Sunday, July 6, 2014

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!
.
ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ഗ്രാമത്തിൽ ഉണ്ണിക്കുട്ടൻ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . ഉണ്ണിക്കുട്ടന് വയസ്സായ ഒരു അമ്മയും ഒരു മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത് . ഇടിഞ്ഞു പൊളിഞ്ഞ പഴയ അവരുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . പണിക്കു പോകാനൊന്നും വയ്യാത്ത അവരെ പൊന്നുപോലെ നോക്കുന്നതും പത്തുവയസ്സുകാരനായ ഉണ്ണിക്കുട്ടൻ തന്നെയായിരുന്നു ....!
.
തൊട്ടടുത്തുള്ള രാമേട്ടന്റെ ചായക്കടയിൽ പണിക്കുപോയാണ് ഉണ്ണിക്കുട്ടൻ വീട്ടു ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത് . പഠനത്തിൽ മിടുക്കൻ ആയിരുന്നെകിലും ജോലി കഴിഞ്ഞ് സ്കൂളിലൊന്നും പോകാൻ അവന് സമയം കിട്ടിയിരുന്നില്ല . എങ്കിലും രാമേട്ടന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മോൾ ശ്രീക്കുട്ടി ചേച്ചി അവനെ കുറേശ്ശെ എഴുതാനും വായിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു ...!
.
വീട്ടിലെയും ചായക്കടയിലെയും പണിയൊക്കെ കഴിഞ്ഞാൽ ഉണ്ണിക്കുട്ടൻ തൊട്ടടുത്തുള്ള ആൽത്തറയിൽ പോയിരുന്ന് കയ്യിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചുകൊണ്ടിരിക്കും . ചിലപ്പോഴെല്ലാം ചായക്കടയിൽ ബാക്കിയാകുന്ന പലഹാരങ്ങളും ശ്രീക്കുട്ടി ചേച്ചി അവനു ആരും കാണാതെ പൊതിഞ്ഞു കൊടുക്കും . ആ പലഹാരങ്ങളും തിന്ന് പുസ്തകങ്ങളും വായിച്ച് അവൻ അവിടെ അവന്റെ ലോകത്തിൽ ഏറെ നേരം അങ്ങിനെയിരിക്കും ...!
.
അങ്ങിനെ ഒരു ദിവസം അവൻ ആൽത്തറയിലേക്ക് നടക്കവേ പെട്ടെന്ന് ഒരു പെണ്‍കുട്ടി ആരിൽ നിന്നോ രക്ഷപ്പെടാനെന്ന വണ്ണം ഓടിവന്ന് ആ ആൽതറയുടെ പുറകിൽ ഒളിച്ചിരുന്നു . അവളെ തിരഞ്ഞ് ആരും അവൾക്കു പുറകിൽ വന്നിരുന്നില്ലെങ്കിലും അവൾ ആരെയോ വല്ലാതെ പേടിച്ചിരുന്നു .കുറച്ചു സമയം ഒളിച്ചിരുന്ന് പിന്നെ ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തി , വന്ന വഴിയിൽ തന്നെ തിരിച്ചു പോവുകയും ചെയ്തു അവൾ . അവൾ പോയപ്പോൾ അവിടെ പോയി നോക്കിയ ഉണ്ണിക്കുട്ടന് അവൾ അവിടെ ഉപേക്ഷിച്ചു പോയ ഒരു പാവക്കുട്ടിയെ കിട്ടി ...!
.
ജീവിതത്തിൽ ഒരിക്കലും ഒരു കളിപ്പാട്ടം കിട്ടിയിട്ടില്ലാത്ത അവന് അതൊരു നിധിയായിരുന്നു . എങ്കിലും അത് ആ കുട്ടിയുടെതാനെന്ന ഓർമ്മ അവനെ സങ്കടപ്പെടുത്തി . അത് കിട്ടിയപ്പോൾ താൻ എത്ര സന്തോഷിക്കുന്നുവോ അതുപോലെതന്നെ അത് നഷ്ടമായപ്പോൾ ആ കുട്ടി എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്ന് അവൻ ഓർത്തു പോയി . അതോടെ എങ്ങിനെയും ആ കുട്ടിയെ കണ്ടെത്തി ആ പാവക്കുട്ടിയെ തിരിച്ചേൽപ്പിക്കാനായി അവന്റെ ശ്രമം ...!
.
പാവക്കുട്ടിയെ കയ്യിലെടുത്ത് താലോലിക്കവേ അതിൽ നിറയെ അഴുക്കു പറ്റിയതായി കണ്ടു അവൻ . വെള്ളാരം കണ്ണുകളും സ്വർണ്ണ തലമുടിയും പുള്ളി ഉടുപ്പുമുള്ള ആ സുന്ദരിപ്പാവ അവനെ വല്ലാതെ സ്വാധീനിച്ചു . അവൻ അതിനെയും കൊണ്ട് വീട്ടിൽ പോയി, സൂക്ഷ്മതയോടെ കുളിപ്പിച്ച് അതിന്റെ ഉടുപ്പെല്ലാം കഴുകി ഉണക്കിയെടുത്ത് പിഞ്ഞിപ്പോയ ഭാഗങ്ങൾ തുന്നിക്കൂട്ടി തലമുടി ചീകിയൊതുക്കി അതിനെ തന്റെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു ....!
