Thursday, October 24, 2019

സ്നേഹത്തിന്റെ സഹജീവിത്വം ...!!!

സ്നേഹത്തിന്റെ സഹജീവിത്വം ...!!!
.
കഴുത്തിൽ നുകം വെച്ച് രണ്ടു കാളകളെ അല്ലെങ്കിൽ രണ്ടു പോത്തുകളെ കൂട്ടിക്കെട്ടി നുകത്തിൽ നിന്നും നീട്ടി എടുക്കുന്ന രണ്ടു കയറുകളിൽ വലിയതായ കമ്പക്കയറിൽ കുട്ടയും ചെറുതായ തുമ്പിക്കയറിൽ തുമ്പിയും കെട്ടി തലക്കുമേലെ വട്ടിലൂടെ കമ്പക്കയറും താഴെ ഉരുളിലൂടെ തുമ്പിക്കയറും കിണറ്റിലേക്കിറക്കി കമ്പക്കയറിൽ കയറിയിരുന്ന് തുമ്പിക്കയർ പിടിച്ച് തേക്കു ചാലിലൂടെ കാളകളെ നീട്ടി നടത്തിയായിരുന്നു അന്നൊക്കെ പറമ്പിലേക്കുള്ള വെള്ളം തേവൽ ...!
.
ഒരിക്കലും വറ്റാത്ത ഒരു അടുക്കളക്കിണറും പിന്നെ പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു കുട്ടിക്കുളവുമാണ് തറവാട്ടിൽ ഉണ്ടായിരുന്നത് . അറ്റ വേനലിൽ പോലും വറ്റാത്ത അവ രണ്ടിലും നിന്നും വീട്ടിലേക്കും അയൽ വീടുകളിലേക്കും ഉള്ള ആവശ്യം കഴിഞ്ഞ് പിന്നെ പറമ്പിൽ തേവാനും ആവശ്യമായ മുഴുവൻ വെള്ളവും ഒരു മഴക്കുഴിയോ മഴവെള്ള സംഭരണിയോ കിണർ റീചാർജ് ചെയ്യലോ ഒന്നുമില്ലാതെ തന്നെ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഇന്നും വലിയ അത്ഭുതം തന്നെ ...!
.
കാലത്ത് അഞ്ചു മണിയോടടുത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ തേക്കുകാരനെത്തും തന്റെ മക്കളെപ്പോലെ കരുതി സ്നേഹിക്കുന്ന ആ കാളകളെയും കൊണ്ട് . വന്നപാടെ അച്ഛമ്മ കരുതിവച്ചിരിക്കുന്ന തലേന്നത്തെ ഭക്ഷണബാക്കിയും ഒക്കെ കൂട്ടിയുള്ള വെള്ളം കുടിപ്പിക്കും . എന്നിട്ടാണ് തേക്കു തുടങ്ങുക . അപ്പോഴേക്കും വല്യമ്മയും ചെറിയമ്മയുമൊക്കെ ഉണർന്നെണീറ്റെത്തും . കൂടെ ഓരോരുത്തരായി മറ്റുള്ളവരും പിന്നാലെ കുട്ടികളും . വല്യമ്മയാണ് വെള്ളം തിരിക്കാൻ പോവുക . നോക്കിയാൽ കാണാത്ത പറമ്പിലെ കഴുങ്ങിനും തെങ്ങിനും വാഴക്കും പച്ചക്കറികൾക്കും ഒക്കെ ആവശ്യംപോലെ വെള്ളം എത്തിക്കാൻ ...!
.
വെള്ളം ഒഴുകുന്ന വലിയ ചാലുകൾക്കു ചുറ്റും ചെറു ചെടികളാണ് നിറയെ വെക്കാറ് . ചീര, ചേന , ചേമ്പ് തുടങ്ങി കാവുത്തും കിഴങ്ങും മഞ്ഞളും ഇഞ്ചിയും ഒക്കെയും ഉണ്ടാകും ഇടയ്ക്കിടെ . കൂടാതെ നാട്ടുമരുന്നുകളും ധാരാളമായി . വെള്ളം ഒഴുകുന്ന വലിയ ചാലിലൂടെ , ഒരു കുഞ്ഞു കൈക്കോട്ടുമായി ചാലുപോട്ടാതെ ശ്രദ്ധിച്ചു നടന്ന് ഈ ചെറുവക ചെടികൾക്കൊക്കെ കാലുകൊണ്ട് വെള്ളം തെക്കി തേവലാണ് ഞങ്ങൾ കുട്ടികളുടെ പണി ...!
.
വെള്ളം തേവുന്ന വലിയ ഇരുമ്പുകൊട്ടയിലൂടെ ചിലപ്പോഴൊക്കെ ചെറുമീനുകളും കയറിവരും . അവയെ നോക്കിപ്പിടിച്ച് തിരികെ കുളത്തിലോ കിണറ്റിലോ കൊണ്ടുപോയിടലും ഞങ്ങൾ കുട്ടികളുടെ പണിതന്നെ . അതുമാത്രം പക്ഷെ ഏറെ ശുഷ്കാന്തിയോടെയാണ് ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് അപ്പോഴൊക്കെ . തിരിക്കാൻ പോകുന്നതിനു കൂലിയായി അടക്ക പറിക്കുമ്പോൾ ഞങ്ങൾക്കും മിഠായിവാങ്ങാനുള്ള പൈസ അച്ഛമ്മ തരാറുള്ളത് ഈ പണികൾക്കുള്ള പ്രചോദനവുമായിരുന്നു അന്നൊക്കെ ...!
.
വീട്ടുകാരുടെ ഒരുവിധമുള്ള തുണികഴുകലും പാത്രം കഴുകലും മറ്റു തുടക്കലും നനക്കലും ഒക്കെയും നടന്നിരുന്നതും ഈ തേക്കിന്റെ സമയത്തുതന്നെയായിരുന്നു . കുട്ടികളുടെ കുളിയും കളികളും കൂടിയും അക്കൂട്ടത്തിൽ നടക്കും . വെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിനു മുൻപ് കിണറ്റിൽ നിന്നും വന്നു വീഴുന്ന ഒരു കുഞ്ഞു കൊട്ടത്തളമുണ്ട് . അവിടെയാണ് ഈ കലാപരിപാടികളൊക്കെ നടക്കാറുള്ളത് . കൂട്ടുകുടുംബമായതിനാൽ വീട്ടുകാർക്കിടയിലെ കുഞ്ഞു അലോസരങ്ങൾക്കും കുട്ടികളുടെ ചെറിയ അടിപിടികൾക്കും വേദിയാകാറുള്ളതും ഇവിടം തന്നെ ...!
.
തേക്കിനിടയിൽ തേക്കുകാരന് ചായയും കൊണ്ട് ചെറിയമ്മയോ മറ്റോ വരുമ്പോൾ കിട്ടുന്ന ഇടവേള ഞങ്ങൾ തേക്ക് പ്രാക്റ്റീസ് നടത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും സ്നേഹമുള്ള ആ പോത്തുകൾ ഞങ്ങളുടെ പരീക്ഷണങ്ങൾക്കും നിന്ന് തരാറുള്ളത് ഏറെ ക്ഷമയോടെത്തന്നെ . തേക്ക് കഴിഞ്ഞ് തേക്കുകാരൻ കാളകളെയും കുളിപ്പിച്ച് വെള്ളം കുടിപ്പിച്ച് തിരികെ കൊടുപോകുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും എന്നും ....!
.
ചിലദിവസങ്ങളിൽ കാളകൾക്കോ പോത്തുകൾക്കോ ഒന്നിന് വയ്യാതായാൽ അവയിലൊന്നിന് പകരമായി ആ തേക്കുകാരൻ തന്നെ നുകത്തിൽ മറ്റേ കാളക്കൊപ്പം നുകം വലിക്കാൻ നിൽക്കാറുള്ളത് അവയെ തന്റെ മക്കളെ പോലെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയെന്ന് ഞങ്ങൾക്കും നന്നായറിയാം . . പശുവും പോത്തുമൊക്കെയും ഒരു രാഷ്ട്രീയ ആയുധമാകുന്നതിനും എത്രയോമുന്നേ സഹജീവികളെ സ്നേഹിക്കുന്നത് എങ്ങിനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അത്തരം ആളുകളുടെ കൂടി ഓർമ്മകളുടെ മുന്നിൽ പ്രണാമത്തോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 17, 2019

ഹൃദയത്തിലൂടെ ........!!!

ഹൃദയത്തിലൂടെ ........!!!
.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ഒരിക്കലും ചിന്തിക്കാത്ത ഒരു സാഹചര്യത്തിൽ , മുഖത്തിൽ ഗൗരവം നിറച്ച് ചുണ്ടിൽ ഒരു കുസൃതിചിരിമാത്രം ബാക്കിവെച്ച് ഏറെ ധൃതിയിൽ ഓടി കയറിച്ചെന്ന് അവളുടെ ആളുകളുടെ മുന്നിൽ നിന്നും ആ കൈകളിൽ ബലമായി കയറി പിടിച്ച് പുറത്തേക്കിങ്ങ് നടത്തിക്കൊണ്ടുവരണം ....!
.
എന്നിട്ട് ആരെയും കൂസാതെ ഒരൽപം പോലും ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അമ്പരന്നുനിൽക്കുന്ന അവളെയും കൊണ്ട് ആ കൈകൾ വിടുവിക്കാതെ പിടിച്ച് ധൈര്യത്തിൽ നടക്കണം . തലയുയർത്തി, അവളുടെ ആളുകൾക്ക് മുന്നിലൂടെ ഏറെ അഭിമാനത്തോടെ അതിലേറെ പ്രണയത്തോടെ ...!
.
നടക്കുന്നതിനിടക്ക് അവളെയൊന്ന് തിരിഞ്ഞു നോക്കണം. അതെ ഗൗരവത്തിൽ, അതെ ബലത്തിൽ , ഒട്ടും പരിചിതമല്ലാത്ത ഭാവത്തിൽ അവളുടെ കണ്ണുകളിലേക്കു മാത്രം . പിന്നെ അവളുടെ കൈയ്യിലെ പിടിവിട്ട്
ആ കൈ അവളുടെ അരക്കെട്ടിലൂടെ വയറ്റിലേക്ക് നീട്ടി , നടത്തം നിർത്താതെ മുറുകെ അവളെയൊന്ന് ചേർത്ത് പിടിക്കണം , അവൾ പോലും പ്രതീക്ഷിക്കാതെ ....!
.
പിന്നെ അവളെയും കാറിന്റെ മുൻസീറ്റിൽ കയറ്റി ഒപ്പമിരുത്തി ആ തിരക്കിലേക്ക് എങ്ങോട്ടെന്നില്ലാതെ ഊളിയിടണം . മരങ്ങൾ ഇലപൊഴിക്കുകയും പൂക്കൾ വിടർന്നുനിൽക്കുകയും ചെയ്യുന്ന ഗ്രാമീണ വഴിയോരങ്ങളിലൂടെയോ പുഴയുടെ കാറ്റേറ്റ് മയങ്ങുന്ന തണലോരങ്ങളിലൂടെയോ ഒന്നും വേണമെന്നില്ലാതെയും ...!
.
തിരക്കിന് നടുവിൽ ആൾക്കൂട്ടത്തിനുള്ളിൽ തനിയെ ഉണ്ടാകുന്ന നിശബ്ദതയുടെ കൂട്ടിൽ ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതെ എങ്ങും ശ്രദ്ധിക്കാതെ മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിച്ചുകൊണ്ട് അവളെയും കൊണ്ടങ്ങ് ഒരു യാത്ര പോകണം , നിറഞ്ഞ പ്രണയത്തോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, October 14, 2019

കരുതലിന്റെ കണക്കു പുസ്തകം ...!!!

കരുതലിന്റെ കണക്കു പുസ്തകം ...!!!
.
വലിയ മൺകലത്തിൽ ചോറ് , കലച്ചട്ടിയിൽ കറികൾ , മൺചട്ടിയിൽ മീനും ഇറച്ചിയും . വിശേഷ അവസരങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ വലിയ ഉരുളികൾ .. സാധാരണ ദിവസങ്ങളിൽ ഇതൊക്കെയും കഴിക്കാൻ കവടി പിഞ്ഞാണങ്ങളോ ചെമ്പു പിഞ്ഞാണങ്ങളോ . വിശേഷാവസരങ്ങളിൽ വലിയ വാഴയില . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും വലിയ ചീനഭരണികളിൽ . പപ്പടം കാച്ചി വെക്കാൻ കാറ്റു കയറാത്ത സ്റ്റീൽ അടുക്കുപാത്രം പുറത്തെ ചവറുകൂട്ടിയിട്ടു കത്തിക്കുന്ന വലിയ അടുപ്പിൽ നെല്ല് പുഴുങ്ങാൻ വലിയ ചെമ്പു പാത്രം ... ഇതൊക്കെയും എന്നും അച്ഛമ്മയുടെ പതിവുകളായിരുന്നു ...!
.
കുളിയും മച്ചിൽ വിളക്കുവെപ്പും പ്രാർത്ഥനയും കഴിഞ്ഞ് ചായയും കുടിച്ച് കാലത്തേ തന്നെ ചോറിനുള്ള അരി അളന്നു കൊടുക്കും മുന്നേ അച്ചമ്മ പുറത്തേക്കൊന്നിറങ്ങിനോക്കും . എന്നിട്ട് അരി അളന്ന് ചെറിയമ്മക്ക് കൊടുക്കുമ്പോൾ പറയും ഇന്ന് വിരുന്നുകാരുണ്ടാകും അതുകൊണ്ടു കുറച്ചു കൂടുതൽ ചോറ് ആയിക്കോട്ടേ എന്ന് . പുറം പണിക്കാർക്കും അകം പണിക്കാർക്കുമുള്ളത് കൂട്ടത്തിൽ കൂടി എന്നും . കൂടാതെ വിശന്നു വരുന്ന ഒന്നോ രണ്ടോ പേർക്കുള്ളത് വേറെ കരുതിവെക്കാനും ...!
.
കാലും മുഖവും കഴുകി കഴിക്കാനിരിക്കുമ്പോൾ നിലത്തു പോകുന്ന വറ്റുകൾ പാത്രത്തിലേക്ക് പെറുക്കിയിട്ടു കഴിക്കണമെന്നാണ് .. അന്നം ദൈവമാണെന്നും, കഴിക്കുമ്പോൾ കളയരുതെന്നും, ആവശ്യത്തിനുള്ളത് മാത്രമേ വാങ്ങാൻ പാടുള്ളു എന്നും , വാങ്ങിയത് മുഴുവൻ കളയാതെ കഴിക്കണമെന്നും, കഴിക്കുമ്പോൾ മിണ്ടരുതെന്നും, തമ്പുരാൻ തന്നെ വന്നു വിളിച്ചാലും ഉണ്ണുമ്പോൾ എഴുന്നേൽക്കരുതെന്നും അച്ഛമ്മയുടെ മാത്രമല്ലാത്ത അലിഖിത നിയമങ്ങളും ..!
.
എഴുതിവെക്കാത്ത കണക്കു പുസ്തകവുമായി അച്ചമ്മ കൂട്ടുന്ന കണക്കുകളിൽ ഒരിക്കലും ആർക്കും ഒന്നും തികയാതെ വന്നിട്ടില്ലാത്തത്‌ വലിയ അത്ഭുതം തന്നെ . ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വൈകുന്നേരത്തെ പഴംപൊരി പോലുള്ള ചെറു പലഹാര കടികൾ , പ്രത്യേകമായുണ്ടാക്കുന്ന പായസമോ മറ്റെന്തെങ്കിലുമോ , എന്തുതന്നെയായാലും അപ്രതീക്ഷിതമായി കയറിവരുന്നവരടക്കം ആർക്കും കിട്ടാതെ പോകാതെ കൃത്യമായി വിളമ്പാൻ അച്ചമ്മക്കാവുന്നത് ഏതു മാന്ത്രിക കണക്കുകൊണ്ടാണെന്ന് വിചിത്രം തന്നെ ...!
.
പ്രഭാത ഭക്ഷണത്തിന് ദോശയോ ഇഡ്ഡലിയോ പുട്ടോ കൊഴുക്കട്ടയോ ഒക്കെ കൂടാതെ , വേണ്ടവർക്ക് കഴിക്കാൻ പഴംചോറും . കൂട്ടിക്കഴിക്കാൻ തലേന്നത്തെ മീന്കറിയോ കട്ടത്തൈരോ . ചേമ്പും ചേനയും താളും തകരയും ഒക്കെ ഉച്ചക്കത്തെ കറികളാകുമ്പോൾ പിന്നാമ്പുറത്തെ പറമ്പിൽ വിളയുന്ന കായയോ പയറോ കൂർക്കയോ ഒക്കെ ഉപ്പേരിയും മെഴുക്കുപുരട്ടിയുമാകുന്നു . കാലാനുസൃതമായി പറമ്പുകളിൽ സ്വന്തമായി തന്നെ ഉണ്ടാകുന്ന മാങ്ങയും ചക്കയും മുരിങ്ങയും ഇരുമ്പാമ്പുളിയും ഒക്കെയും കറികൾക്ക് പാത്രമാകുന്നത് ഒരിക്കലും മടുക്കാതിരുന്നിരുന്നത് അവയോരോന്നും ഓരോ ദിവസവും ഉണ്ടാക്കുന്ന രീതിയിലെ വൈവിധ്യവുമായിരുന്നു ...!
.
പശുക്കളും ആടുകളും ആവശ്യത്തിന് മാത്രമല്ലാതെയും കൂടെയുണ്ടാകുമ്പോൾ കോഴികളും എന്തിന് , പറമ്പിലെ കുളത്തിൽ നിറയെ വളരുന്ന മീനുകളും വിഭവങ്ങളുമാകാറുണ്ട് പലപ്പോഴുമുള്ള വിശേഷാവസരങ്ങളിൽ . വീട്ടിലെ അവശേഷിപ്പുകൾ മാത്രമല്ലാതെ അച്ഛമ്മയുടെ കരുതലുകളും ഇവക്കു തികയാത്ത ഭക്ഷണമാകാറുള്ളത് അതിശയത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത് എപ്പോഴും ... !
.
വെക്കുന്നതിനും വിളമ്പുന്നതിനും പോരാതെ കഴിക്കുമ്പോൾ എപ്പോഴും തൃപ്തിയും ഇഷ്ടവും മാത്രം കിട്ടാൻ മാത്രം ആ കൈകളുടെ പുണ്യം മനസ്സിന്റെ നന്മയും കൂടിയാണെന്ന് ഇപ്പോൾ ഓർക്കുന്നു . അറിയാത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അത് രുചികരമാകുന്നത് അതിൽ അൽപ്പം സ്നേഹം കൂടി ചേർക്കുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എപ്പോൾ വിശക്കുമ്പോഴും ഏതു പാതിരാത്രിയിൽ ഓടിച്ചെന്നാലും എന്തെങ്കിലും തിന്നാൻ കരുതിയിട്ടുണ്ടാകുന്ന ആ അക്ഷയപാത്രം തീരാനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എന്നും മായാതെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 7, 2019

കനലിലെരിഞ്ഞ് .... !!!

കനലിലെരിഞ്ഞ് .... !!!
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, September 28, 2019

ഒന്ന് ചാരിയിരിക്കാൻ ....!!!

ഒന്ന് ചാരിയിരിക്കാൻ ....!!!
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 25, 2019

പ്രണയമേ, നിന്നെ .... !!!

പ്രണയമേ, നിന്നെ .... !!!
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 4, 2019

വിശപ്പ് ...!!!

വിശപ്പ് ...!!!
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, June 26, 2019

ചില ദൂരങ്ങൾ ....!!!

ചില ദൂരങ്ങൾ ....!!!
.
ചില ദൂരങ്ങളിലേക്കുള്ള യാത്രകൾ
ഏറെ ദുർഗ്ഗടവും ദുഷ്കരവുമാകും .
കാടും കടലും കടന്ന്
ഏറെ സമയമെടുത്ത് ,
എങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തുന്നത്
തികച്ചും സന്തോഷത്തോടെയാകും
ആയാസരഹിതമായി , ആഘോഷത്തോടെ ...!
.
എന്നാൽ
മറ്റു ചില ദൂരങ്ങൾ
നമ്മെ ഏറെ കൊതിപ്പിക്കുകയും
മോഹിപ്പിക്കുകയും ചെയ്തുകൊണ്ട്
തൊട്ടടുത്താകും .
നമുക്ക് കാണാവുന്ന
കയ്യെത്തും ദൂരത്ത് .
പക്ഷെ എത്ര യാത്രചെയ്താലും
ഒരിക്കലും എത്തിപ്പെടാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 16, 2019

അച്ഛനാകണം, ...എനിക്കും... !!!

അച്ഛനാകണം, ...എനിക്കും... !!!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകളുടെ...!
അവൾക്ക് മറ്റു പുരുഷൻമാരെ
നോക്കിക്കാണാനുള്ള
മാതൃകയായി ...!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകന്റെ ...!
ഒരച്ഛൻ എങ്ങിനെയാകണമെന്ന്
കണ്ടു പഠിക്കാനുള്ള
അനുഭവമായി ...!
.
പിന്നെ
എനിക്കൊരു മകനുമാകണം
എന്റെ മകൻ
എങ്ങിനെയുള്ള അച്ഛനാകണമെന്ന്
അവന് തിരിച്ചറിയാൻ വേണ്ടിയും ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 21, 2019

ഓരോ വോട്ടും ...!!!

ഓരോ വോട്ടും ...!!!
.
അഴിമതിനടത്താൻ മാത്രമെന്നോണം അധികാരത്തിലേക്ക് നടന്നടുക്കുന്ന ഒരുകുടുംബം മാത്രം നയിക്കുന്ന രാഷ്ട്രീയം ഒരുവശത്ത് . മതമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടുതന്നെ മത ദ്രുവീകരണവും അക്രമവും ഏകാധിപത്യ പ്രവണതയും കൊണ്ടുനടക്കുന്ന മറ്റൊരു രാഷ്ട്രീയം അപ്പുറത്ത് . കയ്യിട്ടുവാരാൻ വേണ്ടിമാത്രം രാഷ്ട്രീയം ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകൾ വേറെയൊരിടത്ത് . ഇതിനെല്ലാം പുറമെ ദേശീയതയെന്നാൽ തങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ദേശത്തിൽ വർഗ്ഗീയത വളർത്തുന്നവർ മറ്റൊരിടത്തും .....!
.
അപ്പോൾ നമ്മൾ തീർച്ചയായും രാഷ്ട്രീയമായി ചിന്തിക്കുകതന്നെ വേണം . താന്താങ്ങളുടെ സമ്മതിദാനാവകാശം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് . നമ്മെ ഭരിക്കാനുള്ള നമ്മുടെ വിലയേറിയ ഓരോ വോട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 7, 2019

കാടുകൾ , കാടുകൾ ...!!!

