Saturday, February 26, 2022

ഹൃദയത്തുടിപ്പുകൾ .....!!!

ഹൃദയത്തുടിപ്പുകൾ .....!!!
.
ആശുപത്രിയിലെ ഇടുങ്ങിഞെരുങ്ങി ഉപ്പുമണക്കുന്ന തിരക്കിനിടയിൽ സ്കാനിംഗ് റൂമിനുമുന്നിലേക്ക് എന്റെ അവസരവും കാത്തു ചെല്ലുമ്പോൾ നേരം വല്ലാതെ വൈകിയിരുന്നു . ഡോക്ടർ ഉണ്ടാകുമോ എന്ന ആശങ്കയ്ക്കൊപ്പം ഇന്നുതന്നെ എല്ലാം കഴിഞ്ഞ് മരുന്നുംവാങ്ങി വരാൻപറ്റുമോ എന്ന വേവലാതി വേറെയും . ആൾക്കൂട്ടങ്ങളിൽ തനിച്ചായിപ്പോകുന്ന നീളമുള്ളവരാന്തകൾ താണ്ടി അവിടെയെത്തി നഴ്സിന്റെ കയ്യിൽ രശീതും കൊടുത്ത് എന്റെ ഊഴത്തിനായി കാത്തിരിക്കാൻ ഒരിടം തേടുമ്പോഴാണ് ചുറ്റും ഒന്ന് കണ്ണോടിക്കുന്നതും ...!
.
മുന്നിലെ കസേരകളിൽ രണ്ടിലും രണ്ടു ചെറുപ്പക്കാരായ ദമ്പതികളായിരുന്നു ഇരുന്നിരുന്നത് . അപ്പുറത്തെ ചുമരിനോടുചേർന്ന് ഒരു അപ്പൂപ്പനും. പ്രായാധിക്യത്തിന്റേതാകാം , വല്ലാതെ പരവേശപ്പെടുന്ന ആ അപ്പൂപ്പനെ ആശ്വസിപ്പിച്ചുകൊണ്ട് കൊച്ചുമകളോളം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു . അപ്പൂപ്പന്റെ വെപ്രാളത്തിൽ ഇടയ്ക്കു പ്രകോപിതയായും ഇടക്ക് അപ്പൂപ്പനെ ആശ്വസിപ്പിച്ചുകൊണ്ടും, പിന്നെ ചിലപ്പോൾ തനിക്കിതൊന്നും സഹിക്കാൻ വയ്യെന്ന മട്ടിൽപരിഭവിച്ചും അവൾ അപ്പൂപ്പനെ കരുണയോടെ വട്ടംചുറ്റിപ്പിടിച്ചിരുന്നു എന്നിട്ടും . ...!
.
മറ്റുചിലർ കൂട്ടംകൂടിയും വേറെചിലർ ഒറ്റതിരിഞ്ഞും നിൽക്കുന്നതിനിടയിൽ തൊട്ടുപുറകിലെ കസേരയിൽ ഒരു മധ്യവയസ്‌കൻ തന്റെ അവസരത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നതും കാണാമായിരുന്നു. വെള്ളം കുടിച്ച് വയറുവീർത്ത് മൂത്രമൊഴിക്കാൻ മുട്ടി തന്റെ അവസരം ഇപ്പോഴെത്തിയാലോ എന്ന ആശങ്കയിൽ മൂത്രമൊഴിക്കാൻ പോകാനുമാകാതെ വെപ്രാളപ്പെട്ടുകൊണ്ട് ....!
.
പിന്നെയും അവിടവിടെയായി കാത്തുനിൽക്കുന്ന മറ്റുള്ളവർക്കൊപ്പം ഒഴിഞ്ഞ ഒരിടം നോക്കി ചുമരിൽ ചാരിനിൽക്കേ എന്റെ കണ്ണുകളുടക്കിയത് മുന്നിലെ ആ ദമ്പതികളിൽ തന്നെ . ഏകദേശം ഇരുപതുകളിലുള്ള ആ യുവ മാതാപിതാക്കൾ രണ്ടു ജോഡിയും ഏറെ സ്നേഹത്തോടെ അതിലേറെ കരുതലോടെ അവിടെ കാത്തിരിക്കുന്നത് എന്നെയും എന്റെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി . ഞങ്ങളുടെ ആദ്യത്തെ കുഞ്ഞുണ്ടാകുമ്പോഴത്തെ കാത്തിരിപ്പുകളും പ്രതീക്ഷകളും ...... സ്കാനിംഗ് റൂമിൽ വെച്ച് ആദ്യമായി കുഞ്ഞിന്റെ ഹൃദയ,മിടിപ്പ് ഡോക്ടർ കേൾപ്പിച്ചുതന്നപ്പോഴത്തെ ആ സന്തോഷക്കണ്ണുനീർ ഇപ്പോഴും കണ്ണുകളിൽ ഉള്ളപോലെ ....!
