.
ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായിരുന്നു . പതറാതെ ഉറച്ച കാലടികൾക്കൊപ്പം ആത്മാഭിമാനവും ആത്മവിശ്വാസവും നിറഞ്ഞ അഹങ്കാരത്തിൽ വിരിഞ്ഞ നെഞ്ചിന്റെ തണലിൽ ....!
.
താൻ ഒപ്പമുണ്ടോയെന്ന് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി ഉറപ്പുവരുത്തിത്തന്നെയാണ് ആ പോക്കെങ്കിലും തന്റെ മകൻ തനിക്കൊത്തവനാകണമെന്ന ആഗ്രഹവുമാകാം ഒരൽപ്പംപോലും ആനുകൂല്യം നൽകാതെ കൂടെ കൂട്ടുന്നതും . ഒരുപക്ഷെ അവൻ തന്റെ പുത്രനാണെന്ന അമിതാത്മവിശ്വാസവുമാകാം ...!
.
കാളകൂടത്തിന്റെ കാഠിന്ന്യം ചൂടുവറ്റാത്ത വിഭൂതിയിലലിഞ്ഞു ആത്മനിർവൃതിപൂണ്ട വിയർപ്പുതുള്ളികളിലൂടെ ഒലിച്ചിറങ്ങി മണ്ണിലിറ്റുവീഴുന്പോൾ പൊള്ളിപ്പിടഞ്ഞു കരിയുന്ന മണൽത്തരികളെ വകവെക്കാതെ മുന്നോട്ട് മുന്നോട്ടു മാത്രമുള്ള ആ നടത്തത്തിൽ തനിക്കെങ്ങിനെയാണ് പുറകിലാകാൻ സാധിക്കുക ...!
.
നെഞ്ചിടിപ്പ് കൂട്ടാതെ ഓടിയണയ്ക്കാതെ ഒരു മുടിയിഴപോലും ഉലയാതെ ആ കാലടികൾക്കൊപ്പം ചുവടുവെക്കാൻ ശ്രമിച്ച് ഒടുവിൽ തന്റെ കൈപ്പിടിയിലൊട്ടും ഒതുങ്ങാത്തത്ര വലുതെങ്കിലും മൂലോകങ്ങളും പരമാധികാരത്തോടെ നിയന്ത്രിക്കുന്ന ആ ചൂണ്ടുവിരൽത്തുമ്പിൽ എത്തിപ്പിടിച്ചപ്പോൾ അദ്ദേഹം ഒരു ചെറുചിരിയോടെ തന്റെ മുഖത്തുനോക്കി തന്റെ കൈ ആ കൈക്കുള്ളിൽ സുരക്ഷിതമാക്കുമ്പോൾ തനിക്ക് ഈ ലോകം തന്നെ കീഴടക്കിയ ആത്മചാരിതാർഥ്യവും ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
No comments:
Post a Comment