കാടുകൾ , കാടുകൾ ...!!!
.
തീർത്തും മനുഷ്യനിർമ്മിതമായ പ്രളയത്തിന് ശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയും കഴിഞ്ഞാൽ വീണ്ടുമൊരു മഴക്കാലമാണ് വരാൻ പോകുന്നത് . ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ പ്രവചനാതീതമായിരിക്കെ നമ്മൾ തീർച്ചയായും എന്തിനെയും നേരിടാൻ തയ്യാറായിരിക്കുക തന്നെ വേണം ഇനിയങ്ങോട്ട് എല്ലായ്‌പോഴും ....!!!
.
മഴയായി പെയ്യുന്ന ജലം സംഭരിക്കപ്പെടാൻ സാധ്യമായത് ഡാമുകളും പുഴകളും തോടുകളും മഴക്കുഴികളും
മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നുതുടങ്ങുന്ന നമ്മുടെ അജ്ഞതയും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു . സത്യത്തിൽ മഴയായി പെയ്യുന്ന മുഴുവൻ ജലവും ഭൂമിക്ക് പുനരുപയോഗത്തിനായി സംഭരിച്ചുവെക്കുനന്തിൽ പ്രധാനപങ്ക് വഹിച്ചിരുന്നത് കാടുകൾ ആയിരുന്നു എന്നതാണ് സത്യം ...!
.
ഇടതൂർന്ന കാടുകളുടെ അടിവശങ്ങൾ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ചാണ് പ്രധാനമായും ജലം സംഭരിച്ചു വെച്ചിരുന്നത് . പിന്നെ കാടുകളിലെ മരങ്ങളുടെ വേരുകൾ മഴവെള്ളം തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഇടയാക്കിയിരുന്നു . ഇതൊക്കെയും നമ്മൾ വളരെ ചെറിയ ക്ലാസ്സുകളിൽ പോലും പഠിച്ചിരുന്നതുമാണ് .....!
.
ഇന്നാകട്ടെ കേരളത്തിലെ കാടുകളിൽ 90 % വും നാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങളും പാടേ താളം തെറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു . വനം കയ്യേറ്റങ്ങൾക്ക് സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനിൽക്കുന്നതോടെ അവശേഷിക്കുന്ന ശരിയായ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും വനസംരക്ഷണത്തിൽനിന്നുപോലും പുറത്താവുകയും ചെയ്യുന്നു . ...!
.
കാടുകൾ തന്നെയാണ് പ്രകൃതിയുടെ , ആവാസവ്യവസ്ഥയുടെ നെടുംതൂണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുകതന്നെ ചെയ്യും . മഹാ പ്രളയങ്ങളും കൊടും വരൾച്ചകളും ഇനിയും ആവർത്തിക്കുകയും ചെയ്യും .
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, April 3, 2019

കർണ്ണം , കാരുണം .....!!!

കർണ്ണം , കാരുണം .....!!!
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 2, 2019

കാഴ്ചകൾ ...!!!

കാഴ്ചകൾ ...!!!
.
ഓരോ കാഴ്ചകളും
ഓരോ വിധമാണ്
കാണുന്നവരുടെയും
കാണിക്കുന്നവരുടെയും
മനോധർമ്മമനുസരിച്ച്
പക്ഷെ ,
കാണുന്ന രൂപങ്ങൾ
മാറിമറിയുമെന്ന് മാത്രം ...!
.
ഇടതുകണ്ണുകൊണ്ടു
കാണുന്നതും
വലതുകണ്ണുകൊണ്ടു
കാണുന്നതും
തമ്മിൽ പോലും
വ്യത്യാസമുണ്ടെന്നിരിക്കെ
രൂപങ്ങൾ എങ്ങിനെ
വ്യത്യസ്തമാകാതിരിക്കും ...!
.
കാണുന്നതിനപ്പുറവും
കണ്ടത്തിനിപ്പുറവും
കാഴ്ചകൾക്ക്
രൂപങ്ങളുണ്ടെന്നതും
സത്യം ....!
.
എന്നിട്ടും , കാഴ്ച,
കണ്ണുകൊണ്ടും മനസ്സുകൊണ്ടും
കൂടി , കൂടിയാകാൻ
ആരും കണ്ണുതുറക്കുന്നുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, February 18, 2019

രണ്ടു തരം മനുഷ്യർ ...!!!

രണ്ടു തരം മനുഷ്യർ ...!!!
..
ഇപ്പോഴുള്ളത്
രണ്ടു തരം മനുഷ്യരാണത്രെ
ഒന്ന് ഓൺലൈനിൽ ജീവിക്കുന്നവരും
മറ്റേത് ഭൂമിയിൽ ജീവിക്കുന്നവരും ....!
...
ഭൂമിയിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കാലുകളിലേക്കും
ഓൺലൈനിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കണ്ണുകളിലേക്കും
നോക്കിയാൽ മതിയത്രെ ...!
...
കാരണം
ഭൂമിയിൽ ജീവിക്കുന്നവർ
മനുഷ്യരേപോലെ സാധാരണക്കാരും
ഓൺലൈനിൽ ജീവിക്കുന്നവർ
ദൈവങ്ങളെപോലെ
സർവ്വം തികഞ്ഞവരും ആയിരിക്കുമത്രേ ...!!!
...
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, February 5, 2019

ദൈവം വികൃതികാട്ടുമ്പോൾ ...!!!

ദൈവം വികൃതികാട്ടുമ്പോൾ ...!!!
.
സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത കൃത്യങ്ങൾ ചെയ്യിച്ച ശേഷം , ലേപനങ്ങൾ തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് സുഗന്ധ തൈലം പൂശി പട്ടുവസ്ത്രങ്ങൾ ഉടുപ്പിച്ച് ആടയാഭരണങ്ങൾ അണിയിച്ച് നമ്മളെ അണിയിച്ചൊരുക്കും . എന്നിട്ട് സപ്രമഞ്ചത്തിൽ വിശാലമായ തൂശനിലയ്ക്കുമുന്നിൽ വിരുന്നിനിരുത്തും . നെയ്യും മധുരവുമടക്കം വിഭവങ്ങൾ ഓരോന്നായി ദൈവം സ്വർണ്ണതാലത്തിലെടുത്ത് നേരിട്ട് വിളമ്പാൻ തുടങ്ങും . അവസാനം ചോറുമായി വന്ന് മുന്നിൽ നിന്നിട്ട് അത് വിളമ്പാൻ പാകത്തിൽ നമ്മൾ ഇല പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഒരു മുങ്ങലങ്ങു മുങ്ങും ആ ചോറിൻ പാത്രവും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നമ്മളെ അവിടെയുപേക്ഷിച്ച് ...... !
.
എന്ത് ചെയ്യണമെന്നറിയാതെ അപ്പോൾ നമ്മളൊന്ന് വികാര വിവശരാകും . ചിലപ്പോൾ നമ്മൾക്കൊന്ന് ഉറക്കെ കരയാൻ തോന്നും . ഒന്നും ചെയ്യാനാകാതെ നിരാശയോടെ നിസ്സഹായതയോടെ അപമാനിതനായി പോകും അവിടെ . ആരുമില്ലാതെ , ഒന്നുമില്ലാതെ ഒന്നും ചെയ്യാനാകാതെ ....... അതൊരു പരീക്ഷണ ഘട്ടമെന്ന് നമ്മൾ തിരിച്ചറിയാൻ പാടുപെടും പക്ഷെ അപ്പോൾ ശരിക്കും .....!

അവിടെയാണ് നമ്മൾ നമ്മളാകേണ്ടത് . നമ്മെ തിരിച്ചറിയേണ്ടതും . വിഭവങ്ങളൊക്കെ വിളമ്പിവെച്ച ആ ഇല മറ്റൊരിലകൊണ്ടു മൂടിവെച്ച് അവിടുന്നെഴുന്നേറ്റ് മുണ്ടും മടക്കിക്കുത്തി നേരെ അടുക്കളയിൽ ചെന്ന് അരി തപ്പിയെടുത്ത് കഴുകി അടുപ്പത്തിട്ട് വേവിച്ച് , ആ ചോറുമായി വന്ന് , മറ്റൊരു നാക്കിലയെടുത്ത് അടുത്ത് തന്നെയിട്ട് അതിലേക്ക് തന്റെ എല്ലാ വിഭവങ്ങളിൽ നിന്നും കുറേശ്ശേയെടുത്ത് വിളമ്പി , പിന്നെ ചോറും വിളമ്പി മറഞ്ഞുപോയ ദൈവത്തെയും അടുത്ത് വിളിച്ചിരുത്തി ആ ഉള്ള കറികൾ എല്ലാം വേണ്ട വിധം കൂട്ടി വയറുനിറയെ ചോറുണ്ണണം . അഭിമാനത്തോടെ ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, January 16, 2019

കച്ചവടം ...!!!

കച്ചവടം ...!!!
.
മനുഷ്യൻ
മനുഷ്യനെ തന്നെ
കച്ചവടം നടത്തുന്നതാണ്
ലോകത്തിലെ
ഏറ്റവും വലിയ
കച്ചവടങ്ങളിലൊന്ന്
എന്നതിനേക്കാൾ
നിരാശാജനകമായ
മറ്റെന്താണുള്ളത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 13, 2019

അതിരുകളുടെ അരുതുകൾ ...!!!

അതിരുകളുടെ അരുതുകൾ ...!!!
..
അരുതുകളുണ്ടെങ്കിലും
അതിരുകളില്ലാത്ത
ഒരു ലോകത്തുനിന്നും
അരുതുകളില്ലാതെ
അതിരുകളുള്ളൊരു
ലോകത്തിലെത്തിയപ്പോൾ
അതിരുകളും
അരുതുകളും
ഒന്നാകുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, January 3, 2019

ഒരുപെണ്ണും അഞ്ചാണും ....!!!

ഒരുപെണ്ണും അഞ്ചാണും ....!!!
.
അഞ്ചാണുങ്ങളുടെ കൂടെ ഒരേ സമയം ഒരുമിച്ച് ഒരു സംഭോഗത്തിലേർപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൊരാളാവാൻ താത്‌പര്യമുണ്ടോ എന്നുമുള്ള അവളുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെയാണ് ഇല്ലെന്ന് അയാൾ ഉത്തരം പറഞ്ഞത് . അതവളെ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും മറുപടി ഒരു പരിഹാസചിരിയിലൊതുക്കി അവൾ അയാളെ നോക്കിയപ്പോൾ അയാൾ തികച്ചും സഹതാപത്തോടെ മാത്രം തിരിച്ചു നോക്കിയത് അവളിൽ അലോസരമുണ്ടാക്കി ...!
.
കടലിൽ , ആകാശത്തിൽ , അടുക്കളയിലും കിടപ്പറയിലും പിന്നെ സ്വപ്നത്തിലും ... അഭിമാനത്തോടെയാണ് അവൾ അതെല്ലാം ഓർത്തിരുന്നത് . മോഹിച്ചിരുന്നത് . ഉടലാഴങ്ങളിലേക്കൂളിയിടാൻ കൊതിക്കുന്ന ഓരോ അണുവിന്റെയും അകത്തിലൂടെയുള്ള ഒരു സ്വപ്ന യാത്ര അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു അപ്പോൾ . നനുത്ത മഞ്ഞു നനഞ്ഞ് . കുളിരുള്ള മഴ നനഞ്ഞ് , തുടുത്ത വെയിൽ കാഞ്ഞ് ...!
.
അകത്തളങ്ങളിൽ ആരവങ്ങളൊന്നുമുണ്ടായിരുന്നില്ല . കോട്ടും കുരവയുമില്ലായിരുന്നു . അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും ആകെ ഒരുതസവാന്തരീക്ഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത് എപ്പോഴും . ഓരോ ദേഹങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതിന്റെ ആലസ്യം . ഓരോ പുരുഷ ബീജങ്ങളും തന്നിലെത്താനാകാതെ, തന്നെ തൊടാനാകാതെ തനിക്കുമുന്നിൽ തളർന്ന് തലതല്ലി ചാവുന്നത് അവൾ ഉന്മാദത്തോടെ നോക്കിക്കണ്ട് ചിരിച്ചിരുന്നു അപ്പോഴെല്ലാം .....!
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കും, മറ്റൊന്നിൽ നിന്നും വേറെയൊന്നിലേക്കും അനുസരണയുള്ളൊരു കുട്ടിയെ പോലെ നടന്നു കയറുമ്പോൾ ഓരോരുത്തരെയും അവരവരുടെ ഇടങ്ങൾ നൽകി കൂടെ ചേർത്തുനിർത്തുന്നു എന്ന് ഓരോരുത്തരോടും അഭിമാനത്തോടെ പറയുന്നത് അയാളും കാണുന്നുണ്ടായിരുന്നു . പരകായ പ്രവേശം നടത്തി പരമാണു പ്രവേശം നടത്തി ഒടുവിൽ കന്യകയാണ് താനെന്ന് ഉറക്കെ പറയുന്നിടം വരെയും ...!
.
എന്നിട്ടും അവൾ ആഗ്രഹിച്ചുകൊണ്ടേയിരുന്നു . അങ്ങിനെതന്നെ. ഓരോ ആണും തന്റേതു മാത്രമെന്നും, തന്നിലേക്കുണരാനും ഉറങ്ങിയെണീക്കാനും അവർക്കോരോരുത്തർക്കും തന്നിൽ തന്നെ യഥേഷ്ടം ഇടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ . പക്ഷെ അപ്പോഴും അയാൾ ചിന്തിച്ചുകൊണ്ടിരുന്നത് , എങ്ങിനെയാണ് അവൾ അഞ്ചാണുങ്ങളെ ഒരേ സമയം ഭോഗിക്കുക എന്ന് തന്നെയായിരുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 24, 2018

അപലപനീയം, ഈ നാടകങ്ങൾ ...!!!

അപലപനീയം, ഈ നാടകങ്ങൾ ...!!!
.
ഈ നവോത്ഥാന കാലഘട്ടത്തിലും ആദിവാസികൾ അവഗണനമൂലം മരിച്ചു വീഴുന്ന ഒരു നാട്ടിൽ , അതി അത്യാവശ്യമായ അവകാശങ്ങൾക്കു വേണ്ടി പോലും മഹാദുരിതമനുഭവിക്കുന്നവർ പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു നാട്ടിൽ , പ്രൈമറി തലത്തിലെ കുട്ടികൾ പോലും സെക്സിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ , എന്തിനേറെ, മനസ്സമാധാനത്തോടെ സ്ത്രീകൾക്കൊന്ന് മൂത്രമൊഴിക്കാൻ പോലും ഒരു പൊതു സ്ഥലമില്ലാത്ത നാട്ടിൽ , മനപ്പൂർവ്വം വർഗ്ഗീയ സംഘടനകൾക്കും ജാതിക്കോമരങ്ങൾക്കും അവസരവാദ രാഷ്ട്രീയക്കാർക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തുകൊണ്ട് സർക്കാർ കളിക്കുന്ന ശബരിമല നാടകത്തെ ഞാൻ വ്യക്തിപരമായി അപലപിക്കുന്നു . തികച്ചും മനുഷ്യനിർമ്മിതമായ ഒരു മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലാണ് ഈ അപഹാസ്യമായ നാടകങ്ങൾ നടത്തുന്നതെന്ന് സർക്കാർ തീർച്ചയായും ഓർക്കുകതന്നെ വേണം .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .

Thursday, December 20, 2018

സ്ഥാനമാനങ്ങൾ ...!!!

സ്ഥാനമാനങ്ങൾ ...!!!
.
സ്ഥാനമാനങ്ങൾ എന്നത്
ഒരു പകരക്കാരൻ
വരും വരെയുള്ള
താത്കാലിക
ഇരിപ്പിടം മാത്രമെന്ന്
തിരിച്ചറിയുന്നിടത്ത്
സ്ഥാനങ്ങൾക്കും
മാനമുണ്ടാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 17, 2018

എനിക്കും ഒരലമാര വേണം ...!!!

എനിക്കും ഒരലമാര വേണം ...!!!
.
ഓർമ്മകളില്ലെങ്കിലും
ഓർമ്മിക്കാനില്ലെങ്കിലും
സൂക്ഷിക്കാൻ
എനിക്കും വേണം
ഒരലമാര ....!
.
ചിത്രപ്പണികൾ ചെയ്ത -
അറകളിൽ കൈതപ്പൂവിട്ടു
മണം വരുത്തിയ -
പട്ടുതൂവാലകൾ വിരിച്ച
നല്ലൊരലമാര ...!
.
ആദ്യത്തേതോ അവസാനത്തേതോ
അവസരങ്ങളിലെയോ
അനവസരങ്ങളിലെയോ
സമ്മാനങ്ങൾ കാത്തു സൂക്ഷിക്കാൻ
പഴയൊരു അലമാര ...!
.
ഒഴിഞ്ഞ കയ്യുമായി പോലും
വരുവാനാരുമില്ലെങ്കിലും
മോഹങ്ങൾക്കെങ്കിലും
ഒരുങ്ങിയിരിക്കാൻ
ഉറപ്പുള്ളൊരലമാര ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, December 13, 2018

കുപ്പായം ...!!!

കുപ്പായം ...!!!
.
കുപ്പായം
അങ്ങിനെത്തന്നെയായിരിക്കണം .
ദേഹത്തിനിണങ്ങി
മനസ്സിനിണങ്ങി
തന്നോട് താൻ ചേർന്ന് ......!
.
ഞാൻ നനയുമ്പോൾ
നനയുകയും
ഞാനുണങ്ങുപോൾ
ഉണങ്ങുകയും ചെയ്യുന്ന
നല്ല കുപ്പായം ...!
.
ഞാൻ വിയർക്കുമ്പോൾ
വിയർക്കുകയും
ഞാൻ വറ്റുമ്പോൾ
വറ്റുകയും ചെയ്യുന്ന
സ്വന്തം മണങ്ങൾ
നിലനിർത്തുന്ന
നിറമുള്ള കുപ്പായം ...!
.
ഒരിക്കലും മാറാതെ
ഒറ്റയായി ,ഒന്നായി,
ഒറ്റക്കുപ്പായം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, December 9, 2018

ഉപദേശകർ ....!!!

ഉപദേശകർ ....!!!
.
വാഴ്ത്തുന്നതും
വീഴ്ത്തുന്നതും
ഉപദേശകർ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
ഉപദേശങ്ങൾക്കും
വിലയേറുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, December 6, 2018

കണ്ണാടികൾ കാണുന്നത് ....!!!

കണ്ണാടികൾ കാണുന്നത് ....!!!
.
കണ്ണാടികൾ
കാണിക്കുന്നത്
പ്രതിബിംബങ്ങൾ
മാത്രമല്ല
തന്നെ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
കണ്ണാടികൾ
കണ്ണുകളുമാകുന്നു
തന്നിലേക്ക് തന്നെയുള്ള
നിറഞ്ഞ കണ്ണുകൾ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 18, 2018

വിശ്വാസത്തിന്റെ ജനാധിപത്യം ...!!!

വിശ്വാസത്തിന്റെ ജനാധിപത്യം ...!!!
.
വിശ്വസിക്കുന്നവനും
വിശ്വസിക്കാത്തവനും
വിശ്വാസത്തിനുവേണ്ടി
വിലപേശുന്ന
വിശ്വാസത്തിന്റെ ജനാധിപത്യം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

നിഴൽ രൂപങ്ങൾ ...!!!

നിഴൽ രൂപങ്ങൾ ...!!!
.
ഓരോ രൂപവും
തന്നിൽ നിന്നും
താനായി
തന്റെ തന്നെ
നിഴലായി
മാറുമ്പോൾ
നിഴലുകളില്ലാതെ
രൂപങ്ങളും
രൂപങ്ങളില്ലാതെ
നിഴലുകളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 13, 2018

ദൈവീകം ...!!!

ദൈവീകം ...!!!
.
നീ ഞാനും
ഞാൻ നീയും
ആകുന്നതിനേക്കാൾ
മഹത്തരമാണ്
നീ നീയും
ഞാൻ ഞാനും
ആയിത്തീരുന്നതെന്ന്
തിരിച്ചറിയുന്നിടത്ത്
നമ്മളും
ദൈവീകവുമാകുന്നു ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 12, 2018

വരികളിലെ അവസാനക്കാരൻ ...!!!

വരികളിലെ അവസാനക്കാരൻ ...!!!
.
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും അവൻ ഒന്നാശ്വസിച്ചിരുന്നത് . തനിക്കു പുറകിൽ ഇനിയും ഏറെ പേരുണ്ടല്ലോ എന്നത് അവനെ വീണ്ടും ആ വരിയിൽ നില്ക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു . അല്ലെങ്കിൽ തന്നെയും അവിടെ അങ്ങിനെ കാത്തു നിൽക്കുകയല്ലാതെ മറ്റെന്താണ് അവന്റെ മുന്നിൽ ഒരു വഴിയുണ്ടായിരുന്നത് അപ്പോൾ ...!
.
നനുത്തതെങ്കിലും കീറി തുടങ്ങിയ ആ പഴഞ്ചൻ കുപ്പായത്തിനുള്ളിലൂടെ കടന്നെത്താൻ പാകത്തിൽ അപ്പോഴും തണുപ്പ് പടർന്നു നിൽക്കുന്ന ആ പകൽ ചൂടിൽ അവൻ വിയർക്കാതിരുന്നത് ക്ഷീണം കൊണ്ടല്ലെന്നും തോന്നി . വിയർക്കാനുള്ള വെള്ളം പോലും അപ്പോൾ സത്യത്തിൽ അവന്റെ ശരീരത്തിൽ ഇല്ലാതിരുനന്ത്‌ കൊണ്ട് തന്നെയായിരിക്കണം . എന്നിട്ടും അകത്ത് , കത്തുന്ന വയറുകളുടെ പൊള്ളുന്ന ചൂട് അവനെ ശരിക്കും ഉഷ്ണിപ്പിച്ചിരുന്നു വല്ലാതെ ....!
.
വരി അപ്പോഴും മുന്നിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരുന്നു മെല്ലെയെങ്കിലും . പ്രതീക്ഷയോടെ അവനും . അവനു പുറകിൽ നിന്നും അവന്റെ മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നവരെ തടയാൻ അവൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു . വേദനകളും കണ്ണീരും, പ്രാക്കുകളും ശാപങ്ങളും ആക്രോശങ്ങളും നിരാശകളുടെ നെടുവീർപ്പുകളും അവൻ അപ്പോഴെല്ലാം ചുറ്റിലും നിന്നും അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു, അതിനിടയിൽ ....!
.
തണുപ്പിൽ നിന്നും ചൂടിലേക്കെന്ന പോലെ തിരിച്ചും ചൂടിൽ നിന്നും തണുപ്പിലേക്ക് പകൽ മായുന്നത് തിരിച്ചറിയാൻ തുടങ്ങിയ, അപ്പോഴാണ് അവനെ സമയം ഭീതിതപെടുത്താൻ തുടങ്ങിയതും . ഇനി ഏതാനും വാരകൾ മാത്രം. മുന്നിൽ എണ്ണിയാൽ തീരുന്നതെങ്കിലും ഇനിയും കുറച്ചു പേരും . തനിക്കു മുന്നിലുള്ളവരുടെ വെപ്രാളവും അവരുടെ പ്രതീക്ഷയും തന്നിലേക്കും ആവേശിക്കുനന്തു അവൻ അനുഭവിച്ചു നിന്നു ...!
.
ഇനി രണ്ടു പേരുകൂടി കഴിഞ്ഞാൽ തന്റെ ഊഴം . തനിക്കു കിട്ടാനുള്ള ഈ വീതവുമായി വേണം വേഗം വീട്ടിലെത്താൻ. ഇന്നേക്ക് മാത്രമല്ല, നാളേയ്ക്കും മറ്റെന്നാലേയ്ക്കും വേണ്ടി ഇത് കൂടിയേ തീരു . അവിടെ കാത്തിരിക്കുന്നവരുടെ ജീവനും ജീവിതവും തന്റെ ഈ ഊഴത്തിൽ എണ്ണപ്പെട്ടിരിക്കുന്നത് അവനെ അസ്വസ്ഥനാക്കിയിരുന്നു വല്ലാതെ .....!
.
അപ്പോൾ തന്നെയാണ് അവനുമുന്നിൽ ഘടികാരം അതിന്റെ അധികാരദണ്ഡുമായി നിറഞ്ഞു നിന്നത് . വഴിതടഞ്ഞുകൊണ്ട് അത് തന്റെ ഊഴത്തിന് തൊട്ടു മുന്നിൽ തന്റെ അവസരം തടഞ്ഞു നിന്നപ്പോൾ അവൻ നെറ്റിയിൽ ആദ്യമായി പൊടിഞ്ഞ വിയർപ്പുതുള്ളി മെല്ലെ കൈകൊണ്ട് തൊട്ടെടുത്തു നാക്കിൽ വെച്ചു . എന്നിട്ട്
തിരിഞ്ഞു നടക്കാൻ തുടങ്ങി , തനിക്കുള്ള അടുത്ത വരികൾ തേടിക്കൊണ്ട് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 31, 2018

ഒരു പുഴയും , പിന്നൊരു മലയും ....!!!

