Wednesday, September 30, 2015

കുടുംബിനി ...!!!

കുടുംബിനി ...!!!
.
എങ്ങിനെയാണ് വല്ല്യേട്ടന് എന്നെ അറിയുക എന്ന് ചോദിച്ചുകൊണ്ടാണ് അവൾ എന്റെ ഇൻ ബോക്സിൽ ആദ്യമായി കയറി വന്നത് . ഞാൻ എഴുതിയ ഒരു കഥ അവളുടെതാണെന്നും അത് ആരാണ് എന്നോട് പറഞ്ഞതെന്നും അവൾക്ക് അറിഞ്ഞേ പറ്റു എന്ന വാശിയിൽ തന്നെയായിരുന്നു അവൾ അപ്പോൾ . അവളെ ഞാൻ ആദ്യമായി അറിയുകയാണെന്നും , ആ എഴുതിയത് എനിക്ക് നേരിട്ട് അറിയാവുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതമാണെന്നും അവളെ വിശ്വസിപ്പിക്കാൻ ഏറെ നേരമെടുക്കേണ്ടി വന്നു എനിക്ക് .
.
എപ്പോഴും അവരുടെ വീട്ടിൽ വരാറുള്ള മകളുടെ അടുത്ത കൂട്ടുകാരിയെ ആരും വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും പിന്നെ, കൂട്ടുകാർക്ക് നൽകുകയും ചെയ്യുകവഴി പോലീസ് പിടിയിലായ ഭർത്താവിനെതിരെ കോടതിയിൽ മൊഴി നൽകി , പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച് തിരിച്ച് വീട്ടിലെത്തി രണ്ടു പെണ്മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന യുവതിയായ ഒരമ്മയുടെ കഥയായിരുന്നു അത് . അതുപക്ഷെ അവളുടെതിനോട് സാമ്യമുണ്ടെന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമായി തോന്നി അപ്പോൾ .
.
എപ്പോൾ വിളിച്ചാലും ഒരുപാട് വിശേഷങ്ങൾ പറയാൻ ബാക്കിവെക്കുന്ന അവളോട്‌ സംസാരിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്നു . അവൾക്ക് സംസാരിക്കാൻ സമയം തികയാതെ വരാറേ ഉള്ളൂ എപ്പോഴും എന്നുതോന്നും എനിക്ക് . ഒരു കാര്യം കുറഞ്ഞവാക്കുകളിൽ അവൾ വ്യക്തമായി വിശദീകരിക്കുന്നത് കൌതുകതോടെയാണ് ഞാൻ കേട്ടുനില്ക്കാറുള്ളത് . വിശാലമായ ഈ ലോകത്തെ കുറിച്ചോ, ഈ ഭൂമിയിലെ മറ്റുള്ളവരെ കുറിച്ചോ ഒരിക്കലും പറയാത്ത അവൾക്ക് എന്നിട്ടും ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടാകാറേയില്ല എന്നത് എനിക്ക് അത്ഭുതവും . വാചാലതയുടെ വാങ്ങ്മയ ലോകത്ത് അക്ഷരങ്ങൾ കൊണ്ട് അവൾ ചിത്രം വരയ്ക്കുകയായിരുന്നു എപ്പോഴും . അവളുടെ തന്നെ നേർചിത്രം .
.
ഒരു ശരാശരി സാധാരണ വീട്ടമ്മയുടെ പതിവ് പരിദേവനങ്ങൾ മാറ്റിവെച്ച് ഭർത്താവിന്റെ വഴിപിഴച്ച ബന്ധങ്ങളെക്കുറിച്ച് പരാതി പറയാതെ , മക്കളെ കുറിച്ചുള്ള വ്യാകുലതകൾ മറച്ചുവെക്കാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പൂഴ്തിവെക്കാതെ അവൾ പക്ഷെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് , അവളുടെ സ്വന്തം കുടുംബത്തെ കുറിച്ചായിരുന്നു , വാടകക്കാശുപോലും കൃത്യമായി കൊടുക്കാതതെങ്കിലും സ്വന്തമായി അവൾ കരുതുന്ന അവളുടെ വീടിനെ കുറിച്ചായിരുന്നു . എത്ര പറഞ്ഞാലും കൊതിതീരാതെ .
