Monday, June 9, 2014

ബലാൽസംഗം ഒരു രാഷ്ട്രീയവുമാണ് ...!!!

ബലാൽസംഗം ഒരു രാഷ്ട്രീയവുമാണ് ...!!!
.
ഇണയുടെ സമ്മതമോ സഹകരണമോ ഇല്ലാതെ പൈശാചികവും ക്രൂരവുമായി ബലാൽ ചെയ്യുന്ന ഏതൊരു സംഗമത്തിനും ഒരു മനസ്സാസ്ത്രവും ഭൂമിശാസ്ത്രവും തീർച്ചയായും ഉണ്ടായിരിക്കും . പ്രദേശങ്ങൾക്ക്, സാഹചര്യങ്ങൾക്ക് ഒക്കെ അനുസരിച്ച് ഇതിന് വ്യാഖ്യാനവും വ്യത്യസ്തമായിരിക്കുകയും ചെയ്യും . ദുർബലർ എപ്പോഴും ആക്രമിക്കപ്പെടുകതന്നെ ചെയ്യുമെന്ന പ്രാകൃത പ്രകൃതി ശാസ്ത്രം ഇപ്പോഴും ഈ കാട്ടാളന്മാർ ചിലർ മുറുകെ പിടിക്കുന്നു ...!
.
രോഗാതുരമായ മനസ്സുമായി നടക്കുന്ന ഒരു പുരുഷൻ അല്ലെങ്കിൽ ഒരു സ്ത്രീ തന്റെ ഇണയ്ക്കുമേൽ കടന്നാക്രമണം നടത്തി ക്രൂരമായി തന്റെ കാമാർത്തി പൂർതീകരിക്കുന്നതിനെയാണ് പൊതുവെ ബലാൽസംഗം എന്ന് പറയുന്നത് . കുറ്റവാളിയുടെ മനസ്സുള്ള ഒരു രോഗിയുടെ മനോവിഭ്രാന്തി എന്നതിനേക്കാൾ അടിച്ചമർത്തപ്പെടുന്ന വികാരങ്ങളുടെ വേലിയേറ്റവും ലഹരികളുടെ അമിതോപയോഗവും ഇതിലേക്ക് വഴിവെക്കുന്നു. സ്ത്രീകൾ അബലകളും അടിച്ചമർത്തപ്പെടുന്നവരുമാണ് എന്ന പതിവ് പല്ലവികൾക്കൊപ്പം ഇവിടെ ഇരകളാകുന്നത് സ്വാഭാവികമായും എപ്പോഴുമെന്നപോലെ മഹാഭൂരിപക്ഷവും സ്ത്രീകൾ തന്നെ ...!
.
ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് പതിവുപോലെ എതിർക്കാൻ ത്രാണിയില്ലാത്തവർ , ചെറുത്തു നിൽപ്പിന് മനസ്സില്ലാത്തവർ . അങ്ങിനെ ശരിക്കും അബലകൾ . കുറച്ചു സമയത്തെ കുറച്ച് സഹതാപതിനപ്പുറം ഒരു ബലാൽസംഗതിൽ ഇരയുടെ യഥാർത്ഥ വേദനയാണ് ആരും കാണാതെ പോകുന്ന ഒരു വലിയ സത്യം . തീർത്തും തന്റേതല്ലാത്ത കാരണങ്ങളാൽ ക്രൂരമായി, പൈശാചികമായി ആക്രമിക്കപ്പെടുന്ന ആ നിസ്സഹായതയുടെ ജീവിതം പിന്നീടങ്ങോട്ട് മഹാദുരിതം മാത്രമാവുകയാണ് എപ്പോഴും ചെയ്യുന്നത്. ...!
.
പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും സ്ത്രീകളുടെ ആധുനിക ജീവിതവുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അഭിനവ ഭുദ്ധിജീവികൾ വായ്ക്കുരവയിടുമ്പോൾ അവർ കാണാതെ പോകുന്ന സത്യം, ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ഇരകളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനവും അങ്ങിനെയുള്ള യാതൊരു പ്രലോഭനങ്ങളും ഉണ്ടാക്കാതവരാണ് എന്നതാണ് . എണ്‍പത് കഴിഞ്ഞ വൃദ്ധയും ഒരു വയസ്സുള്ള മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞും എങ്ങിനെയാണ് മറ്റൊരാളെ പ്രലോഭിപ്പിക്കുന്നത് . സ്വന്തം നാണം മറയ്ക്കാൻ അഴുക്കുപുരണ്ട കീറിതുന്നിച്ചേർത്ത വസ്ത്രം ധരിച്ചെത്തുന്ന ഗ്രാമീണ കന്ന്യക ആരെ - എങ്ങിനെയാണ് പ്രലോഭിപ്പിക്കുന്നത് ...!
.
മുന്നിൽ കിട്ടുന്ന ഇരയെ മാത്രമല്ലാതെ ഇരകളെ പതിയിരുന്നാക്രമിച്ചു കീഴടക്കുന്ന അവസ്ഥകളും ഇവിടെ ധാരാളമുണ്ട്. സ്വാഭാവികമായി ആക്രമിയുടെ അപ്പോഴാതെ മനോനിലയ്ക്കനുസരിച്ച് ഉണ്ടാകുന്നവയാണ് മിക്കവാറും ബലാത്സംഗങ്ങൾ എങ്കിലും അങ്ങിനെയല്ലാതവയും ധാരാളം. മനോനിയന്ത്രണം നഷ്ട്ടപ്പെട്ട ഒരാളുടെ അടക്കാനാകാത്ത ലൈംഗികതൃഷ്ണയുടെ - ലൈംഗികഭ്രാന്തിന്റെ അവസ്ഥാബേധങ്ങളായി ബലാത്സംഗങ്ങൾ വിവക്ഷിക്കപ്പെടാറുണ്ടെങ്കിലും ചിലപ്പോഴെല്ലാം ചിലർ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി കൃത്രിമമായി അങ്ങിനെയൊരവസ്ഥ സൃഷ്ടിക്കുന്നു എന്നതും നാം അറിയേണ്ടതാണ് . അവിടെയാണ് ബലാൽസംഗം ഒരു രാഷ്ട്രീയവും ആകുന്നത് ...!
