Sunday, October 3, 2010

തിരിച്ചറിവ് ....!!!

തിരിച്ചറിവ് ....!!!

കാറ്റ് നേര്‍ത്തു നേര്‍ത്ത് ഒടുവില്‍ അവളിലാണ് ഇല്ലാതാകുന്നതെന്ന് അവള്‍ക്ക് തോന്നിപോയി അപ്പോള്‍ . എന്നിട്ടും ഒന്നും പറയാതെ തല കുമ്പിട്ടിരിക്കുന്ന അയാളോട് അവള്‍ക്കു തോന്നിയത് പുച്ഛമോ പരിഹാസമോ എന്നുപോലും നിശ്ചയമായില്ല. അതുകൊണ്ട് തന്നെ അവള്‍ കാത്തിരുന്നു. ഈ രാവിന്റെ തിരശ്ശീലയൊന്നുയരാന്‍ . മനസ്സും ശരീരവും ഒന്നാകേണ്ട ഈ ധന്ന്യ മുഹൂര്‍ത്തത്തില്‍ ഇങ്ങിനെയൊരവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായതില്‍ മനസ്സ് വല്ലാതെ വേദനിക്കുമ്പോഴും. ....!

അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഇനിയും ഈ പാവത്തിനെ ക്രൂശിക്കുന്നതെന്തിന്. ഇദ്ദേഹം തന്നെ ഇഷ്ട്ടപ്പെടുകയും താന്‍ പോലുമറിയാതെ തന്നെ തന്നെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തതിനല്ലേ ഇവിടുത്തെ അമ്മ തന്നോടങ്ങിനെ പറഞ്ഞത്. ആരും കേള്‍ക്കാതെ തന്നെ മാത്രം കുത്താന്‍ കിട്ടിയ അവസരം മുതലാക്കുന്നതിനിടയില്‍ ഇദ്ദേഹം കടന്നെതുമെന്ന് അവര്‍ പോലും ആലോചിച്ചിട്ടുണ്ടാകില്ലല്ലോ .....!

പക്ഷെ ..... ആ അമ്മയുടെ വാക്കുകള്‍ ... കല്ല്യാണം കഴിഞ്ഞ് എല്ലാ മോഹങ്ങളോടെയും കടന്നു ചെന്ന തനിക്ക് അതുമാത്രം സഹിക്കാനായില്ല. പലപ്പോഴും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ടെങ്കിലും അത് ചോദിക്കാന്‍ തന്റെ അമ്മയുടെ മുന്നിലെത്തുമ്പോള്‍ വാക്കുകള്‍ മുറിയും. അക്ഷരങ്ങള്‍ വിങ്ങും. ചോദ്യം തന്നോട് തന്നെയാകും. എന്തിന് .... അല്ലെങ്കില്‍ ആര്‍ക്ക്‌ .... പറയുന്നവരുടെ വാക്കുകള്‍ക്ക്‌ അവരുടെ വിലമാത്രമാകുമ്പോള്‍ പിന്നെ തനിക്കെന്ത്‌ ... ....!!! എന്നിട്ടും അറിയാനുള്ള ഒരാഗ്രഹം.. അത് ബാക്കിയായി മനസ്സിലുണ്ടായിരുന്നു ...!

ആ ആഗ്രഹത്തിന്റെ നിറം ഇപ്പോള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ആ അമ്മയുടെ ചോദ്യം അതിന്റെ നിറം മാറ്റിയിരിക്കുന്നു. അതിനിപ്പോള്‍ , പകയുടെ, അല്ലെങ്കില്‍ ഒരുപക്ഷെ പ്രതികാരത്തിന്റെ പകര്‍പ്പായിരിക്കുന്നു. തന്റെ അമ്മ പോലും പറയാത്ത സത്യങ്ങളാണ് അദ്ധേഹത്തിന്റെ അമ്മയുടെ വായില്‍ നിന്ന് അഗ്നിയായി ആളിക്കത്തിയത്‌. ഇനി കണ്ടെത്തണം .. അതുമാത്രം.. എന്നിട്ടുവേണം ചോദിക്കാന്‍ .... എന്തിന് വേണ്ടിയാണ് തന്നോടും തന്റെ അമ്മയോടും ഇങ്ങിനെ ചെയ്തതെന്ന് ....!

ഒരിക്കല്‍ പോലും ആരെയും ഒരു ദുഷിച്ച വാക്കുപോലും പറയാത്ത തന്റെ അമ്മയ്ക്ക് എങ്ങിനെ ഇങ്ങിനെയൊരു ദുരിത ജീവിതം കിട്ടിയെന്നു താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. അമ്മയ്ക്കെങ്ങിനെ ഇങ്ങിനെ ആരുമില്ലാതായെന്നു ഒരിക്കലെങ്കിലും ചോദിക്കണമെന്ന് പലകുറി കരുതിയതാണ്. പക്ഷെ ആരുമില്ലെങ്കിലും തന്നെ താഴത്തും തലയിലും വെക്കാതെ, അല്ലലൊട്ടും ഇല്ലാതെ കൊണ്ടുനടക്കുന്ന ആ അമ്മയോട് എങ്ങിനെ ചോദിക്കാന്‍ ..! എന്ത് ചോദിക്കാന്‍ ...!