ഒരു പുഴയും , പിന്നൊരു മലയും ....!!!
.
ഒരു പുഴയാണ് നമ്മളെ ഒന്നിപ്പിച്ചത്
അതിനെ വേറിട്ടൊഴുകാൻ നിർബന്ധിച്ചത്
അതിനെ കയറഴിച്ചു വിട്ടത്
നമ്മൾ തന്നെയാണെങ്കിലും
നമ്മുടേതെല്ലാം കൊണ്ടുപോയാണെങ്കിലും
അതൊഴുകി കയറിയത്
നമ്മുടെ ഹൃദയത്തിലേക്കായിരുന്നു ...!
.
ഒരു മലയാണ് നമുക്കിപ്പോൾ
മുന്നിൽ നിറഞ്ഞു നിൽക്കുന്നത് ,
മുന്നും അതവിടെ ഉണ്ടായിരുന്നെകിലും
അന്നതൊരു തുരുപ്പുചീട്ടായിരുന്നില്ല ,
നമ്മളെ ഭരിക്കുന്നവർക്കും
നമുക്ക് ഭരിക്കേണ്ടവർക്കും ...!
.
പുഴ, കൊണ്ട്പോയതൊന്നും
നമുക്കിനിയും തിരികെ കിട്ടിയിട്ടില്ല
മലയാണെങ്കിൽ , അത് അതിലേക്ക്
കയറുന്നവരെ മാത്രം
കാത്തിരിക്കുകയും ചെയ്യുന്നു ... !
.
മലയും നമുക്ക് വേണ്ടത് തന്നെ
പുഴയും നമുക്ക് വേണ്ടത് തന്നെ
പക്ഷെ ,
ആ മലയും പുഴയും
അതാതിന്റെ ഇടങ്ങൾക്കൊപ്പം
നമ്മൾ വേർതിരിച്ചില്ലെങ്കിൽ
അതിനിയും നമ്മളെ വേർതിരിക്കും ,
അതുണ്ടാകാതിരിക്കട്ടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 17, 2018

ചരിത്രത്തിൽ ഇടംപിടിക്കുന്ന നേതാക്കൾ ...!!!

ചരിത്രത്തിൽ ഇടംപിടിക്കുന്ന നേതാക്കൾ ...!!!
.
ഒരു നേതാവ് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തീർച്ചയായും അയാളുടെ പ്രവൃത്തികൾ മൂലം തന്നെയാണ് . നല്ലതോ ചീത്തയോ ആകാം എങ്കിലും അത് സമൂഹത്തിൽ വരുത്തുന്ന അടിസ്ഥാനപരമായ പരിവർത്തനത്തെ ആധാരമാക്കിയാണ് അതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നതും നിലനിർത്തുന്നതും . ...!
.
ഓരോ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ധീരതയെക്കാൾ മഹത്വത്തേക്കാൾ അധികാരത്തിന്റെ അഹങ്കാരം മാത്രവും മതിയാകും ഒരു നേതാവിന് . അധികാര സ്ഥാനങ്ങളുടെ പിന്തുണയുടെ അഹങ്കാരം ഏതു തീരുമാനവും എടുപ്പിക്കാൻ ഒരു നേതാവിനെ പ്രാപ്തനാക്കുക തന്നെ ചെയ്യും വെറുതെയെങ്കിലും ...!
.
പാർശ്വവത്ക്കരിക്കപ്പെടുകയും പക്ഷപാതപരമാവുകയും ചെയ്തേക്കാവുന്ന വലിയ തീരുമാനങ്ങൾ എടുക്കുന്നവരും ചരിത്രത്തിൽ ഇടം പിടിക്കുമെന്നതും സത്യം തന്നെ . പരാജയപ്പെടുന്ന സിദ്ധാന്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ത്വരയും ആശയപരമായ പാപ്പരത്വവും ചില നേതാക്കളെ തെറ്റായ തീരുമാനങ്ങളെടുപ്പിക്കാനും തങ്ങളുടെ സ്തുതിപാഠകരെക്കൊണ്ട് അത് ചരിത്രപരമെന്നു പറയിക്കാനും സാധിക്കുമെന്നതും സത്യം തന്നെ.
പക്ഷെ ചരിത്രം എന്നത് ആരും എഴുതിച്ചേർക്കുന്നതല്ല മറിച്ച് സ്വയമേവ ഉണ്ടാകുന്നത് തന്നെയാണ് എന്ന് നേതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇനിയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 14, 2018

വിശ്വാസികളും അവിശ്വാസികളും ...!!!

വിശ്വാസികളും അവിശ്വാസികളും ...!!!
.
ഔദ്യോഗിക യാത്രകളുടെ തിരക്കിലായതിനാൽ പരസ്പരം മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ളതിനാലാകും മൂപ്പർ ഒരൽപം പരിഭവത്തിൽ തന്നെ ആയിരുന്നു അന്നും . എന്നിട്ടും കാലത്തേ ഔദ്യാഗിക വർക്ക് സൈറ്റ് മീറ്റിങ് കഴിഞ്ഞയുടനെ മൂപ്പരെന്റെ കൈപിടിച്ച് വലിച്ചുകൊണ്ടു പോയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്തു കൂടെ പോയി. ചെന്നെത്തിയത് ആലും ആര്യവേപ്പും തളിർത്തു നിൽക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തെ ആ പതിവ് ഒഴിഞ്ഞയിടത്തേക്കും ...!
.
അവിടയെത്തിയിട്ടും മൗനമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അദ്ദേഹത്തിന്റെ ആ ഭാവം എന്നെ വേദനിപ്പിക്കാൻ തന്നെ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് വിളിച്ചുണർത്താൻ തീരുമാനിച്ചു. എന്റെ ഭാവം കണ്ടറിഞ്ഞാകണം മൂപ്പർ പെട്ടെന്നെന്നോട് പറഞ്ഞത് രണ്ടു കഥ പറയാനുണ്ട് തനിക്കെന്നാണ് . തന്റെ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചിരുന്നിരുന്ന മഹാനായ ഒരു ചക്രവർത്തിയെക്കുറിച്ചൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് അതിലെനിക്കപ്പോൾ അത്ഭുതം തോന്നിയതുമില്ല ...!
.
തന്റെ വായിൽ നിറച്ച വെള്ളം കൊണ്ട് ബിംബം കഴുകുകയും, തൻ കഴിച്ചതിന്റെ ബാക്കി പൂജിക്കുകയും ചെയ്തിരുന്ന ഒരു കാട്ടാളന്റെ ഭക്തിക്കുമുന്നിൽ തോറ്റുപോയ മഹാനായൊരു മുനിശ്രേഷ്ട്ടന്റെ കഥയാണ് മൂപ്പാരാദ്യം പറഞ്ഞത് . ഞാനതു കേട്ടിട്ടുള്ളതായതിനാൽ അതിലെനിക്കതിശയോക്തി തോന്നിയില്ല. പിന്നെ പറഞ്ഞതും അതുപോലെ മറ്റൊരു കഥാതന്നെ. പോത്തിന്റെ രൂപമാണ് ദൈവത്തിനെന്നു പരിഹസിച്ചു പറഞ്ഞത് കേട്ട പാമരനായ ഭൃത്യൻ ആ രൂപത്തിൽ ദൈവത്തെ ആരാധിക്കുകയും പ്രത്യക്ഷമാക്കുകയും എന്തിനേറെ , തന്റെ സഹവർത്തിയായി കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നത് കണ്ട് നാണിച്ചു തല താഴ്ത്തേണ്ടി വന്ന ഒരു ബ്രാഹ്മണ ശ്രേഷ്ട്ന്റെ കഥയായിരുന്നു രണ്ടാമത്തേത് ....!
.
രണ്ടു കഥകളും പറഞ്ഞ് , മറ്റൊന്നും പറയാതെ പെട്ടെന്നെന്റെ കയ്യും പിടിച്ച് എഴുന്നേറ്റു നടക്കവേ അങ്ങു ദൂരെ ദൂരെ , വിശ്വാസികളും അവിശ്വാസികളായ പുരോഗമനവാദികളും ഒരുപോലെ ദൈവത്തിനു വേണ്ടി മുറവിളികൂട്ടുന്നത് ഉറക്കെ കേൾക്കാമായിരുന്നത് ശ്രദ്ധിച്ച മൂപ്പരും മെല്ലെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 30, 2018

ദൈവത്തെ കാണാൻ ...!!!

ദൈവത്തെ കാണാൻ ...!!!
.
എന്നിലും
നിന്നിലും
തൂണിലും
തുരുമ്പിലുമുള്ള
ദൈവത്തെ
കണ്ടെത്താൻ കഴിയാത്ത
എനിക്കെങ്ങനെ
ശ്രീകോവിലിലെ ദൈവത്തെ
കാണാൻ കഴിയും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 19, 2018

കാടുകൾക്കും ( സസ്യങ്ങൾക്കും ) ജീവനുണ്ട് ....!!!

കാടുകൾക്കും ( സസ്യങ്ങൾക്കും ) ജീവനുണ്ട് ....!!!
.
ചെടികളും മരങ്ങളും ഒക്കെ മനുഷ്യരെയും മൃഗങ്ങളെയും പോലെ ജീവനുള്ളവയാണെന്നും അവയും ഭൂമിയുടെ ഭൂപ്രകൃതിക്കനുസരിച്ച് വർഗ്ഗങ്ങളായി സമൂഹമായി തരം തിരിഞ്ഞ് ജീവിച്ചു വരികയായിരുന്നു എന്നും അവ ഓരോന്നും തനിച്ചും കൂട്ടമായും പരസ്പരം സംവദിക്കുകയും, സഹകരിക്കുകയും മൂലകങ്ങളും ഊർജ്ജവും തുടങ്ങി കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ടെന്നും പണ്ടുകാലം മുതലേ നമുക്കറിയാവുന്നതും ഇപ്പോഴത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ് ...!
.
സയൻസ് നേച്ചർ അടക്കമുള്ളവയിൽ വരുന്ന ഏറ്റവും പുതിയ പഠന ഫലങ്ങൾ ശാസ്ത്രീയമായി സൂചിപ്പിക്കുന്നത് സ്വാഭാവിക മരണത്തിനു മുൻപ് തന്റെ ഊർജ്ജം മുഴുവനായും ഓരോ സസ്യവും തനിക്കടുത്തുള്ള സസ്യജാലങ്ങളിലേക്ക് പകർന്നു നൽകാറുണ്ട് എന്നാണ് , അതുപക്ഷേ സ്വീകരിക്കപ്പെടുന്നതിനും ചില മാനദണ്ഡങ്ങൾ ഉണ്ട് പോലും . ഭൂമിയുടെ സന്തുലിതാവസ്ഥയിൽ മനുഷ്യ മൃഗാതികൾക്കൊപ്പം വൃക്ഷ-ലതാതികൾക്കും തുല്യമായ സ്ഥാനമുള്ളതും വിസ്മരിക്കാവുന്നതല്ല തന്നെ ...!
.
എന്തിനേറെ , മനുഷ്യ - മൃഗ കുലങ്ങളിലെന്ന പോലെ സസ്യ കുലത്തിലും രാജാവും ഭടന്മാരും പ്രജകളും ഭൃത്യന്മാരും ഒക്കെയുണ്ടെന്നതും അതൊക്കെയും അതാത് ആവാസവ്യവസ്ഥയോട് ഇടചേർന്ന് കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ട് എന്നതും വിസ്മയിപ്പിക്കുന്ന അറിവുകൾ തന്നെയാണ് . അതുകൊണ്ട് നാം നമ്മളെത്തന്നെ പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും ഒക്കെ കാണാൻ കൂട്ടാക്കാത്ത ഇന്നത്തെ ലോകത്തിൽ സസ്യജാലങ്ങളെയും അങ്ങിനെയൊക്കെ കാണണം എന്ന് പറയുനനത്തിൽ യാതൊരു അർത്ഥവും ഇല്ലെങ്കിലും അത് ഒരു അനിവാര്യതയാണ് എന്ന് ബോധ്യപ്പെടാൻ നമ്മളെങ്കിലും അവശേഷിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 16, 2018

കാടുകൾ , കാടുകൾ ....!!!

കാടുകൾ , കാടുകൾ ....!!!
.
അത്ഭുതകരവും അജ്ഞാതവുമായ ഒരു ലോകം തന്നെയായി തുടരുമ്പോഴും കാടുകൾ നമ്മുടെ പ്രകൃതിക്ക് എത്രമാത്രം വേണ്ടപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നതിൽ ഭരണകൂടങ്ങൾ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത് എല്ലായിടത്തും, ഇവിടെ ഇക്കഴിഞ്ഞ മഹാ പ്രളയത്തിനു ശേഷവും അധികം ആരും കാടുകളെ കുറിച്ച് അത്ര പ്രതിപാദിക്കാത്തതും അതുകൊണ്ടു തന്നെയാകണം ...!
.
മഴയും കാടും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം കാടുകൾ നശിപ്പിക്കാൻ മുന്നിൽ നിൽക്കുന്നവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമാണ് അറബിക്കടലിൽ മഴ പെയ്യുന്നത് കാടുണ്ടായിട്ടാണോ എന്ന് . അതിനുത്തരം പറയേണ്ട കാര്യമില്ലെങ്കിലും നാം അറിയേണ്ട പലതുമുണ്ട് മഴയെയും കാടുകളെയും കുറിച്ച് ....!
.
ഓരോ മഴ പെയ്യുമ്പോഴും അതിന്റെ പകുതിയോളവും മുൻപ് സംഭരിച്ചു വെച്ചിരുന്നത് കാടുകളായിരുന്നു. കാടുകളിലെ കൂട്ടത്തോടെ നിൽക്കുന്ന മരങ്ങളുടെ കെട്ടുപിണഞ്ഞ വേരുകളും , അടിയിൽ ഉണക്ക ഇലകൾ കൂടി ചപ്പുചവറുകൾ കുന്നുകൂടി ഉണ്ടാകുന്ന പതുപതുത്ത സ്പോഞ്ചുപോലുള്ള അവസ്ഥയും വെള്ളം പരമാവധി ആ കാടുകൾക്കുള്ളിൽ തന്നെ സംഭരിച്ചു വെക്കുകയും എന്നിട്ടത് കുറേശ്ശേയായി ഒഴുക്കി വിടുകയുമായിരുന്നു പണ്ടൊക്കെ ചെയ്തിരുന്നത് . ഈ നീരൊഴുക്കായിരുന്നു അന്ന് പുഴകളെയും ആറുകളെയും ഒക്കെ സജീവമായി നിലനിർത്തിയിരുന്നതും ...!
.
എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ഉള്ളവ തന്നെ ശുഷ്കമാവുകയും ചെയ്തതോടെ കാടുകൾക്ക് അവയുടെ സ്വാഭിക ധർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയാതെയായി . വെള്ളം സംഭരിച്ചു നിർത്താൻ അവിടെ ചപ്പുചവറുകളുടെ ആകിരണമില്ല. ഒറ്റക്കൊറ്റക്കായി അവിടെയവിടെ മാത്രം നിൽക്കുന്ന ഒന്നോ രണ്ടോ മരങ്ങളുടെ വേരുകൾക്ക് വെള്ളം സൂക്ഷിച്ചുവെക്കാനുള്ള ശേഷിയും ഇല്ലാതെയായി. അതുകൊണ്ടു തന്നെ അവിടങ്ങളിൽ പെയ്യുന്ന മഴ അതുപോലെതന്നെ അപ്പോൾ തന്നെ ഒഴുകിപോകാനും തുടങ്ങി ....!
.
മരങ്ങൾ മുറിക്കേണ്ടതും, പുഴകളിൽനിന്നും മണൽ വരേണ്ടതും, മലകളിൽനിന്നും കല്ലുകൾ പൊട്ടിക്കേണ്ടതും ആവശ്യംതന്നെയാണ്. ഇല്ലെന്നല്ല പറയുന്നത്. പക്ഷെ അതൊന്നും അവയെ നശിപ്പിച്ചുകൊണ്ടാകരുത് എന്ന് മാത്രം. അതിനേക്കാൾ ഒക്കെ ഉപരിയായി നാം ഇനിയെങ്കിലും കാടുകളുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും നിലവിൽ അവശേഷിക്കുന്ന കാടുകളെയെങ്കിലും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 25, 2018

നന്ദി പറയണം , വൈകിയെങ്കിലും ....!!!

നന്ദി പറയണം , വൈകിയെങ്കിലും ....!!!
.
സർവ്വ ദുരിതങ്ങളുടെയും സംഹാരതാണ്ഡവത്തിനുശേഷം എത്തപ്പെട്ട ദുരിദാശ്വാസ കേന്ദ്രത്തിൽ നിന്നും ജോലിത്തിരക്കിലേക്ക് ഓടിപ്പോരുമ്പോൾ പുറകിൽ അവശേഷിപ്പിച്ചത് സ്വജീവൻ തന്നെയായതിനാൽ പലതും മറന്നുപോയകൂട്ടത്തിൽ പെട്ടതാണ് ഈ നന്ദി പറച്ചിലും . ഇതിനെവിടെയും പ്രസക്തിയില്ലെങ്കിലും ഇങ്ങിനെ ചെയ്യാതെപോകുന്നത് എന്റെ തെറ്റുതന്നെയാകുമെന്നതിനാൽ മാത്രം ....!
,
ഒരു പ്രളയത്തിന് ശേഷമാണ് എല്ലാം ഉണ്ടായെതെന്ന് പറയും പോലെ ഒരു പ്രളയത്തിൽ തന്നെ സർവ്വവും നഷ്ട്ടപ്പെടുമ്പോൾ അതിനുത്തരവാദി ഞാൻ കൂടിയാണ് എന്നതും തീരാവേദനയായി തന്നെ അവശേഷിക്കുന്നു . നമ്മുടെ സമൃദ്ധമായ പുഴകളും തോടുകളും കുന്നുകളും പാടങ്ങളും കാവുകളുമൊക്കെ ആരൊക്കെയോ കയ്യേറുന്നത് ഞാനും വെറുതെ കയ്യും കെട്ടി നോക്കി നിൽക്കുക മാത്രമാണ് എപ്പോഴും ചെയ്തിരുന്നത് എന്നതുതന്നെ വലിയ തെറ്റ് .അതിനേക്കാൾ വലിയ തെറ്റ്, ഇപ്പോഴുണ്ടായതുപോലൊരു വലിയ മഴയെ നിസ്സാരമായി തന്റെ മടിയിലൊതുക്കാൻ ശേഷിയുണ്ടായിരുന്ന നമ്മുടെ കാടുകൾ മുഴുവനായും നാം നാമാവശേഷമാക്കിയതും ഞാനടക്കം നോക്കി നിന്നു എന്നതുതന്നെയാണ് ....!
.
കാര്യകാരണങ്ങൾ ചികഞ്ഞിട്ടു ഭാവിയിലേക്കെങ്കിലും കാര്യമുണ്ടെങ്കിലും അതിനുമുൻപ്‌ ഈ മഹാ പ്രളയത്തിൽ എന്നെയും ഒരുകൈതന്നു സഹായിച്ച ഒരുകൂട്ടം നല്ല മനുഷ്യരോട് എനിക്കൊന്നു നന്ദി പറയണം . അതുപക്ഷേ തങ്ങളുടെ നേതാക്കന്മാരുടെ ഇല്ലാത്ത കഴിവുകൾ പാടിപ്പുകഴ്ത്തുന്നവരോടോ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്നു വീമ്പു പറയുന്നവരോടോ പിച്ചച്ചട്ടിയിൽ പോലും കയ്യിട്ടു വാരുന്നവരോടോ, മുഖപുസ്തകങ്ങളുടെ ശീതീകരിച്ച മുറികളിലിരുന്നു മുതലക്കണ്ണീർ വാർക്കുന്നവരോടോ അല്ല ... !
.
കലക്ക വെള്ളത്തിൽ മീന്പിടിക്കുന്നവരോടോ , വാശികൊണ്ടു മാത്രം വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തവരോടോ , ഉടുതുണിപോലുമില്ലാതെ പ്രളയവെള്ളത്തിൽ ജീവനുവേണ്ടി കൈയിട്ടടിക്കുന്നവരോട് ഇതാ ഒരു ചുവപ്പൻ കൈ, അല്ലെങ്കിൽ ഇതാ ഒരു ഒരു പച്ചക്കൈ അതുമല്ലെങ്കിൽ ഇതാ ഒരു കാവിക്കൈ എന്ന് പറഞ്ഞ് ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും സംഘടനയുടെയും പേരിൽ കൈതന്നു സഹായിച്ചവരോടുമല്ല .....!
.

മറിച്ച് , മുഖം നോക്കാതെ, തങ്ങളുടെ മുഖം കാണിക്കാതെ സ്വജീവൻ കൊടുത്തും മറ്റുള്ളവരുടെ ജീവനും ജീവിതവും രക്ഷിച്ചെടുക്കാൻ രാപകൽ കഠിനാദ്ധ്വാനം ചെയ്ത ഒരു കൂട്ടം മനുഷ്യരോടാണ് . മനുഷ്യത്വമെന്തെന്ന് എന്നെപോലും പഠിപ്പിച്ച അവർ തങ്ങളുടേതെല്ലാം ഉപേക്ഷിച്ചോടിവന്ന് പറ്റുന്നവർക്കൊക്കെ മുൻപിൻ നോക്കാതെ പറ്റാവുന്ന സഹായങ്ങൾ ചെയ്ത് ആരോടും കണക്കു പറയാതെ ആരോടും അവകാശങ്ങൾ ഉന്നയിക്കാതെ താന്താങ്ങളിലേക്കു തന്നെ മടങ്ങിപ്പോയ ആ ഓരോ യഥാർത്ഥ മനുഷ്യർക്കും നന്മയുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം നന്ദികൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, July 12, 2018

പുതപ്പിനടിയിലെ രാത്രികൾ ...!!!

