Tuesday, December 7, 2021

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് പഞ്ചവടിപ്പാലമായാൽ ...!!!

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് പഞ്ചവടിപ്പാലമായാൽ ...!!!
..
മുല്ലപ്പെരിയാറിൽ ഇപ്പോഴുള്ള അണക്കെട്ട് പൊളിച്ച് പുതിയൊരു അണക്കെട്ട് പണിയുക എന്നത് അടിയന്തിര പ്രാധാന്യമുള്ള ഒരു അത്യാവശ്യമായിരിക്കെ കാലപ്പഴക്കം ഒന്നുകൊണ്ടുമാത്രം പൊളിക്കേണ്ടിവരുന്ന ആ അണക്കെട്ടിനുപകരം പണിയുന്ന പുതിയ അണക്കെട്ട് പാലാരിവട്ടം പാലംപോലെയും കോഴിക്കോട്ടെ ബസ്സ്റ്റാൻഡ് പോലെയും നാട്ടിലെ റോഡുകൾ പോലെയുമൊക്കെയുള്ള പുതിയകാല നിർമ്മിതിയിൽ പണിതുയർത്തിയാൽ ഇപ്പോൾ പാതിസമാധാനത്തോടെയെങ്കിലും കഴിയുന്ന അവിടെയുള്ള ജനങ്ങൾ പിന്നെ എങ്ങിനെയാണ് നസ്സമാധാനത്തോടെ കിടന്നുറങ്ങുക ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, December 2, 2021

കയ്യകലത്തിൽ കൈത്താങ്ങുകൾ കരുതിവെക്കുന്നവർ ....!!!

കയ്യകലത്തിൽ കൈത്താങ്ങുകൾ കരുതിവെക്കുന്നവർ ....!!!
.
ചിലർ അങ്ങിനെയുമാണ് . എന്നെന്നേക്കും നമ്മുടെകൂടെ മാത്രമായുണ്ടാകുമെന്ന്‌ ദൃഢപ്രതിജ്ഞയോടെ നമുക്കൊപ്പം ചേർന്ന് നമ്മുടേതായി നടന്നു നീങ്ങുമ്പോഴും അവർ അവർക്കടുത്തേക്കു നീട്ടിനിൽക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ ആ കൈകളും വിടാതെ വിട്ടു നിർത്തും . ചേർത്തല്ലെങ്കിലും ചേർക്കാതെയും കൂടെനിർത്തും . ഇടക്കൊരു പുഞ്ചിരി , പിന്നെയിടക്കൊരു ശ്രദ്ധയോടെയുള്ള നോട്ടം .. അത്രയൊക്കെയും ധാരാളമായി മതിയാകുന്ന ആ കൈയുടമകകൾക്ക് സ്വന്തമായി ....!
.
പകലിനെപകുത്ത് അതിലൊരുരാത്രിയുണ്ടാക്കി ആ രാത്രിയിൽ തന്റേതായ ലോകം ചമയച് അതിലും കൂടി ഒരേസമയം വിരാചിക്കുന്ന അവർ , അവകാശങ്ങളും അധികാരങ്ങളും അനുവദിക്കുമ്പോഴും മുഖംമൂടിയണിഞ്ഞ നിരവധി അറകൾക്കുള്ളിരുന്ന്‌ തന്റെ സ്വത്വത്തെ കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും വാചാലരാകും. സത്യത്തെ വിളിച്ചുപറയുന്നവരെ അവർ വിഡ്ഢികളാക്കി പീഡകരും മനസ്സാക്ഷിയില്ലാത്തവരും നിന്ദിതരുമാക്കും ....!
.
അവർക്കുവേണ്ടി ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കാനും അവർക്കുവേണ്ടി ഒരുസ്വപ്നലോകംതന്നെ തീർക്കാനും കാത്തുനിൽക്കുന്നവർക്കുമുന്നിൽ നമ്മൾ വെറും നിസ്സാരന്മാരാകും . ഒന്നുമില്ലാതെ എല്ലായിടത്തും തോറ്റ് ഒന്നിനുംകൊള്ളാതെ ... നമ്മുടെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ചിന്തകൾക്കും ആഗ്രഹങ്ങൾക്കും സത്യസന്ധതയ്ക്കും ഒന്നും ഒരുവിലയുമില്ലാതെ....!
.
അവർ പലപ്പോഴുമാകട്ടെ നമ്മെയങ്ങില്ലാതെയാക്കിക്കളയുകയും ചെയ്യും . നമുക്കിഷ്ടമില്ലെന്ന് അവരോടു പറയുന്ന കാര്യങ്ങളിൽ അവർ തെറ്റുചെയ്യുന്നില്ലെന്നു നമ്മെ ബോധ്യപ്പെടുത്താൻ വേണ്ടി അതുതന്നെ മനപ്പൂർവ്വം വീണ്ടും വീണ്ടും നമുക്കുമുന്നിൽ ചെയ്തുകൊണ്ട് . നീയെന്തുവിചാരിച്ചാലും എനിക്ക് പുല്ലാണെന്ന പുച്ഛത്തോടെ . നീയല്ലെങ്കിൽ എന്നെ മനസ്സിലാക്കുന്ന മറ്റുപലരുമുണ്ടെന്ന അഹങ്കാരത്തോടെ. ഞാൻ ഇങ്ങിനെത്തന്നെയായിരിക്കുമെന്ന വാശിയോടെ മുന്നോട്ടുതന്നെ പോകും . അവിടെ തോറ്റുപോകുന്ന നമ്മൾ വിഡ്ഢികളായി പിന്മാറുകയല്ലാതെ മറ്റെന്തുചെയ്യാൻ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, November 26, 2021

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!
.
ജീവിതവഴികളിലെ മരീചികകൾ തേടി മനപ്പൂർവ്വമായോ അല്ലാതെയോ ഒക്കെ എത്തിപ്പെടുന്ന ഇടങ്ങളെ തന്റേതായ ഇടമാക്കി മാറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മനുഷ്യരൊക്കെയും എപ്പോഴും മറ്റുള്ളവർക്കുമുന്നിലും ആ മരീചികയുടെ വിസ്മയികതയിൽ തന്നെയാണ്താനും ജീവിപ്പിച്ചുപോരുന്നതും . ഓരോ പുലരിയിലും ഓരോ ചുവടിലും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്നവർ . ഓരോ വീഴ്ചയ്ക്കുശേഷവും നല്ലനാളെയേ മാത്രം സ്വപ്നം കാണുന്നവർ . അവരവരുടെ ഇഷ്ടത്തെക്കാൾ പിന്നെയങ്ങോട്ടവരെനയിക്കുന്നതൊക്കെയും സാഹചര്യങ്ങൾ മാത്രമെന്നത് വിധിവൈപരീധ്യവും ...!!!
.
ഇനിയും മായാത്ത നാട്ടുവഴികളും അടുത്തവീട്ടിലെ ഉമ്മറത്തിണ്ണയിലെ കട്ടൻചായയും മഴയത്തിറങ്ങിവരുന്ന തോട്ടിടവഴിയിലെ പരൽമീനുകളും ഒക്കെ തങ്ങളുടെ മൂഡസ്വർഗ്ഗത്തിലെ സ്ഥിരം കാഴ്ചകളാക്കി ഇപ്പോഴും വിഡ്ഢികളാണെന്ന് സ്വയം തിരിച്ചറിയാൻ പോലും കഴിയാത്തത്രയും വിഡ്ഢികളായി ജീവിതം ഹോമിക്കുന്നവരെ വിളിക്കേണ്ട പേരും പ്രവാസികൾ എന്നുതന്നെ . എല്ലാവര്ക്കും എപ്പോഴും വേണ്ടവരും എന്നാൽ ആർക്കും ഒരിക്കലും വേണ്ടാത്തവരുമായ വിചിത്ര ജീവികൾ . എന്തെങ്കിലും ചെയ്തോഎന്നുചോതിച്ചാൽ ഒന്നുംചെയ്തില്ലെന്നും ചെയ്തില്ലേ എന്നുചോദിച്ചാൽ ചെയ്‌തെന്നും തനിക്കുതന്നെ ഉത്തരം കിട്ടാത്ത കടംകഥകളിൽ സ്വയം വിരാചിക്കുന്നവർ ....!
.
ഔദ്യോഗിക ആവശ്യത്തിനായി ജോലിക്കാരെ തിരയുക എന്നത് ഏറെ കഠിനമായൊരു പ്രക്രിയയാണ് എപ്പോഴും . ചെലവുചുരുക്കലിന്റെ ഭാഗമായി പലദൗത്യങ്ങളും സ്വയം ഏറ്റെടുക്കേണ്ടിയും വരുമ്പോൾ പ്രത്യേകിച്ചും . ഒരു ജോലി ഒഴിവുണ്ടെന്ന് അറിയുമ്പോൾ അതന്വേഷിച്ചുവരുന്ന ആളുകളുടെ ജീവിതം നമുക്കുമുന്നിൽ തുറക്കുന്നത് പലപ്പോഴും വേദനയുടെ നെരിപ്പോടുകളായിരിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകളെ ഏറെ സങ്കീര്ണവുമാക്കും . മാനുഷിക പരിഗണയ്ക്കാണോ കമ്പനി ആവശ്യങ്ങൾക്കാണോ മുൻഗണന കൊടുക്കേണ്ടതെന്നുപോലും നിശ്ചയിക്കപ്പെടാൻ പലപ്പോഴും ഏറെ പ്രയാസപ്പെടുകയും ചെയ്യും ...!
.
കമ്പനി നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഉള്ളവരിൽപോലും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഒരുതരത്തിലും നിർണയിക്കാൻ പോലും പ്രയാസമായ വിധത്തിൽ ദുരിതങ്ങളിൽ കഷ്ട്ടപ്പെടുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും മുന്നിൽ പലപ്പോഴും . ജീവിതത്തിന്റെ മുക്കാലും ചിലപ്പോൾ മുഴുവനും തന്നെയും കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താത്തവരുടെ ആധിയും ആവലാതിയും പലപ്പോഴും ഉറക്കം കെടുത്തുമ്പോൾ നമ്മുടെ വ്യഥകളും വേദനകളും എത്രനിസ്സാരമെന്ന് നമുക്കുതന്നെ തോന്നിപ്പോകുന്ന അവസരങ്ങൾ . ഓരോ ദിവസവും നൂറുകണക്കിനായി വരുന്ന ഓരോ ഫോൺ വിളികളിലും നമുക്ക് തൊട്ടറിയാവുന്ന അവരുടെ പ്രതീക്ഷകൾ . മുന്നൂറും നാനൂറും ഒക്കെയുള്ള മെസ്സേജുകളിലൊക്കെയും അവരുടെ ആവലാതികളും അപേക്ഷകളും ഹൃദയം തൊടുന്ന വേദനകളും . പറ്റാവുന്ന അത്രയും. ഫോൺ കാളുകൾ എടുക്കുകയും കഴിവിന്റെ പരമാവധി മെസ്സേജുകൾക്കു മറുപടിപറയുകയും ചെയ്യുമ്പോഴും പലപ്പോഴും സ്വയം നിയന്ത്രിക്കാൻ തന്നെ പാടുപെടേണ്ട അവസ്ഥയും ....!
.
പ്രവാസികളാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം നാട്ടിൽ ഒരു രേഖയിലും ഇല്ലാത്തവർ . ഒരു ആനുകൂല്യങ്ങളും കിട്ടാത്തവർ . ഇത്രകാലവും നാടിന്റെ ഹൃദയം തൊട്ടറിയാൻ കഴിയാതെ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവർ . സാഹചര്യങ്ങൾകൊണ്ട് ജോലിനഷ്ടപ്പെട്ടു നിർബന്ധപൂർവ്വം തിരിച്ചുപോകേണ്ടിവന്നവർ . നാട്ടിൽപോയി കുടുംബത്തോടൊപ്പം ഉള്ളതുകൊണ്ട് ജീവിക്കാമെന്ന് കരുതി പോയിട്ട് ഒരുതരത്തിലും നിൽക്കക്കള്ളിയില്ലാതെ എങ്ങിനെയങ്കിലും ഒന്ന് തിരിച്ചുപോയാൽ മതിയെന്ന് വിലപിക്കുന്നവർ ... ഒരുജീവിതംകൊണ്ട് ഉണ്ടാക്കിയതൊക്കെയും ഒരു നിമിഷം കൊണ്ട് നഷ്ട്ടമായവർ . വിശ്വസിച്ചവരാൽ ക്രൂരമായി ചതിക്കപ്പെട്ടവർ . സ്വന്തം കുടുംബത്തിനുപോലും അന്യമാകുന്നവരും വേണ്ടാതാകുന്നവരും . എല്ലാം പലരും പറഞ്ഞു പഴകിയ പതിവുകാഴ്ചകൾ പോലെയെങ്കിലും ജീവിതം നമുക്കുമുന്നിൽ കാണിച്ചുതരുന്നതൊക്കെയും സത്യത്തിന്റെ നേർക്കാഴ്ചകൾതന്നെ ....!
.
പള്ളികെട്ടാനും അമ്പലം പണിയാനും നേർച്ചനടത്താനുമൊക്കെ ഓടിനടക്കുന്ന ഒരു മതവും ഇവരുടെയാരുടെയും സഹായത്തിനുപോലും വരാനില്ലെന്ന് സത്യസന്ധമായി തിരിച്ചറിയുന്നവർ . വിശക്കുന്ന ഭക്ഷണത്തിൽപോലും മതം കലർത്തുന്ന അഭിനവ മത പണ്ഡിതരുടേറും ദൈവത്തിന്റെ നേർ പ്രതിപുരുഷരുടെയും കാഴ്ചയിൽപോലുമെത്താത്തവർ . വിശപ്പിനേയും ദുരിതങ്ങളെയും മതത്തിന്റെയും പ്രശസ്തിയുടെയും പേരിൽ വിറ്റുകാശാക്കുന്നവരുടെ ഏഴയലത്തുപോലും എത്താത്തവർ ... , ഇനിയും ആർക്കും വേണ്ടിയിട്ടും വേണ്ടാത്തവർ . ആനുകൂല്യങ്ങളുടെ ഒരു പെരുമഴതന്നെ അനുഭവിക്കുന്ന സര്ക്കാര്ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കുമപ്പുറം ജീവിക്കാൻ ഒരുവഴിയുമില്ലാത്ത യഥാർത്ഥ പട്ടിണിപ്പാവങ്ങളുടെ നേർചിത്രങ്ങൾ . എത്രയൊക്കെ അനുഭവങ്ങളും പാഠങ്ങളും അനുഭവിച്ചറിഞ്ഞാലും സത്യത്തിൽ ഇനിയും ഒന്നും പഠിക്കാത്ത പമ്പര വിഡ്ഢികൾ ....!.
.
അച്ഛൻ പണ്ട് പറയാറുണ്ട് നല്ലതുവരട്ടെ എന്നുകരുതി മറ്റൊരാളുടെ കല്യാണക്കാര്യത്തിലും ജോലിക്കാര്യത്തിലും ഒരിക്കലും ഇടപെടാൻ പോകരുതെന്ന് . അങ്ങിനെപോയാൽ ഒടുവിൽ എല്ലാകുറ്റവും അയാൾക്കാകുമെന്ന് . അത് സത്യമാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട് അതിന്റെ ചീത്തപ്പേരുകൾ ധാരാളം അനുഭവിച്ചിട്ടുമുണ്ട് . എങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 21, 2021

നിർമ്മാതാവിനെ തേടി ...!!!

