Monday, February 29, 2016

ക്യാൻസറും കേരളവും .

ക്യാൻസറും കേരളവും .
.
ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ പ്രത്യേകിച്ചും കേരളം ഇപ്പോൾ . കോടാനുകോടികൾ മുടക്കി ആശുപത്രികൾ പണിയുന്നു , കൂട്ട ഓട്ടങ്ങൾ സംഘടിപ്പിക്കുന്നു മാരത്തോൺ ചർച്ചകൾ നടക്കുന്നു പോസ്റ്ററുകളും ചലച്ചിത്രങ്ങളും ഉണ്ടാകുന്നു പ്രമുഘർ സമൂഹത്തിനുമുന്നിൽ വലിയ വലിയ സംഭാവനകൾ നൽകുന്നു .... അങ്ങിനെ പോകുന്നു വിസ്മയകരമായ പലവിധ കാഴ്ചകൾ . എല്ലാം വളരെ നല്ലത് തന്നെ .
.
ലോകത്തിൽ എല്ലാകാലത്തും പല വിധത്തിലുള്ള മഹാമാരികൾ ഉത്ഭവിക്കാറും പ്രചരിക്കാറുമുണ്ട് . പലതും ശാസ്ത്രീയമായി തിരിച്ചറിയാൻ കഴിയാതിരുന്ന പുരാതന കാലത്ത് മനുഷ്യൻ അതിൽ പലതിനെയും വിശ്വാസത്തിന്റെ ഭാഗവുമാക്കി . അതിൽ എല്ലാ കാലത്തും തുടർച്ചയായി നിലനിൽക്കുന്ന പല മഹാ രോഗങ്ങളിൽ ഒന്നുതന്നെയാണ് ക്യാൻസർ. ഇപ്പോഴും ഫലപ്രദമായ അല്ലെങ്കിൽ പൂർണ്ണമായ ചികിത്സ സാധ്യമാകാത്ത ഒരു വലിയ വ്യാധി .
.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ് . പാരമ്പര്യം, ലഹരിയുടെ ഉപയോഗം , തൊഴിൽ സാഹചര്യങ്ങൾ , അന്തരീക്ഷ മലിനീകരണം തുടങ്ങി നമ്മൾ കഴിക്കുന്ന ഭക്ഷണം വരെ പലതും . ഏതൊരു രോഗവും വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതുതന്നെയാണ് അത് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നത് . എന്നാൽ ക്യാൻസറിന്റെ കാര്യത്തിൽ ചില മുൻകരുതലുകൾ എങ്കിലും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല തന്നെ . അന്തരീക്ഷ മലിനീകരണം തുടങ്ങി പല വലിയ കാര്യങ്ങളിലും ഒരു സാധാരണക്കാരനായ മനുഷ്യന്റെ ഇടപെടലുകൾക്കും മുൻകരുതലുകൾക്കും വലിയ പരിധികളും പരിമിധികളുമുണ്ട് താനും .
.
എന്നാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില ചെറിയ കാര്യങ്ങൾ കൊണ്ടുതന്നെ ഈ വലിയ വിപത്തിനെ ഒരു പരിധിയോളം നേരിടാം എന്നതാണ് യാഥാർത്ഥ്യം . ക്യാൻസർ വരാനുള്ള കാരണങ്ങളിൽ പരമ പ്രധാനമായ ഒന്നാണ് മായം കലർന്ന അല്ലെങ്കിൽ വിഷം കലർന്ന ഭക്ഷണം . നമ്മൾ എന്ത് കഴിക്കണം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കണം എന്ന് തീർച്ചയായും നമുക്ക് തന്നെ തീരുമാനിക്കാം എന്നിരിക്കെ അത് ചെയ്യുക മാത്രം കൊണ്ട് ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുന്ന ഒരു വലിയ വിപത്തിനെ എന്തിനിങ്ങനെ വലുതാക്കി വളർത്തുന്നു .
.
നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ഭൂരിഭാഗത്തിലും ഭീകരമായ തോതിൽ വിഷം കലർന്നിരിക്കുന്നു അന്നതൊരു സത്യമാണ് . കറിപ്പൊടികളിൽ, മുൻകൂട്ടി തയ്യാറാക്കി പാക്കറ്റുകളിൽ വരുന്ന ഭക്ഷണത്തിൽ , കുടിക്കുന്ന പാലിൽ , വെളിച്ചെണ്ണയിൽ തുടങ്ങി അത്യാവശ്യമായ നിത്യോപയോഗ ഭക്ഷണ പദാർഥങ്ങളിൽ അടക്കം പലതിലും വിഷം ഉണ്ടെങ്കിലും അവയിൽ പലതും തടയുന്നതിൽ നമുക്ക് വീണ്ടും ചില പരിമിതികൾ ഉണ്ടായേക്കാം . എന്നാൽ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നമുക്ക് മുന്നിൽ വെച്ചുതന്നെ ചേർക്കുന്ന മായം അല്ലെങ്കിൽ വിഷം നമുക്ക് തടയാൻ കഴിയുന്നില്ല എന്നത് വിചിത്രം തന്നെ .
.