പുതപ്പിനടിയിലെ രാത്രികൾ ...!!!
.
പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിടയിൽ പിന്നെയും സ്വയം തിരുകിക്കയറ്റാൻ ശ്രമിച്ച് ഒന്നുറക്കെ കരയാൻ പോലുമാകാതെ എത്രയോ രാത്രികളിൽ കിടന്നിരുന്നത് ഇപ്പോഴും ഓർത്തെടുക്കാൻ പേടിയാണ് . അതെ, ഭയം എന്നതിന്റെ ആദ്യരൂപം ഇരുട്ടിൽ എന്നും തന്റെ ദേഹത്തേക്ക് അരിച്ചെത്തുന്ന ആ കൈവിരലുകൾ തന്നെയായിരുന്നല്ലോ തനിക്കെന്നും .....!
.
കോടമഞ്ഞ് അരിച്ചിറങ്ങുന്ന ഓടുമേഞ്ഞ മേൽക്കൂരയുടെ ആ കുഞ്ഞു വിടവുകൾക്കിടയിലൂടെ ഒരിക്കലെങ്കിലും ആ മഞ്ഞു പോലെ തിരിച്ചു കയറിപ്പോകാൻ പറ്റുമോ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന ആ രാത്രികൾ ഒരിക്കലും ഓർമ്മിച്ചെടുക്കാൻ ആഗ്രഹമില്ലാത്തവതന്നെ. മാന്യമായ ബന്ധങ്ങളുടെ സംരക്ഷണത്തിൽ അമ്മയും അച്ഛനും തന്നെ ഏൽപ്പിച്ച് അപ്പുറത്തെ മുറിക്കുള്ളിൽ സമാധാനത്തോടെയുറങ്ങുമ്പോൾ താനവിടെ തന്റെ ശരീരത്തെ പുതഞ്ഞുപിടിക്കാൻ വൃധാ ശ്രമിച്ചുകൊണ്ടും ....!
.
ബന്ധങ്ങളുടെ ആഴങ്ങളിൽ തന്നെ അവിശ്വസിക്കുന്ന അമ്മയുടെയും അമ്മൂമ്മയുടെയും മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വന്നപ്പോൾ പിന്നെ മറ്റാരോടും തുറന്നുപറയാനുള്ള തന്റെ മനസ്സിന്റെ ധൈര്യത്തെയുമാണ് അവർ കൊട്ടിയടച്ചത് . സൗഹൃദങ്ങളെ പോലും പിന്നെ പേടിയോടെ മാത്രം നോക്കി, മാറി നിൽക്കേണ്ടി വന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നം കാണാനുള്ള മനസ്സുതന്നെയായിരുന്നെന്നു തിരിച്ചറിയുന്നത് പക്ഷെ ഇപ്പോഴും ...!
.
ദൈവങ്ങളോട് പോലും സങ്കടം പങ്കുവയ്ക്കാൻ പേടിച്ചിരുന്നപ്പോൾ താൻ പ്രാർത്ഥിക്കാൻ പോലും മറന്നു പോയിരുന്നു. വർഷങ്ങൾക്കു ശേഷം ആ മാന്യ ദേഹം മരിച്ചുവെന്ന് കേട്ടപ്പോൾ താൻ കുളിമുറിയിലേക്കോടി കയറി പൊട്ടിക്കരഞ്ഞത് മാത്രം ആശ്വാസത്തോടെയായിരുന്നു. ആത്മാര്ഥതയോടെയും . പിന്നെയും വർഷങ്ങൾക്കു ശേഷം ഇപ്പോൾ തന്റെ കുടുംബനാഥന്റെ കരസ്പര്ശത്തിനും തനിക്ക് വെളിച്ചം വേണ്ടി വരുന്നതും ആ പേടികൊണ്ടു തന്നെയെന്ന് പക്ഷെ പുറത്തു പറയാനും പേടി തന്നെ. ഒന്നേ ഭാഗ്യമായി കരുതുന്നുള്ളു അപ്പോഴും . ഇനിയും ഭയപ്പെടാൻ തനിക്കൊരു പെൺകുഞ്ഞില്ലാ എന്നത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Thursday, June 28, 2018

കൽപ്പന്തെന്നൊരു കാൽപ്പനിക വായുകുമിള ...!!!

കൽപ്പന്തെന്നൊരു കാൽപ്പനിക വായുകുമിള ...!!!
.
തൊണ്ണൂറു മിനിറ്റു നേരം ഒരു ലോകത്തെ മുഴുവൻ മറ്റെല്ലാം മറന്ന് തനിക്കു ചുറ്റും കറക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഫുട്ബോൾ നെ സ്നേഹിക്കാൻ എന്നെയും പ്രേരിപ്പിച്ചത് . കളിയെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ മുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ബ്രസീലിനെയാണ് എന്നത് പെലെയെ പോലുള്ള മഹാ പ്രതിഭയെ കണ്ടുകൊണ്ടു മാത്രമല്ല , മറിച്ച് ഫുട്ബോൾ അവർക്കു ജീവനും ജീവിതവും പോരാതെ ആത്മാവും ശരീരവും കൂടിയായതുകൊണ്ടു കൂടിയാണ് . ഒരിക്കൽ ബ്രസീലിന്റെ ഉൾനാടുകളിൽ കൂടി സഞ്ചരിക്കേണ്ടി വന്നപ്പോഴും രണ്ടു പ്രാവശ്യം പെലെയെന്ന അത്ഭുതത്തെ നേരിൽ കാണാനിടയായപ്പോഴും ആ ആരാധനയ്ക്ക് തിളക്കം കൂടുക മാത്രമാണ് ചെയ്തതും ... !
.
വ്യക്ത്യാധിഷ്ഠിതമായതും ആൾദൈവങ്ങളാൽ മാത്രം നയിക്കപ്പെടുന്നതുമായ ഒരുകൂട്ടം ആളുകളുടെ ഇടമല്ല ബ്രസീൽ ടീം എന്നത് തന്നെയാണ് അവരുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് യൂറോപ്യൻ ശൈലിയിലും ലാറ്റിനമേരിക്കൻ ശൈലിയിലും എന്തിനു, വേണമെങ്കിൽ ഏഷ്യൻ ശൈലിയിലും കളിക്കാനുള്ള അവരുടെ കഴിവ് , ഓരോ കളികളിലും അവർക്ക് ഗെയിം പ്ലാൻ എ , ബി , സി എന്നിങ്ങനെ ഉണ്ടെന്നത്, എന്നതൊക്കെ കൂടാതെ ഒരു കളി ജയിച്ചാലും തോറ്റാലും, അവസാന നിമിഷം വരെ അതെ ആവേശത്തോടെ തലയുയർത്തി പോരാട്ട വീര്യത്തോടെ കളിക്കളം അടക്കി വാഴാൻ അവർക്കാവും എന്നതും അവരെ എന്നിലേക്കടുപ്പിക്കുന്ന ഘടകങ്ങൾ തന്നെ...!
.
കൂടാതെ നമ്മൾ പണ്ടത്തെ ആരോമൽ ചേകവർ കഥകളിൽ പറയും പോലെ ഒരു താരത്തെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ചു മുന്നിൽ നിർത്തി എതിരാളികളുടെ മുഴുവൻ ശ്രദ്ധയും അയാളിലേക്കാവാഹിപ്പിച്ച് മറ്റുള്ളവരെക്കൊണ്ട് അതിനേക്കാൾ മനോഹരമായി കളിപ്പിക്കാനുള്ള അവരുടെ അടവും എന്നെ ഏറെ ആകർഷിക്കുന്നത് തന്നെ. ..!
.
ഈ ലോകകപ്പിൽ ഞാൻ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും ബ്രസീൽ ജയിക്കും / ജയിക്കണം എന്നുതന്നെയാണെങ്കിലും ഇപ്പോൾ എനിക്ക് നില്ക്കാൻ ആഗ്രഹം ഈ ലോകകപ്പ് തങ്ങളുടേതുകൂടിയാണ് എന്ന് പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്ത ചില ടീമുകളുടെ കൂടെയാണ് ജപ്പാൻ, കൊറിയ , റഷ്യ ഈജിപ്ത് , സൗദി അറേബ്യ തുടങ്ങി ആറിന് മുന്നിൽ ഒറ്റ ഗോൾ കൊണ്ട് പരാജയത്തേക്കാൾ വലിയ വിജയം, നേടിയ പാനമ പോലും നമ്മുടെ അഭിനന്ദനം ശരിക്കും അർഹിക്കുന്നു . ..!
.
ഏതൊരു കളിയിലും ജയവും തോൽവിയും ഉണ്ടാകാം. എല്ലാ പ്രതീക്ഷകളും തകർന്നടിയാം . തെറ്റുകൾ സംഭവിക്കാം . കരുത്തർ പരാജയപ്പെടാം ദുർബലർ വിജയിക്കാം. അതൊക്കെയും ആ തൊണ്ണൂറുമിനിറ്റ് നേരത്തെ മാത്രം കാര്യവുമാണ് . എങ്കിലും ആ തൊണ്ണൂറു മിനിറ്റ് സമയം ലോകത്തെ മുഴുവൻ തങ്ങളുടെ എല്ലാ വൈര്യവും ശത്രുതയും വെറികളും വേദനകളും ഒക്കെ മറന്ന് തന്നിൽ തന്നെ ഒരുമിപ്പിച്ചു നിർത്തുന്ന ആ ഒരു കുഞ്ഞു വായു കുമിളയെ ഞാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും വണങ്ങുന്നു, എല്ലാ ആദരവോടെയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 21, 2018

പൊതിച്ചോറിനായി ഒരച്ഛൻ ...!!!

പൊതിച്ചോറിനായി ഒരച്ഛൻ ...!!!
.
പെരുന്നാൾ ദിനമായിരുന്നെങ്കിലും ജോലി സ്ഥലത്തെ ഒരപകടത്തെ തുടർന്ന് അപ്പോൾ കമ്പനിയിൽ നിന്നും കിട്ടാവുന്നവരെയൊക്കെ കൂട്ടി ജോലിസ്ഥലത്തെത്തി അത്യാവശ്യ പണികൾ ചെയ്തു തിരിച്ചു വരും വഴിയാണ് അവരെയും കൊണ്ട് ഉച്ച ഭക്ഷണം കഴിക്കാൻ അടുത്തുകണ്ടൊരു ഹോട്ടലിൽ കയറിയത് . പെരുന്നാളിന്റെ എല്ലാ ആവേശവും നഷ്ട്ടപ്പെടുത്തിയതിന് പകരം കൂടുതൽ അവധി ദിനങ്ങളും കൊടുത്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ സുദിനത്തിന്റെ നഷ്ട്ടം ഒന്ന് വേറെതന്നെയെന്ന് എനിക്കും അറിയാവുന്നതു തന്നെ. ...!
.
പണികഴിഞ്ഞെത്താൻ അൽപ്പം വൈകിയിരുന്നതിനാൽ ഹോട്ടലിൽ അപ്പോൾ അത്ര തിരക്കുണ്ടായിരുന്നില്ല . എല്ലാവര്ക്കും ഭക്ഷണം വാങ്ങിക്കൊടുത്ത് അവർക്കൊപ്പം ഞാനും കഴിച്ചു കഴിഞ്ഞ് കൈകഴുകി മറ്റുള്ളവർക്കായി അവിടുത്തെ ലോബ്ബിയിൽ കാത്തിരിക്കെയാണ് മുന്നിൽ ആ മനുഷ്യൻ കയ്യിലൊരു മൂന്നുവയസ്സുകാരി പെൺകുട്ടിയെയും പിടിച്ച് വന്നു നിന്നത് . യുവത്വം നഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം വൃദ്ധമായിരുന്നു . നരച്ചു തുടങ്ങിയ താടിയും മുടിയും പ്രാകൃതവുമായിരുന്നു . മുഷിഞ്ഞതെങ്കിലും വസ്ത്രം മാത്രം ഏറെ വൃത്തിയുള്ളതുമായിരുന്നു അവരുടെ രണ്ടു പേരുടെയും . ആ കുഞ്ഞാകട്ടെ എല്ലാ നിഷ്കളങ്കതയോടെയും അവിടെയുള്ള ഭക്ഷണങ്ങളിലേക്കെല്ലാം ആർത്തിയോടെ നോക്കിക്കൊണ്ട് അവിടെയെല്ലാം ധൃതിയിൽ നടന്നു നോക്കുകയുമായിരുന്നു അപ്പോൾ. ....!
.
ഏറെ പാരാവശ്യത്തോടെ ഒട്ടൊരു തിടുക്കത്തോടെ നാല് ബിരിയാണിക്ക് ഓർഡർ കൊടുത്തു അത് കിട്ടാൻ വെപ്രാളപ്പെട്ട് നിൽക്കുന്ന അദ്ദേഹം നന്നേ വിവശനും വ്യസനിതനുമായിരുന്നു ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനടുത്തുകൂടെ അപ്പോൾ ആ പെൺകുട്ടി ഒട്ടൊരു ആർത്തിയോടെ, വിശപ്പോടെ ഓടി നടക്കുകയുമായിരുന്നു അപ്പോൾ.. ഭക്ഷണം പൊതിയുന്നതിനിടയിൽ പെട്ടെന്നെന്തോ ഓർത്തുകൊണ്ട് അദ്ദേഹമപ്പോൾ പോക്കറ്റിലെ പൈസകൾ പുറത്തെടുത്ത് അടുത്തുള്ള കസേരയിലിരുന്ന് ആ മേശമേലിട്ട് എണ്ണാൻ തുടങ്ങിയതും അതിനിടയിൽ ഞാൻ നോക്കിയിരുന്നു. ...!
.
എവിടെനിന്നൊക്കെയോ കിട്ടിയ ഒറ്റ രൂപകളും നാണയത്തുട്ടുകളുമായിരുന്നു അതിൽ നിറയെ. എണ്ണിത്തുടങ്ങുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തെ വെപ്രാളവും സങ്കടവും കൂടി കൂടി വരുന്നത് ഞാൻ നോക്കിയിരുന്നു പോയി . എണ്ണം തെറ്റുന്നതാണോ അതല്ല പ്രതീക്ഷിച്ചത്ര ഇല്ലാത്തതാണോ എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്തതുപോലെയായിരുന്നു അദ്ദേഹമപ്പോൾ . തിരിച്ചും മറിച്ചും നോക്കുകയും പോക്കറ്റുകൾ പിന്നെയും പിന്നെയും തപ്പുകയും ചെയ്യുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി കയ്യിൽ പ്രതീക്ഷിച്ചത്രയും പണമില്ലെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്ന് ...!
.
അപ്പോഴേക്കും കൊണ്ടുവന്നു വെച്ച നാല് ബിരിയാണി പൊതികൾ ഇട്ട കവരും കയ്യിലെടുത്തുപിടിച്ച് തിരക്കോടെ വീട്ടിലേക്കു പോകാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കുന്ന മകളെ നോക്കി നിൽക്കുന്ന അദ്ദേഹത്തെ പണത്തിനായി കൗണ്ടറിലെ ജോലിക്കാരൻ വിളിച്ചപ്പോൾ അദ്ദേഹം മടിയോടെ ഒന്ന് മാറിനിൽക്കുന്നത് ഞാൻ വ്യസനത്തോടെ നോക്കിയിരുന്നു . എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന അദ്ദേഹത്തെ അടുത്ത് വിളിക്കുന്ന ആ ജോലിക്കാരനടുത്തേക്കു പോകാതെ സംശയിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കാൻ എനിക്കാകുമായിരുന്നില്ല അപ്പോൾ . ...!
.
കൗണ്ടറിൽ ചെന്ന് ആ ഭക്ഷണത്തിന്റെ പണം കൊടുത്ത് , അദ്ദേഹം അപ്പോഴും കയ്യിൽ കരുതിയിരുന്ന ആ ഒറ്റരൂപകളും നാണയത്തുട്ടുകളും ആ കൈകളിൽ തന്നെ തിരിച്ചേൽപ്പിച്ച് ബാക്കി കിട്ടിയ പണം കൂടി ആ പോക്കാട്ടിലിട്ട് , എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ ബിരിയാണി പൊതികളിലേക്കു നോക്കി തിരക്കുപിടിച്ച നിൽക്കുന്ന ആ കുഞ്ഞു മോളുടെ തലയിൽ തഴുകി അവരെ യാത്രയാകുമ്പോൾ എന്റെയും ഉള്ളിൽ വിശപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . രാജ്യ രാജ്യാന്തരങ്ങൾ മാറിയാലും പിന്നെയും അവശേഷിക്കുന്ന വയറിന്റെ പൊള്ളുന്ന വിശപ്പ് ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 14, 2018

ഒരു പന്തും ഒരായിരം മനസ്സുകളും ...!!!

ഒരു പന്തും ഒരായിരം മനസ്സുകളും ...!!!
.
ഒരു പന്തിനുപിന്നാലെ
ഒരായിരം മനസ്സുകളുരുളുമ്പോൾ
എല്ലാ ഇടങ്ങളും
പച്ച വിരിച്ച
മൈതാനങ്ങൾ മാത്രമാകുന്നു
മതങ്ങളും ജാതികളും
ധനവും ദാരിദ്ര്യവും
സുഖവും ദുഖവും
അധികാരവും അടിമത്വവും
ആ പന്തിനു പിന്നാലെ
മാത്രമാകുമ്പോൾ
ലോകം ഒന്നാകുന്നു
ഒരിടത്താകുന്നു ....!
ആഘോഷമാകട്ടെ
ഈ പന്തുകളിക്കാലവും .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, May 28, 2018

മാതൃത്വം എന്നത് ...!!!

മാതൃത്വം എന്നത് ...!!!
.
മാതൃത്വം എന്നത്
ഒരു തപസ്സു കൂടിയാണ്
പ്രാർത്ഥനയോടെ
വ്രതശുദ്ധിയോടെ
അനുഷ്ഠാനങ്ങളോടെ
സ്വയം സമർപ്പിച്ചുകൊണ്ട്
തന്നെ തന്നെ പുനഃസൃഷ്ടിക്കാനുള്ള
കൊടും തപസ്സ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 27, 2018

മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!

മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!
.
ഓരോ കാടുകളും ഓരോ നിഗൂഢതകളും വ്യത്യസ്തങ്ങളായ ജീവിതങ്ങളുമാണ് . ഓരോ കാടും ഭൂമിയുടെ ഓരോ ജീവനാഡിയുമാണ് . കുറെ മരങ്ങളുടെ കൂട്ടം മാത്രമല്ല കാടുകൾ എന്ന തിരിച്ചറിവാണ് കാടുകളെക്കുറിച്ച് നമുക്കാദ്യമേ വേണ്ടത് . പറ്റുന്നിടത്തൊക്കെ പറ്റാവുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതു തന്നെയെങ്കിലും കാടുകളുടെ നാശത്തിനു പകരമാവില്ല നാടുനീളെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതെന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ . ...!
.
ഭൂമിയുടെ ആവാസ വ്യവസ്ഥയെ സന്തുലനം ചെയ്യുന്നതിൽ , വായുവും ജലവും മണ്ണും സംരക്ഷിക്കുന്നതിൽ , കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ, പുഴകളെയും ജലാശയങ്ങളെയും ഒഴുക്കോടെ നിലനിർത്തുന്നതിൽ ഒക്കെ കാടുകളാണ് പരമപ്രധാനമായ കർത്തവ്യം നിർവ്വഹിക്കുന്നത് എപ്പോഴും . തന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മഴനീരുറവകളാണ്, നദികളെ ജീവനോടെ നിലനിർത്തിയിരുന്നതും തങ്ങളുടെ ശരീരത്തിൽ സൂക്ഷിക്കുന്ന ശുദ്ധവായുവാന് കാട്ടിലൂടെ അൽപാൽപ്പാലമായി പുറത്തേക്കു വിട്ടിരുന്നതെന്നും മനുഷ്യർ അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയായിരുന്നു പലപ്പോഴും ..!
.
കാടിനെ പോലെത്തന്നെ കാട്ടിലെ ജീവികളും കാടിന്റെ നിഗൂഢതകളൊക്കെയും അവശേഷിപ്പിക്കുന്നവ തന്നെ . അതുകൊണ്ടു തന്നെ കാടിനെ പോലെ, കാട്ടിലെ ജീവജാലങ്ങളിലും മനുഷ്യന് പരിചയമില്ലാത്തതും അനുഭവിക്കാൻ പാടില്ലാത്തതുമായ പല നിഗൂഢതകളും നിറഞ്ഞിരിക്കുന്നു . കാട് എത്രമാത്രം മനുഷ്യന് ഉപകാരിയാണോ അത്രത്തോളം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ് . ഒരു താമസ സ്ഥലം നഷ്ടപ്പെടുമ്പോൾ അവിടെയുള്ള ആളുകൾ മറ്റൊരിടം തേടി പോകും പോലെ, കാടുകൾ നശിക്കുമ്പോൾ അവിടെയുള്ള ജീവിജാലങ്ങളും മറ്റിടങ്ങൾ തേടി പോവുക സ്വാഭാവികമാണ്. ഇവിടെയും സംഭവിക്കുന്നത് യഥാർത്ഥത്തിൽ അത് തന്നെയാണ് ....!
.
ഓരോ കാടുകൾക്കും അതാതിന്റേതായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അവിടെ നല്ലത് നാടിന് അല്ലെങ്കിൽ നാട്ടിലെ മനുഷ്യന് നല്ലതാകണമെന്നില്ല . ഓരോന്നും അതാതിന്റെ ആവാസ വ്യവസ്ഥിതിക്കനുസരിച്ചാണ് ജനിക്കുന്നതും ജീവിക്കുന്നതും എന്തിന് മരിക്കുന്നതു പോലും . അവ ഓരോന്നും അതുപോലെ നിലനിർത്തേണ്ടത് ആ കാടുകളുടെ മാത്രമല്ല നാടിന്റെയും ആവശ്യമായിരുന്നു എന്ന് നമ്മൾ മറന്നു പോയിടത്താണ് എല്ലാ അപകടങ്ങളും ആരംഭിക്കുന്നതും .....!
.
കാടുകളിൽ നിലനിൽക്കുന്ന അപകടകാരികളായ ജീവനുകളെ ജീവികളെ അവിടെത്തന്നെ പിടിച്ചു നിർത്താനും നിലനിർത്താനും കാടിന് അതിന്റെതായ വ്യവസ്ഥകളും ചര്യകളുമുണ്ട്. അതിനെ നമ്മൾ തകർക്കുമ്പോൾ കാടുകൾ നിസ്സഹായരാവുകയും ചെയ്യുന്നു. നമുക്ക് തന്നെ ലളിതമായി അറിയാവുന്ന കാര്യമാണ് മൃഗങ്ങളിലുള്ള പല ബാക്ടീരിയ / വൈറസും മനുഷ്യന് അപകടകാരിയാണ് എന്ന് . ആ മൃഗങ്ങൾ കാടുകൾ നശിക്കുമ്പോൾ നാട്ടിലേക്കിറങ്ങുമ്പോൾ അവയോടൊപ്പം ആ ജീവികളും നാട്ടിലിറങ്ങുമെന്നു മനുഷ്യൻ ശ്രദ്ധിക്കാതെ പോയി എന്നിടത്താണ് ഈ അപകടകാരികളായ വൈറസ് / ബാക്ടീരിയകളുടെ വ്യാപനത്തിന്റെ മൂല ഹേതു ...!
.
നാടുനീളെ നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കുമ്പോഴും, ആഘോഷപൂർവ്വം വനവത്കരണ മഹാമഹങ്ങൾ നടത്തുമ്പോഴും ഒക്കെ നമ്മൾ ഓർക്കുക, കാടുകൾ തന്നെയാണ് ജീവന്റെ ആധാരവും ജീവിതം തന്നെയും എന്നും കാടുകൾ നിലനിർത്തിയാൽ മാത്രമാണ് ജീവിതം നിലനിർത്താൻ സാധിക്കുക എന്നും. അതുകൊണ്ട് കഴിയുന്നത്രയും കാടുകൾ വളർത്തുക, ഇനിയും ഉള്ളത് നിലനിർത്തുക ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 24, 2018

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 17, 2018

എന്നിട്ടും ജനാധിപത്യമേ ...!!!

എന്നിട്ടും ജനാധിപത്യമേ ...!!!
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 16, 2018

ആരംഭേ ....!!!

ആരംഭേ ....!!!