നിർമ്മാതാവിനെ തേടി ...!!!
.
സിനിമ ചിന്തയിലും പ്രവൃത്തികളിലും മാത്രമല്ലാതെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്നിരുന്ന കാലം . സിനിമാ സങ്കേതങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രകൾ ഫിലിം ഫെസ്ടിവലുകളിൽ മാത്രമൊതുങ്ങാതെ ജീവിതങ്ങളും കടന്നുപോയിരുന്ന നേരം . അപ്പോഴാണ് പലകുറി അവർത്തിച്ചെഴുതി തിരുത്തിയും പകർത്തിയും പിന്നെയും പിന്നെയും മാറ്റങ്ങൾവരുത്തി എന്നിട്ടും തൃപ്തിയാകാത്ത തിരക്കഥയും കയ്യിൽ വെച്ച് ലൊക്കേഷനും ആർട്ടിസ്റ്റുകളെയും മനസ്സിൽ സങ്കൽപ്പിച്ച് ക്യാമറ ആംഗിളുകൾ വരെ നിശ്ചയിച്ചുറപ്പിച്ച് ഓരോ ഷോട്ടും മനസ്സിൽ പലകുറി റിഹേഴ്സൽ നടത്തിയൊക്കെയാണ് ഒടുവിൽ ഓരോ സിനിമചെയ്യാനുമുള്ള അടങ്ങാത്ത ആഗ്രഹത്തോടെ നിർമ്മാതാവിനെ തേടി പുറത്തിറങ്ങാറുള്ളത് . സകല ദൈവങ്ങളെയും കണ്ടു പ്രാർത്ഥിച്ച് നല്ല നേരവും നല്ല ദിവസവും ഒക്കെ നോക്കി ഏറെ മോഹത്തോടെ, ഏറെ പ്രതീക്ഷയോടെ ...!
.
സിനിമയുമായി ബന്ധപ്പെട്ടവരെയും അടുത്തറിയാവുന്ന പണക്കാരെന്ന് തോന്നുന്നവരെയും വിദേശത്തൊക്കെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എന്നുവേണ്ട, ഒരുപരിചയവും ഇല്ലാത്തവരെ പോലും കാത്തുനിന്ന് കാത്തുനിന്ന് കണ്ട് സംസാരിച്ചിട്ടുണ്ട് പലകുറി . ചിലർ പരിഹസിക്കും, ചിലർ പുച്ഛിക്കും , ചിലരാകട്ടെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കുമെങ്കിൽ പിന്നിൽ അപമാനിക്കും . ചിലർ നിസ്സഹായത പ്രകടിപ്പിക്കും ചിലർ പറ്റില്ലെന്ന് കർക്കശ്യത്തോടെ പറയുകയും ചെയ്യും. എന്തായാലും അവരുടെയൊക്കെ ഭാഗ്യവുമാകാം അന്നതൊന്നും നടന്നില്ലെന്നത് സത്യവും ...!
..
ഒരു സിനിമ പിടിക്കാനുള്ള കാശിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായാണ് അന്നൊക്കെ നടന്നിരുന്നത് . കൂട്ടിനു കട്ടക്ക് നിൽക്കുന്ന ഒരുപറ്റം സുഹൃത്തുക്കളും കൂടിയാകുമ്പോൾ വേണമെങ്കിൽ ഒരിക്കൽക്കൂടി ലങ്കപോലും ഹനുമാനെക്കാൾ മുന്നേ ചാടിക്കടന്നുപോകാമെന്ന നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലുണ്ടുതാനും . പറ്റാവുന്ന വഴികളൊക്കെയും ആലോചനയിലുണ്ടാകും എപ്പോഴും . കച്ചവടം, വിദേശ യാത്ര , ജോലി അങ്ങിനെ മോഷണവും പിടിച്ചുപറിയുമൊഴിച്ച് എന്തും എന്തും . ഓരോ ദിവസവും ഓരോ യമണ്ടൻ ആശയങ്ങളുമായി എത്തുന്ന ഓരോരുത്തരും ആവേശപൂർവ്വം ഓരോ പോയിന്റുകളും ചർച്ച ചെയ്തുവരുമ്പോഴേക്കും അവസാനം അത് ചീറ്റിപ്പോകാറാണ് പതിവെങ്കിലും ...!
.
അങ്ങിനെയാണ് ഗോദാവരിതീരത്ത് സ്വർണം അരിച്ചെടുക്കുന്നവരുടെ കയ്യിൽ നിന്നും സ്വർണം വാങ്ങി നാട്ടിലെത്തിച്ചു കൊടുത്താൽ വലിയ പ്രതിഫലം കിട്ടുമെന്ന് കേട്ടത് . കേട്ടപാതികേൾക്കാത്തപാതി പെട്ടിയും കിടക്കയും കെട്ടി തയ്യാറായ സുഹൃത്തുക്കളോടൊപ്പം അങ്ങോട്ടുതന്നെ വെച്ചുപിടിക്കാൻ തീരുമാനമായി ഞാനും . നാലുപേർ ചേർന്ന നാലു ഗ്രൂപ്പുകളായി തവണകളായി കടത്തൽ നടത്താമെന്നും അങ്ങനെയാകുമ്പോൾ തുടർച്ചയായി കുറച്ചുകുറച്ചായി ഒരു വര്ഷം കൊണ്ട് ആവശ്യത്തിന് കാശുണ്ടാക്കാമെന്നും കൂട്ടത്തിലെ ബുദ്ധിരാക്ഷസർ സ്കെച്ചും പ്ലാനും വരച്ചുതരികയും ചെയ്തു ...!
.
ഗോദാവരി പോയിട്ട് ഭാരതപ്പുഴ എവിടെയാണെന്നുപോലും ശരിക്കറിയാത്ത ഞങ്ങളാണ് ഒരുവിധം വണ്ടിക്കൂലിക്കുള്ള കാശൊക്കെ അമ്മമാരേ ഇസ്ക്കിയും അനിയത്തിമാരുടെ കുടുക്ക മാന്തിയും ഒക്കെ ഒപ്പിച്ചെടുത്ത് . ആദ്യത്തെ സംഘത്തിൽ ഞാൻ തന്നെയായിരുന്നു മുന്നിൽ . ഇന്നത്തെപോലെ കണ്ണടച്ച് മനസ്സിൽ ധ്യാനിക്കാൻ ഗൂഗിളമ്മായിയൊന്നും വഴികാണിക്കാനുണ്ടായിരുന്നില്ലാത്ത അക്കാലത്ത് , കിട്ടിയ . ബസ്സിലും ട്രെയിനിലും നടന്നും ഒക്കെയായി ചോയ്ച്ച് ചോയ്ച്ച് പോയി ഒരുവിധം കഷ്ടിച്ചാണ് അവിടെവരെ എത്തിപ്പെട്ടത് ...!
.
ജട്ടിവരെ അഴിച്ചെടുത്തും ജാതകം വരെ അരിച്ചുനോക്കിയും മാത്രം പ്രവേശനമുള്ള ആ ഒരു വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് അവിടെയൊക്കെയെന്ന് പൊട്ടക്കിണറ്റിലെ തവളകളായ ഞങ്ങൾക്കുണ്ടോ അന്നറിയുന്നു . . പക്ഷെ ഞങ്ങളെ കണ്ടാൽത്തന്നെ പൊട്ടന്മാരാണെന്ന് മുഖത്തെഴുതിവെച്ചിരുന്നത് അവർക്ക് വായിക്കാൻ എളുപ്പം കഴിഞ്ഞതുകൊണ്ടാകാം യാതൊരു പരിശോധനകളും കൂടാതെയാണ് നാടൻ തോക്കുകൾ കളിപ്പാട്ടങ്ങൾ പോലെ കൊണ്ടുനടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളുടെ ഇടയിലേക്ക് ഞങ്ങളെ അവരിൽ ചിലർ കൊണ്ടുപോയത് ....!
.
നന്നേ ഇടുങ്ങിയ വഴികളും ഗുഹകൾ പോലുള്ള വീടുകളും മലമടക്കുകൾക്കിടയിലൂടെ കുതിരകളും കഴുതകളും വലിക്കുന്ന വണ്ടികളും ഇരുട്ടുമാത്രം നിറഞ്ഞുനിൽക്കുന്ന കാടുകളും പൊന്തക്കാടുകൾക്കിടയിൽ പോലും മറഞ്ഞിരിക്കുന്ന തോക്കുധാരികളും എന്തിനെയും സംശയത്തോടെമാത്രം നോക്കുന്ന കുട്ടികൾ പോലുമുള്ള ആ പ്രദേശം ശരിക്കും വല്ലാതെ ഭീതിതവും ആശ്ചര്യം നിറഞ്ഞ ദുരൂഹത നിലനിർത്തുന്നതുമായിരുന്നു . പുറത്തെ ലോകവുമായി അവർക്കടുത്ത ബന്ധമാണുള്ളതെങ്കിലും പുറം ലോകത്തിന് ഒരിക്കലും എത്തിപ്പെടാനാകാത്ത വിധം കൊട്ടിയടച്ച ആ ലോകത്തിൽ ഞങ്ങൾ ശരിക്കും ആലിസ് വണ്ടർലാന്റിൽ പോയപോലെയായിരുന്നു ..ഇടക്കെപ്പോഴോ അവരിൽ ചിലർത്തന്ന ഭക്ഷണത്തിനും വെള്ളത്തിനും പോലും എന്തോ ഭയം രുചിക്കുന്ന അപരിചിതത്വം തന്നെയായിരുന്നു താനും .....!
.
അവിടെയെത്തിയപ്പോഴാണ് കാര്യം എന്ത് ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കും എന്ന പ്രശ്നം വന്നത് പിന്നെ ലാലേട്ടൻ വളീം ചോദിച്ച് പോയപോലെ ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചപ്പോൾ മനസ്സിലായിട്ടോ അതോ മനസ്സിലാകാതെയോ ആവൊ ഇപ്പൊ ഇവിടൊന്നുമില്ലെന്ന് ആഗ്യം കാണിച്ച് അവർ ഞങ്ങളെ ദയാപൂർവ്വം മടക്കി അയച്ചു . ,കാര്യം നടക്കാതെ തിരിച്ചുപോരേണ്ടിവന്നതിലുള്ള നിരാശയിലും വിഷമത്തിലും കൂട്ടുകാർ ഇരിക്കുമ്പോൾ കാശുണ്ടാക്കാനാണ് പോയതെങ്കിലും അവിടുത്തെ അപ്പോഴത്തെ അവസ്ഥയൊക്കെ കണ്ടപ്പോൾ എനിക്കാദ്യം മനസ്സിൽ ഒരു ലഡ്ഡുവാന് പൊട്ടിയത് . പുതിയൊരു സിനിമക്കുള്ള പ്രമേയം കിട്ടിയ ആവേശവും അതെങ്ങിനെയെങ്കിലും ഒന്നെഴുതിത്തീർക്കാനുള്ള വ്യഗ്രതയുമായിരുന്നു തിരിച്ചുവരുമ്പോഴെല്ലാം . നടക്കാതെ പോയ ഒരുപാട് ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്കുള്ള മറ്റൊരധ്യായം കൂടെയായി അതും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 16, 2021

അച്ഛന്റെ ആനവണ്ടി ...!!!