നമുക്കുമുന്നിൽ വറുത്തെടുക്കുന്ന ചിപ്സുകളിൽ , നമുക്കുമുന്നിൽ ഉണ്ടാക്കുന്ന ചായയിൽ നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയിലും വടയിലും നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ഫ്രൈകളിലും മാംസത്തിലും അങ്ങിനെ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ തന്നെ എത്രമാത്രം വിഷമാണ് ചേർക്കപ്പെടുന്നത് . താത്കാലിക ലാഭത്തിന് വേണ്ടി അറിഞ്ഞും അറിയാതെയും കച്ചവടക്കാർ ചെയ്യുന്ന ഈ ഭീകരമായ തെറ്റുകൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് നമ്മൾ ആ ഭക്ഷണം രുചിയോടെ വാങ്ങി കഴിക്കുന്നു . ഈയൊരു പ്രാവശ്യത്തേക്കല്ലേ എന്ന തൊടുന്യായവും പറഞ്ഞ് . പുറം മാന്യതയുടെ മേലങ്കിയുമണിഞ്ഞ്‌ . പാതയോരത്തെ തട്ടുകടകളിലും സ്റ്റാർ ഹോട്ടലിലെ മെഴുകുതിരി വെട്ടത്തിലും നടക്കുന്നത് ഇതുതന്നെയെന്ന് നാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു .
.
അത്യാഹിതക്കാരന്റെ വഴിപോലും മുടക്കി യാത്രകൾ നടത്തുന്നവരും കയറാൻ പറ്റാത്ത ക്ഷേത്രങ്ങളിലും പള്ളികളിലും കയറി പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുന്നവരും വ്യഭിചാരത്തിനും അഴിമതിക്കും പിന്നാലെ പായുന്നവരും തീവ്രവാദികൾക്ക് സിന്ദാബാദ് വിളിക്കുന്നവരും മത - ജാതി വിദ്വേഷം വളർത്തുന്നവരും ഓൺലൈൻ മാദ്ധ്യമങ്ങളിലിരുന്ന് ഘോരഘോരം മുറവിളികൂട്ടുന്നവരും ഇതൊക്കെയും വെള്ളിവെളിച്ചത്തിലിരുന്ന് ആഘോഷമാക്കി മാറ്റുന്നവരും ഒക്കെ രോഗം വന്നതിന് ശേഷം ആയിരങ്ങൾ മുടക്കി ചികിത്സിക്കാൻ പോകുന്നതിനു മുൻപ് തങ്ങൾക്കു മുന്നിൽ നടക്കുന്ന ഈ കൊടും ക്രൂരതകൾ തടയാൻ ഒരു ചെറുവിരൽ അനക്കിയാൽ അത് തങ്ങൾക്കോ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഏറെ ഉപകാരപ്രദമാകുമെന്ന് അറിയുക .
.
മരണം ആർക്കും എപ്പോഴും വരാം . രോഗം വന്നാലും ഇല്ലെങ്കിലും നമ്മൾ മരിക്കും . ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരികയും ചെയ്യും . എന്നാലും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ നമുക്ക് തടയാൻ പറ്റാവുന്ന ഒരു കാരണം കൊണ്ട് നമ്മുടെ കണ്മുന്നിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് തടയാതിരിക്കുന്നത് കുറ്റം ചെയ്യുന്നവരേക്കാൾ ഏറെ കുറ്റകരമാണെന്നോർക്കുക .
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മരണം ആർക്കും എപ്പോഴും വരാം .
രോഗം വന്നാലും ഇല്ലെങ്കിലും നമ്മൾ മരിക്കും .
ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരികയും ചെയ്യും .
എന്നാലും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ നമുക്ക് തടയാൻ
പറ്റാവുന്ന ഒരു കാരണം കൊണ്ട് നമ്മുടെ കണ്മുന്നിൽ ദുരിതം അനുഭവിക്കേണ്ടി
വരുന്നത് തടയാതിരിക്കുന്നത് കുറ്റം ചെയ്യുന്നവരേക്കാൾ ഏറെ കുറ്റകരമാണെന്നോർക്കുക .

Cv Thankappan said...

അറിവില്ലാത്തവര്‍ക്ക് പറഞ്ഞുകൊടുക്കാം,ബോധവല്‍ക്കരണം നടത്താം.
എന്നാല്‍ അറിവുള്ളവര്‍ ചെയ്യുന്നതോ?അവരോടു പറഞ്ഞാല്‍ മുഖത്തടിച്ചതുപോലെ ഉത്തരവും കിട്ടും.അപ്പോഴാണ്‌ അവനവന്‍റെ കാര്യം മാത്രം നോക്കിനടന്നാല്‍ മതിയെന്ന് തോന്നുക..........
ആശംസകള്‍

ഓഖിയും സർക്കാരും ...!!!

ഓഖിയും സർക്കാരും ...!!! സഹായം ആവശ്യമുള്ള ഒരു സമൂഹത്തിന് അത് നൽകേണ്ട സമയത്ത് നേരിട്ട് നൽകാൻ സാധിക്കുമായിരുന്ന ഒരു സർക്കാർ അത് ശരിയായ രീതി...