Thursday, August 31, 2023

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!
.
ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊക്കെ കൂടി , തലയെടുപ്പോടെ , അഭിമാനത്തോടെ . ആദ്യമെത്തിയില്ലെങ്കിലും അവിടയെത്താനാകുമെന്ന ആത്മവിശ്വാസത്തോടെ , പ്രാർത്ഥനകളോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, August 7, 2023

തലതാഴ്ത്തണോ നമ്മൾ ....!!!

തലതാഴ്ത്തണോ നമ്മൾ ....!!!
.
ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ മുഖം പൂഴ്ത്തിയിരുന്ന് പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും എന്തിനേറെ സാക്ഷാൽ അമേരിക്കൻ പ്രസിഡന്റിന്റെ വരെ അച്ഛനും അമ്മയ്ക്കും വിളിക്കാൻ ധൈര്യവും ചങ്കൂറ്റവുമുള്ള ഞാനടക്കമുള്ള വീരപുരുഷന്മാർക്ക് നമ്മുടെ സ്വന്തം കുഞ്ഞുമക്കളെ ക്രൂരമായി കടിച്ചുകീറുന്ന തെരുവുനായ്ക്കളെ ഒന്ന് കല്ലെറിഞ്ഞ് ഓടിക്കാനോ , ചില രാഷ്ട്രീയക്കാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നമ്മുടെ പുതുതലമുറയെ ഒന്നാകെ നശിപ്പിക്കുന്ന അതിമാരകമായ മയക്കുമരുന്നിനെതിരെ ഒന്ന് ഒച്ചയുണ്ടാക്കാനോപോലും കഴിയാത്തതിലോ നമ്മുടെ കുഞ്ഞു പെൺമക്കളുടെ മാനവും ശരീരവും എന്തിന് ജീവൻതന്നെയും സംരക്ഷിക്കാൻ കഴിയാത്തതിലോ ഒക്കെയാണ് ഞാൻ അടക്കമുള്ള നമ്മളോരോരുത്തരും ലജ്ജിച്ച് തല താഴ് ത്തേണ്ടത് . മറ്റുള്ളവരുടെ വാക്കുകേട്ട് ഗണപതിയുടെയും അല്ലാഹുവിന്റെയും യേശുദേവന്റെയുമൊക്കെ മെക്കട്ടുകയറാതെ ഇന്നിന്റെ യാഥാർഥ്യത്തിലൂന്നി നാളെയിലേക്ക് തലയുയർത്തി നടക്കാൻ കഴിയട്ടെ നമുക്കോരോരുത്തർക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 29, 2023

വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!!

വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!!
.
പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ രാജ്യം വെള്ളറക്കാടിനെ ഭാരതത്തിന്റെ അടുത്ത തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ഞാൻ ലോക (കേരള ) രാജ്യ സഭകളിൽ പ്രമേയംഅവതരിപ്പിച്ചുകൊണ്ട് ശക്തമായി ആവശ്യപ്പെടുന്നു . എല്ലാ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും കിരീടം വെച്ചതും വെക്കാത്തതും വെക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും നടക്കാത്തതുമായ രാജാക്കന്മാരും രാജാവിനേക്കാൾ രാജഭക്തിയുള്ളപ്രജകളും അണികളും മറ്റെല്ലാവരും ഇതിനെ അനുകൂലിക്കുവാനും ഞാൻ വിനയ - താഴ്മ - ബഹുമാന ( തുടങ്ങി മറ്റെല്ലാ ..... ) പുരസരം അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു .....!
.
ഒരു തലസ്ഥാനമാവുമ്പോ കുറെയേറെ വലിയ വലിയ കാര്യങ്ങളൊക്കെ വേണമെന്നല്ലേ നിങ്ങൾ പറയാൻ പോകുന്നത് . എന്നാൽ കേട്ടോളു . ചാവക്കാട് കടലിനെ പനാമ കനാലിനേക്കാൾ വലിയ കനാലുണ്ടാക്കി വെള്ളറക്കാടുകൂടെ ഒഴുക്കി അവിടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖമുണ്ടാക്കാനും , നെടുമ്പാശ്ശേരി എയർപോർട്ടിന്റെ റൺവേ വെള്ളറക്കാട്ടേക്കു നീട്ടി ഏറ്റവും വലിയ വിമാനത്താവളമുണ്ടാക്കാനും മെട്രോ വെള്ളറക്കാടുവഴി ഓടിക്കാനും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വെള്ളറക്കാടുവഴി വഴിതിരിച്ചുവിടാനുമടക്കം എല്ലാകാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്തിട്ടുമുണ്ട് . അതുകൊണ്ട് ആർക്കും വേവലാതികൂടാതെ എത്രയും വേഗം വെള്ളറക്കാടിനെ ഭാരതത്തിന്റെ തലസ്ഥാനമാക്കിക്കോളു .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 22, 2023

ജനനായകന് , പ്രണാമങ്ങളോടെ ....!!!