അച്ഛന്റെ ആനവണ്ടി ...!!!
.
അച്ഛനും ചെറിയച്ഛന്മാരുമൊക്കെയും വണ്ടിയുമായി ബന്ധപ്പെട്ട പണികളിലായിരുന്നതുകൊണ്ടുതന്നെ വണ്ടി ഞങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു എപ്പോഴും. ഡ്രൈവറായും കണ്ടക്ടറായുമൊക്കെ അച്ഛനും ചെറിയച്ഛന്മാരും ഞങ്ങളുടെ പരിസരപ്രദേശങ്ങളിൽത്തന്നെ പണിയെടുത്തിരുന്നതിനാൽ അതിന്റെ സൗകര്യങ്ങൾ ഞങ്ങളും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു എപ്പോഴും . ടെമ്പോയും കാറും ജീപ്പുമൊക്കെ വീട്ടിലുണ്ടായിരുന്ന വണ്ടികളെങ്കിലും എനിക്കേറെ ഇഷ്ട്ടം അപ്പോഴും ഞങ്ങളുടെ ജീവനോപാധിയായിരുന്ന അച്ഛന്റെ ആ ആനവണ്ടിത്തന്നെയായിരുന്നു ....!
.
ഞങ്ങളുടെ വീടിനടുത്തുകൂടെ വല്ലപ്പോഴുമേ ആനവണ്ടികൾ ഉണ്ടാകാറുള്ളൂ എങ്കിലും ദൂരയാത്രകളിൽ പണ്ടുമുതലേ എപ്പോഴും ഞാനും തിരഞ്ഞെടുത്തിരുന്നത് ആനവണ്ടികൾ തന്നെ. ഒരു സുരക്ഷിതത്വ ബോധവും യാത്ര ആസ്വദിക്കാനുള്ള അവസരവും നമ്മുടെ സൗകര്യവുംകൂടി കണക്കിലെടുക്കുന്നു എന്നൊരു തോന്നലും തിക്കുംതിരക്കും ബഹളവുമൊന്നുമില്ലാത്തതും ഒക്കെക്കൂടി ആനവണ്ടികൾ പ്രത്യേകിച്ചും ദൂരയാത്രകൾക്ക് തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതായിരുന്നു ....!
.
സ്റ്റോപ്പിൽ നിർത്താതിരിക്കലും കാലിയടിച്ചുപോകുമ്പോഴും ആളെകയറ്റാതിരിക്കലും താമസിച്ചോ വേഗത്തിലോ പോയി റൂട്ട് കട്ടാക്കലും ഒക്കെ അടക്കം നിരവധി അനവധി പൊറുക്കാനാവാത്ത അതിക്രമങ്ങൾ ആനവണ്ടിക്കാരുടെ അടുത്തുനിന്നും അക്കാലങ്ങളിലൊക്കെ നിരന്തരം ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ ചോറ് അതിലായതാകണം എന്നും ആനവണ്ടിയോടൊരു കൂറും സ്നേഹവും മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം ...!
.
കുട്ടികളായിരിക്കുമ്പോൾ , മുഷിഞ്ഞു നാറി ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്റെ കാക്കി പാന്റും ഷിർട്ടുമിട്ട് പോലീസും കള്ളനും കളിക്കലും അച്ഛൻ ഉപേക്ഷിക്കുന്ന പാന്റും ഷർട്ടും കൊണ്ട് ഞങ്ങൾക്ക് ട്രൗസറും പാന്റും തൈക്കലും ഒക്കെയായി ഞങ്ങളും അങ്ങിനെ കാക്കിയുടെയും ആരാധകരുമായിരുന്നു അപ്പോഴൊക്കെ. . വഴിയിൽ കേടായിക്കിടക്കുന്ന വണ്ടികൾ നന്നാക്കാൻ വരുന്ന സീറ്റുകളൊന്നുമില്ലാത്ത വർക് ഷോപ് വണ്ടിയിൽ ഞങ്ങളെയും കൂട്ടി അച്ഛൻ ഡിപ്പോയിൽ പോകാറുള്ളത് ഒരിക്കലും മറക്കാനാകാത്ത അനുഭവവും ...!
.
അച്ഛന് വർഷത്തിലൊരിക്കൽ കിട്ടാറുള്ള യാത്രാ സൗജന്യത്തിൽ ഞങ്ങൾ എല്ലാവരും കൂടി ഒരു യാത്രയുണ്ട് . അച്ഛമ്മയും അമ്മുമ്മയും ഒക്കെയായി ദൂരെയിടങ്ങളിലേക്കുള്ള യാത്രകൾ . മിക്കവാറും ഏതെങ്കിലും ക്ഷേത്രങ്ങളിലേക്കായിരിക്കും എങ്കിലും അതുപക്ഷേ ഞങ്ങളെ ഒരിക്കലും അലോസരപ്പെടുത്താറേയില്ല . എവിടേക്കായാലും എത്രകണ്ടാലും മതിയാകാത്ത വഴിക്കാഴ്ചകളും കണ്ട് നീണ്ട ഒരുയാത്രതരുന്ന അനുഭൂതിയിൽ ഞങ്ങൾ എല്ലാം മറന്നിരിക്കും ....!
.
ഞാൻ കുറച്ചൊന്ന് വലുതായതോടെ ഒന്നാംതിയ്യതി ശമ്പളം വാങ്ങാൻ അച്ഛൻ എന്നെയും കൂട്ടിയാണ് ഓഫീസിൽ പോകാറുള്ളത് . അവിടുന്ന് കയ്യിൽ തന്നുവിടുന്ന പൈസകൊണ്ട് ഒരുമാസത്തേക്കുള്ള വീട്ടുസാധനങ്ങളും വാങ്ങി അച്ഛൻ അറിയുന്നില്ലെന്ന ഭാവത്തിൽ അച്ഛൻതന്നെ അനുവദിക്കുന്ന സൗജന്യമായ ഒരു സിനിമയും കണ്ട് ടൗണിൽനിന്നും സാധനങ്ങളും കയറ്റി ഒരോട്ടോയും വിളിച്ചുള്ള വീട്ടിലേക്കുള്ള വരവും. അടുത്തമാസം വരെ നീളുന്നതെങ്കിലുമുള്ള കാത്തിപ്പിന്റെ ആ ഒരു സുഖം പകരുന്ന മധുരമുള്ള ഓർമ്മതന്നെ ...!
.
കുറ്റകരമായ ഉദ്യോഗസ്ഥ - തൊഴിലാളി കെടുകാര്യസ്ഥതകൊണ്ടുമാത്രം നശിച്ചുപോയതെങ്കിലും വെള്ളാനയെന്ന ഓമനപ്പേര് അന്വർത്ഥമാകും വിധംതന്നെ അപ്പോഴും എപ്പോഴും പെരുമാറുന്നതെങ്കിലും , ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന ആനവണ്ടികൾ കാണുമ്പോഴൊക്കെയും ഞങ്ങൾ ഇപ്പോഴും അഭിമാനപൂർവ്വം പറയാറുള്ളത് അച്ഛന്റെ വണ്ടിയെന്നാണ് . അതെ, സ്നേഹപൂർവ്വം എന്നും അച്ഛന്റെ ആനവണ്ടി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 26, 2021

എന്നാലുമെന്റെ കേരളമേ ...!!!

എന്നാലുമെന്റെ കേരളമേ ...!!!
.
അച്ഛനില്ലാത്ത കുട്ടിക്ക് അമ്മയില്ല
അമ്മയില്ലാത്ത കുട്ടിക്ക് അച്ഛനില്ല
അച്ഛനും അമ്മയുമുള്ളപ്പോൾ കൂട്ടിയില്ല
കുട്ടിയുള്ളപ്പോൾ അച്ഛനുമമ്മയുമില്ല
ആരാന്റെ ഭാര്യയും വല്ലോന്റെ ഭർത്താവും
പിഴക്കാൻ ഒരു കൂട്ടർ
പിഴപ്പിക്കാൻ മറ്റൊരുകൂട്ടരും
ഒടുവിൽ ലജ്ജിക്കാൻ മാത്രം കേരളവും !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 21, 2021

നിശ്ചലം ....!!!

നിശ്ചലം ....!!!
.
നല്ല മഴേണ്ടാർന്നു അപ്പഴും
തോരാതിങ്ങനെ ...
കറുത്തിരുണ്ട്
വലിയ ശബ്ദോണ്ടാക്കി
ചേലേതൊക്കെ ഒരു കാര്യോല്ല്യാതെ നമ്മളെ പേടിപ്പിക്കില്ലേ , അതുപോലെ ...
.....
പക്ഷേ
എനിക്കത് പരിചയായേർന്നു അപ്പോഴേ ...
അതുപോലൊരു മഴേള്ള ദേവസായെർന്നൂല്ലോ അവളും ....
.....
മറന്നുവെക്കല്
ഈ താക്കോലോക്കെ എവിടേലും ഒക്കെ അങ്ങടിട്ടിട്ടു പോവ്വല് ഒരു പതിവാർന്നേല്ലോ ,
അതോണ്ട് ന്റേലവള് അത് തരില്ല്യ ...
ഉത്തരത്തിന്റെ മോളില് വെക്കും
ന്നിട്ട് വരുമ്പോ ടുത്തോളാൻ പറേം ......
.......
മഴക്കാലായോണ്ട്
പൊറത്ത് പോവുമ്പോ കൊടെടുക്കാൻ അവളെപ്പഴും പറേം
പക്ഷെ കൊടെടുത്താലും അതും എവിടേങ്കില്ഒക്കെ മറന്ന് വെച്ചോണ്ട് പോരും
തിരിച്ച് വന്നാ അവൾടെ വായേല്ള്ളത് മ്മളന്നെ കേക്കണ്ടേ
അപ്പൊ എടുക്കാണ്ട് പോവും
കൊറച്ച് മഴ നനഞ്ഞാലും കൊഴപ്പല്ല്യാലോ ...
.....
അന്ന് വന്നപ്പളും കൊറച്ച് നനഞ്ഞേർന്നു
തോർത്തോണ്ട് തൊടച്ച് താക്കോലും എടുത്തിട്ട് വാതില് തൊറക്കാൻ നോക്ക്യേപ്പോ
അതടച്ചുണ്ടാർന്നില്ല്യ ....
കൊറച്ചിങ്ങനെ തൊറന്ന പോലെ ....
........
ദെന്താപ്പോ ഇങ്ങനേന്ന് ഓർത്തിട്ടാ വാതില് തൊറന്നത്
അകത്ത് കേറിയേപ്പോ എന്തോ ഒരു പന്തികേട് പോലെ
എന്താന്നറീല്ല്യ
പതിവില്ല്യാത്ത ഒരു വെപ്രാളോ പ്രവേശോ ...
അങ്ങിന്യൊക്കെ ......
....
മുറീലിക്ക് കേറാൻ എന്തോ ഒരു പേടിപോലെ
കയറി നോക്ക്യേപ്പോ ....
ഒരു മിനിറ്റ് ശ്വാസം നിന്ന് പോയപോലെ
അത് അവളന്ന്യാണോന്ന് ഞാനൊന്ന് നോക്കി നിന്ന് പോയി
ആകെയിങ്ങനെ ചുരുട്ടിക്കൂട്ടി ഒരു കെട്ടുപോലെ ആ മൂലക്ക്
ചോരേല് കുളിച്ച്
മേലൊക്കെ മുറിഞ്ഞ്
മേലൊന്നും തുണിയൊന്നും ണ്ടാർന്നില്ല്യ
ചോരേല് കുളിച്ചേക്കാണ് ....
....
ക്ക് ന്താ ചെയ്യേണ്ടേന്നറീല്യാർന്നു
പിന്നെ
കിട്ട്യേ തുണീല് കെട്ടിപ്പൊതിഞ്ഞിട്ട്
എടുത്തൊരോട്ടായിരുന്നു ....
......
ഏതൊക്കെയോ വണ്ടിക്ക് കൈകാണിച്ചേക്കണ്
ആരൊക്കെയോ പേടിയോടെ നിർത്താതെ പോയി
എനിക്കതൊന്നും നോക്കാൻ പറ്റില്യാലോ
അവളെ ഒന്നുണർത്താനുള്ള ശ്രമല്ലേ അപ്പോളൊക്കേം
ഇടയ്ക്കു പിന്നെ
ഒരു ഓട്ടോർഷക്കാരനാ നിർത്യേ ...
ഇതൊക്കെ കണ്ടിട്ട് അയാൾടെ ബോധംപോവ്വോ ന്നാർന്നു അപ്പൊ ന്റെ പേടി
.
ഓൾടെ മൊകം തന്നെ ചേർത്ത് പിടിച്ച്
നെഞ്ചോട് ചേർത്ത് ചേർത്ത്
ഇറുകെ കെട്ടിപ്പിടിച്ചാർന്നു അത്രേം നേരോം
വിട്ടുകളയാതെ
വിട്ടുകൊടുക്കാതെ നോക്കിക്കൊണ്ട്
പക്ഷെ
അശോത്രീല് എത്യേപ്പോ ഒക്കേം കഴിഞ്ഞിട്ട്ണ്ടാർന്നൂത്രേ
പിന്നെ ഞാനൊന്നും അറിഞ്ഞില്ല്യ .....
....
എത്ര കരഞ്ഞിട്ട്ണ്ടാവും ...
എത്ര വേദനിച്ചിട്ട്ണ്ടാവും ....
എന്തൊക്കെ ഓർത്തിട്ട്ണ്ടാവും ....
ഓൾക്കും
ഞാനല്ലേ ണ്ടാർന്നുള്ളൂ .....
......
ന്നാലും എന്തിനാ അവര് ...
അവര് ന്ന വെച്ചാ , ആരാന്ന് വെച്ചിട്ടാ
എന്തിനാന്ന് വെച്ചിട്ടാ ......
അവരെന്തിനാ അവളെ ന്നാലും കൊന്നു കളഞ്ഞേ ന്നാ
നിക്ക് , അവളല്ലാതെ വേറെ ആരും ........
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 19, 2021

പ്രകൃതിസ്നേഹം ...!!!

പ്രകൃതിസ്നേഹം ...!!!
.
ആമസോണിലെ മഴക്കാടുകൾ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തു ക്ഷീണിച്ചെത്തി നമ്മുടെ മഴക്കാടുകൾ മുഴുവൻ വെട്ടിനിരത്തി വിറ്റ് മലയും കുന്നുമൊക്കെ ഇടിച്ചുനിരത്തി ഫേസ്‌ബുക്കിൽ നാല് മരവും നട്ട് രണ്ടുവരി കവിതയും പാടി ഒരു പോസ്റ്റുമിട്ട് അന്തിചർച്ചയിൽ വാകീറി പ്രസംഗിക്കുകയുംകൂടി ചെയ്‌താൽ ഞാനുമൊരു പ്രകൃതിസ്നേഹിയായി , അടുത്ത വെള്ളപ്പൊക്കവും ഉരുൾപൊട്ടലുംവരെ മിണ്ടാതെയുമിരിക്കാം ...!!! .
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, October 8, 2021

ഫെബ്രുവരിയിലെ ....!!!.

