Monday, September 1, 2014

അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!

അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!
.
മനുഷ്യൻ സമൂഹ ജീവിയായി ജീവിക്കുന്നിടത്തോളം കാലം അവനവനെ പോലെ തന്നെ പ്രധാനമാണ് ഓരോരുത്തർക്കും അവരുടെ അയൽപക്കങ്ങളും . അവനവന്റെ സ്ഥിരത സ്വസ്ഥത സമാധാനം തുടങ്ങി നിത്യ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പലതും നമ്മൾ അറിയാതെ തന്നെ നമ്മുടെ അയൽപ്പക്കങ്ങളുമായി ശക്തമായ തുടർ ബന്ധം പുലർത്തി പോരുന്നുണ്ട് എല്ലായ്പ്പോഴും ...!
.
കൊടുക്കുകയും വാങ്ങുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നത് ഓരോ സമൂഹ ജീവിയുടെയും ധർമ്മമാണ് . സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യുക എന്നത് നിത്യ സംഭവങ്ങളും . അകലെയുള്ള ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രുവാണ് നല്ലതെന്ന് പഴമൊഴി പോലും പ്രസക്തമാണ് കൊടുക്കൽ വാങ്ങലുകൾ ഒന്നും നടക്കുന്നില്ലെങ്കിലും നല്ലൊരു അയൽക്കാർ ഉണ്ടാകുന്നത് തന്നെ സന്തോഷ പ്രദവുമാണ് ...!
.
സ്നേഹിക്കാനും കൂട്ടുകൂടാനും പരസ്പരം സന്തോഷവും ദുഖവും പങ്കുവെക്കാനും നമുക്ക് നല്ല അയൽക്കാർ കൂടിയേ തീരു . വീട്ടിൽ ഒരത്യാവശ്യം വന്നാൽ ആദ്യം ഓടിയെത്താൻ അയൽക്കാർ തന്നെയേ ഉണ്ടാകൂ എന്നത് ഒരു യാഥാർത്ഥ്യം മാത്രം . വിശ്വസിച്ച് മക്കളെയോ വൃദ്ധരായ മാതാപിതാക്കളെയോ കുറച്ചു സമയത്തേക്ക് ഏൽപ്പിച്ച് അത്യാവശ്യത്തിന് പുറത്തുപോകേണ്ടി വരണമെങ്കിൽ അങ്ങിനെ ഒരു അയൽപ്പക്കം ഉണ്ടായേ പറ്റു ....!
.
അഭിമാനിക്കാനും മേനി പറയാനും കൂടിയാണ് പലപ്പോഴും നമുക്ക് അയൽക്കാർ . നമ്മെ കുറിച്ച് പറയാനും അവരെ കുറിച്ച് മറ്റുള്ളവരോട് പറയാനും നമുക്ക് നല്ലൊരു അയൽക്കാർ കൂടിയേ തീരു. പുറത്തിറങ്ങുമ്പോൾ പുഞ്ചിരിയോടെ എതിരേൽക്കാൻ , തിരിച്ചു വരുമ്പോൾ കുശലം തിരക്കാൻ അത്യാവശ്യത്തിനു ഓടിപ്പോകുമ്പോൾ വീട്ടിലേയ്ക്കൊന്നു നോക്കണേ എന്ന് വിളിച്ചു പറയാൻ ഒക്കെയും നല്ല അയൽപ്പക്കങ്ങൽ അത്യന്താപേക്ഷിതംതന്നെ....!
.
ഒരു സാധാരണ മനുഷ്യന്റെ കുഞ്ഞു വീടായാലും ഗ്രാമങ്ങളായാലും എന്തിന് , രാജ്യങ്ങൾ തന്നെയായാലും ഇതൊക്കെയും സാമാന്യം തന്നെ . ഒരു വ്യക്തിയെക്കാളും കുഞ്ഞു സമൂഹങ്ങളെക്കാളും ഇത് വളരെയധികം പ്രാധാന്യമർഹിക്കുന്നത് രജ്യങ്ങൾക്കാണെന്ന് മാത്രം. ....!
.
ഒരു രാജ്യമാകുമ്പോൾ അതിന്റെ സ്ഥിരത, സമ്പത്ത് വ്യവസ്ഥ , സമാധാനം , സാമൂഹിക വളർച്ച തുടങ്ങിയവയൊക്കെയും അയൽപ്പക്കങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആക്രമിക്കാൻ വരുന്ന അയൽക്കാരനെ ഭീതിയോടെ നേരിടാൻ ആയുധങ്ങൾ കുന്നുകൂട്ടുംപോഴും , ദുരിതത്തിൽ പെട്ടുഴലുന്ന അവർക്ക് സഹായമെത്തിച്ചു കൊടുക്കേണ്ടി വരുമ്പോഴും നമുക്ക് നഷ്ട്ടങ്ങൾ തന്നെയാണ് സംഭവിക്കുന്നത്‌ . അസ്വസ്ഥത പുകയുന്ന അവിടങ്ങളിൽ നിന്നുള്ള അഭയാർഥി പ്രവാഹം കൂടിയാകുമ്പോൾ തീർച്ചയായും അത് നമ്മുടെ സമ്പത് വ്യവസ്ഥയെ താറുമാറാക്കുക തന്നെ ചെയ്യും ...!
.
നമുക്ക് നമ്മളെ ശ്രദ്ധിക്കേണ്ടതിനേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടിവരുമ്പോൾ നമ്മുടെ കുറച്ച്സമയം മാത്രമല്ല നഷ്ടമാകുന്നത് . വലിയ ഒരളവിൽ സമ്പത്തും, നമ്മുടെ തന്നെ വളർച്ചയെയുമാണ് അത് സാരമായി ബാധിക്കുന്നത് . സാമൂഹികമായ അസ്ഥിരതയ്ക്കും അത് കാരണമാകും . അവരുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും തലയൂരാൻ അവരുടെ അയൽക്കാർക്കെതിരെ തിരിയുന്നതും അയൽക്കാരെ ശത്രുവായി പ്രഖ്യാപിക്കുന്നതും പൊതുവിൽ സാധാരണമാണ് . അങ്ങിനെ വരുമ്പോൾ അത് ഭാവിയിലേക്ക് കൂടി ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നമുക്ക് വരുത്തി വെക്കുക ...!
.
പുകയുന്ന അയൽപ്പക്കങ്ങൾ തീർച്ചയായും നമ്മുടെയും ഉറക്കം കെടുത്തുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ അസ്വസ്ഥത പടരുന്ന അയൽപ്പക്കങ്ങളെ സാന്ത്വനപെടുതേണ്ടതും സഹായിക്കേണ്ടതും അവരുടെ അയൽപ്പക്കങ്ങളുടെയും കടമ തന്നെയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

നല്ല അയല്പക്കമുണ്ടെങ്കില്‍ പാതി ജയിച്ചു

Cv Thankappan said...

വെളിച്ചം വീശുന്ന ദീപസ്തംഭങ്ങളാണ്‌ നല്ല അയല്‍പക്കങ്ങള്‍....
ആശംസകള്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...