ജനനായകന് , പ്രണാമങ്ങളോടെ ....!!!
.
സ്വന്തം ജനതയുടെ ഉടുമുണ്ടഴിച്ച് മേലാപ്പുകെട്ടി വിദേശ രാജ്യങ്ങളിലെ ചുവപ്പുപരവതാനികളിലൂടെ തലയുയർത്തിനടന്ന് സാമന്തന്മാരെ സൃഷ്ടിച്ചെടുക്കുന്ന രാജാവും അണികളെപോലും അയിത്തംകൽപ്പിച്ച് തീണ്ടാപ്പാടകലെ മാറ്റിനിർത്തി സ്വയം മാത്രം ചമയുന്ന മഹാരാജാവും കടിച്ചുതുപ്പുന്ന എല്ലിൻകഷ്ണങ്ങളിൽ ചാടിവീണ് സ്വയം മറക്കുന്ന വിഡ്ഢികളായ അണികളും സ്വന്തം ദൈവങ്ങളെപോലും ഒറ്റിക്കൊടുത്ത് സ്വന്തം അധികാരത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന മതമേലാളൻമാരും തങ്ങൾ എന്തുചെയ്താലും വിഡ്ഢികളായ അണികൾകൂട്ടിനുണ്ടാകുമെന്ന അഹങ്കാരത്തിന്റെ പുച്ഛ പരിഹാസത്തോടെ ജനങ്ങളെ വെല്ലുവിളിക്കുന്ന നേതാക്കന്മാരും മകൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരുകണ്ടാൽ മതിയെന്ന പഴയ നാടൻ ചൊല്ലുപോലെ ഇരിക്കുന്ന കൊമ്പായാലും മുറിച്ചിട്ടാൽ താൻ വീഴുമ്പോൾ കൂടെയുള്ളവരും വീഴുമല്ലോ എന്ന് സന്തോഷിക്കുന്ന സ്വന്തം പാർട്ടിക്കാരും ഒരിക്കലെങ്കിലും കണ്ണുതുറന്ന് കാണേണ്ടതാണ് ഈ ജനനായകന് വേണ്ടി സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ ഹൃദയത്തിൽനിന്നും കണ്ണീർപൊഴിക്കുന്നത് . എന്തിനുവേണ്ടി നിലകൊള്ളുന്നവരായാലും ഒടുവിൽ ഈ സാധാരണക്കാരന്റെ വോട്ടിലാണ് തങ്ങളുടെ ഭാവിയെന്നെങ്കിലും തിരിച്ചറിയുന്നത് എല്ലാവർക്കും എപ്പോഴും നല്ലതായിരിക്കും . രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ആ ജനനായകന് എന്റെയും ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 15, 2023

ചന്ദ്രനിലുള്ള എന്റെ വീട് ...!!!

ചന്ദ്രനിലുള്ള എന്റെ വീട് ...!!!
.
കല്യാണം കഴിക്കുന്നതിനു മുന്നേ പണിതതിനാലും സോയൂസിന്റെയും ഡിസ്കവറി യുടേയുമൊക്കെ സേവനം ശരിയായി കിട്ടാത്തതിനാലും , കൂടാതെ ചൊവ്വയിൽ വലിയ ഒരു ബംഗ്ലാവുതന്നെ പണിയുവാൻ തീരുമാനിച്ചിരിക്കുന്നതിന്നാലും , രണ്ടു മുറികളുള്ള ഒരുചെറിയ വീടായി പണിത ചന്ദ്രനിലെ അൽഫോൻസസിനടുത്തുള്ള എന്റെ വീടും പത്തുസെന്റ്‌ സ്ഥലവും വിൽപ്പനക്ക് വെക്കുന്നു . ആദ്യം വരുന്നവർക്കാണ് മുന്ഗണനയെങ്കിലും കൂടുതൽ പൈസ ഓഫർ ചെയ്യുന്നവരെയാണ് ഞാൻ ഇക്കുറി തിരഞ്ഞെടുക്കുക എന്നതിനാൽ വേഗം ഓഫറുമായി വന്നോളൂ .....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 8, 2023

കുരങ്ങന്മാരുടെ രാജ്യം ...!!!

