Monday, September 27, 2010

മുഖങ്ങള്‍ .....!!!

മുഖങ്ങള്‍ .....!!!

നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. പിന്നെ അയാളിലവള്‍ തളിര്‍ക്കുകയും പൂക്കകയും ചെയ്തു. അയാളെ പോലും വിസ്മയിപ്പിച്ചു കൊണ്ട് പലവട്ടം. അവളെ അയാള്‍ക്ക്‌ മാത്രമായി സമര്‍പ്പിക്കാന്‍ അവള്‍ മത്സരിക്കുക തന്നെയായിരുന്നോ എന്നയാള്‍ സംശയിച്ചുപോയി. എങ്കിലും അയാള്‍ ആസ്വദിക്കുക തന്നെയായിരുന്നു. അവളുടെ ഓരോ ചലനങ്ങളും, അവളിലെ ഓരോ ശ്വാസ നിശ്വാസവും ....!

അയാളിലേക്ക് അവള്‍ കടന്നു വന്നിട്ട് അധികം നാളുകളായിരുന്നില്ല അപ്പോള്‍ . ജീവിത പങ്കാളിയായി അവളെ തിരഞ്ഞെടുത്തത് അയാളുടെ വീട്ടുകാര്‍ ഇഷ്ട്ടപ്പെട്ടു തന്നെ. അയാള്‍ക്ക്‌ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അയാളുടെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്ക് അയാള്‍ പ്രത്യേകം പ്രധാന്ന്യം തന്നെ കൊടുത്തിരുന്നു. അതുപക്ഷേ അച്ഛനോടുള്ള വിധേയത്വമല്ല, അച്ചനിലുള്ള വിശ്വാസം തന്നെയായിരുന്നു. തനിക്കിഷ്ടമില്ലാതതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന വിശ്വാസം. അതുമല്ലെങ്കില്‍, അമ്മയുടെ കൂടി സ്നേഹം അച്ഛന്‍ ആവോളം തന്നതിന്റെ നന്ദിയും ആകാം ...!

അച്ഛന്‍ കണ്ടിഷ്ടപ്പെട്ട് , മറ്റു ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച് , അവളുടെയും വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ഒരു വിവാഹം. അയാള്‍ തന്നെ പലകുറി അവളുടെ ഹൃദയത്തിലേക്ക് കടന്നു കയറാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം ഉപയോഗിച്ചിരുന്നു. ഒഴിവു വേളകളിലെല്ലാം അവളെയും കൂട്ടി പുറത്തിറങ്ങി ഹൃദയം തുറന്ന് സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. തന്റെ പാതിതന്നെ ആയിരിക്കണം അവളെന്ന് അയാള്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ അയാള്‍ക്ക്‌ നല്‍കിയത് സംതൃപ്തി തന്നെ. അവളെ തന്നെക്കാള്‍ തന്റെ വീട്ടുകാരും സുഹൃത്തുക്കളും അംഗീകരിക്കുന്നത് അയാളുടെ മനസ്സ് നിറച്ചു ....!

എന്നിട്ടും അവളുടെ ഹൃദയം കടന്ന് ശരീരത്തിലേക്ക് കൂടി കടന്നു ചെല്ലാന്‍ ദിവസങ്ങള്‍ എഴു കൂടി വേണ്ടി വന്നു. അത് തന്റെ നിയോഗമെന്ന് അയാള്‍ ആശ്വസിച്ചു. പ്രതീക്ഷിച്ചു. ഒടുവില്‍ ആ നിമിഷം കൂടി. ജീവന്റെ പാതി ശരീരതിന്റെതും കൂടിയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ തന്നെ ശരീരത്തെ മാത്രമായി അയാളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല തന്നെ. എന്നിട്ടും അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും അയാള്‍ എതിരായിരുന്നില്ല തന്നെ. അവളാകട്ടെ അയാളെ മാത്രം കാത്തിരുന്ന പോലെ, മനസ്സും ശരീരവും അര്‍പ്പിച്ച് എന്ന മട്ടിലും ....!

ഓരോ അണുവിന്റെയും അകത്തളങ്ങളിലൂടെ അയാള്‍ക്ക്‌ മുന്‍പേ പറന്നിറങ്ങുന്ന അവളെ ശരീരത്തിലൂടെ മനസ്സിലേക്ക് ആവാഹിക്കുമ്പോള്‍ അയാള്‍ പൂര്‍ണ്ണ തൃപ്തനായിരുന്നു. ആഗ്രഹിച്ച പോലെ ഒരു പെണ്ണ്. കൊതിച്ച പോലെ ഒരു ജീവിതം. അയാളില്‍ അലിഞ്ഞു തീരാന്‍ വെമ്പുന്ന അവളെ ചേര്‍ത്ത് പിടിക്കവേ, അവളും നിറയുകയായിരുന്നു. അവളുടെ മനസ്സും തുളുമ്പുകയായിരുന്നു. അയാളുടെ നെഞ്ചില്‍ അമര്‍ന്നമരുമ്പോള്‍ അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് അയാള്‍ക്ക്‌ മുന്‍പേ അവളെ നിറഞ്ഞറിഞ്ഞ മറ്റൊരുവന്റെ മുഖമായിരുന്നു ......!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Sunday, September 26, 2010

ഏറ്റു പറച്ചില്‍ ...!!!

ഏറ്റു പറച്ചില്‍ ...!!!

കടലാസും പേനയും കൊടുത്തു മടങ്ങിയ വാര്‍ഡന് മുഖം കൊടുക്കാതെ അതുമായി അയാള്‍ തന്റെ മൂലയിലേക്ക് ഉള്‍വലിഞ്ഞു. അവിടെയിരുന്ന് ഒരു നിമിഷം വീണ്ടും ആ കടലാസിലേക്ക് സൂക്ഷിച്ചു നോക്കി. വെളുപ്പിന്റെ വിശുദ്ധി നഷ്ട്ടമാകും മുന്‍പുള്ള പിടച്ചില്‍ ആ കടലാസില്‍ അയാള്‍ തൊട്ടറിഞ്ഞു അപ്പോള്‍ . എങ്കിലും നിശബ്ദനായി, നിസ്സഹായനായി, അയാള്‍ വെറുതേ ഇരുന്നു, ഒരു നിമിഷം കൂടി. പിന്നെ നീലച്ച വരകളിലൂടെ തന്റെ ഹൃദയം തുറക്കാന്‍ തുടങ്ങി.

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എല്ലായിടത്തും കുറ്റം ഏറ്റുപറഞ്ഞിരുന്നതിനാല്‍ നടപടികള്‍ എളുപ്പമായിരുന്നു. നിയമത്തിന്റെ തടിച്ച എടുകള്‍ക്കിടയില്‍ വല്ലാതെ ഞെങ്ങി ഞെരുങ്ങേണ്ടി വന്നില്ല എന്നത് അയാളില്‍ ആശ്വാസമല്ല ഉണ്ടാക്കിയത്. പോലീസുകാര്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുന്നതില്‍ അയാള്‍ക്കൊട്ടും ആവേശമുണ്ടായിരുന്നില്ല തന്നെ. തന്റെ തെറ്റുകള്‍ക്ക് താന്‍ തന്നെ ശിക്ഷയും അനുഭവിക്കണമെന്ന് അയാള്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.

