Thursday, May 29, 2014

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!

ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!
.
വീട് തുടങ്ങുന്നിടത്തുനിന്നും ചന്തയിലേക്ക് പോകുവാൻ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. മൂന്നാമതൊരു വഴി വേണമെങ്കിൽ അടുത്ത വീടിന്റെ അര മതിൽ ചാടിക്കടന്ന് പുതിയൊരു എളുപ്പവഴി ഉണ്ടാക്കാമെങ്കിലും ഇപ്പോൾ ഉള്ള ഈ രണ്ടു വഴികൾ തന്നെ ധരാളമായതിനാൽ, അതിനുള്ള സാഹസം കാണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു അപ്പോൾ....!
.
അതിരാവിലെ സൂര്യനുദിക്കും മുൻപേ ഉണർന്നെണീറ്റ് അരിക്കലത്തിൽ കയ്യിട്ടു നോക്കിയപ്പോഴാണ് ചോറുവെക്കാൻ അരിയില്ലെന്ന് കണ്ടത് . ഉടനെ മുറ്റത്തിറങ്ങി പതിവുപോലെ തെങ്ങിൽ കയറി നാല് തേങ്ങയും ഇട്ട് ചന്തയിലേക്ക് യാത്ര തിരിച്ചു. യാത്ര തിരിക്കും മുൻപ് ആവശ്യം വേണ്ടതെല്ലാം ചിന്തിചെടുക്കുകയും ചെയ്തിരുന്നു. ഇനി അവിടെ ചെല്ലുമ്പോൾ ചിന്തയുടെ കുറവും ഉണ്ടാകരുതല്ലോ ...!
.
തേങ്ങകൾ നാലും നന്നായി കൂട്ടിയും കിഴിച്ചും നോക്കി ഉറപ്പു വരുത്തി . തേങ്ങ നാലെണ്ണം. അതിന്റെ ചിരട്ടകൾ എട്ടെണ്ണം. ( രണ്ടായി പകുക്കുകയാണെങ്കിൽ ) അതിന്റെ ചകിരി നാലെണ്ണം മുഴുവൻ. തേങ്ങയുടെ വെള്ളം ഏകദേശം അര ലിറ്റർ. എല്ലാം കൂടി ഇന്നത്തേക്കും നാളതേയ്ക്കും വേണമെങ്കിൽ മറ്റന്നാളതേയ്ക്കുമുള്ള അന്നത്തിനുള്ള വകയുമുണ്ട് ഇത് ....!
.
ചന്തയിലേക്ക് പോകാൻ രണ്ടു വഴി. വീട് തുടങ്ങുന്നിടത്ത് നിന്നും, ഇടത്തോട്ട് മാറി നീങ്ങി ഒരു വഴിയും, അതിന്റെ വലത്തോട്ട് നീങ്ങി മറ്റൊരു വഴിയും. ഇടത്തെവഴി കിഴക്ക്‌ വശത്തിലൂടെ ആയതിനാൽ, യാത്ര അതിലൂടെ തന്നെയാകാം എന്ന് വെച്ചു . തുടങ്ങാൻ നേരത്തെ ശകുനവും ശുഭം. കയറിട്ട കാളയാണ് മുന്നിൽ ...!
.
വഴി തുടങ്ങി കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ആ വഴിയിൽ മഴ പെയ്യാൻ തുടങ്ങി. കയ്യിൽ ഭദ്രമായി കരുതിയിരുന്ന നാല് തേങ്ങകളും നനയാനും തുടങ്ങി . മഴയിൽ നനഞ്ഞാൽ ഉണക്കാൻ വെയിലില്ലാതതിനാൽ ഉടനെ ആ വഴി ഉപേക്ഷിച്ച് രണ്ടാമത്തെ വഴിയിലൂടെ, ആദ്യ വഴിയിൽ പിന്നിട്ട ദൂരത്തിന്റെ ബാക്കിയിൽ നിന്ന് യാത്ര തുടർന്നു . ആദ്യ വഴിയിലൂടെ ഏകദേശം പകുതിയോളം ദൂരം യാത്ര ചെയ്തിരുന്നതിനാൽ അത്രയും ദൂരം പിന്നെയും യാത്ര വേണ്ടായിരുന്നല്ലോ...!
.
ബാക്കി പകുതി യാത്ര തുടങ്ങിയതും, കയ്യിലെ തേങ്ങകൾ കയ്യിലിരുന്നു തന്നെ മുളയ്ക്കാൻ തുടങ്ങി . മുളച്ചു, വളർന്ന് വളർന്ന് യാത്ര ചന്തയിൽ എത്തിയപ്പോഴേക്കും അവ വലിയ തെങ്ങുകളായി മാറി. രണ്ടു വഴികളും കൂടി ഇരട്ടി ദൂരം യാത്ര ചെയ്ത ക്ഷീണത്തിൽ ചന്തയിൽ എത്തി ഒന്ന് വിശ്രമിച്ച്‌ എഴുന്നേറ്റതും കയ്യിലെ തെങ്ങുകൾ രണ്ടിലും തേങ്ങകൾ നിറയാൻ തുടങ്ങി....!