കുരങ്ങന്മാരുടെ രാജ്യം ...!!!
.
ഒരിടത്തൊരിടത്ത് പണ്ടുപണ്ട് ഒരു രാജ്യമുണ്ടായിരുന്നു . കടലിനപ്പുറം മാമലകൾക്കിപ്പുറം തേങ്ങാ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു സുന്ദര രാജ്യം . തേങ്ങാ മരങ്ങൾ നിറഞ്ഞ് നിന്നിരുന്ന ആ രാജ്യത്ത് നിറയെ വാഴപ്പഴ ചെടികളും ഉണ്ടായിരുന്നു . തേങ്ങാ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിളഞ്ഞതും വിളയാത്തതുമായ തേങ്ങകളും വാഴപ്പഴ ചെടികളിൽ വിളഞ്ഞുനിൽക്കുന്ന വാഴപ്പഴങ്ങളും കൊണ്ട് ആ രാജ്യം വീണ്ടും പിന്നെ വീണ്ടും സുന്ദരിയുമായി ...!
.
ആ സുന്ദരാജ്യത്തിലെ തേങ്ങാമരങ്ങളിലും വാഴച്ചെടികളിലുമെല്ലാം സുഖമായി ജീവിക്കുന്ന ഒരുകൂട്ടം കുരങ്ങന്മാരുമുണ്ടായിരുന്നു എന്ന് ഞാൻ പറയാൻ വിട്ടുപോയോ എന്നൊരു സംശയം. ഇല്ലെങ്കിലും ഇവിടെ പറയുന്നു. പതിവുപോലെ അല്ലെങ്കിൽ എല്ലായിടത്തെയും പോലെ ഈ കുരങ്ങന്മാരൊക്കെ പക്ഷെ പരസ്പരം പോരടിച്ചും വഴക്കടിച്ചും സന്തോഷത്തോടെ ജീവിച്ചുപോരുകയുമായിരുന്നു ...!
.
അപ്പോഴാണ് അതുവഴി ഒരു കള്ളൻ വന്നത് . നിറയെ തേങ്ങാ മരങ്ങൾ കായ്ച്ചുനിൽക്കുന്നു നിറയെ വാഴപ്പഴച്ചെടികൾ വാഴപ്പഴ കുലകളുമായി നിറഞ്ഞുനിൽക്കുന്നു അതിന്റെ ഉടമസ്ഥരായ കുരങ്ങമാരൊക്കെ തല്ലുകൂടുന്നു . ഇതിനേക്കാൾ നല്ലൊരവസരം വേറെയെന്ത് . കള്ളന്റെ മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡുകൾ ഒന്നിച്ചുപൊട്ടി ..!
.
കള്ളൻ ഒരു വലിയ ചാക്കെടുത്ത് പാകത്തിലുള്ള വാഴപ്പഴങ്ങൾ പറിച്ചെടുത്തു . ആരും ചോദിച്ചില്ല തടഞ്ഞില്ല . പിന്നെ പാകമായ തേങ്ങകൾ പറിച്ചെടുത്തു . എന്നിട്ട് വഴക്കടിക്കുന്ന കുരങ്ങന്മാരെ ഓരോ കൂട്ടങ്ങളായി തരം തിരിച്ചെടുത്തു . വലിയവരെ ഒരു കൂട്ടം ചെറിയവരെ ഒരുകൂട്ടം നിരവത്യാസമുള്ളവരെ വേറൊരു കൂട്ടം അങ്ങിനെയങ്ങിനെ ....!
.
കൂട്ടം തിരിച്ച കുരങ്ങന്മാർക്കു മറ്റുള്ളവർ കാണാതെ കുറച്ചു പഴങ്ങളും തേങ്ങകളും നൽകിയിട്ടു പറഞ്ഞു ഇത് നിങ്ങൾക്ക് മാത്രമായി തരുന്നതാണ് മറ്റുള്ളവർ കാണാതെ തിന്നോളൂ എന്ന് . വാഴച്ചെടിയിൽ കയറേണ്ട, തേങ്ങാ മരത്തിൽ കയറേണ്ട, കയ്യിൽ വാഴപ്പഴവും തേങ്ങയും കിട്ടുന്നു. മറ്റാരും അറിയുന്നുമില്ല. കുരങ്ങന്മാർ ഹാപ്പി . മറ്റേ കൂട്ടങ്ങൾക്കും ഇതുപോലെത്തന്നെ ആവർത്തിക്കുന്നു . അവരും ഹാപ്പി . കള്ളനും ഹാപ്പിയോട് ഹാപ്പി ....!
.
തേങ്ങാ മരങ്ങളും വാഴച്ചെടികളും കൂടാതെ പിന്നെ മെല്ലെ മെല്ലെ ആ നാടും കള്ളന്റെ കയ്യിലായതോടെ കുരങ്ങന്മാർക്ക് തേങ്ങയുമില്ല, പഴങ്ങളുമില്ല ഒടുവിൽ നാടുമില്ല .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, January 26, 2023

