Thursday, March 23, 2017

ആരാണ് , എനിക്കു നീ ...???

ആരാണ് , എനിക്കു നീ ...???
.
തന്റെ മൗനങ്ങളിൽ വാചാലതയായും , തന്റെ നിശ്ചലതയിൽ നിഴലായും തന്റെ അപരിചത്വങ്ങളിൽ ആൾക്കൂട്ടമായും അയാൾ എന്നും കടന്നെത്തിയിരുന്നത് തന്റെ അനുവാദത്തോടെതന്നെ ആയിരുന്നല്ലോ . എന്നിട്ടും എന്തിനാണ് താനിപ്പോൾ ഇങ്ങനെയെല്ലാം വ്യാകുലപ്പെടുന്നതെന്ന് തന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്നു. ആ സ്വരമൊന്ന് കേട്ടില്ലെങ്കിൽ , ഒരു വിവരവും അറിഞ്ഞില്ലെങ്കിൽ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുന്ന പോലെ ....!
.
എല്ലാം ഒരു തമാശയാണ് അയാൾക്കെന്ന് എപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട് . എല്ലാം നിസ്സാരം . എല്ലാം ഒരു കളിപോലെ . അങ്ങിനെത്തന്നെയല്ലേ അയാൾ സത്യത്തിൽ . തന്റെ തന്നെയും, മറ്റുള്ളവരുടെയും ജീവിതം കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന ഒരു മാജിക്കുകാരനാണ് അയാളെന്ന് തനിക്കെപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട് . പിന്നെന്തിനാണ് താനിപ്പോൾ പരിതപിക്കുന്നതെന്നും മനസ്സിലാകുന്നുമില്ല ...!
.
എപ്പോഴും കുസൃതികൾ കാട്ടി എപ്പോഴും കളിവാക്കുകൾ പറഞ്ഞുകൊണ്ട് അയാൾ തന്നോടൊപ്പം കൂടിയത് പക്ഷെ തന്റെ ആത്മാവിലേക്ക് തന്നെയായിരുന്നു . ഒരു മുജ്ജന്മ ബന്ധം പോലെ . ആത്മാവിൽ തൊട്ട, മനസ്സിൽ തൊട്ട ഒരു ദിവ്യ ബന്ധം ...! ഇരുട്ടിനെ കരിമ്പടം പുതപ്പിച്ചു മൂടിവെക്കുന്ന , കയ്പ്പിനെ പഞ്ചസാരകൊണ്ട് മറച്ചുവെക്കുന്ന , വേദനകളെല്ലാം സ്വന്തം ഹൃദയത്തിൽനിന്നും ഒരിക്കലും പുറത്തുപോകാതെ ഒരു കുസൃതിചിരികൊണ്ട് കാത്തുവെക്കുന്ന അയാൾ തനിക്കെപ്പോഴും വിളിച്ചാൽ വിളികേൾക്കുന്ന ദൈവം തന്നെയുമല്ലേ ...!
.
തരം കിട്ടുമ്പോഴെല്ലാം ഇരുട്ടിലെ മറവിലേക്ക് വികൃതിയോടെ തന്നെ ചേർത്തുനിർത്താൻ വെമ്പുന്ന അയാളുടെ കൈകളിലമരാൻ താൻ ശരിക്കും കൊതിച്ചിരുന്നില്ലേ . പിന്നെന്തിനാണ് അപ്പോഴൊക്കെയും ഒരു മുഖമൂടിയിലൊളിച്ചു അയാളെ എതിർത്തിരുന്നത് ... ! തന്റെ ദേഹത്ത് വികൃതികാട്ടാൻ വിതുമ്പുന്ന അയാളുടെ കൈവിരലിലൂടെ സഞ്ചരിക്കാൻ താനും കാത്തിരുന്നിട്ടില്ലേ ... പിന്നെന്തിനാണ് താൻ തന്നെത്തന്നെ പറ്റിക്കുന്നത് ... അറിയില്ല, എങ്കിലും ....!
.