വൃത്തിയിൽ ഭംഗിയോടെ വെട്ടിയൊരുക്കിയ നഖങ്ങളിൽ കടും നിറത്തിലുള്ള ക്യൂടെക്സ് ഇട്ടിരുന്നു . സ്വർണ്ണവളകൾ ഇടകലർത്തിയെങ്കിലും കൈ നിറയെ കുപ്പിവളകളും അണിഞ്ഞിരുന്നു . നെറ്റിയിലെ സിന്ദൂരത്തിന് കടും കുങ്കുമ വർണ്ണം തന്നെ വേണമെന്ന് അവൾക്കു നിർബന്ധവുമായിരുന്നു . മുടി മെടഞ്ഞിട്ട് അതിനുമേലെ മുല്ലപ്പൂ വെച്ചതും ഭംഗിയായിത്തന്നെ . പുതുതായി അണിഞ്ഞു കിട്ടിയ കിട്ടിയ താലിമാലയ്‌ക്കൊപ്പം അമ്മൂമ്മ സമ്മാനമായി തന്ന മാങ്ങാമാലയും കഴുത്തിൽ അപ്പോഴുമുണ്ടായിരുന്നു . ത്രസിപ്പിക്കുന്ന കോടി മണമുള്ള ഒന്നരയും മുണ്ടിലും അവൾ പതിവിലും സുന്ദരിയുമായിരുന്നു ...!
.
മുറി ആഢ്യത്വം നിറഞ്ഞതു തന്നെയായിരുന്നു . ചന്ദനം കൊണ്ടുള്ള ആട്ടുകട്ടിലും , കൊത്തുപണികളോടെ മനോഹരമാക്കി പഞ്ഞിക്കിടക്ക വിരിച്ചലങ്കരിച്ച തേക്കു തടിയുടെ കിടപ്പു കട്ടിലും വരിക്ക പ്ലാവിന്റെ കാതലുകൊണ്ടുള്ള മേശയും കസേരയും മാത്രമല്ലാതെ പുതുതായി തുന്നിയിട്ട ജനൽ വിരികളും ആ മുറിയെ പ്രൗഢ ഗംഭീരമാക്കിയിരുന്നു അന്ന് . ചന്ദനവും പനിനീരും മണക്കുന്ന കിടക്കവിരികൾ ഒരു ചുളിവുപോലുമില്ലാതെ വിരിച്ചിട്ടിരിക്കുന്നത് ഭാവിയെ വരവേൽക്കാൻ തന്നെയല്ലാതെ പിന്നെന്തിനാണെന്ന് സ്വയം ചോദിച്ചുകൊണ്ടുമിരുന്നു അപ്പോൾ ....!
.
അമ്മയും നാത്തൂന്മാരും പിന്നെ അമ്മായിമാരും ചെറിയമ്മ വലിയമ്മമാരും അപരിചിതരായിരുന്നെങ്കിലും കാര്യങ്ങൾ അൽപ്പം ഗൗരവത്തോടെ പറഞ്ഞു കൊടുക്കാൻ മുൻപന്തിയിലായിരുന്നു . അകത്തെ കാര്യങ്ങൾക്ക് കടക്കുന്നതിനെ പറ്റി പറയുമ്പോൾ പെണ്ണുങ്ങൾ കള്ളചിരിയൊളിപ്പിക്കാൻ പെടാപാടുപെടുന്നത് അവളിലും നാണത്തിന്റെ പൂത്തിരി വിടർത്തി . കഴുത്തിലും വയറിനിരുവശത്തും ആരോ ചന്ദനതൈലം പുരട്ടിയപ്പോൾ അവളും ഒന്നുലഞ്ഞു . നിറച്ച പാൽഗ്ലാസ്സ് കൈയിൽ വാങ്ങിയത് ഒട്ടൊരു നാണത്തോടെ തന്നെയായിരുന്നു താനും . പിന്നെ കുറഞ്ഞൊരു പരിഭ്രമത്തോടെ അകത്തേക്ക് വലതു കാലുവെക്കാൻ തുനിഞ്ഞപ്പോൾ ഒരു കൂട്ടച്ചിരി പിന്നിലുയർന്നത് അവൾ കേട്ടില്ലെന്നു നടിച്ചു ...!
.
പുറത്തുള്ളവർ തിടുക്കത്തിൽ വാതിൽ പുറത്തുനിന്നും ചാരിയത് അവളെ ഒന്ന് ഞെട്ടിച്ചു, നന്നായി തന്നെ . എങ്കിലും അകത്തു കടന്നപ്പോൾ അകത്ത് അപ്പോൾ പതിവിലും കൂടിയ ചൂടുണ്ടായിരുന്നത് അവളെ അത്ഭുതപ്പെടുത്തുകയും ചെയ്തു ചിങ്ങമാസത്തിലെ ഈ പൗർണ്ണമി രാവിന് എങ്ങിനെയാണിത്രയും ചൂടുണ്ടാകുന്നതെന്ന് അവൾ വല്ലാതെ സംശയിച്ചു . അകത്തുകടന്ന് ചുറ്റും കണ്ണോടിക്കവേ അവിടെ അവളെ വരവേറ്റ പുതിയ കടുത്ത ഗന്ധവും അവൾക്ക് തീർത്തും അപരിചിതമായിരുന്നു , അമ്പരപ്പിക്കുന്നതും കുറച്ചൊക്കെ ഭയപ്പെടുത്തുന്നതും ....!
.
പാൽ പാത്രം മേശമേൽ വെക്കാൻ തുനിഞ്ഞപ്പോഴാണ് അവിടെ കസേരയിൽ അദ്ദേഹത്തെ കണ്ടത് . അവിടെ മേശമേൽ അദ്ദേഹത്തിന് മുന്നിൽ നിരത്തിയ പാത്രങ്ങളിൽ നിറഞ്ഞിരുന്നതൊക്കെയും അവൾക്കപരിചിതമായിരുന്നു തീർത്തും . മേശമേൽ പുറം തിരിഞ്ഞിരുന്നിരുന്ന രൂപം അവളുടെ വരവറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതിരുന്നത് അവളെ വേ ദനിപ്പിക്കുക തന്നെയും ചെയ്തു . പാൽ പാത്രവും കയ്യിൽ വെച്ച് എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ജനലഴികൾക്കിടയിലൂടെ ഒരു കുഞ്ഞു കാറ്റ് അവളെ തൊട്ടു വിളിച്ചു . പക്ഷെ ആ കാറ്റിനും പതിവിലും കൂടുതൽ ഉഷ്ണമായിരുന്നെന്ന് അവൾക്കുതോന്നി . പാതി തുറന്നിരുന്നെങ്കിലും ജനവാതിലിലൂടെ ഒരിറ്റു നിലാവെളിച്ചം പോലും അകത്തേക്കെത്തിനോക്കിയിരുന്നില്ലെന്നതും അവളെ ആശങ്കപ്പെടുത്തി ....!
.
ചുമരിലേക്കു ചേർന്ന് നിർന്നിമേഷയായി നിൽക്കുമ്പോൾ അവളുടെ കയ്യിലെ പാൽ പാത്രം അവളെ നോക്കി ചിരിച്ചുവോ എന്ന് തോന്നി അവൾക്ക് . പുറത്തെ നിലാവിന് കൂരിരുട്ടിന്റെ ഘനമാർന്ന നിശ്ശബ്ദതയെങ്ങിനെ കൈവന്നുവെന്ന് അവൾ തന്നോട് തന്നെ ചോദിക്കാനാഞ്ഞു എന്നിട്ടും . തലയിൽ നിന്നും അടർന്നു വീണ ഒരു മുല്ലപ്പൂവിതൾ അവളുടെ കാലടികളിലേക്കു നീങ്ങി മാറിയതും അവളിൽ ചിന്തകളുണർത്തി.. പിന്നെ തിരിഞ്ഞു നോക്കവേ നിറച്ചും നെയ്യൊഴിച്ച് കർപ്പൂരവുമിട്ട് കത്തിച്ചുവെചിരുന്ന നിലവിളക്ക് കരിന്തിരി കത്തി കെട്ടിരുന്നത് അവളെ ഭയപ്പെടുത്തുക തന്നെ ചെയ്തു അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 15, 2018

ഭയപ്പെടേണ്ട വിശപ്പുകൾ ...!!!

ഭയപ്പെടേണ്ട വിശപ്പുകൾ ...!!!
.
നാക്കിലയിൽ നെയ്പായസവും വാങ്ങി, തിരക്കൊഴിഞ്ഞ ഒരു കൽത്തൂണിന്റെ മറവിൽ മേൽമുണ്ട് വിരിച്ച് വിശാലമായിരുന്ന് ചൂണ്ടുവിരൽകൊണ്ടു മെല്ലെ പായസം തോണ്ടിയെടുത്ത് വായിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് തൂണിനപ്പുറത്തുനിന്നും ആ കൈകൾ നീണ്ടു വന്നത് . തനിക്കും വിശക്കുന്നെന്നും പറഞ്ഞുകൊണ്ട് . ഒട്ടൊരു സന്തോഷത്തോടെ, ഇരിക്കുന്നതിൽ ഒരു ഭാഗം മാറ്റിയിട്ട് മൂപ്പർക്കും സ്ഥലമൊരുക്കി നാക്കില മൂപ്പർക്ക് നേരെയും നീട്ടി അടുത്തിരുത്തിയപ്പോൾ സന്തോഷത്തോടെ ഇലയുടെ മറ്റേ അറ്റത്തു നിന്നും മൂപ്പരും മെല്ലെ തന്റെ ചൂണ്ടുവിരൽകൊണ്ട് പായസം തോണ്ടിയെടുത്തു നക്കി തിന്നാൻ തുടങ്ങി ...!
.
എനിക്ക് മാത്രമായി വാങ്ങിയതുകൊണ്ട് കുറച്ചു മാത്രം ഉണ്ടായിരുന്ന പായസം വേഗം തീർന്നപ്പോൾ ഞാൻ പറഞ്ഞു കുറച്ചുകൂടി വാങ്ങി വരാമെന്ന് . സാധാരണയിൽ മൂപ്പരതു സമ്മതിക്കാറില്ലെങ്കിലും അപ്പൊഴെന്തോ വേഗം പോയി വരൻ പറഞ്ഞ് എന്നെ പറഞ്ഞയച്ചു . രണ്ടാമതും പായസം വാങ്ങി ഞാൻ അവിടെയെത്തിയപ്പോൾ മൂപ്പരവിടെ ഇരുന്ന് മെല്ലെ ഓടക്കുഴൽ വായിക്കുകയായിരുന്നു . പതിവിനു വിപരീതമായി ആ രാഗത്തിനു അപ്പോഴൊരു ശോകഭാവം വന്നത് ഞാൻ അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എങ്കിലും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല ...!
.
പായസം കഴിച്ചു കഴിഞ്ഞ് , ഇരുന്നിരുന്ന മുണ്ടിൽ കൈ തുടച്ച് മൂപ്പർക്ക് നേരെ മുണ്ട് നീട്ടിയപ്പോൾ എന്റെ അതെ മുണ്ടിൽ തന്നെ കൈ തുടച്ച് മൂപ്പരും ചാരിയിരുന്ന് വീണ്ടും ഓടക്കുഴൽ വായന തുടർന്നു . ഞാൻ ശരിക്കൊന്ന് ചാരിയിരുന്നപ്പോൾ മൂപ്പരുടെ മുഖത്തേക്കൊന്നു നോക്കി . ഞാൻ നോക്കുന്നത് കണ്ട് മൂപ്പരും എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി . പിന്നെ ഒരു ചിരിയോടെ എന്നെയൊന്ന് ചേർത്തുപിടിച്ച് ഒന്നുമില്ലെടോ എന്ന മട്ടിൽ ഒരു ദീർഘ നിശ്വാസം വിട്ടു ....!
.
തൂണുകളിൽ അങ്ങിങ്ങായി പറന്നുവന്നിരിക്കുന്ന പ്രാവുകളുടെ കുറുകലും , തന്നെ തന്നെയും മറ്റുള്ളവരെയും തിക്കിത്തിരക്കി എന്തൊക്കെയോ എടുത്തുവെച്ചത് എടുത്തുപോകാനെന്ന പോലെ ഓടിപ്പോകുന്ന കാലടികളും കുറച്ചുനേരം നിശബ്ദമായി നോക്കിയിരിക്കെ മൂപ്പർ ഒരു ദീർഘനിശ്വാസത്തോടെ കുറച്ചു ശക്തമായി എന്നെ വീണ്ടുമൊന്നു ചേർത്തുപിടിച്ചു . പക്ഷെ അപ്പോഴത്തെ ആ പിടുത്തത്തിൽ എനിക്കനുഭവിച്ചത് നേരത്തെ ആ ഓടക്കുഴൽ വായനയിൽ നിഴൽനിന്ന നിന്ന വേദനയുടെ ബാക്കി തന്നെയായിരുന്നു എന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി ....!
.
ചേർത്തുപിടിച്ചിരുന്നപ്പോൾ ഞാൻ മൂപ്പരെ നന്നായൊന്നുകൂടി നോക്കി . അന്നാദ്യമായി കഴുത്തിലെ ആ തുളസീമാലയ്ക്ക് കുറേശ്ശേ വാട്ടമുള്ളതുപോലെ . ഉടുത്തിരുന്ന ആ മഞ്ഞപ്പട്ടിനു കുറേശ്ശേ നിറം മങ്ങൽ പോലെ . ആഭരണങ്ങളിൽ പലതും ഇല്ലാത്ത പോലെ . ആ ദേഹത്തിന് പതിവിൽ കൂടുതൽ ഉഷ്ണമുള്ളതുപോലെയും അനുഭവപ്പെട്ടപ്പോൾ ഞാൻ വേദനയോടെ ആ കണ്ണുകളിലേക്കു നോക്കി . പതിവ് കുസൃതിച്ചിരിക്കു പകരം അപ്പോഴവിടെ നിഴലിച്ചത് നിർവ്വികാരതയായിരുന്നു . പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞതു തുടച്ചുകൊണ്ട് ആ പഴയ കുസൃതിച്ചിരി വീണ്ടെടുക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് മൂപ്പർ, തനികിനിയും വിശപ്പുമാറിയില്ല നീ പോയി കുറച്ചു പാൽപായസം കൂടി വാങ്ങി വാ എന്ന് പറഞ്ഞത് എന്നിൽ ഭയമാണ് സൃഷ്ടിച്ചത് അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, April 30, 2018

വിശദീകരിക്കാൻ ...!!!

വിശദീകരിക്കാൻ ...!!!
.
അവനവനെ
മറ്റുള്ളവർക്ക് മുന്നിൽ
വിശദീകരിക്കേണ്ടി വരുന്നത്
തെറ്റിദ്ധരിക്കപ്പെടുമ്പോൾ
മാത്രമല്ല
മറിച്ച്
മനസ്സിൽ
കുറ്റബോധം തോന്നുമ്പോൾ
കൂടിയാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 29, 2018

പരം, ഈ പ്രണയം ...!!!

പരം, ഈ പ്രണയം ...!!!
.
ഒരിക്കലെനിക്കുന്നിന്റെയാ
കൈ പിടിച്ചൊന്നു നടക്കണം
അങ്ങ് ദൂരേയ്ക്ക്
കൊച്ചു കുട്ടികളെ പോലെ ....!
.
നിലാവില്ലാത്ത രാത്രിയിൽ
ആരുടേയും കാലൊച്ചയില്ലാത്ത വഴിയിലൂടെ
പൂക്കളും പൂമ്പാറ്റകളും കാണാതെ
ഇളം കാറ്റുപോലുമില്ലാത്ത നേരത്ത് ....!
.
നിലാവുണ്ടെങ്കിൽ
എനിക്ക് നിന്റെ മുഖത്തെ
പ്രണയതിന്റെ വെളിച്ചം
വായിച്ചെടുക്കാൻ പറ്റില്ലല്ലോ ....!
.
കാലൊച്ചകളുണ്ടെങ്കിൽ
എനിക്ക് വേണ്ടി തുടിക്കുന്ന
നിന്റെ ഹൃദയ താളം
എനിക്കനുഭവിക്കാനും പറ്റില്ല ....!
.
പൂക്കളും പൂമ്പാറ്റകളുമുണ്ടെങ്കിൽ
എനിക്ക് നിന്റെ
സ്നേഹത്തിന്റെ സൗരഭ്യം
ആസ്വദിക്കാനും കഴിയില്ല ....!
.
ഇനിയെങ്ങാനും
ഇളംകാറ്റുണ്ടെങ്കിൽ
എനിക്ക് നിന്റെ ആത്മാവിന്റെ ഗന്ധം
എന്റെ സിരകളിലേക്കാവാഹിക്കാനും
കഴിയാതെ പോകും ...!
.
അതുകൊണ്ട്
നമുക്കൊരു യാത്ര പോകണം
ഇതൊന്നുമില്ലാത്തൊരിടത്തേക്ക്
നിന്റെയാ കൈകളെന്റെ
കൈക്കുള്ളിൽ ചേർത്തുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 26, 2018

കരുത്ത് ....!!!

കരുത്ത് ....!!!
.
കരുത്ത് എന്നത്
കീഴ്പ്പെടുത്താനും
കവർന്നെടുക്കാനും
കരവിരുത് കാണിക്കാനുമുള്ള
അവകാശമല്ല ,
മറിച്ച്
സംരക്ഷിക്കാനും
സൂക്ഷിക്കാനുമുള്ള
അധികാരമുദ്രയാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, April 25, 2018

വിജയിക്കാൻ ...!!!

വിജയിക്കാൻ ...!!!
.
വിജയം എന്നത്
ജയിക്കുന്നവനോ
ജയിപ്പിക്കുന്നവനോ ഉള്ളതല്ല
മറിച്ച്
പരാജയപ്പെടാൻ
ധൈര്യമുള്ളവനുള്ളതാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, April 23, 2018

മരണശേഷം ...!!!

മരണശേഷം ...!!!
.
മരണ ശേഷമുള്ള
നരകത്തെ കുറിച്ച് പറഞ്ഞുപറഞ്ഞ്
ഈ സ്വർഗ്ഗ തുല്യമായ ജീവിതത്തെ
നരകമാക്കി തീർക്കുന്നവരെ
പിന്നെയെങ്ങനെ സ്വർഗ്ഗത്തിൽ കയറ്റും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 22, 2018

കുട്ടികളോടുള്ള ക്രൂരതകൾ ...!!!

കുട്ടികളോടുള്ള ക്രൂരതകൾ ...!!!
.
സമൂഹത്തിലെ അക്രമ സ്വഭമുള്ളവരിൽ വലിയൊരു ശതമാനവും ഭീരുക്കളോ മനോ വൈകല്യം ഉള്ളവരോ ആയിരിക്കും എന്നത് ഒരു സത്യമാണ്. അതുകൊണ്ടു തന്നെ അത്തരക്കാർ എപ്പോഴും തങ്ങളുടെ ഇരകളായി തിരഞ്ഞെടുക്കുക പാവങ്ങളെയോ, തിരിച്ചു ഉപദ്രവിക്കില്ല എന്ന് ഉറപ്പുള്ളവരെയോ ഒക്കെ ആയിരിക്കും എന്നതും സത്യം. അതുകൊണ്ടു കൂടിയാണ് എപ്പോഴും ആക്രമിക്കപ്പെടുന്നവരിൽ കുട്ടികൾ ഒരു മുഖ്യ സ്ഥാനത്തു വരുന്നതും . ഇത് പണ്ടുമുതലേ ഉള്ള ഒരു സംഭവം തന്നെയുമാണ് താനും .

അക്രമ വാസനയുള്ളവരെ കണ്ടെത്തി അവരെ നേർവഴി നയിക്കാനുള്ള ആധുനിക മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നത് ദുഷ്കരമെങ്കിലും അത് ഒരു ആധുനിക പൊതു സമൂഹത്തിന്റെ കടമയുമാണ് മറ്റുള്ളവരുടെ മനോഭാവം മാറ്റാൻ , അവരെ നേർവഴി നടത്താൻ നമുക്ക് കഴിയില്ല എന്ന് നിസ്സാരമായി ചിന്തിച്ച് തള്ളാതെ . തീർച്ചയായും അത് തുടരുന്നതോടൊപ്പം, കുട്ടകളോടുളള ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കാൻ മറ്റു ചില മാർഗങ്ങൾ കൂടി നാം അവലംബിചേ മതിയാവുകയുള്ളൂ . അതിലേറ്റവും പ്രധാനമായതാണ്, തങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും താന്താങ്ങൾ കരുതലോടെ ശ്രദ്ധിക്കുക എന്നത് .
.
അണുകുടുംബങ്ങളിലെ എന്നുമാത്രമല്ലാതെയുള്ള പൊതുവായ കുടുംബ പ്രശ്നങ്ങൾ , സാമൂഹിക പ്രശ്നങ്ങൾ, സാമ്പത്തികം തുടങ്ങി ഒരു അച്ഛനും അമ്മയ്ക്കും തങ്ങളുടെ കുഞ്ഞിനെ ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ സാധിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാകാം. അതിനൊക്കെയുള്ള ന്യായീകരണങ്ങളും ഉണ്ടാകാം . എന്നാൽ അതിനെല്ലാം ഉപരിയായി ഓരോ കുഞ്ഞും തങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണ് എന്നത് സ്നേഹപൂർവ്വമുള്ള നിർബന്ധമാക്കാൻ സാമൂഹിക വ്യവസ്ഥിതിക്കൊപ്പം, പൊതു സമൂഹത്തിനും തങ്ങളുടേതായ കടമകളുണ്ട് .
.
സർക്കാരോ സമൂഹമോ എല്ലാം ചെയ്യുമെന്നത് മാത്രമല്ലാതെ നാം ഓരോരുത്തരും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട് അതിൽ ചിലത് , കർശനമായ നിയമങ്ങൾ ഉണ്ടാക്കുക മാത്രമല്ല, അത് കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പു വരുത്തുക . രാഷ്ട്രീയ പാർട്ടികൾ / മത സാമുതായിക സംഘടനകൾ ഇത്തരം അക്രമികളെയെങ്കിലും സഹായിക്കുന്ന സമീപനം കർശനമായും അവസാനിപ്പിക്കുക , സാമൂഹ്യ സംഘടനകൾ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ സംരക്ഷിക്കാനുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക , കുട്ടികളെ സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ തനിച്ചു വിടാതിരിക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കുക , തന്റെ കുട്ടിയെ എന്ന പോലെ മറ്റുള്ളവരുടെ കുട്ടികളെയും ഒന്ന് ശ്രദ്ധിക്കാൻ എങ്കിലും സമൂഹത്തെ ബോധവാന്മാരാക്കുക , മത / സാംസ്കാരിക / കലാലയ കേന്ദ്രങ്ങളിൽ രക്ഷാകർത്താക്കളുടെ ഒരു കൂട്ടായ്മ എല്ലാറ്റിനും ജാഗരൂകരായി മേൽനോട്ടം വഹിക്കാൻ ഉണ്ടാവുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോയാൽ തീർച്ചയായും ഇത്തരം ക്രൂരമായ അക്രമപരമ്പരകൾക്കു കടിഞ്ഞാണിടാൻ സാധിക്കുക തന്നെ ചെയ്യും .
.
നമുക്കും ശ്രമിക്കാം, നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുകുട്ടികളെയും ശ്രദ്ധിക്കാൻ. കുട്ടികൾക്കെതിരായ അക്രമങ്ങൾക്കെതിരെ നമുക്കും ഒരുമിക്കാം.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, April 16, 2018

മതം .. അതാണ് ... !!!

മതം .. അതാണ് ... !!!
.
കൊന്നവനും
മരിച്ചവനും
കണ്ടുനിൽക്കുന്നവർക്കും
പ്രശ്നം
മതം മാത്രമാണ്
മനുഷ്യത്വമേയല്ല ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 29, 2018

പത്തുപേർ ചേർന്നോരോ തൈകൾ നടുമ്പോൾ ...!!!

പത്തുപേർ ചേർന്നോരോ തൈകൾ നടുമ്പോൾ ...!!!
.
ഒരാൾ
ഒരു തൈ വെച്ചാൽ
അതൊരു മരമാകും ...!
.
ഒരാൾ
ഒരു തൈ വെക്കുന്നതും
പത്തുപേർ
പത്തു തൈകൾ വെക്കുന്നതും
നല്ലതു തന്നെ ...!
.
എന്നാൽ
പത്തു പേർ ചേർന്ന്
പത്തു തൈകൾ
ഒരുമിച്ച്
ഒരിടത്തുവെച്ചാൽ
അതൊരു കാടാകും ...!
.
സംരക്ഷിക്കാം
നമുക്ക് നമ്മുടെ
അവശേഷിക്കുന്ന
കാടുകളെയെങ്കിലും ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 27, 2018

സംരക്ഷിക്കാം, നമ്മുടെ കാടുകളെ ...!!!