.
പിന്നെ അവൾക്കു പറയാനുണ്ടായിരുന്നത് പ്രണയത്തെ കുറിച്ചായിരുന്നു . അഞ്ചാം ക്ലാസ്സുമുതൽ അവളെ നിശബ്ദം പ്രണയിക്കുന്ന , അവളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന , എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്ന , ഒരു നോട്ടം കൊണ്ടുപോലും അവളെ അശുധിയാക്കാത്ത അവളുടെ കളിക്കൂട്ടുകാരനെക്കുറിച്ചല്ല അത് പക്ഷെ , അവളെ ഒരു സ്ത്രീയായി പോലും കാണാൻ കൂട്ടാക്കാത്ത അവളുടെ സ്വന്തം ഭർത്താവിനോടുള്ള അവളുടെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചായിരുന്നു എന്നുമാത്രം . ഹൃദയം നിറഞ്ഞു കവിയുന്നത്രയും ആവേശത്തോടെ .
.
എല്ലാ ഭാരതീയരും എന്റെ സഹോദരിമാരൊന്നുമല്ലെന്നു ഞാൻ കളിയാക്കി പറയുമ്പോഴൊക്കെ അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി . നീ വളരെ സുന്ദരിയാണെന്ന് ഞാൻ വാശി കയറ്റുമ്പോഴൊക്കെ അവളെനിക്ക്‌ സൌന്ദര്യമുള്ള അവളുടെ ചിത്രങ്ങൾ അയച്ചുതന്നു . അവളുടെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളെ മാറോട് ചേർക്കും പോലെ, അവളുടെ എല്ലാമെല്ലാമായ ഭർത്താവിനെ ഹൃദയത്തിൽ അലിയിക്കുംപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് .
.
പ്രണയം പ്രേമമാകുന്നിടത് പാപം തുടങ്ങുന്നു എന്നവൾ പറഞ്ഞുവെച്ചപ്പോൾ അവൾക്കൊരു മഹതിയായ സന്ന്യാസിയുടെ ഭാവമായിരുന്നു എന്ന് തോന്നി. പ്രേമവും പ്രണയവും രണ്ടാണെന്ന് അവൾ എത്ര ലളിതവും വ്യക്തവുമായാണ് വിവരിച്ചത് എന്നത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടുനിന്നത് . മാംസമോഹിതം പ്രേമം , മാനസ മോഹിതം പ്രണയം . അവൾ ജീവിക്കുന്നത് പ്രണയിക്കാൻ വേണ്ടിമാത്രവും എന്നും അവൾ കൂട്ടി ചേർത്തിരുന്നു ഒപ്പം .
.
മാംസം മണക്കുന്ന അകത്തളങ്ങളും ദീർഘ നിശ്വാസങ്ങൾ തട്ടി തകരുന്ന ചുമരുകളും ചായംതേച്ച മുഖങ്ങളും ശൂന്ന്യമായ ഹൃദയങ്ങളും കൂടുതലുള്ള ഈ ജീവിത പുസ്തകത്തിൽ ഒരു തപസ്യയോടെ, തന്നെ തന്റെ കുടുംബത്തിനു വേണ്ടി മാത്രം സമർപ്പിക്കുന്ന മറ്റൊരു പെണ്കുട്ടിയെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ ചാരിതാർത്യപ്പെടുത്തി . എനിക്കുപോലും മാതൃകയാകുന്ന ആ മഹാ മനസ്സിന് പ്രണയത്തോടെ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രേമവും പ്രണയവും രണ്ടാണെന്ന് അവൾ
എത്ര ലളിതവും വ്യക്തവുമായാണ് വിവരിച്ചത് എന്നത്
അത്ഭുതത്തോടെയാണ് ഞാൻ കേട്ടുനിന്നത് . മാംസമോഹിതം
പ്രേമം , മാനസ മോഹിതം പ്രണയം . അവൾ ജീവിക്കുന്നത്
പ്രണയിക്കാൻ വേണ്ടിമാത്രവും എന്നും അവൾ കൂട്ടി ചേർത്തിരുന്നു ഒപ്പം .

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...