Sunday, June 1, 2014

കാഴ്ച്ചപ്പുറം...!!!

കാഴ്ച്ചപ്പുറം...!!!
.
പകൽ .. എരിഞ്ഞു തീരാതെ പിന്നെയും ബാക്കി നിൽക്കുമ്പോൾ അതിലേയ്ക്കൊരു പെരുമഴ. ആ പെരുമഴയത്തായിരുന്നു അവൾ അവന്റെ മനസ്സിലേക്ക് ഓടിവന്നു കയറിയത്. ഒരു നിശാ പുഷ്പം പോലെ പരിമളവും പരത്തിക്കൊണ്ട്‌ . ഏതൊരു പ്രണയ കഥയിലെയും പോലെ, സ്വാഭിവകമായി . പക്ഷെ ആ മഴയ്ക്ക്‌ അവളെ പോലെതന്നെ ഒരു വല്ലാത്ത പ്രത്യേകതയുണ്ടായിരുന്നു എന്ന് മാത്രം . പൊരിവെയിലത്ത് പെയ്യുന്ന കറുകറുത്ത മഴ പോലെ ...!
.
പതിവുപോലെ, നിരാശമായ അന്നത്തെ പകലിലെ തണുത്ത കാറ്റിൽ പ്രതീക്ഷകളെ ഒരു നൂലിൽ കെട്ടി ആകാശത്തേക്ക് പറത്തിവിട്ട് , തിരിച്ചു വരുന്നവയെയും കാത്ത് ഉമ്മറത്തിണ്ണയിൽ ... അകത്തളത്തിൽ നിന്നും അമ്മയുടെ കുറുകുറെ കുറുകുന്ന ഹൃദയതാളം ഉമ്മറത്തേയ്ക്ക്കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടും പാടി ...!