പ്രണയിനീ നീ ...!!!

പ്രണയിനീ നീ ...!!!
.
നീ

എന്റേതുമാത്രമാണെന്ന്
ഞാൻ കരുതുന്നതിനേക്കാൾ
ഞാൻ
നിന്റേതുമാത്രമാണെന്ന്
ഞാൻ തന്നെ
നിസ്ചയിച്ചുറപ്പിച്ചാൽ
എനിക്ക് നിന്നെമാത്രം
എപ്പോഴും പ്രണയിക്കാമല്ലോ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, January 16, 2023

ദൈവത്തിന്റെ അവതാരങ്ങൾ ....!!!

ദൈവത്തിന്റെ അവതാരങ്ങൾ ....!!!
.
ഇരുട്ടുമൂടി ആളൊഴിഞ്ഞ് വിജനവിശാലമായ പറമ്പിലെ പരദേവതാ ക്ഷേത്രത്തിൽ തനിയെ വിളക്കുവെക്കാൻ പോകുമ്പോൾ അച്ഛമ്മയാണ് പറഞ്ഞുതരാറുള്ളത് അവിടെ ദൈവമുണ്ടാവും അതുകൊണ്ട് ഒട്ടും പേടിക്കേണ്ടെന്ന് . രാത്രിയുടെ ഇരുട്ടിൽ ആ പറമ്പിലെ ക്ഷേത്ര മുറ്റത്ത് ഭഗവതിയെ നരച്ചുനീണ്ട മുടിയൊക്കെ അഴിച്ചിട്ട് പട്ടുചുറ്റി ഒരമ്മൂമ്മയുടെ രൂപത്തിൽ പലരും കണ്ടിട്ടുണ്ടെന്ന പൊതുസംസാരത്തിന്റെ പിൻബലവും കൂടിയാവുമ്പോൾ ദൈവം കൂടെത്തന്നെയുണ്ടെന്ന തോന്നലും . പിന്നെ, നമ്മൾ ആഗ്രഹത്തിക്കുന്ന രൂപത്തിലാണ് ദൈവത്തെ നമ്മൾ കാണുകയെന്ന അച്ഛമ്മയുടെ പ്രാർത്ഥനയും ....!
.
യൗവ്വനം ബാല്യത്തിന്റെ കെട്ടുകഥകൾക്കുമേൽ യുക്തിയുടെ ശക്തിതെളിയിക്കാൻ തുടങ്ങിയപ്പോൾ കർമ്മമാണ്‌ പ്രധാനമെന്നായി . ചിന്തകളിൽ തീപ്പൊരികൾ പായാനും കർമ്മങ്ങളിൽ വിശ്വാസങ്ങളേക്കാൾ ശാസ്ത്രം മുന്നിട്ടു നിൽക്കാനും തുടങ്ങിയപ്പോൾ ദൈവങ്ങൾ അച്ഛമ്മയുടെ കഥാപാത്രങ്ങൾ മാത്രമായി . . ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങൾ മാത്രമായി . വിശ്വാസമെന്നത് കർമ്മങ്ങളും കർമ്മഫലങ്ങളും മാത്രവും . ...!
.
എന്തൊക്കെയോ ചെയ്യണമെന്ന ആവേശത്തിൽ എങ്ങോട്ടെന്നില്ലാതെ ഓടിനടക്കുന്നതിനിടയിൽ യാത്രകൾ യാത്രകൾ മാത്രം . അതിനിടയിൽ ശരീരം മനസ്സിനൊപ്പം ഓടിയെത്താൻ മടിപിടിച്ചിട്ടും നിര്ബന്ധിച്ചതുകൊണ്ടാവാം പരിഭവിച്ച് മാറിയിരിക്കാൻ ശ്രമിച്ചപ്പോഴേക്കും ആശുപത്രിക്കിടക്കയിലേക്ക് രക്തവും മരുന്നും കൈത്താങ്ങുമായി കൂടെയെത്തിയ ആ അപരിചിതനിൽ ഞാൻ ആദ്യം എന്റെ അച്ഛമ്മയെ ഓർമ്മിച്ചത് അയാളിൽ എന്റെ ദൈവത്തെ കണ്ടതുകൊണ്ടാണോ എന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു ....!
.
പിന്നെയുള്ള യാത്രകളിലൊക്കെ പണ്ടൊരാൾ പറയും പോലെ, പൂക്കളും പരവതാനികളും ഉണ്ടായിരുന്നപ്പോൾ അതിനേക്കാളേറെ കല്ലുകളും മുള്ളുകളും ഉണ്ടായിരുന്നു . എന്നിട്ടും യാത്രകൾ യാത്രകൾ തന്നെയായി, ജീവിതത്തിലുടനീളവും ....!