പക്ഷെ ഇനി വയ്യ... അല്ലെങ്കില്‍തന്നെ, ജീവനായി താന്‍ അവശേഷിക്കെ എങ്ങിനെ വെറുതെയിരിക്കും . ഇതുവരെ ഒന്നും അറിയാത്തതായിരുന്നു പ്രശ്നം. ഇപ്പൊ പലതും അറിയുന്നു. പലതും ഇനി അറിയാനിരിക്കുന്നു. അറിയേണ്ടതോ, അറിയേണ്ടാതതോ . എന്തായാലും തനിക്കുള്ളത്. അതുകൊണ്ട് തന്നെ ഇനി വയ്യ... പോവുക തന്നെ... അമ്മയെ അറിയിക്കാതെയിരിക്കുവാന്‍ മനസ്സനുവതിച്ചില്ല. അനുഗ്രഹത്തിനായി കാത്തു നിന്നില്ലെങ്കിലും...... അല്ലെങ്കില്‍തന്നെ ഈ യാത്ര അനിവാര്യവും. ഇത് തന്നെ തന്നെയുള്ള തേടലല്ലേ .. തന്നിലേക്ക് തന്നെയുള്ളതല്ലേ ഈ യാത്ര .... തുടക്കവും, ഒരുപക്ഷെ ഒടുക്കവും ഇവിടെ തന്നെയാകട്ടെ ...!!!

തിരച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് ഒരു വലിയ വീട്ടില്‍ . പൂമുഖത്തെത്തിയപ്പോള്‍ കാത്തിരിക്കുന്ന പോലെ അദ്ദേഹം ....! പിതൃത്വത്തിന്റെ ജീവ രൂപം ... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും രക്തം രക്തത്തെ തൊട്ടറിയുന്നു. പരിസരം മറന്നുനിന്ന തന്റെ ശിരസ്സില്‍ ഒരു തലോടല്‍ . ആ സ്പര്‍ശം, തന്നെ കൊണ്ടുപോകുന്നത് ജീവന്റെ അങ്ങേ പുറത്തേക്ക് ... ജീവിതത്തിലേക്ക് ....! ലോകം തനിക്ക് ചുറ്റും കറങ്ങുകയാണെന്ന് ഒരിക്കലെങ്കിലും മറന്നുപോയ നിമിഷം. .. പിന്നെ ഒന്നും ഓര്‍മ്മതന്നെയില്ല. സ്വയം അലിഞ്ഞ് തന്നെത്തന്നെ നഷ്ടപ്പെട്ട് കുറെയേറെ നിമിഷങ്ങള്‍ . .....!

ഉണര്‍ന്നെണീറ്റപ്പോള്‍ പക്ഷെ ഏറെ വൈകിയിരുന്നു. .. വൈകി എന്നതിനേക്കാള്‍ സ്വയംതന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു അപ്പോഴേക്കും. തന്റെ ചിന്തകള്‍ ... തന്റെ പ്രതീക്ഷകള്‍ ... തന്റെ വികാരങ്ങള്‍ ... എല്ലാം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു .... അല്ലെങ്കില്‍ മാറി മറിഞ്ഞിരിക്കുന്നു. ....! പിന്നെ തിരിഞ്ഞ് ഓടുകയായിരുന്നു. തിരിച്ച് തന്റെ അമ്മയുടെ അടുത്തേക്ക്. കൊല്ലാന്‍ വന്നവന്‍ സ്വയം ചാകാന്‍ വേണ്ടി ....! അങ്ങിനെതന്നെയാണ് പറയേണ്ടത് ...! എന്നിട്ടും, സര്‍വ്വ ശക്തിയുമെടുത്ത് ഓടിതളര്‍ന്ന് അവിടെയെത്തിയപ്പോഴേക്കും ദൈവം തന്നെത്തന്നെ വീണ്ടും തോല്‍പ്പിച്ച്കളഞ്ഞു. ...! ഇനിയൊരിക്കലും ജയിക്കനാകാത്ത വിധം .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

2 comments:

ആളവന്‍താന്‍ said...

തിരിച്ചറിവ് നന്നായി.

Dr. Pournamy Nair said...

Suresh, Why can't you be serious Man. So silly.

പുതപ്പിനടിയിലെ രാത്രികൾ ...!!!

പുതപ്പിനടിയിലെ രാത്രികൾ ...!!! . പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിട...