Sunday, May 10, 2020

അച്ഛന്റെ ഒറ്റമുണ്ട് ...!!!

അച്ഛന്റെ ഒറ്റമുണ്ട് ...!!!
.
എപ്പോഴും ഒരൊറ്റമുണ്ടും തോളിലൊരു തോർത്തുമായാണ് അച്ഛൻ എങ്ങോട്ടും നടക്കാറുള്ളത് . പാടത്തും പറമ്പിലും തൊടിയിലും വീട്ടിലും ഒക്കെ, എന്തെങ്കിലും പണിയെടുക്കുമ്പോഴും അതല്ലെങ്കിൽ വെറുതെയിരിക്കുമ്പോഴും അച്ഛനെപ്പോഴും ആ ഒറ്റമുണ്ടായിരിക്കും ഉടുക്കുക . പിന്നെ തോളിലെ ആ ഒരു ഓരിഴ തോർത്തും . പൊടിയും മണ്ണും ചളിയുമൊക്കെയായി പലപ്പോഴും തൂവെള്ളയല്ലാതിരുന്നിട്ടും ആ തോർത്തിനൊരു മടുപ്പുണ്ടായിരുന്നില്ലെന്നതും സത്യം ...!
.
യന്ത്രശകട സാരഥിയായിരുന്ന അച്ഛന്റെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഏതെങ്കിലുമൊരു തോർത്ത് അച്ഛന്റെ കയ്യിലുണ്ടാകുമായിരുന്നു. വിശേഷാവസരങ്ങളിൽ പുറത്തേക്ക് മറ്റു ആവാശ്യങ്ങൾക്ക് പോകുമ്പോളൊഴികെ അച്ഛന്റെ ഒറ്റമുണ്ടിനൊപ്പം വെള്ള മാത്രമായ് ആ ഒരു ഒരിഴ തോർത്തും ആ തോളിലങ്ങിനെ കിടന്നു....!
.
ലുങ്കിയോ കാവിയോ ഏതെങ്കിലുമൊക്കെയാകും മിക്കവാറും ഉടുക്കുന്ന ഒറ്റമുണ്ട് . അതുമാത്രം ഒരിക്കലും വെള്ളമുണ്ടായിരുന്നില്ല, പ്രത്യേക ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോളൊഴികെ . പുറത്തിറങ്ങുക എന്നാൽ ദൂരെ എവിടെയെങ്കിലും പോകുമ്പോൾ എന്നത് തന്നെ വിവക്ഷ . അല്ലാതെ കവലയിലേക്കോ മറ്റോ എന്നല്ല . നാട്ടിലെ സ്വന്തമായ ഏതു സ്ഥലത്തേക്കും അച്ഛൻ പോവുക ആ ഒറ്റമുണ്ടുടുത്തുതന്നെയായിരുന്നു ...!
.
ഞങ്ങൾ എപ്പോഴും കളിയാക്കുംപോലെ , മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടക്കാനും കൈതുടക്കാനും ജലദോഷം വരുമ്പോൾ മൂക്ക് തുടക്കാനും പെട്ടെന്ന് കിട്ടുന്ന ഭക്ഷണമെന്തെങ്കിലും കഴിക്കാൻ വൃത്തിയാക്കാൻ കൈതുടക്കാനും, ആ ഭക്ഷണം കഴിഞ്ഞു കൈകഴുകി വീണ്ടുമാ കൈതുടക്കാനും തോളിൽ ഒരു തോർത്തുണ്ടെങ്കിലും, ആ ഒറ്റമുണ്ടിന്റെ കോന്തലക്ക് തന്നെയായിരുന്നു എപ്പോഴും ഭാഗ്യം !!
.
പാലരും പറഞ്ഞുകേട്ടിട്ടുള്ള പോലെ വസ്ത്രം വെള്ളയാക്കിയത് തന്റെ ഉള്ളതും ഇല്ലായ്മയും മറ്റാരും അറിയാതിരിക്കാനാണ് എന്നപോലെയാണോ എന്നെനിക്കറിയില്ലെങ്കിലും ഉണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും അച്ഛനും എന്നുമാ ഒറ്റമുണ്ടിനെത്തന്നെയാണ് കൂടെകൂട്ടാറുള്ളത് . ഞങ്ങൾ തമാശപറയുംപോലെയല്ലാതെ ആ ശരീരത്തിലെ വിയർപ്പുതുടക്കാനും , ചിലപ്പോഴെങ്കിലും ആ കണ്ണുകളിലെ നനവുതുടക്കാനും കൂടിയായി എന്നും കൂട്ടായ ആ ,ഒറ്റമുണ്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...