Thursday, May 13, 2021

വിഡ്ഢികളുടെ ചിന്തകൾ ...!!!

വിഡ്ഢികളുടെ ചിന്തകൾ ...!!!
.
ഞാനൊരു വിഡ്ഢിയല്ലെന്ന്
ഞാൻ സ്വയം പറയുമ്പോൾ
എല്ലാ വിഡ്ഢികളും
അങ്ങിനെയെന്ന
വിധിയെഴുത്തിൽ
പിന്നെയും വിഡ്ഢിയെന്ന്
ഞാൻ തിരുത്തിപ്പറഞ്ഞാലും
തിരുത്താൻ തയ്യാറാകാതെ
നിങ്ങളും ...!
അപ്പോൾ പിന്നെ
ഞാനെങ്ങനെ
ഒരു വിഡ്ഢിയാകും
അല്ലെങ്കിലൊരു
പമ്പരവിഡ്ഢിയല്ലാതെയും ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 11, 2021

ശാപങ്ങൾക്ക് മുന്നേ ....!!!

ശാപങ്ങൾക്ക് മുന്നേ ....!!!

സന്ധ്യ പതിവിലും സുന്ദരിയാണിന്ന് . പകുതിപൂത്തുലഞ്ഞുനിൽക്കുന്ന നിലാവും , രാപ്പൂക്കളുടെ സുഗന്ധവുംപേറി നനുത്ത കുളിരുമായെത്തുന്ന ഇളം തെന്നലും കൂട്ടിന് . ജീവിത ഗന്ധിയായ ഒരു നിമിഷത്തിന്റെ വശ്യതയും . അതെ , തന്റെ സമയവും സമാഗതമായിരിക്കുന്നു ഇപ്പോൾ . മുജ്ജന്മപുണ്ണ്യ പാപങ്ങളുടെ കണക്കെടുപ്പിന്റെ സമയം . ജന്മ ലക്ഷ്യത്തിന്റെ പൂർണ്ണതയുടെ സമയം . ജീവിതത്തിന്റെയും ജീവന്റെയും സമയം ....!
.
ഏതൊരമ്മയെയും പോലെ അവരും ഏറെ വിവശയായിരിക്കും ഇപ്പോൾ . ഒന്നൊഴിയാതെ നഷ്ടപ്പെട്ടുപോയ പ്രിയപുത്രരുടെ മുഖങ്ങൾ എങ്ങിനെയാണ് ഏതൊരമ്മക്കും മറക്കാൻ കഴിയുക . അത് യുദ്ധത്തിലായാലും സ്വാഭാവികതയിലായാലും നഷ്ട്ടം എപ്പോഴും അമ്മക്കുതന്നെയും . കൂടാതെ പുത്ര ദുഖത്തിന്റെ തീവ്രത തനിക്കും അറിവുള്ളതല്ലേ . തടവറയിൽ തന്റെ സഹോദരങ്ങൾ ഓരോരുത്തരായി കൊല്ലപ്പെടുമ്പോൾ തന്റെ മാതാപിതാക്കളും അനുഭവിച്ച അതെ വേദന, അതുകൊണ്ടു തന്ന്നെ ചിരപരിചിതവും. എന്നിട്ടും ...!
.
അവിടെ ആ അമ്മയുടെ അടുത്തുചെല്ലുമ്പോൾ ആഭരണങ്ങൾ ഒന്നും വേണ്ട. ചമയങ്ങളും ഉടയാടകളും വേണ്ട . അവരുടെ മുന്നിൽ നിൽക്കുമ്പോൾ , അവരുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ താൻ തീർച്ചയായും ശ്രദ്ധിക്കണം . തന്റെ പുഞ്ചിരി മായാതിരിക്കാനും . താനും പിറവിയെടുത്തിരിക്കുന്നതു മനുഷ്യനായാണല്ലോ . എങ്കിലും പക്ഷെ ... . കൂട്ടിനാരും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരും അറിയാതിരിക്കാനും. തനിക്കപ്പോൾ വേണ്ടിവരിക പൂർണ്ണമായ നിശ്ശബ്ദതതന്നെയാകും ...!
.
