Monday, June 8, 2015

അന്നം വിഷമാക്കുന്നവർ

അന്നം വിഷമാക്കുന്നവർ
.
ഓരോ ജീവിയുടെയും പരമ പ്രധാനമായ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് അന്നം . ജീവന്റെയും നിലനിൽപ്പിന്റെയും തന്നെയും . സ്വയം ഉണ്ടാക്കിയും, മറ്റുള്ളവരെ ആശ്രയിച്ചും ജീവികൾ അവരവർക്കുള്ള അന്നം എന്നത്തേയ്ക്കും കണ്ടെത്തുന്നു . ജീവൻ നിലനിർത്താൻ തന്നെയാണ് എല്ലാവരും നിശ്ചയമായും അന്നം കഴിക്കുന്നതും . മനുഷ്യൻ എന്ന ജീവി മാത്രം അതിൽ ഒരൽപം വ്യത്യാസം വരുത്തി, കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം രുചി കൂടി കൂട്ടുന്നു, ആസ്വാദനത്തിനു വേണ്ടി .
.
മറ്റെല്ലാറ്റിലും എന്ന പോലെ ഭക്ഷണ കാര്യത്തിലും ഭൂരിഭാഗം മനുഷ്യരും പലപ്പോഴും ഒരു നല്ല സംസ്കാരം രൂപപ്പെടുതുന്നില്ല എന്നത് തീർത്തും കഷ്ടമാണ് . എന്ത് ഉണ്ടാക്കണം എന്നും എങ്ങിനെ ഉണ്ടാക്കണം എന്നും അത് എങ്ങിനെ കഴിക്കണം എന്നും , എങ്ങിനെയെല്ലാം അത് ദുരുപയോഗം ചെയ്യാതെ മാന്ന്യമായി ഉപയോഗിക്കണം എന്നും പലപ്പോഴും പലരും ചിന്തിക്കുന്നെ ഇല്ല . നമ്മുടെ ഈ ലോകത്തിൽ , വേണ്ടതിൽ കൂടുതൽ ഭക്ഷണം കഴിച്ചു മരിക്കുന്നവരും വേണ്ടത്ര ഭക്ഷണം കിട്ടാതെ മരിക്കുന്നവരും ധാരാളമുണ്ട് എന്നതും വിരോധാഭാസം തന്നെ .
.
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമം തന്നെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ഒരു നിർണ്ണായക വസ്തു . സമയം, ശരീരപ്രകൃതി , കാലാവസ്ഥ , വൃത്തി , കൃത്യമായ അളവുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണ ക്രമത്തിൽ. നിർബന്ധമായും സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഉണ്ട് ഭക്ഷണത്തിൽ . ഇതൊക്കെ കൃത്യമായി പാലിച്ചില്ലെങ്കിലും നിർബന്ധമായും ഒഴിവാക്കെണ്ടവയെല്ലാം ഒഴിവാക്കുകയെങ്കിലും മനുഷ്യന് തീർച്ചയായും ചെയ്യാവുന്നതെയുള്ളു .
.
കച്ചവടം മനുഷ്യൻ തന്റെ അഭിവൃധിയ്ക്ക് വേണ്ടി കണ്ടു പിടിച്ച പല വഴികളിൽ ഒന്നാണ് . കൊടുക്കുന്നതിനു തുല്ല്യമായി വാങ്ങിയും വാങ്ങുന്നതിന് തുല്ല്യമായി കൊടുത്തും തുടങ്ങിയ ബന്ധം , പക്ഷെ പിന്നീട് പതിവുപോലെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് കീഴടങ്ങുകയും ചെയ്തു . അതിന്റെ ഫലമായി ലാഭം എന്ന ഒറ്റ കാര്യത്തിനു വേണ്ടി മാത്രം എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയും ചെയ്യുന്നു .
.
ആധുനികതയുടെ പേരിൽ , സംസ്കാരത്തിന്റെ പേരിൽ , മനുഷ്യന്റെ സാഹചര്യങ്ങളും അവസ്ഥകളും മുതലാക്കി അവരെ കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്യുന്നു ഇവിടെ പലപ്പോഴും . മുലപ്പാൽ മാത്രം കുടിക്കുന്ന കൊച്ചു കുഞ്ഞിനുള്ള അത്യാവശ്യ ഭക്ഷണത്തിൽ തൊട്ട് ആഘോഷത്തിനും ആർഭാടത്തിനുമുള്ള ഭക്ഷണത്തിൽ വരെ അവർ രുചിയുടെയും വൈവിധ്യതിന്റെയും പേരും പറഞ്ഞ് വെറും ലാഭം മാത്രം നോക്കി കൊടും വിഷങ്ങൾ വരെ ചേർക്കുന്നു .
.
നേരിട്ട് ഭക്ഷണത്തിൽ മാത്രമല്ല , ഭക്ഷണം ഉണ്ടാക്കാനുള്ള മിക്കവാറും എല്ലാ വസ്തുക്കളിലും പറ്റാവുന്ന വിധത്തിലൊക്കെ മായം ചേർക്കാൻ കച്ചവടക്കാർ തയ്യാറാകുന്നു . ഉണ്ടാക്കുന്ന വസ്തുക്കളിൽ നേരിട്ട് തന്നെയോ, അതിന്റെ ഉത്പാദന വഴികളിലോ അല്ലെങ്കിൽ എന്തിന് മണ്ണിലും വെള്ളത്തിലും വായുവിലും വരെ അവർ മായം അല്ലെങ്കിൽ വിഷം ചേർക്കാൻ ധൈര്യം കാണിക്കുന്നു .
.
ഇതൊക്കെ നോക്കിയാൽ, അങ്ങിനെയൊക്കെ ചിന്തിച്ചാൽ എങ്ങിനെ ജീവിക്കാൻ പറ്റും എന്ന പൊതു ചോദ്യമാണ് പലപ്പോഴും ഇതിനെയെല്ലാം എതിർക്കാതിരിക്കാനുള്ള നമ്മുടെയൊക്കെ സ്വയം ന്യായീകരണം . എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന തുരുപ്പു ചീട്ടും . അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഈ വിഷം കഴിക്കുകയും ചെയ്യുന്നു . അങ്ങിനെ നമ്മൾ ഇതിനെല്ലാം വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു .
.
എന്നാൽ ഒരു ചെറിയ കാര്യം മാത്രം നമ്മൾ ചിന്തിച്ചാൽ, പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവണതകൾ ഈ ലോകത്തിൽ നിന്നുതന്നെ പാടെ തുടച്ചു നീക്കാം . ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഉത്പാദകരും ഇല്ല എന്ന സത്യം .
.
സുരേഷ്കുമാർ പുഞ്ചയിൽ

