Wednesday, July 21, 2021

അമ്മൂമ്മയുടെ വെറ്റിലച്ചെല്ലം ....!!!

അമ്മൂമ്മയുടെ വെറ്റിലച്ചെല്ലം ....!!!
.
അമ്മൂമ്മയെപോലെതന്നെ ഒരു കാര്യവുമില്ലാതെ വെറുതെ എപ്പോഴും കലപിലകൂട്ടിക്കൊണ്ടാണ് . അമ്മൂമ്മയുടെ ആ വെറ്റിലച്ചെല്ലവും . . കലപിലകൂട്ടുമ്പോഴും അതിലെ ശബ്ദങ്ങൾക്ക് എപ്പോഴും ഒരു താളമുണ്ടായിരുന്നു , ഒപ്പം ഒരു വശ്യതയും എന്നത് ഞാനും ശ്രദ്ധിച്ചിരുന്നു അപ്പോഴൊക്കെ . . വെറ്റിലയും അടക്കയും തമ്മിലോ നൂറും പൊകലയും തമ്മിലോ അതോ ആ വെറ്റിലച്ചെല്ലം തന്നിൽത്തന്നെയോ ആയിരുന്നിരിക്കണം ആ കലപിലയെന്ന് അപ്പോൾ പക്ഷെ ഞാൻ പോലും അറിഞ്ഞുമില്ല ...!