.
ഒരു വലിയ ജനക്കൂട്ടത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ ഒന്നാകെ ഒന്നിച്ച് പേടിപ്പിക്കാൻ ഭരണാധികാരികളും അധികാരിവർഗ്ഗവും മേലാളന്മാരും പുറത്തെടുക്കുന്ന ഒരു ആയുധവും കൂടിയാണ് ചിലപ്പോൾ ബലാത്സംഗങ്ങൾ . ഒരു സമൂഹത്തിലെ സ്ത്രീകളിൽ വരുത്തുന്ന ഭീതി അവരുടെ കുടുംബ നാഥന്മാരുടെ ചെറുത്തുനിൽപ്പിനെ അല്ലെങ്കിൽ പരാക്രമങ്ങളെ എങ്ങിനെ സ്വാധീനിക്കുമെന്ന് അവർക്ക് നന്നായറിയാം. പോലീസും പട്ടാളവും മറ്റ് അധികാര കേന്ദ്രങ്ങളും ചരിത്രത്തിൽ പലപ്പോഴും ഇങ്ങിനെ പെരുമാരിയിട്ടുണ്ടെന്നത് കാണാതെ പോകുന്ന നേരുകൾ ...!
.
അതുപോലെതന്നെയാണ് രാഷ്ട്രീയ എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ അഭിനവ നേതാക്കന്മാരും മൌനാനുവാദത്തോടെ ഇത്തരം ദുർനടപടികളിലെയ്ക്കു സമൂഹത്തെ നയിക്കുന്നത് . അവരുടെ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ അവർക്കെതിരെ സമൂഹത്തെ ഒന്നാകെ ഇളക്കിവിടാൻ പലരും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ദുർനടപടികൾക്ക് കൂട്ട് നിൽക്കുന്നു ...!
.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചും അക്രമികൾക്ക് മരണശിക്ഷ നല്കുന്നതിനെകുറിച്ചും വാ തോരാതെ സംസാരിക്കുന്ന ഇവിടുത്തെ സമൂഹം പക്ഷെ ഈ ബലാത്സംഗങ്ങൾക്കുപുറകിലെ യഥാർത്ഥ മനസ്സാസ്ത്രം പഠിക്കാതെ പോകുന്നു . ഇന്നത്തെ ഒരു ദുരന്തം നാളേയ്ക്കുള്ള അനുഭവ പാഠമാക്കാൻ നാം അപ്പോഴും തയ്യാറാകുന്നില്ല . കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് സാമൂഹിക നീതിയാണ് എന്നതുപോലെ തന്നെ പരമപ്രധാനമാണ് ഇരകളുടെ സംരക്ഷണവും ഒപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതും ....!
.
ഇവിടെ വേദനയുടെ മുഖത്തിന്‌ മാത്രം കണ്ണുകൾ ഇല്ലാതെ പോകുന്നു എന്നതാണ് സത്യം. ക്രൂരമായി കൊല്ലപ്പെടുന്ന ഇരകളുടെ ദുരിതം അവിടെ അവരുടെ മരണത്തോടെ തീരുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ ദുരിതം ആ സമൂഹത്തെ ഒന്നാകെ അവസാനംവരെ കാർന്നു തിന്നുകൊണ്ടേയിരിക്കുമെന്ന് ഇത്തരക്കാർ ഒരിക്കലും ഓർക്കുന്നേയില്ല . അവരവരുടെ സ്വാർത്ഥലാഭത്തിന് വേണ്ടി മറ്റേതൊരു ആയുധവും എന്നപോലെ ബാലാൽസംഗങ്ങളും ഉപയോഗിക്കപ്പെടുകയാണ് ചിലപ്പോഴെല്ലാം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

ഇന്നത്തെ ഒരു ദുരന്തം നാളേയ്ക്കുള്ള അനുഭവ പാഠമാക്കാൻ നാം അപ്പോഴും തയ്യാറാകുന്നില്ല . കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് സാമൂഹിക നീതിയാണ് എന്നതുപോലെ തന്നെ പരമപ്രധാനമാണ് ഇരകളുടെ സംരക്ഷണവും ഒപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതും ....!

വളരെ ശരി!

തുമ്പി said...

ഒരു ബലാൽസംഗതിൽ ഇരയുടെ യഥാർത്ഥ വേദനയാണ് ആരും കാണാതെ പോകുന്ന ഒരു വലിയ സത്യം . തീർത്തും തന്റേതല്ലാത്ത കാരണങ്ങളാൽ ക്രൂരമായി, പൈശാചികമായി ആക്രമിക്കപ്പെടുന്ന ആ നിസ്സഹായതയുടെ ജീവിതം പിന്നീടങ്ങോട്ട് മഹാദുരിതം മാത്രമാവുകയാണ് എപ്പോഴും ചെയ്യുന്നത്. ...!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...