Thursday, May 24, 2018

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda said...

ഹ്ഹ്ഹ്ഹ അത് ചില്ലുകുപ്പികള്‍ തന്നെയാണല്ലോ ല്ലേ? അങ്ങനെ മതി ട്ടോ.. എന്നിട്ട് ഒരു ദിവസം സുരേഷിന്റെ തന്നെ കൈ തട്ടി അതെല്ലാം കൂടി ഒന്നിച്ച്നിലത്ത് വീണ് പൊട്ടിച്ചിതറും. സൂക്ഷിച്ചുവച്ച സന്തോഷമെല്ലാം നിലത്തുകൂടി ഒഴുകി പരക്കും. പിന്നെയത് വറ്റി വറ്റി പോകും. അത് കണ്ട് പകച്ചും നിസ്സഹായനായും നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിയെ ഞാന്‍ കാണുന്നുണ്ട്. :)

അതുകൊണ്ട് , താഴെ വീണാല്‍ പൊട്ടാത്ത ഒരു കുപ്പി.. ഒരേയൊരു കുപ്പിയെങ്കിലും സൂക്ഷിച്ചു വയ്ക്കണേ ചങ്ങാതി..

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...