ഒരു ചെറിയ സ്‌കൂൾകുട്ടിയുടെ ലഞ്ച്‌ബോക്‌സിനേക്കാൾ കുറച്ചുകൂടി വലിപ്പമുണ്ടായിരുന്നു ഓടിന്റെ ആ വെറ്റിലച്ചെല്ലത്തിന് . അത് വെണ്ണീറും പുളിയും ചേർത്ത് ഉരച്ചുമോറി അമ്മൂമ്മ എപ്പോഴും നല്ല തിളക്കത്തോടെയാണ് സൂക്ഷിച്ചിരുന്നത് . അമ്മൂമ്മ പോകുന്നിടത്തൊക്കെ കൊണ്ടുപോകുമായിരുന്ന ആ വെറ്റിലച്ചെല്ലം എപ്പോഴും അമ്മൂമ്മയുടെ കൂടെത്തന്നെയുണ്ടായിരുന്നുവെന്നത് ഞങ്ങൾ ഇപ്പോഴും ഓർക്കുന്നുമുണ്ട് ....!
.
ഒരു വലിയ അറയും അതിനോട് തൊട്ടുചേർന്ന് അടപ്പോടുകൂടിയ ഒരുകുഞ്ഞു അറയും ചേർന്നതായിരുന്നു ആ വെറ്റിലച്ചെല്ലം . വലിയ അറയിലാണ് വെറ്റിലയും അടക്കയും ഇട്ടുവെക്കുക . അതില്തന്നെയാണ് ഒരു കുഞ്ഞു നൂറ്റുക്കുടവും വെച്ചിരുന്നത് . അപൂർവ്വം ചിലപ്പോഴൊക്കെ വാസനയുള്ള നൂറും മറ്റുചിലപ്പോൾ നിറമുള്ള നൂറും സാധാരണയായി പൊതുവായ വെള്ളനിറമുള്ള നൂറുമാണ് അതിലെപ്പോഴും വെച്ചിരുന്നത് . അടപ്പോടുകൂടിയ ആ കുഞ്ഞറയിലാണ് പൊകലയിട്ടുവെക്കാറുള്ളത് ....!
.
കാലുനീട്ടിവെച്ച് മടിയിൽ ചെല്ലമെടുത്തുവെച്ച് അതിൽനിന്നും തൊലികളഞ്ഞ് കഷണങ്ങളാക്കിയ അടയ്ക്കാ കഷ്ണങ്ങൾ വായിലെടുത്തിട്ട് ചവച്ചുകൊണ്ട് , വെറ്റിലയെടുത്ത് തലയും വാലുംനുള്ളിക്കളഞ്ഞ് ഞരമ്പുകൾ ഞരടിക്കളഞ്ഞ് അതിന്റെ പുറത്ത് നൂറുതേച്ച് വായിലേക്ക് തിരുകിവെച്ച് ഒന്ന് ചവച്ചൊതുക്കി പിന്നെ ചെല്ലത്തിലെ കുഞ്ഞറയിൽനിന്നും പൊകലയെടുത്ത് ഒരുകഷ്ണം പൊട്ടിച്ചെടുത്ത് ബാക്കിയെല്ലാം അകത്തുതന്നെ എടുത്തുവെച്ച് ചെല്ലം അടച്ച് മാറ്റിവെച്ച് ഒന്നുചാരിയിരുന്നാണ് കയ്യിലെടുത്ത ആ പുകയില അമ്മൂമ്മ വായിൽ ഒരു വശത്തേക്ക് തിരുകിക്കിവെച്ചിരുന്നത് ...!
.
എവിടെനിന്നെങ്കിലുമൊക്കെ വല്ലവിധേനയും സങ്കടിപ്പിച്ച് കിട്ടുന്ന വെറ്റിലക്കൊടി പറമ്പിലെ കഴുങ്ങിൽ വച്ചുപിടിപ്പിക്കാൻ അമ്മൂമ്മ എപ്പോഴും ശ്രമിച്ചിരുന്നെങ്കിലും അതൊരിക്കലും വളർന്നുവന്നതായി ഞങ്ങൾ ആരും കണ്ടിട്ടില്ല. പഴുക്കടക്ക ഉണക്കി വെള്ളത്തിലിട്ടുവെച്ച് സൂക്ഷിച്ചാണ് അമ്മൂമ്മ വര്ഷം മുഴുവനും അടക്ക ഉപയോഗിക്കാറ് . ചിലപ്പോഴൊക്കെ കളിയടക്കയും അപ്പോൾ പഴുത്തുവീഴുന്ന പഴുക്കടക്കയും ചിലപ്പോഴൊക്കെ ഉപയോഗിക്കാറുമുണ്ടായിരുന്ന അമ്മൂമ്മ പക്ഷെ എപ്പോഴും കുറ്റംപറയാറുള്ളത് പൊകലയെക്കുറിച്ചായിരുന്നു ...!
.
കുട്ടികൾക്ക് ഒരിക്കലും പ്രവേശനമില്ലാത്ത ആ വെറ്റിലച്ചെല്ലത്തിന്റെ അടിയിൽ അമ്മൂമ്മ കുറച്ചുപൈസയും സൂക്ഷിക്കാറുണ്ട് എന്നത് ഞങ്ങൾ പിന്നീടുകണ്ടുപിടിച്ച സത്യമാണ് . കുറച്ചൊക്കെ വളർന്നപ്പോൾ ഓണത്തിനും വിഷുവിനുമൊക്കെ പൊകലതൊടാത്ത വെറ്റില അടക്കയും നൂറും മാത്രം ചേർത്ത് പെട്ടെന്ന് തുപ്പിക്കളയണമെന്ന കര്ശനനിർദ്ദേശത്തോടെ മുറുക്കാൻതന്നിരുന്ന അമ്മൂമ്മ പക്ഷെ കല്യാണങ്ങൾക്കൊക്കെ പോയിവരുമ്പോൾ കിട്ടുന്ന വാസനയും മധുരവുമുള്ള സുപാരി പലപ്പോഴും ഞങ്ങൾക്ക് തരുമായിരുന്നതും സുഖമുള്ളൊരോർമ്മതന്നെ ...!
.
അമ്മൂമ്മയോടൊപ്പം അമ്മൂമ്മയുടെ വെറ്റിലച്ചെല്ലവും മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോൾ പഴമയുടെ മധുരമുള്ള ഓർമ്മയായി എന്നേയ്ക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മൂമ്മ ,പഴമയുടെ മധുരമുള്ള ഓർമ്മ...

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...