.
ചന്തയിൽ അപ്പോൾ ആളുകൾ നന്നേ കുറവായിരുന്നു. ഉണ്ടായിരുന്നവർ എല്ലാം വിൽപ്പനയെക്കാൾ വാങ്ങാനുള്ള തിക്കിതിരക്കിലും ആയിരുന്നു. കയ്യിൽ തികയാത്ത കാശിനും കൂടി കടം പറഞ്ഞും പണയം വെച്ചും ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടേയിരുന്നു അപ്പോൾ ...!
.
കയ്യിൽ തേങ്ങ നിറഞ്ഞപ്പോൾ മനസ്സിൽ മറ്റൊരു മോഹമുദിച്ചു . അരിക്ക് പകരം ചോറ് വാങ്ങാമല്ലോ . എങ്കിൽ വീട്ടിലേക്കുള്ള മടക്ക യാത്രയും ലാഭം . വന്ന വഴിയിൽ വെയിലാണെങ്കിൽ പകുതി ഉപേക്ഷിച്ച മറ്റേ വഴിയിൽ തിരിച്ചെത്തി അവിടുന്നങ്ങോട്ട് ബാക്കി ദൂരം യാത്രയും തുടരേണ്ടി വരും. കാരണം എന്റെ വീട്ടിൽ നിന്നും ചന്തയിലേക്ക് രണ്ടു വഴിയുണ്ട് എന്നതുപോലെ തിരിച്ചു ചന്തയിൽ നിന്നും വീട്ടിലേക്കും രണ്ടു വഴികൾത്തന്നെ ഉണ്ടായിരിക്കണമല്ലോ ... !
.
ഒരു വഴി മണ്ണുകൊണ്ടും മറ്റേ വഴി കല്ലുകൊണ്ടും മനോഹരമായി തയ്യാറാക്കിയവയായിരുന്നു ...! വഴിവിളക്കുകളും ദിശാ സൂചികകളും യഥാവിധി ഉണ്ടായിരുന്നു ആ വഴികളിൽ . മണ്ണിട്ട വഴിയിൽ രണ്ടു വശത്തും പൂക്കൾ വെച്ചു പിടിപ്പിച്ചിരുന്നു എങ്കിൽ മറ്റേവഴി അലങ്കരിച്ചിരുന്നത് ഭംഗിയുള്ള ചെറിയ ഫലവൃക്ഷങ്ങൾ കൊണ്ടായിരുന്നു ...!
.
വീട്ടിലേക്ക് അരി വാങ്ങുന്നത് കൊണ്ട് പിന്നെയും ഗുണങ്ങൾ ഉണ്ടെങ്കിലും ചോറ് വാങ്ങുവാൻ തന്നെയായിരുന്നു ഒടുവിൽ തീരുമാനിച്ചത് . ചോറാണ് വാങ്ങുന്നത് എങ്കിൽ കൂട്ടി കഴിക്കാൻ കറികളും കൂടെ കഴിക്കാൻ മധുര പലഹാരങ്ങളും അതും കഴിഞ്ഞ് ഒരു മയക്കതിനുള്ള സമയവും ലഭിക്കുമെന്നതിനാൽ അരിയേക്കാൾ ചോറാണ് നല്ലതെന്ന് ഉറപ്പിച്ചിരുന്നു അപ്പോഴേക്കും ...!
.
ഇക്കുറി തെങ്ങ് നിറയെ തേങ്ങയുണ്ടായിരുന്നതിനാൽ പിശുക്കാതെ തെങ്ങിൽ നിന്നും ആവശ്യത്തിന് തേങ്ങ പറിച്ച് കണക്കു നോക്കാതെ വിറ്റ് ചോറും വാങ്ങി തിരിച്ച് തന്റെ തെങ്ങുകളും കയ്യിലെടുത്ത് മടക്കയാത്ര തുടങ്ങാൻ നേരം വീട്ടിലേക്കുള്ള രണ്ടു വഴികൾ മൂന്നായി തിരിഞ്ഞിരിക്കുന്നു . ഓരോ വഴിയും മറ്റൊന്നിൽ നിന്നും ഉണ്ടായതുപോലെ അല്ലെങ്കിൽ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടി ചേർന്ന് മൂന്നു വഴികളും ഒന്നായ പോലെയും ...!
.
അപ്പോൾ ഇനി ഇതിൽ ഏതു വഴിയിലൂടെ യാത്ര പോയാൽ എന്റെ വീട്ടിലെത്തും, അല്ലെങ്കിൽ തിരിച്ച് ചന്തയിലേക്കും ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ

8 comments:

ajith said...

വല്ലാത്ത സമസ്യ

ഞാന്‍ ഇത് ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലേയ്ക്ക് കൊണ്ടുപോട്ടെ!!

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

വഴിക്കണക്കാണല്ലേ ,, ഒന്നൂടെ വായിക്കട്ടെ :)

ഗൗരിനാഥന്‍ said...

അയ്യയ്യോ ദെന്തന്താ കഥ, കഥയില്ല്യാത്തോര്‍ക്കും ഒരു കഥ വായിക്കേണ്ടേ

Joselet Joseph said...

വലിയ ചിന്തയ്ക്ക് ഒരു സലൂട്ട്!
കേരം കേരളീയം. ഇടതനും വലതനും ഇടയില്‍ മൂന്നാമതൊരു വഴി കൂടി നാളെ തെളിയും അല്ലേ?

Sibichen said...

ഏതു വഴിയില്‍ പോയാലും എത്തുന്നത്‌ ഒരിടത്തുതന്നെ. പക്ഷേ മനുഷ്യന്‍ എപ്പോഴും വഴിമാറി പോകാന്‍ വെമ്പുന്നു. ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്. മാറ്റം താല്‍ക്കാലികം ആണെന്ന് അറിഞ്ഞിട്ടും!

Unknown said...

ഇനിയും പോരട്ടെ ഇതുപോലെ ഊരാകുടുക്കുകൾ...

viddiman said...

വായിച്ചു. പിടി കിട്ടിയില്ല.

കൂടുതൽ ഇരുന്നു ചിന്തിക്കാനുള്ള ആകർഷകത്വം കഥയ്ക്ക് അനുഭവപ്പെട്ടില്ല. എന്റെ ചിന്താമണ്ഡലത്തിനുമപ്പുറമാണ് എന്ന അപകർഷം/മടി പിടികൂടിയെന്ന് തോന്നുന്നു. :(

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...