.
കണ്ണെത്താത്ത, കാതെത്താത്ത വരണ്ടുണങ്ങിയ മരുഭൂമിയുടെ അങ്ങേത്തലയ്ക്കൽ വഴിതെറ്റിയലയുമ്പോൾ ആകാശത്തിന്റെ അതിരുകളിൽ നിന്നെന്ന പോലെ കടന്നെത്തിയ ആ അന്യ രാജ്യക്കാരൻ വഴിയും പിന്നെ യാത്രക്കുള്ള വഴിയും പറഞ്ഞുതന്ന് കൂടെ കൂട്ടി തന്റെ കുടിലിൽ കൊണ്ടുപോയി വയറുനിറയെ ഭക്ഷണവും തന്ന് യാത്രയാക്കുമ്പോൾ അപരിചിതനായ ആ അന്ന്യരാജ്യക്കാരനിൽ ഞാൻ ആദ്യം കണ്ടതും എന്റെ മാത്രം ദൈവത്തെത്തന്നെയായിരുന്നു ,,,!
.
വിദേശ രാജ്യത്തെ എയർപോർട്ടിൽ ഉടുവസ്ത്രമൊഴിച്ച് സകലതും നഷ്ട്ടപ്പെട്ട് നിർവികാരനായി ഒന്നുകരയാൻപോലുമാകാതെ നിൽക്കുമ്പോൾ പുറകിലൂടെ കടന്നെത്തി കൂടെ കൊണ്ടുപോയി ഉദ്യോഗസ്ഥരെ സഹായത്തിനേൽപ്പിച്ച് വേണ്ടതെല്ലാം സ്വയം ചെയ്തുതന്ന് തന്നെ സുരക്ഷിതമായി തിരിച്ചയക്കാൻ മുന്നിൽ നിന്ന ആ പഴയ പരിചയക്കാരനിൽ കണ്ടതും അച്ഛമ്മ പഠിപ്പിച്ചു തന്ന എന്റെ ദൈവത്തെ തന്നെ . ...!
.
ഭാര്യയും കുട്ടികളുമായി കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോൾ കയ്യിൽ പൈസ തികയാതെ എടുത്ത സാധനങ്ങളിൽ പലതും ആരുംകാണാതെ തിരിച്ചുവെക്കുന്നത് കണ്ട് എനിക്ക് തിരിച്ചു താരാനുള്ളതെന്ന ഭാവേന കടം തന്നു സഹായിച്ച് കൂടെ നിന്ന സുഹൃത്തിനും ദൈവത്തിന്റെ മുഖമായിരുന്നു . മാസങ്ങളോളം ശമ്പളം വൈകുമ്പോൾ കയ്യിൽ പൈസയുണ്ടാവില്ലെന്നറിഞ്ഞ് പറയാതെതന്നെ എന്റെ മേശവലിപ്പിൽ കയ്യിലുള്ള പൈസ മിണ്ടാതെ വെച്ച്പോകുന്ന എന്റെ സഹപ്രവർത്തകനിലും കണ്ടത് ദൈവത്തിന്റെ മുഖം തന്നെ....!
.
വേദനയുടെ നെരിപ്പോടിൽ, നിരാശയുടെ പടുകുഴിയിൽ, ജീവിതം താളം തെറ്റുന്ന നിമിഷത്തിൽ കൂടും കൂട്ടുമായി കൂടെനിന്ന അടുത്ത സുഹൃത്തുക്കളിൽ മാത്രമല്ല , അടുത്തെത്താനാവില്ലെങ്കിലും മനസ്സുകൊണ്ട് കൂടെ നിൽക്കാറുള്ള ഹൃദയ ബന്ധങ്ങളിലും കണ്ടതൊക്കെയും എന്റെ ദൈവത്തിന്റെ മുഖം തന്നെയായിരുന്നു...!
.
രവിവർമ്മ ചിത്രങ്ങളേക്കാൾ ഈ മുഖങ്ങൾക്കെല്ലാം ഒരു ഹൃദയമുണ്ടെന്നും ജീവന്റെ തുടിപ്പുണ്ടെന്നും മനസ്സിലാക്കിയപ്പോൾ ദൈവം എനിക്കും അന്യനല്ലാതാകുന്നു. ജീവനോടെ, ജീവിതത്തോട് പ്രത്യക്ഷത്തിൽ തന്നെയും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Sunday, January 15, 2023

