Sunday, November 16, 2014

ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!

ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!
.
ഓരോ സമൂഹത്തിലും അത് പരിഷ്കൃതമാണെങ്കിലും അല്ലെങ്കിലും അവരവരുടെ സ്ഥിരം ആവാസ വ്യവസ്ഥയിൽ നിന്നും മാറി താമസിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ എപ്പോഴും ഉണ്ടാകും . ഒരുകണക്കിന് അവർ അപരിഷ്കൃതരെന്നു നാം ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും അങ്ങിനെയുള്ളവർ തന്നെയാണ് നമ്മളെ പലപ്പോഴും നമ്മളിലെയ്ക്ക് തന്നെ തിരിഞ്ഞു നോക്കാൻ വഴികാട്ടികളാകുന്നത്‌ ....!
.
പ്രകൃതിയുടെ സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും ഒരളവുവരെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഇവർക്കുള്ള പങ്ക് ഒട്ടും ചെറുതല്ല താനും . അതുകൊണ്ടൊന്നുമല്ലെങ്കിലും നമ്മുടെ സഹ ജീവികളും സഹോദരങ്ങളുമായ ഇവരെ സംരക്ഷിക്കേണ്ടത് തീർച്ചയായും നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ് ...!
.
പൊതു നിരത്തിൽ നാലുപേർ കാണ്‍കെ അവശനായ ഒരാളെ രക്ഷിക്കാൻ നമ്മൾ കാണിക്കുന്ന അതെ ശുഷ്ക്കാന്തിയുടെ നൂറിൽ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇക്കൂട്ടരെ എന്നെ നമുക്ക് സംരക്ഷിക്കാമായിരുന്നു എന്നതാണ് സത്യം . എന്നിട്ടും ആർപ്പു വിളികൾക്കും ആരവങ്ങൾക്കും ഇടയിൽ ഇവരുടെ രോദനം പോലും മുക്കിക്കളയാനാണ് നമ്മൾ പലപ്പോഴും ശ്രമിക്കുന്നത് എന്നത് ഏറെ ക്രൂരമാണ് ...!
.
സത്യത്തിൽ ഒരാളെ സഹായിക്കുമ്പോൾ നമുക്ക് വരുന്ന ഒരു ബാധ്യതയും കൂടാതെ തന്നെ ഇക്കൂട്ടരെ നമുക്ക് സംരക്ഷിക്കാമെന്നിരിക്കെ എന്തുകൊണ്ട് നമ്മൾ അതിനു തുനിയുന്നില്ല എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . ആദിവാസികൾക്ക് വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഒരു വലിയ സാമ്പത്തിക പിന്തുണ തന്നെ എല്ലാ ആവശ്യങ്ങൾക്കും പ്രത്യേകം പ്രത്യേകമായി ഉണ്ട് എന്നതാണ് സത്യം ...!
.
അവരുടെ വിധ്യാഭ്യാസതിനും ആരോഗ്യ സംരക്ഷണത്തിനും ഭവന നിർമ്മാണത്തിനും തുടങ്ങി ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫണ്ടുകൾ നിലവിൽ ഉണ്ട്. അതിലൊക്കെയും ആവശ്യത്തിന് പണവും ഉണ്ട് . എന്നിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബ്ബി അതൊക്കെയും വകമാറ്റി ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ അല്ലെങ്കിൽ സ്വന്തം കീശയിലാക്കുകയോ ചെയ്യുകയാണ് പലപ്പോഴും ചെയ്യുന്നത് ...!
.
തൊട്ടതിനും പിടിച്ചതിനും ഒക്കെയും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയും സമരവും അക്രമവും ഇവിടെ നടക്കുന്നുണ്ട്. ഇവർക്കുവേണ്ടിയും പേരിന് പല പല സമരങ്ങൾ നടക്കുന്നുണ്ട് . പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തുന്നില്ല എന്ന് മാത്രം . പത്തു വർഷം മുൻപ് ഉണ്ടാക്കാൻ തുടങ്ങിയ വീടിന്റെ പണിപോലും ഇപ്പോഴും കഴിയാതെ കിടക്കുന്ന ആദിവാസി ഊരുകളുണ്ട് എന്ന് പറയുമ്പോൾ ഇതിന്റെ യധാർത്ഥ ചിത്രം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ ...!
.
ഇതൊരു വലിയ നാണക്കേടാണ് നമ്മുടെ സമൂഹത്തിന് . ഏറ്റവും വലിയ ക്രൂരതയും . ആവശ്യത്തിന് പണമുണ്ടായിട്ടും ഇവരുടെ തല ചായ്ക്കാനുള്ള ഇടം, ഇടാനുള്ള വസ്ത്രം തുടങ്ങി എന്തിന് ഒരു നേരത്തെ ആഹാരവും , ഒരു ദിവസത്തെ മരുന്നും വരെ നമ്മൾ മോഷ്ടിച്ചെടുക്കുന്നു അല്ലെങ്കിൽ തട്ടിപ്പറിക്കുന്നു എന്നത് വലിയ തെറ്റാണ് . അങ്ങിനെതന്നെ പറയേണ്ടിയിരിക്കുന്നു , കാരണം അതുതന്നെയാണല്ലോ യഥാർത്ഥത്തിൽ നടക്കുന്നതും . അതുകൊണ്ട് തീർച്ചയായും ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഓരോ മനുഷ്യ സ്നേഹിയും മുന്നിട്ടിറങ്ങിയെ തീരൂ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...