അല്ലെങ്കിൽ തന്നെ ഈ ഒരു നിമിഷത്തിൽ എന്താണ് പ്രത്യേകതയുള്ളത് . തന്റെ വിധി എന്നേ തന്നെ നിശ്ചയിക്കപ്പെട്ടതും എഴുതിക്കഴിഞ്ഞതുമാണ് . തന്റെ മാത്രമോ, തന്റെയും തന്റെ മുഴുവൻ കുലത്തിന്റെയും മഹത്തായ തന്റെ രാജധാനിയുടെയും, പിന്നെ ആ രാജ്യത്തിൻറെ തന്നെയും. കടലെടുത്തുപോകാനുള്ള സമയം മാത്രം കാത്തുനിൽക്കുന്ന ഒരു സ്മാരകമാകാൻ വിധിക്കപ്പെട്ട് ... അത് ചരിത്രമാണല്ലോ. അല്ലെങ്കിൽ കാലവും കാലാതീതവുമായ വർത്തമാനവും . എന്നിട്ടും ...!
.
അതെ , ഇതുതന്നെയാണ് പറ്റിയസ്ഥലം . ഇവിടെത്തന്നെ കാത്തുനിൽക്കാം .ഹൃദയഭേദകമായ കാഴ്ചകളോരോന്നും കാണാതെ കണ്ട്, നുറുങ്ങിയ ഹൃദയവുമായി വിങ്ങുന്ന വ്യഥയോടെ, ഏറെ ദുഖിതയായി വരുന്ന ഗാന്ധാരി മാതാവിനെ കാണാൻ ഏറ്റവും ഉചിതമായ സ്ഥലം ഇതുതന്നെ. സൂര്യനും ചന്ദ്രനും അഭിമുഖമാകാത്ത സ്ഥലം . പഞ്ചഭൂതങ്ങളും ചേർന്നുനിൽക്കുന്നിടം. എങ്കിലും എല്ലാറ്റിനുമെന്നപോലെ ഇതിനും ഒരു സാക്ഷിയും വേണമല്ലോ എപ്പോഴും...!
.
ആ അമ്മയുടെ ആഗമനം ഇതാ സാധ്യമായിരിക്കുന്നു . അവരുടെ ചേലകൾ ഉലയുന്ന ശബ്ദം പോലും ഭീകരമായ കൊടുങ്കാറ്റുപോലെ തോന്നുന്നു. കാലടിതാളങ്ങൾക്കും പെരുമ്പറയുടെ മുഴക്കം പോലെ അതെ അതവരുടെ വരവായിരിക്കും. ആ മനസ്സിന്റെ ദുഖമാണതെന്ന് തനിക്കു മാത്രമറിയാം. അഗ്നിയുടെ ശക്തിയും ജലത്തിന്റെ കാഠിന്യവും ഭീകരം തന്നെ ചിലപ്പോൾ . അവരുടെ കണ്ണിൽനിന്നുതിർന്ന് കാലുകളിൽ തട്ടി ഭൂമിയിൽ വീഴുന്ന ആ ഓരോ കണ്ണുനീർത്തുള്ളിക്കും ഒരു പ്രളയത്തിന്റെ ശക്തിയുണ്ടെന്നും തനിക്കറിയാം ...!
.
തലയുയർത്തി അതെ പുഞ്ചിരിയോടെത്തന്നെ നിൽക്കണം അവർക്കുമുന്നിൽ ഭാവഭേദത്തിന്റെ ആവശ്യകതയുമില്ലല്ലോ ഇപ്പോൾ. തന്റെ മുന്നിലെത്തിയപ്പോൾ അവർ ഒന്ന് നിന്നത് ആ ശക്തിയത്രയും ആവാഹിക്കാൻ തന്നെയാണെന്ന് തനിക്കറിയാമല്ലോ എങ്കിലും. ഇനി ശാപവചനങ്ങൾ. മാത്രം ബാക്കി. തന്റെ നൂറു പുത്രന്മാരെയും നിഷ്കരുണം കൊന്നുതള്ളാൻ കാരണക്കാരനായ താനും തന്റെ കുലവും നശിച്ചുപോകട്ടെ എന്ന് ...... അങ്ങിനെത്തന്നെയല്ലേ അവർ പറഞ്ഞതും ....!
.
അതെ. തൃപ്തിയായി ഇനി സന്തോഷത്തോടെ യാത്രയാകാം. അതിനുമുൻപ്‌ ആ പാദങ്ങളിലൊന്ന് നമസ്കരിക്കണം. തന്റെയും മാതൃസ്ഥാനത്തു നിർത്താവുന്ന ആ ഗാന്ധാരിമാതാവിന്റെ കാൽക്കൽ, സമസ്ത പ്രണാമം....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 5, 2021

സ്നേഹപൂർവ്വം അച്ഛന് ....!!!