.
ആ യുവതികളായ അമ്മമാരേ നോക്കിയിരുന്നപ്പോൾ വയസ്സ് ഒരിക്കലും ബന്ധങ്ങൾക്ക് ഒരു വിഷയമേയല്ലെന്ന് എനിക്കപ്പോൾ ശരിക്കും തോന്നിപ്പോയി . തങ്ങളുടെ വയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പിനെ എത്ര അരുമയോടെയാണ് അവർ കാത്തിരിക്കുന്നത് . ഇടയ്ക്കിടെ വയറ്റിൽകിടന്ന് ബഹളമുണ്ടാക്കുന്ന അവന്റെ അല്ലെങ്കിൽ അവളുടെ കുസൃതികൾ അവർ എത്ര സ്നേഹത്തോടെയാണ് അനുഭവിച്ചാസ്വദിക്കുനന്ത് ....!
.
വർത്തമാനത്തിൽനിന്നും ഭാവിയുടെ വസന്തത്തിലേക്ക് താന്താങ്ങൾ തങ്ങളുടെ കൈപിടിച്ചുനടക്കുംപോലെ , ഇടക്കിടെ ആ അമ്മമാർ അവരുടെ ഭർത്താക്കന്മാരുടെ കൈപിടിച്ച് വയറ്റിൽ വെച്ച് ആ കുഞ്ഞിന്റെ തുടിപ്പുകൾ അവരെക്കൂടി അനുഭവിപ്പിക്കുന്നത് കാണുമ്പോൾ അവരും എനിക്ക് എന്റെ അമ്മയാകുന്നപോലെയും ......!
.
അതിനിടയ്ക്ക് ഒരു ജോഡി ദമ്പതികൾ തിടുക്കത്തിൽ ആവേശത്തോടെ അകത്തേക്ക് അവരുടെ ഊഴത്തിൽ കയറിയപ്പോൾ ഞാൻ അവരെയും പരിസരംപോലും മറന്ന് സാകൂതം നോക്കുകയായിരുന്നു . അകത്തുകയറി കുറച്ചുകഴിഞ്ഞപ്പോൾ സ്കാനിങിനിടയിൽ ആ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകൾ ഡോക്ടർ അവർക്ക് കേൾപിച്ചുകൊടുക്കുന്നത് ശ്രദ്ധിച്ചുനിന്ന ഞാനും ആ നിർമ്മലമായ ശബ്ദങ്ങൾ ഹൃദയത്തിലേറ്റുവാങ്ങി ....!
.
അമ്മയുടെ വയറ്റിൽ ആ കുഞ്ഞിന്റെ ചലനങ്ങളും അവ വയറിനുപുറത്തേക്ക് കാണുമ്പോഴുള്ള സന്തോഷവും അച്ഛനോ അമ്മയോ അവരെ വയറ്റിൽ മുഖംചേർത്തുവെച്ച് വിളിക്കുമ്പോഴുള്ള അവരുടെ പ്രതികരണങ്ങളും ഓർത്തോർത്ത് ആ ഹൃദയത്തുടിപ്പുകളും ചേർത്തുപിടിച്ച് ഒരു കുഞ്ഞിളം പൈതലായി ആ അമ്മമാർക്കൊപ്പം ഈ ഞാനും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, February 18, 2022

ചുംബിക്കണം, എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!!!

ചുംബിക്കണം, എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!!!
.
ചുംബിക്കണം
എന്റേതാകുന്നവളെ
എന്നേക്കുമാകുന്നവളെ
എനിക്കെന്റെ പ്രിയപ്പെട്ടവളെ ...!
.
വേവുന്ന അടുക്കളയുടെ മുഷിഞ്ഞൊരിരുട്ടിൽ
പാതിവെന്ത അവളുടെ വിയർപ്പൊട്ടിയ ദേഹം
പുറകിലൂടെ ചേർത്തുപിടിച്ച് ആ പിന്കഴുത്തിൽ
ഏറെ കരുതലോടെ ....!
.
