Monday, April 27, 2020

മണികെട്ടാനുള്ള എലികൾ ...!!!

മണികെട്ടാനുള്ള എലികൾ ...!!!
.
എന്റെവീട്ടിലെ തട്ടിന്പുറത്തെ മുറിയാണ് എന്റേത് . ആ മുറിയിലാണ് ഞാൻ എപ്പോഴും കിടക്കാറുള്ളതും . . വീടുണ്ടാക്കിയ കാലം തൊട്ടേ ഞാൻ അവിടെത്തന്നെയാണ് എന്നും താമസിക്കുന്നത് . ഞാൻ നാട്ടിലുള്ളപ്പോഴും നാട്ടിലില്ലാത്തപ്പോഴും ആ മുറി എന്റേതുമാത്രമായി തുടരുകയും ചെയ്തുപോന്നിരുന്നു, വ്യത്യാസമില്ലാതെ . പക്ഷെ അക്കുറിയത്തെ ദീർഘയാത്ര കഴിഞ്ഞ് ഞാൻ എത്തിയപ്പോൾ കഥയാകെ മാറിയിരുന്നു തികച്ചും ...!
.
വീട്ടിൽ ആരുമില്ലെങ്കിൽ മുന്നിലെ വീട്ടിലാണ് താക്കോൽ കൊടുത്തേൽപ്പിക്കാറുള്ളത് എപ്പോഴും . അക്കുറിയും അവിടുന്ന് താക്കോൽവാങ്ങി വീടുതുറന്ന് അകത്തുകയറി എന്റെ മുറിയിൽ കയറിയ ഉടനെ തന്നെ എനിക്കാ മണമടിച്ചു തുടങ്ങിയിരുന്നു എന്റെ മുറിയിൽ മറ്റാരോ കൂടി കയറിയിരിക്കുന്നു എന്ന് . ആരുമില്ലാത്ത വീട്ടിൽ എങ്ങിനെ ഒരാൾ എന്റെ മുറിയിൽ കയറിയെന്നത് എനിക്കത്ഭുതമായെങ്കിലും അതാരെന്നു കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചുറച്ച് ഉടനെത്തന്നെ തിരച്ചിൽ തുടങ്ങി ....!
.
സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയപ്പോൾ കയറിയത് ആളല്ല മറ്റെന്തോ ആണെന്ന് ഉറപ്പിച്ചു . തിരച്ചിൽ പക്ഷെ തുടരുക തന്നെ ചെയ്തു . പകലും രാത്രിയും മുക്കിലും മൂലയിലും താഴെയും മേലെയും മാറി മാറി തിരഞ്ഞിട്ടും ഒന്നും കാണാതെ തത്ക്കാലം തിരച്ചിൽ നിർത്തി കിടന്നുറങ്ങാൻ തീരുമാനിച്ച് കിടക്കുമ്പോഴാണ് മെല്ലെ ആ ശബ്ദം കേട്ടത് . വേഗം ലൈറ്റ് ഇട്ട് തിരഞ്ഞപ്പോഴാണ് ഇരുട്ടിൽ തിളങ്ങുന്ന ആ നാളുകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് അലമാരയുടെ മുകളിലെ മൂലയിൽ പതുങ്ങിയിരിക്കുന്നത് കണ്ടത് ...!
.
എലികളെ അല്ലെങ്കിലേ എനിക്ക് പേടിയായതിനാൽ അവയെ എങ്ങിനെയും പുറത്തുചാടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വടിയും കമ്പും കോലുമെല്ലാം എടുത്ത് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എലികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്നെയും പിന്നാലെ കൂട്ടി പാഞ്ഞു നടന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല എന്നതായിരുന്നു ഫലം . . ഒടുവിൽ ക്ഷീണിച്ച ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആ നാലു കണ്ണുകൾ അപ്പോഴും അതെ മൂലയിൽ തന്നെ എന്നെയും നോക്കിയിരിപ്പുണ്ടായിരുന്നു. !
.
എലിയെ കൊല്ലാൻ ഇല്ലം ചുടാനൊന്നും മിനക്കെടാതെ അവയെ എങ്ങിനെ തുരത്താം എന്ന് കൂട്ടുകാരിൽ വമ്പുകാരുമായൊക്കെ ഗൂഡാലോചന നടത്തിയെങ്കിലും വിഷം വെക്കലും കെണി വെക്കലും തൊട്ട് പൂച്ചയെ വളർത്തൽ വരെയെത്തി നിർദ്ദേശങ്ങൾ എന്നല്ലാതെ അവയെ പിടിക്കാനുള്ള നൂതന മാർഗങ്ങളൊന്നും ആരിൽ നിന്നും ഉരുത്തിരിഞ്ഞു വരാത്തതിനാൽ ഞാൻ വിഷണ്ണ വദനനായി വീണ്ടും ഉറങ്ങാൻ കിടന്നു ...!
.
ആ ഉറക്കത്തിലാണ് എലിക്കൊരു മണി കെട്ടാമെന്ന പഴുപഴഞ്ചൻ ആശയം തന്നെ മനസ്സിലാരോ പൊടിതട്ടി എടുത്തുവെച്ചത് . യുറേക്കാ എന്ന് അലറിവിളിച്ച് ഓടി നാട്ടുകാരുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ വയ്യാത്തതുകൊണ്ട് ആശയം ഉള്ളിൽത്തന്നെ ഉറപ്പിച്ച് അതിനുള്ള പണികൾ തുടങ്ങി വേഗം . സാധാരണയിൽ പൂച്ചക്കാര് മണികെട്ടും എന്ന് എലികളൊക്കെ തലപുകക്കുമ്പോൾ ആ എലികൾക്കെങ്ങിനെ മണികെട്ടുമെന്ന എന്റെ ചിന്തക്ക് തന്നെയാണ് അതീവ പ്രാധാന്യമെന്ന് എനിക്കുതന്നെ തെല്ലൊരഭിമാനത്തോടെ തോന്നുകയും ചെയ്തു അപ്പോൾ . ...!
.
എങ്ങിനെയാണ് തന്റെ ആശയം വിജയകരമായി നടപ്പിലാക്കുക എന്നത് പിന്നാലെക്കുള്ള ചിന്തക്ക് വിട്ട് മണിയും കെട്ടി തന്നെ മുന്നിലൂടെ ഓടി നടക്കാൻ വയ്യാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടുന്ന എലികളുടെ രൂപം മനസ്സിൽ കണ്ട് ചിരിച്ചുപോയതും, ഉടനെത്തന്നെ കവലയിലെ കടയിൽ പോയി ആ നാളുകണ്ണുകളുടെ ഉടമസ്ഥരായ എലികളുടെ രൂപം മനസ്സിൽ വരച്ചുകൂട്ടി അവക്ക് പാകമായ നാല് മാണിയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ സമയം ഉച്ചയായിരുന്നത് എന്റെ കുറ്റമായിരുന്നില്ല സത്യത്തിൽ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...