.
അതിന്റെ പൊട്ടിപ്പോയ മാലയ്ക്കു പകരം അവൻ സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകൾ കൊണ്ട് ഒരു പളുങ്കു മാല വാങ്ങി കഴുത്തിലിട്ടു . അവന് ഉടുപ്പുവാങ്ങാൻ വെച്ചിരുന്ന പൈസയെടുത്ത്‌ അതിനു കിടക്കാൻ ഒരു കുഞ്ഞു തൊട്ടിലും വാങ്ങി. പിന്നെ ഒരുപാട് ഇഷ്ടത്തോടെ അൽപ്പനേരത്തേക്ക് എങ്കിലും അതിനെയും കൂട്ടിപ്പിടിച്ച് കിടന്നുറങ്ങി ....!
.
പിറ്റേന്ന് അവൻ പാവയെ ശ്രീക്കുട്ടി ചേച്ചിയെ കാണിച്ച് അതിന്റെ ഉടമയായ ആ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള വഴികൾ അന്വേഷിച്ചു . ശ്രീക്കുട്ടി പറഞ്ഞു അത് അശ്വതിയുടെ പാവയായിരിക്കും എന്ന്. അത്ര നല്ല പാവകൾ അവൾക്കെ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവനത്‌ അവൾക്ക് കൊണ്ട് പോയി കൊടുക്കാൻ തിടുക്കമായി . ശ്രീക്കുട്ടി ചേച്ചി അശ്വതിയെ കുറിച്ച് കൂടുതൽ പറഞ്ഞത് കേട്ടപ്പോൾ എന്തായാലും അതിനെ എത്രയും പെട്ടെന്ന് തന്നെ അവൾക്കു കൊണ്ട് പോയി കൊടുക്കണമെന്നും തീരുമാനിച്ചു അവൻ ....!
.
അശ്വതി ഒരു പാവം എട്ടുവയസ്സുകാരി കുട്ടിയായിരുന്നു . ഗ്രാമത്തിലെ അങ്ങേ തലക്കൽ താമസിക്കുന്ന അവർ പണക്കാരായിരുന്നു . അച്ഛൻ മരിച്ചതോടെ അമ്മ രണ്ടാം കല്യാണം കഴിച്ച് ആ രണ്ടാനച്ചന്റെ കൂടെയാണ് അവളുടെ താമസം. രണ്ടാനച്ചനാണെങ്കിൽ അവളെ ഇഷ്ട്ടവുമല്ല. മദ്യപിച്ചു വന്ന് അവളെ തലങ്ങും വിലങ്ങും തല്ലും. അവളെ പട്ടിണിക്കിടും. ഒരുപാട് വഴക്ക് പറയും മരിച്ചു പോയ തന്റെ സ്നേഹനിധിയായ അച്ഛനെ കുറ്റം പറയും... എല്ലാം അവൾ സഹിക്കും. പലപ്പോഴും അവളുടെ അമ്മയും മറുത്തൊന്നും പറയില്ല....!
.
ശ്രീക്കുട്ടി ചേച്ചിയോട് വഴിയൊക്കെ ചോദിച്ച് അവൻ അവളുടെ വീട് കണ്ടു പിടിച്ചു. ആരും കാണാതെ ഒരു വിധം അവളുടെ വീട്ടിലെത്തി അവളെ കണ്ടു പിടിച്ചപ്പോൾ രണ്ടാനച്ചന്റെ തല്ലും കൊണ്ട് അവൾ കരഞ്ഞുകൊണ്ട്‌ തൊടിയിലെ മൂലയിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. അവൻ പതുക്കെ ചെന്ന് അവളറിയാതെ സഹതാപത്തോടെ, സ്നേഹത്തോടെ അവളെ കുറെ സമയം നോക്കി നിന്ന്. പിന്നെ പതുക്കെ അവളെ വിളിച്ച് ആ പാവക്കുട്ടിയെ അവൾക്ക് കൊടുത്തു....!
.
കളഞ്ഞു പോയ ആ പാവക്കുടിയെ തിരിച്ചു കിട്ടിയതും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി. അതിന്റെ പുതിയ ഉടുപ്പും തൊട്ടിലും ഒക്കെ അവൾക്കു നന്നേ പിടിച്ചു . അപ്പോഴേക്കും അങ്ങോട്ട്‌ കടന്നെത്തിയ അവളുടെ ബന്ധുക്കളായ മറ്റു കുട്ടികളും അതിനെ ഏറ്റെടുത്തു . അവർ അതിന്റെ മഹത്വം ഉറക്കെ വാഴ്ത്തി . അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി . പിന്നെ അവർ ആഘോഷ പൂർവ്വം ആ പാവക്കുട്ടിയേയും കൊണ്ട് അവനോടൊരു നന്ദി വാക്കു പോലും പറയാതെ കടന്നുപോകുമ്പോൾ , വേദനയോടെ അവൻ അവനിലേക്ക്‌ തന്നെ തിരിച്ചു നടക്കാൻ തുടങ്ങി ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

