Sunday, December 8, 2019

ഓർമ്മകളുടെ നാടകക്കാലം ...!!!

ഓർമ്മകളുടെ നാടകക്കാലം ...!!!
.
നാടകം സിരകളിൽ വിപ്ലവത്തിനൊപ്പം ഒരു ലഹരിയായി നുരഞ്ഞുപൊങ്ങി പതഞ്ഞു പുതഞ്ഞ് പുറത്തേക്കിങ്ങനെ കരകവിഞ്ഞ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാലം . രചന , സംവിധാനം , അവതരണം , നിർമ്മാണം , രംഗപടം, സംഗീതം , ആലാപനം , ചമയം, വസ്ത്രാലങ്കാരം , കാർട്ടൻപോക്കൽ , പകരക്കാരനായി അഭിനയിക്കൽ .... ഒക്കെ കഴിഞ്ഞ് കാണാൻ ആരുമില്ലെങ്കിൽ മുന്നിലെ കസേരയിൽ കയറിയിരുന്ന് കാണിയായും വിളഞ്ഞു വിലസിയിരുന്ന നാടകക്കാലം ....!
.
കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്നൊക്കെ ലോകം ചിന്തിക്കുന്നതിനുമുന്നേ , ഈ കലയെല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് മാത്രം ചിന്തിച്ച് ചിന്തിച്ച് ഞാനും എന്റെ നാടകങ്ങളും മാത്രമുള്ള ലോകവുമായി നടക്കുന്ന സമയമായിരുന്നു അത് . അതിരാവിലെ അഞ്ചരക്കെഴുന്നേറ്റ് നാട്ടിലെ ജോലിയും കഴിഞ്ഞ് , നഗരത്തിലെ മറ്റൊരു ജോലിക്കു പോയി വൈകീട്ടോടെ അതും തീർത്ത് രാത്രിവണ്ടിക്ക് നാടക ക്യാമ്പുകളിലേക്കുള്ള യാത്രകളിലാണ് പലപ്പോഴും കളിക്കാനുള്ള നാടകം മനസ്സിൽനിന്നും കടലാസുകാണാറുള്ളത് . ബസ്സിന്റെ ചാഞ്ചാട്ടത്തിനൊപ്പം കടലാസിലും അക്ഷരങ്ങൾ നാടകം കളിക്കാറുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും ...!
.
സ്കൂളുകളിലും ക്ലബ്ബ്കളിലും ചിലപ്പോഴൊക്കെ ഉത്സവപ്പറമ്പുകളിലും പോരാതെ മഹാരഥന്മാർ മഹത്വത്തോടെ വിരാജിച്ചിരുന്ന വമ്പൻ നാടക സദസ്സുകളിൽ വരെ സധൈര്യം കടന്നുചെന്ന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നതിന് ആവേശമെന്നോ ചങ്കൂറ്റമെന്നോ അല്ല മറിച്ച് എന്റെ വിവരമില്ലായ്മയെന്നുതന്നെയാണ് പറയേണ്ടത് എന്ന് തിരിച്ചറിയാനും മാത്രം അന്ന് വകതിരിവും ഇല്ലായിരുന്നു . സ്കൂൾ യുവജനോത്സവങ്ങളിലും മറ്റും ഞാൻ വതരിപ്പിക്കാറുള്ള നാടകങ്ങൾക്ക് അന്നൊക്കെ ഒരു പൂച്ചഭാഗ്യത്തിന് ചില സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നത് എന്നെ എത്രമാത്രം ആനന്ദ പുളകിതനാക്കിയിരുന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല .... !
.
രണ്ടോ മൂന്നോ ദിവസത്തെ രാത്രിയും പകലുമില്ലാതെയുള്ള പഠിപ്പിക്കലിന് ശേഷം കയ്യിൽ അവസരത്തിന് കിട്ടുന്ന തക്കിട തരികിട സാധനങ്ങൾകൊണ്ട് രംഗമൊരുക്കി, കുങ്കുമവും കണ്മഷിയും സിങ്ക് വൈറ്റും കൊണ്ട് മേക്കപ്പും കഴിച്ച് കുട്ടികളെ സ്റ്റേജിലേക്ക് കയറ്റുമ്പോൾ ഒരിക്കലും ഒരു ആശങ്കകളോ വേവലാതികളോ ഉണ്ടായിരുന്നുമില്ല . നാടകാവതരണത്തിലെ അബദ്ധങ്ങളും ജാഡകളും അഹങ്കാരങ്ങളും കുത്തിത്തിരുപ്പുകളും അടിപിടികളും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നതിലൊന്ന് ആ മലയോരഗ്രാമത്തിലെ പള്ളിവക സ്കൂളും അവിടുത്തെ നാടകാവതരണവുമാണ് ....!
.
പള്ളിയും സ്‌കൂളും പള്ളിക്കുപുറകിലെ വിശാലമായ പറമ്പും അതിനടുത്തുതന്നെയുള്ള ശ്മാശാനവും ഒക്കെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായും മുന്നിൽ .. യുവത്വത്തിന്റെ ആവേശത്തിൽ ചോരയിങ്ങനെ തിളക്കുമ്പോൾ വിപ്ലവവും യുക്തിവാദവുമൊക്കെ സാമാന്യബുദ്ധിക്കും മേലെ നിൽക്കുന്ന സമയം . നഗരത്തിലെ ജോലിയും കഴിഞ്ഞ് രാത്രിവണ്ടിക്ക് സ്‌കൂളിലെത്തുമ്പോൾ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും . അവരെയും കൂട്ടി സ്‌കൂളിലെത്തി വേഗത്തിൽ നാടകപഠനവും തുടങ്ങും . പിറ്റേന്ന് സ്‌കൂളില്ലെങ്കിൽ രാത്രിയൊരു രണ്ടുമണി വരെയും അവധിയാണെങ്കിൽ പുലർച്ചെവരെയും അത് തുടരും . ...!
.
പിറ്റേന്ന് അവധിവരുന്ന ദിവസങ്ങളിൽ രാത്രിയിൽ പഠനത്തിനിടയിലൊരു ഇടവേളയെടുക്കും. എന്നിട്ട് നേരെ പുറകിലെ തോട്ടത്തിലേക്കിറങ്ങും. അവിടെ നല്ല കപ്പയോക്കെ ഉണ്ടാകും. അതും പറിച്ചെടുത്ത് അവിടെത്തന്നെ തീകൂട്ടി അതങ്ങു ചുട്ടെടുക്കും. എന്നിട്ട് അതുമായി പുറകിലെ ശ്മാശാനത്തിലേക്കാണ് ചെല്ലുക. അവിടെയിങ്ങനെ നല്ല മാർബിൾ തറകളിൽ വിശാലമായി സുഖനിദ്രയിലാണ്ട ആത്മാക്കളുടെ കൂടെയിരുന്ന് കപ്പകഴിക്കുമ്പോഴുള്ള സുഖം പക്ഷെ കൂടെയുള്ള കുട്ടികളിൽ ചിലപ്പോഴെങ്കിലും കാണാറില്ലെന്നതും സത്യമാണ് . അതിന്റെ ഉദാഹരണമാണ്,ഒരിക്കൽ നാടകത്തിന്റെ അന്ന് കൂട്ടത്തിലൊരുത്തന് പേടിപ്പനി വന്ന് കിടപ്പിലായത് ...!
.
ഓരോ നാടകക്കാലവും ഓരോ ഓർമ്മക്കാലവുമാണ് , സുന്ദരസുരഭില സുഗന്ധപൂരിതമായ നന്മക്കാലവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...