ഫെബ്രുവരിയിലെ ....!!!.
.
പെൺകുട്ടികളെയാണ് എന്നും എനിക്കേറെ ഇഷ്ടമെങ്കിലും ആദ്യത്തെകുട്ടി ആണായിരിക്കണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നത് ഒരുപക്ഷെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾക്കും ബാക്കിയുള്ളവർക്കും ഭാവിയിൽ അവനൊരു തുണയായിരിക്കണം എന്ന ആഗ്രഹം തന്നെയായിരിക്കണമെങ്കിലും ആദ്യത്തെ കുട്ടി ആണു തന്നെയാകുമെന്ന് എനിക്കെന്തൊ ഒരു ഉറപ്പും ഉണ്ടായിരുന്നു. അറിയാനുള്ള വഴികളൊക്കെ ഉണ്ടായിരുന്നിട്ടും ആ കുട്ടി ജനിക്കുമ്പോൾ മാത്രം അത് ആണാണോ പെണ്ണാണോ എന്നറിഞ്ഞാൽ മതിയെന്ന് എങ്കിലും പക്ഷെ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തിരുന്നു നേരത്തെ ...!
.
പ്രവാസജീവിതത്തിലെ ആ വലിയ നഗരത്തിലെ ഏറ്റവും മികച്ച ആശുപത്രിയിലെ വിദഗ്ധ പരിശോധനകളിൽ വിശ്വാസമില്ലാതെയല്ലെങ്കിലും ഇനിഅറിയാതെപോകുന്നതൊന്നും ഒരു പ്രശ്നമാകരുതെന്ന മുൻകരുതലോ ആദ്യത്തെ കുഞ്ഞായതുകൊണ്ടുള്ള അമിതമായ ആവേശമോ ഒക്കെയാകാം , മറ്റൊരു ഡോക്ടറെ കൂടി കാണിക്കാനും അവരുടെ മേൽനോട്ടംകൂടി ഉണ്ടാകാനും ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു . അങ്ങിനെ കൃത്യമായ വ്യായാമവും പരിചരണവും പരിശോധനയുമായി ഞങ്ങളുടെ കാത്തിരിപ്പ് തുടർന്നു ....!
.
ആദ്യത്തെ കണ്മണിയായതിനാൽ അവൾക്ക് കൂട്ടിനു അവളുടെ അമ്മയെയും കൊണ്ടുവന്നിരുന്നു നാട്ടിൽനിന്നും അപ്പോൾ . ഇഷ്ടമുള്ള ഭക്ഷണവും മരുന്നുകളും ഒക്കെയായി പ്രതീക്ഷയോടെയുള്ള ആ ഇരുപ്പു പക്ഷെ ഡോക്ടർ പറഞ്ഞ ദിവസവും കഴിഞ്ഞും മുന്നോട്ടു പോയപ്പോൾ കുറേശ്ശേയായി വേവലാതിയും കൂടാൻ തുടങ്ങി ഞങ്ങൾക്കും . അമ്മയ്ക്കും കുട്ടിക്കും കുഴപ്പമൊന്നുമില്ലെന്ന ഉറപ്പ് ഡോക്ടർമാർ എല്ലാവരും ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് അവരുടെ നിർദേശാനുസരണം സ്വാഭാവികമായ പ്രസവംവരെയും കാത്തിരിക്കാൻ തന്നെ ഞങ്ങളും തീരുമാനിച്ചു ...!
.
പേറ്റുനോവിന്റെ സ്നേഹമുള്ള വാത്സല്യം കുറേശ്ശെയായി അനുഭവിക്കാൻ തുടങ്ങിയപ്പോൾ അവളെ ആശുപത്രിയിൽ അഡ്മിറ്റാക്കിയിട്ടും കുട്ടിമാത്രം പിന്നെയും അമ്മയുടെ ഗർഭപാത്രം വിട്ടുപോരാൻ തയ്യാറല്ലായിരുന്നു അപ്പോഴും. മറ്റുപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ നോർമൽ ഡെലിവെറിക്കുവേണ്ടി കാത്തിരിക്കാൻ പറഞ്ഞ് ഡോക്ടർമാർ ഞങ്ങളെ ആശ്വസിപ്പിക്കുന്നതിനാൽ കുറച്ചൊക്കെ ആത്മവിശ്വാസത്തോടെ ഞങ്ങൾ അവരുടെ നിർദ്ദേശാനുസരണം അവിടെ ആശുപത്രിയിൽ തന്നെ കൂടി ...!
.
ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു നീണ്ട നിരതന്നെ ആശുപത്രിയിൽ ഞങ്ങൾക്ക് കട്ടക്ക് കൂട്ടുണ്ടായിരുന്നത് കുറച്ചൊന്നുമല്ല ആശ്വാസമായിരുന്നത് ആ പിരിമുറുക്കത്തിൽ . എന്നിട്ടും പ്രസവം വൈകുന്നതിന്റെ പിരിമുറുക്കം വല്ലാതെ കൂടിനിന്നിരുന്നു എപ്പോഴും . ഇനിയും വൈകിപ്പിച്ച് വിഷമിപ്പിക്കേണ്ട എന്നുകണ്ടിട്ടാവും ആശുപത്രിയിലെത്തി മൂന്നാമത്തെ ദിവസമായപ്പോഴേക്കും അവൾക്ക് കുറേശ്ശേയായി വേദന കൂടി വരാൻ തുടങ്ങിയിരുന്നു ...!
.
അതോടെ അവളെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഞാനും കൂടെവേണമെന്നത് അവളുടെ ആഗ്രമായിരുന്നതുകൊണ്ടാകാം ഡോക്ടർമാരും അതനുവദിക്കാറുണ്ടായിരുന്നു അവിടെയൊക്കെ . ഓരോരുത്തർക്കും പ്രത്യേകമായ ഓരോ മുറികളാണെങ്കിലും അതുവരെയും അവൾക്ക് എല്ലാ ധൈര്യവും കൊടുത്ത് കൂടെനിന്നിരുന്ന എന്റെ അവസ്ഥ തികച്ചും പരിതാപകരമാകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും .. അവളെ പരിശോധനകളൊക്കെ കഴിഞ്ഞ് ഒരു മരുന്നും കൊടുത്തു കിടത്തിയിട്ട് എന്നോട് പുറത്തുകാത്തുനിൽക്കുന്നവരോട് വിവരം പറഞ്ഞു വന്നോളാൻ പറഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലാതെ എല്ലാം കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ സന്തോഷം അവരെക്കൂടെഅറിയിക്കാൻ ആശ്വാസത്തോടെ ഞാനുമൊന്ന് മെല്ലെ പുറത്തിറങ്ങി ...!
.
പുറത്ത് കൂട്ടുമായി ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നതിനാൽ അവരോടെല്ലാം വിശേഷങ്ങൾ പറഞ്ഞ് അവർ കൊണ്ടുവന്നിരുന്ന കാപ്പിയിൽനിന്നും കുറച്ചു കുടിച്ചുകൊണ്ട് അവരോടൊപ്പം കാര്യങ്ങളൊക്കെ വിശദീകരിച്ചുകൊണ്ട് ആശ്വാസത്തോടെ നിൽക്കുന്നതിനിടയിൽ പെട്ടെന്നാണ് എവിടെനിന്നെന്നറിയാതെ ഒരു മഴപെയ്യാൻ തുടങ്ങിയത് . ഒപ്പം അതെ അപ്രതീക്ഷിതത്വത്തിൽത്തന്നെ ഓടിക്കിതച്ച് ഒരു നഴ്‌സ് എന്നെ വിളിക്കാൻ വന്നത് ഒരു ഞെട്ടലോടെയാണ് ഞാൻ അപ്പോൾ നോക്കി നിന്നത് ...!
,.
\അതുവരെയും എല്ലാം നോര്മലായിരുന്ന അവൾക്കും കുട്ടിക്കും പെട്ടെന്നാണ് പ്രശ്നങ്ങളുണ്ടായതും അവരുടെ രണ്ടുപേരുടെയും ജീവനുതന്നെ ആപത്തുവരുമെന്ന സ്ഥിതിയിലായതും . അതുകൊണ്ടുതന്നെ അവരെ ഒരു അടിയന്തിര ഓപ്പറേഷന് വിധേയരാക്കണമെന്നും ഞാൻ കൂടെയുണ്ടാകണമെന്നും പറഞ്ഞ് എന്നെ അവർ അടുത്തുനിർത്തി . ഒന്നും പേടിക്കേണ്ടെന്നും എല്ലാം ഒരു കുഴപ്പവുമില്ലാതെ പെട്ടെന്ന് കഴിയുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ട് ഡോക്ടർമാരും നഴ്സും എന്നെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവളെ ഓപ്പറേഷന് കൊണ്ടുപോകാനുള്ള സമ്മതപത്രത്തിൽ ഒപ്പുവെക്കുമ്പോൾ എനിക്കവളുടെ മുഖമൊന്നു കാണണമെന്നുണ്ടായിരുന്നു ...!
.
അതിനുപോലുമുള്ള സമയമില്ലാതെ അവരവളെയും കൊണ്ട് ഓപ്പറേഷൻ തിയറ്ററിലേക്ക് ഓടുമ്പോൾ എന്തുചെയ്യണമെന്നുപോലുമറിയാതെ ഞാനാ രാത്രിയുടെ തണുത്തുറഞ്ഞ ഇരുട്ടിൽ എവിടെയെങ്കിലുമൊന്ന് മുഖംചേർക്കാൻ വെമ്പുകയായിരുന്നു .നീണ്ട് വിജനമായ കാത്തിരിപ്പ് കസേരകളിലൊന്നിൽ തനിയെ ഇരിക്കുമ്പോൾ ശരിക്കും മനസ്സ് നിർവ്വികാരവുമായിരുന്നു . എത്രസമയമെന്നോ ആരൊക്കെയെന്നോ എന്തുചെയ്തിരുന്നുഎന്നുപോലും അറിയാതെ ഞാൻ കാത്തിരിക്കെ ഒടുവിൽ വാതിൽതുറന്ന് എന്റെ കുട്ടിയെ ഒരു നഴ്സ് കൊണ്ടുവന്ന് കയ്യിൽ വെച്ച് തരുമ്പോൾ ഞാൻ അകത്തേക്ക് അവളെയൊന്നു കാണാൻ എത്തിനോക്കുകയായിരുന്നു ..! കുട്ടിയെ വാങ്ങി അവനെയൊന്നു നോക്കി അവർക്കു തിരിച്ചുകൊടുക്കുമ്പോൾ അവളെ ഒന്നു കാണാനുള്ള വെമ്പൽ തന്നെയായിരുന്നു മനസ്സിൽ അപ്പോഴും ...!
.
അവൾക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലെന്നു നഴ്സ് പറഞ്ഞത് അത്രക്കങ്ങു വിശ്വാസമില്ലാതിരുന്നെങ്കിലും വിശ്വസിക്കാതെ താരമില്ലാത്തതുകൊണ്ടു മാത്രം കാത്തിരിക്കുകയായിരുന്നു ഞാൻ . അവളെ റൂമിലേക്ക് കൊണ്ടുവരുന്നത് വരെയും . ഒടുവിൽ അവളെത്തുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചതേയില്ല. മരുന്നിന്റെ മയക്കത്തിൽനിന്നും തിരിച്ചുകിട്ടാൻ തുടങ്ങുന്ന നനുത്ത ഓർമ്മയിൽ അവളെന്റെ കയ്യിൽ പിടിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുതുളുമ്പുകതന്നെയായിരുന്നു. ....!
.
പിന്നെ അവൾ കുട്ടിയെ ചോതിക്കുമ്പോഴാണ് കുട്ടി കൂടെയില്ലെന്നുതന്നെ ഞാനും അറിയുന്നത് . അപ്രതീക്ഷിത അപകടഘട്ടം കഴിഞ്ഞു വന്നതിനാൽ വിദഗ്ധ പരിശോധനക്ക് ശേഷമേ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരൂ എന്ന് നഴ്സ് പറഞ്ഞിരുന്നത് അപ്പോഴാണ് ഓർമവന്നത് . കുറച്ചുകഴിഞ്ഞ് അവനെ കൊണ്ടുവരുമ്പോഴാണ് സത്യത്തിൽ അതൊരു ആൺകുഞ്ഞാണെന്നുപോലും എനിക്ക് തിരിച്ചറിവുവന്നതും അവന്റെ മുഖമൊന്ന് നേരെ കണ്ടതെന്നതും സത്യവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, October 6, 2021

എന്നിട്ടുമെന്തേ പട്ടിണി മാത്രം ...!!!
.
പാലും തേനുമൊഴുക്കി നാടിനെ രക്ഷിക്കാൻ
വിസ്മയിപ്പിക്കുന്ന ഗവൺമെന്റുകൾ .,
ഇനിയാർക്കെങ്കിലും
സഹായം വേണോന്നും ചോദിച്ച്
മുക്കിലും മൂലയിലും ഓടിയെത്തുന്ന
വലിയ വലിയ നന്മ മരങ്ങൾ ,
ഉടലോടെ തങ്ങളുടെ മതക്കാരെ
സ്വർഗ്ഗത്തിലെത്തിക്കാൻ
മത്സരബുദ്ധിയോടെ മതങ്ങൾ .,
ഓരോ പൗരന്റെയും
ജാതകം വരെ കയ്യിലുള്ള
രാഷ്ട്രീയ പാർട്ടികളും സംഘടനകളും ...!
.
എന്നിട്ടും
ഒരുനേരത്തെ ആഹാരത്തിനുപോലും
ഗതിയില്ലാതെ വിശന്നുകരയുന്ന
പച്ചയായ മനുഷ്യരും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 4, 2021

വിരോധാഭാസം ...!!!

