Thursday, October 7, 2010

ഇവിടെ കഥ തുടങ്ങുന്നു....!!!

ഇവിടെ കഥ തുടങ്ങുന്നു....!!!

ഈ കഥ ഇങ്ങിനെ പറയാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങിനെയാണ് ഈ കഥ പറയേണ്ടതും. ഒരുപക്ഷെ ഇങ്ങിനെ മാത്രമല്ലാതെയും ഈ കഥ പറയാമായിരിക്കും. ചിലപ്പോള്‍ ഞാന്‍ പറയുമ്പോള്‍ പതിവുപോലെ അല്‍പ്പം പൈങ്കിളിയുമായിരിക്കാം. അതെങ്ങിനെയും ആകട്ടെ. ഞാന്‍ ഇപ്പോള്‍ ഈ കഥ പറയുന്നത് ഇങ്ങിനെയാണ്‌.

ഒരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല കേട്ടോ. കുറച്ചു കാലം മുന്‍പ്. ഒരു നാല് വര്‍ഷം മുന്‍പ് എന്ന് പറയാം കൃത്യമായി. എന്റെ താമസ സ്ഥലത്തിന് അടുത്തായിരുന്നു അവര്‍ . അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു പോയതാണ്. പിന്നെ അച്ഛനാണ് അവളെ നോക്കി വളര്‍ത്തിയത്‌. അച്ഛനവളെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ക്ക് തിരിച്ചും. അമ്മയില്ലാത്ത കുറവ് അറിയിക്കാതെയല്ല, അമ്മയുടെകൂടി സ്നേഹം നല്‍കിയാണ്‌ അയാള്‍ അവളെ വളര്‍ത്തിയത്‌. എന്നിട്ടും അമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടന്നത് മനപ്പൂര്‍വ്വം തന്നെ. അവിടെ മറ്റൊരാളെ കാണാന്‍ അയാള്‍ക്കോ അവള്‍ക്കോ താത്പര്യവുമില്ലായിരുന്നു.

എങ്കിലും അയാള്‍ അവള്‍ക്കും, അവള്‍ അയാള്‍ക്കും എല്ലാമായി. പറയാതെ അറിയാനും അറിയാതെ പറയാനും അവര്‍ കാണാതെ പഠിച്ചു. അച്ഛനും അമ്മയും ഗുരുവും വഴികാട്ടിയും സുഹൃത്തും സഹോദരനും .... അയാള്‍ അവള്‍ക്ക് എല്ലാമായി. അച്ഛന്റെ അതിരുകള്‍ക്കപ്പുറം പോകാന്‍ എന്നിട്ടും അയാള്‍ ഒരിക്കലും ശ്രമിച്ചില്ല. അവള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ അതിരുവിട്ട് അവളെ നിയന്ത്രിക്കാനോ അയാള്‍ മുതിര്‍ന്നില്ല. പക്ഷെ അയാള്‍ അവളെ എന്നിട്ടും കാത്തു സൂക്ഷിച്ചിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ തന്നെ.

അവളുടെ പഠനം ഒരു വലിയ ബാധ്യതയായപ്പോള്‍ അയാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി. എല്ലാം അവളെ അറിയിചിട്ടുതന്നെയെങ്കിലും അവളുടെ എതിര്‍പ്പുകളെ അയാള്‍ വകവെച്ചില്ല. അവള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന അയാളല്ലാതെ അവള്‍ക്കാരാണ് ഇതെല്ലാം ചെയ്യാന്‍ . അയാള്‍ എല്ലാറ്റിനും തയ്യാറായി. അവള്‍ അറിഞ്ഞുകൊണ്ട് തന്നെ. കഠിനമായി അധ്വാനിക്കുമ്പോഴും അയാളുടെ ഒരേ ഒരു ദുഃഖം അവളുടെ അടുത്ത് എപ്പോഴും ഉണ്ടാകാന്‍ പറ്റില്ലല്ലോ എന്ന് മാത്രമായിരുന്നു.