സംരക്ഷിക്കാം, നമ്മുടെ കാടുകളെ ...!!!
.
മലകളെയും
കുന്നുകളെയും
പുഴകളെയും
മരങ്ങളെയും
പാടങ്ങളെയും
നീരുറവകളെയും
കുറിച്ചൊക്കെ
വേവലാതിപ്പെടുന്നതിനേക്കാൾ
കൂടുതലായി
നാം വേവലാതിപ്പെടേണ്ടത്
നമ്മുടെ അവശേഷിക്കുന്ന
കാടുകളെക്കുറിച്ചാണ്
കാടുകൾ സംരക്ഷിക്കപ്പെട്ടാൽ
ഇവയൊക്കെയും താനേ
സംരക്ഷിക്കപ്പെടുകയും ചെയ്യും .
പരിശ്രമിക്കാം
നമ്മുടെ അവശേഷിക്കുന്ന
കാടുകളുടെ സംരക്ഷണത്തിനായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, March 19, 2018

ഓരോ പെണ്ണും ...!!!

ഓരോ പെണ്ണും ...!!!
.
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാണ് ,
ഇലകളും കൊമ്പുകളും
കൊമ്പുകളിൽ നിറയെ
പൂക്കളും പിന്നെ പഴങ്ങളും നിറച്ച് ,
തനിക്കു കീഴിലെ ഓരോ മൺതരിയെയും
തന്റെ വേരുകളാൽ പരസ്പരം ബന്ധിപ്പിച്ചു നിർത്തി
ശുദ്ധവായുവും ആ വായുനിറയെ സുഗന്ധവും നിറച്ച്
പരിലസിക്കുന്ന മഹാ വൃക്ഷങ്ങൾ ...!!!
.
ഓരോ കൊടുങ്കാറ്റിന് മുന്നിലും
തന്റെ ശിഖരങ്ങൾ വളച്ച് അവർ നമസ്കരിക്കുന്നത്
ഓരോ പേമാരിയിലും തങ്ങളുടെ വേരുകളുയർത്തി
അനുഭാവം പ്രകടിപ്പിക്കുന്നത് ,
തന്റെ കഴിവുകേടോ കീഴടങ്ങലോ അല്ലെന്ന്
ആ ഓരോ മഹാമാരിക്കും കൊടുങ്കാറ്റിനും ശേഷവും
വർധിത വീര്യത്തോടെ തലയുയർത്തി നിന്നുകൊണ്ട്
വിളിച്ചുപറയാൻ കൂടി വേണ്ടിയാണ് .....!
.
ഓരോ പൂക്കളും ഓരോ പഴങ്ങളും
വ്യത്യസ്തമാകുന്നതുപോലെ
ഓരോ മരങ്ങളും വ്യത്യസ്തമാണ് എന്നതിലല്ലാതെ
അവയോരോന്നും അനിവാര്യതകൂടിയാണെന്ന്
ഉറപ്പിച്ചു പറയാൻ കൂടി വേണ്ടി
വീണ്ടും ഓരോ പെണ്ണും
ഓരോ വന്മരങ്ങൾ തന്നെയുമാകുന്നു ....!
.
തന്നെത്തന്നെ ചേർത്തുനിർത്തി
തനിക്കു ചുറ്റും കൂട്ട് കൂട്ടി
തന്നെയും തനിക്കു ചുറ്റിനെയും
ചേർത്ത് സംരക്ഷിച്ചുനിർത്തി
ഒറ്റയിൽനിന്നും ഇരട്ടയിൽനിന്നും
ജീവനത്തിന്റെ , അതിജീവനത്തിന്റെ
ഒരു മഹാവനം തന്നെ സൃഷ്ടിച്ചെടുക്കുന്ന
അത്ഭുതവും അതുല്യതയുമാകുന്നു ....!
.
ബുദ്ധന് വരെ ബോധോദയം നൽകാൻ മാത്രം
പ്രാപ്തിയുള്ള ബോധി വൃക്ഷങ്ങളായും ,
കൊമ്പുകൾ വിരിച്ച് വേരുകൾ വിടർത്തി,
അനശ്വരതയോടെ, ആത്മാഭിമാനത്തോടെ,
തനിക്കു ശേഷവും തന്റെ തുടർച്ചയായി
താൻ തന്നെയാകുന്ന തൈമരങ്ങളുണ്ടാകാൻ കൂടി വേണ്ടിയും
ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, March 12, 2018

കർഷകർക്കൊപ്പം ...!!!

കർഷകർക്കൊപ്പം ,
പണിയെടുക്കുന്നവർക്കൊപ്പം ,
എന്റെയും വിശപ്പകറ്റുന്നവർക്കൊപ്പം ,
മണ്ണിന്റെ അവകാശികൾക്കുമൊപ്പം
ഈ ഞാനും ...!!!

Sunday, March 11, 2018

ഒറ്റ ദൈവങ്ങൾ ...!!!

ഒറ്റ ദൈവങ്ങൾ ...!!!
.
ആകെ
ഒരു ദൈവമേ ഉള്ളൂ എന്നാണ്
അവരോരോരുത്തരും
എന്നോട് പറയുന്നത് ...!
.
പിന്നെ,
ആ ഒരു ദൈവത്തിൽ മാത്രം
വിശ്വസിക്കാനും
അവരെന്നോട്
ആവശ്യപ്പെടുന്നു ...!
.
അതിനു തയ്യാറായി
ഞാൻ ചെല്ലുമ്പോൾ
അവരോരോരുത്തരും പറയുന്നത്
അവരവരുടെ
ഒറ്റക്കൊറ്റയ്ക്കുള്ള
ഓരോ ദൈവങ്ങളെക്കുറിച്ചും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, March 7, 2018

പ്രണയം എന്നത് ...!!!

പ്രണയം എന്നത് ...!!!
.
പ്രണയം എന്നത്
ഒരു വ്യവഹാരമല്ല
കൊടുക്കുന്നത് പോലെ
തിരിച്ചു കിട്ടണമെന്ന്
പ്രതീക്ഷിക്കാൻ ...!
.
തീർച്ചയായും
മറിച്ചതൊരു
അനുഭവമാണ്
തന്നിലേക്ക്
തന്നെത്തന്നെ ചേർക്കുന്ന
ആത്മ നിർവൃതിയുടെ
അമൂല്യമായൊരനുഭവം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 1, 2018

ആദിവാസി സ്നേഹം ...!!!

ആദിവാസി സ്നേഹം ...!!!
.
എല്ലാവരെയും പോലെ
ആദിവാസികളോട് /
കാനന വാസികളോട് പ്രത്യേകിച്ച്
എനിക്കും സ്നേഹമാണ് ,
അടങ്ങാത്ത സ്നേഹം .....!
.
വർഷാവർഷം വലിയ തുകകൾ
അവർക്കുവേണ്ടി വകയിരുത്തുന്ന
സർക്കാരുകളെയും ഉദ്യോഗസ്ഥരയെയും പോലെ
അവരെ മതം മാറ്റാൻ മാത്രം
ഇറങ്ങി തിരിക്കുന്നവരെ പോലെ
അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച
സാമൂഹിക സംഘടനകളെ പോലെ
അവരുടെ വിലപ്പെട്ട അറിവുകൾ
മോഷ്ടിച്ചെടുക്കുന്ന വലിയ കമ്പനികളെ പോലെ
അവർക്കുവേണ്ടി കഥകളും കവിതകളും എഴുതി
കണ്ണീർ വാർക്കുന്ന സാംസ്കാരിക നായകരെ പോലെ
എനിക്കും അവരോട് അടങ്ങാത്ത സ്നേഹമാണ് ...!
.
എന്റെ സ്‌നേഹത്തിൽ പക്ഷെ
പകുതിയിലേറെയും
അവരുടെ ഭൂമിയോടാണ്
പിന്നെ അവരുടെ കുഞ്ഞു പെണ്ണുങ്ങളോടും
അവരുടെ വന വിഭവങ്ങളോടും
ബാക്കി സ്നേഹം
അവരെ സ്നേഹിക്കുന്നു എന്ന് കാണിക്കുക വഴി
എനിക്ക് കിട്ടുന്ന പ്രശസ്തിയിലുമാണ് ...!
.
ഇങ്ങിനെ എന്റെ സ്നേഹമൊക്കെ
പലയിടത്തും പകുത്തു പോയതിനുശേഷം
ആ മനുഷ്യക്കോലങ്ങളെ സ്നേഹിക്കാൻ
എന്റ്റെ കയ്യിൽ സ്നേഹം അവശേഷിക്കുന്നില്ലെങ്കിൽ
അതെങ്ങിനെ എന്റെ തെറ്റാവും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, February 28, 2018

അണികളോട് ...!!!

അണികളോട് ...!!!
.
വെട്ടിയും
കുത്തിയും
ബോംബെറിഞ്ഞും
എതിരാളികളെ കൊല്ലിക്കുന്ന
നേതാക്കന്മാരുടെ
മക്കളോ ബന്ധുക്കളോ
അങ്ങിനെയൊരക്രമത്തിൽ
കൊല്ലപ്പെടും വരേയും
അക്രമത്തിന്റെ ഉത്തരവാദിത്വം
പാർട്ടികളുടെ
നേതൃത്വത്തിൽ എത്തുംവരെയും
മാത്രമേ ഉള്ളു
ഏതൊരു രാഷ്ട്രീയ കൊലപാതകവും
എന്നതൊരു യാഥാർഥ്യമായിരിക്കെ
നഷ്ട്ടം പിന്നെയും
കൊല്ലപ്പെടുന്നവരുടെ
കുടുംബത്തിന് മാത്രമെന്ന്
എന്നാണ് ഇനിയീ
അണികൾ തിരിച്ചറിയുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, February 25, 2018

വിശപ്പ് ....!!!

വിശപ്പ് ....!!!
.
അതെ
വിശപ്പ് തന്നെയാണ് ജീവൻ , ജീവിതവും
കാഴ്ചയും കാരണവും പരിഹാരവും
വിശപ്പ് തന്നെയാണ് മരണവും ....!
.
ഞാൻ പ്രതികരിച്ചു , പ്രതിഷേധിച്ചു
പാട്ടുപാടി , കഥയും കവിതയുമെഴുതി
വിളക്കുകൊളുത്തി , നാടകം കളിച്ചു
നവ മാധ്യമങ്ങളിൽ കണ്ണീർകടലൊഴുക്കി .... !
.
പക്ഷെ
എന്നിട്ടുമിപ്പോഴും വിശക്കുന്നവൻ പട്ടിണിയിൽ തന്നെ
ചൂഷണം ചെയ്യപ്പെടുന്നവരും അധഃകൃതരും തന്നെ ,
അവർക്കുള്ള സ്ഥാനം
ഇപ്പോഴും പുറമ്പോക്കുകളിൽ തന്നെ ....!
.
വിശക്കുന്നവൻ തന്നെയാണ് കള്ളൻ
അവൻ തന്നെ ഭ്രാന്തനും എതിരാളിയും
വിശക്കുന്നവനുവേണ്ടിയാണ് ഞാനും
എന്നിട്ടും
അവന്റെ വിശപ്പുമാത്രം പിന്നെയും ബാക്കി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, February 12, 2018

പുതുതലമുറ മാതാപിതാക്കൾ ....!!!

പുതുതലമുറ മാതാപിതാക്കൾ ....!!!
.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും കൂടി ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രധാനാദ്ധ്യാപികയെ ആ കുട്ടികളുടെ രക്ഷാകർത്താക്കൾ കൂടിച്ചേർന്ന് കള്ളക്കേസിൽ കുടുക്കിയതിന്റെ ഫലമായി നല്ല അദ്ധ്യാപികയെന്നു പേരെടുത്തിട്ടുള്ളവരെങ്കിലും അവർ ആത്മഹത്യ ചെയ്തു എന്ന് വാർത്തകണ്ടു ....!
.
അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ നേരനുഭവം എനിക്കും അറിയാവുന്നതുകൊണ്ട് തീർച്ചയായും അതിവിടെ കുറിക്കണം എന്ന് തോന്നി ....!
.
ഒന്നാം റാങ്കോടെ ഉന്നത പഠനം കഴിഞ്ഞ് മഹത്തായൊരു സർവ്വകലാശാലയുടെ പ്രത്യേക ക്ഷണത്തോടെ വിദേശത്ത് റിസേർച്ചിനും ജോലിക്കും കൂടി പോയ എന്റെയാ സുഹൃത്ത് നാട്ടിലേക്ക് മടങ്ങി വന്നത് അവളുടെ വൃദ്ധരായ മാതാപിതാക്കൾ വീട്ടിൽ തനിച്ചായപ്പോൾ അവർക്ക് കൂട്ടാകാനും അവരെ സ്വന്തമായി നോക്കാനുമാണ് . അദ്ധ്യാപകവൃത്തി എന്നത് രക്തത്തിൽ അലിഞ്ഞതായതുകൊണ്ട് ഒഴിവുസമയത്ത് ക്‌ളാസ്സെടുക്കാൻ ഒരു സാമൂഹ്യ സേവനം എന്ന നിലയിൽ മാത്രം അവളും ഒരു പൊതു വിദ്യാലയത്തിൽ പിന്നീട് പോകാൻ തുടങ്ങി ....!
.
പുതു തലമുറ കുട്ടികളുടെ കുസൃതികൾ പലപ്പോഴും അതിരുവിടുന്നതെങ്കിലും പ്രായത്തിന്റെ ചാപല്യമെന്നോർത്ത് അവൾ അതിനെയെല്ലാം പുഞ്ചിരിയോടെ നേരിട്ടെങ്കിലും ഒരിക്കൽ ക്ലാസ് പാർട്ടി എന്ന പേരിൽ ക്‌ളാസ്സിലിരുന്ന് കുട്ടികൾ മദ്യപിക്കുകയും അതിൽ ചിലർ ലൈംഗികയിലേക്കു പോലും പരസ്യമായി കടക്കുകയും ചെയ്യുന്നു എന്ന് കണ്ടപ്പോൾ അതിനെ ശക്തമായി എതിർത്തതിന്റെ പേരിൽ അവളെ ആ കുട്ടികളുടെ മാതാപിതാക്കൾ അടങ്ങിയ സംഘം അപമാനിക്കാൻ ശ്രമിക്കുകയും പിന്നീട് വീടുകയറി ആക്രമിക്കാൻ വരെ മുതിരുകയും ചെയ്തത് ഹൃദയവേദനയോടെയാണ് അവൾ എന്നോട് പറഞ്ഞത് ...!
.
ഇവിടെ , തെറ്റുചെയ്യുന്ന ആ കുട്ടികളെക്കാൾ , ലഹരിയുടെയും , രതി വൈകൃതങ്ങളുടെയും അരാജകത്വത്തിലേക്ക് സ്വന്തം മക്കളെ കയറൂരി വിടുന്ന, പണവും പദവിയും വിവരവും വിദ്യാഭ്യാസവുമുള്ള ചില പുതു തലമുറ മാതാപിതാക്കൾ സമൂഹത്തിന് എത്രമാത്രം ബാധ്യതയാകുന്നു എന്ന് ഓരോരുത്തരും ചിന്തിക്കുകതന്നെ വേണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Sunday, February 4, 2018

ലോകം ....!!!

ലോകം ....!!!
.
മറ്റുള്ളവരുടെ മുന്നിൽ
ഒരു കുറ്റവാളിയായി
നിൽക്കുന്നതിനേക്കാൾ
വേദനാജനകമാണ്
അവരുടെ മുന്നിൽ
പരിഹാസ്യനായി
നിൽക്കേണ്ടിവരുന്നത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, January 23, 2018

എന്നെ കാണാൻ ...!!!

എന്നെ കാണാൻ ...!!!
.
എന്നെ കാണണമെങ്കിൽ
നീ നിന്റെ
കണ്ണാടിയിലേക്കൊന്ന്
നോക്കണം ...!
.
അവിടെയുമില്ലെങ്കിൽ
പിന്നെ
എങ്ങിനെയാണ്
ഞാൻ
എന്നിലുമുണ്ടാവുക ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, January 18, 2018

ചിലരൊക്കെ അങ്ങിനെയുമാണ് ....!!!

ചിലരൊക്കെ അങ്ങിനെയുമാണ് ....!!!
.
വഴിയറിയാതെ , സഹായിക്കാൻ ആരെങ്കിലുമോ എന്തെങ്കിലുമോ ഇല്ലാത്തിടത്ത് , കുറ്റാകുറ്റിരുട്ടിൽ , കണ്ണിൽ കുത്തിയാൽ പോലും കാണാനാകാത്ത അത്രയും ഇരുട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെ എങ്ങുനിന്നോ വന്ന് ഒന്നും പറയാതെ നമുക്കായി മാത്രം കരുതി കൊണ്ടുവന്ന ഒരു വെളിച്ചത്തിന്റെ കണികയും കയ്യിൽ തന്ന് ഒന്നും പറയാതെ, ഒന്നിനും വേണ്ടി കാത്തുനിൽക്കാതെ എങ്ങോട്ടോ കടന്നുപോകുന്ന ചിലരുണ്ടാകും നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ . ജീവിതം തന്നെ തിരിച്ചു നൽകുന്ന അവരെ നാം ഒരിക്കലും മറക്കരുതെങ്കിലും പിന്നീട് ഓർക്കാറില്ല എന്നതും സത്യം . പക്ഷെ അവരെയും ഓർത്തുപോകുന്ന ചില സന്ദർഭങ്ങളുണ്ടാകും ജീവിതത്തിൽ ...!
.
അതെപ്പോഴാണെന്നാൽ , നമ്മൾ പ്രതീക്ഷയോടെ പ്രാർത്ഥനകളോടെ കാത്തിരിക്കുന്ന ചിലരുണ്ടാകും . നമുക്കൊപ്പമുണ്ടാകുമെന്നും നമ്മെ സഹായിക്കുമെന്നും നമ്മളോടൊപ്പം എപ്പോഴും നിൽക്കുമെന്നും നാം വിശ്വാസത്തോടെ കരുതുന്ന ചിലർ. അവർ പക്ഷെ നാം ആഗ്രഹിക്കുന്ന ഒരുസമയത് നമ്മെ അതുപോലെയുള്ള മറ്റൊരിരുട്ടിൽ ഉപേക്ഷിച്ചുപോകുമ്പോൾ തീർച്ചയായും....!
.
വഴികൾ അങ്ങിനെയാണ് ... തിരിച്ചും , അങ്ങോട്ടും ഒരുപോലെ . ഒരേ വഴിയിലൂടെയുള്ള യാത്രകളിൽ മിന്നിമായുന്ന രൂപങ്ങൾക്ക് ജീവിതത്തോളവും ജീവനോളവും വിലയും വിലക്കേടുമുണ്ടാക്കുന്ന അത്ഭുത പ്രതിഭാസം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, December 17, 2017

എത്തിനോക്കുന്ന കൺകളിൽ ..!!!

എത്തിനോക്കുന്ന കൺകളിൽ ..!!!
.
അപ്പുറത്തേക്ക്
എന്തിനും
എത്തിനോക്കുന്ന
നമ്മുടെ
കണ്ണുകളിൽ
എന്തേ
ഒരൽപ്പം
കാരുണ്യത്തിന്റെ
കനിവില്ലാതെ
പോകുന്നു
ഇപ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, December 13, 2017

ഞാനും കറുപ്പിനൊപ്പം ...!!!

ഞാനും കറുപ്പിനൊപ്പം ...!!!
.
കറുപ്പ് എന്നത്
ഒരു നിറമല്ലെന്നും
അത് എല്ലാനിറങ്ങളും
കൂടിച്ചേരുന്ന
ഒരു പ്രതിഭാസം
മാത്രമാണെന്നും
ചെറിയ ക്ലാസ്സുകളിൽ
പഠിച്ചെടുക്കുന്ന നമ്മൾ
എന്തിനാണ് പിന്നെയും
കറുപ്പിനെ
വെറുക്കുന്നത് .....???
.
ഞാൻ എന്നും കറുപ്പിനൊപ്പം ...!!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

നാളെയെ ഉണ്ടാക്കാൻ ...!!!

നാളെയെ ഉണ്ടാക്കാൻ ...!!!
.
ഇന്നലെയും
ഇന്നും
കയ്യിലുണ്ടായിട്ടും
നമുക്കെന്തേ
ഇനിയും
നാളെയെ
ഉണ്ടാക്കാനാകാത്തത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, December 12, 2017

ഓഖിയും സർക്കാരും ...!!!

ഓഖിയും സർക്കാരും ...!!!

സഹായം ആവശ്യമുള്ള ഒരു സമൂഹത്തിന് അത് നൽകേണ്ട സമയത്ത് നേരിട്ട് നൽകാൻ സാധിക്കുമായിരുന്ന ഒരു സർക്കാർ അത് ശരിയായ രീതിയിൽ നിർവഹിക്കാതെ അടച്ചിട്ട മുറിയിൽ ഭരണ ചക്രം തിരിക്കാനിരുന്ന് സമയം കളഞ്ഞിട്ട് , പിന്നീട് ആ അവസരം പരമാവധി മുതലെടുക്കുന്ന മത നേതാക്കളുടെ മുന്നിൽ പോയി ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്നത് ആ സർക്കാരിൽ വിശ്വസിക്കുന്ന എല്ലാവർക്കും അപമാനമാണ് . കയ്യേറ്റ മാഫിയയെ സഹായിക്കാൻ കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിലൊരംശം ഇവിടെ കാണിച്ചിരുന്നെങ്കിൽ മതേതര ജനാധിപത്യ മൂല്യങ്ങളിൽ നിലനിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് അത് ഭൂഷണമായേനെ . ഇക്കാര്യത്തിലും , ശക്തനും ധീരനുമായ ഒരു നേതാവിനെ ഇനിയൊരിക്കലും തിരിച്ചുവരുത്താത്തവിധം പിന്തള്ളപ്പെടുത്തുവാൻ, കൂടെ കൂടിയ ഉപദേശകവൃന്ദം മനപ്പൂർവ്വം ശ്രമിക്കുന്നുവോ എന്നതും ഇവിടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, December 9, 2017

തനിയേ .....!!!

തനിയേ .....!!!
.
ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് , സൂചികുത്താൻ ഇടമില്ലാത്ത പെരുവഴിയിൽ , നമ്മെ ഇറക്കിവിട്ട് എങ്ങോട്ടോ പൊയ്ക്കളയും , നമ്മൾ കാണാതെ . അതുവരെയും കൂടെകൊണ്ടു നടന്നതും വഴികാട്ടിയതും മുന്നിലേക്കുള്ള ലക്‌ഷ്യം കാണിച്ചുതന്നിരുന്നതും അവരാണെന്നതുപോലും ഒരു സൂചനപോലും ബാക്കിവെക്കാതെ . നമുക്കവിടെ ദിക്കറിയില്ലെന്നതും ദൂരമറിയില്ലെന്നതും മാർഗ്ഗമറിയില്ലെന്നതും അവരുടെ വിഷയമേ അല്ലെന്നമട്ടിൽ , തീർത്തും തനിച്ചാക്കി ഒരപ്രത്യക്ഷമാകൽ . ...!
.
സ്മൃതികളും സ്മരണകളും എന്തിന് , കടം പറഞ്ഞ് വെച്ച സ്നേഹം പോലും തിരസ്കൃതമാകുന്ന വിജനതയുടെ ശൂന്യതയിൽ അങ്ങിനെ നിൽക്കേണ്ടി വരുന്നത് പക്ഷെ മരണത്തേക്കാൾ ഭീതിതമെന്ന് ഉപേക്ഷിക്കുന്നവർ അറിഞ്ഞിട്ടും ഓർക്കാതെ പോകുന്നു അപ്പോൾ . ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോന്നിലും അവരെ കൈപിടിച്ചാനയിച്ച് പരവതാനി വിരിച്ച് പട്ടുമെത്തയിട്ടിരുത്തിയിട്ടും അവർ അതുപേക്ഷിക്കുന്നതിനും കാരണങ്ങളുണ്ടാകാം , പക്ഷെ നിഷ്കാസിതനായി നിരാശ്രയനായി പുഛിക്കപ്പെടുന്നവനായി ഉപേക്ഷിക്കപെടുന്നവർ മാറുന്നു എന്നതും ഒരുപക്ഷെ അവരുടെ വിധിയുമായിരിക്കാം ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, December 6, 2017

രാവണനാകണം , എനിക്കും ...!!!

