Monday, September 7, 2015

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!
.
നിത്യവൃത്തിക്ക് മാത്രമുള്ള വകയെ ഉള്ളുവെങ്കിലും മൂന്നോ നാലോ വർഷത്തിലൊരിക്കൽ മാത്രമേ ഒരു അവധിയെടുത്ത് നാട്ടിൽ പോകാൻ പറ്റു എന്നുറപ്പുള്ളത് കൊണ്ടാണ് അക്കുറി അയാൾ ഭാര്യയെ ഒരു വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ തീരുമാനിച്ചത് . കല്ല്യാണം കഴിച്ചിട്ട് തന്നെ രണ്ടു വർഷമായിട്ടും ഇതുവരെ കൂടെനിന്നത് ഇരുപതു ദിവസം മാത്രമെന്നതും അയാളെ ആ പ്രാരാബ്ദം പേറാൻ നിർബന്ധിതനുമാക്കി ..
.
ഔദ്യോഗിക വാഹനമോ വീടോ ഒന്നുമില്ലാത്തതിനാൽ ഒരു സുഹൃത്തിന്റെ പേയിംഗ് ഗസ്റ്റ്‌ ആയിട്ടായിരുന്നു അവർ താമസിച്ചിരുന്നത് . തിരക്കൊഴിഞ്ഞ ഒരു നഗര ഭാഗത്ത്‌ . മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ അവർ യാത്ര പലപ്പോഴും കാൽനടയാക്കി . ടാക്സിയിൽ പോകണം എന്നതിനാൽ ദൂരെ സ്ഥലങ്ങളിലെയ്ക്കൊന്നും അവർ അങ്ങിനെ പോകാറുമില്ലായിരുന്നു . കിട്ടുന്ന സമയമത്രയും തങ്ങളുടെ ലോകത്ത് അവർ സ്വർഗ്ഗം തീർത്തു .
.
ഒരുമാസം കഴിഞ്ഞത് അവർ അറിഞ്ഞതുതന്നെ അവൾക്കു വിശേഷമുണ്ട്‌ എന്ന തിരിച്ചറിവിൽ നിന്നായിരുന്നു . കാത്തുകാത്തിരുന്ന മഹാഭാഗ്യം . അവളുടെയും അയാളുടെയും വീട്ടുകാരും ഏറെ സന്തോഷിച്ചു ആ വാർത്തയിൽ . പിന്നെ ജീവിതം സ്വപ്നങ്ങളിലായി . തങ്ങളുടെ ആ കൊച്ചു മുറിയിൽ അവർ രാജകൊട്ടാരം തീർത്തു. നടപ്പാതകളിൽ അവർ കുഞ്ഞിക്കാലടികൾ വെച്ച് കളിച്ചു . അകത്തളങ്ങളിൽ അവർ ഒച്ചയില്ലാതെ സംസാരിച്ചു ....
.
ആദ്യമായി ആശുപത്രിയിൽ പോകാനാണ് അന്നവർ അപ്പോൾ പുറത്തിറങ്ങിയത് . അയാൾ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരുന്നിരുന്ന അവൾ , അവരുടെ ആ അതിവിശേഷപ്പെട്ട വിശേഷം ഔദ്യോഗികമായി അറിയാൻ അടുത്തുള്ള ഡോക്ടറുടെ അടുതെതാൻ വെമ്പൽ കൊണ്ടു . എന്നാൽ ജോലി സ്ഥലത്തെ ചില അത്യാവശ്യ കാര്യങ്ങളാൽ പതിവിലും താമസിച്ചാണ് അന്നുപക്ഷേ അയാൾക്കെത്താൻ കഴിഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഇറങ്ങാനും വൈകി .
.
വന്നപാടെ അവളെയും കൊണ്ട് പുറത്തിറങ്ങിയ അയാൾ പോകും വഴി അവളെ പുറത്തു നിർത്തി തൊട്ടടുത്ത്‌ സാധാരണയിൽ സാധനങ്ങൾ വാങ്ങാറുള്ള കടയിൽ ഒരു ടെലിഫോണ്‍ കാർഡ്‌ വാങ്ങാൻ കയറിയതാണ് . ആശുപത്രി വിശേഷം നാട്ടിൽ വിളിച്ചറിയിക്കാൻ . തിരിച്ചിറങ്ങി നോക്കുമ്പോൾ അവളില്ല . അപ്പുറത്തേയ്ക്ക് നടന്നു തുടങ്ങിയിരിക്കും എന്ന് കരുതി ചുറ്റും നടന്നു നോക്കിയിട്ടും കാണാതെ വന്നപ്പോൾ അയാൾക്ക്‌ പേടിയായി .
.
ചുറ്റുമുള്ളവരും വിവരമറിഞ്ഞ് ഓടിക്കൂടി . പക്ഷെ ആരും അവളെ കണ്ടവരില്ല . ഒരുവണ്ടി തിടുക്കത്തിൽ പാഞ്ഞുപോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞു കേട്ടിരുന്നു ഇടയ്ക്ക് . അല്ലാതെ ഒന്നിനും സ്ഥിരീകരണമില്ല . പതിയെ പതിയെ , തെരുവിൽ കാണാതാകുന്നവരുടെ അജ്ഞാത ലോകത്തിലേയ്ക്ക് അവളും യാത്രയായി എന്ന തിരിച്ചറിവിൽ അയാൾക്ക്‌ പിന്നെ അയാളെത്തന്നെയും നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു അപ്പോൾ .
.
സുരേഷ്കുമാർ പുഞ്ചയിൽ

5 comments:

shajitha said...

nannayirikkunnu

Cv Thankappan said...

മനസ്സിലൊരു നൊമ്പരമായി ഈ കഥ.

ajith said...

അയ്യോ!

Geetha said...

കഥ വായിച്ചു വന്ന് അവസാനം വിഷമമായീല്ലോ. എന്നാലും ഇത്രയും സമയത്തിനുള്ളിൽ അവൾ? കഥ നന്നായി. ആശംസകൾ

Shahid Ibrahim said...

ശ്യോ ..ടെൻഷൻ ആകിയല്ലോ മാഷേ...

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...