കയറി വന്നിട്ടും, തന്റെ തന്നെ മുന്നിൽ നേരെ നിന്നിട്ടും അവൾ പക്ഷെ എന്തുകൊണ്ടാണ് അപ്പോൾ തന്റെ കണ്ണുകളിലേക്കു മാത്രം നോക്കാതിരുന്നത്. അവളുടെ കണ്ണുകളിൽ എവിടെയോ ഒളിപ്പിച്ച തീക്കനലുകൾ ഞാൻ മാത്രം കാണേണ്ട എന്ന് കരുതിയാണോ. അതോ അവൾ നനഞ്ഞ മഴ എന്നിൽ ഒരു കുളിരാകേണ്ട എന്ന് കരുതിയോ. അറിയാൻ ശ്രമിച്ചില്ല അപ്പോൾ പക്ഷെ ...!
.
എന്തിനാണ് അവൾ അപ്പോൾ ഈ മഴയത്തു തന്നെ ഇറങ്ങി വന്നത്. എന്റെ ഹൃദയത്തിലേക്കുള്ള അവളുടെ ആദ്യത്തെ കുടിയേറ്റം ഇങ്ങിനെയായത് എനിക്കിഷ്ട്ടമായില്ല തന്നെ . ആർപ്പും ആരവവും ഒന്നുമില്ലെങ്കിലും ഒരു തണുത്ത കാറ്റുള്ള സന്ധ്യയിലായിരുന്നെകിൽ അതിനൊരു സാഹിത്യ ഭാവമെങ്കിലും ഉണ്ടാകുമായിരുന്നു എന്ന് ഞാൻ ആശിച്ചുപോയി അപ്പോൾ....!
.
ഒരു സാധാരണ മഴയെക്കാൾ എനിക്കിഷ്ടം പെരുമഴകൾ തന്നെയാണ് . നിറയെ കനത്ത വെള്ളത്തുള്ളികൾ തകർത്തു വീഴുന്ന പെരുമഴകൾ .. ഇടയ്ക്കിടെ ഇടിയുടെ ഘോര നാദവും മിന്നലിന്റെ കണ്തെളിച്ചവും കൂടിയാകുമ്പോൾ ആഘോഷം . ഞാൻ ഈ പെരുമാഴകളെ ശരിക്കും പ്രണയിക്കുക തന്നെ ചെയ്യുന്നു. കാരണം , ഇങ്ങിനെയുള്ള പെരുമഴകളിലാണല്ലോ എപ്പോഴും ഞാൻ എന്റെ വേദനകളെ നനയാനും കുതിരാനും ഇട്ടു വെക്കാറുള്ളത് ...!
.
അവളുടെ കണ്‍ വെട്ടത്തുനിന്നും ഞാൻ എന്റെ കണ്‍മിഴികളെ പിൻവലിച്ചത് മറ്റൊരു വേദനയിലേക്ക് . മനപ്പൂർവ മല്ലെങ്കിലും എത്തിപ്പെട്ടത് അവിടെത്തന്നെ. മുറ്റത്ത്‌ താൻ എന്നും നനഞ്ഞു കുതിർന്ന തന്റെ വേദനകളെ ഇളം വെയിൽ നാളങ്ങളിൽ ഉണക്കാനിടുന്ന കുഞ്ഞു തൈമാവിന്റെ താഴതെ ചില്ല അപ്പോൾ കൊളുത്തിയ മിന്നലിൽ പൊട്ടി വീണിരിക്കുന്നു...!
.
അമ്മയാണ് ആ തൈമാവു അവിടെ തന്നെ നട്ടത് . അച്ഛന്റെ ചിതക്ക്‌ വെട്ടിയ കുഞ്ഞു തൈമാവിന്റെ ഓർമ്മയ്ക്ക്‌ . അന്നു വെട്ടിയ ആ മാവ് അച്ഛൻ തന്നെ വെച്ചുണ്ടാക്കിയതാണത്രേ . കാഴ്ചകൾ കാണാൻ മാത്രം പരിചയിച്ച അന്ന് തനിക്കതെല്ലാം കാണാക്കാഴ്ചകൾ മാത്രം . ഊഞ്ഞാലു കെട്ടി അടാറുള്ള ആ തൈമാവിന്റെ നഷ്ടം അച്ഛന്റെ ഓർമ്മകൾക്ക് മെലെയുമായിരുന്നില്ല അപ്പോൾ ...!
.
ആ കാഴ്ച്ചയുടെ വേദനയിൽ നിന്നും തിരിച്ചെതുമ്പോഴേക്കും അവൾ അകത്തേക്ക് ഒരു ചിര പരിചിതയെ പോലെ. ശരിക്കും അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത് തന്നെ. വശ്യ മനോഹരിയായ അവൾ ചലിക്കുമ്പോൾ പുറത്തെ മഴ തുള്ളികൾ പോലും അവളുടെ താളത്തിന് കാതോർക്കും പോലെ . മിന്നലുകൾ അവൾക്ക് നിറം ചാർത്തും പോലെ . അവളിൽ എവിടെയാണ് ഒരു കാമുകീ ഭാവം. എത്ര തിരഞ്ഞിട്ടും അത് മാത്രം കണ്ടെത്താനായില്ല അപ്പോൾ ...!
.
മെല്ലെ തനിക്കു മുന്നിലൂടെ തന്നെ ശ്രദ്ധിക്കുന്നില്ല എന്നപോലെ അവൾ അകത്തേക്ക് അധികാരത്തോടെ കടന്നു പോകുന്നത് എങ്ങിനെയാണ് തനിക്ക് നിർവ്വികാരതയോടെ നോക്കി നില്ക്കാൻ സാധിച്ചത് . ഒരു നിഷേധിയുടെ മുഖത്തേക്കാൾ അപ്പോൾ അവൾ അണിഞ്ഞിരുന്നത്പ ഒരു സഹായിയുടെ ഭാവമായിരുന്നുവോ ... അതോ , തന്നെ കടന്നുപോകുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞു കണ്ടത് സഹതാപത്തിന്റെ ഒരു മങ്ങിയ പുഞ്ചിരിയായിരുന്നുവോ ...!
.
അകത്തളങ്ങൾ.... അമ്മയുടെ ഊർധശ്വാസത്തിന്റെ ഗന്ധത്തിനും ആ ഹൃദയത്തിൽ നിന്നും ഇറ്റു വീഴുന്ന ചോരയുടെ ചുവപ്പിനുമൊപ്പം ഓരോ മുക്കിലും മൂലയിലും ആളുകളുടെ കാൽപ്പെരുമാറ്റം കടന്നു ചെല്ലാത്ത ഓരോ കോണിലും തന്റെ മോഹങ്ങളും സ്വപ്നങ്ങളും താൻ അടുക്കി വെച്ചിരിക്കുകയായിരുന്നല്ലോ . ആരുമറിയാതെ ആരും കാണാതെ ഇത്രയും നാൾ . സ്വരുക്കൂട്ടി വെച്ചതെല്ലാം .... അവിടേയ്ക്ക് എങ്ങിനെയാണ് അവൾ കടന്നു ചെല്ലുക .. അവ അവളെ തിരിച്ചറിഞ്ഞാലോ . അല്ലെങ്കിൽ തിരിച്ചും ....!
.
അമ്മയുടെ രൂപമാണ് ആ വീടിനും അപ്പോൾ. തണുത്തുറഞ്ഞ് നിറം മങ്ങി ജീവൻ മടിക്കുത്തിൽ തിരുകിവെച്ച്‌ ഏന്തി ഏന്തി നടക്കുന്ന തന്റെ അമ്മയുടെ രൂപം. തനിക്കുവേണ്ടി മാത്രം ഇപ്പോഴും വീഴാതെ ഊണുകൊടുത്ത് നിർത്തിയ പോലെ . നഷ്ടബോധത്തിന്റെ കണ്ണീർ തുള്ളികൾക്കിപ്പുറം ഒരു പാഴ്ചെടിക്ക് വെറുതേ വെള്ളവും വളവും കൊടുക്കുന്നു എന്ന ബോധമില്ലാതെ എന്റെ അമ്മ ....!
.
പെട്ടെന്ന് അകത്തു നിന്നും അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ് ആശ്വസിപ്പിക്കും പോലെ ഒരു വിളിയൊച്ച അവന്റെ ഹൃദയത്തിലേക്ക് യാത്ര പറഞ്ഞെത്തവെ അവൾക്കു പുറകെ അകത്തേയ്ക്ക് ഓടിയെത്താൻ അവൻ നന്നേ പാടുപെട്ടു . പക്ഷെ അപ്പോഴേക്കും ഒരു മിന്നലിന്റെ കയ്യും പിടിച്ച് അവൾ അകത്തേയ്ക്ക്പോയ അതേ പോലെ അവനെ നോക്കാതെ അവനു മുന്പിലൂടെ പുറത്തേയ്ക്ക് ..ആ വെളിച്ചത്തിൽ അവൻ വ്യക്തമായും കണ്ടിരുന്നു അവൾക്കപ്പോൾ തന്റെ അമ്മയുടെ രൂപമായിരുന്നെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ajith said...

കാഴ്ചപ്പുറം കാഴ്ചയ്ക്കപ്പുറമായതുപോലെ ഒരു ഫീല്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...