Thursday, June 19, 2014

ഉത്തരം കിട്ടാനൊരു കണക്ക് ...!!!

ഉത്തരം കിട്ടാനൊരു കണക്ക് ...!!!
.
കണക്കിൽ ഞാൻ വളരെ മോശമാണ് . പണ്ടും അതെ ഇപ്പോഴും അതെ . അതെപ്പോഴും അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അങ്ങിനെയല്ലാതാകാൻ ഞാൻ ഒട്ട് ആഗ്രഹിക്കുന്നുമില്ല . എന്നാൽ ഇതൊക്കെ അറിയാമായിരുന്നിട്ടു തന്നെയാണ് അയാൾ അങ്ങിനെയൊരു കണക്ക് എന്നോട് തന്നെ ചെയ്തുകൊടുക്കാൻ പറഞ്ഞതും ...!
.
അയാളെ അപ്പോൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ തന്നെ ആദ്യമായി കാണുന്നത് . അയാൾ എവിടെനിന്നാണ് വന്നതെന്നോ എവിടേയ്ക്കാണ്പോകുന്നതെന്നോ എനിക്കറിയില്ലായിരുന്നു . ഈ ആൾക്കൂട്ടത്തിന് നടുവിൽ എന്തിനാണ് അയാൾ എന്നെമാത്രം തിരഞ്ഞെത്തിയതെന്നും എനിക്കറിയില്ലായിരുന്നു . പക്ഷെ എല്ലാറ്റിനുമപ്പുറം എന്നെ കണക്കാക്കി മാത്രം ഒരു കണക്കും . ...!
.
എനിക്കതിനുള്ള ഉത്തരം കണ്ടെത്താൻ ഒരിക്കലും കഴിയില്ലെന്ന് അയാൾക്കുതന്നെ ഉറപ്പുള്ളതുപോലെയുള്ള ആ ചോദ്യം എന്നിൽ അഭിമാനഭോധമാണ് ഉണർത്തിയത് അപ്പോൾ . ജീവിതത്തിൽ എല്ലായിടത്തും തോൽവികൾ മാത്രം ഏറ്റു വാങ്ങുമ്പോൾ ഇവിടെ ഒന്ന് പൊരുതാൻ എന്റെ മനസ്സ് വല്ലാതെ വെമ്പി . പരാജയപെടുമ്പോഴും അത് അവസാനം വരെ പോരുതിക്കൊണ്ടാകാനുള്ള ഒരു വിഫല ശ്രമം ....!
.
അയാളുടെ മുഖത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരിഹാസ പുഞ്ചിരിയാണ് എന്നെ കൂടുതൽ കർമ്മോത്സുകനാക്കിയത് എന്നുതന്നെ പറയാം . ആദ്യം ഞാൻ സ്വന്തമായി തന്നെ അതിനൊരുത്തരം കണ്ടെത്താൻ ശ്രമിച്ചു നോക്കി. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ പരമാവധി ശ്രമിച്ചെങ്കിലും എനിക്കറിയാത്ത വഴികളിൽ കൂടിയുള്ള ആ കണക്ക് പ്രതീക്ഷിച്ചപോലെ എന്നെ തോൽപ്പിക്കുക തന്നെ ചെയ്തു. അത് ഞാൻ പ്രതീക്ഷിച്ചതിനാൽ നിരാശ കൂടാതെ ഉത്തരം കണ്ടെത്താനുള്ള മറ്റു വഴികൾ തേടി ഞാൻ പുറത്തിറങ്ങി ...!
.
