Friday, April 10, 2020

ആറു ചുമരുകളും , നാല് വാതിലുകളും ....!!!

ആറു ചുമരുകളും , നാല് വാതിലുകളും ....!!!
.
അവനോടൊപ്പം ഞാൻ അവന്റെയാ പുരാതനമായ തറവാട്ടിൽ അവസരം കിട്ടുമ്പോഴെല്ലാം പോകാറുണ്ടായിരുന്നത് രണ്ടു കാരണം കൊണ്ടായിരുന്നു . ഒന്ന് , അവിടെ പണ്ടുപണ്ടെങ്ങൊ കാരണവന്മാർ ശേഖരിച്ചുവെച്ചിരിക്കുന്ന വലിയൊരു നിധി മറഞ്ഞിരിപ്പുണ്ടെന്ന അവന്റെ അച്ഛമ്മയുടെ കഥ. കണക്കില്ലാത്ത അത്രയും സ്വർണ്ണവും രത്നങ്ങളും ഒക്കെ നിറഞ്ഞ വലിയൊരു നിധിശേഖരം തന്നെയാണ് അതെന്നാണ് അച്ഛമ്മ പറഞ്ഞുകേട്ടിട്ടുള്ളത് , അത് അവനെപ്പോലെ എന്നെയും ഏറെ മോഹിപ്പിക്കുന്നതായിരുന്നു . പിന്നെ ആ തറവാട്ടിലെ ഏറെ പ്രത്യേകതകളുള്ള ആ ഒരു ഒരു മുറിയും ...!
.
ഉമ്മറംകടന്നങ്ങ് അകത്തേക്ക് കടന്ന് നേരെ പോയാൽ കാണുന്ന നീളൻ വരാന്തക്കപ്പുറം ഒരു കുഞ്ഞു നടുമുറ്റമുണ്ട് . അതിനുശേഷം മുകളിലേക്ക് കയറുന്ന വലിയൊരു ഗോവണിയും . ഒന്നാം നിലയും രണ്ടാം നിളയും കടന്നെത്തുന്ന കുഞ്ഞുവരാന്തക്കു മുന്നിൽ കാണുന്നതാണ് ആ മുറി . പന്ത്രണ്ട് ജനാലകളും നാലുവാതിലുകളും ആറ് ചുമരുകളുമുള്ള ഒരു വലിയ മുറി . അതിൽ കസേരയോ മേശയോ അലമാരകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ പ്രത്യേകത . നിശ്ശബ്ദതപോലും അവിടേക്ക് എത്തിനോക്കാറുപോലുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ....!
.
ആ മുറിയിൽ നിന്ന് നോക്കിയാൽ വിശാലമായ ആ വലിയവീടിന്റെ ചുറ്റുമുള്ള മുഴുവൻ പറമ്പും കാണാമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത . കാവും കുളവും തെങ്ങും മാവും പ്ലാവും വാഴയും ഒക്കെ തിങ്ങിനിറഞ്ഞ ആ വലിയ പറമ്പിന്റെ അപ്പുറത്തെ ഇപ്പോഴും അവശേഷിക്കുന്ന വിശാലമായ പാടവും , അതിനുമപ്പുറത്തെ വലിയ മലകളും , ഇപ്പുറത്തുകൂടി ഒഴുകുന്ന വലിയൊരു കൈത്തോടും ഒരു ശരാശരി മലയാളിയുടെ സാധാരണ സ്വപ്‌നങ്ങൾ പോലെ മനോഹരം തന്നെയാണ് ഇപ്പോഴും ...!
.
ഏറ്റവും ഉയരത്തിലായിരുന്നിട്ടും നേരിട്ട് കാറ്റുകയറാത്ത , എന്നാൽ എപ്പോഴും ഏറെ സുഖമുള്ളൊരു തണുപ്പുനിറഞ്ഞ ആ മുറിയിൽ നാളിതുവരെ ഒരിക്കൽ പോലും ഞാനൊരു പല്ലിയെയോ പാറ്റയെയോ എന്തിനൊരു ഉറുമ്പിനെ പോലുമോ കണ്ടിട്ടില്ലെന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നതുതന്നെയായിരുന്നു . അകത്തും പുറത്തുമായി പണിക്ക് ആളുകളുണ്ടായിട്ടും പൊടിപടലങ്ങളോ അഴുക്കോ മാറാലയോ ഒന്നും ഒട്ടുമില്ലാത്ത ആ മുറിയിലേക്ക് എന്തുകൊണ്ടോ അവർ ആരും അങ്ങിനെ പോകാറില്ലെന്നതും ഞാൻ മാത്രം ശ്രദ്ധിച്ച മറ്റൊരു കാര്യമായിരുന്നു ...!
.
ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ , മറ്റാരും ഒരിക്കലും ശ്രദ്ധിക്കാത്ത , ഒരാളും ഒരിക്കൽപോലും പറയാത്ത ഇങ്ങിനെയൊരുകാര്യം ഞാനൊരു വട്ടുകേസായതുകൊണ്ടാകാം ഇങ്ങിനെ നുള്ളിപ്പെറുക്കുന്നതെന്ന് അവൻ എപ്പോഴും കളിയാക്കുമ്പോഴും , ആ മുറിയുടെ നിർമ്മിതിയും അതിന്റെ പ്രത്യേകതയും എനിക്കുമാത്രം ഏറെ ശ്രദ്ധേയം തന്നെ . . അവന്റെ അച്ഛനോ അമ്മക്കോ പോയിട്ട് അച്ഛമ്മക്കുപോലും ആ മുറിയുടെ മറ്റൊരു പ്രത്യേകതയും ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നതും എനിക്കത്ഭുതമായിരുന്നു ...!
..
ഒന്നിൽനിന്നും മറ്റൊന്ന് വ്യത്യസ്തമാകുന്നെന്നപോലെയല്ലെങ്കിലും, ആ മുറി എനിക്കുമാത്രം ഏറെ പ്രത്യേകതകൾ സമ്മാനിച്ച് ഇപ്പോഴും ഒരു ചോദ്യചിഹ്ന മാകവേ അവൻ പറയുന്നതുപോലെ എന്തിനെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ടുമാത്രം കണ്ടുകൊണ്ടേയിരിക്കുന്ന എന്റെ വിഡ്ഢിത്തവുമൊ, അതോ എന്റേതുമാത്രം സ്വന്തമായ മരീചികയോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...