സ്നേഹപൂർവ്വം അച്ഛന് ....!!!
..
കാലുതൊട്ട് വന്ദിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നില്ല . പക്ഷെ ആ പാദങ്ങളിൽ തൊടുമ്പോൾ അവ വിറയ്ക്കുന്നുണ്ടായിരുന്നു . എന്റെ നെറുകയിൽ തൊടുന്ന കൈവിരലുകളിലേക്ക് പടർന്നുകയറിയിരുന്ന ആ വിറയൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നുതന്നെയുള്ള സ്നേഹത്തിന്റെ , കരുണയുടെ , വാത്സല്യത്തിന്റെ ആത്മാംശമായിരുന്നെന്ന് എനിക്ക് തൊട്ടറിയാമായിരുന്നു അപ്പോഴൊക്കെയും ....!
.
അച്ഛനെന്നത് പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വ്യക്തി മാത്രം തന്നെയായിരുന്നു ആദ്യമൊക്കെ ആ നാട്ടിന്പുറത്തുകാരന് . വലിയ നീണ്ടതാടിയുള്ള അച്ഛനെ പേടിയായിരുന്നെന്നും അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കാതെ ഞാൻ അച്ഛമ്മയുടെയും വല്യമ്മയുടെയും കൂടെ കിടന്നാണ് ഉറങ്ങാറുള്ളതെന്നും അച്ഛമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് . . രാത്രിയിലൊക്കെ അമ്മിഞ്ഞകുടിക്കാൻ നേരം 'അമ്മ വന്ന് അമ്മിഞ്ഞയും തന്ന് തിരിച്ചുപോകാറായിരുന്നത്രെ പതിവും ...!
.
അനിയന്മാരുണ്ടായശേഷം അച്ഛനും അമ്മയും അമ്മൂമ്മയും അച്ഛമ്മയും ഒക്കെക്കൂടെ പളനിയിൽ പോയി അച്ഛൻ താടിയും മുടിയുമൊക്കെ വെട്ടുംവരെയും ഞാൻ അച്ഛനോടടുത്തിരുന്നില്ലത്രേ . അനിയന്മാരൊക്കെ അച്ഛനോട് കൂടെ കളിക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഞാൻ മാറിനിന്ന് നോക്കി കാണുകമാത്രമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് . പക്ഷെ വളരും തോറും അച്ഛനുമായുള്ള ആത്മബന്ധവും ഏറെ വളരുകതന്നെയായിരുന്നു ...!
.
എല്ലാ സാധാരണക്കാരായ നാട്ടിന്പുറത്തുകാരെയും പോലെ ബന്ധങ്ങളിൽ പ്രത്യക്ഷ പ്രകടനങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും അച്ഛൻ പുറത്തുപോയി വരുമ്പോൾ എന്ത് കൊണ്ടുവന്നാലും ആദ്യം എന്നെ വിളിച്ചായിരുന്നു തന്നിരുന്നത് . അതുപോലെതന്നെ ഞാൻ വലുതായി തനിയെയൊക്കെ പുറത്തുപോകാൻ തുടങ്ങിയപ്പോൾ മുതൽ ഇങ്ങു പ്രവാസിയാകുംവരെയും അച്ഛൻ പുറത്തുപോയി വന്നാൽ ആദ്യമന്വേഷിക്കുന്നതും എന്നെയായിരുന്നു ...!
.
