൂടുപിടിപ്പിക്കാൻ ഞാൻ എന്റെ വിയർപ്പുതുള്ളികൾ ഹോമിക്കേണ്ടി വന്നേനെ ...!
.
അവിടെ ചൂണ്ടുപലകകൾ ആവശ്യമില്ലെന്നും നാഴികമണികൾ ചലിക്കുന്നത് കാത്തിരിക്കേണ്ടെന്നും അവൾ പറയുന്നു . അതൊക്കെയും എപ്പോഴെ പിന്നിട്ടിട്ടല്ലേ നമ്മൾ അവിടെയെത്തുന്നത് എന്നാണ് അവൾ പറയുന്നത്. ശരിയായിരിക്കാം . വഴികളും നിഴലുകളും നിന്നിൽ നിന്നും നിന്നിലേയ്ക്കുതന്നെ സ്വയം ചുരുങ്ങുന്നിടത് ഇതിനൊക്കെ എന്ത് കാര്യം ...!
.
ഇനിയൊരുപക്ഷേ പറയാൻ പറ്റാത്തത് ഒരുപക്ഷേ ഒന്നു മാത്രമെങ്കിലും കണ്ടേക്കാം അവിടെ , എങ്കിലും ... പഴകി പരിചയിച്ച നാളെകൾ ... ഇന്നിനെയും ഇന്നലെകളെയും വകഞ്ഞുമാറ്റി എപ്പോഴും കരുതലോടെ കൂടെ കൂട്ടാറുള്ള അവയെ പക്ഷെ ഉപേക്ഷിക്കേണ്ടിവരുന്നതിൽ വിഷമം ഉണ്ടായേക്കാമെങ്കിലും ...!
.
എല്ലാം അവൾ പറയുന്നതാണ് . കാരണം ഞാനെന്റെ ഭൂതകാലം മാത്രമേ ഇതുവരെ പിന്നിട്ടിട്ടുള്ളൂ . എന്നിട്ട് എത്തിനിൽക്കുന്നത്‌ എന്റെ വർത്തമാനത്തിൽ മാത്രവും . ഭാവിയിലേക്ക് എത്തിനോക്കാൻ പോലുമാകാതെ എങ്ങിനെയാണ് എനിക്കവയെകുറിച്ച് പറയുവാനാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, November 8, 2014

സ്നേഹം പകുത്തു നൽകുമ്പോൾ ...!!!

സ്നേഹം പകുത്തു നൽകുമ്പോൾ ...!!!
.
പകുക്കുമ്പോൾ ഒരിക്കലും
തുല്ല്യമാകപ്പെടുകയില്ലെന്നതിനാൽ
എങ്ങിനെയാണ് എല്ലാവരെയും
ഒരേപോലെ സ്നേഹിക്കാനുമാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, November 6, 2014

ലൈംഗികത രക്ത ബന്ധങ്ങളിൽ ...!!!