കണ്ണേ , മടങ്ങാം ...!!!

കണ്ണേ , മടങ്ങാം ...!!!
.
മടങ്ങാമെന്നോ
അതോ .....
തുടങ്ങാമെന്നോ ...!!!
.
എങ്ങോട്ട് ..??
എന്നിലേക്കോ , നിന്നിലേക്കോ ,
അതോ നമ്മളിലേക്കോ ..?
.
എന്നിലേക്കും നിന്നിലേക്കുമല്ല
നമ്മളിലേക്കും അവരിലേക്കുമല്ല ...!
.
പിന്നെ !?
.
എന്നിൽനിന്നും തുടങ്ങി
നിന്നിലൂടെ അവരിലേക്കും
പിന്നെ ,
നമ്മളിലേക്കും ...!
.
എങ്കിൽ ....
.
അതെ, തുടങ്ങാം ...
.
യാത്രയല്ലേ , പാഥേയം ...?
.
മനസ്സിലുണ്ട് , എല്ലാ കരുത്തോടെയും ...
അതുമതിയാവില്ലേ ...?
.
തീർച്ചയായും ....
.
എങ്കിലാ വിളക്കൊന്നു കൊളുത്തു
പ്രകാശം പരക്കട്ടെ ,

എല്ലാ തുടക്കങ്ങളുമെന്നപോലെ
ഒടുക്കവും
ശുഭകരവുമാകട്ടെ ..... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, January 4, 2023

വിധി ...!!!

വിധി ...!!!
.
വലിയ കാട്
നിറഞ്ഞ പ്രജകൾ
പ്രതാപത്തോടെ രാജാവ് ...!
.
കൊടുങ്കാറ്റും പേമാരിയും .....
ആറുനിറഞ്ഞ് , കാട് നിറഞ്ഞ് ,
ഗുഹകളും മരങ്ങളും മൂടി പ്രളയ ജലം ...!
.
ജലത്താൽ അപഹരിക്കപ്പെട്ട്
കുടുംബവും കൂട്ടും ..!
.
പ്രാണൻ, തന്റെ രക്ഷതേടി ഓടിക്കയറ്റിയത് മാമരക്കൊമ്പിൽ
മരക്കൊമ്പിന് രാജാവിനെ താങ്ങാനുള്ള ശേഷിയില്ലാതെയോ
രാജാവിന് മരക്കൊമ്പിൽ കയറുള്ള യോഗ്യതയില്ലാതെയോ ?
മരക്കൊമ്പൊടിഞ്ഞ് രാജാവ് താഴെ ...!
.
മഴതോരാതെ , വെള്ളം കുറയാതെ ...!
.
ഒടുവിൽ
കരിമ്പാറക്കെട്ടിനു മുകളിലെ തുറന്നു വിശാലമായ രാജസിംഹാസനം
ആരെയും പേടിക്കാതെ ആകാശത്തിനു തൊട്ടു താഴെ ....!
.
കുത്തിനോവിക്കുന്ന തണുപ്പിൽ
കോരിച്ചൊരിയുന്ന മഴയിൽ
കൂടും കൂട്ടും കുടുംബവും നഷ്ടപ്പെട്ടതിന്റെ തീവ്രതയിൽ ...!
.
എന്നിട്ടും ഉയർത്തിതന്നെ വെക്കാനാഞ്ഞ തലയിൽത്തന്നെ
ആദ്യത്തെ വെള്ളിടിയും ,
ജീവനെത്തന്നെ കരിച്ചുണക്കിക്കൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കണ്ണുകളെ , നിങ്ങളുടെ കാഴ്ചക്കപ്പുറവും ....!

കണ്ണുകളെ , നിങ്ങളുടെ കാഴ്ചക്കപ്പുറവും ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...