അതയാള്‍ക്ക്‌ ഒരു വലിയ പ്രശ്നം തന്നെയായി താനും. താന്‍ ഇല്ലാത്തപ്പോഴതെ അവളുടെ സംരക്ഷണം. ഒടുവില്‍ തൊട്ടടുത്തുള്ള അയാളുടെ അനിയനെയും കുടുംബത്തെയും അയാള്‍ ആശ്രയിക്കാന്‍ തുടങ്ങി. അവര്‍ക്ക് അവളെയും അവള്‍ക്ക് അവരെയും പണ്ടേ ഇഷ്ട്ടവുമായിരുന്നു. അച്ഛനെയും അമ്മയെയും പോലെതന്നെ അവര്‍ അവള്‍ക്കു സംരക്ഷണം നല്‍കി. അവിടെയും രണ്ടു കുട്ടികളുണ്ട്. അവള്‍ അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അതയാള്‍ക്ക്‌ വലിയ ആശ്വാസം തന്നെയായിരുന്നു.

അയാള്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ തുടങ്ങി. എങ്കിലും അയാളുടെ ഒരു കണ്ണും മനസ്സ് മുഴുവനും അവളുടെ കൂടെതന്നെയായിരുന്നു. എന്നിട്ടും .... എനിക്ക് തന്നെ എഴുതാന്‍ വരികളില്ല. ഒരിക്കല്‍ അയാള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ മകള്‍ അയാളുടെ വീട്ടിലില്ല. അയാള്‍ക്ക്‌ ഒരു പരിഭ്രമവും ഉണ്ടായില്ല. അവിടെയില്ലെങ്കില്‍ തൊട്ടടുത്തുള്ള അനിയന്റെ വീട്ടില്‍ ഉണ്ടാകും അവള്‍ . അയാള്‍ വേഗം അവിടെയെത്തി. പക്ഷെ അവിടെയും ആരുമുള്ളതായി അയാള്‍ക്ക്‌ തോന്നിയില്ല. വീട് അടച്ചിരിക്കുന്നു. ചിലപ്പോള്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയതാകാം. അവര്‍ പോകുമ്പോള്‍ അവളെയും കൂടെ കൊണ്ട് പോകാറുണ്ടായിരുന്നു.

വീടിന് ചുറ്റും ഒന്ന് നടന്നുനോക്കി അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആരോ ഞരങ്ങുന്നപോലെ അയാള്‍ക്ക്‌ തോന്നിയത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടിയുടേത് പോലെ തോന്നി . അതോടെ അയാള്‍ക്ക്‌ നില്‍ക്കാന്‍ വയ്യാതായി. ഒന്ന് ഞെട്ടിയ അയാള്‍ മനസ്സിലേക്ക് കടന്നെത്തിയ അശുഭ ചിന്തകളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ട് ചുറ്റും തിരയാന്‍ തുടങ്ങി. അയാളുടെ ശ്രമം വൃധാവിലായില്ല. ശബ്ദം വരുന്നത് വീട്ടിനകത്ത് നിന്ന് തന്നെ എന്ന് മനസ്സിലാക്കിയ അയാള്‍ അകത്തേക്ക് ശ്രദ്ധ തിരിച്ചു. വാതിലോ ജനലോ തുറക്കാന്‍ പരിശ്രമിച്ചു. ഒടുവില്‍ ഒരു ജനല്‍ തുറന്നു കിട്ടിയപ്പോള്‍ അതിലൂടെ നോക്കിയ അയാള്‍ തരിച്ചു പോയി. അടച്ചിട്ട മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് ഒരു പെണ്‍കുട്ടി.