രാവണനാകണം , എനിക്കും ...!!!
.
മര്യാദാ പുരുഷനായ
രാമനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
രാക്ഷസനായൊരു
രാവണാനാകുന്നത് തന്നെ...!
.
പത്തു തലകളും
അതിനൊത്ത ചിന്തകളും
ഇരുപതു കൈകളും
അതില്പരം പ്രവൃത്തികളും
ഒത്തുചേർന്നൊരു
ആസുര രാവണൻ .....!
.
സ്വാമിയായിട്ടും
പൂർണ്ണനായിട്ടും
ഒറ്റവാക്കിൽ
കളങ്കിതനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
കളങ്കമില്ലാത്ത
കളങ്കിതനാകുന്നത് തന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ


Monday, December 4, 2017

ഞാൻ ഇപ്പോഴും ചിരിക്കാറുണ്ട് ...!!!

ഞാൻ ഇപ്പോഴും ചിരിക്കാറുണ്ട് ...!!!
.
താഴെ വീണുപോയ അഞ്ചാറ് വറ്റുകൾ കൂടി പെറുക്കി പിഞ്ഞാണത്തിലേക്കിട്ട് തൈരുപാത്രം ചൂണ്ടു വിരൽകൊണ്ട് വടിച്ചൊഴിച്ച് അവസാനത്തെ വറ്റും തുടച്ചു കഴിച്ച് പിന്നിലേക്ക് തിരിഞ്ഞ് ആരും കാണാതെയൊരു ഏമ്പക്കവും വിട്ട് തന്റെ പാത്രങ്ങളുമെടുത്ത് അയാൾ കൈകഴുകാൻ എഴുന്നേൽക്കുമ്പോൾ ചുറ്റും ഇരുട്ട് തന്നെയായിരുന്നു . നിശബ്‌ദതയും . അവൾ തടയാൻ ശ്രമിച്ചിട്ടും , കൊളുത്തിവെച്ച മണ്ണെണ്ണവിളക്ക് കഴിക്കാൻ തുടങ്ങും മുൻപ് അയാൾ ഊതിക്കെടുത്തുകയായിരുന്നല്ലോ ചെയ്‍തത് ...!
.
രാത്രിയുടെ യാമങ്ങളുടെ എണ്ണത്തേക്കാൾ അയാളെ അപ്പോൾ ഓർമ്മപ്പെടുത്തിയിരുന്നത് പകലിന്റെ ഇരമ്പമായിരുന്നു എന്നവൾക്ക് തോന്നി . എന്നിട്ടും അയാൾ ധൃതി വെച്ചതേയില്ല ഒട്ടും . ഒരിക്കൽ പോലും അവശേഷിച്ചിട്ടില്ലാത്ത നെഞ്ചിലെ നീറ്റലിൽ ഇനി അവശേഷിക്കുന്നത് ഒരു ചാൺ വയറും, പിന്നെ അതിനു ചുറ്റുമുള്ള ലോകവും മാത്രമെന്ന് അയാൾക്കും പിന്നെ അവൾക്കും അപ്പോൾ തോന്നിയോ ആവോ . എങ്കിലും നീരുവെച്ച കാലിൽ അപ്പോഴും മുറിപ്പാടകലെയുള്ള ചങ്ങലയുടെ കിലുക്കമുണ്ടോ എന്നും അവളപ്പോൾ ഓർത്തുനോക്കി , അറിയാതെയെങ്കിലും ...!
.
പകലിരമ്പം ... വാക്കുകളുടെ ഉദ്ധീപനം , ഉദാസീനത .. ഓർക്കാൻ എന്ത് രസം എല്ലാം . ഓർക്കാൻ മാത്രം . വിശപ്പ് മനസ്സിൽ നിന്നും ശരീരത്തിലേക്കും പിന്നെ വയറ്റിലേക്ക് മാത്രമായും ഇരച്ചു കയറുന്നത് തൊട്ടറിയുമ്പോൾ മാത്രം മനസ്സിലാകുന്ന അനുഭൂതികൾ . ലോകം എത്രമാത്രം ചെറുതാണെന്ന് അപ്പോൾ മാത്രം അവൾക്കും അയാൾക്കും തോന്നി തുടങ്ങിയിരുന്നു . അല്ലെങ്കിൽ ഈ മുഴുവൻ ലോകവും ചുരുങ്ങി ചുരുങ്ങി ഒരു പൊക്കിൾ ചുഴിയോളം ചെറുതാകുന്ന പോലെ ....!
.
എല്ലാ മുഖങ്ങളും ഒന്നായിത്തീരുന്ന ഒരിടമുണ്ടെന്ന് അയാൾ ഒരിക്കലും ഓർത്തിരുന്നില്ല അതുവരെയും . കടലിനും മലകൾക്കും നടുവിൽ നിവർന്നു കിടക്കുമ്പോഴും , പട്ടുമെത്തയിൽ ഒരു പെണ്ണുടലിന്റെ ചൂടിൽ ചുരുങ്ങുമ്പോഴും അയാൾ കണ്ടതെല്ലാം പല മുഖങ്ങളായിട്ടും ആ രൂപങ്ങളെല്ലാം ഉരുകിച്ചേർന്ന് ഇഴകൂടി ഒന്നായി ഒരു രൂപമായി തീരുമെന്ന് അയാൾ മറന്നെടുക്കുമ്പോൾ , എല്ലാ മാതൃത്വങ്ങൾക്കും ഒരേ മുഖമെന്ന് അപ്പോൾ തന്റെ മുലക്കണ്ണുകളിൽ നിന്നുറവയെടുക്കുന്ന അമ്മിഞ്ഞപ്പാലിൽ നിന്നും തന്നെ അറിയിച്ചുകൊണ്ട് അവളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 26, 2017

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!
.
ഹാദിയയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്കോർമ്മ വരിക മനുഷ്യാവകാശത്തെക്കുറിച്ചോ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചോ മത സ്വാതന്ത്ര്യത്തെക്കുറിച്ചോ എന്തിന് , ഭരണഘടനയെക്കുറിച്ചു പോലുമോ അല്ല , മറിച്ച് ഒരു സാധാരണക്കാരായ അച്ഛനെയും അമ്മയെയും കുറിച്ച് മാത്രമാണ് . എന്റെ സ്വാർത്ഥതയോ സങ്കുചിതമനോഭാവമോ എന്തുമാകാം , എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്റെ മകളുടെ മുഖവും എന്റെ ഭാര്യയുടെ മുഖവുമാണ് ...!
.
എന്റെ കാഴ്ചപ്പാട് തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷെ എനിക്ക് തോന്നുന്നത് ഇഷ്ടമില്ലാതെ ഇനിയും ആ കുട്ടിയെ വീട്ടുതടങ്കലിലോ സർക്കാർ സംരക്ഷിത സംവിധാനത്തിലോ ആക്കുന്നതിനു പകരം അതിനെ അതിന്റെ പാട്ടിനു വിടുന്നതായിരിക്കും എന്നതാണ് . സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ജീവിതത്തിലേക്ക് തള്ളിവിടാൻ ഒരച്ഛന്റെയോ അമ്മയുടേയോ മനസ്സ് അനുവദിക്കില്ലെന്ന് എനിക്കറിയാം . പക്ഷെ തന്റെ ന്യായത്തിൽ വിശ്വസിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ഒരാളെ എങ്ങിനെയാണ് അതിൽനിന്നും പിന്തിരിപ്പിക്കാനാവുക ...!!!
.
ഇത്തരത്തിലുള്ള പല വിവാഹങ്ങളും മഹാ ദുരന്തങ്ങളിലാണ് അവസാനിക്കാറുള്ളത് , അങ്ങിനെയല്ലാത്തതും ഇല്ലെന്നല്ല . പക്ഷെ ഇവിടെ നമുക്കും കാത്തിരിക്കാം . ലോകത്തിന് ഇതൊരു ഉദാഹരണമാക്കാനായി . ഒരു മാതൃകയാക്കാനായി . ഇനിയും ഹാദിയമാർ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 23, 2017

ഞാൻ പത്മാവതിക്കൊപ്പം ...!!!

ഞാൻ പത്മാവതിക്കൊപ്പം ...!!!
.
പത്മാവതി ഒരു സിനിമ മാത്രമാണ് . ആ ഒരു സിനിമയിൽ ഒലിച്ചിറങ്ങാവുന്നതേയുള്ളു മഹത്തായ ഭാരതീയ പാരമ്പര്യമെന്ന് ഞാൻ വിശ്വസിക്കുന്നില്ല . അതുകൊണ്ടുതന്നെ ഞാൻ പത്മാവതിക്കൊപ്പം . ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി . ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 21, 2017

മതങ്ങളുടെ വിവാഹങ്ങൾ...!!!

മതങ്ങളുടെ വിവാഹങ്ങൾ...!!!
.
അടുത്തരാജ്യത്താണെങ്കിലും ആ അച്ഛനും അമ്മയും അവിടെ എത്തിയെന്നറിഞ്ഞപ്പോൾ ഞാൻ അവരെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചത് അവരോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും തന്നെയാണ് . അടുത്ത നാട്ടുകാർ എന്നതിനേക്കാൾ, എനിക്കേറെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു എല്ലാം കൊണ്ടും . വാത്സല്യത്തിന്റെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെയൊക്കെ വിവേചനമില്ലാത്ത സ്നേഹം ആവോളം പകർന്നു നൽകാറുള്ള അവരെ എങ്ങിനെയാണ് എനിക്ക് മറക്കാൻ സാധിക്കുക . അവർ അവിടെ അവരുടെ മകളുടെ വീട്ടിലാണെന്നും എപ്പോൾ വേണമെങ്കിലും കാണാൻ ചെന്നുകൊള്ളാനും പറഞ്ഞെങ്കിലും ആരുടേയും വീട്ടിലേക്കു പോകാൻ എനിക്കത്ര താത്പര്യമില്ലാതിരുന്നതുകൊണ്ട് മാത്രം അവരെ പുറത്തു വെച്ച് കാണാം എന്നുറപ്പിച്ചു ....!
.
നാട്ടിലെ പുരാതന തറവാട്ടുകാരായ അവരെ തറവാട്ടു മഹിമകൊണ്ടോ പാരമ്പര്യം കൊണ്ടോ അല്ല ഞങ്ങൾ ഓർക്കാറുള്ളത്, അവരുടെ ധീരമായ പ്രവർത്തികൾകൊണ്ടുതന്നെയാണ് . ജനോപകാരമായ ഏതൊരു പ്രവർത്തികൾക്കും ഏതൊരു അത്യാവശ്യത്തിനും കൈമെയ് മറന്ന് മുന്നിട്ടു നിൽക്കാറുള്ള അവർ ആശയപരമായും പ്രാവർത്തികമായും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു . ആശയപരമായ സംവാദവും സംഘട്ടനങ്ങളും സഹിഷ്ണുതയുടെ പരിധിയിൽ നിന്നുകൊണ്ട് എങ്ങിനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാമെന്നു അദ്ദേഹം കാണിച്ചു തരാറുമുണ്ടായിരുന്നു എന്നും ...!
.
അവരുടെ മൂത്ത മകൻ എന്റെയും സുഹൃത്തായിരുന്നതുകൊണ്ടാണ് ഞാനും അവിടെ അവരോടൊപ്പം പോകാൻ തുടങ്ങിയത് . വിപ്ലവനായകനായ അവൻ ഞങ്ങൾക്കും വീര പുരുഷനായതുകൊണ്ടു തന്നെ ആ സ്നേഹവും ആദരവും ഞങ്ങൾ എല്ലാവരും അവന്റെ കുടുംബത്തോടും നൽകിയിരുന്നു . പക്ഷെ അവന്റെ മനസ്സിലെ നെരിപ്പോടിനേക്കാൾ വലിയൊരു അഗ്നികുണ്ഡമാണ് അകത്തുള്ളതെന്നറിഞ്ഞപ്പോൾ ഇഷ്ട്ടം ആ അച്ഛനോടും ഒപ്പം അമ്മയോടും കൂടെയായി. ....!
.
അവനൊരു അനിയത്തികൂടി ഉള്ളത് ഞങ്ങളെക്കാൾ ഏറെ ഇളയതാണ് . അതുകൊണ്ടു തന്നെ അവൾ ഞങ്ങൾക്കും കുഞ്ഞനുജത്തിയായിരുന്നു അപ്പോൾ. കുറുമ്പ് കാട്ടി, എല്ലാവരുടെയും ഓമനയായി, കൊഞ്ചിക്കപ്പെട്ട് ഒരു കുട്ടിക്കുറുമ്പുകാരിയായിരുന്നു അവൾ. സർവതന്ത്ര സ്വതന്ത്രയായി ഒരു രാജകുമാരിയെപ്പോലെ വിലസിയിരുന്ന അവൾ എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്നു . സ്വാതന്ത്ര്യവും വിപ്ലവ വീര്യവും അവളെയും തുറന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ആ വഴിയിൽ തന്നെ അവൾ സഞ്ചരിക്കുകയും ചെയ്തിരുന്നു ....!
.
കാലം വരുത്തുന്ന മാറ്റങ്ങളിൽ ഞാൻ കടൽ കടന്നപ്പോൾ അവരുമായുള്ള ദൈനംദിന അടുപ്പങ്ങൾ മാത്രമേ നഷ്ട്ടമായുള്ളു എന്നത് ആശ്വാസമായി . അതിനിടയിൽ ആ കുഞ്ഞുപെങ്ങൾ മുതിർന്ന കുട്ടിയായെന്നും അവൾ വിപ്ലവകരമായി ജാതിക്കും മതത്തിനും അതീതമായി അന്യമതത്തിലുള്ള ഒരാളെ വിവാഹം ചെയ്തു എന്നും ഞാൻ അറിഞ്ഞിരുന്നു . അമ്പലത്തിലും പള്ളിയിലും അല്ലാതെ ഒരു പുഴയുടെ തീരത്ത് പ്രകൃതിയുടെ മാറിൽ പ്രപഞ്ചം സാക്ഷിയാക്കി താനും തന്റെ പാതിയും തങ്ങൾക്കു ജനിക്കുന്ന മക്കളും ജാതിയും മതവും ഇല്ലാതെ ജീവിക്കുമെന്ന് പ്രതിജ്ഞയും ചെയ്ത് ലോകം ആദരവോടെ നോക്കി നിന്ന , ലളിത സുന്ദര വിവാഹം . ....!
.
കാലം കുറച്ചു കഴിഞ്ഞിരിക്കുന്നു . ആ അനിയതിക്കുട്ടിക്ക് ഇപ്പോൾ ഒരു കുഞ്ഞുകൂടി പിറന്നിരിക്കുന്നു . ഓർമ്മകളിലൂടെ വണ്ടിയോടിച്ച് അങ്ങിനെ ഞാൻ അവിടെയെത്തിയപ്പോൾ അവർ അവരുടെ മകളുടെ ഭർത്താവിന്റെ ആരാധനാലയത്തിലാണ് എന്നറിഞ്ഞു ഞാൻ അവരെ കാണാൻ അവിടെചെന്നു . ഞാൻ ചെല്ലുമ്പോൾ അവർ അവിടെ പുറത്ത് നിൽക്കുകയായിരുന്നു . മകളും മരുമകനും അവരുടെ കുഞ്ഞു വാവയും അയാളുടെ ആരാധനാലയത്തിൽ പ്രാർത്ഥനയിലും . . മതവും ജാതിയുമുണ്ടാകില്ലെന്നു പറഞ്ഞു നടത്തിയ വിവാഹത്തിന്റെ ബാക്കി പത്രം . ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ . ഇന്നിന്റെ സാമൂഹിക വേദനയോടെ തങ്ങളിലേക്ക് തന്നെ ഉൾവലിഞ്ഞ് ഉത്തരമില്ലാതെ ആ ആരാധനാലയത്തിന് മുന്നിൽ നിൽക്കുന്ന അവരുടെ മുഖത്തുനോക്കാനാവാതെ ഞാനും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 20, 2017

ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!

ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!
.
ഒരു സംസ്കാരം അല്ലെങ്കിൽ ജീവിതചര്യ ആയ ഹിന്ദു എന്നാൽ ഹിംസ ചെയ്യാത്തവൻ എന്നാണ് അതിന്റെ ശരിയായ അർത്ഥം . ഹിംസയെന്നാൽ, മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രവര്ത്തികൊണ്ടും മറ്റേതൊരു ചരാചര വസ്തുവിനും ദ്രോഹം ചെയ്യാതിരിക്കുക എന്നുതന്നെയുമാണ് . .....!
.
എന്നാൽ ഇപ്പോഴത്തെ ഭാരതീയ സാഹചര്യത്തിൽ ഹിന്ദുത്വം ഒരു മതമായി മാത്രം പരിഗണിക്കപ്പെടുന്നു എന്നത് വേദനാജനകം തന്നെ . എങ്കിലും ഇപ്പോഴാകട്ടെ എല്ലാ ഭാരതീയരും ഹിന്ദുവാകുവാൻ തിടുക്കപ്പെടുകയും ഉത്ബോധിപ്പിക്കപ്പെടുകയും ചെയ്യുന്നു . അതിനായി പക്ഷെ ഓരോ ഹിന്ദും ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം. ഓരോ ഹിന്ദുവും തങ്ങളുടെ പുറകിൽ തൂക്കിക്കൊണ്ടു നടക്കുന്ന തങ്ങളുടെ ജാതിയുടെ / മതത്തിന്റെ / മതമില്ലായ്മയുടെ ആ വാൽ അങ്ങ്മുറിച്ചു കളയുക .....!!
.
ഇസ്‌ലാം എന്നാൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമെന്നാണ് ശരിയായ വിവർത്തനം . പക്ഷെ ചില സ്വാർത്ഥ താത്പര്യക്കാരുടെ പെരുമാറ്റം കൊണ്ട് ആ മതം ആകെയും ഇന്ന് ലോകത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാണ് . അത് മാറ്റുവാനും ഒരു ചെറിയ കാര്യം മതി . തങ്ങളുടെ മുഖത്തണിയുന്ന ആ കറുത്ത മുഖം മൂടിയങ്ങ് അഴിച്ചു മാറ്റുക ....!
.
ലോകത്തിലെ എല്ലാ മതങ്ങളും സ്നേഹത്തിനും സമാധാനത്തിനും വേണ്ടിയാണ് എന്നും നിലകൊണ്ടിരുന്നത് . അതങ്ങിനെത്തന്നെയാകട്ടെ എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 19, 2017

ഏഴായിരം മണമുള്ള പെണ്ണ് ....!!!

ഏഴായിരം മണമുള്ള പെണ്ണ് ....!!!
.
അതെപ്പോഴും അങ്ങിനെയായിരുന്നല്ലോ, അവൾ . എന്നും പുതുമ മാറാത്ത ഒരു പട്ടുസാരി പോലെ , നിറഞ്ഞ നിറങ്ങളിൽ , പവിത്രതയോടെ . ചുവപ്പും മഞ്ഞയും നിറങ്ങളിൽ , ഓരോ ഇഴയും വേറിട്ട് നെയ്തെടുത്ത് ഇടയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ ചേർത്ത് ശുദ്ധമായ പട്ടുനൂലിൽ ശ്രദ്ധയോടെ, ഇഴതെറ്റാതെ നെയ്തെടുത്ത ഒരപൂർവ്വ പട്ടുസാരി പോലെ ....!
.
ചിരിക്കുമ്പോഴും കരയുമ്പോഴും അവൾക്ക് ഒരേ ഭാവമാണെന്ന് എല്ലാവരും എപ്പോഴും പറയാറുണ്ട് . പക്ഷെ അയാൾക്ക് തോന്നാറുള്ളത് അങ്ങിനെയല്ല തന്നെ . അവൾ ചിരിക്കാറും കരയാറും ഇല്ലെന്നാണ്. ഒരിക്കലും . നിറഞ്ഞ കണ്ണുകളിൽ, തുടുത്ത ചുണ്ടുകളിൽ എ പ്പോഴും അവൾ പക്ഷെ അവളെയാണ് ഒളിപ്പിച്ചു വെക്കാറുള്ളതും ...!
.
ഓരോ പ്രാവശ്യം ഉടുത്താലും ഉടയാതെ ഉലയാതെ തകരപ്പെട്ടിയിൽ കൈതപ്പൂവിട്ട് കാത്തു സൂക്ഷിക്കുന്ന ആ പട്ടുസാരി, ഓരോ ആഘോഷങ്ങളിലും പുത്തനായിത്തന്നെ തിളങ്ങുന്നത് അയാൾ നോക്കി നിന്നു . ഞൊറിവുകൾ ഉലയാതെ , വക്കും വരയും തെറ്റാതെ , കോന്തലകളും മുന്താണിയും മാറാതെ , പുതുമയോടെ ...!
.
പക്ഷെ അതിനേക്കാൾ അയാളെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് അവളിലെ ഓരോ സുഗന്ധങ്ങളാണ് . ഓരോ സമയത്തും അവളിൽ ഓരോ മണങ്ങളാണെന്ന് എങ്ങിനെയാണ് താൻ വിശദീകരിക്കുക എന്നയാൾ പാരവശ്യം കൊണ്ടു . ദേഷ്യം വരുമ്പോൾ കാട്ടുചെമ്പകപ്പൂവിന്റെ മണവും, സ്നേഹം വരുമ്പോൾ മുല്ലപ്പൂവിന്റെ മണവും, കാമം വരുമ്പോൾ പാലപ്പൂവിന്റെ മണവും സങ്കടം വരുമ്പോൾ നിശാഗന്ധിയുടെ മണവും . ...!
.
എങ്ങിനെയാണവൾ ഇങ്ങിനെ തന്റെ സുഗന്ധങ്ങൾ തന്നിൽ തന്നെ കാത്തു സൂക്ഷിച്ചിരുന്നതെന്ന് അയാൾ ഏറെ അത്ഭുതം കൂറുമ്പോഴൊക്കെ , മഹാഭാരതത്തിലെ മത്സ്യഗന്ധിയെപ്പറ്റി പറഞ്ഞ് അവളയാളെ കൊതിപ്പിച്ചു . ആ സുഗന്ധങ്ങളൊക്കെയും അവളിൽ മാത്രം ഒളിപ്പിച്ചു വെക്കുന്നതെന്തിനെന്നു ചോതിക്കുമ്പോഴൊക്കെയും അവൾ അവളെ സ്വയം പരത്തുന്ന കുളിർ കാറ്റായി അയാളിലലിഞ്ഞു ....!
.
പക്ഷെ ഒന്ന് മാത്രം അപ്പോഴും അയാൾക്ക് മനസ്സിലായിരുന്നില്ല . അവളിലെ സുഗന്ധത്തിൽ എങ്ങിനെയാണ് എപ്പോഴും ഉപ്പുകലരുന്നതെന്ന് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 16, 2017

ആരാണ് കള്ളൻ ...???

ആരാണ് കള്ളൻ ...???
.
കക്കുന്നവനോ
കളവ് ആസൂത്രണം ചെയ്യുന്നവനോ
കക്കാൻ കൂട്ടുനിൽക്കുന്നവനോ
കളവുമുതൽ ഒളിപ്പിക്കുന്നവനോ
കള്ളന് സ്തുതിപാടുന്നവനോ
ഇതൊക്കെ കണ്ടു നിൽക്കുന്നവനോ
മുതൽ നഷ്ട്ടപ്പെട്ടവനോ
അതോ ഇതൊന്നുമറിയാത്ത ഞാനോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 13, 2017

ഭീകരവാദത്തിന്റെ ഭാരതീയ മുഖം ...!!!