കുളിരുന്ന പുലരിയുടെ നൈർമ്മല്യതയിൽ
എണീക്കാൻമടിച്ചുകിടക്കുന്ന തന്നെ
വിളിച്ചെണീപ്പിക്കാനെത്തുന്ന അവളെ
തന്റെ നെഞ്ചിന്റെ ചൂടിലേക്ക് വലിച്ചടുപ്പിച്ച്
ആ ചുണ്ടുകളിൽ സ്നേഹത്തോടെ ....!
.
കിട്ടിയവസ്ത്രവും വാരിചുറ്റി
ഘടികാരസൂചിയെ പുറകിലേക്ക് വലിച്ചുകൊണ്ട്
വീട്ടിലെപണിയെല്ലാം തീർത്ത്
ഓഫിസിലേക്കിറങ്ങുന്ന അവളുടെ കൈകൾ
പുറകിലേക്ക് വലിച്ചടുപ്പിച്ചാവാതിൽ മറവിൽ നിർത്തി
ആ മൂർദ്ധാവിൽ കരുണയോടെ ....!
.
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി തള്ളിയുരുട്ടുന്ന
ജീവിതത്തെയും മുറുകെപ്പിടിച്ചോടുന്ന ഓട്ടത്തിനിടയിൽ
വഴിയോരത്തെ പൂത്തുനിൽക്കുന്ന ആ വാകമരച്ചുവട്ടിൽ
അവളെയൊന്ന് പിടിച്ചിരുത്തി
വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീം
അവളുടെ ചുണ്ടിൽനിന്നും ഏറെ കൊതിയോടെ
നുണഞ്ഞുകൊണ്ട്, പ്രണയത്തോടെ .....!
.
കുടുംബവും കുട്ടികളുമായുള്ള യാത്രക്കിടയിൽ
അവർക്കൊപ്പം നടക്കുന്ന അവളെ മാത്രം
പുറകിലേക്കൊന്നു വലിച്ചുപിടിച്ച്
വയറിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് തലകൾ മുട്ടിച്ചുകൊണ്ട്
ആ കവിളുകളിൽ അരുമയോടെ ....!
.
പ്രാരാബ്ധ പാച്ചിലിൽ വല്ലാതെ
പിടഞ്ഞുപോകുമ്പോൾ
തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച്
ആ നെഞ്ചിൽ വാത്സല്യത്തോടെ ....!
.
കുഞ്ഞു കുറുമ്പുകളിൽ
പരിഭവങ്ങളിൽ
പിണക്കങ്ങളുടെ നൊമ്പരങ്ങളിൽ
വികൃതികളിലെ അറിയാത്ത തെറ്റുകളിൽ
അവളുടെ ആത്മാവിൽ
തൊട്ടറിവിന്റെ വിശ്വാസപൂർവ്വം ....!
.
കുളിരും നിലാവും
നിശാഗന്ധികളും നിറഞ്ഞ പ്രണയാർദ്രരാവിൽ
ആവേശത്തോടെ കാത്തിരിക്കുന്ന
അവൾക്കുമുന്നിൽ താണിരുന്ന്
ആ കാൽവിരലുകളിൽ വശ്യതയോടെ ....!
.
കുളിച്ചീറനോടെ കടന്നെത്തുന്ന അവളുടെ
ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ നിറഞ്ഞ
കാർകൂന്തലൊതുക്കിമാറ്റി
ആ ഈറൻ ചൂടിൽ മിടിക്കുന്ന നഗ്നമായ
അവളുടെ നെഞ്ചിൽ ആവേശത്തോടെ .....!
.
രാത്രിയുടെ പുതപ്പിനടിയിൽ
ശ്വസിക്കാൻ മറക്കുന്ന ആവേശതിരകളിൽ
സംതൃപ്തിയോടെ പാതികൂമ്പുന്ന
അവളുടെ കൺപോളകളിൽ
കത്തുന്ന കാമത്തോടെ ......!
.
പ്രണയത്തിനും സ്നേഹത്തിനുമപ്പുറം
ജീവനും ജീവിതവും പകുത്ത്
എന്റേതുമാത്രമാകുന്ന എന്റെ പ്രിയപ്പെട്ടവൾക്ക്
ആത്മാവിന്റെ ജീവശ്വാസം പകർന്ന്
എല്ലാ സത്യത്തോടെയും ....!!!
.
ചുംബിക്കണം
എന്റേതുമാത്രമാകുന്ന
എനിക്കെന്റെ പ്രിയപ്പെട്ടവളെ ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...