Tuesday, November 16, 2021

അച്ഛന്റെ ആനവണ്ടി ...!!!

അച്ഛന്റെ ആനവണ്ടി ...!!!
.
അച്ഛനും ചെറിയച്ഛന്മാരുമൊക്കെയും വണ്ടിയുമായി ബന്ധപ്പെട്ട പണികളിലായിരുന്നതുകൊണ്ടുതന്നെ വണ്ടി ഞങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു എപ്പോഴും. ഡ്രൈവറായും കണ്ടക്ടറായുമൊക്കെ അച്ഛനും ചെറിയച്ഛന്മാരും ഞങ്ങളുടെ പരിസരപ്രദേശങ്ങളിൽത്തന്നെ പണിയെടുത്തിരുന്നതിനാൽ അതിന്റെ സൗകര്യങ്ങൾ ഞങ്ങളും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു എപ്പോഴും . ടെമ്പോയും കാറും ജീപ്പുമൊക്കെ വീട്ടിലുണ്ടായിരുന്ന വണ്ടികളെങ്കിലും എനിക്കേറെ ഇഷ്ട്ടം അപ്പോഴും ഞങ്ങളുടെ ജീവനോപാധിയായിരുന്ന അച്ഛന്റെ ആ ആനവണ്ടിത്തന്നെയായിരുന്നു ....!
.
ഞങ്ങളുടെ വീടിനടുത്തുകൂടെ വല്ലപ്പോഴുമേ ആനവണ്ടികൾ ഉണ്ടാകാറുള്ളൂ എങ്കിലും ദൂരയാത്രകളിൽ പണ്ടുമുതലേ എപ്പോഴും ഞാനും തിരഞ്ഞെടുത്തിരുന്നത് ആനവണ്ടികൾ തന്നെ. ഒരു സുരക്ഷിതത്വ ബോധവും യാത്ര ആസ്വദിക്കാനുള്ള അവസരവും നമ്മുടെ സൗകര്യവുംകൂടി കണക്കിലെടുക്കുന്നു എന്നൊരു തോന്നലും തിക്കുംതിരക്കും ബഹളവുമൊന്നുമില്ലാത്തതും ഒക്കെക്കൂടി ആനവണ്ടികൾ പ്രത്യേകിച്ചും ദൂരയാത്രകൾക്ക് തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതായിരുന്നു ....!
.
സ്റ്റോപ്പിൽ നിർത്താതിരിക്കലും കാലിയടിച്ചുപോകുമ്പോഴും ആളെകയറ്റാതിരിക്കലും താമസിച്ചോ വേഗത്തിലോ പോയി റൂട്ട് കട്ടാക്കലും ഒക്കെ അടക്കം നിരവധി അനവധി പൊറുക്കാനാവാത്ത അതിക്രമങ്ങൾ ആനവണ്ടിക്കാരുടെ അടുത്തുനിന്നും അക്കാലങ്ങളിലൊക്കെ നിരന്തരം ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ ചോറ് അതിലായതാകണം എന്നും ആനവണ്ടിയോടൊരു കൂറും സ്നേഹവും മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം ...!
.
കുട്ടികളായിരിക്കുമ്പോൾ , മുഷിഞ്ഞു നാറി ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്റെ കാക്കി പാന്റും ഷിർട്ടുമിട്ട് പോലീസും കള്ളനും കളിക്കലും അച്ഛൻ ഉപേക്ഷിക്കുന്ന പാന്റും ഷർട്ടും കൊണ്ട് ഞങ്ങൾക്ക് ട്രൗസറും പാന്റും തൈക്കലും ഒക്കെയായി ഞങ്ങളും അങ്ങിനെ കാക്കിയുടെയും ആരാധകരുമായിരുന്നു അപ്പോഴൊക്കെ. . വഴിയിൽ കേടായിക്കിടക്കുന്ന വണ്ടികൾ നന്നാക്കാൻ വരുന്ന സീറ്റുകളൊന്നുമില്ലാത്ത വർക് ഷോപ് വണ്ടിയിൽ ഞങ്ങളെയും കൂട്ടി അച്ഛൻ ഡിപ്പോയിൽ പോകാറുള്ളത് ഒരിക്കലും മറക്കാനാകാത്ത അനുഭവവും ...!
.
അച്ഛന് വർഷത്തിലൊരിക്കൽ കിട്ടാറുള്ള യാത്രാ സൗജന്യത്തിൽ ഞങ്ങൾ എല്ലാവരും കൂടി ഒരു യാത്രയുണ്ട് . അച്ഛമ്മയും അമ്മുമ്മയും ഒക്കെയായി ദൂരെയിടങ്ങളിലേക്കുള്ള യാത്രകൾ . മിക്കവാറും ഏതെങ്കിലും ക്ഷേത്രങ്ങളിലേക്കായിരിക്കും എങ്കിലും അതുപക്ഷേ ഞങ്ങളെ ഒരിക്കലും അലോസരപ്പെടുത്താറേയില്ല . എവിടേക്കായാലും എത്രകണ്ടാലും മതിയാകാത്ത വഴിക്കാഴ്ചകളും കണ്ട് നീണ്ട ഒരുയാത്രതരുന്ന അനുഭൂതിയിൽ ഞങ്ങൾ എല്ലാം മറന്നിരിക്കും ....!
.
ഞാൻ കുറച്ചൊന്ന് വലുതായതോടെ ഒന്നാംതിയ്യതി ശമ്പളം വാങ്ങാൻ അച്ഛൻ എന്നെയും കൂട്ടിയാണ് ഓഫീസിൽ പോകാറുള്ളത് . അവിടുന്ന് കയ്യിൽ തന്നുവിടുന്ന പൈസകൊണ്ട് ഒരുമാസത്തേക്കുള്ള വീട്ടുസാധനങ്ങളും വാങ്ങി അച്ഛൻ അറിയുന്നില്ലെന്ന ഭാവത്തിൽ അച്ഛൻതന്നെ അനുവദിക്കുന്ന സൗജന്യമായ ഒരു സിനിമയും കണ്ട് ടൗണിൽനിന്നും സാധനങ്ങളും കയറ്റി ഒരോട്ടോയും വിളിച്ചുള്ള വീട്ടിലേക്കുള്ള വരവും. അടുത്തമാസം വരെ നീളുന്നതെങ്കിലുമുള്ള കാത്തിപ്പിന്റെ ആ ഒരു സുഖം പകരുന്ന മധുരമുള്ള ഓർമ്മതന്നെ ...!
.
കുറ്റകരമായ ഉദ്യോഗസ്ഥ - തൊഴിലാളി കെടുകാര്യസ്ഥതകൊണ്ടുമാത്രം നശിച്ചുപോയതെങ്കിലും വെള്ളാനയെന്ന ഓമനപ്പേര് അന്വർത്ഥമാകും വിധംതന്നെ അപ്പോഴും എപ്പോഴും പെരുമാറുന്നതെങ്കിലും , ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന ആനവണ്ടികൾ കാണുമ്പോഴൊക്കെയും ഞങ്ങൾ ഇപ്പോഴും അഭിമാനപൂർവ്വം പറയാറുള്ളത് അച്ഛന്റെ വണ്ടിയെന്നാണ് . അതെ, സ്നേഹപൂർവ്വം എന്നും അച്ഛന്റെ ആനവണ്ടി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...