ലൈംഗികത രക്ത ബന്ധങ്ങളിൽ ...!!!
.
ലൈഗികത ഒരു സർവ്വസാധാരണമായ ശാരീരിക ആവശ്യത്തേക്കാൾ പലപ്പോഴും മാനസീകവും സാമൂഹികവുമായ അവസ്ഥകൂടിയും ആകാറുണ്ട് . ഇണയുടെ രൂപഭാവാദികളോ അടുപ്പമോ എന്തിന് , ബന്ധങ്ങൾ പോലുമോ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദ്ധത്താൽ വിസ്മരിക്കപ്പെടാറുമുണ്ട് . ആവശ്യങ്ങൾക്കനുസരിച്ച് അടുത്ത് കിട്ടുന്നത് ഉപയോഗിക്കുക എന്ന അവസ്ഥയിലേയ്ക്കെത്തുന്നത് ഗുരുതരമായ തെറ്റും കുറ്റ കൃത്യവും ആകുന്നു എന്ന് പലപ്പോഴും വിസ്മരിക്കുകയാണെങ്കിലും ....!
.
പലപ്പോഴും പറഞ്ഞു പഴകിയതെങ്കിലും ഇതുകൂടി ഇവിടെ കുറിച്ചുവെച്ചേ തീരു എന്ന അത്യന്താപേക്ഷികതയിൽ നിന്നാണ് ഈ കുറിപ്പ് . ഒറ്റവാക്കിൽ ആരും അംഗീകരിക്കില്ലെങ്കിലും സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ . അടുത്ത കാലത്തെ പല പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ലഭ്യമായ വസ്തുതയനുസരിച്ച് രതിവൈകൃതങ്ങളുടെയും ലൈംഗിക അരാചകത്വതിന്റെയും പിടിയിലേക്ക് ഒരു ചെറു ശതമാനം യഥാർത്ഥത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ കടന്നു കയറിയിരിക്കുന്നു ഇന്ന് എന്നത് ഒരു യാഥാർത്യമാണ് ....!
.
ആരും പെട്ടെന്ന് തുറന്നു സമ്മതിക്കില്ലെങ്കിലും വർദ്ധിച്ചു വരുന്ന ഒരു സത്യമാണ് നേരിട്ടുള്ള രക്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികത . പണ്ട് കാലത്ത് സമൂഹത്തിൽ പലയിടങ്ങളിലും ബന്ധുക്കൾ തമ്മിൽ വിവാഹങ്ങൾ പോലും നടന്നിരുന്നു എന്നത് സത്യമാണ് . കുടുംബത്തിന്റെ നിലനിൽപ്പ്‌ തുടങ്ങിയ സാമൂഹിക വശങ്ങളായിരുന്നു അന്നൊക്കെ അവരെ അതിന് പ്രേരിപ്പിച്ചിരുന്ന പ്രധാന ഘടകം . എന്നാൽ അതിലും ഒരു മാന്യത പുലർത്താൻ അപ്പോഴും അവർ ശ്രമിച്ചിരുന്നു . കൂടാതെ അതൊരിക്കലും നേരിട്ടുള്ള രക്തബന്ധുക്കൾ തമ്മിൽ ആയിരുന്നുമില്ല ഒരിക്കലും . ....!
.
വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അത്തരമൊരു അവസ്ഥ ഇവിടെ പതിയെ എങ്കിലും ഉണ്ടാകുന്നു എന്നതാണ് സത്യം . വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം, വ്യക്തികൾ സമൂഹത്തിൽ നിന്നും അകലുന്നത് . അവനവനിലെക്കും അവനവന്റെ മാത്രം കുടുംബത്തിലേക്കും ഓരോരുത്തരും ഉൾവലിയുന്നത് . ഉള്ള സമയം മുഴുവൻ അവനവന്റെ സ്വകാര്യതയ്ക്ക് വേണ്ടി മാത്രമുള്ള നെട്ടോട്ടം . പെട്ടെന്ന് കണ്മുന്നിൽ കാണപ്പെടുന്നത് അല്ലെങ്കിൽ ലഭ്യമായത് , സൌഹൃദവും സ്നേഹവും ബന്ധങ്ങലിൽനിന്നും നഷ്ട്ടമാകുന്നത് , തുറന്നു സംസാരിക്കാനും അടുത്തിടപഴകാനും സമയമില്ലാത്തത് ..... ഇതൊക്കെയും ഇതിനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ് . ...!
.
എന്നാൽ ഇപ്പോൾ സ്ഥിതി ഗതികൾ കൈവിട്ടു പോകുംപോലെയാണ് കാര്യങ്ങളുടെ പോക്ക് . ഇതൊരു സർവ്വ സാധാരണമായ കാര്യമാണ്, എല്ലായിടത്തും ഇങ്ങിനെയാണ്‌ , എന്നൊന്നുമല്ല ഞാൻ പറയുന്നത്. എന്നാൽ കുറേശ്ശെയായി ഇതിന്റെ തോത് നമുക്കിടയിൽ കൂടുന്നു എന്നതാണ് . തുടക്കത്തിലേ നിയന്ത്രിക്കാനായാൽ വലിയൊരു വിപത്തിൽ നിന്നും നമുക്ക് നമ്മെ തന്നെ സംരക്ഷിക്കാൻ എളുപ്പം സാധിക്കും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, November 4, 2014

രണ്ടു പെണ്‍കുട്ടികൾ ...!!!