ajith said...

കര്‍മ്മണ്യേ വാധികാരസ്തേ!

Joselet Joseph said...

നല്ല കഥ.
ചില കുട്ടികഥ ആശാന്മാര്‍ എനിക്കുതന്ന ഉപദേശം ഞാനും ഇവിടെ വിളമ്പുന്നു.

കുട്ടി കഥകള്‍ക്ക് ഒരു നല്ല മോറല്‍ ഉണ്ടായിരിക്കണം.
ലളിതമായ ഭാഷയും സംസാര ശകലങ്ങളും വേണം, പക്ഷി മൃഗാദികള്‍ കൌതുകം വര്‍ദ്ധിപ്പിക്കും.
കുഞ്ഞുമനസുകളെ ആഴത്തില്‍ വേദനിപ്പിക്കുന്നത് കഴിവതും എഴുതരുത്.
ശുഭ പര്യവസാനിയെങ്കില്‍ അവര്‍ സന്തോഷത്തോടെ വായിച്ചു മടക്കും.

എല്ലാ നന്മകളും ആശംസിക്കുന്നു.

Cv Thankappan said...

കുട്ടികളില്‍ നന്മയുണ്ടാകണം.
ഉപകാരസ്മരണയും,നന്ദിയും ഉണ്ടാകണം.
ആശംസകള്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...