അയാൾ തനിക്കൊന്നും വാക്കു തന്നിട്ടില്ല . അയാൾ തന്നെ പറ്റിച്ചിട്ടുമില്ല . അയാൾ തന്നോടൊന്നും ഒളിച്ചിട്ടുമില്ല . എപ്പോഴും ഞാൻ ഞാൻ എന്ന് മാത്രം അഹങ്കാരത്തോടെ പറയുന്ന , ദുർവ്വാശിക്കാരനും താന്തോന്നിയുമായ എല്ലാം അറിഞ്ഞിട്ടും, തന്റെ ശരികളിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന അയാൾ എന്നും അയാളുടെ വ്യക്തിത്വത്തിൽ തന്നെയായിരുന്നില്ലേ നിലനിന്നിരുന്നത് . പിന്നെയും താൻ തന്നെയല്ലേ അയാളെ സംശയിക്കുന്നത് . എപ്പോഴും . താനൊരു ചീത്തമനുഷ്യനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് കൂടെക്കൂടിയ അയാളെ താനല്ലേ ഇപ്പോൾ വ്യവസ്ഥപ്പെടുത്തുന്നത് ...!
.
വാക്കുപാലിക്കാത്ത , സമയനിഷ്ടയില്ലാത്ത , ഒന്നിലും ഒരുറപ്പുമില്ലാത്ത , എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ അയാൾക്കുപോലും അറിയാത്ത , ജീവിതത്തിൽ ഒരിക്കലെങ്കിലും കാണുമോയെന്നുപോലും ഉറപ്പില്ലാത്ത ഒരാൾ . എന്നിട്ടും താനയാളെക്കുറിച്ചു ഇത്രയേറെ ഉത്ക്കണ്ഠപ്പെടുന്നു , ഇത്രയേറെ കൊതിയോടെ കാത്തിരിക്കുന്നു . തനിക്ക് തന്നെതന്നെയല്ലേ തന്നെ മനസ്സിലാകാത്തത് അപ്പോൾ . പക്ഷെ അയാൾ തനിക്കെല്ലാം തന്നെ ആവുകയായിരുന്നു എന്നതാണ് സത്യം . താൻ കൊതിച്ചപോലെ , താൻ സ്വപ്നം കണ്ടപോലെ താൻ ആഗ്രഹിച്ചപോലെ ഒരാൾ . അയാൾ തന്നെയല്ലേ അത് ....!
.
നിന്നെ ഞാൻ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് എന്നിൽ നിരാശയുണ്ടാകുന്നതെന്നും , നിന്നിൽ ഞാൻ ആശ്വാസം കാണുന്നതുകൊണ്ടാണ് നീയെന്നിൽ ആധിയുണ്ടാക്കുന്നതെന്നും നീയെനിക്ക് ആത്മവിശ്വാസം തരുന്നതുകൊണ്ടാണ് എനിക്ക് തളർച്ചയുണ്ടാകുന്നതെന്നും താൻ പറയുമ്പോൾ ഒക്കെയും അയാൾ തന്നെ ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത് . ...!
.
അതെ , അയാൾ തനിക്ക് കിട്ടാതെപോയ സ്നേഹമാണ് , കാത്തിരുന്ന പ്രതീക്ഷയാണ് , കൊതിച്ചിരുന്ന കരുതലും ബഹുമാനവുമാണ് , നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസമാണ് ..... ഇനിയെന്തെല്ലാമാണ് അയാൾ തനിക്കാകേണ്ടത് ... എന്നിട്ടും താനയാളോട് എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു , നിനക്ക് ഞാൻ ആരെന്ന് ...! അയാളുടെ ഉത്തരവും തനിക്കറിയാം . നിനക്ക് ഞാൻ ആരാണോ, അതുതന്നെയാണ് എനിക്ക് നീയും ....!!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda said...

ചോദ്യത്തില്‍ ഉത്തരവും , ഉത്തരത്തില്‍ ചോദ്യവും... വളരെ നന്നായി ചോദ്യം ചോദിച്ചു... വളരെ നന്നായി ഉത്തരവും പറഞ്ഞു.. പ്രിയ സുഹൃത്തെ , ഇഷ്ടമായി ഈ രചന.. വളരെ...

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...