ആത്മബന്ധത്തിന്റെ ഒരു കാണാക്കണ്ണി , സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഒരു മഹാസാഗരം ആ ഹൃദയത്തിലുണ്ടായിരുന്നത് എനിക്കെപ്പോഴും അനുഭവിക്കാവുന്നതുതന്നെയായിരുന്നു എന്നും . വളരെ കുറച്ചു പ്രാവശ്യമേ ഞാൻ അച്ഛന്റെ കാൽതൊട്ടു വന്ദിച്ചതായി ഓർമ്മയുള്ളു. ആദ്യമായി ശബരിമലക്ക് പോകുമ്പോൾ , ആദ്യത്തെ സിനിമചെയ്യുമ്പോൾ പ്രവാസജീവിതത്തിലേക്കുള്ള യാത്രക്കുമുന്നെ , അങ്ങിനെ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം. എങ്കിലും പക്ഷെ ആ അനുഗ്രഹം, ആ ആശീർവാദം എന്നും കൂടെയുണ്ടായിരുന്നതായി എപ്പോഴും തൊട്ടറിയുമായിരുന്നു ഹൃദയപൂർവ്വം ...!
.
എല്ലാ അച്ചന്മാരെയും പോലെ എന്നെക്കുറിച്ച് അച്ഛനും വലിയ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു എന്ന് . അമ്മയോട് ഇടയ്ക്കിടെ പലതും പറയുന്നത് ഞാനും കേട്ടിട്ടുമുണ്ട്. അതൊക്കെയും സാധിച്ചുകൊടുത്ത് ഒരു മാതൃക പുത്രനാകാനൊന്നും എനിക്കൊരിക്കലും പറ്റിയിട്ടില്ല തന്നെ. പക്ഷെ അച്ഛന്റെ ആഗ്രഹം പോലെ അച്ഛനെ നോക്കണമെന്ന ആഗ്രഹം വല്ലാതെയുണ്ടായിരുന്നെങ്കിലും അതുപക്ഷെ ഒരു പരിധിവരെ മാത്രമേ സാധിച്ചിരുന്നുമുള്ളു ...!
.
ഞാൻ യാത്രയായതിനു തൊട്ടുശേഷമാണ് അച്ഛനെ കാർന്നുതിന്നുന്ന ആ മഹാരോഗം അച്ഛനെയും കൊണ്ടുമാത്രമേ പോവുകയുള്ളു എന്ന് ഡോക്ടർമാർ പറഞ്ഞ് ഞങ്ങൾ ആദ്യമായി അറിഞ്ഞത് . അതുശരിക്കും വല്ലാത്തൊരു ഷോക്കായിരുന്നു അന്ന്. അച്ചനടക്കം ഞങ്ങൾക്കെല്ലാവർക്കും പിന്നെ പ്രാർത്ഥനകളും അച്ഛന്റെ ആഗ്രഹം പോലെ ചികിത്സിക്കാനുള്ള കാര്യങ്ങളും ഒക്കെയായി എപ്പോഴും കൂടെയുണ്ടാകാനും ശ്രദ്ധിച്ചിരുന്നെങ്കിലും ആ അവസ്ഥയിൽ ഒരിക്കൽ പോലും അച്ഛനെ ഒന്ന് നേരിൽ കാണണമെന്ന് തോന്നിയില്ലതന്നെ. അല്ലെങ്കിൽ അതിനുള്ള മനഃശക്തിയുണ്ടായിരുന്നില്ലെന്നതാണ് സത്യവും ...!
.
അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോൾ നാട്ടിൽപോയി ആ ദേഹം കാണാനുള്ള ത്രാണിയുണ്ടായിരുന്നില്ല എനിക്കന്ന് . പക്ഷെ എന്നിട്ടും സുഹൃത്തുക്കളുടെ സഹായത്തോടെ ഒരിക്കലിരുന്ന് ചിട്ടയോടെ ദർഭയും എള്ളും അരിയും പൂവും കൂട്ടി കടലിൽപോയി ബലിയിടാൻ സാധിച്ചിരുന്നത് വലിയ പുണ്യം തന്നെയും ആയിരുന്നു അപ്പോൾ .എടുത്തുപറയാൻ ഒരുമേന്മയും ഇല്ലെങ്കിലും ഗുണത്തേക്കാൾ ചിലപ്പോൾ കുറ്റങ്ങളും കുറവുകളും മാത്രമാകും ഉണ്ടാവുകയെങ്കിലും . തികച്ചും സാധാരണക്കാരനായ ആ നാട്ടിൻപുറത്തുകാരൻ അച്ഛന്റെ മകനായി പിറന്നതിൽ എന്നും ഏറെ അഭിമാനത്തോടെതന്നെയാണ് ഇന്നും എന്നതും പുണ്യം തന്നെ .മെയ് 12 ന് ആ നഷ്ടത്തിന് 25 വര്ഷമാകുമ്പോൾ , ഹൃദയപൂർവ്വം , സ്നേഹപൂർവ്വം ,.....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...