രണ്ടു പെണ്‍കുട്ടികൾ ...!!!
.
( " ഓർമ്മപ്പുസ്തകം " )
.
പത്രപ്രവർത്തകനായ സുഹൃത്തിന്റെ കൂടെ അങ്ങോട്ട്‌ പോകുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. എന്നെ അവിടെ തനിച്ചിരുത്തി പോകാൻ പറ്റാത്തത് കൊണ്ടാണ് അവൻ , അവനെ കാണാൻ ചെന്ന എന്നെയും അവരുടെ കൂടെ കൂട്ടിയത്. പോകുന്നത് സൈനികരുടെ കൂടെയാണെന്നും , ആക്രമണം നടന്ന ഒരു സ്ഥലത്തേയ്ക്കാണെന്നും പറഞ്ഞപ്പോൾ ആവേശമായി ...!
.
തികച്ചും ഒറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായിരുന്നു അത് . പ്രകുതിയുടെ മനോഹാരിതയ്ക്കൊപ്പം എപ്പോഴും തങ്ങി നിൽക്കുന്ന മൂകതയും ആ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു . അവിടെ ചെല്ലുമ്പോൾ പേടിയോടെ അവിടവിടെ മാറിനിൽക്കുന്ന കുറച്ചു കുട്ടികളും മുതിർന്നവരും പിന്നെ ഞങ്ങൾക്ക് തൊട്ടുമുന്നേ എത്തിയ സൈനികരും മാത്രം . എന്റെ സുഹൃത്തിനൊപ്പം ഞാനും അങ്ങോട്ട്‌ നടന്നടുത്തു ...!
.
ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിരുന്നു അപ്പോൾ . ചിതറി തെറിച്ച ശരീരഭാഗങ്ങൾ പെറുക്കിയടുക്കുന്ന ആശുപത്രി അധികൃതർക്കിടയിലൂടെ ശവശരീരങ്ങൾക്കടുത്തെത്തുമ്പോൾ എന്റെ കാലുകൾ മെല്ലെ വിറക്കാൻ തുടങ്ങിയിരുന്നു . ശരീരം തളരാനും . മുറ്റത്ത്‌ രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് .മാതാപിതാ ക്കളെന്നുതോന്നിക്കുന്ന രണ്ട് വൃദ്ധരുടെ . വെടിയുണ്ടകളിൽ അവ ചിതറിതെറിച്ചിരിക്കുന്നു ....!
.
ഒറ്റുകാരെന്നുമുദ്രകുത്തി ആ സർക്കാർ സർവീസ്സിലുള്ള കുടുംബത്തെ ഒന്നടക്കം പ്രാദേശിക ഭീകരവാദികൾ കൊന്നൊടുക്കുകയായിരുന്നു എന്നാണ് ഒരു സൈനികൻ പറഞ്ഞത് . പ്രദേശവാസികളാരും അതുകൊണ്ട് തന്നെ അവരോടുള്ള ഭയം കൊണ്ട് അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതും ഇല്ല . രണ്ടു വർഷമായി അവിടുത്തുകാർക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്ന ഒരു ഡോക്ടറും കുടുംബവും ആയിരുന്നു അത് ...!
.
അധികം അവിടെ നിൽക്കാൻ എനിക്കായില്ല .എന്റെ സുഹൃത്ത്‌ അവരുടെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ മെല്ലെ അകത്തേക്ക് കടന്നു . തനിതനിയെയുള്ള ചെറിയ ചെറിയ ഗ്രാമീണ വീടുകളിൽ ഒന്നായിരുന്നു അതും . അവിടെ മറ്റു രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് . വിശദാംശങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കിടയിലൂടെ ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയ കാഴ്ച്ചതന്നെ എന്നെ നിശ്ചലനാക്കി ...!
.
അടുത്തടുത്ത്‌ വെടിയുണ്ടകളേറ്റ് മരിച്ചു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും ശരീരം കെട്ടിപ്പിടിച്ച് തളർന്ന് കിടക്കുന്ന രണ്ട് പെണ്‍കുട്ടികൾ . ഏകദേശം ഒന്നും നാലും വയസ്സ് തോന്നിക്കുന്ന അവരിൽ ഇളയ കുട്ടിക്ക് വിശപ്പും ദാഹവും കൊണ്ടാകാം ബോധമുണ്ടായിരുന്നില്ല . ആ കുട്ടിയെ ആശുപത്രി അധികൃതരെ ഏൽപ്പിച്ച് ഒരു സൈനികൻ ഞങ്ങളെയും സംശയത്തോടെ നോക്കുന്ന മറ്റേ കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ അത് ഭയന്ന് പുറകിലേക്ക് മാറി ...!
.
അത് കണ്ടു നിൽക്കാനാകാതെ ഞാൻ അദ്ധേഹത്തെ മാറ്റിനിർത്തി ആ കുട്ടിയുടെ അടുത്തെത്തുമ്പോൾ അവളെന്നെ അവശതയോടെയാണ് നോക്കിയത് . ആ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട്‌ചേർത്ത്പിടിച്ച് പുറത്ത് ആംബുലൻസിലെക്കു ഓടുമ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല . ആംബുലൻസിലെത്തി കുഞ്ഞിനെ ആശുപത്രി അധികൃതരെ ഏൽപ്പിക്കുമ്പോൾ അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . അത് വിടുവിക്കാൻ തോന്നാതിരുന്നതിനാൽ ഞാനും അവളോട്‌ കൂടെ അടുത്തിരുന്നു ...!
.
കുഞ്ഞു വാവയ്ക്കൊപ്പം അവൾക്കും പ്രാഥമിക ശുശ്രൂഷകൾ ഏറ്റുകിടക്കുമ്പോൾ അവളിൽ ഭയത്തേക്കാളും ആശ്വാസം നിഴലിക്കുന്നത് ഞാൻ കണ്ടു . അനാഥരായ ആ രണ്ടു പെണ്‍കുട്ടികളുടെ ജീവിതം എനിക്കുമുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ... അതിനേക്കാൾ എന്തിനുവേണ്ടിയാണ് അവർ അനാഥരായതെന്ന സംശയവും , അതുകൊണ്ട് ആർക്ക് എന്ത് നേട്ടമെന്നും .. ? അവളും മെല്ലെ മയക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു അപ്പോൾ . പക്ഷെ അതിനുമുൻപ്‌ അവൾ എന്റെ കൈവിട്ട് അവളുടെ കുഞ്ഞനുജത്തിയെ എത്തിപ്പിടിക്കാൻ ശ്രമിച്ചത് എന്നെ ശരിക്കും കോരിത്തരിപ്പിച്ചു . ....!!!
.
( ഇൻറർനെറ്റിൽ രണ്ടു ശവകുടീരങ്ങൾക്ക് നടുവിൽ പകച്ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കണ്ടപ്പോൾ സ്വാനുഭവത്തിന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്നും ചികഞ്ഞെടുത്തത് )
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, November 1, 2014