ഭീകരവാദത്തിന്റെ ഭാരതീയ മുഖം ...!!!
.
മധ്യ പൗരസ്ത്യ ദേശത്തും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും അടക്കം ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഭാരതീയർ ഔന്നത്യത്തോടെ തന്നെ അധിവസിക്കുന്നത് അവരുടെ അർപ്പണ ബോധവും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് മാത്രമല്ല ഭാരതീയരുടെ സമാധാന പ്രിയത കൊണ്ടുകൂടിയുമാണ് എന്നത് തീർച്ചയായും എടുത്തു പറയേണ്ടതാണ് . ഭാരതത്തിൽ പലയിടത്തും തീവ്രവാദവും മിതവാദവും പ്രാദേശികവാദവും ഒക്കെയുണ്ടെങ്കിലും ഭാരതത്തിന്റെ സീമകൾ കടന്നുകഴിഞ്ഞാൽ ഓരോ ഭാരതീയനും പിന്നെ ജാതിമത ചിന്തകൾക്കതീതമായി തനത് തദ്ദേശീയതയോടിഴകിച്ചേർന്ന് ആത്മാർത്ഥതയോടെ എന്നതിനേക്കാൾ സമാധാന പ്രിയതയോടെ പ്രവർത്തിക്കുന്നു എന്നതുതന്നെയാണ് ലോകം ഭാരതീയരെ മുൻപന്തിയിൽ തന്നെ സ്വീകരിക്കാനുള്ള പ്രധാനകാരണവും ... !
.
എന്നാൽ ഈ അടുത്തകാലത്ത് വിരലിലെണ്ണാവുന്ന ചില സ്വാർത്ഥതാപര്യക്കാരുടെ പ്രവർത്തികളുടെ ഫലമായി ഭാരതീയരെയും സംശയ ദൃഷ്ടിയോടെ നോക്കാൻ ലോകത്തെ പ്രേരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു . ലോക ഭീകരതയിൽ ഭാരതത്തിന് ഇതുവരെയും പ്രധാന പങ്കൊന്നും ഇല്ലാതിരിക്കെ, ഇപ്പോഴത്തെ ചിലരുടെ ഈ പ്രവണത അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന ഓരോ പാവം പ്രവാസിയെയും ഇനി മുതൽ ബാധിക്കാൻ തുടങ്ങുകയാണ് . ഭീകരവാദത്തിന് ലോകത്തൊരിടത്തും മതവുമായോ ജാതിയുമായോ സത്യത്തിൽ നേരിട്ട് ബന്ധമൊന്നും ഇല്ലെന്നിരിക്കെ നമ്മുടെ ഇടയിലെ ഈ വിഷവിത്തുകൾ മുളയിലേ നുള്ളാതിരിക്കുന്നത് ഓരോ ഭാരതീയന്റെയും പ്രത്യേകിച്ച് ഓരോ പ്രവാസിയുടെയും ജീവിതത്തെ സാരമായി തന്നെ ബാധിക്കുമെന്ന് ഓർക്കുന്നത് നന്നായിരിക്കും . ഓരോ ഭീകരതയും തടയുക എന്നത് ഭാരതീയതയുടെയെന്നല്ല, മാനവികതയുടെ മുന്നേറ്റത്തിനും എന്നേക്കും ഗുണകരമാവുക തന്നെ ചെയ്യും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, November 8, 2017

കാഴ്ച്ചക്കു പകരം ...!!!

കാഴ്ച്ചക്കു പകരം ...!!!
.
കണ്ണില്ലാത്തവർക്ക്
മൂക്കിനുമേലെ
വെക്കാനായി മാത്രം
എന്തിനാണൊരു
കണ്ണട ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

( ക്ഷമിക്കണം -
അംഗ പരിമിതരെ ഉദ്ദേശിച്ചല്ല )

Sunday, November 5, 2017

പഠിപ്പിക്കണം എനിക്കെന്റെ മക്കളെ ... !!!

പഠിപ്പിക്കണം എനിക്കെന്റെ മക്കളെ ... !!!
.
പഠിപ്പിക്കണം എനിക്കെന്റെ മക്കളെ
ഞാൻ പഠിച്ചപോലൊരു വിദ്യാലയത്തിൽ ...!
.
പഠിക്കാത്തതിന് നല്ല തല്ലുകിട്ടുന്ന
ഹോംവർക്ക് ചെയ്യാത്തതിന് മുട്ടിൽ നിർത്തുന്ന
മാർക്ക് കുറഞ്ഞാൽ ഇമ്പോസിഷൻ എഴുതിക്കുന്ന
വഴക്കിടുന്നനതിനു പുറത്തുനിർത്തുന്ന
തെറ്റുചെയ്യുന്നതിന് ചീത്തകേൾക്കുന്ന
നന്മയുള്ള ഗുരുക്കന്മാരുള്ള
നല്ല വിദ്യാലയത്തിൽ ...!
.
ഉച്ചക്കഞ്ഞിക്ക് വരിനിൽക്കാനും
ഇന്റെർവെല്ലിന് മതിലുചാടി
ഉപ്പുനെല്ലിക്ക വാങ്ങാൻ പോകാനും
അമ്മയെ പിശുക്കി കൊണ്ടുവരുന്ന പൈസക്ക്
ഐസുമിട്ടായി കൂട്ടുകാരുമായി
പങ്കുവെച്ചു തിന്നാനും
കൂട്ടുകാരിയുടെ പാത്രത്തിൽ നിന്നും
ഭക്ഷണം മോഷ്ടിക്കാനും
ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോകാനും
അവസരം നൽകുന്ന വിദ്യാലയത്തിൽ ...!
.
തൊഴിലിനെ ദൈവമായി കാണുന്ന
കുട്ടികളെ ശിഷ്യരായി കാണുന്ന
വീട്ടിലെ വഴക്കിന് കണക്കു തീർക്കാത്ത
മാത്സര്യം മനസ്സിലേക്ക് കയറ്റാത്ത
നല്ല അദ്ധ്യാപകരുള്ള വിദ്യാലയത്തിൽ ....!
.
പ്രണയിക്കാനും പരിഭവിക്കാനും
കൂട്ടുകൂടാനും വഴക്കിടാനും
കോപ്പിയടിക്കാനും കമന്റടിക്കാനും
തല്ലുകൂടാനും കൊടിപിടിക്കാനും
പരീക്ഷണങ്ങൾ നടത്താനും തോൽക്കാനും
അവസരങ്ങൾ നൽകുന്ന വിദ്യാലയത്തിൽ ...!
.
വിഷമങ്ങളിൽ ആശ്വാസം കിട്ടുന്ന
പരീക്ഷണങ്ങളിൽ ആത്മവിശ്വാസം വരുത്തുന്ന
പാട്ടും കളികളും ചിന്തയും അനുഭവങ്ങളും
കലയും കവിതയും നാട്ടറിവുകളും
വളർത്തിവലുതാക്കുന്നൊരു വിദ്യാലയത്തിൽ ...!
.
മുതിർന്നവരെ ബഹുമാനിക്കാനും
നന്മയെ സ്നേഹിക്കാനും
തിന്മയെ തിരസ്കരിക്കാനും
നേരറിയാനും നേർവഴികാട്ടാനും
നീതിയും സ്നേഹവും ദയയും കരുണയും
സാഹോദര്യവും സഹിഷ്ണുതയും
സഹവർത്തിത്വവും
പഠിപ്പിക്കുന്നൊരു കലാലയത്തിൽ ...!
.
പഠിപ്പിക്കണം എനിക്കെന്റെ മക്കളെ
നന്മയുടെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്ന
നേരിന്റെ പാഠശാലയിൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, November 1, 2017

മഴയായ മഴയെല്ലാം ...!!!

മഴയായ മഴയെല്ലാം ...!!!
.
ജീവിച്ചിരിക്കുന്ന
പിതൃക്കളുടെ നെഞ്ചിലെ
കത്തുന്ന ചൂടിൽ
നീരാവിയായി പോകുന്ന
ഭൂമിയിലെ ജലമെല്ലാം
പിന്നെയും
പെയ്തിറങ്ങുന്നത്
അവരുടെ മനസ്സിന്റെ
നീറ്റലകറ്റാൻ
ആ ഹൃദയങ്ങളിൽ
തന്നെയാകുമ്പോൾ
പിന്നെ എങ്ങിനെയാണ്
ഭൂമിയിൽ
മറ്റൊരിടത്ത് പെയ്യാൻ
മഴ ബാക്കിയുണ്ടാവുക ,,, ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കടപ്പാട് - അബ്ദുസമദ് സമദാനി

Tuesday, October 31, 2017

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???
.
നന്നേ കാലത്തേ തന്നെ വാതിലിൽ തുരുതുരെയുള്ള മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് . ഇത്രകാലത്തെ ഇതരാവും എന്ന അത്ഭുതത്തോടെയും, കാലത്തേയുള്ള ആ ഉറക്കത്തിന്റെ സുഖം നഷ്ട്പ്പെട്ട ദേഷ്യത്തിലും ഞാൻ വാതിൽ തുറന്നു നോക്കുമ്പോൾ അതാ പരവേശത്തോടെ ഭഗവാൻ കൃഷ്ണൻ മുന്നിൽ നിൽക്കുന്നു . വാതിൽ തുറന്നതും എന്നെ തള്ളിമാറ്റി മൂപ്പർ അകത്തു കടന്ന് വെള്ളവും എടുത്തു കുടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു ....!
.
മൂപ്പരെ ഇങ്ങിനെ ആകെ പരവശനായി കണ്ടപ്പോൾ ഞാൻ ഒന്ന് സംശയിച്ചു , പിന്നെ ചോദിച്ചു എന്താ മാഷെ ആ കംസനെങ്ങാനും പിന്നേം ജനിച്ചോ , ഇയാളെ കൊല്ലാൻ രാക്ഷസരെ അയക്കാൻ എന്ന് . അതുകേട്ടതും അതൊക്കെ വളരെ നിസ്സാരമല്ലേ ഇത് അതിലും വലിയ കാര്യം എന്നമട്ടിൽ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മൂപ്പർ വീണ്ടും വെള്ളം വലിച്ചു കുടിച്ചു . ...!
.
ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ മെല്ലെ അടുത്തിരുന്നു . ഇനി ദേവാസുര യുദ്ധമായാലും ശരി ഞാൻ കൂടെയുണ്ട് എന്ന് പറഞ്ഞു സമാധാനിപ്പിച്ചപ്പോൾ മൂപ്പർ അതിനെ നിസ്സാരമട്ടിൽ ചിരിച്ചുതള്ളി , പിന്നെ പറയാൻ തുടങ്ങി . ഇതതൊന്നുമല്ല കാര്യം ദേവലോകത്തും ഇലെക്ഷൻ ആകുന്നു. മൂപ്പർ സ്ഥാനാർത്ഥിയാണ് . പത്രിക കൊടുക്കണം . തിരഞ്ഞെടുപ്പിൽ നിൽക്കണം , ജയിക്കണം . തിരഞ്ഞെടുപ്പിലെ പ്രത്യേകത എന്നാൽ ദേവന്മാർക്കും അസുരന്മാർക്കും മനുഷ്യർക്കും വോട്ട് ചെയ്യാം എന്നതാണ് .....!
.
ഇതിലെന്താണ് ഇത്രയും പാരാവശ്യത്തിനുള്ള സ്ഥാനം എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . മൂപ്പർക്ക് സാമാന്യം നല്ല ആരാധക വൃന്ദമുണ്ട് . പണ്ടത്തെ ഗോപികമാരുടെ വോട്ട് കിട്ടിയാൽ മാത്രം മതി മൂപ്പർ ഈസിയായി ജയിച്ചു കയറും . പിന്നെ എന്താണിത്ര പേടിക്കാൻ . ഒന്നും മനസ്സിലാകാതെ ഞാൻ മൂപ്പരുടെ മുഖത്തു നോക്കിയപ്പോൾ അദ്ദേഹം പറയാൻ തുടങ്ങി ....!
.
തിരഞ്ഞെടുപ്പിൽ മറ്റുമതസ്ഥരുടെ ദൈവങ്ങളും ഉണ്ട് സ്ഥാനാർഥികളായി . ദേവന്മാരും അസുരന്മാരും ഒക്കെ അവരവരുടെ അസ്തിത്വത്തിൽ ഉറച്ചു നിൽക്കും . ആർക്കു വോട്ട് ചെയ്യണമെന്ന് അവർക്കു നല്ല നിശ്ചയമുണ്ട് . അതിൽനിന്നവർ പിന്മാറില്ല. അതിൽ മൂപ്പർക്ക് ആശങ്കയുമില്ല. പക്ഷെ മനുഷ്യരുടെ കാര്യത്തിലാണ് പ്രശ്നം. കൂടുതൽ വോട്ടുള്ളതും ഭൂമിയിലാണ് . ....!
.
ഇവിടെ ഓരോ മതക്കാരും ആളുകളെയെല്ലാം പ്രലോഭിപ്പിച്ചു മതപരിവർത്തനം നടത്തി അവരവരുടെ കൂട്ടത്തിലേക്കു ആളെ കൂട്ടുന്നു . വാഗ്ദാനങ്ങൾ , ഭീഷണികൾ ഒക്കെയുണ്ട് . അങ്ങിനെ അവരവരുടെ ദൈവങ്ങൾക്ക് അവരുടെ വോട്ട് കിട്ടും . അപ്പോൾ താൻ വെറുതെയിരുന്നാൽ തന്റെ കാര്യം കട്ടപ്പുകയാവും. അതുകൊണ്ട് തനിക്കും ആളെ കൂട്ടണം . അതിലെന്താണ് വഴിയെന്നാണ് മൂപ്പർക്കറിയേണ്ടത് . .... !
.
ഞാൻ ഇതിൽ എന്ത് ചെയ്യും ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 30, 2017

മോഹഭംഗങ്ങൾ ...!!!

മോഹഭംഗങ്ങൾ ...!!!
.
ഒരു കണ്ണട വെക്കണം
പുറത്തേക്കു നോക്കണം
ഒറ്റക്കാക്കയെ കാണണം
ചെവിയടക്കണം ...!
.
പച്ചക്കുപ്പായമിടണം
വെയില് കൊള്ളണം
പുതച്ചുമൂടണം
പൂവും ചൂടണം ...!
.
മധുരം കഴിക്കണം
കട്ടിലിൽ കിടക്കണം
മഞ്ഞുകൊള്ളണം
മുങ്ങിക്കുളിക്കണം ...!
.
ആനപ്പുറത്തു കയറണം
മയിലാട്ടം ആടണം
പാട്ടു പാടണം
കുരവയുമിടണം ...!
.
ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, October 28, 2017

കണക്ക് ...!!!

കണക്ക് ...!!!
.
2 + 2 = 4
2 X 2 = 4
1 + 1 = 2
1 X 1 = 1 ... !!!

എന്തുകൊണ്ട് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 26, 2017

കാണേണ്ട സ്വപ്‌നങ്ങൾ ...!!!

കാണേണ്ട സ്വപ്‌നങ്ങൾ ...!!!
.
സ്വപ്നം കാണാനാണ്
എല്ലാവരും പറയുന്നത്
എന്നെയും നിങ്ങളെയും
അവരെയും കുറിച്ചുള്ള
നല്ല സ്വപ്‌നങ്ങൾ ...!
.
പക്ഷെ
എനിക്ക് വിതയ്ക്കാൻ
വിത്തുകളില്ല
കൊയ്യാൻ
വയലേലകളും ...!
.
എനിക്ക് കളിക്കാൻ
കളിസ്ഥലങ്ങളില്ല
പാടിനടക്കാൻ
പാട്ടുകളും ...!
.
നെഞ്ചിലെ ചൂടിനും
കാലിലെ തണുപ്പിനും
കൈവിരലുകളിൽ
പകരവുമില്ല ... !
.
ഇനി
ആഗ്രഹമുണ്ടെങ്കിലും
എനിക്ക് കാണാൻ
സ്വപ്നങ്ങളുമില്ല ....!
.
ആകെയുള്ളത്
ഒരു നിറഞ്ഞ ഭാണ്ഡമാണ്
എപ്പോഴും
കാത്തുവെക്കാൻ മാത്രമായി ...!
.
ഹൃദയമുരുകുന്ന
ഈ ചൂടിൽ
വലിയ കെട്ടിടത്തിന്റെ
ഇരുണ്ടകോണിൽ
നാലുകാലുള്ള
ഇരുമ്പു കട്ടിലിന്റെ
മുകളിലത്തെ ചെരുവിൽ
തലയൊന്നു ചായ്ക്കാൻ
സമയം തികയാത്ത
ഞാനെങ്ങനെ
നിങ്ങളെയും
അവരെയും കുറിച്ച്
സ്വപ്‌നങ്ങൾ കാണും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 24, 2017

വെള്ളം, കുടം , ശേഷവും ...???

വെള്ളം, കുടം , ശേഷവും ...???
.
നിറയാതെ നിറച്ച് ഓരോ കുടങ്ങളിലും വെള്ളം. വെള്ളം, കുന്നിൻ മുകളിലെ വലിയ കുളത്തിൽ നിന്നും. കുന്നിൻ മുകളിലേക്കുള്ള ദൂരം കുന്നിന്റെ താഴ്വാരത്തിന്റെ ചുറ്റളവിന്റെ രണ്ടിരട്ടി. കുന്നിന്മുകളിലേക്കുള്ള വഴി താഴ്വാരത്തുനിന്നും കുത്തനെയും . കുടങ്ങൾക്കുള്ള കനം വെള്ളത്തിന്റെ ഭാരത്തെക്കാൾ പകുതിയും. വെള്ളം കുടത്തിലും, കുടം തോളിലും , കയറ്റം മുകളിലേക്കും ...!
.
വെള്ളം നിറയ്‌ക്കേണ്ടതിനായി കുടങ്ങളും കൊണ്ടുള്ള യാത്ര നന്നേ പുലർച്ചെ. തുടക്കം ഗംഭീരമാക്കാൻ താളവും വാദ്യവും. പോരാത്തതിനൊരു പൂമാല തോരണവും. മുകളിലേക്കുള്ള യാത്രയുടെ ബാക്കി താഴേക്കുള്ള യാത്രയ്ക്കും നീക്കിവെച്ചിരിക്കാം എപ്പോഴും പക്ഷെ . പകൽ യാത്രയോ രാത്രി യാത്രയോ പകരം വെക്കാതെയുമുണ്ടാകും കൂട്ടിനും . എന്നിട്ടും ...!
.
കുന്നിനു താഴെ ജല സ്രോതസ്സുകൾ ധാരാളം . ഒരു വലിയ പുഴ, പിന്നെയൊരു തോട് ചുറ്റിലും നിറയെ കുളങ്ങൾ പിന്നെ കിണറുകളും . മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധത ഉറപ്പു വരുത്തി നിറഞ്ഞു നിൽക്കുന്ന വെള്ളവും . എന്നിട്ടും ആവശ്യം മുകളിലെ കുന്നിൻ മേലെയുള്ള കുളത്തിലെ വെള്ളവും, അതും കുടത്തിൽ ചുമന്നുകൊണ്ട് വന്നു തന്നെയും ...!
.
കുടങ്ങളിൽ വെള്ളം നിറയ്ക്കൽ ഒരു വലിയ ശ്രമമാണ് . കയറിലൂടെ മറ്റൊരു കുടം കുളത്തിലേക്കിട്ട് അതിൽ വെള്ളം നിറയുന്നതുവരെ കാത്തുനിന്ന് , മേലേക്ക് വലിച്ചു കയറ്റി പുറത്തുപോകാതെ നിർത്തി നിർത്തിയൊഴിച്ചുനിറച്ച് നിർവൃതിയോടെ . പക്ഷെ നിറച്ചും നിറയ്ക്കാതെയാകണം അതെന്നു നിര്ബന്ധവും ...!
.
കുടങ്ങൾ താഴെയെത്തിക്കുക എന്നതാണ് പിന്നെയുള്ള പണി . മെല്ലെ തോളിലേറ്റി തട്ടാതെ മുട്ടാതെ, തുള്ളാതെ തുളുമ്പാതെ, വീഴാതെ തളരാതെ വെള്ളം കുടങ്ങളിലൂടെ താഴെയെത്തി, ചുറ്റിലും നോക്കി എല്ലാവരും കാണുന്നെന്നു ഉറപ്പുവരുത്തി, അൽപ്പം ഉയരത്തിൽ കയറിനിന്ന് സർവ്വ ശക്തിയുമെടുത്ത് കുടങ്ങൽ ആകാശത്തേക്കുയർത്തിപ്പിടിച്ച് നിറഞ്ഞ വെള്ളത്തോടെ നിലത്തെറിഞ്ഞ് ഒറ്റയുടക്കൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 23, 2017

പിന്നെയും പിന്നെയും , പടികൾ ...!!!

പിന്നെയും പിന്നെയും , പടികൾ ...!!!
.
പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ്പോൾ താഴേക്കും താഴെയെത്തുമ്പോൾ മുകളിലേക്കും വഴികൾ വേറെയും . അപ്പോഴൊക്കെയും പക്ഷെ വശങ്ങളിലേക്ക് പോകാതെ വഴികൾ കാത്ത് നിൽക്കുന്നുമുണ്ട് . എന്നിട്ടും പടികൾ മാത്രം അപ്പോഴും പന്ത്രണ്ടിൽ നിന്നും പന്ത്രണ്ടായി മാത്രം നിലനിൽക്കുകയും ....!
.
നടക്കാനും ഓടാനും ചാടിക്കയറാനും തക്ക പാകത്തിൽ വെട്ടിയൊരുക്കി ഏണുകൾ തട്ടാതെ കാലടികൾ നോവാതെ കാത്തുവെച്ച വഴികളിലെ നേരുള്ള പടികൾ ചന്തത്തിൽ ചമച്ചൊരുക്കിയിരിക്കുന്നത് അതിശയകരമായ കയ്യൊതുക്കത്തിലും . കൂട്ടിമുട്ടാതിരിക്കാൻ കണ്ടുമുട്ടാനും കണ്ടുമുട്ടാതിരിക്കാനും , വഴിതെറ്റാതിരിക്കാൻ തിരിച്ചിറങ്ങാതിരിക്കാൻ മറിച്ചു കയറാതിരിക്കാൻ വളയാതിരിക്കാൻ തിരിയാതിരിക്കാനും എല്ലാം വഴികൾ ചേർന്ന പടികൾ ....!
.
പുറകെ വരുന്നവർക്ക് കാത്തുവെക്കാനും കരുതിവെക്കാനും തെറ്റിക്കാനും തിരുത്താനും നിരാശരാക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഉതകും വിധമുള്ള ആ പടികളുടെ ഘടന ആരെയും അമ്പരപ്പിക്കും . തട്ടി വീഴ്ത്താനും വീഴ്ചയിൽ പിടിക്കാനും പിടിക്കപ്പെടാതെ പിടിക്കാതിരിക്കാനും പിടികൊടുക്കാതെയുള്ള അവയുടെ നിർമ്മിതി അതിശയകരം തന്നെ ...!
.
എന്നിട്ടും പിന്നെയും മോഹിപ്പിച്ച് , പിന്നെയും അമ്പരപ്പിച്ച് , പിന്നെയും പ്രതീക്ഷിപ്പിച്ച് പിന്നെയും പിന്നെയും
കയറാനും ഇറങ്ങാനും പടികൾ വേറെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 22, 2017

തൻ - താളവട്ടം ...!!!

തൻ - താളവട്ടം ...!!!
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...