അന്വേഷണത്തിൽ ആദ്യം ഓർമ്മവന്ന പേര് എന്നെ കണക്ക് പഠിപ്പിച്ച പണിക്കർ സാറിനെയാണ് . പഠിക്കുന്ന സമയത്ത് ജനലിനു പുറത്തെ നീലചെരിവുള്ള ആകാശം സ്വപ്നം കണ്ടിരുന്നിരുന്ന തനിക്ക് അദ്ധേഹത്തിന്റെ കയ്യിൽനിന്ന് കിട്ടിയിട്ടുള്ള അടിയുടെ ചൂട് ഇപ്പോഴും കൈവെള്ളയിൽ ഉണർന്നു നിൽക്കുന്നതിനാൽ അദ്ധേഹത്തെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായില്ല . പഠിപ്പിൽ മോശമായാലും കുരുത്തക്കേടുകൾ കൂടെയുണ്ടെങ്കിലും മഹാനായ ആ അധ്യാപകന് എന്നോടുണ്ടായിരുന്ന വത്സല്ല്യത്തിനു മാത്രം ഒരു കുറവും അപ്പോഴും കണ്ടില്ല. ...!
.
ആമുഖമൊന്നും കൂടാതെ കാര്യം പറഞ്ഞപ്പോൾ വാർദ്ധക്ക്യം തൂങ്ങുന്ന കണ്‍പീലികൾ ബദ്ധപ്പെട്ടുയർത്തി അദ്ധേഹം കര്മ്മനിരതനായി . കണക്കെഴുതിയ കടലാസ്കയ്യിൽ വാങ്ങി അദ്ദേഹം അത് സൂക്ഷിച്ച് പഠിച്ചു . എന്നിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ കുറച്ചു സമയം നോക്കിയിരുന്നു . പിന്നെ തീർത്തും അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ അദ്ദേഹം കണക്കെഴുതിയ ആ കടലാസ് എന്നെ തിരിച്ചേൽപ്പിച്ചു കൊണ്ട് ഒന്നും പ്രതികരിക്കാതെ അകത്തു കയറി വാതിലടച്ചു ...!
.
ഇനിയും അവിടെ നിന്നിട്ട് പ്രയോചനമില്ലെന്ന തിരിച്ചറിവ് അടുത്ത ആളെ തേടാൻ എന്നെ പ്രേരിപ്പിച്ചു . ഇനി പോകാനുള്ളത് നാട്ടിലെ ഏററവും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ബുദ്ധിജീവിയും ക്വിസ്സ്മാസ്റ്ററും ഒക്കെയായ ഒരു വ്യക്തിയുടെ അടുത്തേക്കാണ് . നാട്ടിലും മറുനാട്ടിലും ഏറെ പ്രശസ്തനായ അദ്ധേഹത്തെ എനിക്ക് അത്ര അടുത്ത പരിചയമൊന്നും ഇല്ലെങ്കിലും നാട്ടുകാരാൻ എന്ന പരിഗണന വെച്ച് ഇടിച്ചു കയറാൻ തന്നെ ഞാൻ തീരുമാനിച്ചു . ...!
.
അപ്പോൾ വലിയ തിരക്കിലൊന്നും ആയിരുന്നില്ല അദ്ധേഹമെങ്കിലും തന്റെ പതിവ് ജാടകളിൽ നിന്നും ഇറങ്ങിവരാതെ എന്നെ സ്വീകരിച്ചിരുത്തി കാര്യം പറഞ്ഞപ്പോൾ ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ എന്റെ കയ്യിൽ നിന്നും കണക്കു വാങ്ങി ശ്രദ്ധിച്ചു നോക്കിയിട്ട് ആലോചിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ ആലോചന എന്റെ ആകാശവും അദ്ധേഹത്തിന്റെ ഭൂമിയും കടന്നു പോകും എന്ന ഘട്ടത്തിൽ ഞാൻ ഇടപെട്ടു . ഉത്തരത്തിനായി ഞാൻ പിന്നെ വന്നോളാം എന്ന എന്റെ അഭിപ്രായം പക്ഷെ അദ്ദേഹം നിരാകരിച്ചു . എന്നിട്ട് പറഞ്ഞു, ഈ കണക്കിന് മൂന്ന് ഉത്തരങ്ങൾ ഉണ്ടെന്ന്. ...!
.