5 comments:

Jawad said...

Great Suresh sir ! :)

yousufpa said...

എല്ലാവരും സ്വാർത്ഥ താത്പര്യത്തിനുടമകളാണ്.അവനവനിലേക്ക് ഒതുങ്ങിയ സമൂഹം എന്നു പറയാം.സ്വന്തം ബുദ്ധിയെ ആഗോളഭീമന്മാർക്ക് തീറെഴുതിക്കൊടുത്ത്.സീരിയലുകളും വാട്ട്സാപ്പും ഗെയിമും മറ്റു സമയംകൊല്ലി ഇ-സഖാക്കളുമായി ചങ്ങാത്തം കൂടി ഉറങ്ങിയും മേദസ്സും ബാധിച്ച് ജീവിക്കുന്ന സമൂഹത്തിനെന്ത് വിഷം...?.കിട്ടിയത് വാരിവലിച്ചങ്ങ് തിന്നും അത്രതന്നെ. കൃഷി ചെയ്യാൻ ഭൂമിയും സൗകര്യങ്ങളുമുണ്ടായിട്ടും അന്യ സംസ്ഥാനങ്ങളെ ഡിപ്പന്റ് ചെയ്യേണ്ടവരാണ് നാം മലയാളികൾ.
എന്നാണ് നാം ഇതൊക്കെ തിരിച്ചറിയുക..?

ajith said...

എങ്ങനെയും പണമുണ്ടാ‍ാക്കുക എന്നതാണ് ലക്ഷ്യം

Joselet Joseph said...

വെറുതേ കുഴിച്ചിട്ടാല്‍, വലിയ മിനക്കേടില്ലാതെ വിളയിച്ചെടുക്കാവുന്ന എത്രയോ പച്ചക്കറികള്‍ ഉണ്ട്.
അല്പം ചീരവിത്ത് വിതറുക, മൂന്നാല് മൂട് ചേമ്പോ ചേനയോ കുഴിച്ചിടുക, പത്ത് കപ്പത്തണ്ട്‌ ഒരു കോവല്‍ വള്ളി,, അങ്ങനെ അങ്ങനെ..

Cv Thankappan said...

തൊട്ടതിലെല്ലാം ലാഭം കൊയ്യാനും,മെയ്യനങ്ങാതെ സുഖംകിട്ടാനുമുള്ള ആര്‍ത്തിയാണ് നമ്മുടെ ശാപം.
ആശംസകള്‍

പുതപ്പിനടിയിലെ രാത്രികൾ ...!!!

പുതപ്പിനടിയിലെ രാത്രികൾ ...!!! . പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിട...