Wednesday, April 3, 2019

കർണ്ണം , കാരുണം .....!!!

കർണ്ണം , കാരുണം .....!!!
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന്
എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു
എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു
വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ
ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ
ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!

Cv Thankappan said...

ആശംസകൾ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...