Tuesday, November 8, 2016

മാ ... തത്വം ...!!!

മാ ... തത്വം ...!!!
.
ചുടു ചോര ഇറ്റു വീഴുന്ന ചുണ്ടുകൾ കൊണ്ടൊരു വാത്സല്യ ചുംബനം മൂർദ്ധാവിൽ . മാറിൽ മാലയായി കോർത്ത തലയോട്ടികളിലെ പച്ച മാംസം തുടച്ചുമാറ്റി വായിൽ തിരുകി വച്ച് തരുന്ന മുല ഞെട്ടുകളിലൂടെ ചുരത്തുന്ന സ്നേഹാമൃതം ആവോളം . വാളും ചിലമ്പും പിടിച്ചു തഴമ്പിച്ച കൈകളിൽ സൂക്ഷിച്ചു വെച്ച ചൂണ്ടു വിരലിലൂടെ പകരുന്ന സുരക്ഷിതത്വം . പകലുകളിലും രാത്രികളിലും കെടാതെ കത്തുന്ന നക്ഷത്രക്കണ്ണുകളിലെ കനലിന്റെ വെട്ടം കൂട്ടിനും വഴികാട്ടിയും ... മാതൃത്വത്തിന് മാത്രം എന്തെ, പിന്നെയും മുഖങ്ങൾ ഇല്ലാതെ പോകുന്നു ...!
.
കാവേരി എന്റെ മോളുടെ പൂച്ചക്കുട്ടിയാണ് . വഴിയരുകിൽ ചത്തുകിടക്കുന്ന അമ്മക്കരുകിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന ആ പൂച്ചക്കുട്ടിയെ ഒരു യാത്രക്കിടയിലാണ് അവൾക്ക് കിട്ടിയത്. യമുനയാകട്ടെ അവളുടെ പട്ടിക്കുട്ടിയും . അതുപോലെ , കാലൊടിഞ്ഞുതൂങ്ങിയ നിലയിൽ മറ്റൊരു യാത്രക്കിടയിലാണ് അവൾക്കതിനെയും കിട്ടിയത് . എന്റെ ഭാര്യക്ക് പൂച്ചയേയും പട്ടിയെയുമൊക്കെ ഭയങ്കര പേടിയാണെങ്കിലും ഞങ്ങളവയെ സ്നേഹത്തോടെ വളർത്തുകതന്നെ ചെയ്തിരുന്നു . പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ലെങ്കിലും അവ ഞങ്ങളോടൊപ്പം ഞങ്ങളുടെ കൊച്ചുവീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെ കഴിഞ്ഞു പൊന്നു ....!
.
രൗദ്രമായ ഭാവങ്ങളൊക്കെയും സ്നേഹത്തെ മറച്ചുപിടിക്കാനുള്ള ഒരു മുഖപടം മാത്രമാക്കുകയാണെന്ന് ആരും പറഞ്ഞില്ല. പറയാതെയും ആരും അറിഞ്ഞുമില്ല . എന്നിട്ടും കത്തുന്ന കണ്ണിൽ , . എരിയുന്ന നെഞ്ചിൽ , വേവുന്ന മനസ്സിൽ എല്ലായിടത്തും തിരയുകതന്നെയായിരുന്നു . തന്നെ തന്നിലേക്കടുപ്പിക്കുന്ന തന്നെ തേടി രാക്ഷസീയമെന്നത് ഒരു ഭാവനമാത്രമാണ് കാടത്ത മെന്നത് ഒരു പ്രയോഗ പദവും . കത്തുന്ന ചൂടിൽ മഴയല്ല , കുളിരും തണുപ്പുമാണ് വേണ്ടതെന്ന് ആര് ആരെ അനുഭവിപ്പിക്കാൻ ...!
.
സ്‌കൂളിൽ നിന്നും വരുമ്പോഴാണ് എന്റെ മകൾ രണ്ട് ആൽമരത്തൈകൾ കൊണ്ടുവന്നത് . വന്നപാടെ അവളത് മുറ്റത്തെ മൂലകളിൽ കുഴിച്ചിട്ട് വെള്ളമൊഴിച്ചു . ആരുമത് നശിപ്പിക്കാതെ നോക്കണമെന്ന് ഏട്ടനെ നിഷ്കർഷിച്ചു . അടുക്കളയിലെ അവശിഷ്ട്ടങ്ങൾ അതിന്റെ കടയ്ക്കലേക്ക് ഇടണമെന്ന് അമ്മയോട് ശട്ടവും കെട്ടി . കൃത്യമായൊന്നുമില്ലെങ്കിലും അവളത്തിന് വെള്ളമൊഴിച്ചു, വളവുമിട്ടു . പിന്നെ, സാവധാനത്തിൽ ആ തൈകൾക്ക് ഇലകളും ശാഖകളും വളരുന്നത് സംതൃപ്തിയോടെ നോക്കിനിന്നു ...!
.
പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ അപ്പോഴും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Cv Thankappan said...

നന്മ വിതച്ചാല്‍ നന്മ വിളയും...
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ
തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു
മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം
അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ ..

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...