വിരോധാഭാസം ...!!! . തങ്ങളുടെ ആവശ്യപ്രകാരമല്ല തങ്ങളെ തങ്ങളുടെ അച്ഛനമ്മമാർ ജനിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ അച്ഛനമ്മമാരോട് തങ്ങൾക്ക് യാതൊരു വിധ കടമയോ ഉത്തരവാദിത്വമോ പരിഗണനയോ ദയയോ സ്നേഹമോ ഉണ്ടാവേണ്ട കാര്യമില്ലെന്ന് ഉറക്കെ വാദിക്കുന്നവർ തങ്ങളുടെ പെൺമക്കളും അമ്മമാരും പെങ്ങന്മാരും തങ്ങളാൽ വ്യഭിചരിക്കപ്പെടാവുന്നവരാണെന്ന ആസുരമായ മൃഗതീക്ഷ്ണയുള്ളവർ പക്ഷെ തങ്ങൾ പരിഷ്കൃതരും സംസകാരസമ്പന്നരും സമൂഹജീവികളുമാണെന്നും പറഞ്ഞ് ദൈവവചനങ്ങളുരുവിട്ട് വിശുദ്ധരായി സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഓർമ്മിക്കുന്നത്, പ്രബുദ്ധരും വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും സംസ്കാരസമ്പന്നരും വിപ്ലവകാരികളുമെന്ന് മേനിനടിക്കുന്ന ഒരു സമൂഹം കൃഷ്ണനോ ക്രിസ്തുവോ നബിയോ ജീവിച്ചിരുന്നില്ല എന്ന് ആർജ്ജവത്തോടെ പറയുകയും അതേസമയം തന്നെ യശോദാമ്മ കൃഷ്ണനുവേണ്ടി ഉണ്ടാക്കിയ വെണ്ണക്കുടവും നബിതിരുമേനി കൈകൊണ്ടുണ്ടാക്കിയ വിളക്കും യേശുദേവന്റെ തിരുവസ്ത്രവും ഒക്കെ കണ്ട് സാഷ്ടാംഗം പ്രണമിച്ച് കൈകൂപ്പി നിൽക്കുന്നതിലെ ആ വിരോധാഭാസം തന്നെയാണ് ....!!! . സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, July 21, 2021

അമ്മൂമ്മയുടെ വെറ്റിലച്ചെല്ലം ....!!!

അമ്മൂമ്മയുടെ വെറ്റിലച്ചെല്ലം ....!!!
.
അമ്മൂമ്മയെപോലെതന്നെ ഒരു കാര്യവുമില്ലാതെ വെറുതെ എപ്പോഴും കലപിലകൂട്ടിക്കൊണ്ടാണ് . അമ്മൂമ്മയുടെ ആ വെറ്റിലച്ചെല്ലവും . . കലപിലകൂട്ടുമ്പോഴും അതിലെ ശബ്ദങ്ങൾക്ക് എപ്പോഴും ഒരു താളമുണ്ടായിരുന്നു , ഒപ്പം ഒരു വശ്യതയും എന്നത് ഞാനും ശ്രദ്ധിച്ചിരുന്നു അപ്പോഴൊക്കെ . . വെറ്റിലയും അടക്കയും തമ്മിലോ നൂറും പൊകലയും തമ്മിലോ അതോ ആ വെറ്റിലച്ചെല്ലം തന്നിൽത്തന്നെയോ ആയിരുന്നിരിക്കണം ആ കലപിലയെന്ന് അപ്പോൾ പക്ഷെ ഞാൻ പോലും അറിഞ്ഞുമില്ല ...!

ഒരു ചെറിയ സ്‌കൂൾകുട്ടിയുടെ ലഞ്ച്‌ബോക്‌സിനേക്കാൾ കുറച്ചുകൂടി വലിപ്പമുണ്ടായിരുന്നു ഓടിന്റെ ആ വെറ്റിലച്ചെല്ലത്തിന് . അത് വെണ്ണീറും പുളിയും ചേർത്ത് ഉരച്ചുമോറി അമ്മൂമ്മ എപ്പോഴും നല്ല തിളക്കത്തോടെയാണ് സൂക്ഷിച്ചിരുന്നത് . അമ്മൂമ്മ പോകുന്നിടത്തൊക്കെ കൊണ്ടുപോകുമായിരുന്ന ആ വെറ്റിലച്ചെല്ലം എപ്പോഴും അമ്മൂമ്മയുടെ കൂടെത്തന്നെയുണ്ടായിരുന്നുവെന്നത് ഞങ്ങൾ ഇപ്പോഴും ഓർക്കുന്നുമുണ്ട് ....!
.
ഒരു വലിയ അറയും അതിനോട് തൊട്ടുചേർന്ന് അടപ്പോടുകൂടിയ ഒരുകുഞ്ഞു അറയും ചേർന്നതായിരുന്നു ആ വെറ്റിലച്ചെല്ലം . വലിയ അറയിലാണ് വെറ്റിലയും അടക്കയും ഇട്ടുവെക്കുക . അതില്തന്നെയാണ് ഒരു കുഞ്ഞു നൂറ്റുക്കുടവും വെച്ചിരുന്നത് . അപൂർവ്വം ചിലപ്പോഴൊക്കെ വാസനയുള്ള നൂറും മറ്റുചിലപ്പോൾ നിറമുള്ള നൂറും സാധാരണയായി പൊതുവായ വെള്ളനിറമുള്ള നൂറുമാണ് അതിലെപ്പോഴും വെച്ചിരുന്നത് . അടപ്പോടുകൂടിയ ആ കുഞ്ഞറയിലാണ് പൊകലയിട്ടുവെക്കാറുള്ളത് ....!
.
കാലുനീട്ടിവെച്ച് മടിയിൽ ചെല്ലമെടുത്തുവെച്ച് അതിൽനിന്നും തൊലികളഞ്ഞ് കഷണങ്ങളാക്കിയ അടയ്ക്കാ കഷ്ണങ്ങൾ വായിലെടുത്തിട്ട് ചവച്ചുകൊണ്ട് , വെറ്റിലയെടുത്ത് തലയും വാലുംനുള്ളിക്കളഞ്ഞ് ഞരമ്പുകൾ ഞരടിക്കളഞ്ഞ് അതിന്റെ പുറത്ത് നൂറുതേച്ച് വായിലേക്ക് തിരുകിവെച്ച് ഒന്ന് ചവച്ചൊതുക്കി പിന്നെ ചെല്ലത്തിലെ കുഞ്ഞറയിൽനിന്നും പൊകലയെടുത്ത് ഒരുകഷ്ണം പൊട്ടിച്ചെടുത്ത് ബാക്കിയെല്ലാം അകത്തുതന്നെ എടുത്തുവെച്ച് ചെല്ലം അടച്ച് മാറ്റിവെച്ച് ഒന്നുചാരിയിരുന്നാണ് കയ്യിലെടുത്ത ആ പുകയില അമ്മൂമ്മ വായിൽ ഒരു വശത്തേക്ക് തിരുകിക്കിവെച്ചിരുന്നത് ...!
.
എവിടെനിന്നെങ്കിലുമൊക്കെ വല്ലവിധേനയും സങ്കടിപ്പിച്ച് കിട്ടുന്ന വെറ്റിലക്കൊടി പറമ്പിലെ കഴുങ്ങിൽ വച്ചുപിടിപ്പിക്കാൻ അമ്മൂമ്മ എപ്പോഴും ശ്രമിച്ചിരുന്നെങ്കിലും അതൊരിക്കലും വളർന്നുവന്നതായി ഞങ്ങൾ ആരും കണ്ടിട്ടില്ല. പഴുക്കടക്ക ഉണക്കി വെള്ളത്തിലിട്ടുവെച്ച് സൂക്ഷിച്ചാണ് അമ്മൂമ്മ വര്ഷം മുഴുവനും അടക്ക ഉപയോഗിക്കാറ് . ചിലപ്പോഴൊക്കെ കളിയടക്കയും അപ്പോൾ പഴുത്തുവീഴുന്ന പഴുക്കടക്കയും ചിലപ്പോഴൊക്കെ ഉപയോഗിക്കാറുമുണ്ടായിരുന്ന അമ്മൂമ്മ പക്ഷെ എപ്പോഴും കുറ്റംപറയാറുള്ളത് പൊകലയെക്കുറിച്ചായിരുന്നു ...!
.
കുട്ടികൾക്ക് ഒരിക്കലും പ്രവേശനമില്ലാത്ത ആ വെറ്റിലച്ചെല്ലത്തിന്റെ അടിയിൽ അമ്മൂമ്മ കുറച്ചുപൈസയും സൂക്ഷിക്കാറുണ്ട് എന്നത് ഞങ്ങൾ പിന്നീടുകണ്ടുപിടിച്ച സത്യമാണ് . കുറച്ചൊക്കെ വളർന്നപ്പോൾ ഓണത്തിനും വിഷുവിനുമൊക്കെ പൊകലതൊടാത്ത വെറ്റില അടക്കയും നൂറും മാത്രം ചേർത്ത് പെട്ടെന്ന് തുപ്പിക്കളയണമെന്ന കര്ശനനിർദ്ദേശത്തോടെ മുറുക്കാൻതന്നിരുന്ന അമ്മൂമ്മ പക്ഷെ കല്യാണങ്ങൾക്കൊക്കെ പോയിവരുമ്പോൾ കിട്ടുന്ന വാസനയും മധുരവുമുള്ള സുപാരി പലപ്പോഴും ഞങ്ങൾക്ക് തരുമായിരുന്നതും സുഖമുള്ളൊരോർമ്മതന്നെ ...!
.
അമ്മൂമ്മയോടൊപ്പം അമ്മൂമ്മയുടെ വെറ്റിലച്ചെല്ലവും മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോൾ പഴമയുടെ മധുരമുള്ള ഓർമ്മയായി എന്നേയ്ക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 13, 2021

വിഡ്ഢികളുടെ ചിന്തകൾ ...!!!

വിഡ്ഢികളുടെ ചിന്തകൾ ...!!!
.
ഞാനൊരു വിഡ്ഢിയല്ലെന്ന്
ഞാൻ സ്വയം പറയുമ്പോൾ
എല്ലാ വിഡ്ഢികളും
അങ്ങിനെയെന്ന
വിധിയെഴുത്തിൽ
പിന്നെയും വിഡ്ഢിയെന്ന്
ഞാൻ തിരുത്തിപ്പറഞ്ഞാലും
തിരുത്താൻ തയ്യാറാകാതെ
നിങ്ങളും ...!
അപ്പോൾ പിന്നെ
ഞാനെങ്ങനെ
ഒരു വിഡ്ഢിയാകും
അല്ലെങ്കിലൊരു
പമ്പരവിഡ്ഢിയല്ലാതെയും ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 11, 2021

ശാപങ്ങൾക്ക് മുന്നേ ....!!!

ശാപങ്ങൾക്ക് മുന്നേ ....!!!

