Saturday, August 23, 2014

ആകാശം ശൂന്ന്യമാണ് ...!!!

ആകാശം ശൂന്ന്യമാണ് ...!!!
.
പകലുപോലെ വ്യക്തമായിരുന്നു അയാളുടെ ഉദ്ദേശ്യം . എന്നിട്ടും അവൾ എതിർത്തില്ല . അയാളെ അനുസരിച്ചുമില്ല . മൌനം സമ്മതം എന്നാണല്ലോ പഴമൊഴി . പ്രതിഷേധിക്കാൻ തനിക്കുള്ള സാധ്യത മൌനമാണെന്ന് അവൾ തിരഞ്ഞെടുത്തത് എന്ന് അയാൾ അറിഞ്ഞിരിക്കണമെന്നുമില്ലല്ലൊ . ...!
.
അയാളുടെ ആവേശം പക്ഷെ ഏറ്റു വാങ്ങാതിരിക്കാൻ അവൾ ശ്രമിച്ചതേയില്ല എന്നത് അയാളെ അത്ഭുത പ്പെടുത്തിയില്ല . എന്നിട്ടും അയാൾ ശ്രദ്ധിച്ചത് അവളെ തൃപ്തിപ്പെടുത്താനായിരുന്നു എന്നത് പക്ഷെ അവളെ ചിന്തനീയയാക്കി . ഇതൊരു പക്ഷെ ജീവിതത്തിലെ ആദ്യത്തെ അനുഭവം . ചിലപ്പോൾ അവസാനത്തേതും ... ?
.
കണക്കെടുക്കാൻ മാത്രം അങ്ങിനെ പലരുമൊന്നും കടന്നെതിയിട്ടില്ലാതിരുന്നതിനാൽ അയാൾ അവളുടെ ഓർമ്മകളിൽ നിലനിന്നു . തന്റെ അവകാശിക്കൊപ്പം . അവകാശം എന്നത് കണക്കെടുപ്പിന്റെ അറ്റത്തുള്ള കൂട്ടലിനും കുറക്കലിനും ശേഷം ലഭിക്കുന്ന അവസ്ഥതന്നെ എന്നത് അവൾക്കപ്പോൾ നിശ്ചയമുണ്ടായിരുന്നല്ലോ ...!
.
യാത്രയിൽ കണ്ടുമുട്ടുന്ന ചില ദൃശ്യങ്ങൾ പോലെ വ്യക്തതയോടെ നിലനിൽക്കുന്ന ചില രൂപങ്ങൾക്കൊപ്പം താനും . പകലുപോലെ അല്ലെങ്കിൽ കറുത്ത രാത്രി പോലെ . മഴയും വെയിലും മാറി മാറി വരുന്നത് എത്രയോ വട്ടം അറിഞ്ഞിരിക്കുന്നു അനുഭവിച്ചിരിക്കുന്നു . അപ്പോഴൊക്കെയും പക്ഷെ തനിക്കു മേലെ എന്തേ ഒരു ആകാശത്തിന്റെ ആവരണം ഇല്ലാതിരുന്നു എന്ന് അവൾ ഓർത്തുവെച്ചു ...!
.
ഭൂതകാലത്തിൽ നിന്നും ഭാവിയില്ലാത്ത ഒരു വർത്തമാനത്തിലേയ്ക്ക് കാലെടുത്തു വെച്ചത് തന്നെ നിർബന്ധ പൂർവ്വമായിരുന്നല്ലൊ . ബന്ധനങ്ങളുടെ നൂലിഴകൾ കഴുത്തിലൂടെ ചിന്തകളിലേയ്ക്കും ആത്മാവിലെയ്ക്കും തിരിച്ചിറങ്ങുമ്പോൾ മുതൽ താൻ തന്നെയും സർവ്വഥാ സമർപ്പിച്ചു കഴിഞ്ഞിരുന്നു ....!
.
പുണ്ണ്യത്തിന്റെ , പാരമ്പര്യത്തിന്റെ ..... തുടരേണ്ട ആചാരങ്ങളുടെ ഒരുക്കങ്ങളെല്ലാം എപ്പോഴും കണക്കോടെ കരുതി വെച്ചു . ഒന്നിനും എവിടെയും ഒരു കുറവുമില്ലാതെ . എന്നിട്ടും അവൾ മാത്രം അവസ്ഥാന്തരങ്ങളിൽ മാറി നിൽക്കപ്പെട്ടത്‌ അവസരങ്ങളുടെ സ്വാർഥത ....!
.
വിൽക്കപെടാൻ ഒരുക്കി നിർത്തുമ്പോഴും വാങ്ങുന്നവന്റെ അവകാശത്തേക്കാൾ വലുതായി വിൽപ്പനച്ചരക്കിന്‌
കാഴ്ച്ചകളില്ല . ആവരണങ്ങളും ആമുഖങ്ങളും ...! അവകാശികൾ ഏറുന്നതല്ലാതെ അവകാശങ്ങൾക്ക് പരിഗണനപൊലുമില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും ...!
.
എപ്പോഴുമെന്നപോലെ അവൾ അപ്പോഴും പുറത്തേയ്ക്കൊന്നു നോക്കി നെടുവീർപ്പിടാൻ ഒരുങ്ങി . പുറത്തെ പകലുകളും രാത്രികളും ആകാശവും ഭൂമിയും കാണ്‍കെ . നക്ഷത്രങ്ങളും സൂര്യനും കാണ്‍കെ . അപ്പോഴും അവൾക്കു മേലെ ആകാശം ശൂന്ന്യം തന്നെയായിരുന്നു എന്നത് ശ്രദ്ധിക്കാതെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...