എന്റെ വിഴുപ്പ് ...!!!

എന്റെ വിഴുപ്പ് ...!!!
.
എന്റെ വിഴുപ്പ്
എനിക്ക് കഴുകിക്കളയാനുള്ളതാണ് ....!
.
ഒരു വലിയ തിരമാലപോലെ
ആഞ്ഞടിക്കുന്ന ആവേശം
കക്കൂസ് മുറിയുടെ അടഞ്ഞ
നാല് ചുവരുകൾക്കുള്ളിൽ
നാല് ചുവട് ചുടു നിശ്വാസത്തിനും
രണ്ടു തുള്ളി വിയർപ്പിനുമൊപ്പം
എന്നപോലെ ...!
.
അല്ലെങ്കിൽ
അപ്പുറത്തെ ചുമരിന്റെ
ബാലഹീനതയ്ക്ക് കാതോർത്ത്
ഇപ്പുറത്ത് രോമാഞ്ചം കൊള്ളും പോലെ ...!
.
ഒരു തോട്ടി വെള്ളത്തിൽ ,
ഒരൽപം കാരത്തിൽ
അല്ലെങ്കിൽ കൈക്കരുത്തിൽ
പിന്നെയുമല്ലെങ്കിൽ
മോഹത്തിന്റെ മായികതയിൽ ...!
.
ഒന്നുകിൽ എന്റെ കുളിമുറിയിൽ
അല്ലെങ്കിൽ എന്റെ പറമ്പിലെ
വലിയ കുളത്തിൽ
അതുമല്ലെങ്കിൽ
എന്റെ കിടപ്പുമുറിയിലെങ്കിലും ...!
.
കഴുകിക്കളയാനുള്ള
വിഴുപ്പുകൾ മുഴുവൻ
ആർക്കുവേണ്ടിയും
എനിക്ക് കൂട്ടിവെക്കാനാകില്ല ...!
.
പക്ഷെ അതെങ്ങിനെയാണ്
നിങ്ങൾക്കുമുന്നിൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...