അത് അവളുടെ മകളാകല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണയാല്‍ വാതില്‍ ചവിട്ടി തുറന്നത്. പ്രതീക്ഷ എപ്പോഴും ശരിയാകണം എന്നില്ലല്ലോ . അത് അയാളുടെ മകള്‍ തന്നെയായിരുന്നു. ജീവന് വേണ്ടിയുള്ള അവാസാനത്തെ പിടച്ചിലും കഴിഞ്ഞ് നിര്‍ജ്ജീവമായ അയാളുടെ മകള്‍ . അപ്പോഴും അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ അയാളെ തിരഞ്ഞിരുന്ന പോലെ തോന്നി അയാള്‍ക്ക്‌. രക്ഷിക്കാന്‍ താന്‍ പറന്നെത്തുമെന്ന് അവള്‍ ആഗ്രഹിചിരുന്നപോലെ. പ്രാണന്‍ പിടയുമ്പോഴും മാനം കാക്കാന്‍ ശരീരത്തില്‍ ചേര്‍ത്തുപിടിച്ച തുണിക്കഷ്ണങ്ങള്‍ അപ്പോഴും അവളുടെ കൈക്കുള്ളിലുണ്ടായിരുന്നു. ചേതനയറ്റ അവളുടെ ശരീരം കയ്യിലെടുത്ത്, ജീവശ്ശവമായി അയാളിരിക്കവേ പെട്ടെന്ന് ആരോ ഓടിവരുന്നതായി അയാള്‍ക്ക്‌ തോന്നി.

വളരെ പെട്ടെന്ന് അയാള്‍ അവളെ അവിടെ കിടത്തി മറഞ്ഞു നിന്നു. യുക്തിയോ ബുദ്ധിയോ.. അയാള്‍ക്ക്‌ തന്നെ നിശ്ചയമില്ലായിരുന്നു. കടന്നെത്തിയ മനുഷ്യന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വാതില്‍ തുറന്ന് അകത്തെത്തി കയ്യില്‍ കരുതിയിരുന്ന ചാക്കില്‍ താന്‍ കടിച്ചുകീറിയ ആ പെണ്‍കുട്ടിയുടെ ശരീരം കുത്തികയറ്റാന്‍ ശ്രമം തുടങ്ങി. മങ്ങിയ വെളിച്ചത്തില്‍ കണ്ട അയാളുടെ മുഖമാണ് ആ അച്ഛനെ ശരിക്കും കൊന്നു കളഞ്ഞത്. അത് അയാളുടെ അനിയന്‍ തന്നെയായിരുന്നു. പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല. കയ്യില്‍ കിട്ടിയ ആയുധമെടുത്ത് അയാള്‍ അനിയന് നേരെ ചാടിവീണ് ആഞ്ഞുവെട്ടി. അപ്രതീക്ഷിതമെങ്കിലും അയാളുടെ വെപ്രാളം ഉന്നം തെറ്റിച്ചുപോയി. ലക്‌ഷ്യം കാണാതെ വഴിതെറ്റിയ ആയുധം അയാളുടെയും അടിതെറ്റിച്ചപ്പോള്‍ ആ തക്കത്തിന് അയാള്‍ പുറത്തേക്കു ഓടിയിറങ്ങി. അലറിവിളിച്ച്‌ ഒപ്പം ചാടിയെങ്കിലും അയാള്‍ക്ക്‌ എത്തിപ്പിടിക്കാനാകും മുന്‍പേ അവന്‍ ഓടി മറഞ്ഞിരുന്നു.

പിന്നെ തിരച്ചിലായിരുന്നു. ലോകം മുഴുവനും. മറ്റാരും കണ്ടെത്തും മുന്‍പേ പിടികൂടാനും നീതി നടപ്പിലാക്കാനും. മനുഷ്യന്റെ വേദനയുടെ നീറ്റല്‍ അയാളെ കൊണ്ടെത്തിച്ചത് ശത്രുവില്‍ തന്നെ. കഴുത്ത് അറുക്കുമ്പോള്‍ കൈ വിറച്ചില്ല .... മനസ്സ് പതറിയുമില്ല. ഉന്നം പിഴ്ക്കാതിരിക്കാന്‍ അയാളുടെ മകളുടെ നിഷ്ക്കളങ്ക മുഖം എപ്പോഴും മുന്നിലുള്ളപ്പോള്‍ പിന്നെന്തു വേണം വേറെ.