അല്ലെങ്കില്‍ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ആ സംഭവത്തില്‍ സമൂഹം തന്നെ ഇടപെട്ടിരുന്നത് വല്ലാത്തൊരു ആവേശത്തിലും ആയിരുന്നല്ലോ. അതി നിഷ്ടൂരമായി ഒരു പെണ്‍കുട്ടിയെ പതിയിരുന്ന് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ തന്നെ വെറുതേ വിടണമെന്ന് ആരെങ്കിലും പറയുമോ. സാമൂഹിക സങ്കടനകളും പൊതു സമൂഹവും അതുകൊണ്ട് തന്നെ ശക്തമായാണ് പ്രശ്നത്തില്‍ ഇടപെട്ടതും. പൊതുവേദികളില്‍ കൊണ്ടുവരുമ്പോഴെല്ലാം ജനം അയാളെ തുരു തുരാ കല്ലെറിഞ്ഞു. അപ്പോഴൊക്കെ ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാതെ അയാള്‍ എല്ലാറ്റിനും നിന്ന് കൊടുത്തിരുന്നു. ഒരു അവകാശം പോലെ.

എന്നിട്ടും അയാളുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് വിധി വന്നത്. ജീവ പര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ട്. അതുകൊണ്ട് തന്നെ അയാള്‍ വല്ലാതെ പരിഭവിച്ചു. അവിടെ മാത്രം പക്ഷെ ദൈവം അയാളുടെ വിളി കേട്ടു, അന്ന് ആദ്യമായി. ഒരു സന്നദ്ധ സംഘടന അയാളുടെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി, അയാളുടേത് വധ ശിക്ഷയാക്കി ഉറപ്പിച്ചു. അന്നായിരുന്നു ഒരുപാട് നാളുകള്‍ക്കു ശേഷം അയാള്‍ ഏറെ സന്തോഷിച്ചത്‌.

എന്നിട്ടും അടുത്തറിയുന്ന ഒരാളും തന്നെ അവിശ്വസിക്കാന്‍ തയ്യാറായില്ല എന്നത് അയാളെ തളര്‍ത്തുക തന്നെ ചെയ്തു. എത്ര പറഞ്ഞിട്ടും അവരാരും മാറുന്നെയില്ല എന്നതാണ് അയാളെ വേദനിപ്പിച്ചത്. അങ്ങിനെ വേണ്ടപ്പെട്ടവരെന്നു പറയാന്‍ മാത്രം അയാള്‍ക്കുണ്ടായിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നിട്ടും. അതില്‍ തന്നെ അവളായിരുന്നു അയാളെ തോല്‍പ്പിച്ചു കൊണ്ടെയിരുന്നത്. ആരുമല്ലാതിരുന്നിട്ടും അയാളുടെ എല്ലാമായി അയാള്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ . അതുകൊണ്ട് തന്നെ അവളോട്‌ തന്നെയാണ് അയാള്‍ക്ക്‌ സത്യം പറയേണ്ടിയിരുന്നതും.

വേദനയുടെ തുടിപ്പുകള്‍ നീര്‍ചാലുകളായി അയാളിലൂടെ ഊര്‍ന്നിറങ്ങി, മരവിച്ച ആ തടങ്കല്‍ പാളയത്തിന്റെ തണുത്ത തറയിലൂടെ പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . ഒരുപാട് ആലോചനകള്‍ക്ക് ശേഷം, ഒരുപാട് തിരുത്തലുകള്‍ക്ക് ശേഷം ഏറെ നേരത്തിനു ശേഷം അയാള്‍ അത് മുഴുവിപ്പിച്ചു. അപ്പോഴേക്കും ആ കടലാസില്‍ അവശേഷിച്ചത് കുറച്ചു വരികള്‍ മാത്രം.

മാപ്പ്. ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒരിക്കലും ആരോടും പറയാത്ത ആ സത്യം നിന്നോട് മാത്രം ഇപ്പോള്‍ പറയുന്നു. അവളെ ഞാന്‍ കാത്തിരുന്നു കൊന്നത് തന്നെയാണ്. കരുതിക്കൂട്ടി പതിയിരുന്ന്, കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. കാരണം എന്നെ ജീവിതത്തില്‍ ചതിച്ചത് ആവള്‍ മാത്രമായിരുന്നു. ഞാന്‍ എന്റെ ജീവന്‍ തന്നെ കൊടുത്തിട്ടും അവള്‍ എന്നെ മനപ്പോര്‍വ്വം ചതിച്ചു. ചതിയുടെ പ്രതിഫലം മരണമല്ലാതെ മറ്റെന്താണ് . എന്നിട്ടും എനിക്ക് കുറ്റബോധമുണ്ട്. കാരണം ഞാന്‍ നിന്നോടോന്നും പറഞ്ഞിരുന്നില്ല എന്നതില്‍ . അതുകൊണ്ട് തന്നെ മാപ്പ് ചോതിക്കുന്നു . നിന്നോട് മാത്രം. പക്ഷെ നീയെനിക്ക് മാപ്പ് തരരുത്. കാത്തിരിക്കണം, അടുത്ത ജന്മം വരെ. എന്നോട് പകരം ചോദിക്കാന്‍ ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Saturday, September 25, 2010

എന്റെ സുഹൃത്ത്‌ .....!!!

എന്റെ സുഹൃത്ത്‌ .....!!!

മഴയ്ക്കും മഞ്ഞിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന പുലരിയിലാണ് അയാള്‍ എവിടെനിന്നോ എന്ന പോലെ വീട്ടിലേക്കു കയറി വന്നത്. ഉറക്കത്തിന്റെ അവസാന തുള്ളികളില്‍ സ്വയം അലിയുന്ന ആ മനോഹര നിമിഷങ്ങളില്‍ കടന്നു വന്ന അയാളുടെ വിളികള്‍ സ്വപ്നത്തിലെന്ന പോലെ കാതില്‍ മുട്ടി വിളിച്ചപ്പോള്‍ ഞാന്‍ മെല്ലെ പുതപ്പില്‍ നിന്നും ഊര്‍ന്നിറങ്ങി. അതിനു മുന്‍പേ, അടുക്കളയിലായിരുന്ന ഭാര്യ അയാളുടെ വിളി കേട്ട്, പേടിയോടെ എന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത്ര വെളുപ്പിന് ആരാണ് എന്ന അതിശയത്തേക്കാള്‍ , ഒരു ചെറിയ ഭയം തന്നെയായിരുന്നു അവളില്‍ .

എനിക്ക് പിന്നില്‍ മറഞ്ഞുനിന്ന് നോക്കുന്ന അവളെ നോക്കി ഞാന്‍ ഉറക്കം വകഞ്ഞു മാറ്റിയ കണ്‍പീലികള്‍ ഉയര്‍ത്തി വാതില്‍ തുറന്നു. തുറന്നു നോക്കിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അതുപക്ഷേ ഭാര്യയിലാണ് വേവലാതിയുണ്ടാക്കിയത്. അവള്‍ തടഞ്ഞിട്ടും ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. നനയാന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതത്തിലെ കുളിരില്‍ വെയില്‍നാളങ്ങള്‍ കടന്നെത്താന്‍ തിരക്ക് കൂട്ടുന്ന ഞങ്ങളുടെ കണിക്കൊന്നയുടെ ചുവട്ടില്‍ അയാള്‍ ഒരു സിഗരറ്റ് ആഞ്ഞാഞ്ഞ് വലിച്ചു കൊണ്ട് നില്‍ക്കുന്നു. യാത്ര ക്ഷീണം കൊണ്ട് വിവശനായ അയാളുടെ ചുമലില്‍ ഒരു കുഞ്ഞു തളര്‍ന്ന് ഉറങ്ങുന്നുമുണ്ടായിരുന്നു.