സന്ധ്യ പതിവിലും സുന്ദരിയാണിന്ന് . പകുതിപൂത്തുലഞ്ഞുനിൽക്കുന്ന നിലാവും , രാപ്പൂക്കളുടെ സുഗന്ധവുംപേറി നനുത്ത കുളിരുമായെത്തുന്ന ഇളം തെന്നലും കൂട്ടിന് . ജീവിത ഗന്ധിയായ ഒരു നിമിഷത്തിന്റെ വശ്യതയും . അതെ , തന്റെ സമയവും സമാഗതമായിരിക്കുന്നു ഇപ്പോൾ . മുജ്ജന്മപുണ്ണ്യ പാപങ്ങളുടെ കണക്കെടുപ്പിന്റെ സമയം . ജന്മ ലക്ഷ്യത്തിന്റെ പൂർണ്ണതയുടെ സമയം . ജീവിതത്തിന്റെയും ജീവന്റെയും സമയം ....!
.
ഏതൊരമ്മയെയും പോലെ അവരും ഏറെ വിവശയായിരിക്കും ഇപ്പോൾ . ഒന്നൊഴിയാതെ നഷ്ടപ്പെട്ടുപോയ പ്രിയപുത്രരുടെ മുഖങ്ങൾ എങ്ങിനെയാണ് ഏതൊരമ്മക്കും മറക്കാൻ കഴിയുക . അത് യുദ്ധത്തിലായാലും സ്വാഭാവികതയിലായാലും നഷ്ട്ടം എപ്പോഴും അമ്മക്കുതന്നെയും . കൂടാതെ പുത്ര ദുഖത്തിന്റെ തീവ്രത തനിക്കും അറിവുള്ളതല്ലേ . തടവറയിൽ തന്റെ സഹോദരങ്ങൾ ഓരോരുത്തരായി കൊല്ലപ്പെടുമ്പോൾ തന്റെ മാതാപിതാക്കളും അനുഭവിച്ച അതെ വേദന, അതുകൊണ്ടു തന്ന്നെ ചിരപരിചിതവും. എന്നിട്ടും ...!
.
അവിടെ ആ അമ്മയുടെ അടുത്തുചെല്ലുമ്പോൾ ആഭരണങ്ങൾ ഒന്നും വേണ്ട. ചമയങ്ങളും ഉടയാടകളും വേണ്ട . അവരുടെ മുന്നിൽ നിൽക്കുമ്പോൾ , അവരുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ താൻ തീർച്ചയായും ശ്രദ്ധിക്കണം . തന്റെ പുഞ്ചിരി മായാതിരിക്കാനും . താനും പിറവിയെടുത്തിരിക്കുന്നതു മനുഷ്യനായാണല്ലോ . എങ്കിലും പക്ഷെ ... . കൂട്ടിനാരും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരും അറിയാതിരിക്കാനും. തനിക്കപ്പോൾ വേണ്ടിവരിക പൂർണ്ണമായ നിശ്ശബ്ദതതന്നെയാകും ...!
.
അല്ലെങ്കിൽ തന്നെ ഈ ഒരു നിമിഷത്തിൽ എന്താണ് പ്രത്യേകതയുള്ളത് . തന്റെ വിധി എന്നേ തന്നെ നിശ്ചയിക്കപ്പെട്ടതും എഴുതിക്കഴിഞ്ഞതുമാണ് . തന്റെ മാത്രമോ, തന്റെയും തന്റെ മുഴുവൻ കുലത്തിന്റെയും മഹത്തായ തന്റെ രാജധാനിയുടെയും, പിന്നെ ആ രാജ്യത്തിൻറെ തന്നെയും. കടലെടുത്തുപോകാനുള്ള സമയം മാത്രം കാത്തുനിൽക്കുന്ന ഒരു സ്മാരകമാകാൻ വിധിക്കപ്പെട്ട് ... അത് ചരിത്രമാണല്ലോ. അല്ലെങ്കിൽ കാലവും കാലാതീതവുമായ വർത്തമാനവും . എന്നിട്ടും ...!
.
അതെ , ഇതുതന്നെയാണ് പറ്റിയസ്ഥലം . ഇവിടെത്തന്നെ കാത്തുനിൽക്കാം .ഹൃദയഭേദകമായ കാഴ്ചകളോരോന്നും കാണാതെ കണ്ട്, നുറുങ്ങിയ ഹൃദയവുമായി വിങ്ങുന്ന വ്യഥയോടെ, ഏറെ ദുഖിതയായി വരുന്ന ഗാന്ധാരി മാതാവിനെ കാണാൻ ഏറ്റവും ഉചിതമായ സ്ഥലം ഇതുതന്നെ. സൂര്യനും ചന്ദ്രനും അഭിമുഖമാകാത്ത സ്ഥലം . പഞ്ചഭൂതങ്ങളും ചേർന്നുനിൽക്കുന്നിടം. എങ്കിലും എല്ലാറ്റിനുമെന്നപോലെ ഇതിനും ഒരു സാക്ഷിയും വേണമല്ലോ എപ്പോഴും...!
.
ആ അമ്മയുടെ ആഗമനം ഇതാ സാധ്യമായിരിക്കുന്നു . അവരുടെ ചേലകൾ ഉലയുന്ന ശബ്ദം പോലും ഭീകരമായ കൊടുങ്കാറ്റുപോലെ തോന്നുന്നു. കാലടിതാളങ്ങൾക്കും പെരുമ്പറയുടെ മുഴക്കം പോലെ അതെ അതവരുടെ വരവായിരിക്കും. ആ മനസ്സിന്റെ ദുഖമാണതെന്ന് തനിക്കു മാത്രമറിയാം. അഗ്നിയുടെ ശക്തിയും ജലത്തിന്റെ കാഠിന്യവും ഭീകരം തന്നെ ചിലപ്പോൾ . അവരുടെ കണ്ണിൽനിന്നുതിർന്ന് കാലുകളിൽ തട്ടി ഭൂമിയിൽ വീഴുന്ന ആ ഓരോ കണ്ണുനീർത്തുള്ളിക്കും ഒരു പ്രളയത്തിന്റെ ശക്തിയുണ്ടെന്നും തനിക്കറിയാം ...!
.
തലയുയർത്തി അതെ പുഞ്ചിരിയോടെത്തന്നെ നിൽക്കണം അവർക്കുമുന്നിൽ ഭാവഭേദത്തിന്റെ ആവശ്യകതയുമില്ലല്ലോ ഇപ്പോൾ. തന്റെ മുന്നിലെത്തിയപ്പോൾ അവർ ഒന്ന് നിന്നത് ആ ശക്തിയത്രയും ആവാഹിക്കാൻ തന്നെയാണെന്ന് തനിക്കറിയാമല്ലോ എങ്കിലും. ഇനി ശാപവചനങ്ങൾ. മാത്രം ബാക്കി. തന്റെ നൂറു പുത്രന്മാരെയും നിഷ്കരുണം കൊന്നുതള്ളാൻ കാരണക്കാരനായ താനും തന്റെ കുലവും നശിച്ചുപോകട്ടെ എന്ന് ...... അങ്ങിനെത്തന്നെയല്ലേ അവർ പറഞ്ഞതും ....!
.
അതെ. തൃപ്തിയായി ഇനി സന്തോഷത്തോടെ യാത്രയാകാം. അതിനുമുൻപ്‌ ആ പാദങ്ങളിലൊന്ന് നമസ്കരിക്കണം. തന്റെയും മാതൃസ്ഥാനത്തു നിർത്താവുന്ന ആ ഗാന്ധാരിമാതാവിന്റെ കാൽക്കൽ, സമസ്ത പ്രണാമം....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 5, 2021

സ്നേഹപൂർവ്വം അച്ഛന് ....!!!

സ്നേഹപൂർവ്വം അച്ഛന് ....!!!
..
കാലുതൊട്ട് വന്ദിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നില്ല . പക്ഷെ ആ പാദങ്ങളിൽ തൊടുമ്പോൾ അവ വിറയ്ക്കുന്നുണ്ടായിരുന്നു . എന്റെ നെറുകയിൽ തൊടുന്ന കൈവിരലുകളിലേക്ക് പടർന്നുകയറിയിരുന്ന ആ വിറയൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നുതന്നെയുള്ള സ്നേഹത്തിന്റെ , കരുണയുടെ , വാത്സല്യത്തിന്റെ ആത്മാംശമായിരുന്നെന്ന് എനിക്ക് തൊട്ടറിയാമായിരുന്നു അപ്പോഴൊക്കെയും ....!
.
അച്ഛനെന്നത് പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വ്യക്തി മാത്രം തന്നെയായിരുന്നു ആദ്യമൊക്കെ ആ നാട്ടിന്പുറത്തുകാരന് . വലിയ നീണ്ടതാടിയുള്ള അച്ഛനെ പേടിയായിരുന്നെന്നും അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കാതെ ഞാൻ അച്ഛമ്മയുടെയും വല്യമ്മയുടെയും കൂടെ കിടന്നാണ് ഉറങ്ങാറുള്ളതെന്നും അച്ഛമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് . . രാത്രിയിലൊക്കെ അമ്മിഞ്ഞകുടിക്കാൻ നേരം 'അമ്മ വന്ന് അമ്മിഞ്ഞയും തന്ന് തിരിച്ചുപോകാറായിരുന്നത്രെ പതിവും ...!
.
അനിയന്മാരുണ്ടായശേഷം അച്ഛനും അമ്മയും അമ്മൂമ്മയും അച്ഛമ്മയും ഒക്കെക്കൂടെ പളനിയിൽ പോയി അച്ഛൻ താടിയും മുടിയുമൊക്കെ വെട്ടുംവരെയും ഞാൻ അച്ഛനോടടുത്തിരുന്നില്ലത്രേ . അനിയന്മാരൊക്കെ അച്ഛനോട് കൂടെ കളിക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഞാൻ മാറിനിന്ന് നോക്കി കാണുകമാത്രമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് . പക്ഷെ വളരും തോറും അച്ഛനുമായുള്ള ആത്മബന്ധവും ഏറെ വളരുകതന്നെയായിരുന്നു ...!
.
എല്ലാ സാധാരണക്കാരായ നാട്ടിന്പുറത്തുകാരെയും പോലെ ബന്ധങ്ങളിൽ പ്രത്യക്ഷ പ്രകടനങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും അച്ഛൻ പുറത്തുപോയി വരുമ്പോൾ എന്ത് കൊണ്ടുവന്നാലും ആദ്യം എന്നെ വിളിച്ചായിരുന്നു തന്നിരുന്നത് . അതുപോലെതന്നെ ഞാൻ വലുതായി തനിയെയൊക്കെ പുറത്തുപോകാൻ തുടങ്ങിയപ്പോൾ മുതൽ ഇങ്ങു പ്രവാസിയാകുംവരെയും അച്ഛൻ പുറത്തുപോയി വന്നാൽ ആദ്യമന്വേഷിക്കുന്നതും എന്നെയായിരുന്നു ...!
.
ആത്മബന്ധത്തിന്റെ ഒരു കാണാക്കണ്ണി , സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഒരു മഹാസാഗരം ആ ഹൃദയത്തിലുണ്ടായിരുന്നത് എനിക്കെപ്പോഴും അനുഭവിക്കാവുന്നതുതന്നെയായിരുന്നു എന്നും . വളരെ കുറച്ചു പ്രാവശ്യമേ ഞാൻ അച്ഛന്റെ കാൽതൊട്ടു വന്ദിച്ചതായി ഓർമ്മയുള്ളു. ആദ്യമായി ശബരിമലക്ക് പോകുമ്പോൾ , ആദ്യത്തെ സിനിമചെയ്യുമ്പോൾ പ്രവാസജീവിതത്തിലേക്കുള്ള യാത്രക്കുമുന്നെ , അങ്ങിനെ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം. എങ്കിലും പക്ഷെ ആ അനുഗ്രഹം, ആ ആശീർവാദം എന്നും കൂടെയുണ്ടായിരുന്നതായി എപ്പോഴും തൊട്ടറിയുമായിരുന്നു ഹൃദയപൂർവ്വം ...!
.
എല്ലാ അച്ചന്മാരെയും പോലെ എന്നെക്കുറിച്ച് അച്ഛനും വലിയ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു എന്ന് . അമ്മയോട് ഇടയ്ക്കിടെ പലതും പറയുന്നത് ഞാനും കേട്ടിട്ടുമുണ്ട്. അതൊക്കെയും സാധിച്ചുകൊടുത്ത് ഒരു മാതൃക പുത്രനാകാനൊന്നും എനിക്കൊരിക്കലും പറ്റിയിട്ടില്ല തന്നെ. പക്ഷെ അച്ഛന്റെ ആഗ്രഹം പോലെ അച്ഛനെ നോക്കണമെന്ന ആഗ്രഹം വല്ലാതെയുണ്ടായിരുന്നെങ്കിലും അതുപക്ഷെ ഒരു പരിധിവരെ മാത്രമേ സാധിച്ചിരുന്നുമുള്ളു ...!
.
ഞാൻ യാത്രയായതിനു തൊട്ടുശേഷമാണ് അച്ഛനെ കാർന്നുതിന്നുന്ന ആ മഹാരോഗം അച്ഛനെയും കൊണ്ടുമാത്രമേ പോവുകയുള്ളു എന്ന് ഡോക്ടർമാർ പറഞ്ഞ് ഞങ്ങൾ ആദ്യമായി അറിഞ്ഞത് . അതുശരിക്കും വല്ലാത്തൊരു ഷോക്കായിരുന്നു അന്ന്. അച്ചനടക്കം ഞങ്ങൾക്കെല്ലാവർക്കും പിന്നെ പ്രാർത്ഥനകളും അച്ഛന്റെ ആഗ്രഹം പോലെ ചികിത്സിക്കാനുള്ള കാര്യങ്ങളും ഒക്കെയായി എപ്പോഴും കൂടെയുണ്ടാകാനും ശ്രദ്ധിച്ചിരുന്നെങ്കിലും ആ അവസ്ഥയിൽ ഒരിക്കൽ പോലും അച്ഛനെ ഒന്ന് നേരിൽ കാണണമെന്ന് തോന്നിയില്ലതന്നെ. അല്ലെങ്കിൽ അതിനുള്ള മനഃശക്തിയുണ്ടായിരുന്നില്ലെന്നതാണ് സത്യവും ...!
.
അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോൾ നാട്ടിൽപോയി ആ ദേഹം കാണാനുള്ള ത്രാണിയുണ്ടായിരുന്നില്ല എനിക്കന്ന് . പക്ഷെ എന്നിട്ടും സുഹൃത്തുക്കളുടെ സഹായത്തോടെ ഒരിക്കലിരുന്ന് ചിട്ടയോടെ ദർഭയും എള്ളും അരിയും പൂവും കൂട്ടി കടലിൽപോയി ബലിയിടാൻ സാധിച്ചിരുന്നത് വലിയ പുണ്യം തന്നെയും ആയിരുന്നു അപ്പോൾ .എടുത്തുപറയാൻ ഒരുമേന്മയും ഇല്ലെങ്കിലും ഗുണത്തേക്കാൾ ചിലപ്പോൾ കുറ്റങ്ങളും കുറവുകളും മാത്രമാകും ഉണ്ടാവുകയെങ്കിലും . തികച്ചും സാധാരണക്കാരനായ ആ നാട്ടിൻപുറത്തുകാരൻ അച്ഛന്റെ മകനായി പിറന്നതിൽ എന്നും ഏറെ അഭിമാനത്തോടെതന്നെയാണ് ഇന്നും എന്നതും പുണ്യം തന്നെ .മെയ് 12 ന് ആ നഷ്ടത്തിന് 25 വര്ഷമാകുമ്പോൾ , ഹൃദയപൂർവ്വം , സ്നേഹപൂർവ്വം ,.....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, April 14, 2021

ഗോ കൊറോണ ഗോ ....!!!

ഗോ കൊറോണ ഗോ ....!!!
.
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകല ഭക്ഷണസാധനങ്ങളും സോപ്പ് തൊട്ട് ചീപ്പുമടക്കം ടോയ്ലറ്റ് പേപ്പറിൽവരെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളിലും എസി യും ഫ്രിഡ്ജും പെയിന്റും ഫാനും മിക്സിയും എന്തിനേറെ പ്ലൈവുഡുമടക്കമുള്ള മുഴുവൻ വീട്ടുപകരണങ്ങളിലും കോറോണയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം . ...!
.
എന്നിട്ടുമെങ്ങിനെയാണ് നാടുമുഴുവൻ കൊറോണ മഹാമാരിയായി പടർന്നുപിടിക്കുന്നത് ....????
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 11, 2021

ഒരു വിഷുപ്പുലരി ....!!!