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും, ഇതെന്തു കഥ.. ഇതൊരു നിത്യ സംഭവമല്ലേ എന്ന്. പക്ഷെ കഥ ഇവിടെ തുടങ്ങുന്നെയുള്ളു. പിന്നെ എന്തുണ്ടായി എന്നാണു നിങ്ങള്‍ കരുതുന്നത്. ശത്രുവിനെയും കൊന്ന് അയാള്‍ ജയിലിലായി എന്ന്. അല്ലെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്ന് അല്ലെ. അല്ല.. അയാള്‍ ഇപ്പോഴും ജീവിക്കുന്നു. അനിയന്റെ മക്കളെയും നോക്കി. അവരുടെ അച്ഛനായി, അമ്മയായി, എല്ലാം എല്ലാമായി ... ഇവിടെ ഇവര്‍ രണ്ടുപേരെക്കാള്‍ തകര്‍ന്നു പോയ മറ്റൊരാളുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാത്ത ഒരാള്‍ .... അനിയന്റെ ഭാര്യ. അവളെ മകളെപോലെ കണ്ടിരുന്ന അവര്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായി. അവര്‍ അയാളുടെ കുറ്റം അയാള്‍ പോലുമറിയാതെ ഏറ്റെടുത്ത് ജയിലിലായി. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com




7 comments:

മാണിക്യം said...

ഒരു കഥയായി ഇതു വായിക്കാന്‍ ശ്രമിച്ചു..
ആര്‍ക്കും ഒരു മകള്‍ക്കും ഒരച്ഛനും ഇതുപോലെ
ഒരവസ്ഥയുണ്ടാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

ശ്രീ said...

വല്ലാത്തൊരു കഥ/സംഭവം തന്നെ മാഷേ.

മാണിക്യം ചേച്ചി പറഞ്ഞതു പോലെ ഇനിയെങ്കിലും ഇതുപോലൊന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെ!

Sukanya said...

എന്തൊക്കെയാ സംഭവിക്കുന്നത്, ആരെ വിശ്വസിക്കണം? വല്ലാത്ത അവസ്ഥയിലാക്കി മനസ്സിനെ, ഈ കഥ.

Manoraj said...

കഷ്ടം.. ഒന്നും പറയാനില്ല

വി.എ || V.A said...

അവസാനം കുറ്റം ഏറ്റെടുത്ത് ആ സ്ത്രീ ജയിലിലാവുന്നതു മാത്രം, കൂടുതൽ സംഭവിക്കുന്നില്ലെന്നേയുള്ളൂ. പല സ്ഥലത്തും നടക്കുന്ന സംഭവം, ദുർഗ്രാഹ്യമായ സാഹിത്യവാക്കുകൾ കയറ്റാതെ നല്ലതുപോലെ എഴുതിവച്ചു. കൊള്ളാം, ആശംസകൾ....

ആളവന്‍താന്‍ said...

ഒരുപക്ഷെ യാദൃശ്ചികം ആവാം. ഞാന്‍ ഇന്ന് വളരെ മൂഡ്‌ ഔട്ട്‌ ആയിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ്‌ വായിക്കുന്നത്. മൂഡ്‌ പോയതിനു കാരണം ഇന്ന് കണ്ട ഒരു സിനിമയും.! എന്നെ വീണ്ടും അതിശയിപ്പിച്ചത് ആ പെണ്‍കുട്ടി മരിച്ചു കിടക്കുന്ന സീന്‍ ആണ്‌. ആ സിനിമയുടെ (പരുത്തിവീരന്‍) മര്‍മ്മ പ്രധാനമായ ഒരു സീന്‍ ആണ്‌ ചേട്ടന്‍റെ ഈ കഥയിലൂടെ ഞാന്‍ വീണ്ടും കണ്ടത്. പിന്നെ ശരിക്കും ഒരു സിനിമാ കഥയെ പോലും വെല്ലുന്ന ക്ലൈമാക്സും. അവിശ്വസനീയം.!

ജയരാജ്‌മുരുക്കുംപുഴ said...

manassil aazhathil sparshichu...... aashamsakal...............

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...