പുറം തിരിഞ്ഞു നില്‍ക്കുന്ന അയാളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായില്ല. എന്റെ കാല്‍പ്പെരുമാറ്റം കേട്ടാണെന്നു തോന്നുന്നു, അയാള്‍ എന്റെ മുഖത്തേക്ക് തന്നെ തിരിഞ്ഞു നോക്കവേ ഞാന്‍ അതിശയപ്പെട്ടു പോയി. അത് അവനായിരുന്നു. എന്റെ നാട്ടുകാരനും സുഹൃത്തും വഴികാട്ടിയും, ഗുരുവും ഒക്കെയായ എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌. എനിക്ക് മാത്രമല്ല, ഒരുകാലത്ത് നാട്ടുകാര്‍ക്ക് വരെ സര്‍വ്വ സമ്മതനായിരുന്നു അവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. വീട്ടുകാരുടെ പൊന്നോമന. പെണ്‍കുട്ടികളുടെ ആരാധന പാത്രം. ചിലപ്പോഴൊക്കെ അവനോട് എനിക്ക് അസൂയ തോന്നാറുണ്ടായിരുന്നതും അതുകൊണ്ടൊക്കെ തന്നെ.

എല്ലാ പെണ്‍കുട്ടികളുടെയും മോഹങ്ങളും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകളും പാടെ തെറ്റിച്ചു കൊണ്ടായിരുന്നു അവന്റെ വിവാഹം. മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ശക്തമായ എതിര്‍പ്പിനും ഭീഷണികള്‍ക്കും വഴങ്ങാതെ അതി സാഹസികമായി വിവാഹം കഴിച്ച് യുവാക്കളുടെ വീരനായി അവന്‍ അവതരിച്ചപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. നാട്ടില്‍ ആരും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും , ആരെയും കൂസാതെ അവനും അവളും അവിടെത്തന്നെ ജീവിച്ചു കാണിച്ചു. ധൈര്യ പൂര്‍വ്വം.

പിന്നെ അവനു ജോലികിട്ടി അവര്‍ രണ്ടുപേരും നാട്ടില്‍ നിന്നും പോകും വരെ അവന്‍ തന്നെയായിരുന്നു എല്ലാവരുടെയും വീര പുരുഷന്‍ . ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതും കടന്ന് പോയിരിക്കുന്നു. ഞാന്‍ അങ്ങോട്ട്‌ വിളിച്ചില്ലെങ്കിലും ഇടയ്ക്കിടെ എന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കാരുള്ള അവന്‍ ഭാര്യയുമായി എന്റെ വീട്ടിലും കുറെ മുന്‍പൊരിക്കല്‍ വന്നിട്ടുണ്ട്. പിന്നീട് പിന്നീട് അവന്റെ സംസാരത്തില്‍ എന്നെ മാത്രമേ അവന് വിശ്വാസമുള്ളൂ എന്ന തോന്നല്‍ ഉണ്ടാക്കിയത് എന്നെ അത്ഭുതപെടുത്തുകയും ചെയ്തിരുന്നു.

ആലോചനയില്‍ ഞാന്‍ ഒരു നിമിഷം എന്നെ മറന്നപ്പോള്‍ അവന്‍ എന്റെ അടുതെത്തി ഉറങ്ങുന്ന കുഞ്ഞിനെ എന്റെ കയ്യില്‍ തന്ന് ഒന്നും പറയാതെ അകത്തേക്ക് നടന്നു. വാതില്‍ക്കലുണ്ടായിരുന്ന എന്റെ ഭാര്യയെ കണ്ടതായി പോലും നടിക്കാതെ അകത്തു കടന്ന അവന്‍ നേരെ അകത്തേക്ക് കടന്ന്, ബാത്‌റൂമില്‍ പോയി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അതിശയത്തോടെ നില്‍ക്കുന്ന എന്നെ ഭാര്യ സംശയത്തോടെ നോക്കവേ ഞാന്‍ കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തു.