ഒരു വിഷുപ്പുലരി ....!!!
.
ഓരോ വിശേഷദിവസങ്ങളും നമ്മളോർക്കുന്നത് അതിലെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ലതോ ചീത്തയോ ആയ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു സംഭവത്തോടെയാകും . വിഷുവെന്നാൽ എനിക്കെപ്പോഴും ഒരു ആംബുലൻസിന്റെ സൈറനാണ് ആദ്യം ഓർമ്മയിൽ ഓടിയെത്തുക . പ്രവാസലോകത്തിലെ ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മോനുണ്ടായ ശേഷമുള്ള ആദ്യത്തെ വിഷു . അവന്റെ ഇരുപത്തിയെട്ടുപോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അന്ന് . പ്രസവശേഷം മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ടെന്ന സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ വിശദമായ പരിശോധനകൾക്ക് നിർബന്ധമായും നിർദ്ദേശിച്ചിരുന്നു അന്നുതന്നെ ...!
..
പണ്ടൊക്കെ അടുത്തുള്ള കടകളിൽ പടക്കം വന്നാൽ ഉടനെ അച്ഛനെക്കൊണ്ട് രണ്ടോ മൂന്നോ ദിവസം മുന്നേ തന്നെ വാങ്ങിപ്പിച്ച് പൊട്ടിച്ചിരുന്നിടത്തുനിന്നും തുടങ്ങുന്ന വിഷു ആഘോഷങ്ങൾ ചെറിയച്ഛന്മാർ നാട്ടിലുണ്ടെങ്കിൽ അവരെക്കൊണ്ടും പടക്കങ്ങൾ വാങ്ങിപ്പിച്ച് ഒന്നുകൂടി ഉഷാറാക്കിപ്പിക്കുമായിരുന്നു എന്നും . അച്ഛമ്മയും അമ്മുമ്മയും അച്ഛനുമമ്മയും ചെറിയമ്മമാരും വല്യമ്മമാരും ചെറിയച്ഛന്മാരുമൊക്കെ തരുന്ന വിഷുക്കൈനീട്ടത്തിനായുള്ള കാത്തിരിപ്പും പിന്നെ വിഷുപ്പുലരിയിൽ സർവ്വ ഐശ്വര്യങ്ങളോടെയുമുള്ള കണികാണലും അതിനുശേഷം കുടുംബത്തിലെ എല്ലാവരും കൂടിയുള്ള വിഷു സദ്യയും ഒക്കെയാകുമ്പോൾ ആഘോഷംതന്നെയായിരുന്നു കുട്ടിക്കാലത്ത് എന്നും ..!
.
വലുതായപ്പോൾ ക്ലബ്ബ്കളുടെ വക ആഘോഷങ്ങളും കൂടാതെ ഉത്സവക്കാലനാടക സമിതികളുമൊക്കെയായി അടിപൊളിയായി നടക്കുന്നതിനിടയിൽ ആഘോഷങ്ങളും പലപ്പോഴും പലയിടത്തായിരിക്കും . ചിലപ്പോൾ ആഘോഷസമിതികളിൽ ,, അല്ലെങ്കിൽ പുറത്ത് സുഹൃത്തുക്കളുടെ കൂടെ . അങ്ങിനെയൊക്കെയായിരുന്നു എല്ലാ ആഘോഷകാലങ്ങളും . രാത്രിയിൽ കിട്ടുന്നിടത്തു കിടന്നുറങ്ങി പുലർച്ചക്ക് പൈപ്പിൻചോട്ടിൽനിന്നും കാക്കക്കുളിയൊക്കെ കുളിച്ച് വിശേഷ ദിവസങ്ങൾ ആഘോഷിച്ച സമയങ്ങളും നിരവധിയുണ്ടായിരുന്നു . പക്ഷെ അതൊക്കെയും എല്ലാവരും കൂടെ സ്നേഹപൂർവ്വം സന്തോഷത്തോടെയാണ് കൊണ്ടാടിയിരുന്നതും ...!
.
പ്രവാസലോകത്തിലും അടുത്ത നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചുവരുത്തി താമസസ്ഥലത്ത് വിശാലമായ സദ്യയൊക്കെ ഒരുക്കി ആഘോഷിക്കുന്ന സമയം തന്നെയായിരുന്നു അതും . മോനുണ്ടായി ആദ്യത്തെ വിഷുവായതിനാൽ വിപുലമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അക്കുറിയും . അപ്പോഴാണ് മോന്റെ ഡോക്ടറിനെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് കിട്ടുന്നത്. അത് കൃത്യമായും ആ വിഷുദിവസവും . ഓരോ പ്രാവശ്യവും അപ്പോയ്ന്റ്മെന്റ് കിട്ടുക വളരെ ദുഷ്കരമായിരുന്ന അക്കാലത്തൊക്കെ കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തരുതെന്നാണ് ഹോസ്പിറ്റലിൽ ജോലിചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളൊക്കെ ഉപദേശിച്ചതും ...!
.
പരിചയവും പക്വതയും കുറവായ ആ പ്രായത്തിൽ അല്ലെങ്കിൽത്തന്നെ മോന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയുണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു . അവിടെ വളരെ വേണ്ടപ്പെട്ട കുറച്ചു സുഹൃത്തുക്കൾ എന്ത് സഹായത്തിനും തയ്യാറായി ഉണ്ടായിരുന്നത് വലിയ ധൈര്യവുമായിരുന്നു അപ്പോൾ . അവിടെ ചെന്ന് ഡോക്ടറെ കണ്ടപ്പോൾ ഒരു വിദഗ്ധ പരിശോധന നടത്തി എന്താണ് കാര്യവും കാരണവും എന്ന് കണ്ടെത്തണമെന്നും അതുകൊണ്ടു ഇന്നുതന്നെ പരിശോധനകൾ നടത്തണമെന്നും പറഞ്ഞതുകൊണ്ട് ഒപി വാർഡിൽനിന്നും പരിശോധനാ സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു .അവിടെ ഡോക്ടർക്കൊപ്പം നഴ്‌സായ ഞങ്ങളുടെ ഒരു ചേച്ചിയെപ്പോലെ സഹായിക്കാനുള്ള സുഹൃത്തും ഉണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു ...!
.
അന്ന് ഡ്രൈവിംഗ് ലൈസൻസൊന്നും കിട്ടിയിട്ടില്ലാതിരുന്നതിനാൽ ടാക്സിയിലായിരുന്നു യാത്രയൊക്കെ . പരിശോധന സ്ഥലത്തേക്ക് പോകാൻ കുറച്ചുദൂരമുണ്ടായിരുന്നതിനാൽ നടന്നുപോകാനും വയ്യായിരുന്നു . ഞങ്ങൾ സംശയിച്ചുനിൽക്കുന്നതുകണ്ടപ്പോൾ ഡോക്ടർ തന്നെ ഉടനെ ഞങ്ങളോട് കാത്തുനിൽക്കാൻ പറഞ്ഞ് ആംബുലൻസാണ് വിളിച്ചത് , ഞങ്ങളെ കൊണ്ടുപോകാൻ . അതുകണ്ടപ്പോൾ ആ ചേച്ചിയും ഒന്ന് വല്ലാതായെങ്കിലും വല്ലാത്തൊരു പരിഭ്രമത്തിൽ ആയിരുന്ന എന്റെ ഭാര്യയെയും ആശ്വസിപ്പിച്ച് മോനെയും കൊണ്ട് ആംബുലൻസിൽ കയറുമ്പോൾ മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു . ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ കണ്ടിട്ടാകാം ഡോക്ടറുടെ അനുവാദത്തോടെ ആ ചേച്ചിയും ഞങ്ങൾക്കൊപ്പം കയറിയിരുന്നു അപ്പോൾ ...!
.
സൈറൺമുഴക്കി പോകുന്ന ആംബുലൻസിൽ അപ്പോഴും എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുന്ന എന്റെ ഭാര്യയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് ഞാനിരിക്കുമ്പോൾ ഞങ്ങളുടെ കയ്യിൽനിന്നും മോനെ വാങ്ങിപ്പിടിച്ച് ആ ചേച്ചിയും കൂടെയുണ്ടായിരുന്നു . അവിടെയെത്തി എല്ലാ പരിശോധനകളും നടത്തി ഞങ്ങളെ ടാക്സിപിടിച്ച് തിരിച്ചയക്കും വരെ ആ ചേച്ചിയും കൂടെയുണ്ടായിരുന്നെങ്കിലും മനസ്സ് അപ്പോഴും വല്ലാതെ പരിഭ്രമിക്കുകയും വേദനിക്കുകയും തന്നെയായിരുന്നു . ...!
.
തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണിയോടടുത്തിരുന്നു. അതുവരെയും ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ വല്ലാതെ തളർന്നവശരായി ചെന്നുകയറുമ്പോൾ പ്രസവ സമയത്ത് കൂടെയുണ്ടാകാൻ നാട്ടിൽനിന്നും വന്നിരുന്ന അവളുടെ 'അമ്മ ചെറിയൊരു സദ്യയൊക്കെ തയ്യാറാക്കിയിരുന്നു. മോനെ കുളിപ്പിച്ച് പാലുകൊടുത്ത് കിടത്തി ഞങ്ങളും കുളിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മോന്റെ ടെസ്റ്റ് റിസൾട്സ് എന്താകുമെന്ന വേവലാതിയിൽ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു . എല്ലാവരുംകൂടി ഉണ്ണാൻ ഇരിക്കുമ്പോൾ മുന്നിലെ ചോറിൽ അറിയാതെ വീഴുന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ ശരിക്കും പാടുപെട്ടിരുന്നു ഞാൻ അപ്പോൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 8, 2021

വോട്ടെണ്ണൽ ....!!!

വോട്ടെണ്ണൽ ....!!!
.
മരിച്ചവരും നാടുവിട്ടവരും കാണാതായവരും അടക്കം അയ്യപ്പനും വാവരും ഗീവര്ഗീസ് പുണ്ണ്യാളനും കൂടാതെ മുപ്പത്തിമുക്കോടി ദേവഗണങ്ങളും വോട്ടുചെയ്യാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന ഈ ഇലെക്ഷനിൽ , തെറ്റുകൂടാതെ ഒരു വോട്ടർപട്ടിക പോലും തയ്യാറാക്കാൻ കഴിയാത്ത നമ്മൾ എങ്ങിനെയാണ് പിന്നെ ഇത്രയും വോട്ടുകൾ എണ്ണിത്തീർക്കുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 3, 2021

ഒരു ചായയുടെ വില ....!!!

ഒരു ചായയുടെ വില ....!!!
.
അപ്പോയ്ന്റ്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു കാത്തുനിൽക്കാതെ പെട്ടെന്നുതന്നെ ആദ്യം ചെല്ലുന്ന കുറച്ചു പേർക്ക് വാക്‌സിനേഷൻ ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞതനുസരിച്ചാണ് ഞങ്ങളും നന്നേ രാവിലെതന്നെ സൈന്യത്തിന്റെ ആ ഏറ്റവും വലിയ ആശുപത്രിയിൽ അന്ന് ചെന്നത് . കേട്ടറിഞ്ഞതിൽ കുറച്ചുപേരെ വന്നിട്ടുള്ളൂ എന്നതിനാൽ വലിയൊരുത്തിരക്കില്ലായിരുന്നെങ്കിലും കുറച്ചു നേരം വരിയിൽ നിൽക്കേണ്ടി വന്നതൊഴിച്ചാൽ ഏറെ സൗഹാർദ്ദപരവും മാന്യവുമായ അന്തരീക്ഷത്തിൽ വാക്‌സിനേഷൻ കഴിഞ്ഞ് അവർ സ്നേഹപൂർവ്വം തന്ന വെള്ളവും ജ്യൂസും ഒക്കെ കുടിച്ച് പനിയും മേലുവേദനയും വരാതിരിക്കാനുള്ള മരുന്നും കഴിച്ച് ഞങ്ങൾ ഏറെ സന്തോഷത്തോടെ തിരിച്ചു പൊന്നു ....!
.
ആശുപത്രി ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരെയായതിനാൽ തിരിച്ചു പോരുന്ന വഴി ആ വഴിയിൽ കാണാനുണ്ടായിരുന്ന ഒന്ന് രണ്ടു പേരെ കാണുകയും ചെയ്തത് ടൗണിലെത്തിയപ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു . ചോറുണ്ണുന്ന സമയം കഴിയുകയും എന്നാൽ രാത്രിത്തെക്കുള്ള ഭക്ഷണമൊന്നും ഹോട്ടലുകളിൽ ആയിട്ടുമില്ല എന്ന സമയമായതിനാൽ ഞങ്ങൾ ഓരോ ചായയും കടിയും കഴിച്ച് പോരാം എന്ന് തീരുമാനിച്ചു ...!
.
സ്പെഷ്യൽ ചായയും നാടൻ കടികളുമൊക്കെ കിട്ടുന്ന ഒരു ഹോട്ടലിലേക്ക് തന്നെ ഞങ്ങൾ നേരെ വച്ചുപിടിച്ചു . കോറോണക്കാലമായതിനാൽ ഇരുന്നു കഴിക്കാൻ മിക്കയിടത്തും അപ്പോഴും സൗകര്യമാകാത്തതിനാൽ ഞങ്ങൾ ഓരോ ചായയും കടികളും വാങ്ങി തിരിച്ച് വണ്ടിയിൽ വന്നിരുന്ന് , വണ്ടി ഒഴിഞ്ഞ ഒരിടത്തേക്ക് മാറ്റിയിട്ട് ചായകുടിക്കാൻ തുടങ്ങി ....!
.
ആസ്വദിച്ചുകൊണ്ടുതന്നെ അവരവരുടെ നാട്ടിൻപുറത്തിന്റെയും നാടൻ വിഭവങ്ങളുടെയും കഥകളും പറഞ്ഞ് ഓരോ കവിൾ കുടിച്ചു കഴിഞ്ഞതും മുന്നിലതാ ചിരിച്ചുകൊണ്ട് പോലീസ് ചേട്ടന്റെ വണ്ടി വന്നു നിൽക്കുന്നു. കടിച്ച വായ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിൽ കയ്യിൽ ചായയുമായി പോലീസ് ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ക്യാമറെടുത്തു സ്റ്റൈലിൽ സ്മൈൽ പ്ളീസ് എന്ന് ആംഗ്യം കാണിക്കുന്നു ....!
.
ഗുലുമാൽ , ഗുലുമാൽ എന്ന പാട്ട് പിന്നണിയിൽ അശരീരിയായി നിൽക്കെ , ഗമക്കൊട്ടും കുറവുവേണ്ടെന്നു കരുതി ഗ്ലാമറൊട്ടും കുറയ്‌ക്കേണ്ടെന്നും പറഞ്ഞ് നന്നായിത്തന്നെ പോസ്സ്ചെയ്തു കൊടുത്തു പോലീസ് ചേട്ടന്. പൊതുസ്ഥലത്ത് സാമൂഹികാകലം പാലിക്കാതെ മാസ്കുവെക്കാതെ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് ശിക്ഷാര്ഹമായതിനാൽ , മൂപ്പർ ഒരു ചിരിയോടെ നല്ലൊരു ഫോട്ടോയുമെടുത്ത് ടാറ്റയും തന്നു പോകുമ്പോൾ ഞങ്ങളുടെ മൊബൈലുകളിൽ ടിക്ക് ടിക്ക് എന്ന് മെസ്സേജുകൾ....!
.
അവരെടുക്കുന്ന ഫോട്ടോയൊന്നും നമുക്ക് തരിക പതിവില്ലെങ്കിലും ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന മട്ടിൽ മൊബൈൽ ചാടിപ്പിടഞ്ഞെടുത്തപ്പോൾ മനോഹരമായ ഭാഷയിൽ 1000 വീതം ഫൈൻ വാന്നതിന്റെ വാർത്തയും. അതായത് ഇന്ത്യൻ റുപ്പീസ് ഏകദേശം 20000 വീതം മൂന്നുപേർക്കും ...അങ്ങിനെ, ആശയോടെ കഥയൊക്കെ പറഞ്ഞ് നാടൻ ഓർമ്മകളും അയവിറക്കി ആസ്വദിച്ച് കുടിച്ച ഒരു ചായയുടെയും കടിയുടെയും വില 60000 ...!

സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 1, 2021

സ്വപ്നം ...!!!

സ്വപ്നം ...!!!
.
പ്രഭാതം
നിലാവ്പിന്നിട്ട വഴികളിലെ
അവശേഷിച്ച തണുപ്പിന്റെ കുളിര്.....
കാറ്റ് പിന്നെയും ,
ഒരു അപരിചിതത്വത്തിന്റെ മേലാപ്പുമിട്ട് മടിച്ചു മടിച്ച് ....
തന്റെ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ വിളിയും പേറി ഒരു പ്രാവ് ,
തിക്കി തിരക്കോടെ ....
സൂര്യനിൽ സ്വയം സമർപ്പിക്കാനൊരുങ്ങി,
പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഒരു മഞ്ഞുതുള്ളി ....
വലിയ ശബ്ദത്തോടെ കിതച്ചുകൊണ്ട്
വിശപ്പിന്റെ ഭാണ്ഡവും പേറാൻ തയ്യാറായി ആ തീവണ്ടി ....
മൺ പരലുകളിൽ ഞെങ്ങി ഞെരങ്ങി ,
വീർപ്പുമുട്ടുന്ന ഇരുമ്പുപാളങ്ങളിൽ ഉരുകിയൊലിക്കാൻ കാത്തു നിൽക്കുന്ന ജീവിതങ്ങൾ .....
.കൈവിട്ടുപോകുന്ന അമ്മയുടെ കൈയ്യെത്തിപ്പിടിക്കാൻ വെമ്പുന്ന ആ കുഞ്ഞു കൈകൾ ,
കരച്ചിലോടെ ......
തിരക്കിലേക്കൂലിയുടുന്ന മുഖങ്ങൾക്കൊപ്പം .....
മുഖമുണ്ടെങ്കിലും കാഴ്ചക്കാർക്കുമുന്നിൽ വ്യകതമാകാത്ത ആ അമ്മയും മകളും ....
കൈവിട്ടുപോയാലും സാരിത്തലപ്പിലെങ്കിലും പിടിവിടാതിരിക്കാൻ വെമ്പലോടെ രണ്ടിലും എത്തിപ്പിടിച്ചുകൊണ്ടെന്നപോലെയും ....
.ഒരു പൂവിൽപ്പനക്കാരി ,
കിതപ്പോടെ തന്റെ പൂക്കൂടയുമായി ......
ചില മുഖങ്ങൾപോലെ ,
വിളറിയ നിറത്തോടെ ചൂടാറിയ ചായയുമായി ചായവിൽപ്പനക്കാരൻ .....
ഒരു വിരോധാഭാസം പോലെ ,
ചൂടില്ലാതെയും ചൂട് ചൂടെന്നാർത്തുവിളിച്ച് പ്രഭാതഭക്ഷണവിൽപ്പനക്കാരനും .....
അവർക്കൊപ്പം ചൂടാറാത്ത വാർത്തയുമായി പത്രക്കാരനും ....
.തിരിഞ്ഞുനോക്കുന്നില്ലെങ്കിലും തനിക്കൊപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെതന്നെ
വരിയിലേക്കിഴഞ്ഞുകയറി ടിക്കറ്റിനായി എത്തിപ്പെടുന്ന അമ്മയും മകളും .....
വേഷം വിശാലമെങ്കിലും ,
അതിനുള്ളിലെ ജീവിതം അപരിചിതമായി നിലനിർത്തുന്ന അവ്യക്തതയോടെ,
കിട്ടിയ അവസരവുമായി ,
തനിക്കുള്ള ഇടം തേടി കിതപ്പോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 28, 2021

ജനാധിപത്യമെന്നാൽ ... !!!

ജനാധിപത്യമെന്നാൽ ... !!!
.
ഒന്നിച്ചുണ്ണാനും ഒന്നിച്ചുറങ്ങാനും , എവിടെയും എപ്പോഴും സഞ്ചരിക്കാനും സ്വയം ഭരിക്കാനും , എന്തിനേറെ , വായിൽതോന്നിയതൊക്കെ വിളിച്ചുപറയാൻ പോലും സ്വാതന്ത്ര്യമുള്ള ഒരു പ്രബുദ്ധ ജനത , ഇപ്പോഴും പക്ഷെ ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ സ്വന്തം രാഷ്ട്രീയക്കാർ പറയുന്നതെന്തും ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമങ്ങളിലൂടെ അറിഞ്ഞ് , അതൊക്കെയും കയ്യുംകെട്ടി നോക്കിനിന്ന് തൊണ്ടതൊടാതെ വിഴുങ്ങി ആവേശപൂർവ്വം ഉൾപ്പുളകം കൊള്ളുന്നതിനെയും മഹത്തായ ജനാധിപത്യമെന്ന് പറയാം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 18, 2021

സ്ഥാനാർത്ഥി, ഞാനാകുമ്പോൾ ...!!!

സ്ഥാനാർത്ഥി, ഞാനാകുമ്പോൾ ...!!!
.
കാലത്തുതന്നെ തുടരെ തുടരെ വാതിലിലുള്ള ഉറക്കെയുള്ള മുട്ടുകേട്ടുകൊണ്ടാണ് ഞാൻ ഞെട്ടിയുണർന്നതുതന്നെ . ഉടുമുണ്ടും വാരിച്ചുറ്റി ഓടി പോയി വാതിൽ തുറന്നപ്പോൾ എന്നെയും തള്ളിമാറ്റി മൂപ്പരതാ ഉള്ളിലേക്ക് ഇടിച്ചു കയറുന്നു . കൂടെ ആരോ കൂടിയുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ എന്നെ അനുവദിക്കാതെ എന്റെ കയ്യും പിടിച്ച് അകത്തേക്ക് വലിച്ചു കൊണ്ടുപോയി വല്ലാത്തൊരു വെപ്രാളത്തോടെ സ്വയം കട്ടിലിൽ കയറി ഇരുന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞപ്പോൾ ഞാനും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തം വിട്ട് കുന്തം കുഴുങ്ങിയപോലെ കൂടെ അവിടെ നി-രുന്നു ....!
.
മൂപ്പരപ്പോഴും പിറുപിറുത്തുകൊണ്ട് സ്വയം ആലോചിക്കുകയും കണക്കുകൂട്ടുകയും ചെയ്തുകൊണ്ട് ഒരുതരം വെപ്രാളത്തോടെതന്നെയായിരുന്നു ഇരുന്നിരുന്നത് . മൂപ്പരെത്തന്നെ നോക്കിയിരുന്നിരുന്ന ഞാൻ ഒന്ന് ശ്വാസം വിട്ടശേഷമാണ് അദ്ദേഹത്തിന്റെ കൂടെ വന്ന ആളെകൂടി നോക്കാൻ പറ്റിയത് . അദ്ദേഹത്തെ കണ്ടതും ഞാൻ ശരിക്കും ഒന്നമ്പരന്ന് എഴുന്നേറ്റു നിന്നു . സാക്ഷാൽ ശ്രീ കാനനവാസൻ .. പക്ഷെ, എന്നെ അതൊന്നും ശ്രദ്ധിക്കാൻ അനുവദിക്കാതെ അദ്ദേഹത്തോടും തൊട്ടടുത്തുതന്നെ ഇരിക്കാൻ പറഞ്ഞ് , മൂപ്പർ പിന്നെ എന്നോട് വേഗം പുറത്തുപോകാൻ റെഡി ആകാൻ പറഞ്ഞു ....!
.
എങ്ങോട്ടു പോകാനാണ് റെഡി ആകേണ്ടത് എന്നറിയാതെ പകച്ചു നില്കുനന്നതിനിടയിൽ അവരും ആശങ്കയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു അപ്പോൾ. പിന്നെ എന്നെ ആത്മ വിശ്വാസത്തോടെ നോക്കി വീണ്ടും പെട്ടെന്ന് റെഡി ആകാൻ പറഞ്ഞപ്പോൾ ഞാൻ മറിച്ചൊന്നും ചോദിക്കാതെ നേരെ അവരോടൊപ്പം പുറത്തുപോകാൻ കുളിച്ചു റെഡി ആകാൻ പോയി...!
.
വസ്ത്രമൊക്കെ മാറി റെഡി ആകുന്നതിനിടയിൽ കുളിക്കാൻ പോകുന്നതിനുമുന്നെ അടുക്കളയിൽ കയറി ചായക്ക്‌ കുറച്ച് വെള്ളം വെച്ചിരുന്നു . എണീറ്റപ്പടെ ആയതുകൊണ്ട് നല്ല വിശപ്പും ഉണ്ടായിരുന്നു . അപ്പോഴേക്കും തിളച്ചുതുടങ്ങിയ വെള്ളം കൊണ്ട് ഒരു ചായയുണ്ടാക്കി അവർക്കും കൊടുത്ത് ഞാനും കുടിക്കാനിരുന്നപ്പോൾ അതൊന്നും കുടിക്കാൻ നേരമില്ലെന്ന മട്ടിലെങ്കിലും മനമില്ലാ മനസ്സോടെ അവരും എന്റെയൊപ്പം കൂടി ....!
.
ചായകുടിക്കുന്നതിനിടയിൽ, അൽപ്പം സംശയത്തോടെയെങ്കിലും ആകാംക്ഷ അടക്കാനാകാതെ ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു എങ്ങോട്ടാണ് പോകുന്നതെന്ന് . മൂപ്പരുടെ കൂടെ ഏതു നരകത്തിലേക്കും കണ്ണടച്ച് പോകാൻ തയ്യാറുള്ള ഞാൻ അത് ചോതിച്ചതിൽ ഒട്ടും അതിശയോക്തിയില്ലാതെ മൂപ്പർ പറയാൻ തുടങ്ങി . കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളവരുടെ പേരുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ അയ്യപ്പസ്വാമിയെയും ഒരു സ്ഥാനാർത്ഥിയാക്കി നിർത്തിയിരിക്കുന്നു ....!
.
കേട്ടത് ശരിതെന്നെയോ എന്ന് കണ്ണുതള്ളി നോക്കിയ എന്നോട് മൂപ്പർ വീണ്ടും പറയാൻ തുടങ്ങിയത് കേട്ടപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി. അദ്ദേഹത്തെ മൂന്നിടങ്ങളിലായി മൂന്നു രാഷ്ട്രീയ പാർട്ടികളും ഒരേസമയം താന്താങ്ങളുടെ സ്വന്തം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു എന്ന് . അതിൽനിന്നും അദ്ദേഹത്തെ രക്ഷിക്കാൻ എന്താണ് വഴി എന്നന്വേഷിക്കാനാണ് എന്റെ സഹായം തേടിയിരിക്കുന്നതെന്നും കൂടി പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ചായക്കപ്പും താഴെവെച്ച് തലയിലൊരു മുണ്ടുമിട്ട് അവിടുന്ന് എണീറ്റ് എങ്ങോട്ടെന്നില്ലാതെ രക്ഷപ്പെടാൻ ഒറ്റ ഓട്ടം വെച്ച് കൊടുത്തു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...