ഒന്നിന് പകരം മൂന്നു കിട്ടുന്നത് സന്തോഷം തന്നെ എങ്കിലും എനിക്ക് വേണ്ടത് ഒരു ഉത്തരമാണല്ലോ . എങ്കിലും അദ്ധേഹത്തെ പിണക്കാതെ മൂന്നു ഉത്തരങ്ങളും എഴുതി വാങ്ങി, നന്ദിയും പറഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ എഴുതി തന്ന മൂന്ന് ഉത്തരങ്ങളും ചോദ്യത്തിന്റെ ആവർത്തനങ്ങൾ മാത്രം . ഇനി എന്റെ കണ്ണുകളുടെ കുഴപ്പമാണോ എന്ന് ഒന്ന് കൂടി നോക്കി അല്ലെന്ന് ഉറപ്പു വരുത്തിയപ്പോൾ വീണ്ടും ഞാൻ പെരുവഴിയിൽ തന്നെയായി . ഇനിയെന്ത് എന്ന ചോദ്യത്തിന് മാത്രം അപ്പോൾ ഒരു ഉത്തരം മുന്നിൽ കിട്ടി. തൊട്ടു മുന്നിലതാ പണിക്കരാശാൻ ...!
.
പണിക്കരാശാൻ പണ്ടത്തെ കുഴിപ്പള്ളിക്കൂടതിന്റെ പാരമ്പര്യമുള്ള തറവാട്ടുകാരനാണ് . നാട്ടിലെയും അന്യനാട്ടിലെയും അറിയപ്പെടുന്ന ജ്യോത്സ്യനാണ്‌ കൂടാതെ വലിയ കണക്കപ്പിള്ളയും. ഒട്ടും അമാന്തിക്കാതെ അദ്ധേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ക്യൂവിലുണ്ട് . വർത്തമാനം അറിയാതെ ഭൂതം കാണാതെ ഭാവിയെ അറിയാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ജനസമൂഹം . എന്റെ പരിചയം വെച്ച് ഞാൻ ഉള്ളിൽ നുഴഞ്ഞു കയറിയപ്പോൾ പിന്നിലുള്ളവരുടെ ആക്രോശങ്ങൾ കേട്ടില്ലെന്നു നടിച്ചു. കാര്യം കാണാൻ കഴുത ഏതു കാലും പിടിക്കുമല്ലോ ...!
.
പണിക്കർ കാര്യം അറിഞ്ഞ് ഒട്ടും ആലോചിക്കാതെ കവടി നിരത്തി . പഞ്ചാംഗങ്ങൾ വാരി വലിച്ചിട്ട് പരതി . ഒടുവിൽ നിവൃത്തിയും കണ്ടെത്തി . ഇതെന്റെ മുജ്ജന്മ സുകൃതം . ഇതെന്റെ വർത്തമാന കാല കർമ്മ ഫലം . ഇതെന്റെ ഭാവിയുടെ താക്കോൽ ... പരിഹാര ക്രിയകളുടെ ഒരു വലിയ ചാർത്തും എഴുതിത്തന്നു ഉടനെ അദ്ദേഹം . പിന്നെ എന്റെ മുന്നിൽ ദക്ഷിണയ്ക്കായി കാത്തിരിക്കുമ്പോൾ ഞാൻ കയ്യിലുള്ളതും കാൽക്കൽ വെക്കാതെ അവിടുന്ന്തടിതപ്പി . ...!
.
ഇനി....? കണക്കെഴുതിയ കടലാസും പിടിച്ച് ഞാൻ മാത്രം ബാക്കി. ഉത്തരമില്ലാത്തതായി ഒന്നുമില്ലെന്ന ഉത്തരം മാത്രം കയ്യിൽ വെച്ച് ഈ കണക്കിന് ഞാൻ ഇനി എങ്ങിനെ ഒരു ഉത്തരം കണ്ടെത്തും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ajith said...

ഓരോരുത്തര്‍ക്കും സ്വയം കണ്ടെത്തേണ്ടി വരും. ആരും സഹായിക്കാന്‍ സാദ്ധ്യമല്ല ചില കണക്കുകളില്‍.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...