ഒന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന ഏകദേശം മൂന്നു വയസ്സുള്ള ഓമനയായ ആ പെണ്‍കുഞ്ഞിനെ അവള്‍ വാത്സല്യത്തോടെ എടുത്ത് അകത്തു കൊണ്ടുപോയി പുതപ്പിച്ചു കിടത്തി, വീണ്ടും അടുക്കളയിലേക്കു പോയി. . അടഞ്ഞ വാതിലിനു പുറത്ത് ഞാന്‍ അയാളെ കാത്തു നില്‍ക്കവേ അയാള്‍ക്കുള്ള ചായ കൊണ്ടുവന്നു വെച്ച് വീണ്ടും എന്നെ ചോദ്യ ഭാവതിലൊന്ന് നോക്കി അവള്‍ അടുക്കളയിലേക്കു വലിഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ അവന്‍ ബാത് റൂമില്‍ നിന്നിറങ്ങി, ഞാന്‍ നീട്ടിയ ടവല്‍ കൊണ്ട് മുഖം തുടച്ച്, പിന്നെ കൊടുത്ത ചായയും കുടിച്ചുകൊണ്ട് എന്റെ മൊബൈല്‍ വാങ്ങി എന്നോടൊന്നും പറയാതെ ആരെയോ വിളിക്കാന്‍ തുടങ്ങി. അവന് അവന്റെ സ്വകാര്യത കൊടുക്കാം എന്നുവെച്ച് പുറത്തിറങ്ങാം എന്ന് കരുതവേ, അവന്‍ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ക്ലിയര്‍ അല്ലാത്തത് കൊണ്ടോ എന്തോ ഹലോ ഹലോ എന്ന് പലകുറി പറഞ്ഞ് ഒടുവില്‍ പോലീസ് സ്റ്റേഷന്‍ അല്ലെ എന്ന ചോദ്യം കേട്ടത് കൊണ്ടാണ് ഞാന്‍ ശരിക്കും പിന്തിരിഞ്ഞു നിന്നത്.

പിന്നെ അവന്‍ പറഞ്ഞതൊക്കെ ഇടിവെട്ടായാണ് എന്റെ കാതില്‍ വീണത്‌. അവന്റെ ഭാര്യയെ കൊന്നിട്ടാണ് അവന്‍ വരുന്നതെന്നും, കുഞ്ഞിനെ എന്നെ എല്പ്പിക്കാനാണ് അവന്‍ ഇങ്ങോട്ട് വന്നതെന്നും, ഇവിടെ എത്തിയാല്‍ അവനെ അറസ്റ്റു ചെയ്യാമെന്നുമാണ് അവന്‍ പോലീസിനോട് പറഞ്ഞത്. എന്നിട്ട് ഒഴുകുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ച് നിന്ന്, പിന്നെ ഫോണ്‍ എന്റെ കയ്യില്‍ തന്ന് എന്റെ ചുമലിലോന്നു തട്ടി എന്റെ കണ്ണിലേക്കു തന്നെ ഒന്ന് തറപ്പിച്ചു നോക്കി അവന്‍ മെല്ലെ അകത്തേക്ക് കടന്ന്. ഞാന്‍ എഴുന്നേറ്റു പോന്ന എന്റെ കിടക്കയില്‍ കയറി തിരിഞ്ഞു കിടന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ എനിക്ക് പിന്നില്‍ എല്ലാം കേട്ടുകൊണ്ട് കരച്ചിലടക്കി നില്‍ക്കുകയായിരുന്ന എന്റെ ഭാര്യയുടെ കയ്യും പിടിച്ച് അവന്റെ കുഞ്ഞിനടുതേക്ക് നടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Friday, September 24, 2010

എന്റെ സ്ഥാനം ...!!!

എന്റെ സ്ഥാനം ...!!!

വാക്കുകള്‍
മുരിയുന്നിടത്
ചിലക്കുന്ന
അക്ഷരങ്ങള്‍ക്ക്
നടുവില്‍
മൌനം നിറയുന്നു.
നിറഞ്ഞ മൌനത്തിനു
വാക്കുകളുടെ
ചിലമ്പലും ...!
മൌനത്തിനും
ശബ്ദതിനുമിടയില്‍
ഈ ഞാനും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...